"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"
Posted on: 24-Jan-2012 11:56 PM
"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല. ചെറുപ്പംതൊട്ടേ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് കാരണവരും ഗാന്ധിയനുമായ പാമ്പന്‍ മാധവനുമായുള്ള ദീര്‍ഘകാല സൗഹൃദം അഴീക്കോടിന്റെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായി. പാമ്പന്റെ വിശാലമായ ഗ്രന്ഥസമുച്ചയം അഴീക്കോടിന്റെ വൈജ്ഞാനിക ജീവിതത്തിലും നാഴികക്കല്ലായി. അക്കാലത്ത് കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും കോണ്‍ഗ്രസ് യോഗങ്ങളിലെയും സ്റ്റഡിക്ലാസുകളിലെയും സ്ഥിരം പ്രാസംഗികരായിരുന്നു പാമ്പനും അഴീക്കോടും. സ്വാതന്ത്യലബ്ധിയെ തുടര്‍ന്ന് സ്വാതന്ത്യത്തിന്റെ മഹത്വത്തെയും ഗാന്ധിസത്തെയും കുറിച്ച് അഴീക്കോട് വ്യാപകമായി സ്റ്റഡി ക്ലാസുകളെടുത്തു. 1961ല്‍ കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അംഗമായി. കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരിക്കെ, 1962 ജനുവരിയിലെ പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പ്രശസ്ത സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ അഴീക്കോട് തോറ്റു. 1969ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് ഉറ്റ സുഹൃത്ത് പാമ്പന്‍ ഇന്ദിരാഗാന്ധിപക്ഷത്തും അഴീക്കോട് സംഘടനാപക്ഷത്തുമായി. പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനംനൊന്താണ് അഴീക്കോട് ആ സംഘടനയില്‍നിന്ന് വിട ചൊല്ലിയത്. "സജീവകക്ഷിരാഷ്ട്രീയത്തില്‍ നിന്നകന്ന അഴീക്കോട് 1983 ല്‍ അക്രമരഹിത സാംസ്കാരികവേദിയുടെ അധ്യക്ഷനായി. അടുത്തവര്‍ഷം ഈ സംഘടന അഴീക്കോടിന്റെ നേതൃത്വത്തില്‍ നവഭാരതവേദിയായി. കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനുശേഷം ഈ സംഘടനയും നിര്‍ജീവമായി. വഴിപിഴച്ച കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായി തുടര്‍ന്ന അഴീക്കോട് ഇടതുപക്ഷവേദികളില്‍ സജീവസാന്നിധ്യമായി. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളും അഴീക്കോടിനെ ഭയപ്പാടോടെയാണ് കണ്ടത്. മുഖംനോക്കാതെ ആഞ്ഞടിക്കുന്ന ആ വിമര്‍ശശരങ്ങള്‍ക്കു മുന്നില്‍ എല്ലാവിധ കോണ്‍ഗ്രസ് ജാഡകളും തകര്‍ന്നടിഞ്ഞു. വ്യക്തിപരമായി അടുപ്പമുള്ള എ കെ ആന്റണിയെ പോലും രോഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അനുഭവമുണ്ട് അഴീക്കോടിന്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് ഇന്ത്യയുടെ എല്ലാ പ്രതാപവും അസ്തമിക്കുമെന്നും ഇന്ത്യയെ അമേരിക്കയ്ക്ക് വില്‍ക്കുമെന്നും പ്രവചിച്ച അഴീക്കോട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും സദാ വിമര്‍ശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും നിസ്സംഗത തുറന്നുകാട്ടി. ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് തീര്‍ത്ത മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ മനുഷ്യമതിലില്‍ കണ്ണിയാകാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയിലായത്.
No comments:
Post a Comment