വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, January 1, 2012

മെട്രോമാന്‍ ഇ. ശ്രീധരന്‍ പടിയിറങ്ങി

മെട്രോമാന്‍ ഇ. ശ്രീധരന്‍ പടിയിറങ്ങി

ദേശാഭിമാനി, 2012 ജനുവരി 1


ന്യൂഡല്‍ഹി: തലസ്ഥാന നഗരിക്ക് ലോകനിലവാരത്തിലുള്ള മെട്രോ റെയില്‍ സമ്മാനിച്ച ഇ ശ്രീധരന്‍ ഡല്‍ഹിമെട്രോ കോര്‍പ്പറേഷന്റെ തലപ്പത്ത് നിന്ന് പടിയിറങ്ങുന്നു. നീണ്ട 14 വര്‍ഷമായി ഡല്‍ഹിമെട്രോയുടെ മേധാവിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഡല്‍ഹിയുടെ മാതൃകയില്‍ മുംബൈ, ഹൈദരാബാദ്, ചെന്നെ എന്നീ നഗരങ്ങളിലും മെട്രോയുടെ പണിപുരോഗമിക്കുകയാണ്. ലക്നൗ, ലുധിയാന, പൂനെ, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങള്‍ പദ്ധതിയ്ക്ക് കാലതാമസം നേരിടുന്നു. കൊച്ചി മെട്രോയില്‍ നിന്ന് ഡല്‍ഹി മെട്രോ കോര്‍പ്പറേഷനെ ഒഴിവാക്കാനുള്ള തീരുമാനം വിവാദമായിരുന്നു. പദ്ധതികള്‍ വൈകുന്നത് അധിക ബാധ്യത സൃഷ്ടിക്കുകയും ജനങ്ങളുടെ ദുരിതവും മലിനീകരണ പ്രശ്നങ്ങളും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള തലമുറകള്‍ക്ക് പദ്ധതികളിലെ പാളിച്ചകള്‍ പരിഹരിക്കാന്‍പോലുമാവാത്ത സാഹചര്യങ്ങള്‍ വന്നുചേരും. വന്‍ നഗരങ്ങളിലെ മെട്രോ സംവിധാനമൊരുക്കുന്നതില്‍ ഇന്ത്യ ലോകരാജ്യങ്ങളെ അപേക്ഷിച്ച് 30 വര്‍ഷം പുറകിലാണ്. വാഹനങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പെട്രോളിയത്തിന്റെ വില വര്‍ധിക്കുകയും പെട്രോളിയം സമ്പത്ത് കുറഞ്ഞ് വരികയും ചെയ്യുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി.



മെട്രോമാന്‍ പടിയിറങ്ങി


സ്വന്തം ലേഖകൻ, ദേശാഭിമാനി , 2012 ജനുവരി 1

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ യാത്രാരീതി മാറ്റിയെഴുതിയ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ സാരഥിയും ഇന്ത്യയിലെ എന്‍ജിനിയറിങ് ഇതിഹാസവുമായ ഇ ശ്രീധരന്‍ ഔദ്യോഗികപദവിയില്‍നിന്ന് പടിയിറങ്ങി. ഡല്‍ഹിക്കാര്‍ മെട്രോമാന്‍ എന്നു വിളിക്കുന്ന ഈ എഴുപത്തൊമ്പതുകാരന്‍ ഡല്‍ഹി മെട്രോയുടെ മേധാവിയെന്ന നിലയില്‍ 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് വിരമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ റെയില്‍പാലമായ പാമ്പന്‍ പാലം, തുരങ്കങ്ങളിലൂടെ തീര്‍ത്ത കൊങ്കണ്‍ റെയില്‍വേ എന്ന വിസ്മയം തുടങ്ങി ശ്രീധരന്‍ എന്ന ടെക്നോക്രാറ്റിന്റെ തൊപ്പിയില്‍ പൊന്‍തൂവലുകളേറെ. ശനിയാഴ്ച ഡല്‍ഹി മെട്രോ ആസ്ഥാനത്ത് പിന്‍ഗാമിയായ മങ്കുസിങ്ങിന് എംഡിയുടെ കസേര മാറിയാണ് ശ്രീധരന്‍ വിരമിച്ചത്. ചെന്നൈയിലായിരുന്ന ശ്രീധരന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വൈകിട്ടോടെ ഡല്‍ഹിയില്‍ എത്തുകയായിരുന്നു. വികാരനിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങില്‍ ഡല്‍ഹി മെട്രോ ജീവനക്കാരുടെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് ശ്രീധരന്‍ മടങ്ങിയത്. കൃത്യനിഷ്ഠയുടെയും അര്‍പ്പണമനോഭാവത്തിന്റെയും മാതൃകയായ ശ്രീധരന്‍ എന്‍ജിനിയറിങ് പഠനശേഷം 1953 ലാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ചേര്‍ന്നത്. പാമ്പന്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തിലൂടെയാണ് രാജ്യശ്രദ്ധ നേടി. 1964 ല്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന പാലത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ചുമതല 31 വയസ്സുള്ള ശ്രീധരനെ ഏറെ വിശ്വാസത്തോടെയാണ് ജനറല്‍ മാനേജരായിരുന്ന ബി സി ഗാംഗുലി ഏല്‍പ്പിച്ചത്. പുനര്‍നിര്‍മാണത്തിന് ഒരുവര്‍ഷം സര്‍ക്കാരിനോട് ചോദിച്ചിരുന്ന റെയില്‍വേ ശ്രീധരനോട് ആവശ്യപ്പെട്ടത് ആറുമാസത്തിനകം പണിപൂര്‍ത്തിയാക്കാനാണ്. ഒന്നരമാസം കൊണ്ട് പണി പൂര്‍ത്തിയാക്കി ശ്രീധരന്‍ രാഷ്ട്രപതിയുടെ മെഡലും സ്വന്തമാക്കി. 48 തുരങ്കമുള്ള ഹാസന്‍ മംഗാലാപുരം പാതയുടെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ശ്രീധരന്‍ കൊല്‍ക്കത്ത മെട്രോ റെയിലിന്റെ നിര്‍മാണം ഏറ്റെടുത്തു. കൊച്ചി ഷിപ്യാര്‍ഡില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച ഒരുവര്‍ഷ കാലയളവില്‍ റാണി പത്മിനി എന്ന കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 1990ല്‍ റെയില്‍വെ ബോര്‍ഡില്‍ നിന്നു വിരമിച്ചശേഷമാണ് കൊങ്കണ്‍ റെയില്‍വേ നിര്‍മാണം ഏറ്റെടുത്തത്. ഏറെ ദുര്‍ഗ്രഹമായ ഭൂപ്രകൃതിയില്‍ 760 കിലോമീറ്റര്‍ വരുന്ന പാതനിര്‍മാണം ഏഴുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കി. 92 തുരങ്കവും 179 വന്‍പാലവും 1,819 ചെറുപാലവും അടങ്ങുന്ന കൊങ്കണ്‍ പാത ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനിയറിങ് വിസ്മയമാണ്. ശ്രീധരന്‍ ഡല്‍ഹി മെട്രോയുടെ സാരഥ്യമേറ്റത് 1997 ഒക്ടോബറിലാണ്. അഞ്ചുവര്‍ഷത്തിനകം ശാദ്ര മുതല്‍ തീസ്ഹസാരി വരെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്ന് 192 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നഗരത്തിന്റെ മുക്കിലും മൂലയിലും മെട്രോയെത്തി കഴിഞ്ഞു. മെട്രോയിറങ്ങി പരമാവധി അഞ്ചുമിനിറ്റ് നടന്നാല്‍ ഓരോ ഡല്‍ഹിക്കാരനും വീടെത്തുംവിധത്തില്‍ മെട്രോയെ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിന് അടുത്തെത്തിയശേഷമാണ്&ാറമവെ;ശ്രീധരന്‍ വിടപറയുന്നത്. ജന്മസ്ഥലമായ പട്ടാമ്പി കറുകപുത്തൂരിലും ഭാര്യ രാധയുടെ സ്വദേശമായ പൊന്നാനിയിലുമായി ഇനി വിശ്രമജീവിതത്തിലേക്ക്. ഡല്‍ഹി മെട്രോയില്‍ നിന്നുള്ള പടിയിറക്കം കൊച്ചി മെട്രോയുടെ സാരഥ്യത്തിലേക്ക് ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഡല്‍ഹി മെട്രോയുടെ സഹകരണം ആവശ്യമില്ലെന്ന് ഔദ്യോഗികമായി അറിയിച്ചതോടെ മാറിനില്‍ക്കാനാണ് ശ്രീധരന്റെ തീരുമാനം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്