മികവാര്‍ന്ന ലോകസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം
എം മെഹബൂബ്
ദേശാഭിമാനി, 2012 ജനുവരി 3 :
2012 അന്തര്‍ദേശീയ സഹകരണവര്‍ഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുകയാണ്. 'മികവാര്‍ന്ന ലോകസൃഷ്ടിക്ക് സഹകരണപ്രസ്ഥാനം' എന്നതാണ് മുദ്രാവാക്യം. ഇക്കാലമത്രയും ലോകത്തിന്റെ സാമൂഹികസാമ്പത്തിക വളര്‍ച്ചയില്‍ സഹകരണ പ്രസ്ഥാനം നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. സുസ്ഥിര വികസനം, ദാരിദ്ര്യ ലഘൂകരണം, തൊഴില്‍ സൃഷ്ടിക്കല്‍ , സാമൂഹിക ഐക്യം കെട്ടിപ്പടുക്കല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണ പ്രസ്ഥാനം ഉണ്ടാക്കിയെടുത്ത സവിശേഷ നേട്ടങ്ങളെ ഐക്യരാഷ്ട്ര സഭ ഈ തീരുമാനത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുകയാണ്. സഹസ്രാബ്ദത്തിന്റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങളുടെ സാധ്യതകളെ ലോകസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സഹകരണവര്‍ഷ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി സഹകരണപ്രസ്ഥാനത്തെ സംബന്ധിച്ച പൊതു അവബോധം വര്‍ധിപ്പിക്കുന്നതിനും സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിനായി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പൊതു സാമ്പത്തിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സഹകരണ സ്ഥാപനങ്ങളുടെ രൂപീകരണവും വളര്‍ച്ചയും പരിപോഷിപ്പിക്കുന്നതിനും ഇതിനാവശ്യമായ നയങ്ങളും നിയമനിര്‍മാണവും നടത്തുന്നതിന് സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതിനും ഐക്യരാഷ്ട്ര സഭ മുന്‍കൈയെടുക്കും. ഒക്ടോബര്‍ 31ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്താണ് അന്തര്‍ദേശീയ സഹകരണ വര്‍ഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സഹകരണപ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ അന്തര്‍ദേശീയ സഹകരണ സഖ്യം}(ഐസിഎ) 2011 നവംബര്‍ 16ന് മെക്സിക്കോയിലെ കാന്‍കൂണില്‍ അന്തര്‍ദേശീയ സഹകരണ വര്‍ഷം ഔപചാരികമായി ഉദ്ഘാടനംചെയ്തു. 96 രാജ്യങ്ങളില്‍നിന്ന് അന്തര്‍ദേശീയ സഹകരണസഖ്യത്തില്‍ അംഗത്വമുള്ള 260 സംഘടനകളെ പ്രതിനിധാനംചെയ്ത്് രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്നുള്ള 17 അംഗ സംഘത്തില്‍ കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രതിനിധിയായി ഈ ലേഖകനും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറുകളും ചര്‍ച്ചകളും സഹകരണ പ്രസ്ഥാനത്തിന്റെ ആഗോളതലത്തിലുള്ള സ്വീകാര്യതയും കരുത്തും വെളിപ്പെടുത്തുന്നതായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ജപ്പാന്‍ കാര്‍ഷിക സഹകരണ സംഘടനകളുടെ സെന്‍ട്രല്‍ യൂണിയന്‍ പ്രതിനിധി ഭൂകമ്പവും സുനാമിയും ജപ്പാനിലുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ഈ നാശത്തില്‍നിന്ന് കരകയറുന്നതിനും പുനര്‍നിര്‍മാണത്തിനുമായി അവിടത്തെ സഹകരണ സംഘങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ചും വിവരിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജപ്പാനിലെ കാര്‍ഷിക സഹകരണ സംഘങ്ങള്‍ 133 മില്യന്‍ അമേരിക്കന്‍ ഡോളറാണ് (ഏകദേശം 665 കോടി രൂപ) സംഭാവനചെയ്തത്. മറ്റ് രാഷ്ട്രങ്ങളുടെ സഹകരണ പ്രസ്ഥാനങ്ങളുടെ സംഭാവനയായി 154 മില്യന്‍ ഡോളറും (ഏകദേശം 770 കോടി രൂപ) ശേഖരിക്കാനായി. സഹകരണ മേഖലയുടെ ശക്തിയുടെയും പാരസ്പര്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണ് ഇത്. 2008ല്‍ അമേരിക്കയെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ന്യൂയോര്‍ക്കിലെ നാഷണല്‍ കോഓപ്പറേറ്റീവ് ബിസിനസ് അസോസിയേഷന്‍(എന്‍സിബിഎ) പ്രതിനിധികള്‍ വിശദീകരിച്ചു. ഇക്കാലയളവില്‍ അമേരിക്കയിലെ 95 ശതമാനം വാണിജ്യ ബാങ്കുകളെയും മാന്ദ്യം പിടികൂടിയപ്പോള്‍ രക്ഷപ്പെട്ടുനില്‍ക്കാനായത് സഹകരണ ബാങ്കുകള്‍ക്ക് മാത്രമാണെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞു. സര്‍ക്കാരിന്റെ അന്ധമായ വിപണിവല്‍ക്കരണ നയങ്ങളും സാമ്രാജ്യത്വതാല്‍പ്പര്യങ്ങളും സാധാരണക്കാരുടെ ജീവിതം തകര്‍ത്തുകളയുന്നതിന്റെ നേര്‍ചിത്രമാണ് അവര്‍ നല്‍കിയത്. ആ വിവരണങ്ങള്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന കാഴ്ചകളാണ് തെരുവില്‍ കണ്ടത്. സെ്പതംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. സമരപ്പന്തലുകളില്‍നിന്ന് വിതരണംചെയ്യുന്ന നോട്ടീസുകളില്‍ അമേരിക്കക്കാരന്റെ പ്രതിഷേധത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 'കേവലം ഒരു ശതമാനം വരുന്നവര്‍ 99 ശതമാനം വരുന്നവരെ തൊഴില്‍രഹിതരും ഭവനരഹിതരുമാക്കി. ഞങ്ങള്‍ക്ക് പ്രിയപ്പെട്ട എല്ലാറ്റിനെയും വാള്‍സ്ട്രീറ്റുകാര്‍ ഇല്ലാതാക്കി. ഇനി ജീവിതം മുന്നോട്ടുപോകണമെങ്കില്‍ ഞങ്ങള്‍ക്ക് വാള്‍സ്ട്രീറ്റ് പിടിച്ചെടുത്തേ മതിയാകൂ'നോട്ടീസില്‍ പറയുന്നു. അമേരിക്കയുടെ ധനകാര്യ ബാങ്കിങ് മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന വാള്‍സ്ട്രീറ്റിന്റെ അഴിമതികളുടെയും ഊഹക്കച്ചവടത്തിന്റെയും ചൂതാട്ടത്തിന്റെയും ദൂഷ്യഫലങ്ങള്‍ നേരിട്ടനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ ആത്മരോഷം തെരുവുകളില്‍ കത്തിപ്പടരുന്ന കാഴ്ച ഇന്ന് മുതലാളിത്ത രാജ്യങ്ങള്‍ മൊത്തത്തില്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്തര്‍ദേശീയ സഹകരണവര്‍ഷം എന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്രസഭ എത്തിച്ചേര്‍ന്നതിന്റെ പ്രധാന കാരണം 2008ലെ ആഗോള സാമ്പത്തിക മാന്ദ്യവും മുതലാളിത്ത വ്യവസ്ഥയുടെ തകര്‍ച്ചയുമാണെന്ന കാര്യത്തില്‍ സംശയമില്ല. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വാക്കുകള്‍ ഇത് സൂചിപ്പിക്കുന്നു 'ഒരേ സമയം സാമ്പത്തിക ജീവനക്ഷമതയും സാമൂഹിക ഉത്തരവാദിത്തങ്ങളും പിന്തുടരാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന അന്തര്‍ദേശീയ സമൂഹത്തിനുള്ള ഒരോര്‍മപ്പെടുത്തലാണ് സഹകരണ പ്രസ്ഥാനങ്ങള്‍ ,' അന്തര്‍ദേശീയ സഹകരണ വര്‍ഷം പ്രഖ്യപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ വാക്കുകളിലൂടെ സഹകരണ പ്രസ്ഥാനത്തിന്റെ മാനുഷിക മുഖം അദ്ദേഹം ലോകജനതയെ ഓര്‍മപ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ ആറ് ലക്ഷത്തോളം സഹകരണ സംഘങ്ങളാണുള്ളത്. അംഗങ്ങള്‍ 24 കോടിയോളമുണ്ട്. എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങളുടെ സാന്നിധ്യമുണ്ട്. എന്നാല്‍ , നൂറ്റാണ്ട് പിന്നിട്ട ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ്. പാല്‍ സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഗുജറാത്ത് ലോകശ്രദ്ധയാകര്‍ഷിക്കുന്നു. മഹാരാഷ്ട്ര സഹകരണ പഞ്ചസാരമില്ലുകള്‍ക്കും ഹരിയാന സഹകരണ വളംഫാക്ടറികളുടെ കാര്യത്തിലും മുന്‍പന്തിയിലാണ്. കേരളത്തെപ്പോലെ സഹകരണ ബാങ്കിങ് രംഗം ശക്തമായ മറ്റൊരു സംസ്ഥാനമില്ല. പൊതുമേഖല വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നടത്തുന്നത്. വൈജാത്യങ്ങള്‍ നിറഞ്ഞതാണെങ്കിലും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം പൊതുവില്‍ ശക്തവും സാധാരണക്കാരന്റെ അത്താണിയുമാണ്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ പകുതിയോളം പേര്‍ക്കെങ്കിലും സഹകരണ പ്രസ്ഥാനങ്ങളെക്കൊണ്ട് പ്രയോജനം ലഭിക്കുന്നുണ്ട്. നവഉദാരവല്‍ക്കരണനയങ്ങള്‍ സഹകരണ മേഖലയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാപ്പട്ടികയില്‍ സഹകരണ മേഖല അവഗണിക്കപ്പെട്ടു. സഹകരണ സ്ഥാപനങ്ങള്‍ക്ക് നെഹ്റുവിന്റെ കാലം മുതല്‍ ലഭിച്ചുവന്ന പ്രത്യേക സംരക്ഷണവും ആനൂകൂല്യങ്ങളും ഓരോന്നായി എടുത്തുമാറ്റപ്പെട്ടു. നികുതികളും ലെവികളും ഈടാക്കാനാരംഭിച്ചു. കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ സഹകരണസംഘങ്ങളെ സഹായിക്കാന്‍ രൂപീകരിച്ച നബാര്‍ഡിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍തന്നെ അട്ടിമറിക്കപ്പെട്ടു. 1990കളില്‍ രാജ്യത്തെ മൊത്തം കാര്‍ഷിക വായ്പയില്‍ 62 ശതമാനവും സഹകരണബാങ്കുകളിലൂടെയായിരുന്നെങ്കില്‍ 2011 ആയപ്പോള്‍ അത് 16 ശതമാനമായി ചുരുങ്ങി. വിപണി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന നബാര്‍ഡിനെയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുക. കാര്‍ഷിക മേഖലയുടെ പുരോഗതി, സഹകരണ സംഘങ്ങളുടെ വളര്‍ച്ച, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ നിന്നെല്ലാം നബാര്‍ഡ് പിന്നോട്ടുപോയി. ഏതൊരു കോര്‍പറേറ്റ് സ്ഥാപനത്തെയുംപോലെ ലാഭമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് നബാര്‍ഡ്. കാര്‍ഷിക വായ്പാ പുനര്‍വായ്പയുടെയും ദീര്‍ഘകാല കാര്‍ഷിക വായ്പയുടെയും പലിശ വര്‍ഷംതോറും കൂട്ടിക്കൊണ്ടിരിക്കുന്നു. ഹ്രസ്വകാല കാര്‍ഷിക വായ്പാ മേഖലയില്‍ നിലനില്‍ക്കുന്ന സുദൃഢമായ ത്രിതല സംവിധാനം അട്ടിമറിച്ച് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ താറുമാറാക്കാനുള്ള ശ്രമങ്ങള്‍പോലും സംസ്ഥാനത്തെ നബാര്‍ഡ് ഉദ്യോഗസ്ഥരില്‍നിന്ന് അടുത്തകാലത്തുണ്ടായി എന്നത് ഗൗരവമായി കാണണം. ഇത്തരമൊരു സാഹചര്യത്തില്‍ അന്തര്‍ദേശീയ സഹകരണ വര്‍ഷം കേന്ദ്ര ഭരണാധികാരികളുടെ സഹകരണ മേഖലയോടുള്ള മനോഭാവത്തിലും സമീപനത്തിലും എന്തൊക്കെ മാറ്റങ്ങളാണുണ്ടാക്കുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍ , കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. സഹകരണം ഇവിടെ സര്‍വതല സ്പര്‍ശിയാണ്. മുഴുവന്‍ ജനങ്ങളും സഹകരണ മേഖലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടുനില്‍ക്കുന്നു. ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണക്രമവും വികസനോന്മുഖ നയപരിപാടികളും നമ്മുടെ സഹകരണ പ്രസ്ഥാനത്തിനുണ്ട്. ചില കുറവുകളും ഇല്ലാതില്ല. സാങ്കേതിക സൗകര്യങ്ങള്‍ വിപുലപ്പെടുത്തല്‍ , മനുഷ്യവിഭവശേഷി വികസനം, പ്രൊഫഷണലിസം തുടങ്ങി കാര്യങ്ങളില്‍ കുറെക്കൂടി മൂന്നേറാനുണ്ട്. അതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഓരോ സ്ഥാപനങ്ങളുടെയും സാമ്പത്തിക ജീവനക്ഷമതയും സാമ്പത്തിക അച്ചടക്കവും പ്രത്യേകമായി ഉറപ്പുവരുത്തുക എന്നതും. മികവാര്‍ന്ന സഹകരണ പ്രസ്ഥാനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അന്തര്‍ദേശീയ സഹകരണ വര്‍ഷത്തില്‍ നമ്മള്‍ ഏറ്റെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, പാരമ്പര്യേതര ഊര്‍ജം, മാസ്ട്രാന്‍സ്പോര്‍ട്ടേഷന്‍ , റഗുലേറ്റഡ് മാര്‍ക്കറ്റ് തുടങ്ങി മേഖലകളില്‍ സഹകരണ സംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. അമിതമായ ഉപഭോഗതല്‍പ്പരതയ്ക്കും മദ്യാസക്തിക്കും കടക്കെണിയെ തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യയ്ക്കും എതിരെയുള്ള ഫലപ്രദമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കുന്നത് ഉചിതമായിരിക്കും. ചുരുക്കത്തില്‍ വികസിത വികസ്വര അവികസിത രാജ്യങ്ങളെന്ന വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാകോണുകളിലും പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ സമാധാനം, പരിസ്ഥിതി, തൊഴില്‍ , വികസനം, സമന്വയം തുടങ്ങി മാനവിക അജന്‍ഡകള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. ഈ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും ജനോപകാരപ്രദവും വികസനോന്മുഖവുമായ പരിപാടികള്‍ കൂടുതലായി ഏറ്റെടുക്കുന്നതിനും അന്തര്‍ദേശീയ സഹകരണ വര്‍ഷം ഏവര്‍ക്കും പ്രചോദനമാകട്ടെ. (സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റാണ് ലേഖകന്‍)
No comments:
Post a Comment