(ദേശാഭിമാനി വാർത്ത)
തൃശൂര്‍ : എഴുത്തുകാരനും പ്രമുഖവാഗ്മിയും അധ്യാപകനുമായ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 86 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30ഓടെ തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അവിവാഹിതനാണ്.
എഴുത്തുകാരന്‍ , വിമര്‍ശകന്‍ , പ്രഭാഷകന്‍ , അധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ , വിദ്യാഭ്യാസചിന്തകന്‍ , ഗാന്ധിയന്‍ , ഉപനിഷത് വ്യാഖ്യാതാവ്, ഗവേഷകന്‍ എന്നിങ്ങനെ ഒട്ടേറെ തലങ്ങളില്‍ സമാനതകളില്ലാത്ത ഔന്നത്യം പുലര്‍ത്തിയ അഴീക്കോട് എല്ലാ അര്‍ഥത്തിലും കേരളസംസ്കാരത്തിന്റെ കാവലാളായിരുന്നു. അനീതിക്കും അധര്‍മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സഹയാത്രികനും വഴികാട്ടിയുമായിരുന്നു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനാണെങ്കിലും രണ്ടരപതിറ്റാണ്ടായി തൃശൂരില്‍ താമസിച്ച അദ്ദേഹം സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രിയപ്പെട്ട ദത്തുപുത്രനായി. അഴീക്കോടിന്റെ ഭൗതികശരീരം തൃശൂര്‍ എരവിമംഗലത്തെ വസതിയിലെത്തിച്ചു. രണ്ടുമണിക്കൂര്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. മരണവിവരം അറിഞ്ഞയുടന്‍ അമല ആശുപത്രിയിലേക്കും എരവിമംഗലത്തെ വീട്ടിലേക്കും സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പ്രവഹിക്കുകയായിരുന്നു. മുഖ്യമന്ത്രി എത്തിയശേഷം ബന്ധുക്കളോടും മറ്റ് സാഹിത്യപ്രവര്‍ത്തകരോടും ചര്‍ച്ചചെയ്തശേഷം സംസ്കാരസ്ഥലം തീരുമാനിക്കും.
ഡിസംബര്‍ ഏഴിനാണ് ശാരീരിക അവശതകളെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോണയില്‍ ക്യാന്‍സര്‍ ബാധയേറ്റ് ചികിത്സയിലായിരുന്നെങ്കിലും വായനയ്ക്കോ സഞ്ചാരത്തിനോ പ്രഭാഷണങ്ങള്‍ക്കോ കുറവ് വരുത്തിയില്ല. ആശുപത്രിയില്‍ എത്തുന്നതിന്റെ തലേന്നു വൈകിട്ടും തൃശൂരില്‍ പ്രഭാഷണം നടത്തി. പരിശോധനയില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. വീഴ്ചയില്‍ വാരിയെല്ലുകളില്‍ ചിന്നല്‍ വീണിരുന്നു. വിദഗ്ധപരിശോധനയില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മര്‍മപ്രധാനഭാഗങ്ങളിക്കേ് വ്യാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന്് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ അഴീക്കോട് ഗ്രാമത്തിലെ പൂതപ്പാറയിലെ പനങ്കാവ് വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറുമക്കളില്‍ നാലാമനാണ് സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട്. 1926 മെയ് 12 നാണ് ജനനം. സഹോദരങ്ങള്‍ : പരേതരായ ദമയന്തി, ലക്ഷ്മി, ഗോപാലകൃഷ്ണന്‍ , പത്മിനി, ദേവദാസ്. അച്ഛന്‍ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ , ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഇന്റര്‍മീഡിയറ്റ് പാസായശേഷം, മദിരാശി സര്‍വകലാശാലയില്‍നിന്ന് 1946ല്‍ ബികോം പാസായി.
കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ശരിയായെങ്കിലും സാഹിത്യതാല്‍പ്പര്യം കാരണം വേണ്ടെന്നുവച്ചു. 1946ല്‍ വാര്‍ധയിലെത്തി ഗാന്ധിജിയെ കണ്ടു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1952ല്‍ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡ് ബിരുദമെടുത്തു. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിഎ മലയാളം, സംസ്കൃതം ഡബിള്‍ മെയിനുമെടുത്ത് പാസായി. 1953ല്‍ മംഗലാപുരം സെന്റ്അലോഷ്യസ് കോളേജില്‍ മലയാളം- സംസ്കൃതം ലക്ചററായി. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ പാസായി. പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്‍ മലയാളം ലക്ചററായി. 1962ല്‍ തൃശൂര്‍ മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായി. 1981ല്‍ മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. 1986 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം തൃശൂരിലേക്ക് താമസം മാറ്റി.
പതിനെട്ടാം വയസ്സിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്‍ ആദ്യകൃതി- "ആശാന്റെ സീതാകാവ്യം" പ്രസിദ്ധീകരിച്ചു. "രമണനും മലയാള കവിതയും" 1956ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് "പുരോഗമനസാഹിത്യവും മറ്റും", "മഹാത്മാവിന്റെ മാര്‍ഗം" എന്നിവയ്ക്കുശേഷം 1963ല്‍ പുറത്തിറങ്ങിയ "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതി മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഭാരതീയ തത്വചിന്തയുടെ അമൃതായ ഉപനിഷത്തിന്റെ സന്ദേശം സമകാലിക ലോകബോധത്തോടെ എഴുതിയ "തത്വമസി" (1984) എക്കാലത്തെയും മികച്ച ഗ്രന്ഥമായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡടക്കം പതിനഞ്ചോളം പുരസ്കാരങ്ങള്‍ ഈ ഗ്രന്ഥത്തിന് ലഭിച്ചു. ഏറെവൈകി ഈവര്‍ഷമാണ് ജീവചരിത്രം എഴുതിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അനര്‍ഹര്‍ക്കും പത്മ പുരസ്കാരം നല്‍കുന്നത് ചോദ്യംചെയ്ത അഴീക്കോട് പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു. ചെറുപ്പംമുതല്‍ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നുവെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനോട് വിടചൊല്ലി ഇടതുപക്ഷ സഹയാത്രികനായി. ദേശാഭിമാനിയില്‍ ദീര്‍ഘകാലം "മറയില്ലാതെ" എന്ന പംക്തി എഴുതിയിരുന്ന അദ്ദേഹം ദേശാഭിമാനിയുടെ ആത്മബന്ധുവും വഴികാട്ടിയുമായിരുന്നു. ഡിസംബര്‍ ഏഴിനും മറയില്ലാതെ എന്നകോളം പ്രസിദ്ധീകരിച്ചിരുന്നു
No comments:
Post a Comment