വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, February 1, 2009

അടുത്തിരുന്ന ആള്‍ ? (കഥ)

കഥ


അടുത്തിരുന്ന ആള്‍ ?



( കേരള കൌമുദിയില്‍ പ്രസ്സിദ്ധീകരിച്ചത് )


തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല. സീറ്റുകള്‍ ഇനിയും ഒഴിഞ്ഞു കിടക്കുന്നുണ്ട്‌. എന്റെ സീറ്റില്‍ ഞാന്‍ മാത്രമേയുള്ളു. ഡ്രൈവര്‍ 'ഞാന്‍ റെഡി' യാണെന്ന ഭാവത്തില്‍ സ്ററാര്‍ടു ചെയ്യാന്‍ തയ്യാറെടുത്ത് അല്പം ചരിഞ്ഞു പുറകോട്ടു ശ്രദ്ധിച്ചിരിയ്ക്കുന്നു.

കയറി കഴിഞ്ഞവര്‍ക്കെല്ലാം ടിക്കറ്റ് കൊടുത്ത് ഒന്നു ഒതുക്കിയിട്ടു പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് സമാധാന പ്രിയനായ കണ്‍ഡക്ടര്‍. മുന്‍പില്‍ നിന്നും ടിക്കറ്റ് കൊടുത്തു പുറകില്‍ എത്തിയ ശേഷം അദ്ദേഹം ചുറ്റും നിക്കി ബെല്‍ ഡബിളടിച്ചു.

ബസ് സ്ടാര്ടു ചെയ്തതും പുറത്തു നിന്നും ഏതാനും യാത്രക്കാര്‍ കൂടി തിരക്കിട്ട് ബുസ്സിനുള്ളിലെയ്ക്ക് ചാടിക്കയറി. അവരെ തന്റെ ഭാഗത്ത് തടഞ്ഞുവച്ച് കണ്ടക്ടര്‍ ടിക്കറ്റ് നല്കി.

ചാടി കയറിയവരില്‍ ഒരാള്‍ ഒഴിഞ്ഞു തന്നെ കിടന്നിരുന്ന എന്റെ സീറ്റിന്റെ ബാക്കിയില്‍ വന്ന് ഇരിപ്പുറപ്പിച്ചു. ഞാന്‍ അയാളെ വെറുതെ ഒന്നു നോക്കി.

എവിടെയോ കണ്ടു മറന്ന മുഖം. !

പക്ഷെ , അയാള്‍ എന്ന്നെ അത്ര കാര്യമാക്കാതതുപോലെ

തലയില്‍ ഇരു വശവും ആകര്‍ഷകമായ കഷണ്ടി അരിച്ചു കയറിയിട്ടുണ്ടെങ്കിലും ഉള്ള തലമുടി ആത്മാര്‍ഥമായി പുറകോട്ടു ചീകി ഒതുക്കിയിട്ടുണ്ട്. പക്ഷെ , അങ്ങിങ്ങു നര ബാധിച്ച താടി രോമങ്ങള്‍ അലസമായി നീണ്ടു വളര്‍ന്നു കിടക്കുന്നു. കോഴി മുട്ടയുടെ ആകൃതിയില്‍ ഉള്ള കനത്ത ഫ്രെയിം ഉള്ള കണ്ണട അയാളുടെ മുഖത്തിന്റെ ആകൃതി തന്നെ മാറ്റുന്നത്‌ പോലെ. വൃത്തിയും മണവും ഉള്ളതെങ്കിലും ഷര്‍ട്ടും പാന്റ്സും ഈയിടെയൊന്നും ഇസ്തിരിപ്പെട്ടി തടവിയ ലക്ഷണത്തിലല്ല.

അതെ ; ഈ മധ്യ വയസ്കനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. എന്ന് തന്നെയല്ല , നല്ല പരിചയം ഉള്ളത് പോലെ തന്നെയുണ്ട്‌.

പക്ഷെ, ആരാണ് ? ഓര്‍മ കിട്ടുന്നില്ല.

ഞാന്‍ തറപ്പിച്ചു നോക്കുന്നത് ശ്രദ്ധിച്ച അയാള്‍ തിരിഞ്ഞ് എന്നെ നോക്കി. എന്റെയും അയാളുടേയും കണ്ണുകള്‍ തമ്മില്‍ ഒന്ന് ഇടഞ്ഞു. പക്ഷെ , അയാള്‍ക്ക്‌ എന്നെ പരിചയം ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാത്തതിനാല്‍ പെട്ടെന്ന് തന്നെ കണ്ണെടുത്ത്‌ ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.

ഒരു പക്ഷെ, എനിക്ക് തോന്നുന്നതാകുമോ ?

എനിക്ക് വെറുതെ തോന്നുകയോ ? ഹേയ്, അതില്ല.

ഒന്നു ചോദിച്ചാലോ ? ഒന്നു പരിചയപ്പെട്ടാലോ ? വേണ്ട; അതിന്റെയൊന്നും ആവശ്യമില്ല. ഒരു പക്ഷെ, ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത ആരെങ്കിലും തന്നെയാനെങ്കിലോ ? അല്ലെങ്കില്‍ത്തന്നെ വലിയെ ആരെയും കയറിയങ്ങു പരിചയപ്പെടുന്നത്‌ എനിക്കത്ര ഇഷ്ടവും അല്ല.

എങ്കിലും ഞാന്‍ വീണ്ടും അയാള്‍ അറിയാതെ അയാളെ നോക്കി. എവിടെയോ കണ്ടു മറന്നത് പോലെ മാത്രമെ എന്നിട്ടും എനിയ്ക്ക് അയാളെ കാണാന്‍ കഴിയുന്നുള്ളൂ.

ഞാന്‍ വീണ്ടും ഓര്‍മിച്ചു നോക്കാന്‍ തുടങ്ങി.

ബസ്സ് പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം എന്റെ ഓര്‍മയും പല സ്ഥലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും പായുകയായിരുന്നു. എന്നിട്ടും എങ്ങും എവിടെയും എന്റെ അടുത്തിരിയ്ക്കുന്ന മനുഷ്യനെ ഞാന്‍ കാണുന്നില്ല. ഇനിയൊരു പക്ഷെ , വഴിയ്ക്കെവിടെയെങ്കിലും ഇയാള്‍ ഇറങ്ങിയാലോ ? അതുമല്ലെങ്കില്‍ എന്റെ യാത്ര അവസാനിയ്ക്കുമ്പോഴും എനിക്ക് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്കിലോ ?

എങ്കില്‍ എനിക്കുണ്ടാകുന്ന നിരാശ എത്രയും വലുതായിരിക്കും. അതു കൊണ്ടു തന്നെ എന്റെ ശ്രമം അനുനിമിഷം നിഷ്ഫലമാകുമ്പോഴും ഓര്‍മ്മിച്ചോര്‍മ്മിച്ച് മനസ്സു ക്ഷീണിയ്ക്കുമ്പോഴും ഞാന്‍ എന്റെ ലക്ഷൃത്തില്‍ നിന്നും പിന്‍ തിരിഞ്ഞതേയില്ല.

എത്രയും പെട്ടെന്ന് എന്റെ അടുത്തിരിയ്ക്കുന്ന ആള്‍ ആരാണെന്ന് അയാളോട് തിരക്കാതെ തന്നെ അറിയാനുള്ള ഒരു തരം വാശി മാത്രമായിരുന്നില്ല എനിയ്ക്ക്; എന്റെ ഓര്‍മ്മ ശക്തി പരീക്ഷിയ്ക്കുവാനുള്ള ഒരു അസുലഭ സന്ദര്‍ഭമായിട്ടു തന്നെ ഞാന്‍ ഇടതിനെ കണ്ടു.

അങ്ങനെ ഓര്‍മിച്ചു നോക്കല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

പക്ഷെ..........

പെട്ടെന്നാണ്‌ ആരോ എന്നെ തോളില്‍ തട്ടി വിളിച്ചത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പുറകില്‍ കണ്ടക്ടര്‍ !

യാത്ര അവസാനിച്ചിരിയ്ക്കുന്നു. സ്ഥലം കിളിമാനൂര്‍ ബുസ്റ്റാന്‍ഡ്. മറ്റു യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ മാത്രം ബസ്സിനുള്ളില്‍. ചാടിയ്ഴുന്നേറ്റു നടന്നിറങ്ങിയിട്ടാണ് ഓര്‍ത്തത്‌.

അടുത്തിരുന്ന ആള്‍ ?

ഒരു കാര്യം ഉറപ്പാണ്. അയാളെ എവിടെയോ വച്ചു ഞാന്‍ പണ്ടും കണ്ടു പരിചയപ്പെട്ടിട്ടുണ്ട്.
പക്ഷെ , എവിടെവച്ച്‌ ?

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്