6 Feb, 2009
മാത്രഭൂമി ദിനപ്പത്രം
കാഴ്‌ചപ്പാട്
പുതിയ ലോകം കൂടിയേ തീരൂ
പി. .ഗോവിന്ദപ്പിള്ള
ലോ കചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിനാശം വിതയ്‌ക്കുകയും മുതലാളിത്തത്തിന്റെ നിയമങ്ങളും നടപടിക്രമങ്ങളും തകിടം മറിക്കുകയും ചെയ്‌ത സാമ്പത്തികക്കുഴപ്പം പൊട്ടിപ്പുറപ്പെട്ടത് എണ്‍പത് വര്‍ഷം മുമ്പാണ്. ഇപ്പോള്‍ അതിനോട് കിടപിടിക്കത്തക്കവിധം മറ്റൊരു സാമ്പത്തികക്കുഴപ്പം 1929ലെപ്പോലെ അമേരിക്കയിലും അതുകൊണ്ട് ലോകത്തിന്റെതന്നെ സാമ്പത്തികസിരാകേന്ദ്രമായ വാള്‍സ്‌ട്രീറ്റിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. 1929ല്‍ സോവിയറ്റ് യൂണിയന്‍ ഒഴിച്ച് ലോകത്തിലെ സകല രാഷ്ട്രങ്ങളെയും തകര്‍ച്ച ബാധിച്ചിരുന്നു. സോവിയറ്റ് യൂണിയനെ അതു ബാധിക്കാതിരുന്നത് മുതലാളിത്തവ്യവസ്ഥയേക്കാള്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മേന്മകൊണ്ടാണെന്ന് പ്രകീര്‍ത്തിക്കപ്പെട്ടു.
ലോകത്തിലെല്ലായിടത്തും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചു.
മുതലാളിത്തത്തിന്റെ കൂര്‍ത്തുമൂര്‍ത്ത കുന്തമുനകള്‍ അല്‌പം മൂര്‍ച്ച കുറച്ച് അതിനെ നിലനിര്‍ത്താനുള്ള സിദ്ധാന്തവുമായി ആഡംസ്‌മിത്തിന്റെയും റിക്കാര്‍ഡോയുടെയും മാര്‍ഷലിന്റെയും സര്‍വതന്ത്ര സ്വതന്ത്ര മുതലാളിത്തത്തിന് കടിഞ്ഞാണിടാന്‍ മറ്റൊരു പ്രതിഭാശാലി രംഗത്തുവന്നു- ജോണ്‍ മെയ്‌നാര്‍ഡ് കെയ്‌ന്‍സ് എന്ന ഇംഗ്ലീഷുകാരന്‍.
മുതലാളിത്തത്തിന് അല്‌പം നിയന്ത്രണം കൊണ്ടുവരികയും പൊതുമേഖലയ്‌ക്ക് ഊന്നല്‍ നല്‌കുകയും സാധാരണക്കാരുടെ ജീവിതനിലവാരം അല്‌പം മെച്ചപ്പെടുത്തുകയും തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ പൊതുമരാമത്തുപണികളും സര്‍ക്കാര്‍വക മുതല്‍ മുടക്കും വര്‍ധിപ്പിക്കുകയും ചെയ്‌തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് എഫ്.ഡി. റൂസ്‌വെല്‍റ്റ് മുതലാളിത്തത്തിന് താത്‌കാലികരക്ഷ നല്‌കി. അതിനാണ് ന്യൂ ഡീല്‍ എന്ന പേര് അദ്ദേഹം നല്‌കിയത്. ഇതിന്റെ സൈദ്ധാന്തികന്‍ ആയിരുന്നു കെയ്‌ന്‍സ് പ്രഭു.
എന്നാല്‍, കെയ്‌ന്‍സിന്റെ മിശ്രസമ്പദ്‌വ്യവസ്ഥ എന്നുകൂടി പേരുള്ള മുറിവൈദ്യത്തിന് 1973വരെ മാത്രമേ നിലനി'ാന്‍ കഴിഞ്ഞുള്ളൂ. 1929ലെ രൂക്ഷതയോടെയും വ്യാപ്‌തിയോടെയുമല്ലെങ്കിലും പുതിയൊരു സാമ്പത്തികക്കുഴപ്പം ലോകമുതലാളിത്തത്തെ ഗ്രസിച്ചു. അതിനുള്ള പ്രത്യേകനിമിത്തം പെട്രോളിയം ഏറ്റവും ഉത്‌പാദിപ്പിക്കുന്ന പശ്ചിമേഷ്യയിലെ വിജയകരമായ സ്വാതന്ത്ര്യസമരങ്ങളും അവര്‍ പാശ്ചാത്യര്‍ കൈയടക്കിയിരുന്ന എണ്ണനിക്ഷേപങ്ങളും കമ്പനികളും ദേശസാത്‌കരിച്ചതും പാശ്ചാത്യര്‍ ചുളുവിലയ്‌ക്ക് തട്ടിപ്പോയിക്കൊണ്ടിരുന്ന എണ്ണയുടെ വില വര്‍ധിച്ചതും മറ്റുമായിരുന്നു.
ഈ ഘട്ടത്തില്‍ മുതലാളിത്തവ്യവസ്ഥയെയും അതിന്റെ സാമ്രാജ്യത്വരൂപങ്ങളെയും രക്ഷിക്കാന്‍ കെയ്‌ന്‍സ് പ്രഭുവിന്റെ മിതമായ ദീനദയാലുത്വം പോലും ഇല്ലാത്ത മില്‍ട്ടണ്‍ ഫ്രെയ്‌ഡ്‌മാന്‍ എന്നൊരു സാമ്പത്തികശാസ്‌ത്രജ്ഞന്‍ കെയ്‌ന്‍സിന്റെ പിന്‍ഗാമി എന്നവകാശപ്പെട്ട് രംഗത്തുവന്നു. കെയ്‌ന്‍സ് ഏര്‍പ്പെടുത്തിയ നിയന്ത്രിത മുതലാളിത്തവും ക്ഷേമരാഷ്ട്രസിദ്ധാന്തവും നിയന്ത്രിത വിപണിവ്യവസ്ഥയും എല്ലാം ത്യജിച്ചുകൊണ്ട് മുതലാളിത്തത്തിന്റെ യഥാര്‍ഥ സ്വഭാവമായ 'ലെസെ ഫെയര്‍' അഥവാ സ്വതന്ത്രകമ്പോള നയം ആവിഷ്‌കരിച്ചു.
മോണിട്ടറിസം അഥവാ നാണയ നിയന്ത്രണവ്യവസ്ഥ എന്നും അതിനു പേരുണ്ട്. ഫ്രെയ്‌ഡ്‌മാന്റെ ഈ സിദ്ധാന്തങ്ങളാണ് ബ്രിട്ടനില്‍ 16 കൊല്ലത്തോളം ഭരിച്ച യാഥാസ്ഥിതിക മാര്‍ഗരറ്റ് താച്ചറും അമേരിക്ക 1989 മുതല്‍ എട്ടുകൊല്ലം ഭരിച്ച പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ലോകവ്യവസ്ഥയായി സാമദാനഭേദദണ്ഡങ്ങള്‍ ഉപയോഗിച്ച് ലോകത്തിന്റെമേല്‍ അടിച്ചേല്‍പ്പിച്ചത്. ആ നയങ്ങളെയാണ് നാമിപ്പോള്‍ ആഗോളീകരണം, സ്വകാര്യവത്‌കരണം, ഉദാരീകരണം എന്നീ പദങ്ങള്‍കൊണ്ട് വ്യവഹരിക്കുന്നത്.
തീര്‍ച്ചയായും സോഷ്യലിസവും ക്ഷേമരാഷ്ട്രവും എല്ലാം ഒരുതരം 'ബ്യൂറോക്രാറ്റിക്' കടുംപിടിയില്‍ കുരുങ്ങി മരവിച്ചു തുടങ്ങിയ സന്ദര്‍ഭത്തില്‍ താച്ചര്‍-റീഗന്‍ ശൈലിയിലുള്ള ആഗോളീകരണാദിനയങ്ങള്‍ മുതലാളിത്തത്തിന് അല്‌പം രക്തപ്രസാദം നല്‌കാന്‍ സഹായിച്ചെന്നത് സത്യമാണ്. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകരുകയും ഫ്രാന്‍സിസ് ഫുക്കുയാമയെപ്പോലുള്ളവര്‍ 'ചരിത്രത്തിന്റെ അന്ത്യം' (End of History) എന്ന നിലയില്‍ സോഷ്യലിസത്തിന്റെ മരണക്കുറിപ്പ് എഴുതുകയും ചെയ്‌തു.
കഴിഞ്ഞമാസം നിര്യാതനായ സാമുവല്‍ ഹണ്ടിങ്‌ടണിനെപ്പോലുള്ളവര്‍ ഇനിമേല്‍ വര്‍ഗസമരവും സാമ്രാജ്യത്വവിരുദ്ധസമരവുമല്ല നടക്കുകയെന്നും 'നാഗരികതകളുടെ സംഘട്ടനം' (Clash of Civilizations) എന്ന് അദ്ദേഹം വിളിക്കുന്ന മതാധിഷ്‌ഠിത യുദ്ധങ്ങളുടെ കാലമാണ് വരുന്നതെന്നും മറ്റും പറഞ്ഞ് പ്രസിഡന്റ് ബുഷിന്റെ ആഗോള ആക്രമണനയങ്ങള്‍ക്ക് സൈദ്ധാന്തിക ന്യായീകരണം നല്‌കി.
ഈ രണ്ടാമത്തെ സാമ്പത്തികത്തകര്‍ച്ച ഒരു പ്രധാനപ്പെട്ട രീതിയില്‍ 1929നെക്കാള്‍ വ്യത്യസ്‌തമാണ് എന്നതാണ് ശ്രദ്ധേയം. 1929ലെ കുഴപ്പം സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനെ ബാധിച്ചില്ല എന്നത് നേരത്തേ പറഞ്ഞുവല്ലോ. ഇത്തവണത്തെ സാമ്പത്തികത്തകര്‍ച്ചയും പല രാജ്യങ്ങളെയും ബാധിച്ചില്ല എന്നത് ചിന്തോദ്ദീപകമാണ്. സോഷ്യലിസം തകര്‍ന്നുവെങ്കിലും ആഗോളതലത്തില്‍ അമേരിക്കന്‍ സാര്‍വദേശീയനയങ്ങളെയും സാമ്പത്തിക നടപടികളെയും എതിര്‍ക്കുന്ന ഒരു വന്‍രാഷ്ട്രമായി പ്രവര്‍ത്തിക്കുന്ന റഷ്യയെ ഈ തകര്‍ച്ച കാര്യമായി ബാധിച്ചിട്ടില്ല. ചൈനയും അമേരിക്കയുമായി അടുത്ത സാമ്പത്തികവ്യാപാരബന്ധങ്ങള്‍ ആണുള്ളത് എന്നതിനാല്‍ അമേരിക്കയിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ കുറവു വന്നത് ചൈനയെ തകിടം മറിക്കുകയൊന്നും ചെയ്‌തില്ലെങ്കിലും ബാധിച്ചിട്ടുണ്ട്.
എന്നാല്‍, ഏറ്റവും അദ്‌ഭുതകരവും അര്‍ഥവത്തുമായ പ്രതികരണം ലാറ്റിനമേരിക്കയിലാണുണ്ടായത്. 1832ല്‍ കുപ്രസിദ്ധമായ 'മണ്‍റോപ്രമാണം' മുഖേന ലാറ്റിനമേരിക്കമുഴുവന്‍ തങ്ങളുടെ അംഗീകൃതസ്വാധീന മേഖലയാണെന്ന് പ്രഖ്യാപിച്ചതിനുശേഷം അമേരിക്കന്‍ ഐക്യനാടുകളുടെ സാമന്തരാജ്യങ്ങളായിരുന്നു ഇവിടെയുള്ള രാജ്യങ്ങള്‍ ഏറെയും. ആ സ്ഥിതി ഇപ്പോഴും തുടരുകയും ചെയ്യുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അമേരിക്കന്‍ ഐക്യനാടിന്റെ താത്‌പര്യാനുസരണം സാമ്പത്തികമായി പുനര്‍ഘടിപ്പിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ട സാധനങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതിനു പകരം അമേരിക്കയ്‌ക്കാവശ്യമുള്ള കാര്‍ഷികവിഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ ചെറിയ സാമ്പത്തികചലനംപോലും ആ നാടുകളില്‍ തകര്‍ച്ചയുടെ കോളിളക്കം സൃഷ്‌ടിച്ചു. പല രാജ്യങ്ങളും 'ബനാനാ റിപ്പബ്ലിക്കുകള്‍' (Banana Republics) ആയി.
അതായത്, കാസ്‌ട്രോയുടെയും സോഷ്യലിസ്റ്റ് ക്യൂബയുടെയും അതിജീവനം അഭൂതപ ൂര്‍വമായ രാഷ്ട്രീയ ഇന്ദ്രജാലമാണെന്നു തോന്നാം. സുമാര്‍ 50 വര്‍ഷത്തോളം ഇപ്രകാരം അമേരിക്കന്‍ അര്‍ധഗോളത്തില്‍ ഒറ്റയ്‌ക്ക് തലയുയര്‍ത്തിനിന്ന സോഷ്യലിസ്റ്റ് ക്യൂബയ്‌ക്കും അദ്‌ഭുതപ്രഭാവനായ കാസ്‌ട്രോയ്‌ക്കും ഒരു ചങ്ങാതിയെ കിട്ടിയത് 1999ലാണ്- തിരഞ്ഞെടുപ്പിലൂടെ വെനസ്വേലയില്‍ അധികാരത്തിലെത്തിയ ഹ്യൂഗോ ഷാവെസ്.
ഷാവെസിനുശേഷം ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനുമെതിരായി കൊടുങ്കാറ്റുതന്നെ വീശുകയാണ്. ഈ കൊടുങ്കാറ്റില്‍ പത്തിലധികം രാഷ്ട്രങ്ങള്‍ ഭരിച്ചിരുന്ന അമേരിക്കന്‍ പക്ഷപാതസര്‍ക്കാരുകള്‍ തകര്‍ന്നുവീണ്ടു. അവയില്‍ ബ്രസീല്‍, ചിലി, അര്‍ജന്റീന, പെറു, ഇക്വഡോര്‍, ബൊളീവിയ, നിക്കരാഗ്വേ തുടങ്ങിയ പത്തിലേറെ രാഷ്ട്രങ്ങളില്‍ ഉറച്ച ഇടതുപക്ഷക്കാരാണ് അധികാരത്തിലേറിയത്. പഴയ രീതിയിലുള്ള മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് സംവിധാനം എന്നുപറയാന്‍ നിവൃത്തിയില്ല.
പരമ്പരാഗത രീതിയിലുള്ള മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റുകളും പല നിറങ്ങളിലുള്ള ഇടതുപക്ഷക്കാരും മിതവാദികളും തീവ്രവാദികളും ആയ കമ്യൂണിസ്റ്റുകാരും അരാജകവാദികള്‍ തുടങ്ങി നിലവിലുള്ള മുതലാളിത്തവ്യവസ്ഥയെ പല കോണില്‍നിന്ന് എതിര്‍ക്കുന്ന എല്ലാവരും ചേര്‍ന്ന മുന്നണികളാണ് ഇവിടെയൊക്കെ ഭരണത്തില്‍. ഈ പുതിയ ഇടതുപക്ഷ മുന്നേറ്റത്തിന്റെ ഫലമായി ഇടതുപക്ഷക്കാരല്ലാത്ത സര്‍ക്കാരുകളും വടക്കേ അമേരിക്കന്‍ മേല്‍ക്കോയ്‌മയ്‌ക്കെതിരെ അണിനിരന്നിരിക്കുകയാണ്. ലോകസാമ്പത്തികക്കുഴപ്പം ഈ രാജ്യങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മനസ്സിലാക്കേണ്ടത്. ബ്രിട്ടനിലെ സാമ്പത്തികവളര്‍ച്ച പൂജ്യത്തിനും താഴെയായിരിക്കുന്നു. ആദ്യഘട്ടത്തില്‍ തകര്‍ച്ചയ്‌ക്കെതിരെ പിടിച്ചു നിന്ന ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ വികസിതരാഷ്ട്രങ്ങളും ബ്രിട്ടന്റെ ദുരവസ്ഥയിലേക്ക് മുതലക്കൂപ്പുകുത്തുന്നു.
എന്നാല്‍ ഈ ഘട്ടത്തില്‍ വിസ്‌മയകരമെന്ന മട്ടില്‍ ലാറ്റിനമേരിക്ക പിടിച്ചുനില്‌കുക മാത്രമല്ല അത്ര വേഗത്തോടെ അല്ലെങ്കിലും മുന്നേറുകയുമാണ്. 2009ല്‍ പെറു അഞ്ചു ശതമാനവും ക്യൂബ, പനാമ, ഉറുഗ്വായ് എന്നിവ നാലുശതമാനവും വളരുമെന്നാണ് കണക്ക്. അര്‍ജന്റീന (2.6), ബ്രസീല്‍ (2.1), വെനസ്വേല(3), ചിലി (2) എന്നിവയുടെയും പോക്ക് മുന്നോട്ടുതന്നെയെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു
ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആഗോളീകരണാദി നയങ്ങള്‍ക്കെതിരായ ലോകസംഘടനയായ ലോകസാമൂഹികവേദി (World Social Forum) യുടെ സമ്മേളനം ബ്രസീലിലെ ബേലം എന്ന സ്ഥലത്ത് നടക്കുകയാണ്. കഴിഞ്ഞതവണ പോര്‍ട്ടോ അലഗ്രോയില്‍ നടന്ന സാമൂഹികവേദി സമ്മേളനത്തിന്റെ മുദ്രാവാക്യം 'മറ്റൊരു ലോകം സാധ്യം' (Another world is possible)എന്നായിരുന്നു. അതായത് സാമ്രാജ്യത്വത്തിന്റെയും ആഗോളീകരണത്തിന്റെയും മുതലാളിത്തത്തിന്റെയുമല്ലാത്ത ഒരു ലോകം. എന്നാല്‍ 'മറ്റൊരു ലോകം കൂടിയേ തീരൂ' എന്നതാണ് ഈ സമ്മേളനത്തിന്റെ മുദ്രാവാക്യം എന്ന് ഉദ്‌ഘാടനപ്രസംഗത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ലുലാ ഡ സില്‍വ പ്രഖ്യാപിച്ചിരിക്കുന്നു. സോഷ്യലിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്റെ കേളികൊട്ടാണ് ബേലം സമ്മേളനത്തില്‍ പ്രതിധ്വനിച്ചിരിക്കുന്നത്.
No comments:
Post a Comment