നമുക്ക് നല്ലവരാകാം
2012 ജനുവരി 1 ന് മലയാള മനോരമ ദിനപത്രത്തിൽ വന്നത്
പുതിയ ശീലങ്ങളിലേക്ക് ഇൌ പുതുവത്സരത്തെ മാറ്റിയെടുക്കാം. വിവിധ ജീവിത മേഖലകളില്‍ നമുക്കു ശീലിക്കാവുന്ന അഞ്ചു കാര്യങ്ങള്‍ സി.രാധാകൃഷ്ണന്‍, ഡോ. ബി. ഇക്ബാല്‍, ബി. ഹൃദയകുമാരി എന്നിവര്‍ അവതരിപ്പിക്കുന്നു
സാമൂഹികം
നമ്മളും നമ്മുടെ നാടും നന്നാവണമെങ്കില്‍ നാം ഉപേക്ഷിക്കേണ്ട 5 കാര്യങ്ങള്‍
സി. രാധാകൃഷ്ണന്‍
ഒരു പുതുവല്‍സര ദിനത്തിലാണു സ്വിറ്റ്സര്‍ലന്‍ഡില്‍ ആല്‍പ്സ് പര്‍വതത്തിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ച് അന്നാട്ടുകാരനായ ഒരാള്‍ എന്നോടു പറഞ്ഞത്, 'നേരേചൊവ്വേ പരിപാലിച്ചാല്‍ ഞങ്ങളുടേതിനെക്കാള്‍ ചന്തമുള്ള നാടാണു കേരളം എന്ന്. കേരളം പലവട്ടം കണ്ട അദ്ദേഹത്തോടു 'നിങ്ങളുടെ നാടു മനോഹരമായിരിക്കുന്നു! എന്നു പറഞ്ഞപ്പോഴുണ്ടായ പ്രതികരണമായിരുന്നു അത്.
അതില്‍പ്പിന്നെ ആണ്ടുപിറവികളില്‍ ഇൌ കാര്യം ഞാന്‍ ഒാര്‍ക്കാറുണ്ട്. നമുക്കും നാടിനും നന്നാകാന്‍ എന്തെല്ലാം വേണം എന്നു വെറുതെ ആലോചിക്കാറുമുണ്ട്. നാലഞ്ചു കാര്യങ്ങളില്‍ മനസ്സുവച്ചാല്‍ രായ്ക്കുരാമാനം എല്ലാം ശരിയാകുമെന്നു തോന്നുന്നു.
1. ലഹരിപ്രിയം: ആരോഗ്യത്തിനു തീകൊളുത്തി ലഹരിച്ചൂടുണ്ടാക്കി സ്വയം എരിയിക്കാതിരുന്നുകൂടേ? 'കേരളമെന്നു കേട്ടാലോ തിളയ്ക്കണം വിസ്കി നമുക്കു ഞരമ്പുകളില്‍! എന്ന ദാരുണാവസ്ഥ പ്രബുദ്ധരായ നമുക്കു ഭൂഷണമോ?
2. അഴിമതി: അഴിമതി സമൂഹശരീരത്തിലെ മാരകരോഗാണുവാണെന്നു തിരിച്ചറിയുകയും വര്‍ജിക്കുകയും ചെയ്യേണ്ടേ? 'ഭാരതമെന്നു കേള്‍ക്കുമ്പോഴപമാനപൂരിതമാകേണ്ടിവരില്ലല്ലോ പിന്നെ അന്തരംഗം!
3. ദുരഭിമാനം: ഇല്ലാത്ത പ്രതിച്ഛായ ഉണ്ടെന്നു സങ്കല്‍പിച്ച് അതിനെ രക്ഷിക്കാനും മിനുക്കാനും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ശുദ്ധഭോഷ്കല്ലേ? അതിരുകളില്ലാതെ സ്നേഹിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ മേന്മ എന്നറിഞ്ഞ് മനംകുളിര്‍ക്കുന്നതല്ലേ പരമസുഖം?
4.അന്യതാബോധം: തികച്ചും വേറിട്ട് ഒരാളായി ഇരിക്കുമ്പോഴും ഒാരോരുത്തരും നാടിന്റെയും ലോകത്തിന്റെയും പ്രപഞ്ചത്തിന്റെയും അവിഭാജ്യഭാഗമാണെന്ന നേരു മറക്കാമോ? ചുറ്റുമുള്ള ഭൌതിക പരിസ്ഥിതിയോ മാനസികാവസ്ഥകളോ മലിനമാകാതിരുന്നാലല്ലേ ആരുടെയും സ്വന്തം സുസ്ഥിതി ഭദ്രമാകൂ? ഒാരോ ദിവസം അസ്തമിക്കുമ്പോഴും ഇന്ന് ഇൌ മഹാവിശ്വത്തില്‍ നിന്ന് എടുത്തതും തിരികെക്കൊടുത്തതും തമ്മിലുള്ള അന്തരം നമ്മെ കടക്കാരനാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതല്ലേ സര്‍വമതസമ്മതമായ മനുഷ്യധര്‍മം?
5. സര്‍വജ്ഞഭാവം: കേരളീയരായ നമുക്കു പ്രത്യേകിച്ചുമുള്ള ഒരു പ്രധാന ദുസ്സ്വഭാവം സര്‍വജ്ഞഭാവമല്ലേ? അറിയാത്തത് അറിയില്ല എന്നു പറയാന്‍ നമുക്കിപ്പോഴും വേണ്ടത്ര അറിവുണ്ടോ? ഇൌ അറിവില്ലായ്മയല്ലേ മിക്കപ്പോഴും സംഘര്‍ഷങ്ങളുടെയും മനോമലിനീകരണത്തിന്റെയും തുടക്കം?
ഈ പഞ്ചപാപങ്ങള്‍ പോയാല്‍ ഇവിടം സ്വര്‍ഗമായി.
സ്റ്റുഡന്റ്സ് ഒണ്‍ലി
പുതുവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കു ചെയ്യാന്‍ 5 കാര്യങ്ങള്‍
ബി. ഹൃദയകുമാരി
1. സമയം വേണ്ടവിധം ഉപയോഗിക്കുക: സമയക്കുറവാണു വിദ്യാര്‍ഥികളെ അലട്ടുന്ന ഒരു പ്രശ്നം. സമയം പാഴാക്കാതിരിക്കുകയേ വഴിയുള്ളൂ. നിങ്ങളുടെ കോഴ്സിന്റെ പരിമിതികള്‍ക്കുള്ളില്‍ സമയത്തെ രണ്ടു വിധത്തില്‍ ഉപയോഗിക്കാന്‍ ശ്രമിക്കാം. ഒന്ന്, മണിക്കൂര്‍ എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി ചില ടോപ്പിക്കുകള്‍ പഠിക്കുക. രണ്ട്, അയവുള്ള പഠനമാണ്. ആഴ്ചയോ മാസമോ യൂണിറ്റായെടുത്തു ടെന്‍ഷനില്ലാതെ സാവധാനത്തില്‍ മറ്റു ചില ടോപ്പിക്കുകള്‍ പഠിക്കുക. രണ്ടും ശ്രദ്ധയോടെ നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം. സമയം ഒരൊഴുക്കാണെന്നു മറക്കരുത്.
2. പുതുവിഷയങ്ങള്‍ പഠിക്കാം: നിങ്ങളുടെ ഐച്ഛികവിഷയം പഠിക്കുമ്പോള്‍, നിങ്ങള്‍ക്കു താല്‍പര്യമുള്ള മറ്റൊരു വിഷയം, ഐച്ഛികത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായതു ക്രമമായി വായിച്ച് അതുമായി ബന്ധം പുലര്‍ത്തുക. ഉദാഹരണമായി, ഗണിതശാസ്ത്രം പഠിക്കുന്നയാള്‍ക്കു സ്വന്തം താല്‍പര്യമനുസരിച്ച് ഇന്ത്യന്‍ സ്വാതന്ത്യ്രസമരമോ ആമസോണ്‍ തടാകത്തിലെ ബയോ ഡൈവേഴ്സിറ്റിയോ എന്തുവേണമെങ്കിലും അല്‍പം ആഴത്തില്‍ പഠിക്കാം. നിങ്ങളുടെ തലച്ചോറും കാഴ്ചപ്പാടും ബഹുമുഖമായി വികസിക്കട്ടെ.
3. ഭാഷാപഠനത്തിനു മുന്‍ഗണന: ഏതു വിഷയം സ്കൂള്‍, ഡിഗ്രി തലങ്ങളില്‍ പഠിക്കുമ്പോഴും ഭാഷാപഠനത്തിന് - മലയാളം, ഇംഗ്ലിഷ് - മുന്‍ഗണന നല്‍കുക. നല്ല പദശേഖരം, തെറ്റില്ലാത്ത വാക്യഘടന, ഉചിതപദം അനായാസമായി തിരഞ്ഞെടുക്കാനുള്ള കഴിവ് ഇവ വിദ്യാഭ്യാസമുള്ളയൊരാളിന് ഉണ്ടായിരിക്കണം. പദങ്ങളില്‍ കൂടി ബോധം വളരുന്നു. മനസ്സ് ഭാവത്തിന്റെയും അര്‍ഥത്തിന്റെയും സൂക്ഷ്മതലങ്ങളിലെത്തുന്നു. എന്തുവിഷയം പഠിക്കാനും മനസ്സ് സജ്ജമാകാന്‍ ഭാഷ വേണം.
4. മനസ്സിനെ അനുസരിപ്പിക്കുക: മനസ്സ് സദാ ചിലച്ചുകൊണ്ടിരിക്കും. അതിനെ അടക്കിനിര്‍ത്താന്‍ പ്രയാസമാണ്. ഒരു വ്യായാമം ശീലിച്ചാലോ? ഇപ്പോള്‍ എന്തു ചെയ്യുന്നുവോ അതില്‍ മനസ്സിനെ വ്യാപരിപ്പിക്കുക. ഉദാഹരണമായി, തലമുടി ചീകുകയാണെങ്കില്‍ ചീപ്പിന്റെ നിറം, മുടിയുടെ നിറം, മുടിക്കു കൈവരുന്ന തിളക്കവും ഒതുക്കവും, ചീപ്പിന്റെ പ്രപ്പര്‍ എന്നിങ്ങനെ ഒരു പേജെങ്കിലും എഴുതാനുള്ള വസ്തുതകള്‍ നിങ്ങള്‍ക്കു കിട്ടും. മനസ്സ് നിങ്ങളെ അനുസരിക്കാന്‍ ശീലിക്കുകയും ചെയ്യും.
5. ആരോഗ്യവും സന്തോഷവും: കളിക്കുക, ചിരിക്കുക, പാടുക - നിങ്ങളുടെ ശരീരവും മനസ്സും ഉന്മേഷഭരിതമാകട്ടെ. നിങ്ങളെക്കാണുമ്പോഴേ മറ്റുള്ളവര്‍ക്കു സന്തോഷം തോന്നട്ടെ. ആരോഗ്യവും സന്തോഷവുമുള്ളവരുടേതാകണം നാളത്തെ ഇന്ത്യ.
പെരുമാറ്റശീലങ്ങള്‍
വ്യക്തിശീലങ്ങളില്‍ മലയാളികള്‍ വരുത്തേണ്ട 5 മാറ്റങ്ങള്‍
ഡോ. ബി. ഇക്ബാല്‍
1. സാമൂഹികശുചിത്വം: വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വമാവട്ടെ ലക്ഷ്യം. ശുചിത്വകേരളം സുന്ദരകേരളം എന്ന സ്വപ്നം മനസ്സില്‍ ഉറപ്പിക്കണം. പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്യാന്‍ മൂന്ന് " ആവട്ടെ മന്ത്രം. നിരസിക്കുക, ഉപേക്ഷിക്കാതെ വീണ്ടും ഉപയോഗിക്കുക, ,പുനഃചംക്രമണം. പൊതുസ്ഥലങ്ങള്‍ തുപ്പിയും മലമൂത്രവിസര്‍ജനം നടത്തിയും വൃത്തികേടാക്കാതിരിക്കുക. അക്രമവാസനകളോടും വിടപറയാം. കേരളത്തിന്റെ പരിസ്ഥിതിക്കു കോട്ടംതട്ടുന്ന പ്രവൃത്തികള്‍ ചെയ്യില്ലെന്നു മനസ്സുകൊണ്ട് ഉറപ്പിക്കാം.
2. റോഡുകളിലെ സുരക്ഷ: മദ്യപിച്ചും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചും വാഹനമോടിക്കുന്ന ശീലം പലരിലുമുണ്ട്. മുന്‍പേ കടന്നുപോകുന്ന വാഹനങ്ങളെ അവരുടെ വഴിക്കുവിടുക. അവരെ മറികടക്കാനുള്ള നിര്‍ബന്ധം നമുക്കു വേണ്ട. ഓവര്‍ടേക്കിങ് കൊണ്ടുമാത്രം അപകടങ്ങള്‍ പെരുകുന്നു. പത്തോ പതിനഞ്ചോ മിനിറ്റിനു വേണ്ടി അമിതവേഗത്തില്‍ പായുന്ന ശീലം വലിയ റിസ്കാണ്. ദിനംപ്രതി വാഹനാപകടങ്ങളില്‍ മരിച്ചുകൊണ്ടിരിക്കുന്ന ശരാശരി 10 പേരെയും പരുക്കേല്‍ക്കുന്ന 200 പേരെയും ഇടയ്ക്കെങ്കിലും ഓര്‍ക്കുക.
3. ജനസേവകരാകുക: സേവന മേഖലയില്‍ ചിലരെങ്കിലും നിലമറക്കുന്നില്ലേ? ഇനി അങ്ങനെയുണ്ടാവരുത്. സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ജനസേവകരാണെന്ന വസ്തുത വിസ്മരിക്കാതിരിക്കുക. വിദ്യാര്‍ഥികളുടെ പ്രാഥമിക ഉത്തരവാദിത്തം പഠനവും അധ്യാപകരുടേത് അധ്യാപനവുമാണെന്ന് ഒാര്‍ത്തുകൊണ്ടു വര്‍ഷം തുടങ്ങുക. മറ്റെല്ലാം ഇൌ പ്രാഥമിക ഉത്തരവാദിത്തത്തിനു പിന്നാലെ വരും.
4. പാഴാക്കരുത് വൈദ്യുതി: കേരളം വൈദ്യുതിക്ഷാമം ഉള്ള സംസ്ഥാനമാണെന്നു നമ്മളും ഒാര്‍ക്കണം. വെറുതെ വൈദ്യുതി പാഴാക്കാതിരിക്കുക. വീട്ടിലും ജോലിസ്ഥലത്തും വൈദ്യുതി ഉപയോഗം കഴിവതും പരിമിതപ്പെടുത്തുക.
5. ചെടികളും പുസ്തകങ്ങളും: ഇന്ന് എത്രപേര്‍ ചെടി നടും? വീട്ടുവളപ്പിലും ജോലിസ്ഥലത്തും ചെടികളും വൃക്ഷങ്ങളും നിറയാന്‍ നിങ്ങള്‍ കാരണക്കാരാവട്ടെ. പുതുവര്‍ഷവും ജന്മദിനവും എല്ലാം ചെടിനട്ട് ആഘോഷിക്കാം. നിര്‍ബന്ധമായും കുട്ടികളെ വായനശാലകളില്‍ അംഗമാക്കണം. വായനയെ പ്രോല്‍സാഹിപ്പിക്കുക. വിവാഹത്തിനും ജന്മദിനത്തിനും മറ്റും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കണം.
No comments:
Post a Comment