വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 25, 2012

മെഡിക്കല്‍ - എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍

മെഡിക്കല്‍ - എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍


(ദേശാഭിമാനി വാരാന്തപ്പതിപ്പ്, Posted on: 20-Jan-2012 12:40 PM )




തിരു: കേരള മെഡിക്കല്‍ -എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കും. പരീക്ഷയുടെ റാങ്ക് നിര്‍ണയത്തിനുള്ള മാര്‍ക്ക് ഏകീകരണം പരിഷ്കരിച്ചിട്ടുണ്ട്. അപേക്ഷകള്‍ ഈ വര്‍ഷംമുതല്‍ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. വ്യാഴാഴ്ചമുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. ഫെബ്രുവരി 14 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും 15ന് വൈകിട്ട് അഞ്ചിനുമുമ്പ് തിരുവനന്തപുരത്ത് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍നിന്നും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അക്ഷയസെന്ററുകളില്‍നിന്നും അപേക്ഷ നല്‍കാം.

പ്രോസ്പെക്ടസ് വിതരണം വ്യാഴാഴ്ചമുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 160 പോസ്റ്റ് ഓഫീസുകള്‍വഴി ആരംഭിക്കും. കേരളത്തിനുപുറത്ത് എട്ട് പോസ്റ്റ് ഓഫീസുകളിലും പ്രോസ്പെക്ടസ് ലഭിക്കും. പ്രോസ്പെക്ടസിനൊപ്പം പ്രത്യേക സ്ക്രാച്ച് കാര്‍ഡ് ഉണ്ടാകും. കാര്‍ഡിലെ രഹസ്യനമ്പര്‍ അപേക്ഷയില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഈ നമ്പര്‍ പിന്നീടുള്ള പരിശോധനകളില്‍ അപേക്ഷകര്‍ ഉപയോഗിക്കണം. ജനറല്‍ വിഭാഗത്തിന് 700 രൂപയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 350 രൂപയുമാണ് അപേക്ഷാ ഫീസ്. ദുബായ് പരീക്ഷാ സെന്ററായി തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം പരീക്ഷാ ഫീസായ 700 രൂപയ്ക്ക് പുറമെ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും പ്രവേശനപരീക്ഷാ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 10,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകൂടി ഉള്‍ക്കൊള്ളിച്ചിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ - 0471-2339101, 2339102, 2339103, 2339104. സിറ്റിസണ്‍സ് കോള്‍ സെന്റര്‍ : ബിഎസ്എന്‍എല്‍ - 155300(ലാന്‍ഡ് ലൈനില്‍നിന്ന്), 0471-155300(മൊബൈലില്‍നിന്ന്) മറ്റ് നെറ്റ്വര്‍ക്കില്‍നിന്ന് 0471-2115054, 2115098, 2335523. ബി ആര്‍ക്ക് പ്രവേശനത്തിന് സംസ്ഥാനതലത്തില്‍ പ്രത്യേക പ്രവേശന പരീക്ഷ ഇല്ല. കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളിലും ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അഡ്മിഷന്‍ കാര്‍ഡുകള്‍ മാര്‍ച്ച് 24 മുതല്‍ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡുചെയ്ത് പ്രിന്റൗട്ട് എടുക്കണം. വിശദവിവരങ്ങള്‍ക്ക് ംംം.രലലസലൃമഹമ.ീൃഴ.

എംബിബിഎസിന് 1,474 സീറ്റ് എന്‍ജിനിയറിങ്ങിന് 24,307

ഈ വര്‍ഷം പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അലോട്ട് ചെയ്യാന്‍ എംബിബിഎസിന് 1474 സീറ്റും എന്‍ജിനിയറിങ്ങിന് 24,307 സീറ്റുകളുമാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആകെ ലഭ്യമായ 900 സീറ്റുകളില്‍നിന്നും വിവിധ ക്വോട്ടകള്‍ കുറച്ച് പരീക്ഷാ കമീഷണര്‍ക്ക് അലോട്ടുചെയ്യാന്‍ 739 സീറ്റും രണ്ട് സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളേജുകളില്‍ 135ഉം സ്വകാര്യസ്വാശ്രയ കോളേജുകളില്‍ സര്‍ക്കാര്‍ ക്വോട്ടയായി 600 സീറ്റും ഉണ്ട്.

മറ്റ് കോഴ്സുകളുടെ സീറ്റുകള്‍ :

ഡെന്റല്‍ : സര്‍ക്കാര്‍ ഡെന്റല്‍കോളേജ്- 126, സര്‍ക്കാര്‍ നിയന്ത്രിത ഡെന്റല്‍കോളേജ്- 30, സ്വകാര്യസ്വാശ്രയ ഡെന്റല്‍കോളേജ്- 500, ആകെ: 656.

ബിഎഎംഎസ്(ആയുര്‍വേദം): സര്‍ക്കാര്‍ , എയ്ഡഡ് ആയുര്‍വേദകോളേജുകള്‍ - 236, സ്വകാര്യസ്വാശ്രയ ആയുര്‍വേദ കോളേജുകള്‍ -280. ആകെ സീറ്റുകള്‍ : 516.

ബിഎച്ച്എംഎസ്(ഹോമിയോ): സര്‍ക്കാര്‍ , എയ്ഡഡ് ഹോമിയോ കോളേജുകള്‍ -224

ബിഎസ്എംഎസ് സിദ്ധ: സ്വകാര്യസ്വാശ്രയ കോളേജ്- 25.

അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി കോഴ്സുകള്‍ :

ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ -173. ബിഎസ്സി ഫോറസ്ട്രി-25. ബിവിഎസ്സി ആന്‍ഡ് എഎച്ച്(വെറ്റിനറി കോളേജ്)-101. ബിഎഫ്എസ്സി ഫിഷറീസ് കോളേജ്-41.

ബിടെക് എന്‍ജിനിയറിങ് കോഴ്സുകള്‍ : സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനിയറിങ് കോളേജ് (12 എണ്ണം)-4011. സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനിയറിങ് കോളേജ് (23 എണ്ണം)-5495. സ്വകാര്യസ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ ക്വോട്ട(89 എണ്ണം)- 14,700.

കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെയും കേരള വെറ്റിനറി സര്‍വകലാശാലയുടെയും കീഴിലുള്ള കോളേജുകള്‍ -101 ആകെ: 24,307.

ആര്‍ക്കിടെക്ച്ചര്‍ : സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍(4 എണ്ണം)-134 സ്വകാര്യസ്വാശ്രയ കോളേജ്(അഞ്ചെണ്ണം)- 140. ആകെ: 274

പ്രവേശന പരീക്ഷ: മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം

തിരു: മെഡിക്കല്‍ -എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് സര്‍ക്കാര്‍ മാറ്റം വരുത്തി. ഗ്ലോബല്‍ മീന്‍ , ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേരള ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ എന്നിവക്കൊപ്പം സിബിഎസ്ഇ, ഐഎസ്സിഇ എന്നീബോര്‍ഡുകളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മാര്‍ക്കും ഏകീകരിക്കും. മാര്‍ക്കുകള്‍ പൊതുധാരയിലേക്ക് മാറ്റപ്പെടുമ്പോള്‍ ഒരോ വിഷയത്തിന്റെയും മാര്‍ക്കുകള്‍ 100 ല്‍ പരിമിതപ്പെടുത്തില്ല. എന്നാല്‍ , മൂന്നു വിഷയത്തിനുംകൂടി ആകെ മാറ്റപ്പെടുന്ന മാര്‍ക്ക് 300ല്‍ അധികം നല്‍കില്ല. ഏകീകരിച്ച യോഗ്യതാപരീക്ഷയുടെ മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ പരിഗണിച്ചാവും റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയെന്ന് എന്‍ട്രന്‍സ് കമീഷണര്‍ ബി എസ് മാവോജി പറഞ്ഞു.

മാര്‍ക്ക് ഏകീകരണത്തിലെ മാറ്റം ആശങ്ക മാറ്റുമെന്ന് കമീഷണര്‍

ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തുന്നത് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന കിട്ടിയേക്കുമെന്ന ആശങ്കയില്ലാതാക്കാനെന്ന് പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് അതേപടി നിലനിര്‍ത്തി മറ്റ് ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കുമായി ഏകീകരിച്ചാണ് കഴിഞ്ഞ വര്‍ഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് കണക്കാക്കിയത്. ഇങ്ങിനെ കണക്കാക്കുമ്പോള്‍ കേരള പ്ലസ്ടുവിന് അധിക പരിഗണന കിട്ടുന്നുവെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നു. ഇത്തരം സംശയം ഇല്ലാതാക്കാനാണ് മറ്റ് ബോര്‍ഡുകളോടൊപ്പം കേരള ഹയര്‍സെക്കന്‍ഡറി മാര്‍ക്കും ഏകീകരിക്കുന്നതെന്നാണ് വിശദീകരണം.

കേരള ബോര്‍ഡ് അടിസ്ഥാന ഘടകമാക്കാതെ മറ്റ് ബോര്‍ഡുകളുടേതുപോലെ ശരാശരി കാണുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി ഓരോ ബോര്‍ഡിന്റേയും കഴിഞ്ഞ നാല് വര്‍ഷത്തെ പരീക്ഷാഫലം പരിശോധിക്കുമ്പോള്‍ ഓരോ വിഷയത്തിലും വിവിധ ബോര്‍ഡുകളുടെ മൂല്യനിര്‍ണയത്തിലെ അന്തരം കണ്ടെത്താന്‍ കഴിയും. ഈ അന്തരങ്ങള്‍ പൊതുശരാശരിയിലേക്ക് മാറ്റിയും ഈ വര്‍ഷത്തെ അന്തരം വീണ്ടും ഏകീകരിച്ചും ചെയ്യുന്നതോടെ ഓരോ ബോര്‍ഡിന്റെ കീഴില്‍ പരീക്ഷയെഴുതുന്ന ഓരോ വിദ്യാര്‍ഥിക്കും ലഭിക്കുന്ന മാര്‍ക്ക് പൊതുമാനദണ്ഡത്തിന് കീഴിലാകും. ഇതോടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അതാത് വിഷയത്തില്‍ ലഭിക്കുന്ന മാര്‍ക്ക് പരീക്ഷയില്‍ അവരുടെ പ്രകടനത്തെ ആസ്പദമാക്കിയാകും. സംസ്ഥാന ഹയര്‍സെക്കന്‍ഡറിയില്‍ ഒരുകുട്ടിക്ക് ഒരു വിഷയത്തില്‍ 100ല്‍ 80 മാര്‍ക്ക് കിട്ടിയെന്ന് കരുതുക. മറ്റ് ബോര്‍ഡുകളിലെ പരീക്ഷയില്‍ ഇതേ വിഷയത്തില്‍ ഒരു വിദ്യാര്‍ഥിക്ക് 85 മാര്‍ക്ക് കിട്ടിയാലും ആദ്യത്തെയാളെക്കാള്‍ മുന്നിലെത്തണമെന്നില്ല. കാരണം ആ വിഷയത്തില്‍ രണ്ട് ബോര്‍ഡുകളുടേയും ശരാശരി മാര്‍ക്ക് നോക്കും. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയാണ് ചെയ്തതെങ്കിലും കേരള പ്ലസ്ടു അടിസ്ഥാന ഘടകമാക്കി. ഇത് മാറ്റി എല്ലാ ബോര്‍ഡുകളേയും മാര്‍ക്ക് ഏകീകരിക്കുന്നതോടെ ആര്‍ക്കെങ്കിലും ഗുണമോ ദോഷമോ വരുന്നുവെന്ന ആക്ഷേപം ഇല്ലാതാക്കാന്‍ കഴിയുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

ഏകീകരിച്ചുകിട്ടുന്ന മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്കും കണക്കാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയ്ക്കും യോഗ്യതാ പരീക്ഷക്കും തുല്യപ്രാധാന്യമെന്ന കഴിഞ്ഞ വര്‍ഷത്തെ അതേ രീതി ഇത്തവണയും തുടരും. അതേ സമയം, എംബിബിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്സുകള്‍ക്ക് ഈ വര്‍ഷവും പ്ലസ്ടുമാര്‍ക്ക് മാനദണ്ഡമാക്കില്ല. പൂര്‍ണ്ണമായും എന്‍ട്രന്‍സ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എംബിബിഎസ് പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശന പരീക്ഷയെന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേരളം സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുന്നത്.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്‍ട്രന്‍സ് പരീക്ഷസംബന്ധിച്ച സംശയം ദൂരികരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചു. ലാന്‍ഡ് ഫോണില്‍ നിന്നും 155300 നമ്പറില്‍ വിളിച്ചാല്‍ വിവരം ലഭ്യമാകും. മൊബൈല്‍ ഫോണില്‍ നിന്നും വിളിക്കുമ്പോള്‍ 0471 കൂടി ചേര്‍ക്കണം. അക്ഷയ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ -എയ്ഡഡ് ഹയര്‍സെന്‍ഡറി സ്കൂളുകളിലും ഇതിനായി പ്രത്യേക സംവിധാനമൊരുക്കി.

എന്‍ട്രന്‍സ് ഫോം ലഭിക്കുന്ന പോസ്റ്റോഫീസുകള്‍

തിരു: 2012ലെ എന്‍ജിനിയറിങ്-മെഡിക്കല്‍ എന്‍ട്രന്‍സ് സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്പെക്റ്റസ്, കവര്‍ എന്നിവ വിതരം ചെയ്യുന്ന വിവിധ ജില്ലകളിലെ പോസ്റ്റോഫീസുകള്‍ ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം ആറ്റിങ്ങല്‍ എച്ച് ഒ, ബാലരാമപുരം, കല്ലമ്പടം, കരമന, കാട്ടാക്കട, കഴക്കൂട്ടം, കേരള യൂണിവേഴ്സിറ്റി ഓഫീസ് ക്യാമ്പസ്, കിളിമാനൂര്‍ , മെഡിക്കല്‍ കോളേജ് പി ഒ, നാലാഞ്ചിറ, നെടുമങ്ങാട്, നെയ്യാറ്റിങ്ങര എച്ച് ഒ, പാറശ്ശാല, പട്ടംപാലസ് പിഒ, പേരൂര്‍ക്കട, പൂജപ്പുര, പോത്തന്‍കോട്, ശാസ്തമംഗലം, ശ്രീകാര്യം, തൈക്കാട് എച്ച് ഒ, തിരുവനന്തപുരം ബീച്ച് പി ഒ, തിരുവനന്തപുരം ഫോര്‍ട്ട് പി ഒ, തിരുവനന്തപുരം ജിപിഒ, വര്‍ക്കല, വട്ടിയൂര്‍ക്കാവ്, വെമ്പായം, വെഞ്ഞാറമൂട്, വിഴിഞ്ഞം

കൊല്ലം അഞ്ചല്‍ , ചാത്തന്നൂര്‍ , ചവറ, കരുനാഗപ്പിള്ളി എച്ച് ഒ, കിളികൊല്ലൂര്‍ , കൊല്ലം കച്ചേരി പി ഒ, കൊല്ലം എച്ച് ഒ, കൊട്ടാരക്കര എച്ച് ഒ, കൊട്ടിയം, കുണ്ടറ, ഓച്ചിറ, പറവൂര്‍ , പത്തനാപുരം, പുലമണ്‍ , പുനലൂര്‍ .

പത്തനംതിട്ട അടൂര്‍ എച്ച് ഒ, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, മഞ്ചാടി ജംങ്ഷന്‍ പി ഒ, പന്തളം, പത്തനംതിട്ട എച്ച് ഒ, റാന്നി, തിരുവല്ല എച്ച് ഒ

ആലപ്പുഴ ആലപ്പുഴ എച്ച് ഒ, ചെങ്ങന്നൂര്‍ എച്ച് ഒ, ചേര്‍ത്തല എച്ച് ഒ, ഹരിപ്പാട്, കാര്‍ത്തികപള്ളി, കായംകുളം എച്ച്ഒ, മാവേലികര എച്ച്ഒ, പുളിങ്കുന്ന്, സനാതനപുരം

കോട്ടയം അരുണാപുരം, ചങ്ങനാശ്ശേരി എച്ച്ഒ, ചങ്ങനാശ്ശേരി എസ്ബി കോളേജ്, ചിങ്ങവനം, ഈരാറ്റുപേട്ട,എരുമേലി, ഏറ്റുമാനൂര്‍ , ഗാന്ധിനഗര്‍ ,കങ്ങഴ, കാഞ്ഞിരിപ്പിള്ളി എച്ച് ഒ, കറുകച്ചാല്‍ , കോട്ടയം കളക്ട്രേറ്റ്, കോട്ടയം എച്ച് ഒ, കുടമാളൂര്‍ , കുമരനല്ലൂര്‍ , മണര്‍കാട്,മണിമല, മുണ്ടക്കയം, പാല എച്ച്ഒ, പാമ്പാടി, പിഡി ഹില്‍സ് പിഒ കോട്ടയം, പുതുപ്പള്ളി, ഉഴവൂര്‍ , വൈക്കം എച്ച്ഒ, വാകത്താനം

ഇടുക്കി കട്ടപ്പന എച്ച് ഒ, കുമളി, മൂന്നാര്‍ , നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ എച്ച്ഒ

എറണാകുളം ആലുവ, അങ്കമാലി, ഇടപ്പള്ളി, എറണാകുളം എച്ച് ഒ, എറണാകുളം എംജിറോഡ്, കാക്കനാട്, കൊച്ചി എച്ച് ഒ, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍ ,പാലാരിവട്ടം, പെരുമ്പാവൂര്‍ , തൃപ്പുണിത്തുറ, വൈറ്റില

തൃശൂര്‍ ചാലക്കുടി എച്ച്ഒ, ഗുരുവായൂര്‍ , ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ , കുന്നംകുളം, തൃശൂര്‍ ഈസ്റ്റ് പിഒ, തൃശൂര്‍ എച്ച്ഒ, തൃശൂര്‍ സിറ്റി പിഒ, വാടാനപ്പിള്ളി, വടക്കാഞ്ചേരി എച്ച്ഒ

പാലക്കാട് ആലത്തൂര്‍ എച്ച് ഒ, ചിറ്റൂര്‍ , മണ്ണാറക്കാട്, ഒലവക്കോട് എച്ച്ഒ, ഒറ്റപ്പാലം എച്ച്ഒ, പാലക്കാട് എച്ച്ഒ, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ , വടക്കന്‍ഞ്ചേരി

മലപ്പുറം കോട്ടക്കല്‍ , കുറ്റിപ്പുറം, മലപ്പുറം എച്ച്ഒ, മഞ്ചേരി എച്ച് ഒ, നിലമ്പൂര്‍ , പെരുന്തല്‍മണ്ണ, പൊന്നാനി എച്ച് ഒ, തിരൂര്‍ എച്ച് ഒ, വളാഞ്ചേരി

കോഴിക്കോട് കാലിക്കറ്റ് സിവില്‍സ്റ്റേഷന്‍ എച്ച്ഒ, കാലിക്കറ്റ് എച്ച്ഒ, മാവൂര്‍ , ഫറോക്ക്, കൊയിലാണ്ടി എച്ച് ഒ, കുന്നമംഗലം, മേപ്പയൂര്‍ , തിരുവമ്പാടി, വടകര എച്ച്ഒ

വയനാട് കല്‍പ്പറ്റ എച്ച്ഒ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, താമരശ്ശേരി

കണ്ണൂര്‍ ഇരിട്ടി, കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ , കണ്ണൂര്‍ എച്ച് ഒ, മട്ടന്നൂര്‍ , പയ്യന്നൂര്‍ , ശ്രീകണ്ഠപുരം, തലശ്ശേരി, തളിപറമ്പ

കാസര്‍കോട് കാഞ്ഞങ്ങാട് എച്ച്ഒ, കാസര്‍കോട് എച്ച്ഒ, മഞ്ചേശ്വര്‍ , നിലേശ്വരം

കേരളത്തിനു പുറത്തുള്ള പോസ്റ്റോഫീസുകള്‍

ബാംഗ്ലൂര്‍ ജിപിഒ-560001 ഫോണ്‍ - 080 22868652 ഭോപ്പാല്‍ ജിപിഒ-462001 ഫോണ്‍ -755 2673272 ചാണ്ഠിഗര്‍ ജിപിഒ-160017 ഫോണ്‍ 0172 270371 ചെന്നെ ജിപിഒ-600-001 ഫോണ്‍ 044 25216766 ഹൈദരാബാദ് ജിപിഒ: 500 001 ഫോണ്‍ : 040 23463515 ലഖ്നൗ ജിപിഒ: 222 001 ഫോണ്‍ : 0522 2237808 മുബൈജിപിഒ : 400 001 ഫോണ്‍ -022 22620693 ന്യൂഡല്‍ഹി ജിപിഒ: 110 001 ഫോണ്‍ : 011 23743602

ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം

ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം

(ദേശാഭിമാനി വാരാന്തപ്പതിപ്പിൽനിന്ന് )
Posted on: 24-Jan-2012 02:07 PM

കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ് ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന് സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത. ആറുപതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ വേദികള്‍!

സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍ മലയാളികള്‍ അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍ ഉയര്‍ന്ന് പറന്ന് കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍ കോരിയിട്ട് അവരെ പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലരും കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍ തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുക- പ്രഭാഷകന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം അഴീക്കോട് മാഷ് നിലനിര്‍ത്തിയത് അങ്ങനെയായിരുന്നു.

"ശുണ്ഠി"യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ് അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ പ്രഭാഷകനാകണമെന്ന് ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ "സാഗരഗര്‍ജ്ജന"മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ പ്രഭാഷണകല പിറവിയെടുത്തത്.

ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ അവതരണം: "എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച്് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം ഉച്ചഭാഷിണിയെ ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍ അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു".

വഴിവിളക്കായത് വാഗ്ഭടാനന്ദന്‍

ശ്രീനാരായണഗുരുവും മഹാത്മാ ഗാന്ധിയും വാഗ്ഭടാനന്ദനുമാണ് അഴീക്കോടിന്റെ ജീവിതത്തെ സ്വാധീനിച്ച മഹാ വ്യക്തിത്വങ്ങള്‍ . ഇതില്‍ വാഗ്ഭടാന്ദന്റെ ചിന്തയും പ്രഭാഷണവുമാണ് അഴീക്കോട് പിന്തുടര്‍ന്നത്. പ്രഭാഷണ കലയില്‍ വാഗ്ഭടാനന്ദന്റെ ശൈലി കടമെടുത്ത് വേദികള്‍ കീഴടക്കി. വാഗ്ഭടാനന്ദന്റെ "ആത്മവിദ്യ"യെന്ന ഗ്രന്ഥം വായിച്ചത് വഴിത്തിരിവായി. അന്ത്യംവരെ അഴീക്കോട് ഈ ഗ്രന്ഥത്തെ ആശ്രയിച്ചു. അഴീക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന ആത്മവിദ്യാ

സംഘത്തിലൂടെയാണ് ഗുരുദേവന്റെ ആശയലോകത്തേക്ക് പ്രവേശിച്ചത്. അഴീക്കോട് വന്‍കുളത്ത് വയലിലെ വിശാഖാനന്ദന്‍ എന്ന പൊന്‍മഠത്തില്‍ കൃഷ്ണസ്വാമികളാണ് അനാചാരത്തിനെതിരെ ആദ്യം പടനയിച്ചത്. വാഗ്ഭടാനന്ദന്‍ ഗുരുവായി സ്വീകരിച്ചത് ഇദ്ദേഹത്തെയായിരുന്നു. 1885ല്‍ കണ്ണൂര്‍ പാട്യത്തെ വയലേരി തറവാട്ടില്‍ ജനിച്ച കുഞ്ഞിക്കണ്ണനാണ് കേരളത്തിന്റെ ആത്മീയനഭോമണ്ഡലത്തില്‍ തിളങ്ങിയ വാഗ്ഭടാനന്ദന്‍ . "അജ്ഞാനം, അടിമത്തം, മൃഗീയത എന്നിവ എവിടെ കണ്ടാലും എതിര്‍ക്കുക. അവയുള്ളപ്പോഴും നിങ്ങളുള്ളപ്പോഴും അടങ്ങിയിരിക്കരുത്". അഴീക്കോടിന്റെ രക്തത്തില്‍ അലിഞ്ഞതാണ് വാഗ്ഭടാനന്ദന്റെ ഈ ആഹ്വാനം.

ക്ഷേത്രാരാധനയെയും വിഗ്രഹപൂജയെയും വാഗ്ഭടാനന്ദന്‍ എതിര്‍ത്തു. ഗുരുദേവരുടെ ഈശ്വരന്‍ ചിദാകാശത്തിലാണെന്നും പ്രകാശിക്കുന്ന സദാനന്ദ സൂര്യനാണെന്നും ഒരു കുന്നിന്‍ ചെരുവിലെ ക്ഷണിക ജ്യോതിസല്ലെന്നും സുകുമാര്‍ അഴീക്കോട് നിരീക്ഷിക്കുന്നുണ്ട്. ആത്മവിദ്യയെന്ന ഗ്രന്ഥത്തില്‍ ഇന്ത്യക്കാരുടെ ദൈവവിശ്വാസ സംബന്ധിയായ അന്ധവിശ്വാസങ്ങളെ നര്‍മവും ഉജ്വലചിന്തയും കൊണ്ട് വിമര്‍ശിക്കുന്നത് അഴീക്കോട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമാക്കിയ മതേതരത്വം, സ്ഥിതിസമത്വം, മാനവികത തുടങ്ങിയവ ഭാരതീയ തത്ത്വചിന്തയില്‍ അന്തര്‍ലീനമാണെന്ന് വാഗ്ഭടാനന്ദന്റെ കൃതികളിലൂടെ സഞ്ചരിച്ച അഴീക്കോട് വ്യക്തമാക്കുന്നു.

പ്രസംഗം ബഹുത് ജോര്‍

മുതിര്‍ന്നതില്‍ പിന്നെ വൈക്കം മുഹമ്മദ് ബഷീര്‍ മൂന്ന് പ്രസംഗമാണത്രെ കേട്ടിട്ടുള്ളത്. ഒന്ന് മുണ്ടശ്ശേരിയുടെ. ഒന്ന് മഹാത്മാഗാന്ധിയുടെ. പിന്നെ ഒന്ന് സുകുമാര്‍ അഴീക്കോടിന്റെ. ഇതിലേതാണ് മെച്ചം? "അഴീക്കോടിന്റേത് ബഹുത് ജോര്‍!" എന്താണിതിന്റെ പ്രത്യേകത? "ഘനഗംഭീരമായ സാഗര ഗര്‍ജനമാണത്!" അതില്‍ നിന്നെന്തു പഠിച്ചു? "ഓ ഞാനൊന്നും പഠിച്ചില്ല. കേട്ടപ്പോള്‍ ഹരം തോന്നി. നല്ല സ്റ്റൈലില്‍ കേട്ടിരുന്നു. ഞാന്‍ പറഞ്ഞില്ലെ, സാഗര ഗര്‍ജനമാണത്. സാഗരഗര്‍ജനത്തില്‍ നിന്നെന്താണ് പഠിക്കുക? പത്രം നിവര്‍ത്തിയാല്‍ എന്നും ഏതെങ്കിലും പേജില്‍ അഴീക്കോടിന്റെ സാഗരഗര്‍ജനമുണ്ടാകും. എവിടെയെങ്കിലും പ്രസംഗിച്ചതിന്റെ മൂന്നു കോളം റിപ്പോര്‍ട്. പിന്നെ ഞാന്‍ പത്രം വായിക്കുകയില്ല. തീപ്പെട്ടിക്കൊള്ളി ഉരസ്സി അതിന് തീ കൊടുക്കുന്നു. എന്നിട്ട് ഒരു കാര്‍ഡ് വാങ്ങി അഴീക്കോടിന് എഴുതും: "താങ്കളുടെ സാഗരഗര്‍ജനം ഇന്നും പത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ പത്രത്തിനും ഞാന്‍ തീകൊടുത്തു."

(ഡോ. എം എം ബഷീര്‍ എഡിറ്റുചെയ്ത "അഴീക്കോടിനെ അറിയുക" എന്ന പുസ്തകത്തിന് വേണ്ടി എഴുതിയത്)

വജ്രശുദ്ധിയാര്‍ന്ന പ്രണയം

ഡിസംബര്‍ മഞ്ഞിന്റെ മറനീക്കി വിലാസിനി ടീച്ചര്‍ വന്നു. കൈക്കുടന്നയിലേന്തിയ സ്വന്തം ഹൃദയം പ്രിയപ്പെട്ട അവിവാഹിതന്റെ വിറയാര്‍ന്ന കൈകളിലേക്ക് പകര്‍ന്നു. പിന്നെ വിളിച്ചു പറഞ്ഞു "ഈ പടുവൃദ്ധനോട് എനിക്കിപ്പോഴും പ്രണയം തന്നെ". 46 ആണ്ടിനുശേഷം പ്രൊഫ. വിലാസിനി, സുകുമാര്‍ അഴീക്കോടിനെ കാണാന്‍ എത്തിയത് 2011 ഡിസംബര്‍ 19ന്്. പൊട്ടിത്തെറിച്ചു ഇരുവരും. കഴിഞ്ഞുപോയ കാര്യങ്ങള്‍ കെട്ടഴിച്ചു, കലഹിച്ചു; കുട്ടികളെപ്പോലെ. പിന്നെ ചിരിച്ചു. ഒടുവില്‍ പൊന്നുപോലെ നോക്കാം കൂടെപോരുവാന്‍ ക്ഷണിച്ചു വിലാസിനി. ആ വാക്കുകള്‍ ഭാഗ്യമായിക്കണ്ടു അഴീക്കോട്. അരനൂറ്റാണ്ടോളം ഒരു പ്രണയത്തെ അതിന്റെ എല്ലാ തീഷ്ണതയോടെയും നിലനിര്‍ത്താനായ ഈ വജ്രത്തെളിമയെ കാണാതെപോയ ലോകത്തെ ഏതു പേരെടുത്താണ് വിളിക്കുക.

മകരനിലാവ് പോലെ ഒഴുകിപ്പരന്ന പ്രണയം അതിന്റെ എല്ലാ തെളിമയോടെയും എന്നും നെഞ്ചില്‍ കാത്തുവെച്ചിരുന്നു അഴീക്കോട്. പൂര്‍ണാര്‍ഥത്തില്‍ ആര്‍ക്കും അത് അനുഭവിക്കാന്‍ കഴിയാതെപോയത് കാലത്തിന്റെ ദുരന്തം. വിവാഹമെന്ന കെട്ടുവള്ളത്തിലേക്ക് കാല്‍വെച്ചുകയറാന്‍ അദ്ദേഹം മടിച്ചത് പ്രണയത്തിന്റെ മരണമാകും അതെന്ന ഉള്‍ക്കാഴ്ചകൊണ്ടുകൂടിയായിരുന്നു. വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആ ധിഷണയെ പ്രണയിച്ച പെണ്‍കിടാങ്ങളുണ്ടായിരുന്നു. ഒരു മാത്രപോലും അതിര്‍രേഖ ലംഘിക്കാതെ കാത്തു ഈ മനുഷ്യന്‍ . സ്ത്രീയോടുള്ള ബഹുമാനം അതിന്റെ ഔന്നത്യത്തില്‍ നിലനിര്‍ത്തിയതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീസൗഹൃദവും പ്രതികാരത്തിലേക്ക് വഴിമാറാതെ പോയതെന്ന് അഴീക്കോട്് പലപ്പോഴും വെളിവാക്കിയിരുന്നു.

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല.

അവസാനത്തേത് അനുഗ്രഹപ്രഭാഷണം

തൃശൂര്‍ : കേരളം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകന്റെ ഒടുവിലത്തെ പ്രസംഗം ചരിത്രമുറങ്ങുന്ന തൃശൂര്‍ തേക്കിന്‍കാട് മെതാനിയില്‍ . ഡിസംബര്‍ ആറിനു വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിനുസമീപം സജ്ജമാക്കിയ വേദിയിലായിരുന്നു അഴീക്കോട് അവസാനമായി പ്രസംഗിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത പ്രഭാഷണയജ്ഞത്തിന്റെ സമാപനസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷകനായിരുന്നു അഴീക്കോട്. പതിനായിരക്കണക്കിന് പ്രഭാഷണം നടത്തി മലയാളിയുടെ ചിന്തയില്‍ തീ കോരിയിട്ട ആചാര്യന്റെ ഒടുവിലത്തെ വാക്കുകള്‍ ഗീതയുടെ മഹത്വത്തെ കുറിച്ചായിരുന്നു. "ഗീതയെ അറിയുക എന്നത് ഒരോ വ്യക്തിയുടെയും ധര്‍മവും രാജ്യത്തോടുള്ള കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്. അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം" എന്നതായിരുന്നു മൂന്ന് മിനിറ്റുമാത്രം നീണ്ട പ്രസംഗത്തിന്റെ ഉള്ളടക്കം. കടുത്ത ക്ഷീണവും പനിയും ഉണ്ടായിരുന്ന അദ്ദേഹം തീരെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു പ്രഭാഷണം തുടങ്ങിയത്. ഗീതാജ്ഞാനയജ്ഞമായതുകൊണ്ടു മാത്രമാണ് എത്തിയതെന്നും പറഞ്ഞു. പതിനെട്ടാം വയസ്സില്‍ തുടങ്ങി എണ്‍പത്തിയാറിലും ശക്തമായി തുടര്‍ന്ന പ്രസംഗപരമ്പരയുടെ അപ്രതീക്ഷിതമായ അന്ത്യമായി ആ വേദി മാറുമെന്ന് അന്നാരും കരുതിയില്ല. ആ രാത്രി എരവിമംഗലത്തെ വീട്ടിലെത്തി പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്ന അഴീക്കോട് രാവിലെ എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചു

വാത്സല്യത്തിന്റെ യജമാനന്‍

വാത്സല്യത്തിന്റെ യജമാനന്‍

ജോബിന്‍സ് ഐസക്

ദേശാഭിമാനി

ശാസിക്കുകയും ശകാരിക്കുകയും അതിലേറെ, ആവശ്യങ്ങളില്‍ മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്ത വാത്സല്യത്തിന്റെ "യജമാനനാ"യിരുന്നു സുരേഷിന് അഴീക്കോട് മാഷ്. 24 വര്‍ഷം ഡ്രൈവറും സഹായിയും മാഷ് ആത്മകഥയില്‍ പറഞ്ഞപോലെ സെക്രട്ടറിയുമായി നിഴല്‍പോലെ മാഷിനൊപ്പം നിന്ന സുരേഷ് ആ സ്നേഹവാത്സല്യം പലവട്ടം അടുത്തറിഞ്ഞു. ഏറെ പരിശ്രമിച്ചാണ് പുത്തൂരില്‍ കുറച്ച് സ്ഥലം സുരേഷ് വാങ്ങിയത്്. വീടു വയ്ക്കാന്‍ ആവത് ശ്രമിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞില്ല. വീടെന്ന മോഹം ഉപക്ഷേിക്കാന്‍ തുടങ്ങിയപ്പോഴാണ് മാഷ് രക്ഷയ്ക്കെത്തിയത്. "എന്റെ പ്രയാസം ഞാന്‍ പറഞ്ഞല്ലാതെ അറിഞ്ഞ മാഷ് 50,000 രൂപ തന്നു സഹായിച്ചു. പത്തു വര്‍ഷം മുമ്പ് അത് വലിയ തുകയായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത എന്റെ വിവാഹം കാരണവരുടെ സ്ഥാനത്തു നിന്നാണ് മാഷ് നടത്തി തന്നത്"- സുരേഷ് ഓര്‍ക്കുന്നു. മാഷിന്റെ സാന്നിധ്യമാണ് 18 വയസ്സു മുതല്‍ ജീവിതത്തില്‍ വഴികാട്ടിയായത്്. അഴീക്കോടിന്റെ ഡ്രൈവറാണ് താനെന്നും മാഷിന് ഒരു പേരുദോഷവും താന്‍മൂലം ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് തന്നെ നേര്‍വഴിയില്‍ നയിച്ചതെന്നും സുരേഷ് പറയുന്നു. മാഷ് പിശുക്കനാണെന്ന് പലരുംപറയും. ചെലവ് നിയന്ത്രിക്കുന്ന ഗാന്ധിയന്‍ രീതിമാത്രമായിരുന്നു അത്. വിലകുറഞ്ഞ ജൂബയും മുണ്ടും കീറിയാല്‍ കീറലറിയാതെ ഉടുക്കും. പഴകിയാല്‍ വീട്ടിലുപയോഗിക്കും. ലേഖനമെഴുതാന്‍ കടലാസുപോലും പലമടക്ക് കീറിയാണ് ഉപയോഗിക്കുക. സ്വന്തം കാര്യത്തില്‍ മാത്രമാണ് ആ ചെലവു ചരുക്കല്‍ . സഹായം അര്‍ഹിക്കുന്നവര്‍ക്ക് മാഷ് ധാരാളിയായിരുന്നു. 1987ലാണ് സുരേഷ് അഴീക്കോടിന്റെ ഡ്രൈവറാകുന്നത്. സാഹിത്യ അക്കാദമിയിലെ പോള്‍ എന്ന ജീവനക്കാരനാണ് മാഷിന്റെ ഡ്രൈവറായി സുരേഷിനെ എത്തിച്ചത്. "88ല്‍ മാഷിന്റെ കണ്ണിന് അസുഖമുണ്ടായി. ചികിത്സിക്കാന്‍ പോയത് മധുര അരവിന്ദ് ഹോസ്പിറ്റലില്‍ . കണ്ണിന് ശസ്ത്രക്രിയ നടത്തി. ആ സമയങ്ങളിലാണ് സുരേഷിന്റെ സഹായം മാഷ് അടുത്തറിയുന്നത്. ഉടമയും ഡ്രൈവറും തമ്മിലുള്ള ബന്ധത്തിന്റെ അതിര്‍വരമ്പ് മാഞ്ഞുതുടങ്ങി. പിന്നീടുള്ള പെരുമാറ്റം ഒരു ഡ്രൈവറൊടെന്നപോലെയായിരുന്നില്ല. ഒരു മുറിയില്‍ കിടത്താന്‍ തുടങ്ങി. ഒരുമിച്ചിരുത്തിയേ ഭക്ഷണം കഴിപ്പിക്കൂ. ആയിരക്കണക്കിന് വേദികളില്‍ മാഷിന്റെ ഒപ്പം പോയിട്ടുണ്ട്്. പ്രസംഗങ്ങളെക്കുറിച്ച് ഇടയ്ക്ക് എന്നോടു സംസാരിക്കും. കളിയാക്കുന്നതായിട്ടാണ് അന്ന് തോന്നിയത്. സാധാരണക്കാരനായ എനിക്ക് മനസ്സിലാകുന്നുണ്ടെങ്കില്‍ അത് പൊതുവെ എല്ലാവര്‍ക്കും മനസ്സിലാക്കാനാകുമെന്ന് മാഷിനറിയാമായിരുന്നു. മാഷ് നന്നായി ഡ്രൈവ് ചെയ്തിരുന്നു. വണ്ടി ഓടിക്കുമ്പോള്‍ നിയന്ത്രിക്കേണ്ട ഘട്ടങ്ങളില്‍ ഇടപെടാനും നിര്‍ദേശം തരാനും അദ്ദേഹം മടിച്ചില്ല. അമിതമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവിങ് മാഷിനിഷ്ടമല്ല. മുന്‍കോപമുണ്ടെങ്കിലും ആരോടും പക മാഷിനില്ല. ഇഷ്ടമുള്ളവരോട് സ്നേഹം പ്രകടിപ്പിക്കും. ഇഷ്ടമില്ലാത്തവരോട് കൃത്രിമ ഇഷ്ടം കാണിക്കാന്‍ അദ്ദേഹത്തിനു വശമില്ലായിരുന്നു. മോഹന്‍ലാലിനോട് പകയോ വിദ്വേഷമോ ഇല്ലാത്തതിനാലാണ് ഒറ്റ ഫോണ്‍വിളി കൊണ്ട് അദ്ദേഹം കേസ് പിന്‍വലിക്കാന്‍ നിശ്ചയിച്ചത്. മലയാള ചലച്ചിത്രലോകം തിലകനെ ഒറ്റപ്പെടുത്തുന്നത് മാഷിന് സഹിച്ചില്ല. മൂവാറ്റുപുഴയില്‍ വച്ച് തിലകന്‍ മാഷിനെ കണ്ടു. അനുഗൃഹീതനായ ആ കലാകാരന്റെ ഒറ്റപ്പെടലിന്റെ ദൈന്യതെ മാഷ് ആ മുഖത്ത് വായിച്ചു. എ പി പി നമ്പൂതിരിയുടെ മരണമാണ് മറക്കാനാകാത്ത അനുഭവം. ചങ്ങനാശേരിയില്‍ ഒരു പരിപാടി കഴിഞ്ഞ് എപിപി മാഷിനൊപ്പം കാറില്‍ കയറി. മാഷിന് മാവേലിക്കരയിലാണ് അടുത്ത പരിപാടി. ആ പരിപാടിയും കഴിഞ്ഞ് തിരികെ മടങ്ങുമ്പോള്‍ തോട്ടപ്പിള്ളിയില്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയതാണ്. റോഡിനരുകില്‍ വീണ എപിപിയുടെ തല പൊട്ടി. മാഷും സുരേഷും ചേര്‍ന്ന് താങ്ങിയെടുത്ത് അടുത്ത ക്ലിനിക്കില്‍ എത്തിച്ചു. അവിടെ രക്ഷയില്ലെന്നു പറഞ്ഞപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മാഷിന്റെ വസ്ത്രം നിറയെ ചോരയായിരുന്നു. ഇവിടെ രക്ഷയില്ല എറണാകുളത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. കൊണ്ടുപോകും മുമ്പേ മരണവും സംഭവിച്ചു. അപ്പോള്‍ സമയം പുലര്‍ച്ചെ രണ്ട്. ജഡവുമായി ഞാനും മാഷും മാത്രം. ഏപ്രില്‍ 24ന് എരവിമംഗലത്തേക്ക് മാഷ് മാറിയിട്ട് നാലു വര്‍ഷമാകും. ഞാന്‍ തന്നെയാണ് സ്ഥലം കണ്ട് ടോക്കണ്‍ കൊടുത്തത്. തറകെട്ടി കട്ട്ള വച്ചപ്പോള്‍ മാത്രമാണ് മാഷ് വന്ന് വീടും സ്ഥലവും കണ്ടത്്. മാഷിന് എഴുതാന്‍ പറ്റിയ അന്തരീക്ഷം നോക്കിയാണ് ഞാന്‍ സ്ഥലം കണ്ടുപിടിച്ചത്. ഗ്രാമത്തിലേക്ക് പറിച്ചു മാറ്റിയ ജീവിതം മാഷില്‍ വലിയ മാറ്റംവരുത്തിയെന്നും സുരേഷ് പറയുന്നു. ആശുപത്രിക്കിടക്കയിലും മാഷിന് തുണയായുണ്ടായതും സുരേഷ് തന്നെ, ഒപ്പം സുരേഷിന്റെ ഭാര്യ രമണിയും.

ദേശീയവാദിയായ പ്രഭാഷകന്‍

ദേശീയവാദിയായ പ്രഭാഷകന്‍

ഇ.എം.എസ്

(ദേശാഭിമനി)






സുകുമാര്‍ അഴീക്കോടിന്റെ 70ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അനുമോദനയോഗത്തില്‍ സംസാരിച്ച തകഴി അഴീക്കോടിന് ഒരു ഉപദേശം നല്‍കി. "പ്രഭാഷണങ്ങള്‍ നിര്‍ത്തി എഴുതിത്തുടങ്ങുക". ഇതിനോട് ഞാന്‍ യോജിക്കുന്നില്ല. പ്രഭാഷണത്തിന്റെയും എഴുത്തിന്റെയും ലക്ഷ്യം ഒന്നു തന്നെയാണല്ലോ. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക. അതിന് ഡോക്ടര്‍ അഴീക്കോട് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗം പ്രഭാഷണങ്ങളാണ്. എഴുത്തിനേക്കാള്‍ ഒട്ടും കുറയാത്ത ശക്തിയുള്ള വാചാ പ്രസംഗങ്ങള്‍ . പ്രഭാഷണങ്ങള്‍ തന്നെ ടേപ്പ് എടുത്ത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ഇന്ന് സാങ്കേതികമായി യാതൊരു പ്രയാസവുമില്ല. ഡോക്ടര്‍ അഴീക്കോടിന്റെ കാര്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുറെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ അര്‍ഥം അഴീക്കോടിന്റെ ശ്രോതാക്കള്‍ക്കെന്നപോലെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ വായനക്കാര്‍ക്കും അഴീക്കോടിന്റെ ആശയങ്ങള്‍ മനസിലാവുന്നു എന്നാണല്ലോ. അത് കുറേക്കൂടി ക്രമീകൃതമായ രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു വിഷമവുമില്ല. എന്നാല്‍ , യഥാര്‍ഥ പ്രശ്നം പ്രഭാഷണങ്ങളോ പ്രസംഗങ്ങളോ എന്നല്ല രണ്ടിന്റെയും ഉള്ളടക്കമാണ്. അതിന്റെ കാര്യത്തില്‍ വലിയൊരു ജനസേവനമാണ് അഴീക്കോട് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ , അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ വിഷയം ഇന്നത്തെ സമൂഹമാണ്. അതില്‍ പ്രകടമാവുന്ന തിന്മകള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ സര്‍വത്ര കാണുന്നത്. തകഴിയേയും എന്നെയും പോലെ ദേശീയ വാദിയായാണ് അഴീക്കോട് തന്റെ പൊതുജീവിതം ആരംഭിക്കുന്നത്. തകഴിയും ഞാനും ആദ്യകാലത്തെ ദേശീയതയില്‍ നിന്ന് പിന്നീട് ഇടതുപക്ഷ ദേശീയതയിലേക്ക് മാറി. അഴീക്കോടാകട്ടെ, തുടക്കത്തിലെന്നപോലെ ഇന്നും ദേശീയവാദിയാണ്. പക്ഷെ, ദേശീയവാദികള്‍ക്കിടയില്‍ രൂപംകൊണ്ട അപചയപ്രവണതളോട് വിട്ടുവീഴ്ച ചെയ്യാന്‍ അഴീക്കോട് തയ്യാറായില്ല. സ്വന്തം ജീവിതത്തിലെയും വീക്ഷണത്തിലെയും തിന്മകള്‍ക്ക് ദേശീയതയുടെ ആവരണമിടുന്നവരും "ഗാന്ധിജിയെ മനസ്സിലാക്കാത്ത ഗാന്ധിയന്മാര്‍" എന്നു അഴീക്കോടുതന്നെ വിശേഷിപ്പിക്കുന്നവരുമായ സമകാലീന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തന്റെ മൂര്‍ച്ചയേറിയ നാവ് ചലിപ്പിക്കാന്‍ അഴീക്കോട് ഒരിക്കലും മടികാണിക്കാറില്ല. ഗാന്ധിസത്തില്‍ നിന്ന് തുടങ്ങി ഗാന്ധിസത്തിലൂടെ വളര്‍ന്നുവന്നു, ഗാന്ധിസത്തെ വികലമാക്കുന്നവര്‍ക്കെതിരെ പോരാട്ടം നടത്തുന്നത് തന്റെ ജീവിത ദൗത്യമായി കണക്കാക്കിയിരിക്കയാണ് അഴീക്കോട്. ഇന്നത്തെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുന്ന ഏതെഴുത്തുകാരനും നടത്തുന്നതിനേക്കാള്‍ ഒട്ടും കുറയാത്ത സേവനമാണ് പ്രഭാഷകനായ അഴീക്കോട് നടത്തിക്കൊണ്ടിരിക്കുന്നത്. (1996 ഏപ്രിലില്‍ ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ചത് )

അവസാനത്തേത് അനുഗ്രഹപ്രഭാഷണം

അവസാനത്തേത് അനുഗ്രഹപ്രഭാഷണം
സ്വന്തം ലേഖകന്‍
ദേശാഭിമാനി, Posted on: 24-Jan-2012 11:57 പം


കേരളം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകന്റെ ഒടുവിലത്തെ പ്രസംഗം ചരിത്രമുറങ്ങുന്ന തൃശൂര്‍ തേക്കിന്‍കാട് മെതാനിയില്‍ . ഡിസംബര്‍ ആറിനു വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിനുസമീപം സജ്ജമാക്കിയ വേദിയിലായിരുന്നു അഴീക്കോട് അവസാനമായി പ്രസംഗിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത പ്രഭാഷണയജ്ഞത്തിന്റെ സമാപനസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷകനായിരുന്നു അഴീക്കോട്. പതിനായിരക്കണക്കിന് പ്രഭാഷണം നടത്തി മലയാളിയുടെ ചിന്തയില്‍ തീ കോരിയിട്ട ആചാര്യന്റെ ഒടുവിലത്തെ വാക്കുകള്‍ ഗീതയുടെ മഹത്വത്തെ കുറിച്ചായിരുന്നു. "ഗീതയെ അറിയുക എന്നത് ഒരോ വ്യക്തിയുടെയും ധര്‍മവും രാജ്യത്തോടുള്ള കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്. അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം" എന്നതായിരുന്നു മൂന്ന് മിനിറ്റുമാത്രം നീണ്ട പ്രസംഗത്തിന്റെ ഉള്ളടക്കം. കടുത്ത ക്ഷീണവും പനിയും ഉണ്ടായിരുന്ന അദ്ദേഹം തീരെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു പ്രഭാഷണം തുടങ്ങിയത്. ഗീതാജ്ഞാനയജ്ഞമായതുകൊണ്ടു മാത്രമാണ് എത്തിയതെന്നും പറഞ്ഞു. പതിനെട്ടാം വയസ്സില്‍ തുടങ്ങി എണ്‍പത്തിയാറിലും ശക്തമായി തുടര്‍ന്ന പ്രസംഗപരമ്പരയുടെ അപ്രതീക്ഷിതമായ അന്ത്യമായി ആ വേദി മാറുമെന്ന് അന്നാരും കരുതിയില്ല. ആ രാത്രി എരവിമംഗലത്തെ വീട്ടിലെത്തി പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്ന അഴീക്കോട് രാവിലെ എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചു. പ്രഭാഷണങ്ങളില്‍ കൂടുതലും അദ്ദേഹം തൃശൂരില്‍ താമസക്കാരനായതിനുശേഷമായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തില്‍ അഴീക്കോട് തുടങ്ങിയ ഗാന്ധി സ്മാരക പ്രഭാഷണങ്ങള്‍ സാമൂഹ്യജീവിതത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. 101 പ്രഭാഷണങ്ങള്‍ എന്നു ലക്ഷ്യമിട്ടുതുടങ്ങിയ പരമ്പര ആരാധകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് 200ഉം 300ഉം പിന്നിട്ട് കണക്കില്ലാതായതും പ്രഭാഷണചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായം. രാമായണപ്രഭാഷണങ്ങള്‍ നാടെങ്ങും നടക്കുന്ന സമയത്ത് കര്‍ക്കടകസന്ധ്യകളെ സാംസ്കാരിക സമ്പന്നമാക്കാന്‍ മാഷ് തുടങ്ങിയ രാമായണ പ്രഭാഷണ പരമ്പരകളും സാംസ്കാരികതലസ്ഥാനത്തിന് വേറിട്ട അനുഭവമായി. കേരളത്തിന്റെ സാമൂഹ്യജീവിതത്തിലും സാംസ്കാരികമേഖലയിലും വാമൊഴി കൊണ്ടും വരമൊഴി കൊണ്ടും ചരിത്രസ്രഷ്ടാവായി മാറിയ പ്രഭാഷണകലയുടെ ആചാര്യന്റെ ആദ്യ പ്രസംഗം കണ്ണൂരിലായിരുന്നു. കണ്ണൂര്‍ പട്ടണത്തിലെ ഒരു മാടപ്പീടികയില്‍ . സാഹിത്യതല്‍പ്പരരായ ഏതാനും സൃഹൃത്തുക്കള്‍ സംഘടിപ്പിച്ച യോഗത്തില്‍ "ആശാന്റെ വിഷാദാത്മകത്വം" എന്നതായിരുന്നു പ്രഭാഷണവിഷയം. അര മണിക്കൂറോളം നീണ്ട കന്നിപ്രസംഗം പക്ഷേ നന്നായില്ലെന്ന് മാഷ് വിലയിരുത്തി. മുഴുവന്‍ മനഃപാഠം പഠിച്ചുപോയതുകൊണ്ടാകാം പ്രസംഗത്തില്‍ അനിവാര്യമായ ഒഴുക്ക് ഉണ്ടായില്ല. അങ്ങനെ ആദ്യപ്രസംഗം അനുഭവപാഠമാക്കി കാണാപ്പാഠം പഠിച്ചു പ്രസംഗിക്കുന്ന ഏര്‍പ്പാട് തന്നെ മുളയിലേ ഉപേക്ഷിച്ചു. അതുകൊണ്ടുകൂടിയാണ് താന്‍ അറിയപ്പെടുന്ന പ്രഭാഷകനായതെന്ന് മാഷ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം തൃശൂരില്‍ അഴീക്കോട് ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ പരിശീലന ശില്‍പ്പശാല ഉദ്ഘാടനപ്രസംഗത്തിലും അഴീക്കോട് ആദ്യപ്രസംഗം പാളിപ്പോയ അനുഭവം പങ്കുവച്ചു. പ്രസംഗവേദിയിലെ സിംഹഗര്‍ജനം നിലയ്ക്കുന്നത് പുതിയ തലമുറയ്ക്കും തീരാനഷ്ടം. പ്രസംഗിച്ചില്ലെങ്കില്‍ തന്റെ മരണത്തിനു സമാനമെന്ന് മുമ്പേപറഞ്ഞ അഴീക്കോട്, ഒരുപാട് പ്രസംഗങ്ങള്‍ ബാക്കിവച്ച് മരണത്തിന് കീഴടങ്ങുമ്പോള്‍ ഒരു യുഗം അവസാനിക്കുന്നു.

ദേശാഭിമാനി

അഴീക്കോട് മാഷും ഇടതുപക്ഷവും

അഴീക്കോട് മാഷും ഇടതുപക്ഷവും
പിണറായി വിജയന്‍

(ദേശാഭിമാനി)

Posted on: 24-Jan-2012 11:57 PM
അഴിക്കോട് മാഷിനെ കുറച്ചുദിവസംമുമ്പ്സന്ദര്‍ശിച്ചിരുന്നു. പരിക്ഷീണനായാണ് കാണപ്പെട്ടതെങ്കിലും ഇത്രവേഗം അദ്ദേഹത്തിന്റെ വിയോഗമുണ്ടാവുമെന്ന് അന്ന് കരുതിയില്ല. പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു മാഷിന്റേത്. അതുകൊണ്ടുതന്നെ ഈ വിയോഗം ജനാധിപത്യ-സാംസ്കാരിക കേരളത്തെ വല്ലാതെ ദരിദ്രമാക്കുന്നു. മാഷിന്റെ സ്നേഹവാത്സല്യങ്ങള്‍ എന്നും അനുഭവിക്കാനിടയായിട്ടുണ്ട്. ആ നിലയ്ക്ക് വ്യക്തിപരമായി ഈ നഷ്ടം കനത്തതാവുന്നു. പതിറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ ഇരുട്ടിനെതിരെ ഉയര്‍ന്നുനിന്ന പ്രകാശഗോപുരമായിരുന്നു മാഷ്. അത്തരമൊരു വ്യക്തിത്വത്തില്‍നിന്ന് പ്രസരിച്ച ധീരതയുടെ പ്രകാശം സമൂഹത്തിലാകെ തുടര്‍ന്നും നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാം. മാഷിന്റെ കൃതികളില്‍നിന്നും പ്രഭാഷണങ്ങളില്‍നിന്നും പ്രസരിച്ച വെളിച്ചം സമൂഹത്തിന് പാത കാണിച്ചുതരിക മാത്രമായിരുന്നില്ല, പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ഇരുട്ടിന്റെയും ജീര്‍ണതകളുടെയും ശക്തികളെ പൊളിച്ച് അകറ്റുകകൂടിയായിരുന്നു. ഈ രണ്ട് ധര്‍മങ്ങളും ഒരേസമയം അനുഷ്ഠിക്കുന്ന വ്യക്തികളും കൃതികളും നമുക്ക് അധികമില്ല. അതുകൊണ്ടാണ് മാഷിനും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അപൂര്‍വവും അനിതരസാധാരണവുമായ സവിശേഷ വ്യക്തിത്വമുണ്ട് എന്നു സമൂഹം കണ്ടെത്തുന്നത്. മാഷിന് ഇത്ര വലിയ തോതിലുള്ള സ്വീകാര്യതയുണ്ടായതിന്റെ കാരണവും ഈ വ്യക്തിത്വ സവിശേഷതതന്നെയാണ്. രാജ്യത്തെയും ജനങ്ങളെയും നീറ്റുന്ന അതിഗുരുതരമായ പ്രശ്നങ്ങളാണ് മാഷ് തന്റെ പംക്തികളില്‍ കൈകാര്യംചെയ്തത്. ദേശീയരാഷ്ട്രീയം, വിദേശരംഗം, സാമൂഹിക-സാംസ്കാരികരംഗം, രാഷ്ട്രത്തെ ഗ്രസിക്കുന്ന അഴിമതി തുടങ്ങിയവയൊക്കെ അദ്ദേഹം കൈകാര്യം ചെയ്തു. ദേശാഭിമാനിയില്‍ മാഷ് എഴുതിവന്ന പ്രതിവാരപംക്തി സമകാലിക സംഭവങ്ങളോടുള്ള മൂര്‍ച്ചയുള്ള പ്രതികരണത്തിന്റെ ദൃഷ്ടാന്തങ്ങളായി. വിമര്‍ശത്തിന്റെ മൂര്‍ച്ച, അപഗ്രഥനപാടവം, ഉള്‍ക്കാഴ്ച എന്നിവകൊണ്ട് ശ്രദ്ധേയമാംവിധം ഉയര്‍ന്നുനില്‍ക്കുന്ന ലേഖനങ്ങളായി ഓരോന്നും. ഏതു പ്രശ്നം കൈകാര്യം ചെയ്യുമ്പോഴും ആ പ്രശ്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അതുമായി ബന്ധപ്പെട്ട കൂടുതല്‍ പശ്ചാത്തലവിവരങ്ങള്‍ ചേര്‍ക്കുന്ന രീതിയുണ്ട് അദ്ദേഹത്തിന്. ആ വിവരങ്ങളാകട്ടെ ജീവിതാനുഭവങ്ങളില്‍നിന്നും സമ്പന്നമായ ചരിത്രവിജ്ഞാനത്തില്‍നിന്നും വിപുലമായ വായനയില്‍നിന്നും വരുന്നതാണ്. മറ്റു പലരുടെയും ലേഖനങ്ങളില്‍നിന്ന് കിട്ടാത്ത വെളിച്ചം ഈ ലേഖനങ്ങളില്‍നിന്ന് വായനക്കാരന് ലഭിച്ചതിനുള്ള കാരണം അതാണ്. നൊബേല്‍ സമ്മാനത്തെക്കുറിച്ച് എഴുതിയപ്പോള്‍ ആ സമ്മാനത്തിന്റെ തുടക്കത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അത് നല്‍കിയതിലെ രാഷ്ട്രീയവിവേചനത്തെക്കുറിച്ചുമെല്ലാം മാഷ് വിശദീകരിച്ചു. ദലൈലാമയ്ക്ക് നൊബേല്‍ സമ്മാനം കൊടുത്തതിനും ഗാന്ധിജിക്ക് അത് നിഷേധിച്ചതിനും പിന്നിലുള്ള രാഷ്ട്രീയമെന്ത് എന്നതു വായനക്കാരനെ ബോധ്യപ്പെടുത്തി. കശ്മീര്‍ താഴ്വര കലുഷമാകുന്നതിനെക്കുറിച്ച് എഴുതിയപ്പോള്‍ പണ്ട് ആ പ്രദേശത്തെ "സന്തോഷത്തിന്റെ താഴ്വര" എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്നതു മാഷ് ഓര്‍മിച്ചെടുത്തു. പഴയ കാലത്തെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ , കശ്മീരിന്റെ ഇന്നത്തെ അവസ്ഥയില്‍ ഏത് ഇന്ത്യാക്കാരനുമുള്ള ദുഃഖം തീവ്രതരമായി. ഇത് പ്രാഗത്ഭ്യമുള്ള എഴുത്തുകാര്‍ക്കു മാത്രം വഴങ്ങുന്ന രചനാതന്ത്രമാണ്. മാഷിനാകട്ടെ, ഇത് അനായാസം സാധ്യമായി. കേരളത്തില്‍ വന്ന് "അഴിമതി പാടില്ല" എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത് ഈ പ്രധാനമന്ത്രിയാണെന്നു തുറന്നടിച്ചു പറയാന്‍ നമ്മുടെ സാംസ്കാരികരംഗത്ത് അഴീക്കോട് മാഷേ ഉണ്ടായുള്ളൂ. "അഴിമതി പാടില്ലെന്ന്" എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ അഴിമതിക്കെതിരായ മാഷിന്റെ സിംഹഗര്‍ജനമാണ് മുഴങ്ങിയത്. ഇന്ന് ജുഡീഷ്യറിയെ ആരും ഒന്നും പറഞ്ഞുകൂടാ എന്ന സ്ഥിതിയുണ്ട്. വിമര്‍ശിച്ചാലതു കോടതിയലക്ഷ്യമാകും. വിമര്‍ശിച്ചയാളെ ജയിലിലടയ്ക്കും. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴും ന്യായാധിപന്മാര്‍ മനുഷ്യര്‍തന്നെയാണെന്നും അതുകൊണ്ട് അവര്‍ക്ക് തെറ്റുപറ്റാമെന്നും ജുഡീഷ്യറിയിലുള്ളവരെത്തന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട് മാഷ് "ന്യായവും ന്യായാധിപനും" എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ . ധീരമായ ഒരു ശ്രമം എന്നു ഈ ലേഖനത്തെ വിശേഷിപ്പിക്കട്ടെ. ജഡ്ജിമാര്‍ മറന്നുകൂടാത്ത സാമൂഹികധര്‍മങ്ങളെക്കുറിച്ച് മാഷ് ജുഡീഷ്യറിയെ ഓര്‍മിപ്പിച്ചു. സാധാരണ കാഴ്ചപ്പാടിലുള്ള നിയമപാലനം എന്ന കര്‍ത്തവ്യം എന്നതിനപ്പുറത്ത് രാഷ്ട്രം പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള വലിയ കടപ്പാടുകൂടിയുണ്ട് എന്നത് ജഡ്ജിമാരെ ഓര്‍മിപ്പിച്ചു. എം വി ജയരാജനെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജിമാര്‍ വിധിക്കുമുമ്പ് മാഷിന്റെ ഈ ലേഖനം വായിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയിട്ടുണ്ട്. ഈ ലേഖനം പകരുന്ന വെളിച്ചം കോടതിയുടെ മനസ്സില്‍ പടര്‍ന്നിരുന്നെങ്കില്‍ വിധി അങ്ങനെ ആവുമായിരുന്നില്ല എന്നതാണെന്റെ ഉറച്ച വിശ്വാസം. നവഭാരത നിര്‍മാണത്തിനായി അവസരങ്ങള്‍ ഉപയോഗിക്കണമെന്നാണല്ലോ മാഷ് ആ ലേഖനത്തില്‍ പറഞ്ഞത്. നവഭാരതസൃഷ്ടിയുണ്ടാവണമെങ്കില്‍ അഴിമതിഗ്രസ്തമായ ഇന്നത്തെ ഭരണവും അതിന്റെ ജനദ്രോഹ നടപടികളും തുറന്നുകാട്ടപ്പെടണം. അതിനാകട്ടെ പ്രതിഷേധ പ്രകടനത്തിനും പൊതുസമ്മേളനങ്ങള്‍ക്കും ഒക്കെയുള്ള അവകാശം നിലനില്‍ക്കണം. അത് നിലനിര്‍ത്തി നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ് ജയരാജന്‍ നടത്തിയത് എന്നതോര്‍ക്കണം. ജനാധിപത്യമെന്നതാകട്ടെ, നമ്മുടെ ഭരണഘടന ആമുഖത്തില്‍ ഉച്ചൈസ്ഥരം ഉല്‍ഘോഷിക്കുന്ന മൂല്യമാണ് താനും. നവസമൂഹത്തിലേക്കുള്ള പരിവര്‍ത്തനം എന്നതു പാഴ്വാക്കല്ല എന്നും അത് എത്രയുംവേഗം നടപ്പിലാക്കുവാന്‍ എല്ലാ അവസരങ്ങളും ന്യായാധിപന്മാര്‍ ഉപയോഗപ്പെടുത്തണമെന്നും മാഷ് ഉപദേശിച്ചു. നിലവിലുള്ള വ്യവസ്ഥിതി മാറ്റലാണ് നവഭാരതസൃഷ്ടിക്കുള്ള മാര്‍ഗം. വ്യവസ്ഥിതിക്കെതിരായ എല്ലാ പ്രതിഷേധമാര്‍ഗങ്ങളെയും അടച്ചുകളഞ്ഞാല്‍ നവഭാരതനിര്‍മാണം എങ്ങനെ നടക്കും? ന്യായാധിപന്മാരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു മാഷിന്റെ വാക്കുകള്‍ എന്നുമാത്രം പറയട്ടെ. സാമ്രാജ്യത്വത്തിനെതിരെ, വര്‍ഗീയതക്കെതിരെ, അഴിമതിക്കെതിരെ ഒക്കെ ചാട്ടുളിപോലെ ചെന്നുതറയ്ക്കുന്ന പ്രസംഗങ്ങളാണ് മാഷ് നടത്തിയത്. കേരളത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തുന്നതിന് മാഷിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ വലിയതോതില്‍ പ്രയോജനപ്പെട്ടു. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായി മാഷിന്റെ വാക്കുകള്‍ അംഗീകരിക്കപ്പെട്ടതും ആദരിക്കപ്പെട്ടതും. മാഷിന് അഭിപ്രായമില്ലാത്ത കാര്യമില്ല എന്ന് അദ്ദേഹത്തിന്റെ ചില വിമര്‍ശകര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ മനസിലാക്കേണ്ട പ്രധാനകാര്യം, മാഷ് ഏതുവിഷയത്തില്‍ എന്തു പറയുന്നു എന്നറിയാന്‍ മഹാഭൂരിപക്ഷവും കാതോര്‍ത്തിരിക്കുന്നുണ്ട് എന്നതാണ്. സ്വാര്‍ഥതാ സ്പര്‍ശമില്ലാത്തതും സത്യസന്ധത നിറഞ്ഞതുമായ അഭിപ്രായമേ മാഷ് പറയുമായിരുന്നുള്ളു എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആശയക്കുഴപ്പങ്ങളില്‍ തെളിച്ചം പടര്‍ത്താന്‍ ആ അഭിപ്രായം സഹായകമാവും എന്ന് അവര്‍ കരുതി. ഇത്തരത്തിലുള്ള ബോധം സമൂഹത്തിന് അധികമാളുകളെക്കുറിച്ച് ഉണ്ടെന്ന് പറയാനാവില്ല. അതുകൊണ്ടാണ്, അതറിയുന്നതുകൊണ്ടാണ് പ്രധാനപ്പെട്ട ഏതു സംഭവമുണ്ടാവുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടി മാഷിനു മുമ്പിലെത്തിയിരുന്നത്. അതേ മാധ്യമപ്രവര്‍ത്തകര്‍ മാഷിനെ വിമര്‍ശിക്കുന്നവര്‍ക്ക് സമീപം അഭിപ്രായം തേടി ചെല്ലാതിരുന്നത് ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാവാം; അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ആ വിമര്‍ശകരുടെ അഭിപ്രായം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാവാം. ഇതു മനസിലാക്കിയാല്‍ ഇക്കാര്യം മുന്‍നിര്‍ത്തി മാഷിനെതിരെ വന്നിരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിയും. ജനങ്ങള്‍ ആദരിക്കുന്ന തലത്തിലേക്ക് ഏതു വ്യക്തിത്വവും ഉയരുന്നത് ഏതെങ്കിലും മാജിക്കുകൊണ്ടല്ല. മറിച്ച് സുതാര്യവും സത്യസന്ധവുമായ ജീവിതത്തിന്റെ വിശുദ്ധികൊണ്ടാണ്. ആ ജീവിതവിശുദ്ധി എന്നും പരിപാലിച്ചുപോന്ന വ്യക്തിയാണ് മാഷ്. അത്തരമൊരു ജീവിത പശ്ചാത്തലമുള്ള വ്യക്തിക്കേ ഉയര്‍ന്ന ശിരസ്സുമായി നില്‍ക്കാനാവൂ; നിര്‍ഭയമായ മനസ്സുമായി സത്യങ്ങള്‍ തുറന്നുപറയാനുമാവൂ. ഒളിക്കാനുള്ളവര്‍ക്കേ ഭയക്കേണ്ടൂ. മാഷിന് ഒളിക്കാനൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഭയക്കാനും ഒന്നുമുണ്ടായില്ല. വ്യക്തിപരമായി നേട്ടങ്ങള്‍ ഉണ്ടാക്കണമെന്നുള്ളവര്‍ക്കേ എല്ലാവര്‍ക്കും പ്രിയങ്കരമാവുമോ എന്നുനോക്കി അഭിപ്രായം പറയേണ്ടതുള്ളു. മാഷിന് ഒരു സ്വാര്‍ഥലാഭവും ഇച്ഛിക്കാത്ത മനസ്സാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്ക് പ്രിയമാവും ആര്‍ക്ക് അപ്രിയമാവും എന്നുനോക്കി സ്വന്തം അഭിപ്രായത്തെ എഡിറ്റ് ചെയ്യേണ്ടിവന്നിട്ടില്ല. ഇതൊക്കെയാണ് മാഷിന്റെ തലയെടുപ്പിനും ധീരമായ അഭിപ്രായപ്രകടനത്തിനും അടിസ്ഥാനമായിരുന്നത്. ഇത്തരം ഉയര്‍ന്ന വ്യക്തിത്വങ്ങളുടെ എണ്ണം സമൂഹത്തില്‍ കുറഞ്ഞുവരികയാണ്. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് മാഷിന്റെ വിയോഗമുണ്ടാക്കുന്ന നഷ്ടം നാം കൂടുതല്‍ തിരിച്ചറിയുന്നത്. ധീരമായ നിലപാടുകള്‍ കൈക്കൊള്ളുന്നവര്‍ക്ക് ശത്രുക്കളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ , ശത്രുക്കളുടെ പ്രലോഭനങ്ങളില്‍ തളരുന്ന മനസ്സായിരുന്നില്ല മാഷിന്. മാഷിനെതിരെ പലവട്ടം ഭീഷണി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് ഒരു ഘട്ടത്തില്‍ , മാഷിന്റെ പ്രസംഗം തടയാനും അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും ചില വര്‍ഗീയശക്തികള്‍ തീരുമാനിച്ചു. ആ ഭീഷണി വിലപ്പോയോ? പുരോഗമന കേരളമാകെ മാഷിന്റെ മുമ്പില്‍ പ്രതിരോധനിരയായി നിന്നു. വര്‍ഗീയശക്തികള്‍ ഭീഷണി അവസാനിപ്പിച്ച് മാളത്തിലൊളിച്ചു. ഇത്തരം ഭീഷണികള്‍ക്കും ആക്ഷേപങ്ങള്‍ക്കും മുമ്പില്‍ പതറിയാല്‍ അതാഗ്രഹിക്കുന്ന ഇരുട്ടിന്റെ ശക്തികളാവും ജയിക്കുക. അതറിയാമായിരുന്ന മാഷ് എന്നും പൂര്‍വാധികം ശക്തിയോടെ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്നു പൊരുതി. കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായിരുന്നു മാഷ്. നമ്മുടെ സംസ്കാരിക രംഗത്തെ ഒറ്റയാന്‍പട്ടാളം എന്നുപറയാം. ഏതെങ്കിലും പാര്‍ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പിന്‍ബലമില്ലാതെ കേരളത്തിലെന്നല്ല, ലോകത്തുതന്നെ അധികമാളുകള്‍ നിത്യേന ഇത്രയേറെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ടാവില്ല. ഓരോ പ്രസംഗവേദിയിലും തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അതിനോട് യോജിക്കുന്നവരുണ്ടാവാം; വിയോജിക്കുന്നവരുണ്ടാവാം. ഒരിക്കല്‍ മലയാളത്തിലെ ഒരു മുഖ്യധാരാപത്രം മാഷിനെ തമസ്കരിക്കാന്‍ തീരുമാനിച്ചു. മാഷ് എത്ര പ്രാധാന്യമുള്ള പ്രസംഗം നടത്തിയാലും ആ പത്രം ഒരക്ഷരം കൊടുക്കില്ല. എത്ര വലിയ പുരസ്കാരം കിട്ടിയാലും പടം കൊടുക്കില്ല. പത്രത്തിന് സ്വീകാര്യമായ വിധത്തില്‍ മാഷ് തന്റെ അഭിപ്രായം മാറ്റാന്‍ നിന്നില്ല. ഒടുവില്‍ , മാഷിനെ തമസ്കരിച്ച് അധികം മുമ്പോട്ടുപോകാനാവില്ല എന്ന് തിരിച്ചറിഞ്ഞ് പത്രംതന്നെ നിലപാട് മാറ്റി. മുഖ്യധാരാ മാധ്യമങ്ങളെപ്പോലും അങ്ങനെ നേരിടാന്‍ സംശുദ്ധമായ ജീവിതമാണ് താന്‍ നയിക്കുന്നത് എന്ന ഉറപ്പുള്ളവര്‍ക്കേ കഴിയൂ. ആ ഉറപ്പു നല്‍കുന്ന ധീരതയെ കാലവും ലോകവും വൈകിയായാലും അംഗീകരിക്കുകതന്നെ ചെയ്തു. പല തലങ്ങളുള്ള വ്യക്തിത്വത്തിനുടമയാണ് മാഷ് എന്ന് നമുക്കറിയാം. സാഹിത്യ വിമര്‍ശകനാണ്, പണ്ഡിതനാണ്, ശ്രേഷ്ഠനായ അധ്യാപകനാണ്, പ്രഭാഷകനാണ്, ചിന്തകനാണ് അങ്ങനെ പലതുമാണ്. ആശാന്റെ സീതാകാവ്യവും തത്വമസിയുംപോലുള്ള വിശിഷ്ടഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍നിന്നു നമുക്ക് ലഭിച്ചു. അതാകട്ടെ, നമ്മുടെ വിമര്‍ശന സാഹിത്യത്തെ പുതിയ തലത്തിലേക്കുയര്‍ത്തി. പില്‍ക്കാലത്ത് മാഷ് സാഹിത്യവിമര്‍ശന രംഗത്ത് എന്നതിനേക്കാള്‍ സാമൂഹ്യ-സാംസ്കാരിക വിമര്‍ശന രംഗത്ത് കേന്ദ്രീകരിക്കുകയാണ് ചെയ്തത്. സാഹിത്യ വിമര്‍ശന രംഗത്തിന് ഇതുമൂലമുണ്ടായ നഷ്ടം സാമൂഹ്യ-സാംസ്കാരിക വിമര്‍ശനരംഗത്തിനുള്ള നേട്ടമായി. ഗാന്ധിയനായ മാഷ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞവരുണ്ട്. മാഷ് എന്നും ഗാന്ധിയനായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളിലുള്ള വിശ്വാസവും കോണ്‍ഗ്രസിലെ അംഗത്വവും ഒരുമിച്ചുകൊണ്ടുപോവുക അസാധ്യമാണെന്ന് വന്നപ്പോള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയല്ല, മറിച്ച് കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഗാന്ധിയര്‍ ആദര്‍ശങ്ങളിലുറച്ചു നില്‍ക്കുകയാണ് മാഷ് ചെയ്തത്. മാഷ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിനെ വിമര്‍ശിച്ചവരുമുണ്ട്. ഈ സഹകരണത്തില്‍ അസ്വാഭാവികമായി ഒന്നുമുള്ളതായി തോന്നിയിട്ടില്ല. അത് യഥാര്‍ഥ ഗാന്ധിയന്‍ ചിന്തകളില്‍നിന്നുള്ള വളര്‍ച്ചതന്നെയാണ്. ഗാന്ധിജി ദരിദ്രനാരായണന്മാരെക്കുറിച്ച് പറഞ്ഞു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസല്ല; ഇടതുപക്ഷമാണ്. സ്വാതന്ത്ര്യം, രാജ്യത്തിന്റെ പരമാധികാരം തുടങ്ങിയ ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ പരിരക്ഷയ്ക്കായി നിലപാടെടുത്തത് കോണ്‍ഗ്രസല്ല, ഇടതുപക്ഷമാണ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ലാളിത്യം, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ കോണ്‍ഗ്രസിലല്ല, ഇടതുപക്ഷത്താണ്. ഗാന്ധിജിയെ മറന്ന കോണ്‍ഗ്രസ്, 2ജി സ്പെക്ട്രംപോലുള്ള കുംഭകോണങ്ങള്‍ക്കുള്ള അവസരമായി രാഷ്ട്രീയത്തെ കണ്ടപ്പോള്‍ സാമൂഹ്യ-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടമായി ഇടതുപക്ഷം രാഷ്ട്രീയത്തെ കണ്ടു. മാഷിനെപ്പോലുള്ള ഒരാള്‍ ആരുടെ കൂടെ നില്‍ക്കും? കുംഭകോണക്കാര്‍ക്കൊപ്പമോ, അതോ അത് തുറന്നുകാട്ടി പോരാടുന്ന ഇടതുപക്ഷത്തിനൊപ്പമോ? മാറിയത് മാഷല്ല, കോണ്‍ഗ്രസാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാവും. മാഷ് ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ഗാന്ധിയന്‍മൂല്യങ്ങളെക്കുറിച്ച് പ്രസംഗിച്ചു. അത് കോണ്‍ഗ്രസുകാരില്‍ അസഹിഷ്ണുതയുളവാക്കുന്നുവെങ്കില്‍ തെറ്റുപറ്റിയത് കോണ്‍ഗ്രസിനല്ലേ? മാഷിനുവേണമെങ്കില്‍ ഒരു ദന്തഗോപുരത്തിനുള്ളില്‍ സാഹിത്യംമാത്രം എഴുതിക്കൊണ്ടിരിക്കാമായിരുന്നു. എന്നാല്‍ , സമൂഹത്തെക്കുറിച്ച് കരുതലുള്ള ഒരാള്‍ക്കും സ്വകാര്യതയിലേക്ക് ഒതുങ്ങിക്കൂടാനാവില്ലാത്ത വിധത്തിലുള്ളതാണ് ഇന്ത്യന്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ . അതുകൊണ്ടുതന്നെയാവണം പ്രൗഢോജ്വലങ്ങളായ പ്രസംഗങ്ങളുമായി ജനങ്ങളെ ഉണര്‍ത്താന്‍ മാഷ് സമൂഹമധ്യത്തിലേക്കിറങ്ങിയത്; മൂര്‍ച്ചയുള്ള ലേഖനങ്ങളിലൂടെ അനീതിക്കെതിരെ പൊരുതിക്കൊണ്ടിരുന്നത്. മാഷ് എക്കാലവും സ്വന്തമായി അഭിപ്രായമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ ചിലതിനോടു ഞങ്ങള്‍ യോജിച്ചിട്ടുണ്ട്. ചിലതിനോട് വിയോജിച്ചു. എന്നാല്‍ , അദ്ദേഹത്തിന്റെ മഹത്വത്തെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും ഒരിക്കലും ആ വിയോജനം തടസ്സമായില്ല. അദ്ദേഹത്തിന് വിയോജനാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തെക്കൂടി പരിരക്ഷിച്ചുകൊണ്ടേ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്താനാവൂ എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"
Posted on: 24-Jan-2012 11:56 PM
"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല. ചെറുപ്പംതൊട്ടേ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് കാരണവരും ഗാന്ധിയനുമായ പാമ്പന്‍ മാധവനുമായുള്ള ദീര്‍ഘകാല സൗഹൃദം അഴീക്കോടിന്റെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായി. പാമ്പന്റെ വിശാലമായ ഗ്രന്ഥസമുച്ചയം അഴീക്കോടിന്റെ വൈജ്ഞാനിക ജീവിതത്തിലും നാഴികക്കല്ലായി. അക്കാലത്ത് കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും കോണ്‍ഗ്രസ് യോഗങ്ങളിലെയും സ്റ്റഡിക്ലാസുകളിലെയും സ്ഥിരം പ്രാസംഗികരായിരുന്നു പാമ്പനും അഴീക്കോടും. സ്വാതന്ത്യലബ്ധിയെ തുടര്‍ന്ന് സ്വാതന്ത്യത്തിന്റെ മഹത്വത്തെയും ഗാന്ധിസത്തെയും കുറിച്ച് അഴീക്കോട് വ്യാപകമായി സ്റ്റഡി ക്ലാസുകളെടുത്തു. 1961ല്‍ കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അംഗമായി. കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരിക്കെ, 1962 ജനുവരിയിലെ പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പ്രശസ്ത സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ അഴീക്കോട് തോറ്റു. 1969ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് ഉറ്റ സുഹൃത്ത് പാമ്പന്‍ ഇന്ദിരാഗാന്ധിപക്ഷത്തും അഴീക്കോട് സംഘടനാപക്ഷത്തുമായി. പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനംനൊന്താണ് അഴീക്കോട് ആ സംഘടനയില്‍നിന്ന് വിട ചൊല്ലിയത്. "സജീവകക്ഷിരാഷ്ട്രീയത്തില്‍ നിന്നകന്ന അഴീക്കോട് 1983 ല്‍ അക്രമരഹിത സാംസ്കാരികവേദിയുടെ അധ്യക്ഷനായി. അടുത്തവര്‍ഷം ഈ സംഘടന അഴീക്കോടിന്റെ നേതൃത്വത്തില്‍ നവഭാരതവേദിയായി. കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനുശേഷം ഈ സംഘടനയും നിര്‍ജീവമായി. വഴിപിഴച്ച കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായി തുടര്‍ന്ന അഴീക്കോട് ഇടതുപക്ഷവേദികളില്‍ സജീവസാന്നിധ്യമായി. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളും അഴീക്കോടിനെ ഭയപ്പാടോടെയാണ് കണ്ടത്. മുഖംനോക്കാതെ ആഞ്ഞടിക്കുന്ന ആ വിമര്‍ശശരങ്ങള്‍ക്കു മുന്നില്‍ എല്ലാവിധ കോണ്‍ഗ്രസ് ജാഡകളും തകര്‍ന്നടിഞ്ഞു. വ്യക്തിപരമായി അടുപ്പമുള്ള എ കെ ആന്റണിയെ പോലും രോഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അനുഭവമുണ്ട് അഴീക്കോടിന്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് ഇന്ത്യയുടെ എല്ലാ പ്രതാപവും അസ്തമിക്കുമെന്നും ഇന്ത്യയെ അമേരിക്കയ്ക്ക് വില്‍ക്കുമെന്നും പ്രവചിച്ച അഴീക്കോട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും സദാ വിമര്‍ശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും നിസ്സംഗത തുറന്നുകാട്ടി. ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് തീര്‍ത്ത മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ മനുഷ്യമതിലില്‍ കണ്ണിയാകാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയിലായത്.

സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ സ്വാതന്ത്ര്യപ്രേമി

സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ സ്വാതന്ത്ര്യപ്രേമി

(ദേശാഭിമാനി)
Posted on: 24-Jan-2012 11:54 PM
ഒരു രാജിക്കത്ത് എപ്പോഴും പോക്കറ്റിലിട്ട് നടന്ന സ്വാതന്ത്ര്യപ്രേമി. തിരിഞ്ഞുനോട്ടത്തിനുപോലും ഇടകൊടുക്കാതെ സ്ഥാനമാനങ്ങളും പുരസ്കാരങ്ങളുമൊക്കെ പുല്ലുപോലെ വലിച്ചെറിയാനുള്ള ഋഷിതുല്യമായ മനസ്സിന്റെ ഉടമ. അതായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. വിലപിടിച്ചതൊക്കെ ത്യജിക്കാനുള്ള മനസ്സ്. എഴുത്തും പ്രഭാഷണവും അധ്യാപനവും വിവാദങ്ങളുമൊക്കെ തിരകളായി അലയടിച്ച ജീവിതക്കടലില്‍ എതിര്‍പ്പിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും വേലിയേറ്റങ്ങളില്‍ കൈവിട്ടുകളഞ്ഞവ പലതാണ്. പത്മ ബഹുമതിയും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ഗവര്‍ണര്‍ പദവിയുമെല്ലാം അതില്‍വരും. യൗവനാരംഭത്തില്‍ തുടങ്ങിയതാണ് ഈ പരിത്യാഗപ്രിയം. ബികോം ബിരുദധാരിയായ അഴീക്കോട് ആദ്യം വേണ്ടെന്നു വച്ചത് കണ്ണൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ജോലിയാണ്. പിന്നീട് ഡല്‍ഹിയില്‍ സെക്രട്ടറിയറ്റില്‍ ജോലി തരപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ദില്ലിയില്‍നിന്ന് വാര്‍ധയിലേക്ക് യാത്രയായി. ബാങ്ക് ജോലിയുപേക്ഷിച്ചത് സാഹിത്യത്തോടുള്ള അനുരാഗം മൂലമാണെങ്കില്‍ രണ്ടാമത്തേത് ഉദ്യോഗത്തേക്കാള്‍ , പണത്തേക്കാള്‍ , സ്ഥാനത്തേക്കാള്‍ വലിയ മനശ്ശാന്തി നല്‍കുന്ന ഗുരുവിനെ കാണാനുള്ള ആഗ്രഹംകൊണ്ടായിരുന്നു. ഗാന്ധിജി എന്ന ഗുരുനാഥനെ കാണാന്‍ . എ കെ നായരുടെ ഉടമസ്ഥതയില്‍ കണ്ണൂരില്‍നിന്നു പുറത്തിറങ്ങിയ "ദേശമിത്രം" വാരികയുടെ പത്രാധിപസ്ഥാനം രാജിവച്ചതാണ് മറ്റൊരു സംഭവം. താനറിയാതെ ദേശമിത്രത്തില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിക്കുന്ന ലേഖനം അച്ചടിച്ചുവന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പത്രാധിപസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് പ്രകോപനമായത്. പിന്നീട് "ദിനപ്രഭ" എന്ന പത്രത്തിന്റെ പത്രാധിപരായി. തന്നോടു ചോദിക്കാതെ ഡല്‍ഹി ബ്യൂറോയില്‍ പുതിയൊരു ലേഖകനെ പത്രമുടമയും ബന്ധുവുമായ വ്യവസായി നേരിട്ടു നിയമിച്ചതില്‍ കോപിച്ച് ഇറങ്ങിപ്പോന്നു. വി എം നായര്‍ മാതൃഭൂമി പത്രാധിപരായിരുന്നപ്പോള്‍ അഴീക്കോട് "സാഹിത്യ സപര്യ" എന്ന കോളമെഴുതിയിരുന്നു. തളി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കെ കേളപ്പന്റെ നിലപാടുകളെ അനുകൂലിച്ച് അഴീക്കോട് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കണമോ എന്ന് വി എം നായര്‍ സംശയിച്ചതോടെ ആ കോളമെഴുത്തും നിന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ പ്രോ വൈസ്ചാന്‍സലര്‍ പദവിയില്‍നിന്ന് വിട്ടുപോന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ മറ്റൊരുദാഹരണം. വൈസ്ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രാജിവയ്ക്കാനൊരുങ്ങിയെങ്കിലും കെ പി കേശവമേനോന്റെ അനുനയത്തിനു വഴങ്ങിയ അഴീക്കോട് പ്രോ വിസി കലാവധി പൂര്‍ത്തിയാക്കും മുമ്പ് പുറത്താക്കപ്പെട്ടു. ലോകമലയാള സമ്മേളനത്തില്‍ വച്ച് അന്നത്തെ ഭരണാധികാരികളുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു പ്രസംഗിച്ച് ഡല്‍ഹിയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കേട്ടത് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത. സാഹിത്യരംഗത്ത് ഏറെ വിവാദമായ പുരസ്കാര നിരാസത്തിലെ പ്രതിയായി കുറെക്കാലം. 1992ലായിരുന്നു ഇത്. കേരള സാഹിത്യ അക്കാദമി മികച്ച നോവലിനുള്ള പുരസ്കാരം എം പി നാരായണപിള്ളയുടെ "പരിണാമ"ത്തിനു പ്രഖ്യാപിച്ചു. അവാര്‍ഡ് വേണ്ടെന്ന് നാരായണപിള്ളയും. അക്കാദമിയാകട്ടെ നാരായണപിള്ളയ്ക്കുള്ള അവാര്‍ഡ് പിന്‍വലിച്ചു. അക്കാദമിയുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം വിശിഷ്ടാംഗത്വവും തനിക്ക് ലഭിച്ച അക്കാദമി അവാര്‍ഡുകളും തിരികെക്കൊടുത്തു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ആറുവര്‍ഷത്തോളം വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് എം ടി അക്കാദമി പ്രസിഡന്റായിരിക്കുമ്പോഴാണ് അഴീക്കോടിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നതും വിശിഷ്ടാംഗത്വം അദ്ദേഹം തിരികെ വാങ്ങിയതും. എന്നാല്‍ , അവാര്‍ഡു തുക തിരികെ വാങ്ങാന്‍ തയ്യാറായില്ല. ആ തുക അവശസാഹിത്യകാരന്മാര്‍ക്ക് നല്‍കാനാണ് അദ്ദേഹം പറഞ്ഞത്. മുമ്പും അക്കാദമി നിര്‍വാഹകസമിതി അംഗത്വം അദ്ദേഹം രാജിവച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ അക്കാദമിയുടെ ചെലവില്‍ ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്നതും മറ്റും ഇഷ്ടപ്പെടാതെയായിരുന്നു ഒരു തവണത്തെ രാജി. തകഴി പ്രസിഡന്റായിരിക്കേ സ്വന്തം ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍വാഹക സമിതിയോഗം നീട്ടിവയ്ക്കുന്നതില്‍ പ്രതിഷേധിച്ചും രാജിവച്ചു. പിന്നീടൊരിക്കല്‍ യു ആര്‍ അനന്തമൂര്‍ത്തിക്കുവേണ്ടി നിരുപാധികം അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറി. വി പി സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരിക്കല്‍ മന്ത്രി കെ പി ഉണ്ണിക്കൃഷ്ണന്‍ അഴീക്കോടിനെ സമീപിച്ചു, ഗവര്‍ണറാകാന്‍ സമ്മതിക്കണമെന്ന ആവശ്യവുമായി. സ്നേഹപൂര്‍വം അതും നിരസിച്ചു. പത്മശ്രീ പുരസ്കാരം നിരസിച്ചതാണ് ഈ നിരയിലെ മറ്റൊരു വിവാദസംഭവം. 2007ല്‍ അഴീക്കോടിന് പത്മശ്രീ ബഹുമതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഈ വലിയ ബഹുമതി അദ്ദേഹം നിഷ്കരുണം തള്ളിക്കളഞ്ഞു. ഈ ബഹുമതി ഭരണഘടനാവിരുദ്ധമെന്നായിരുന്നു ന്യായം. "ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന കിട്ടണമെന്നാണ്. എന്നാല്‍ , ഇത്തരം ബഹുമതികളിലൂടെ ഭരണകൂടം പൗരനെ വേറിട്ടുകാണുകയാണ്. ഇത്തരം വിവേചനങ്ങളെ തുറന്നുകാട്ടാനുള്ള അവസരമാണ് പത്മ ബഹുമതിയുടെ നിരാസം" എന്നായിരുന്നു അഴീക്കോടിന്റെ വാദം. ആശയ സ്ഥിരതയുടെയും ആശയസംരക്ഷണത്തിന്റെയും ലക്ഷണമാണ് തന്റെയീ രാജിയും ത്യജിക്കലുമെന്നും അദ്ദേഹം വാദിച്ചു.

നിര്‍ഭയമായ മനസ്സ്; സമുന്നതമായ ശിരസ്സ്

നിര്‍ഭയമായ മനസ്സ്; സമുന്നതമായ ശിരസ്സ്
Posted on: 24-Jan-2012 11:52 PM
ദേശാഭിമാനി മുഖപ്രസംഗം

കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിയുടെ ശബ്ദമായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. സാമൂഹിക അനീതികള്‍ക്കും രാഷ്ട്രീയ ദുഷിപ്പുകള്‍ക്കും സാംസ്കാരികജീര്‍ണതകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ പടയോട്ടമായിരുന്നു അദ്ദേഹത്തിന്റെ കര്‍മനിരതമായ ജീവിതം. നഷ്ടപ്പെട്ട, വിലപ്പെട്ട മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചും വര്‍ധിച്ചുവരുന്ന ഉച്ചനീചത്വങ്ങളെക്കുറിച്ച് നാടിനെ ജാഗ്രതപ്പെടുത്തിയും കേരളത്തിലങ്ങോളമിങ്ങോളം നിത്യേനയെന്നോണം മുഴങ്ങിക്കേട്ട ആ പ്രബുദ്ധതയുടെ സിംഹഗര്‍ജനം ഇനിയില്ല. എന്നാല്‍ , സമൂഹത്തിന്റെ മനസ്സില്‍ അതുണ്ടാക്കിയ പ്രതിധ്വനി ഇനിയുമെത്രയോ കാലം അടങ്ങാതെ മുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പലവിധത്തിലുള്ള അന്ധകാരം നമ്മെ ചൂഴ്ന്നുകൊണ്ടിരിക്കുന്ന ചരിത്രഘട്ടത്തിലാണ്, ഡോ. സുകുമാര്‍ അഴീക്കോട് മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള അണയാത്ത കൈത്തിരികള്‍ നമ്മുടെ സമൂഹത്തില്‍ കൊളുത്തിവച്ചത്.

സാമ്രാജ്യത്വവിരുദ്ധമായ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടിയ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ പൈതൃകത്തില്‍നിന്നുള്ള ഊര്‍ജകണങ്ങളാണ് അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചത്. അതുകൊണ്ടുതന്നെ ദേശീയസ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങള്‍ ശിഥിലമാകുന്ന ഒരുകാലത്ത് വ്യവസ്ഥിതിയുടെ അധികാരഗോപുരങ്ങളില്‍ അത് സാഗരഗര്‍ജനംപോലെ പ്രതിധ്വനിച്ചു. ഭരണാധികാരത്തിന്റെ ഇടനാഴികളില്‍ പടര്‍ന്ന ഭോഗലാലസതകളെ അത് ഞെട്ടിച്ചു. സ്വാര്‍ഥമോഹികളായ അധികാരിവൃന്ദം ആ വാക്കുകളുടെ ജ്വാലയെ അഗ്നിയെപ്പോലെ ഭയന്നുനിന്നു. വലിയ ഒരു തിരുത്തല്‍ശക്തിയായിരുന്നു അഴീക്കോട് മാഷ്. രാഷ്ട്രത്തിന്റെ ഭരണഘടന അതിന്റെ പ്രിയാംബിളിലൂടെതന്നെ പ്രഖ്യാപിച്ച സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നീ അടിസ്ഥാനമൂല്യങ്ങളെ സങ്കുചിത രാഷ്ട്രീയദുഷ്ടലാക്കോടെ അപകടപ്പെടുത്തുന്ന ഭരണാധികാരത്തിന്റെ പുത്തന്‍കൂറ്റുകാരെ ആ വാക്കുകള്‍ വിറളിപിടിപ്പിച്ചിട്ടുണ്ട്. നാടിനെയും ജനതയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ത്യാഗധനരായ ദേശാഭിമാനികളെ അത് ഊര്‍ജ്വസ്വലമാംവിധം പ്രചോദിപ്പിച്ചിട്ടുണ്ട്. അകര്‍മണ്യതയിലേക്ക് വഴുതിവീഴുകയായിരുന്ന പുതുതലമുറയിലെ വലിയൊരു വിഭാഗത്തെ കര്‍മധീരതയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കും സുഷുപ്തിയില്‍നിന്ന് ജാഗ്രതയിലേക്കും നാടിനെ നയിക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചുപോരുന്ന പുരോഗമനശക്തികള്‍ക്ക് ആവേശവും കരുത്തും പകര്‍ന്നുകൊടുത്തിട്ടുണ്ട്. ഗാന്ധിയനായിരുന്ന അഴീക്കോട് മാഷ് ജീവിതാന്ത്യംവരെ ഗാന്ധിയനായിത്തന്നെ തുടര്‍ന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും സ്വാശ്രയത്തിലും മതനിരപേക്ഷതാസങ്കല്‍പ്പത്തിലും സോഷ്യലിസ്റ്റ് ആഭിമുഖ്യങ്ങളിലും തുടരെ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട്, "ഗാന്ധിയന്‍" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണാധികാരികള്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നത് കണ്ട് ഹൃദയം പൊള്ളിയ അദ്ദേഹം, യഥാര്‍ഥ ഗാന്ധിയന്‍ മൂല്യങ്ങളും നിലപാടുകളും എന്തെന്ന് വ്യക്തമാക്കി നാട്ടിലുടനീളം പ്രഭാഷണപരമ്പരകള്‍ നടത്തി ജനങ്ങളെ ഉണര്‍ത്തി. ആ പ്രക്രിയക്കിടയില്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: "കോണ്‍ഗ്രസുകാരനായി മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം; പക്ഷേ, എനിക്കുമുമ്പേതന്നെ കോണ്‍ഗ്രസ് മരിച്ചു." കോണ്‍ഗ്രസ് രാഷ്ട്രീയം എങ്ങനെ ജനവിരുദ്ധവും രാജ്യവിരുദ്ധവുമായി എന്നുള്ളതിന്റെ കൃത്യമായ വിലയിരുത്തല്‍ ആ പരാമര്‍ശത്തിലുണ്ട്. കോണ്‍ഗ്രസ് എങ്ങനെ അതിന്റെ സാമ്രാജ്യത്വവിരുദ്ധ ദേശീയപൈതൃകത്തില്‍നിന്ന് വിപരീതദിശയിലേക്ക് അകന്നുപോയി എന്നതിന്റെ കൃത്യമായ വിമര്‍ശവും അതിലുണ്ട്. അതിലടങ്ങിയിട്ടുള്ള മാറ്റം അദ്ദേഹത്തിന്റെ കര്‍മരംഗത്തും പ്രതിഫലിച്ചു. നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കമ്യൂണിസ്റ്റുകാരില്‍നിന്നാണ് ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞ അഴീക്കോട് മാഷ്, തന്റെ ആദ്യകാല കമ്യൂണിസ്റ്റ് വിരുദ്ധത പാടെ കുടഞ്ഞെറിഞ്ഞുകൊണ്ടും അതേസമയം, ഗാന്ധിയനായി തുടര്‍ന്നുകൊണ്ടും കമ്യൂണിസ്റ്റുകാരുമായി സഹകരിച്ചു. "മാറിയത് ഞാനല്ല കോണ്‍ഗ്രസാണ്" എന്ന ഒറ്റവാചകംകൊണ്ട് സ്വാഭാവികമായ ഈ പരിണതിയെ അഴീക്കോട് മാഷ് വിശദീകരിക്കുകയായിരുന്നു. കേരളം എന്നും ആ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിരുന്നു. അഴീക്കോട് മാഷ് പറയുന്നതില്‍ ശരിയുണ്ടാകുമെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. സ്വാര്‍ഥതാസ്പര്‍ശം അദ്ദേഹത്തിന്റെ നിലപാടുകളില്‍ അശേഷമുണ്ടാകില്ലെന്ന് ബോധ്യമുള്ളതുകൊണ്ടായിരുന്നു ഇത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാമൂഹിക- രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കും എന്നും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിപുലമായ സ്വീകാര്യത ലഭിച്ചു. വര്‍ഗീയതയുടെ ഛിദ്രശക്തികള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം എന്നും രാഷ്ട്ര ഐക്യത്തിന്റെയും ജനതയുടെ ഒരുമയുടെയും സന്ദേശം പ്രചരിപ്പിച്ചു. അതില്‍ അസഹിഷ്ണുതപൂണ്ട വിധ്വംസകശക്തികളില്‍നിന്ന് വധഭീഷണിപോലും നേരിടേണ്ടി വന്നു. എന്നാല്‍ , സ്വന്തം നിലപാടുകളില്‍ ധൈര്യത്തിനും സ്ഥൈര്യത്തിനും ജീവനേക്കാള്‍ വിലകല്‍പ്പിച്ച അഴീക്കോട് മാഷ് ഒരിക്കലും തന്റെ വിശ്വാസപ്രമാണങ്ങളില്‍നിന്ന് എള്ളിട വ്യതിചലിച്ചില്ല; കൂടുതല്‍ ശക്തിയോടെ അതില്‍ ഉറച്ചുനിന്നു. കേരളം അദ്ദേഹത്തിന് പ്രതിരോധനിരയും തീര്‍ത്തു. അധികാരസ്ഥാനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. വൈസ് ചാന്‍സലര്‍സ്ഥാനംതൊട്ട് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റുസ്ഥാനംവരെ എത്രയോ അധികാരക്കസേരകള്‍ അദ്ദേഹം പൂര്‍ണമനസ്സോടെ ത്യജിച്ചു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എഴുത്തുകാരന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍വേണ്ടി തിരികെ ഏല്‍പ്പിച്ചു. വാഗ്ഭടാനന്ദന്റെ ശിഷ്യനായിരുന്ന അഴീക്കോട് മാഷ് വാക്കിന്റെ ഭടനായിരുന്നു ജീവിതത്തിലുടനീളം. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മതസ്ഥാപനത്തിന്റെയോ ഭാഗമായി നിന്നുകൊണ്ടല്ലാതെ ജനങ്ങളെ ഇത്രയേറെ തവണ അഭിസംബോധനചെയ്ത മറ്റൊരു പ്രാസംഗികന്‍ കേരളത്തിന്റെ ചരിത്രത്തിലില്ല. കനല്‍ച്ചീളുകള്‍പോലെ ചിതറിത്തെറിക്കുന്ന വാക്കുകള്‍കൊണ്ട് സ്ഥാപിതതാല്‍പ്പര്യങ്ങളുടെ ദന്തഗോപുരങ്ങള്‍ അദ്ദേഹം തകര്‍ത്തെറിഞ്ഞു. വാഗ്ധോരണികൊണ്ടും ആശയഗരിമകൊണ്ടും ശ്രദ്ധേയമായ പ്രൗഢോജ്വലങ്ങളായ പ്രഭാഷണങ്ങളായി അവ ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. "മഹാത്മാവിന്റെ മാര്‍ഗം" എന്ന ഗ്രന്ഥവുമായാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. ഗാന്ധിയന്‍ചിന്തകളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനഗ്രന്ഥമായി അത് വിലയിരുത്തപ്പെടുന്നു. "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയിലൂടെ ഖണ്ഡനവിമര്‍ശത്തിന്റെ ഗിരിശൃംഗങ്ങള്‍ അളന്നുകുറിച്ച അദ്ദേഹം ആ കൃതിയിലൂടെതന്നെ മലയാളസാഹിത്യത്തിലെ സമുന്നത നിരൂപകവ്യക്തിത്വമായി വിലയിരുത്തപ്പെട്ടു. മാരാരുടെയും മുണ്ടശ്ശേരിയുടെയും കേസരിയുടെയും പ്രതാപകാലത്ത് മറ്റൊരു നിരൂപകന് സ്വന്തം ഇടം സ്ഥാപിച്ചെടുക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ , മൗലികചിന്തയുടെ തെളിവെളിച്ചംകൊണ്ട് അഴീക്കോട് മാഷ് അത് നിഷ്പ്രയാസം സാധിച്ചു. സര്‍ഗാത്മകനിരൂപണത്തിന്റെ പുതുചക്രവാളങ്ങള്‍ കണ്ടെത്തിയ "ആശാന്റെ സീതാകാവ്യം" അടക്കം മലയാളത്തില്‍ മറക്കാനാകാത്ത എത്രയോ ഉല്‍കൃഷ്ഠ നിരൂപണകൃതികള്‍!

അഴീക്കോട് മാഷിന്റെ മാസ്റ്റര്‍പീസ് "തത്വമസി"തന്നെയാണ്. ഉപനിഷദ്സന്ദേശസാരം സാധാരണക്കാരന് ആസ്വാദ്യമാംവിധം ആ കൃതിയില്‍ അദ്ദേഹം പകര്‍ന്നുവച്ചു. ആദിശങ്കരന്‍മുതല്‍ മാക്സ് മുള്ളര്‍വരെയുള്ളവരുടെ ഭാഷ്യങ്ങള്‍ അദ്ദേഹം അപഗ്രഥനവിധേയമാക്കി. ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ സമാനതയില്ലാത്ത കൃതിയായി "തത്വമസി" ഉയര്‍ന്നുനില്‍ക്കുന്നു. ദേശാഭിമാനിക്ക് അഴീക്കോടുമായുള്ള ആത്മബന്ധം നന്ദിപൂര്‍വം എടുത്തുപറയേണ്ടതുണ്ട്. മറ്റൊരു പത്രത്തിലും ഇത്ര നീണ്ടകാലം മാഷ് തുടര്‍ച്ചയായി പംക്തി കൈകാര്യം ചെയ്തിട്ടില്ല. എന്നും ദേശാഭിമാനിയോടും അത് പ്രതിനിധാനംചെയ്യുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തോടും അദ്ദേഹം സ്നേഹവായ്പോടെ ഗാഢമായ ആത്മബന്ധം പുലര്‍ത്തി. ആ സ്മരണയ്ക്കുമുന്നില്‍ ദേശാഭിമാനി ആദരവോടെ സ്നേഹാഞ്ജലി അര്‍പ്പിക്കുന്നു.

മടക്കം പിറന്ന മണ്ണിലേക്ക്

മടക്കം പിറന്ന മണ്ണിലേക്ക്

ദേശാഭിമാനി, Posted on: 25-Jan-2012 10:03 AM

കണ്ണൂര്‍ : അഴീക്കോടിന് കണ്ണൂര്‍ പയ്യാമ്പലത്ത് അന്ത്യവിശ്രമം. സാമൂഹ്യമാറ്റത്തിന് സന്ധിയില്ലാതെ പൊരുതിയവരുടെ സ്മൃതികള്‍ ഇരമ്പുന്ന സാഗരതീരത്ത് മലയാളികള്‍ കാതോര്‍ത്ത ആ സിംഹഗര്‍ജനവും നിദ്രകൊള്ളും.

മുരിക്കഞ്ചേരി കേളുമുതല്‍ നാടിനുവേണ്ടി സുധീരം പോരാടിയവരുടെ ഓര്‍മകള്‍ അലയടിക്കുന്ന ചരിത്രഭൂമിയാണ് പയ്യാമ്പലം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും എന്‍ സി ശേഖറും കെ പി ഗോപാലനും അഴീക്കോടന്‍ രാഘവനും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും സി കണ്ണനും പാമ്പന്‍ മാധവനുമടക്കമുള്ള മഹാരഥന്മാര്‍ അലിഞ്ഞുചേര്‍ന്ന മണ്ണ്. പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ സ്മൃതിമണ്ഡപവും ഇവിടെയുണ്ട്. സുകുമാര്‍ അഴീക്കോടിന് കണ്ണൂര്‍ ജന്മനാട് മാത്രമല്ല; ആ സര്‍ഗാത്മക ജീവിതത്തിന് ദിശാബോധം പകര്‍ന്നതും ഈ നാടാണ്. സ്വാമി വാഗ്ഭടാനന്ദന്റെ ചിന്തകള്‍ അഴീക്കോടിന്റെ മനസിലേക്ക് ആഴത്തില്‍ തറയ്ക്കുന്നതും ഉള്ളില്‍ നവോത്ഥാനത്തിന്റെ തീപടരുന്നതും ഇവിടെവച്ച്. ഈ മണ്ണിലേക്കുതന്നെ മടങ്ങിവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു.

കോഴിക്കോട്ടുനിന്ന് രാത്രി വൈകിയെത്തിച്ച മൃതദേഹം കണ്ണൂര്‍ മഹാത്മാ മന്ദരിത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കയാണ്. അഴീക്കോട് ഏറെ വൈകാരിക അടുപ്പം കാത്തുസൂക്ഷിച്ച മന്ദിരമാണിത്. അദ്ദേഹമടക്കമുള്ള ഒരുസംഘം ഗാന്ധിയന്മാരുടെ നേതൃത്വത്തിലാണ് നഗരമധ്യത്തില്‍ ഈ മന്ദിരം സ്ഥാപിച്ചത്. ഒടുവിലായി അഴീക്കോട് പങ്കെടുത്തതും പങ്കെടുക്കാനാവാതിരുന്നതും മഹാത്മാമന്ദിരത്തിലെ പരിപാടിയിലായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമുതല്‍ മൃതദേഹം ടൗണ്‍സ്ക്വയറിലേക്ക് മാറ്റും. സംസ്കാരച്ചടങ്ങുകള്‍ക്കുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എന്‍ ടി മാത്യു പറഞ്ഞു. വിലാപയാത്ര പകല്‍ 11ന് ടൗണ്‍ സ്ക്വയറില്‍നിന്ന് പുറപ്പെടും. പഴയ ബസ്സ്റ്റാന്‍ഡ്്, മുനീശ്വരന്‍ കോവില്‍ , ശ്രീനാരായണ പാര്‍ക്ക് വഴി പയ്യാമ്പലത്ത് എത്തും.

അഴീക്കോടിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യംവഹിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വന്‍ ജനാവലി കണ്ണൂരിലെത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ , എഴുത്തുകാര്‍ , സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങിനെത്തും. സാംസ്കാരിക മന്ത്രി കെ സി ജോസഫ് മൃതദേഹത്തെ അനുഗമിച്ച് കണ്ണൂരിലെത്തി. കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ , സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവരും എത്തും. ആദരസൂചകമായി കണ്ണൂര്‍ നഗരസഭാപരിധിയിലും അഴീക്കോട് പഞ്ചായത്തിലും ബുധനാഴ്ച ഉച്ചവരെ ഹര്‍ത്താലാചരിക്കും.

സാഗര ഗർജ്ജനം നിലച്ചു

സാഗര ഗർജ്ജനം നിലച്ചു

ദേശാഭിമാനി വാര്‍ത്ത‍

തൃശൂര്‍ : ആറുപതിറ്റാണ്ടിലേറെ മലയാളിയുടെ ചിന്തയില്‍ സൂര്യവെളിച്ചം പകര്‍ന്ന അഴീക്കോട് മാഷ് യാത്രയായി. അക്ഷരവും അറിവും നിലയ്ക്കാത്ത പ്രവാഹമായി വിരല്‍ത്തുമ്പിലും നാവിലും ഒരുപോലെ കൊണ്ടുനടന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ അന്ത്യം ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു. 86 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച പകല്‍ 11ന് കണ്ണൂര്‍ പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. മോണയില്‍ അര്‍ബുദം ബാധിച്ച് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന അഴീക്കോടിനെ വീട്ടില്‍ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ഡിസംബര്‍ ഏഴിന് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. വീഴ്ചയില്‍ വാരിയെല്ലിന് നേരിയ പൊട്ടലും ഉണ്ടായി. വിദഗ്ധപരിശോധനയില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഡിസംബര്‍ 10ന് അമലയിലേക്ക് മാറ്റി. റേഡിയേഷന്‍ അടക്കമുള്ള വിദഗ്ധചികിത്സ ആരംഭിച്ചെങ്കിലും മരുന്നുകളുടെ കാഠിന്യം താങ്ങാന്‍ ശരീരത്തിനായില്ല. മൂന്നു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഒരാഴ്ചയായി ഭക്ഷണം കഴിച്ചിരുന്നില്ല. അന്ത്യനിമിഷങ്ങളില്‍ അഴീക്കോടിന്റെ സഹോദരീപുത്രന്മാരായ എം ടി മനോജ്, എം ടി രാജേഷ്, സന്തതസഹചാരി സുരേഷ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. തൃശൂര്‍ എരവിമംഗലത്തെ വീട്ടിലും കേരള സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലോടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയില്‍ വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോയി. യാത്രക്കിടെ കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവച്ചു. എഴുത്തുകാരന്‍ , വിമര്‍ശകന്‍ , പ്രഭാഷകന്‍ , അധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ , വിദ്യാഭ്യാസചിന്തകന്‍ , ഗാന്ധിയന്‍ , ഉപനിഷത്ത് വ്യാഖ്യാതാവ്, ഗവേഷകന്‍ എന്നിങ്ങനെ ഒട്ടേറെ തലങ്ങളില്‍ ഔന്നത്യം പുലര്‍ത്തിയ അഴീക്കോട്, എല്ലാ അര്‍ഥത്തിലും കേരളസംസ്കാരത്തിന്റെ കാവലാളായിരുന്നു. അനീതിക്കും അധര്‍മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം, ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സഹയാത്രികനും വഴികാട്ടിയുമായിരുന്നു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനാണെങ്കിലും രണ്ടരപ്പതിറ്റാണ്ടായി തൃശൂരില്‍ താമസിച്ച ഈ അവിവാഹിതന്‍ , സാംസ്കാരികതലസ്ഥാനത്തിന്റെ പ്രിയപ്പെട്ട ദത്തുപുത്രനായി. 1926 മെയ് 12നാണ് ജനനം. കണ്ണൂര്‍ അഴീക്കോട് പൂതപ്പാറയിലെ പനങ്കാവുവീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറുമക്കളില്‍ നാലാമനായിരുന്നു സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട്. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോളേജില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികപ്രയാസത്താല്‍ വൈദ്യപഠനം തുടരാനായില്ല. ബികോം പാസായശേഷം കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ശരിയായെങ്കിലും സാഹിത്യതാല്‍പ്പര്യം കാരണം വേണ്ടെന്നുവച്ചു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1946ല്‍ വാര്‍ധയിലെത്തി ഗാന്ധിജിയെ കണ്ടു. സേവാഗ്രാമില്‍ ഗാന്ധിജിയോടൊപ്പം കഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ , ഗാന്ധിയനാകാന്‍ സേവാഗ്രാമില്‍ പാര്‍ക്കേണ്ട കാര്യമില്ലെന്ന, ഗാന്ധിജിയുടെ അടുത്ത ശിഷ്യന്‍ ആര്യനായകത്തിന്റെ ഉപദേശമനുസരിച്ച് മടങ്ങി. 1953ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ മലയാളം- സംസ്കൃതം ലക്ചററായി. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎ മലയാളം ഒന്നാംറാങ്കോടെ പാസായി. പിന്നീട്, കോഴിക്കോട് ദേവഗിരി കോളേജില്‍ മലയാളം ലക്ചററായി. 1962ല്‍ മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായി. 1981ല്‍ "മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം" എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. 1986ല്‍ കലിക്കറ്റ് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍സ്ഥാനത്തുനിന്ന് വിരമിച്ചശേഷം തൃശൂരിലേക്ക് താമസം മാറ്റി. കുറച്ചുകാലം കലിക്കറ്റ് ആക്ടിങ് വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനെട്ടാംവയസ്സിലാണ് ആദ്യലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്‍ ആദ്യകൃതി "ആശാന്റെ സീതാകാവ്യം" പ്രസിദ്ധീകരിച്ചു. "രമണനും മലയാളകവിതയും" 1956ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് "പുരോഗമനസാഹിത്യവും മറ്റും", "മഹാത്മാവിന്റെ മാര്‍ഗം" എന്നിവയ്ക്കുശേഷം 1963ല്‍ പുറത്തിറങ്ങിയ "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതി മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഭാരതീയ തത്ത്വചിന്തയുടെ അമൃതായ ഉപനിഷത്തിന്റെ സന്ദേശം സമകാലിക ലോകബോധത്തോടെ എഴുതിയ "തത്ത്വമസി" (1984) എക്കാലത്തെയും മികച്ച ഗ്രന്ഥമായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡടക്കം പതിനഞ്ചോളം പുരസ്കാരം ഈ ഗ്രന്ഥത്തിന് ലഭിച്ചു. ഏറെ വൈകി ഈ വര്‍ഷമാണ് ജീവചരിത്രം എഴുതിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം, നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അനര്‍ഹര്‍ക്കും പത്മ പുരസ്കാരം നല്‍കുന്നത് ചോദ്യംചെയ്ത അഴീക്കോട്, പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു. ദേശാഭിമാനിയില്‍ ദീര്‍ഘകാലം "മറയില്ലാതെ" എന്ന പംക്തി എഴുതിയിരുന്ന അദ്ദേഹം, ദേശാഭിമാനിയുടെ ആത്മബന്ധുവും വഴികാട്ടിയുമായിരുന്നു. ഡിസംബര്‍ ഏഴിനും "മറയില്ലാതെ" എന്ന കോളം പ്രസിദ്ധീകരിച്ചിരുന്നു. സഹോദരങ്ങള്‍ : പരേതരായ ദമയന്തി, ലക്ഷ്മി, ഗോപാലകൃഷ്ണന്‍ , പത്മിനി, ദേവദാസ്.

കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ജനപ്രവാഹം

കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ജനപ്രവാഹം
ദേശാഭിമാനി , 25-1.2012
Posted on: 25-Jan-2012 10:54 AM
കണ്ണൂര്‍ : സുകുമാര്‍ അഴിക്കോടിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ അദ്ദേഹത്തെ ഒരു നോക്കുകാണുവാനായി വന്‍ ജനക്കൂട്ടം സന്നിഹിതരായി.

സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ , എം എ ബേബി, എ കെ ബാലന്‍ , എം വി രാഘവന്‍ , രാമചന്ദ്രന്‍ കടന്നപ്പിള്ളി, വി മുരളീധരന്‍ , പന്ന്യന്‍ രവീന്ദ്രന്‍ , എംപിമാരായ കെ സുധാകരന്‍ , എം കെ രാഘവന്‍ , കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രമചന്ദ്രന്‍ , കെ സി വേണുഗോപാല്‍ , സംസ്ഥാന മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍ , സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ടൗണ്‍സ്ക്വയറിലെത്തി.

എഴുത്തുകാരായ ടി പത്മനാഭന്‍ , എം മുകുന്ദന്‍ , പി വത്സല, കെ പി സുധീര, കണ്ണൂര്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ,കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ മൈക്കിള്‍ തരകന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രാത്രി ഒരു മണിയോടെയാണ് കണ്ണൂരിലെത്തിച്ച മൃതദേഹം മഹാത്മാ മന്ദിരത്തില്‍ വച്ചു. രാവിലെ ഏഴു മണിയോടെ ടൗണ്‍ സ്ക്വയറിലേക്ക് മാറ്റി. പതിനൊന്നു മണിയോടെ പയ്യാമ്പലത്തേക്ക് കൊണ്ടു പോകും. അനീതിക്കെതിരെ ഗര്‍ജിച്ച സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും ജനനേതാക്കളായ ഏകെജിയും നായനാരുമടക്കം അന്ത്യവിശ്രമം കൊള്ളുന്നതിനോട് ചേര്‍ന്നാവും അഴീക്കോടിനും ചിതയൊരുക്കുക.

അഴീക്കോടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

അഴീക്കോടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

ദേശാഭിമാനി

തൃശൂര്‍ : ഡോ.സുകുമാര്‍ അഴീക്കോടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ അഴീക്കോടിനെ അവസാനമായൊന്ന് കാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ സി ജോസഫ്, സി എന്‍ ബാലകൃഷ്ണന്‍ , എസ് ശര്‍മ്മ എംഎല്‍എ, സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ , സംസ്ഥാനകമ്മറ്റിയംഗം ബേബി ജോണ്‍ , ടി ആര്‍ രാജന്‍ എംപി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ സാജുപോള്‍ , ജോസ് തെറ്റയില്‍ , വി ഡി സതീശന്‍ , ഷാഫി പറമ്പില്‍ , തൃശൂര്‍ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാര്‍ , സാഹിത്യകാരന്‍മാരായ അക്കിത്തം, കെ പി രാമനുണ്ണി, പുത്തൂര്‍ ഉണ്ണികൃഷ്ണന്‍ , വി ആര്‍ സുധീഷ്, മാടമ്പ് കുഞ്ഞുക്കുട്ടന്‍ , കലാമണ്ഡലം ഗോപി, എസ്എന്‍ഡിപി യോഗം സെക്രട്ടറി ഡോ. എം എന്‍ സോമന്‍ , കെ പി ശങ്കരന്‍ , ലളിതകലാ അക്കാദമി പ്രസിഡന്റ് ശ്രീമൂലനഗരം മോഹനന്‍ , സംഗീതനാടക അക്കാദമി പ്രസിഡന്റ് പി വി കൃഷ്ണന്‍ നായര്‍ , സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ , കെ പി രാജേന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹം മൂന്നുമണിയോടെ കോഴിക്കോടേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

സുകുമാ‍ർ അഴീക്കോട് അന്തരിച്ചു

സുകുമാ‍ർ അഴീക്കോട് അന്തരിച്ചു

(ദേശാഭിമാനി വാർത്ത)

തൃശൂര്‍
: എഴുത്തുകാരനും പ്രമുഖവാഗ്മിയും അധ്യാപകനുമായ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 86 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30ഓടെ തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അവിവാഹിതനാണ്.

എഴുത്തുകാരന്‍ , വിമര്‍ശകന്‍ , പ്രഭാഷകന്‍ , അധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ , വിദ്യാഭ്യാസചിന്തകന്‍ , ഗാന്ധിയന്‍ , ഉപനിഷത് വ്യാഖ്യാതാവ്, ഗവേഷകന്‍ എന്നിങ്ങനെ ഒട്ടേറെ തലങ്ങളില്‍ സമാനതകളില്ലാത്ത ഔന്നത്യം പുലര്‍ത്തിയ അഴീക്കോട് എല്ലാ അര്‍ഥത്തിലും കേരളസംസ്കാരത്തിന്റെ കാവലാളായിരുന്നു. അനീതിക്കും അധര്‍മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സഹയാത്രികനും വഴികാട്ടിയുമായിരുന്നു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനാണെങ്കിലും രണ്ടരപതിറ്റാണ്ടായി തൃശൂരില്‍ താമസിച്ച അദ്ദേഹം സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രിയപ്പെട്ട ദത്തുപുത്രനായി. അഴീക്കോടിന്റെ ഭൗതികശരീരം തൃശൂര്‍ എരവിമംഗലത്തെ വസതിയിലെത്തിച്ചു. രണ്ടുമണിക്കൂര്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. മരണവിവരം അറിഞ്ഞയുടന്‍ അമല ആശുപത്രിയിലേക്കും എരവിമംഗലത്തെ വീട്ടിലേക്കും സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പ്രവഹിക്കുകയായിരുന്നു. മുഖ്യമന്ത്രി എത്തിയശേഷം ബന്ധുക്കളോടും മറ്റ് സാഹിത്യപ്രവര്‍ത്തകരോടും ചര്‍ച്ചചെയ്തശേഷം സംസ്കാരസ്ഥലം തീരുമാനിക്കും.

ഡിസംബര്‍ ഏഴിനാണ് ശാരീരിക അവശതകളെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോണയില്‍ ക്യാന്‍സര്‍ ബാധയേറ്റ് ചികിത്സയിലായിരുന്നെങ്കിലും വായനയ്ക്കോ സഞ്ചാരത്തിനോ പ്രഭാഷണങ്ങള്‍ക്കോ കുറവ് വരുത്തിയില്ല. ആശുപത്രിയില്‍ എത്തുന്നതിന്റെ തലേന്നു വൈകിട്ടും തൃശൂരില്‍ പ്രഭാഷണം നടത്തി. പരിശോധനയില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. വീഴ്ചയില്‍ വാരിയെല്ലുകളില്‍ ചിന്നല്‍ വീണിരുന്നു. വിദഗ്ധപരിശോധനയില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മര്‍മപ്രധാനഭാഗങ്ങളിക്കേ് വ്യാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന്് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ അഴീക്കോട് ഗ്രാമത്തിലെ പൂതപ്പാറയിലെ പനങ്കാവ് വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറുമക്കളില്‍ നാലാമനാണ് സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട്. 1926 മെയ് 12 നാണ് ജനനം. സഹോദരങ്ങള്‍ : പരേതരായ ദമയന്തി, ലക്ഷ്മി, ഗോപാലകൃഷ്ണന്‍ , പത്മിനി, ദേവദാസ്. അച്ഛന്‍ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ , ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഇന്റര്‍മീഡിയറ്റ് പാസായശേഷം, മദിരാശി സര്‍വകലാശാലയില്‍നിന്ന് 1946ല്‍ ബികോം പാസായി.

കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ശരിയായെങ്കിലും സാഹിത്യതാല്‍പ്പര്യം കാരണം വേണ്ടെന്നുവച്ചു. 1946ല്‍ വാര്‍ധയിലെത്തി ഗാന്ധിജിയെ കണ്ടു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1952ല്‍ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡ് ബിരുദമെടുത്തു. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിഎ മലയാളം, സംസ്കൃതം ഡബിള്‍ മെയിനുമെടുത്ത് പാസായി. 1953ല്‍ മംഗലാപുരം സെന്റ്അലോഷ്യസ് കോളേജില്‍ മലയാളം- സംസ്കൃതം ലക്ചററായി. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ പാസായി. പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്‍ മലയാളം ലക്ചററായി. 1962ല്‍ തൃശൂര്‍ മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായി. 1981ല്‍ മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. 1986 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം തൃശൂരിലേക്ക് താമസം മാറ്റി.

പതിനെട്ടാം വയസ്സിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്‍ ആദ്യകൃതി- "ആശാന്റെ സീതാകാവ്യം" പ്രസിദ്ധീകരിച്ചു. "രമണനും മലയാള കവിതയും" 1956ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് "പുരോഗമനസാഹിത്യവും മറ്റും", "മഹാത്മാവിന്റെ മാര്‍ഗം" എന്നിവയ്ക്കുശേഷം 1963ല്‍ പുറത്തിറങ്ങിയ "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതി മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഭാരതീയ തത്വചിന്തയുടെ അമൃതായ ഉപനിഷത്തിന്റെ സന്ദേശം സമകാലിക ലോകബോധത്തോടെ എഴുതിയ "തത്വമസി" (1984) എക്കാലത്തെയും മികച്ച ഗ്രന്ഥമായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡടക്കം പതിനഞ്ചോളം പുരസ്കാരങ്ങള്‍ ഈ ഗ്രന്ഥത്തിന് ലഭിച്ചു. ഏറെവൈകി ഈവര്‍ഷമാണ് ജീവചരിത്രം എഴുതിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അനര്‍ഹര്‍ക്കും പത്മ പുരസ്കാരം നല്‍കുന്നത് ചോദ്യംചെയ്ത അഴീക്കോട് പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു. ചെറുപ്പംമുതല്‍ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നുവെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനോട് വിടചൊല്ലി ഇടതുപക്ഷ സഹയാത്രികനായി. ദേശാഭിമാനിയില്‍ ദീര്‍ഘകാലം "മറയില്ലാതെ" എന്ന പംക്തി എഴുതിയിരുന്ന അദ്ദേഹം ദേശാഭിമാനിയുടെ ആത്മബന്ധുവും വഴികാട്ടിയുമായിരുന്നു. ഡിസംബര്‍ ഏഴിനും മറയില്ലാതെ എന്നകോളം പ്രസിദ്ധീകരിച്ചിരുന്നു

Wednesday, January 11, 2012

ബി.ജെ.പി-യ്ക്ക് 10 കോടി ; കോണ്‍ഗ്രസിന് രണ്ടരക്കോടി

ഏഷ്യാനെറ്റ് ബിജെപിക്ക് നല്‍കിയത് 10 കോടി ; കോണ്‍ഗ്രസിന് രണ്ടരക്കോടി

Posted on: 11-Jan-2012 02:45 AM,
ദേശാഭിമാനി വാർത്ത

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2009-10 സാമ്പത്തികവര്‍ഷത്തില്‍ ഏഷ്യാനെറ്റ് ബിജെപിക്ക് പത്തുകോടി രൂപയും കോണ്‍ഗ്രസിന് രണ്ടരക്കോടിയും സംഭാവന നല്‍കി. ഇരു പാര്‍ടികള്‍ക്കും കോടികള്‍ സമ്മാനിക്കുന്ന വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഏഷ്യാനെറ്റ് മുന്‍നിരയില്‍ . ഏഷ്യാനെറ്റ് ടിവിയുടെ തലവന്‍ രാജീവ് ചന്ദ്രശേഖരന്‍ ബിജെപി പിന്തുണയോടെ കര്‍ണാടകത്തില്‍നിന്ന് രാജ്യസഭയില്‍ എത്തിയിരുന്നു. ഇതിന്റെ നന്ദിസൂചകമായാണ് വന്‍തുക നല്‍കിയത്. കണക്കില്‍പ്പെടുത്തിയ തുക മാത്രമാണിത്. ബിജെപിയുടെ വീക്ഷണരേഖ തയ്യാറാക്കി നല്‍കിയതും ഏഷ്യാനെറ്റ് തലവനാണ്. വിവരാവകാശപ്രകാരം ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോം എന്ന സന്നദ്ധസംഘടന ശേഖരിച്ച കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. കോണ്‍ഗ്രസും ബിജെപിയും കോടികള്‍ കൈപ്പറ്റിയപ്പോള്‍ ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ് വന്‍കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സംഭാവന നിരസിച്ചത്. കണക്കില്‍ ഉള്‍പ്പെടുത്തിയ നിയമാനുസൃതസംഭാവന പരിഗണിച്ചാല്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ഏറ്റവുമധികം പണം നല്‍കിയത് ബിര്‍ലയാണ്. 2009-10 വര്‍ഷത്തില്‍ 30.6 കോടി രൂപ ബിര്‍ല കോണ്‍ഗ്രസിനും ബിജെപിക്കുമായി നല്‍കി. ബിജെപിക്ക് 16.6 കോടിയും കോണ്‍ഗ്രസിന് 13.95 കോടിയും കിട്ടി. ടാറ്റ ഗ്രൂപ്പ് കോണ്‍ഗ്രസിന് 5.64 കോടിയും ബിജെപിക്ക് 4.14 കോടിയും നല്‍കി. ലാര്‍സന്‍ ആന്‍ഡ് ടുബ്രോ കോണ്‍ഗ്രസിന് 2.25 കോടി നല്‍കി. വേദാന്ത ഗ്രൂപ്പ് ബിജെപിക്ക് 3.5 കോടി നല്‍കി. ഐടിസി ലിമിറ്റഡ്, സ്റ്റെര്‍ലിങ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയ കമ്പനികളും വന്‍തുക നല്‍കി. 2009-10 ല്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് ബിജെപിക്ക് 84 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 82കോടി രൂപ ലഭിച്ചു. നിയമാനുസൃതമായ കണക്കുമാത്രമാണിത്. ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ് സംഭാവന വാങ്ങാത്തതെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഇലക്ടറല്‍ ട്രസ്റ്റ് ട്രസ്റ്റിയായ ദിനേശ് വ്യാസ് പറഞ്ഞു.

ഇസ്രയേലിന് അടിയറവ്

ഇസ്രയേലിന് അടിയറവ്
ദേശാഭിമാനി മുഖപ്രസംഗം
Posted on: 11-Jan-2012 12:21 AM

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ സിയോണിസ്റ്റ് ഫാസിസം നടപ്പാക്കുന്ന അക്രമിരാഷ്ട്രമാണ് ഇസ്രയേല്‍ . ലോകമാകെ പ്രതിഷേധിച്ചിട്ടും ആ രാഷ്ട്രം പലസ്തീനികള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തുന്നു. ലോകമര്യാദകളും മാനവികതയും മറന്ന് മനുഷ്യക്കുരുതി നടത്തുന്ന ഇസ്രയേലിനെ അറപ്പോടെ അകറ്റിനിര്‍ത്തിയ പാരമ്പര്യമാണ് ഇന്ത്യയുടേത്. ഇന്ത്യ പിന്തുടര്‍ന്ന ചേരിചേരാനയത്തിന്റെ ഉള്ളടക്കം സാമ്രാജ്യവിരോധത്തിന്റേതാണ്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഉയര്‍ത്തിപ്പിടിച്ച ചേരിചേരാനയം ഇന്ത്യക്ക് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സവിശേഷമായ സ്ഥാനം നല്‍കിയിരുന്നു. നെഹ്റുവിന്റെ കാലത്ത് ഇസ്രയേലുമായി നയതന്ത്രബന്ധം വിച്ഛേദിച്ചു. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് അവരുടെ നയതന്ത്രപ്രതിനിധികളെ ക്ഷണിച്ചുകൊണ്ടുവരാനും നമ്മുടെ രാജ്യം തയ്യാറായിരുന്നു.

പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് 1991ല്‍ ഇസ്രയേലുമായി ഇന്ത്യയെ വീണ്ടും അടുപ്പിച്ചത്. പിന്നീട് എന്‍ഡിഎ ഭരണം വന്നപ്പോള്‍ ബന്ധം കടുത്തു. ഒരു പടികൂടി കടന്ന് മന്‍മോഹന്‍സര്‍ക്കാര്‍ ഇസ്രയേലിനെ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിരാഷ്ട്രമാക്കി മാറ്റുകയാണ്. സംയുക്ത സൈനികാഭ്യാസവും ഇസ്രയേലിനുവേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണവും വമ്പന്‍ ആയുധക്കച്ചവടവുമായി ആ ബന്ധം പടര്‍ന്നുപന്തലിക്കുന്നു. ഇസ്രയേലിന്റെ മുഖ്യ ആയുധകയറ്റുമതി കമ്പോളമാണ് ഇന്ന് ഇന്ത്യ. ഇസ്രയേലിന് ഏറ്റവും വലിയ യുദ്ധോപകരണകയറ്റുമതിക്കുള്ള കരാര്‍ നല്‍കിയത് മന്‍മോഹന്‍സര്‍ക്കാരാണ്. അമേരിക്കയില്‍നിന്നും അതിന്റെ ശിങ്കിടിയായ ഇസ്രയേലില്‍നിന്നും മാത്രമാണ് ഇന്ത്യ ആയുധം വാങ്ങുന്നത്. ഇറാന്റെ പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതി നിഷ്കരുണം ഉപേക്ഷിച്ച് വന്‍ ചെലവുവരുന്ന അമേരിക്കന്‍ ആണവകരാറിനെ അഭയംപ്രാപിച്ചതുപോലെയാണ്, ആയുധം വാങ്ങാനുള്ള ചെലവുകുറഞ്ഞ സാധ്യതകള്‍ ആരായാതെ ഇസ്രയേലിനെ ആശ്രയിക്കുന്നത്. അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യയെ അധഃപതിപ്പിച്ചതിന്റെ തുടര്‍ച്ചയാണിത്. ഇന്ന് ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഇസ്രയേലിന്റെ പങ്കാളിയായി അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ അധഃപതിപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായി നടത്തുന്ന ലാഭക്കച്ചവടങ്ങളിലൂടെ ലഭിക്കുന്ന പണമാണ് പലസ്തീനിലെ അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നത് എന്നതുപോലും യുപിഎ സര്‍ക്കാര്‍ മറന്നുപോകുന്നു. ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധം തുടങ്ങിയതിന്റെ 20-ാംവാര്‍ഷികത്തില്‍ വിദേശമന്ത്രി എസ് എം കൃഷ്ണയെ ഇസ്രയേലിലേക്ക് അയക്കാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. ആ തീരുമാനംതന്നെ ഇന്ത്യ പലസ്തീന്‍വിരുദ്ധ ചേരിയില്‍ കൂടുതല്‍ സജീവമാകാന്‍ പോകുന്നതിന്റെ സൂചനയാണ്. കൃഷ്ണയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് സര്‍ന നടത്തിയ പ്രഖ്യാപനം ഗൗരവമുള്ളതാണ്. ഇസ്രയേല്‍ ഇന്ത്യയുടെ "സുപ്രധാന പങ്കാളി"യായി മാറുകയാണെന്ന് സര്‍ന പറയുന്നു. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും നിലവിലുള്ള സഹകരണം ദൃഢമാക്കുമെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ക്കുന്നു. പുതിയ വര്‍ഷത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന വിദേശ നയത്തിന്റെ സൂചനയാണ് ഇത് എന്നതില്‍ തര്‍ക്കമില്ല. ഒരുവശത്ത്, പശ്ചിമേഷ്യയുടെ സമാധാനത്തിനായി ഇന്ത്യ ജാഗ്രതപാലിക്കുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കുമ്പോഴാണ്, പശ്ചിമേഷ്യന്‍ സമാധാനത്തിന്റെ ഏറ്റവും വലിയ വിപത്തായ ഇസ്രയേലിനെ ഗാഢം പുണരാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നത്. രാജ്യത്തിന്റെ വിദേശനയത്തെയും മാനവികതയിലൂന്നിയ നിലപാടുകളെയും സാമ്രാജ്യവിരുദ്ധപാരമ്പര്യത്തെയും പരിപൂര്‍ണമായി മലിനപ്പെടുത്തുന്ന മന്‍മോഹന്‍ഭരണം അമേരിക്കയുടെ ഇംഗിതമാണ് നടപ്പാക്കുന്നത്.

സ്വതന്ത്രരാഷ്ട്രമെന്ന പലസ്തീന്റെ ദീര്‍ഘകാലമായുള്ള ആവശ്യം ഇതുവരെ അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. പലസ്തീന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ കൂടുതല്‍ കൂടുതല്‍ കൈയേറുന്നു; ജനങ്ങളെ കൊന്നൊടുക്കുന്നു. ഇസ്രയേലിനെ മേഖലയിലെ സമാധാനം തകര്‍ക്കുന്ന രാജ്യമായാണ് അമേരിക്കയോടടുപ്പമുള്ള ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍പോലും കണക്കാക്കുന്നത്. എന്നിട്ടും ഇന്ത്യ മറ്റൊരു വഴിക്കാണ്. പരസ്പരസഹകരണത്തിന്റെ അളവുകൂട്ടുന്ന വിഷയങ്ങളിലൊന്ന്, "ഭീകരതയ്ക്കെതിരായ യുദ്ധ"മാണെന്ന് സ്ഥാനപതി വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനില്‍ തങ്ങള്‍ നടത്തുന്നത് ഭീകരതയ്ക്കെതിരായ യുദ്ധമാണെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ആ "യുദ്ധ"ത്തില്‍ ഇന്ത്യയും പങ്കാളിയാവുകയാണോ? മഹത്തായ ചേരിചേരാ നയത്തെ കുഴിച്ചുമൂടി അമേരിക്കയുടെയും ഇസ്രയേലിന്റെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്ന വിധേയരാജ്യമായി ഇന്ത്യയെ മാറ്റുന്നതിന്റെ ചേതോവികാരമെന്തെന്ന് ജനങ്ങളോട് പറയാനുള്ള കുറഞ്ഞ ബാധ്യതയെങ്കിലും യുപിഎ നേതൃത്വത്തിനുണ്ട്. സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിനും സര്‍ക്കാരില്‍ പങ്കാളിയായി അധികാരം നുണയുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനും ആ ബാധ്യതയുണ്ട്. പലസ്തീനികളുടെ കൂട്ടക്കുരുതിക്ക് ഇസ്രയേലിന് പിന്തുണ നല്‍കുകയാണ് യുപിഎ സര്‍ക്കാര്‍ എന്ന യാഥാര്‍ഥ്യം മൂടിവയ്ക്കാനാകില്ലതന്നെ. ഇസ്രയേലിന് അനുകൂലമായി ഇന്ത്യയെ അധഃപതിപ്പിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ , നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിനുനേരെയാണ് ആക്രമണം നടത്തുന്നത്. ഈ ലജ്ജാശൂന്യമായ നടപടിക്കെതിരെ അതിശക്തമായ ജനകീയപ്രതിഷേധം വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

സിന്‍ഡിക്കറ്റ് തീരുമാനം മനുഷ്യത്വരഹിതം

സിന്‍ഡിക്കറ്റ് തീരുമാനം മനുഷ്യത്വരഹിതം

പി എസ് ശ്രീകല
ദേശാഭിമാനി, Posted on: 11-Jan-2012 12:24 AM

കേരളസര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉപലോകായുക്ത ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗീകരിക്കുകയും ഹൈക്കോടതിയില്‍ അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. സിന്‍ഡിക്കറ്റിലെ പത്തംഗങ്ങളുടെ അനുകൂല വോട്ടോടെയാണ് തീരുമാനമെടുത്തത് എന്നും സര്‍വകലാശാല പറയുന്നു. എന്നാല്‍ , ഇത് വസ്തുതാപരമല്ല. സിന്‍ഡിക്കറ്റ് യോഗത്തിലെ നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിക്കൊണ്ടാണ് തീരുമാനമെടുത്തിരിക്കുന്നത്. ക്രമവിരുദ്ധത സര്‍വകലാശാല സിന്‍ഡിക്കറ്റില്‍ ആകെ 23 അംഗങ്ങളാണുള്ളത്. ഇവരില്‍ വിസി, പിവിസി, സര്‍ക്കാര്‍ പ്രതിനിധികളായ അഞ്ചുപേര്‍ എന്നിവരുള്‍പ്പെടുന്നു. 21 പേരാണ് മാസം ഒമ്പതിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികളില്‍ ഒരാളും ഒരു എല്‍ഡിഎഫ് (സിപിഐ) പ്രതിനിധിയും പങ്കെടുത്തിരുന്നില്ല. ഉപലോകായുക്തയുടെ റിപ്പോര്‍ട്ടായിരുന്നു അജന്‍ഡ. യോഗം ആരംഭിച്ചതുമുതല്‍ ഉപലോകായുക്തയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന വാദം എട്ട് അംഗങ്ങള്‍ ഉന്നയിച്ചു. നോമിനേഷന്‍ ലെറ്റര്‍ ഇല്ലാതെയാണ് ഐടി സെക്രട്ടറിയുടെ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഉപലോകായുക്തയുടെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുത്ത് ഉപലോകായുക്തയെ അറിയിക്കേണ്ട ഉന്നതവിദ്യാഭ്യാസസെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നത് ഉചിതമല്ലെന്നും വാദിച്ചു. ഇതിനിടയില്‍ ഉപലോകായുക്ത റിപ്പോര്‍ട്ടിന്മേല്‍ അപ്പീല്‍ പോകേണ്ടതില്ലെന്ന് അഭിപ്രായമുള്ളവര്‍ ആരെല്ലാമെന്ന് സഭാധ്യക്ഷനായ വിസി ചോദിച്ചു. പത്തംഗങ്ങള്‍ കൈയുയര്‍ത്തി. ഉടനെ ഉപലോകായുക്തയുടെ റിപ്പോര്‍ട്ട് സഭ അംഗീകരിച്ചിരിക്കുന്നുവെന്നും അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നുവെന്നും സഭ പിരിഞ്ഞിരിക്കുന്നുവെന്നും വിസി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ക്രമവിരുദ്ധമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ എട്ട് അംഗങ്ങള്‍ അപ്പോഴും ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ രണ്ടു പേരുടെ ആവശ്യാനുസരണം അവരുടെ അഭിപ്രായം രേഖയിലുള്‍പ്പെടുത്തി. ഗുരുതരമായ പിശകാണ് വിസിയുടെ ഭാഗത്തുനിന്നുണ്ടായത്. മുന്‍കൂട്ടി ആസൂത്രണംചെയ്ത കപട നാടകത്തിലെ വിദൂഷകനാകുകയായിരുന്നു വിസി. പതിനൊന്നംഗങ്ങളുടെ അഭിപ്രായം ആരായാതെ, പത്തുപേര്‍ മാത്രം അനുകൂലിച്ച തീരുമാനമാണ് വിസി പ്രഖ്യാപിച്ചത്. 11 പേരില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുമുണ്ടായിരുന്നു. ഐടി സെക്രട്ടറിയുടെ പ്രതിനിധി നോമിനേഷന്‍ ലെറ്റര്‍ ഇല്ലാതെയാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുക്കാനുള്ള അവകാശം തന്നെയില്ലാത്ത അദ്ദേഹത്തിന്റെ വോട്ടുള്‍പ്പെടെ സാധുവായി സ്വീകരിക്കുകയാണ് വിസി ചെയ്തിരിക്കുന്നത്. ചട്ടവിരുദ്ധത ലോകായുക്തയുടെ ചട്ടം 12(3) അനുസരിച്ചാണ് ഉപലോകായുക്ത ഉന്നതവിദ്യാഭ്യാസസെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിയമത്തിലെ 12(4), 12(5), 12(7) വകുപ്പുകള്‍ അനുസരിച്ച്, റിപ്പോര്‍ട്ട് ലഭിച്ച് മൂന്നുമാസത്തിനുള്ളില്‍ കോംപെറ്ററ്റീവ് അതോറിറ്റി (ഇവിടെ അതോറിറ്റി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ്) റിപ്പോര്‍ട്ടിനെ സംബന്ധിച്ച തീരുമാനം ലോകായുക്തയെ അറിയിക്കണം. തീരുമാനം ലോകായുക്ത/ഉപലോകായുക്തയ്ക്ക് തൃപ്തികരമാണെങ്കില്‍ കേസ് അവിടെ അവസാനിപ്പിക്കും. അല്ലാത്തപക്ഷം ലോകായുക്ത/ഉപലോകായുക്ത പ്രത്യേക റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്‍കും. പ്രത്യേക റിപ്പോര്‍ട്ട് ഗവര്‍ണര്‍ ഒരു വിശദീകരണ മെമ്മോറാണ്ടം സഹിതം നിയമസഭയ്ക്കു വിടും. ഇതാണ് നിയമമെന്നിരിക്കേ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ തീരുമാനം വരുന്നതിനുമുമ്പുതന്നെ സിന്‍ഡിക്കറ്റ് ലോകായുക്ത റിപ്പോര്‍ട്ട് അംഗീകരിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് വ്യക്തമായ ചട്ടലംഘനമാണ്. യുക്തിരാഹിത്യം, അധാര്‍മികത അപ്പീല്‍ പോകാനും സര്‍വകലാശാലയുടെ വിശ്വാസ്യത സംരക്ഷിക്കാനുമുള്ള വ്യക്തമായ കാരണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. ഉപലോകായുക്തയുടെ റിപ്പോര്‍ട്ടിലെ പലഭാഗത്തും അവ്യക്തതയുണ്ട്. സാഹചര്യത്തില്‍ അപ്പീല്‍ പോകേണ്ടതില്ല എന്ന തീരുമാനം യുക്തിപരമല്ല. മാത്രമല്ല, എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച ചെറുപ്പക്കാരോട് കാണിക്കുന്ന ക്രൂരമായ അധാര്‍മികത കൂടിയാണ്. നിയമന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചില്ലെന്നതും ഉത്തരക്കടലാസുകള്‍ (ഒഎംആര്‍ ഷീറ്റ്) കാണുന്നില്ലെന്നതും സര്‍വകലാശാലയുടെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചയാണ്. തങ്ങളുടെ വീഴ്ചയ്ക്ക് നിയമനം ലഭിച്ചവര്‍ കുറ്റക്കാരല്ലെന്നിരിക്കെ അവരെ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ഉത്തരവാദിത്തമാണ്. നിയമനം ലഭിച്ചവര്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്തതായി റിപ്പോര്‍ട്ടില്‍ ഒരുഭാഗത്തും പറയുന്നില്ല. നിയമനരീതിയെ സംബന്ധിച്ച് കേരളസര്‍വകലാശാല സ്റ്റാറ്റ്യൂട്ട് വളരെ വ്യക്തമായി പറയുന്നുണ്ട്. സ്റ്റാറ്റ്യൂട്ട് 8 പാര്‍ട്ട്- 2 അധ്യായം 4 അനുസരിച്ച് നിയമന നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കണം. എന്നാല്‍ , 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത സിന്‍ഡിക്കറ്റാണ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കാതെ നിയമന നടപടികള്‍ ആരംഭിച്ചത്. അപാകതയെ ഉപലോകായുക്ത റിപ്പോര്‍ട്ട് വളരെ ഗൗരവപരമായ പിശകായി ചുണ്ടിക്കാണിക്കുന്നുണ്ട്. എഴുത്തുപരീക്ഷയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചതും വിജ്ഞാപനം പുറപ്പെടുവിച്ചതും എഴുത്തുപരീക്ഷ നടത്തിയതും ഒഎംആര്‍ ഷീറ്റ് മൂല്യനിര്‍ണയത്തിനായി അയച്ചുകൊടുത്തതും മൂല്യനിര്‍ണയം കഴിഞ്ഞ് രേഖകള്‍ സര്‍വകലാശാല കൈപ്പറ്റിയതും ഇതേ സിന്‍ഡിക്കറ്റിന്റെ കാലത്താണ്. അക്കാലയളവില്‍ സിന്‍ഡിക്കറ്റ് അംഗങ്ങളായിരുന്നവരെ സംരക്ഷിക്കാനാണ് അപ്പീല്‍ പോകേണ്ടതില്ലെന്ന വഴിവിട്ട തീരുമാനം ധൃതിയിലെടുത്തതെന്ന് കരുതേണ്ടിയിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച സിന്‍ഡിക്കറ്റാണ് ലിസ്റ്റ് പരസ്യപ്പെടുത്തുകയും ഇന്റര്‍വ്യൂ നടത്തുകയും ചെയ്തത്. സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കുന്നതും അപ്പോഴാണ്. ഇന്റര്‍വ്യൂവില്‍ എഴുത്തുപരീക്ഷയുടെ ആകെ മാര്‍ക്കായ 100 75 ലേക്ക് പരിവര്‍ത്തനം ചെയ്യുകയും ഇന്റര്‍വ്യൂവിന് 25 മാര്‍ക്ക് നിശ്ചയിക്കുകയുംചെയ്തു. എന്തെങ്കിലും ബോധപൂര്‍വമായ ക്രമക്കേടിനുവേണ്ടി അങ്ങനെ ചെയ്തുവെന്ന് ഉപലോകായുക്തപോലും പരാമര്‍ശിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ഇന്റര്‍വ്യൂകളില്‍ പിഎസ്സി ഉള്‍പ്പെടെ ഇത്തരത്തില്‍ മാര്‍ക്ക് പരിവര്‍ത്തനപ്പെടുത്താറുണ്ട്. ഇന്റര്‍വ്യൂവിനെത്തുടര്‍ന്നാണ് നിയമനത്തെ സംബന്ധിച്ച് പരാതികള്‍ ഉയരുന്നത്. സ്വജനപക്ഷപാതവും രാഷ്ട്രീയതാല്‍പ്പര്യവും നിയമനത്തിലുണ്ടെന്നതായിരുന്നു ആരോപണത്തിന്റെ അടിസ്ഥാനം. രാഷ്ട്രീയനേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കും നിയമനം ലഭിച്ചുവെന്നതായിരുന്നു ആരോപണം. ആരോപണത്തില്‍ കഴമ്പില്ലെന്ന് ഉപലോകായുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. "രാഷ്ട്രീയനേതാക്കളുടെ ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ ഒരു ഓഫീസില്‍ ജോലിനോക്കുന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കോ നിയമനം ലഭിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല. രാഷ്ട്രീയപക്ഷപാതിത്വം കാരണമാണ് നിയമനം ലഭിച്ചതെന്ന മുന്‍വിധിക്ക് സാധ്യതയില്ല. രാഷ്ട്രീയ സ്വാധീനമോ ഉന്നത രാഷ്ട്രീയവ്യക്തികളുടെ സ്വാധീനമോ ഉണ്ടെന്നതിന് തെളിവുകളില്ലാത്ത സാഹചര്യത്തില്‍ നിയമനം ലഭിച്ച ചില ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ രാഷ്ട്രീയപക്ഷപാതിത്വമുണ്ടെന്ന് പറയാനേ സാധ്യമല്ല"&ൃറൂൗീ;(ഖണ്ഡിക 51). സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കാതിരുന്നതും ഒഎംആര്‍ ഷീറ്റ് കാണാതായതും സര്‍വകലാശാലയുടെ പിഴവാണെന്നിരിക്കേ ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലാത്ത നിയമനം ലഭിച്ച ജീവനക്കാരെ സംരക്ഷിക്കാന്‍ സര്‍വകലാശാലയ്ക്ക് കടമയുണ്ട്. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സുകുമാരന്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് ഒഎംആര്‍ ഷീറ്റ് കാണാതായതിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഒഎംആര്‍ ഷീറ്റ് കണ്ടെത്തുകയും തിരിമറി നടന്നിട്ടില്ലെന്നു തെളിയുകയുംചെയ്താല്‍ നിയമനം നഷ്ടമാകുന്നവര്‍ക്ക് അതു തിരിച്ചുനല്‍കാന്‍ സര്‍വകലാശാലയ്ക്കു കഴിയുമോ? അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. കാരണം പതിനായിരക്കണക്കിന് ബിരുദധാരികളായ ചെറുപ്പക്കാരോടുള്ള വഞ്ചനയാണത്. അതേസമയം, ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നിയമനം സ്വീകരിച്ചവരും നിയമനത്തിന് ശേഷം മറ്റ് ജോലികള്‍ ലഭിച്ചപ്പോള്‍ അവ സ്വീകരിക്കാതിരുന്നവരും സുരക്ഷിതവും സ്ഥിരവുമായ ഒരു ജോലി കിട്ടിയതിന്റെ ഉറപ്പില്‍ കുടുംബം കെട്ടിപ്പടുക്കാന്‍ തുടങ്ങിയവരും ഉള്‍പ്പെടെ തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള അത്താണിയായി നിയമനത്തെ കണ്ട നിരവധി പേരുണ്ട്. അവരുടെ കണ്ണീരില്‍ ചവിട്ടിനിന്നാണ് സര്‍വകലാശാല ഉപലോകായുക്തയുടെ റിപ്പോര്‍ട്ട് ചട്ടവിരുദ്ധമായി അംഗീകരിക്കുകയും അപ്പീല്‍ പോകേണ്ടതില്ലായെന്ന മനുഷ്യത്വരഹിതമായ തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നത്. അതും; സിന്‍ഡിക്കറ്റ് യോഗത്തിലെ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിക്കൊണ്ട്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്