മാത്ര്‌ഭൂമി മുഖപ്രസംഗം-2009 ഫെബ്രുവരി 8
അരാജകത്വത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്
തീവ്ര ഹിന്ദുത്വത്തിന്റെ പേരില്‍ ഏത് അക്രമത്തിനും ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ചില സംഘടനകളെ അഴിഞ്ഞാടാന്‍ അനുവദിക്കുന്നത് നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ സൈ്വരജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. ആപത്‌കരമായ ഈ പ്രവണതയുടെ, അടുത്തകാലത്തുണ്ടായ ഏറ്റവും പ്രകടവും നിന്ദ്യവുമായ അരങ്ങേറ്റം കഴിഞ്ഞയാഴ്‌ച കാസര്‍കോട് ജില്ലയോട് തൊട്ടുരുമ്മിക്കിടക്കുന്ന മംഗലാപുരത്തായിരുന്നു. ഒരു പബ്ബില്‍ സായാഹ്നം ചെലവിടാനെത്തിയ കുറെ യുവതീയുവാക്കളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്‌തത് ശ്രീരാമസേന എന്ന പേരിലുള്ള ഒരു സംഘടനയില്‍പ്പെട്ടവരാണ്. അതിന്റെപേരില്‍ കേസെടുത്ത് അന്വേഷിക്കാനും സംഘടനയുടെ തലവന്‍ പ്രമോദ് മുത്തലിക്ക് അടക്കം ചിലരെ അറസ്റ്റുചെയ്യാനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറായി.
എങ്കിലും പബ്ബ് സംസ്‌കാരത്തെ തുടച്ചുനീക്കേണ്ടതുതന്നെയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി യെദ്യൂരപ്പയും ആഭ്യന്തരമന്ത്രി വി.എസ്.ആചാര്യയും അക്രമികളുടെ ഉദ്ദേശ്യശുദ്ധിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത് എന്നത് ആശങ്കയും ഞെട്ടലും ഉളവാക്കുന്നു. ഭാരതീയ സംസ്‌കാരത്തിന് യോജിക്കാത്തതെന്ന് ചില വര്‍ഗീയ സംഘടനകള്‍ വിധിയെഴുതുന്ന കാര്യങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്ക് ഇതായിരിക്കും അനുഭവമെന്നാണ് ഈ പ്രവൃത്തിയിലൂടെ കര്‍ണാടക സര്‍ക്കാര്‍ പരോക്ഷമായി വ്യക്തമാക്കിയത്.
അതിന്റെ ഫലം അധികം വൈകാതെതന്നെ കണ്ടുതുടങ്ങി എന്ന് സ്‌പഷ്‌ടമാക്കുന്നതാണ് കേരള നിയമസഭാംഗമായ സി. എച്ച്. കുഞ്ഞമ്പുവിന്റെ മകള്‍ക്ക് കഴിഞ്ഞദിവസം മംഗലാപുരത്തുണ്ടായ അനുഭവം. തന്റെ സുഹൃത്തിന്റെ സഹോദരനായ ഒരു മുസ്‌ലിം യുവാവിനോട് ബസ്സിലിരുന്ന് സംസാരിച്ചു എന്നതാണ് അവര്‍ ചെയ്‌ത അപരാധം. അതിന്റെപേരില്‍ അവര്‍ ഇരുവര്‍ക്കും നേരിടേണ്ടിവന്ന പീഡനവും മാനസിക പിരിമുറുക്കവും ഒരു തലമുറയുടെതന്നെ സ്വാതന്ത്ര്യബോധത്തിനും ആത്മവിശ്വാസത്തിനും മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായിരിക്കുകയാണ്. അക്രമികളുടെ കാലുപിടിച്ച് കേണപേക്ഷിച്ച പെണ്‍കുട്ടിയെ കുറേക്കഴിഞ്ഞ് വിട്ടയച്ചെങ്കിലും കൂടെയുണ്ടായിരുന്ന യുവാവിനെ ഓട്ടോറിക്ഷയില്‍ കയറ്റി ദൂരസ്ഥലത്തെങ്ങോ കൊണ്ടുപോയി രാത്രി വൈകുംവരെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഘപരിവാറില്‍പ്പെട്ട ബജ്‌റംഗ് ദളിനേയും ശ്രീരാമസേനയെയുമാണ് ഈ കേസില്‍ സംശയിക്കുന്നതെങ്കിലും ഈ രണ്ട് സംഘടനകളും ആരോപണം നിഷേധിച്ചിരിക്കുകയാണ്. എങ്കിലും ആ ഇനത്തില്‍പ്പെട്ട സംഘടനകളില്‍ ഒന്നുതന്നെയാണ് ഇതിനു പിന്നിലും എന്നു വ്യക്തം. സര്‍ക്കാരിന്റെ മൃദുസമീപനം സമാന ചിന്താഗതിക്കാരായ കൂടുതല്‍ പേരെ അക്രമത്തിന്റെ പാതയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ സൂചനയായി വേണം ഇതിനെ കണക്കാക്കാന്‍.
ശ്രീരാമസേനയുടെ വക മറ്റൊരു ഭീഷണികൂടി നിലവിലുണ്ട്. ഫിബ്രവരി 14ന് വാലന്‍ൈറന്‍സ് ദിനാഘോഷത്തിന്റെ ഭാഗമായി ഒത്തുചേരുന്ന യുവതീയുവാക്കളുടെ നേര്‍ക്കാണത്. ഒന്നുകില്‍ കൈയോടെ മംഗല്യസൂത്രം അണിയിപ്പിച്ച് വിവാഹിതരാക്കും; വിസമ്മതിച്ചാല്‍ കൈയില്‍ 'രാഖി' കെട്ടി തിരിച്ചയയ്‌ക്കും എന്നാണ് മുത്തലിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കശ്‌മീരിലെ ചില ഇസ്‌ലാമിക മൗലികവാദി സംഘടനകളുമായി ഇവര്‍ക്ക് എന്തു വ്യത്യാസമാണുള്ളത്? വാലന്‍ൈറന്‍സ് ദിനാഘോഷത്തോടുള്ള എതിര്‍പ്പും ബുര്‍ഖയണിയിക്കാനുള്ള സമ്മര്‍ദവുമൊക്കെയാണ് അവരുടെയും രീതി.
ഒരു ജനസമൂഹത്തിന്റെ ജീവിതരീതിയാകെത്തന്നെ തങ്ങളുടെ ചൊല്‌പടിയിലാക്കിയെടുക്കാനാണ് ഈ തീവ്രവാദ സംഘടനകളെല്ലാംതന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാംസ്‌കാരിക അധീശത്വത്തില്‍ വ്യക്തിസ്വാതന്ത്ര്യവും പുരോഗമനചിന്തയും എന്തിനേറെ, ജനാധിപത്യബോധം വരെയും ചവിട്ടിമെതിക്കപ്പെടുകയേ ഉള്ളൂ. അതിന് അധികാരസ്ഥാനത്തുള്ളവരുടെ ഒത്താശകൂടി ഉണ്ടെങ്കില്‍ ജീവഭയംകൊണ്ട് കുറേപ്പേരെങ്കിലും കീഴ്‌പ്പെടുന്ന സ്ഥിതി വരും.
അങ്ങനെയൊരു സ്ഥിതിവിശേഷം മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും ഭീഷണിയായിത്തീരും. അര്‍ബുദകോശങ്ങളെപ്പോലെ അത് സമൂഹത്തെയാകെ ഗ്രസിച്ചാലത്തെ സ്ഥിതി ചിന്തിക്കാനാവില്ല. അതിനുള്ള ഒത്താശയാണ് കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ ചെയ്‌തുകൊടുക്കുന്നത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ കോളേജുകളില്‍ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ അഞ്ചുകോടി രൂപ എ.ബി.വി.പി. നേതൃത്വം നല്‍കുന്ന സമിതികളെയാണ് ഏല്‌പിച്ചിരിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. കാരണം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രവര്‍ത്തനമാണ് ഇതിന്റെ മറവില്‍ നടക്കുന്നതെന്നാണ് ആക്ഷേപം. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സന്മനസ്സു കാട്ടണം.
ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരെന്ന നിലയ്‌ക്ക് എല്ലാവിഭാഗം ജനങ്ങളോടും തുല്യ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണമെങ്കില്‍ വിഭാഗീയ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുവരികയാണ് വേണ്ടത്. ഓരോ മതമൗലിക വിഭാഗത്തിനും അവരുടെ ഇംഗിതത്തിനൊത്ത് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന സ്ഥിതി വന്നാല്‍ അരാജകത്വമായിരിക്കും ഫലം. അതിലേക്ക് ഈ നാടിനെ നയിക്കരുത്.
No comments:
Post a Comment