അറ്റ്ലാന്റിക് യുഗത്തിന്റെ അന്ത്യം
പി ഗോവിന്ദപ്പിള്ള
Posted on: 07-Jan-2012 02:40 AM
ദേശാഭിമാനി
പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ വൈജ്ഞാനിക വിപ്ലവവും തുടര്‍ന്നുണ്ടായ വ്യവസായ വ്യാവസായിക-കാര്‍ഷിക വിപ്ലവങ്ങളും അമേരിക്കന്‍ ഐക്യനാട് എന്ന് ഇപ്പോള്‍ പറയപ്പെടുന്ന പ്രദേശത്തെ ബ്രിട്ടീഷ് അധിനിവേശവും പതിനഞ്ചാം നൂറ്റാണ്ടില്‍ സ്പെയിനിന് ലാറ്റിനമേരിക്കയില്‍ ലഭിച്ച മേല്‍ക്കോയ്മയും എല്ലാം ചേര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളെ ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളാക്കി മാറ്റി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഹോളണ്ട്, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങള്‍ ലോകത്തിലെ പല പ്രദേശങ്ങളും കൈവശപ്പെടുത്തി അവിടത്തെ വിഭവങ്ങളും സമ്പത്തും ചൂഷണം ചെയ്ത് വന്‍ശക്തികളായി വളര്‍ന്നു. അതേകാലത്ത് വടക്കേ അമേരിക്കയിലെ കന്യാവനങ്ങള്‍ വെട്ടിപ്പിടിച്ച് അവിടത്തെ ആദിവാസികളെ കൊന്നൊടുക്കിയും അവശേഷിച്ചവരെ വനാന്തരങ്ങളിലേക്ക് ആട്ടിയോടിച്ചും അമേരിക്കന്‍ ഐക്യനാടും വളരുകയായിരുന്നു. 1776ല്‍ ബ്രിട്ടനില്‍നിന്ന് മോചനം നേടി ഐക്യനാട് സ്വതന്ത്രരാഷ്ട്രമായി. അടിമകളായി ആഫ്രിക്കയില്‍നിന്ന് കൊണ്ടുവന്ന ഇന്നത്തെ ആഫ്രോ-ഏഷ്യന്‍ വംശജരും യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുമാണ് അവിടത്തെ ഭൂരിപക്ഷം ജനങ്ങളും. 19-ാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നായി അമേരിക്ക മാറി. അമേരിക്കയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്ന കനഡ ജനസാന്ദ്രത കുറഞ്ഞ, സമ്പന്നമായ ബ്രിട്ടീഷ് കോളനിയായിരുന്നു. കുടിയേറ്റക്കാര്‍ അവിടെയുമുണ്ടെങ്കിലും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരാണ് ഭൂരിപക്ഷം. അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്കേ പകുതിയില്‍ സ്ഥിതിചെയ്യുന്ന വടക്കേ അമേരിക്കയും പശ്ചിമ യൂറോപ്പും അറ്റ്ലാന്റിക് കൂട്ടായ്മ എന്ന പേരിലറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും സമ്പത്തും സൈനിക ശക്തിയും ഈ അറ്റ്ലാന്റിക് കൂട്ടായ്മയ്ക്കാണ്. രണ്ടാംലോക മഹായുദ്ധാനന്തരമുണ്ടായ വിമോചന സമരങ്ങളെത്തുടര്‍ന്ന് അവരുടെ പ്രത്യക്ഷ ആധിപത്യം അവസാനിച്ചെങ്കിലും സമ്പദ്ശക്തിയും സൈനികശക്തിയും കൊണ്ടുള്ള അപ്രത്യക്ഷ ആധിപത്യം തുടര്‍ന്നുപോന്നു. ലോകാധിപത്യം നിലനിര്‍ത്താന്‍ ഈ അറ്റ്ലാന്റിക് കൂട്ടായ്മ ഒരു സൈനികസഖ്യം വാര്‍ത്തെടുത്തിട്ടുണ്ട്. അതിന്റെ പേര് "ഉത്തര അറ്റ്ലാന്റിക് ഉടമ്പടി സംഘടന" (നാറ്റോ) എന്നാണ്. ഈ കാരണങ്ങളെല്ലാംകൊണ്ടുതന്നെ ഇതുവരെയുള്ള ലോകചരിത്രത്തെ അറ്റ്ലാന്റിക് യുഗം എന്ന് വിശേഷിപ്പിക്കാം.
യൂറേഷ്യന്‍ വെല്ലുവിളി
ഈ കരുത്തുറ്റ അറ്റ്ലാന്റിക് കൂട്ടായ്മക്കെതിരെ ഉയര്‍ന്നുവന്ന ഏറ്റവും വലിയ വെല്ലുവിളി 1917 ഒക്ടോബര്‍ വിപ്ലവത്തെതുടര്‍ന്ന് രൂപംകൊണ്ട സോവിയറ്റ് യൂണിയനായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം പല രാജ്യങ്ങളും സോഷ്യലിസത്തിലേക്ക് നീങ്ങുകയും സോവിയറ്റ് യൂണിയന്റെ ചേരിയില്‍ അണിനിരക്കുകയുംചെയ്തു. 1949ല്‍ ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവം വിജയിച്ചതോടെ സോഷ്യലിസ്റ്റ് ചേരി കൂടുതല്‍ ശക്തമായി. നേരിട്ട് ഈ ചേരിയില്‍ ഇടപെടാതെ നിന്ന പുതിയ വിമോചിത രാജ്യങ്ങള്‍ മൂന്നാംലോക രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്നു. അവ സാമ്രാജ്യത്വ വാഴ്ചയുടെ കെടുതിയില്‍നിന്ന് ഇനിയും പൂര്‍ണമുക്തമായിട്ടില്ല. എങ്കിലും അവയുടെ രാഷ്ട്രീയമായ ചായ്വ് സോഷ്യലിസ്റ്റ് ചേരിയോടാണ്. ഈ മൂന്നാം ലോക "ചേരിചേരാ രാഷ്ട്രങ്ങളെ" ഇന്ത്യയിലെ ജവാഹര്‍ലാല്‍ നെഹ്റുവും ഈജിപ്തിലെ അബ്ദുള്‍ നാസറും യുഗോസ്ലാവിയയിലെ മാര്‍ഷല്‍ ടിറ്റോയും ചേര്‍ന്ന് ഒരു ലോകരാഷ്ട്ര പ്രസ്ഥാനമായി വളര്‍ത്തി. ഇതാണ് ചേരിചേരാ പ്രസ്ഥാനം. അങ്ങനെ തങ്ങളുടെ മേച്ചില്‍സ്ഥലങ്ങളായിരുന്ന ആഫ്രോ-ഏഷ്യന്‍ -ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ കൈവിട്ടതോടെ അറ്റ്ലാന്റിക് ആധിപത്യത്തില്‍ കോട്ടം തട്ടാന്‍ തുടങ്ങി. വ്യാവസായിക യന്ത്രങ്ങളുടെ ചാലകശക്തിയായ എണ്ണ നല്‍കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ നിയന്ത്രണവും അറ്റ്ലാന്റിക് രാഷ്ട്രങ്ങള്‍ക്ക് നഷ്ടമായത് കൂനിന്‍മേല്‍ കുരു പോലെയായി. 1973ല്‍ പെട്രോളിയം കയറ്റുമതിചെയ്യുന്ന സംഘടന പശ്ചിമേഷ്യയില്‍ രൂപംകൊള്ളുകയും എണ്ണവില നിയന്ത്രണം ആ സംഘടന ഏറ്റെടുക്കുകയുംചെയ്തു. ഇതോടെ ഈ മേഖലയില്‍ യൂറോപ്യന്‍ മേല്‍ക്കോയ്മയ്ക്ക് ഇടിവുതട്ടി. യൂറോപ്യന്‍ രാജ്യങ്ങളില്‍ എണ്ണനിക്ഷേപമില്ല. അമേരിക്കയിലുണ്ടെങ്കിലും അവരുടെ ആവശ്യത്തിന് മതിയാകില്ല. ചൈനയുടെ മുന്നേറ്റം 1991ല്‍ സോവിയറ്റ് യൂണിയന്‍ തകരുകയും മുതലാളിത്തം ശക്തിയാര്‍ജിക്കുകയുംചെയ്തത് അനുഗ്രഹമായാണ് പാശ്ചാത്യര്‍ കരുതിയത്. റഷ്യയിലെ എണ്ണയും പ്രകൃതിവാതകവും നേടിയെടുക്കാമെന്ന് അവര്‍ വിചാരിച്ചു. അതുണ്ടായില്ലെന്ന് മാത്രമല്ല ചൈനയും റഷ്യയും തമ്മില്‍ സഹകരണം വര്‍ധിക്കുകയുംചെയ്തു. റഷ്യയും ചൈനയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ കസാഖ്സ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ചേര്‍ന്ന് രണ്ടായിരാമാണ്ടില്‍ സ്ഥാപിച്ച ഷാങ്ഹായ് സഹകരണ സംഘടന ലോകരാഷ്ട്രീയത്തില്‍ പടിഞ്ഞാറന്‍മാര്‍ക്ക് വെല്ലുവിളിയായി മാറി. ഇപ്പോള്‍ അമേരിക്കന്‍ ഐക്യനാടും പല യൂറോപ്യന്‍ രാഷ്ട്രങ്ങളും ചൈനയുടെ കടക്കാരാണ്. വന്‍ ഡോളര്‍ നിക്ഷേപമുള്ള ചൈനയില്‍ നിന്ന് അമേരിക്കപോലും കടം വാങ്ങാന്‍ ശ്രമിക്കുകയുണ്ടായി. അപ്പോഴേക്കും ലോകവിപണിയില്‍ ഡോളറിന്റെ വിനിമയമൂല്യം തകര്‍ന്നു. അതുകൊണ്ട് ചൈന ഇപ്പോള്‍ കൈവശമുള്ള ഡോളറിനെ കൈയൊഴിഞ്ഞ് സ്വര്‍ണനിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ തകര്‍ച്ച ഈ സാഹചര്യത്തിലാണ് 2008 മുതല്‍ അമേരിക്കയും അവരുമായി ബന്ധപ്പെട്ട രാജ്യങ്ങളും ഗുരുതരമായ സാമ്പത്തികത്തകര്‍ച്ച നേരിട്ടത്. 1930ലെ ലോകസാമ്പത്തിക തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കാനാകാതെ തുടരുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കും എന്ന വാഗ്ദാനവുമായിട്ടാണ് പ്രഭാഷണ ചതുരനായ ബറാക് ഒബാമ 2008ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും ജയിച്ചതും. രണ്ടാം വട്ടം ഭാഗ്യം പരീക്ഷിക്കാനുള്ള സമയമായെങ്കിലും സാമ്പത്തികക്കുഴപ്പത്തില്‍ നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞില്ല. അമേരിക്കയുടെ സാമ്പത്തിക കേന്ദ്രമായ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തുകയാണ്. ഒരു ശതമാനം ധനികര്‍ക്കുവേണ്ടി 99 ശതമാനം പേരെ ദരിദ്രരാക്കുന്ന അമേരിക്കന്‍ മുതലാളിത്തത്തിനെതിരായി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നവരെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താനാണ് ഒബാമ ഭരണകൂടം ശ്രമിക്കുന്നത്. തൊഴിലില്ലായ്മയും അമേരിക്കയെ അസ്വസ്ഥമാക്കുകയാണ്. യൂറോപ്പിലും വലിയതോതില്‍ പിരിച്ചുവിടല്‍ തുടങ്ങിയിരിക്കുന്നു. ലോകമെങ്ങുമുള്ള തങ്ങളുടെ സാമ്പത്തികാധിപത്യത്തിന്റെ ഉപാധിയായ യൂറോപ്പിലെ ബാങ്കുകള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. യൂറോപ്പില്‍ ഇപ്പോള്‍ത്തന്നെ 11,000 ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
കൊക്കകോളയും പെപ്സിയും ലോകമെങ്ങും വില്‍പ്പനയുള്ള അമേരിക്കന്‍ ശീതള പാനീയങ്ങളാണ്. പെപ്സിക്കോളയില്‍ മൂന്ന് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. അവരില്‍ 4000 പേരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. കൂടുതല്‍പേരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് മാനേജ്മെന്റ് വക്താക്കള്‍ സൂചിപ്പിക്കുന്നു.അയര്‍ലന്‍ഡും ഗ്രീസും ഗുരുതരമായ സാമ്പത്തികത്തകര്‍ച്ചമൂലം കീഴ്മേല്‍ മറിയുകയാണ്. ഫ്രാന്‍സിലും ഇറ്റലിയിലും പിരിച്ചുവിടല്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ സാമ്പത്തികത്തകര്‍ച്ച ദരിദ്രരായ കുടിയേറ്റക്കാരുമായി തദ്ദേശീയരുടെ ഏറ്റുമുട്ടലിലേക്കും വംശീയ ലഹളകളിലേക്കും നയിക്കുന്നു. അങ്ങനെ നേരത്തെ വിവരിച്ച അറ്റ്ലാന്റിക് യുഗം അധോഗതിയിലേക്ക് നീങ്ങുകയാണ്. ഏഷ്യയില്‍ പുതിയ ഉണര്‍വ് പ്രത്യക്ഷപ്പെടുന്നു. ചെയര്‍മാന്‍ മൗ സെ ദൊങ് പ്രവചിച്ചതുപോലെ കിഴക്കന്‍കാറ്റ് പടിഞ്ഞാറന്‍കാറ്റിനെ കീഴ്പ്പെടുത്തും എന്ന അവസ്ഥയിലേക്ക് ഇതെല്ലാം നയിക്കുന്നു.
No comments:
Post a Comment