ലേഖനം
ഇതു മത ഭ്രാന്താലയമോ?മുൻ കുറിപ്പ് :ഒരു ഭർത്താവിനെ കരടി ഓടിയ്ക്കുമ്പോൾ ഭർത്താവിനേയും കരടിയേയും ഒരുപോലെ പ്രോത്സാഹിപ്പിയ്ക്കുന്ന ഭാര്യയുടെ നിലപാട് പോലെയാണ് ചിലപ്പോൾ നിഷ്പക്ഷത എന്നു കരുതുന്നതുകൊണ്ട് ഇങ്ങനെ ചുമ്മാ ചിലതൊക്കെ കോറിയിടുന്നു.
നിഷ്പക്ഷത ഒരു സങ്കല്പമാണ്. അത് ഒരിയ്ക്കലും യാഥർത്ഥ്യമല്ല. ആപേക്ഷികമായെങ്കിലും രണ്ടിലൊന്നു മെച്ചമെന്നു പറയാതിരിയ്ക്കുമ്പോഴും മനസിലൊരു നിലപാട് കാണും. അതുകൊണ്ടാകാം നിഷ്പക്ഷതയെ ദുർബലന്റെ ആയുധം എന്നു പറയുന്നത്. എന്നാൽ അച്ഛനോ അമ്മയോ നല്ലത് എന്നാണു ചോദ്യമെങ്കിൽ അതിനെപറ്റി ചിന്തിക്കുകയേ അരുത്. അച്ഛനും അമ്മയും രണ്ടല്ല, ഒന്നാണ്. മാക്കളിൽ ആരോടാണിഷ്ടം എന്നു ചോദിച്ചാലും, അവർ പലതല്ല ഒന്നാണ്. പക്ഷെ പ്രവ്ര്ത്തികളെപറ്റിയാണെങ്കിൽ അച്ഛനമ്മമാർ ചെയ്യുന്നതായാലും, മക്കൾ ചെയ്യുന്നതായാലും ശരിയേത് തെറ്റേത് എന്നു ചോദ്യം വന്നാൽ ഒരുത്തരം ഉണ്ടായിരിയ്ക്കും. പറഞ്ഞാലും ഇല്ലെങ്കിലും!
എന്റെ ഈ ബ്ലോഗെഴുത്തുകൊണ്ട് ഒരു ഗുണവും ഉണ്ടാകണം എന്നില്ല. അതെനിയ്ക്ക് നന്നായി അറിയാം. അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പോസ്റ്റും പബ്ലിഷ് ചെയ്യുന്നത്. കമ്പ്യൂട്ടറും ഇന്റെർനെറ്റുമായി ബന്ധപ്പെടുന്നവരും അവരിൽതന്നെ വിരലിൽ എണ്ണാവുന്നവരും മാത്രമായിരിയ്ക്കും ഈ എഴുത്തു കാണുക എന്നും അറിയാം. തുറന്നു പറയട്ടെ, ഇനി ആരും വായിച്ചില്ലെങ്കിലും വേണ്ടില്ല ആത്മ സംത്ര്‌പ്തിയ്ക്കു വേണ്ടിയാണ് ഗൂഗിളിന്റെ ചുവർ ഇങ്ങനെ വിനിയോഗിക്കുന്നത്.
അതെ, നമ്മൾ പാവം ബ്ലോഗർമാർ വെറും ചുവരെഴുത്തുകാർ. പക്ഷെ ചുവരെഴുത്തിനു ലഭിയ്ക്കുന്ന വായനാസൌഭാഗ്യവും ജനകീയതയും അമൂല്യങ്ങളായ ഗ്രന്ഥങ്ങൽക്കു പോലും ലഭിയ്ക്കുന്നില്ലാ, എന്നു മറക്കേണ്ട.അച്ചടി-ദ്ര്ശ്യ- ശ്രവ്യ മാദ്ധ്യമങ്ങളുടെ മലവെള്ളപ്പാച്ചിലിലും ജനങ്ങളുടെ സഹകരണം ആവശ്യമുള്ള അവർ നിച്ഛയമായും അറിയണം എന്നാഗ്രഹിയ്ക്കുന്ന മുഖ്യ സന്ദേശങ്ങൾ ഇന്നും ആരാന്റെ ചുവരുകളിൽ തന്നെ സ്ഥാനം പിടിയ്ക്കുന്നു. അതുകൊണ്ട് ചുവരുകളോടുള്ള നന്ദി നിസീമമാണ്. ഗൂഗിളിനും നന്ദി.
ഈ പോസ്റ്റെഴുതാനുള്ള പ്രേരണ മാംഗളൂരിൽ ആണും പെണ്ണും തമ്മിൽ മിണ്ടിയതിന് വർഗീയ ഫാസിറ്റുകൾ നടത്തിയ ആക്രമണമാണ്. പക്ഷെ, എഴുതിവന്നപ്പോൾ അക്ഷരങ്ങൾ കൈവിട്ടുപോയി എന്നു തോന്നുന്നുവെങ്കിൽ ക്ഷമിയ്ക്കുക. എളുപ്പം പറഞ്ഞു തീർക്കാൻ പറ്റാത്ത വസ്തുതകളാണ് എഴുത്തിനെ സങ്കീർണ്ണമാക്കുന്നത്.
ഇനി ഇവിടെ പറയണമെന്നു വിചാരിച്ച ചില പ്രധാന കാര്യങ്ങളിലേയ്ക്ക്. .ലോകം മുഴുവൻ ക്രൈസ്തവാധിപത്യം സ്ഥാപിയ്ക്കുവാൻ ക്രിസ്ത്യാനികൾ. ലോകം മുഴുവം ഇസ്ലാമിന്റേതാക്കുവാൻ മുസ്ലീങ്ങൾ. ഇന്ത്യയെ എങ്കിലും ഹിന്ദു രാഷ്ട്രമാക്കണം ഹിന്ദുക്കൾക്ക്! മനുഷ്യനുവേണ്ടി ഒരു രാഷ്ട്രമോ ലോകമോ പണിയാൻ ആരുമില്ലെന്നു വന്നിരിയ്ക്കുന്നു.
നാം ഇന്ത്യക്കാർ. ഇന്ത്യാക്കാരാണ് എന്നതിൽ അഭിമാനിയ്ക്കുന്നവർ. എന്നാൽല ഇന്ത്യയിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം ഉണ്ടാകുന്നതല്ല,ഈ സ്വാഭിമാനം.നമ്മുടെ രാജ്യത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരുപൊട് പ്രേരക ഘടകങ്ങൾ അതിനുപിന്നിലുണ്ട്. ഒരു രാജ്യത്തു ജനിച്ചു വീണു എന്നതുകൊണ്ടു മാത്രം ആ രാജ്യത്തോടു പ്രതിബദ്ധത ഉണ്ടായിക്കൊള്ളണമെന്നില്ല.
ചില രാജ്യങ്ങളിൽ ജനിച്ചുപോയതേ ശാപമായിക്കരുതുന്ന-കരുതേണ്ടിവരുന്ന മനുഷ്യരുണ്ട്, ലോകത്തിലെ ചില രാജ്യങ്ങളിൽ. ആ രാജ്യങ്ങളിലെ ചില സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളാണ് അവിടങ്ങളിലെ ജനങ്ങളെ അങ്ങനെ ചിന്തിയ്ക്കുവാൻ പ്രേരിപ്പിയ്ക്കുന്നത്. ശാന്തിയുടേയും, സമാധാനത്തിന്റേയും അന്തരീക്ഷത്തിൽ അവനവന്റെ വ്യക്തിത്വ വികസനത്തിന് അനുപേക്ഷണീയമായ സ്വാതന്ത്ര്യം അനുഭവിച്ചും, സുരക്ഷിതമായും ജീവിയ്ക്കുവാനുള്ള സാഹചര്യങ്ങൾ നിലനില്ക്കുന്നുവെങ്കിലൽ മാത്രമേ ആ രാജ്യത്തെ പൌരന്മാര്ക്ക് സ്വന്തം രാജ്യത്തോട്`പ്രതിബദ്ധത ഉണ്ടാവുകയുള്ളു. അങ്ങനെയല്ലാത്ത രാജ്യങ്ങലിലൊക്കെ അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാകും.
ആ നിലയില് നോക്കുമ്പോളൾ നാം ഇന്ത്യക്കാർ ഇതുവരേയും ഭാഗ്യം ചെയ്തവരായിട്ടൂണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും അതിന്റെ സമ്പൂർണ്ണാർത്ഥത്തിൽ പരിപാലിയ്ക്കുവാൻ പ്രതിജ്ഞാബദ്ധമായ രാജ്യം.നാനാത്വത്തിലും ഏകത്വം പുലര്ത്തി മതേതരത്വത്തിലും അടിയുറച്ച് പുരോഗമിയ്ക്കുവാൻ നമുക്ക് എക്കാലത്തും കരുത്തു നല്കിയിട്ടുള്ളത് ഈ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ്.ലോകത്തിലെ ഏറ്റവും വിപുലവും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലകളിൽ ഒന്നുമാണ് സ്വതന്ത്ര ഇന്ത്യ.
ഭൂമിശാസ്ത്ര ഘടകങ്ങളിലും ജനജീവിതത്തിലും ഉള്ള വൈവിധ്യങ്ങളുടെ സൌന്ദര്യവും, ആ വൈവിധ്യങ്ങൾക്കിടയിലെ നാമൊന്ന് എന്ന സമഭാവനയും ചേർന്ന് നെഞ്ച്ചേറ്റുന്നതാണ് ജന്മഭൂമി എന്നതിലുപരി, ഒരു ഇന്ത്യക്കാരനിലെ സ്വാഭിമാനവും, സ്വരാജ്യസ്നേഹവും. ഉള്ളിലുറച്ച ആ അഭിമാന ബോധത്തിന് പോറലേറ്റാൽ അതോടെ മരിച്ചുപോവുക ഒരു ഇന്ത്യക്കാരനിലെ ഇന്ത്യക്കാരനാണ്. എന്നാലിന്ന് ഇന്ത്യാക്കാരനിലെ അഭിമാന ഘടകങ്ങൾ ഒന്നായി ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു എന്നത് ഒരു അപ്രിയ സത്യമാണെന്നു കരുതി അതു പറയാതിരിയ്ക്കാൻ കഴിയില്ല.
ഇന്നുവരെ ഇന്ത്യ ഉയർത്തി പിടിച്ചിരുന്ന ആദർശങ്ങളും മൂല്യങ്ങളും ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു അഥവാ ഉപേക്ഷിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു എന്നതിന്റെ വേദന കളങ്കമില്ലാത്ത ഏതൊരൊരു ഇന്ത്യക്കാരനും ഇന്നു പേറിനടക്കുന്നുണ്ടകാം.നമ്മുടെ രാജ്യത്തെക്കുറിച്ച് നാം അഭിമാനത്തോടെ പറയുന്ന കുറെ കാര്യങ്ങളുണ്ട്. നാനാത്വത്തിൽ ഏകത്വം പുലരുന്ന നാട്. മതേതരത്ത്വത്തിന്റെ നാട്.ആഥിത്യ മര്യാദയുടെ നാട്.നൽകുവാനും സ്വീകരിയ്ക്കുവാനും സദാ സന്നദ്ധമായ നാട്.സ്വന്തമായതിലൊക്കെ അഭിമാനിയ്ക്കുമ്പോഴും കടന്നുവരുന്ന നല്ലതെന്തിനേയും സ്വീകരിയ്ക്കുവാനുള്ള. വിശാലമനസ്കത. ഒട്ടകത്തിനു സ്ഥലം നല്കിയതുപോലെ വിദേശികൾക്ക് പണ്ടകശാല പണിയാൻ ഇടം നൽകി ഒടുവിൽ കൊടുത്ത ഇടത്തിനും രാജ്യത്തിനു തന്നെയും അവകാശികളായി അവർ മാറിയപ്പോൾ അവർക്കെതിരെ ഇരുമെയ് മറന്ന് പോരാടി വിജയം കൊയ്തതിന്റെ വീരസ്മരണകളുള്ള ഇന്ത്യ.
സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം, തുടങ്ങിയ മഹത്തായ ആദർശങ്ങളിൽ അടിയുറയ്ക്കുവാൻ പ്രതിജ്ഞചെയ്ത നാട്.സ്വതന്ത്ര വിദേശനയമുള്ള നമ്മുടെ രാജ്യം ആഗോള സമാധാനത്തിലും, സഹിഷ്ണുതയിലും, മാനവികതയിലും വിശ്വസിയ്ക്കുന്നു.നമുക്കു ചേരികളില്ല. മത സൌഹാർദ്ദത്തിനു കേൾവിപ്പെട്ട നമ്മുടെ രാജ്യത്ത് ഹിന്ദുവും മുസ്സ്ലിമും ക്രിസ്ത്യാനിയും സൌഹാർദ്ദത്തോടെ ജീവിയ്ക്കുന്നു.അമ്പലവും, മസ്ജിദും ചർച്ചും പ്രൌഢിയോടെ തോളുരുമ്മി നിൽക്കുന്നു. പക്ഷെ, ഇനി എന്നും അങ്ങനെ തന്നെ ആയിരിയ്ക്കുമോ? ആയിരിയ്ക്കാൻ വഴിയില്ലെന്ന അശുഭ പ്രതീക്ഷ വച്ചു പുലർത്തേണ്ടി വന്നിരിയ്ക്കുന്നു എന്നത് ഖേദപൂർവ്വം പറയട്ടെ.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നാം നമ്മുടെ വിദേശ നയം രൂപീകരിയ്ക്കുന്ന വേളയിൽ ലോകത്തു രണ്ടു ശാക്തികചേരികൾ നിലനിന്നിരുന്നു. അവർതമ്മിൽ കടുത്ത മത്സരവും. സോവിയറ്റു യൂണിയന്റെ നേത്ര്ത്വത്തിലുള്ള സോഷ്യലിസ്റ്റു ചേരിയും, അമേരിക്ക നേത്ര്ത്വം നൽകുന്ന മുതലാളിത്വ ചേരിയും ആയിരുന്നു അവ. എന്നാൽ ഇന്ത്യ ഒരു ചേരിയിലും ചേർന്നില്ല. പകരം ചേരിചേരായ്മയിൽ അധിഷ്ഠിതമായ ഒരു സ്വതന്ത്ര വിദേശനയം രൂപപ്പെടുത്തി. എന്നാൽ ഈ ചേരിചേരായ്മയുടെ അർത്ഥം നിഷ്പക്ഷത എന്നതല്ല.മറിച്ച് ലോകത്ത് എവിടെയും കാലാകാലങ്ങളിൽ ഉണ്ടാകുന്ന വിഷയങ്ങളിൽ അപ്പപ്പോൾ ന്യായാന്യായം നോക്കിയും, ലോകസമാധാനം കാംക്ഷിച്ചുകൊണ്ടും, ഇന്ത്യയുടെ നിലനില്പും സുരക്ഷിതത്വവും കണക്കിലെടുത്തുകൊണ്ടും ഉചിതമായ നിലപാട് സ്വീകരിയ്ക്കും എന്നാണ്. അല്ലാതെ എറാൻ മൂളലോ, മൌനമോ അല്ല.
എന്നാൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിൽനിന്നും കാര്യമായ വ്യതിചലനം സംഭവിച്ചിരിയ്യ്ക്കുന്നു. ഇന്നു ലോകരാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കൻ പക്ഷരാഷ്ട്രമെന്നു് ആരോപിക്കാൻ ഇടയാക്കുന്ന നിലപാടുകളാണു പല അന്തർദേശീയ വിഷയങ്ങളിലും നമ്മുടെ ഭരണാധികാരികൾ സ്വീകരിച്ചു പോരുന്നത്. ഇറാൻ വിഷയത്തിൽ യു.എൻ-ൽ അടക്കം സ്വീകരിച്ച നിലപാടുകളായാലും, ഇറാക്കു വിഷയത്തിലായാലും, ഇപ്പോൾ പാലസ്തീൻ വിഷയത്തിലായാലും ഇന്ത്യൻ ഭരണകൂടം സ്വീകരിയ്ക്കുന്ന നയം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള സങ്കല്പങ്ങളെ കീഴ്മേൽ മറിയ്ക്കുന്നതാണ്.
ഇന്നു നാം കാണുന്നതൊക്കെയാണ് ജനാധിപത്യം എന്നു ചുമ്മാ വിശ്വസിയ്ക്കുക. നാം ഇനി പൊരുത്തപ്പെടുവാൻ പഠിയ്ക്കുക. അഞ്ചുപേർ ഉള്ളതിൽ മൂന്നുപേർ കൈ പൊക്കി കാണിച്ചിട്ട് ഇതു കാലാകുന്നു എന്നു പറഞ്ഞാൽ അവ കാലുകൾതന്നെ. കാരണം അഞ്ചിൽ മൂന്നായാൽ ഭൂരിപക്ഷമായി. വിവേചന ശേഷി ഇല്ലാത്ത ജനവിഭാഗങ്ങൾക്കിടയിൽ ജനാധിപത്യം പ്രയോഗിയ്ക്കുമ്പോൾ ഇത്തരം ഒരു ദുര്യോഗം സ്വാഭാവികമാണ്. അതുകൊണ്ട് ജനാധിപത്യം ഉപേക്ഷിയ്ക്കാനും കഴിയില്ല. കാരണം അതിനു പകരം വയ്ക്കാൻ പോരായ്മകൾ ഇല്ലാത്ത മറ്റൊരു വ്യവസ്ഥയില്ല.അതുകൊണ്ട് നാം ഇനി യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുക.ജനാധിപത്യം ഉപയോഗിച്ച് ജനാധിപത്യ വിരുദ്ധർ അധികാരം പിടിച്ചെടുക്കുന്നിടത്ത് മറ്റെന്തു ചെയ്യാൻ?
വർഗീയ ഫാസിസ്റ്റു പ്രസ്ഥാനങ്ങൾക്കാണ് ഇന്ത്യയുടെ മണ്ണിൽ വളക്കൂറുള്ളതെന്ന യഥാർഥ്യം നാം വെറുതെ മറച്ചുപിടിച്ചിട്ടെന്തു കാര്യം? വർഗീയ ശക്തികൾ അധികാരത്തിൽ വരുന്നതു തടയാൻ മുറവിളി കൂട്ടുമ്പോഴും അവർക്കു അധികാരത്തിലേയ്ക്കുള്ള വഴികൾ കൂടുതൽ എളുപ്പമായിക്കൊണ്ടിരിയ്ക്കുന്നു.ഇനി അധികാരം ഇല്ലെങ്കിൽ ഫാസിസ്റ്റുകൾ അടങ്ങിയിരിയ്ക്കുമോ? കായികശക്തിയിലും ആയുധ ശേഖരത്തിലും പണശക്തിയിലും സൈന്യത്തെ പോലും കവച്ചു വയ്ക്കുന്ന സർവ്വസന്നാഹങ്ങളോടുംകൂടി വിലസുന്ന അവർ ഒരിയ്ക്കലും രാജ്യത്തെ നിയമ സംവിധാനങ്ങളെ ഭയക്കുന്നവരോ അംഗീകരിയ്ക്കുന്നവരോ അല്ല. മസ്സിൽ പവർകൊണ്ട് സമൂഹത്തെ ഭയപ്പെടുത്തി ശക്തി പ്രാപിയ്ക്കുന്നവരാണ് അവർ. അവർക്കു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും സന്നദ്ധതയുള്ള ക്രിമിനലുകൾ എന്നും അവർക്കു മുതൽക്കൂട്ടാണ്. ഇല്ലെങ്കിൽ ക്രിമിനലുകളെ അവർതന്നെ സ്ര്ഷ്ടിച്ചുകൊള്ളും.
കേവലം ആശയ പ്രചരണം കൊണ്ടും രാഷ്ട്രീയ ബോധ വൽകരണം കൊണ്ടോ ഇതു പരിഹരിയ്ക്കാൻ കഴിയും എന്നത് ഒരു വ്യാമോഹം മാത്രമാണെന്നേ ഇന്നത്തെ അവസ്ഥയിൽ കരുതാൻ കഴിയുകയുള്ളു. അത്രകണ്ട് രാജ്യം വർഗീയവൽകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വർഗീയത രാഷ്ട്രീയധികാര ലഭ്യതയ്ക്കുള്ള ഒരു ഉപാധിയാണെന്ന തിരിച്ചറിവാണ് വർഗീയാടിത്തറയിൽ രാഷ്ട്രീയം നടത്താനുള്ള പ്രേരണ. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വർഗീയ ചേരിതിരിവു ഇനി ഒരിയ്ക്കലും കൂട്ടി യോജിപ്പിയ്ക്കാനാകത്ത വിധം പ്രകടമായി കഴിഞ്ഞു. പരസ്പരം ഏല്പിച്ച മുറിവുകൾ അത്ര വേഗം ഉണങ്ങുന്നതല്ല എന്നതാണ് യാഥാർഥ്യം.
ഹിന്ദുക്കളും മുസ്ലീങ്ങളും പ്രത്യേകം ചേരികളിലാണ് താമസം. പണ്ടും അങ്ങനെയൊക്കെത്തന്നെയായിരുന്നുവെങ്കിലും പരസ്പരം സഹകരിയ്ക്കാൻ തീരെ പറ്റാത്ത വിധം ബന്ധങ്ങൾ വഷളായിരുന്നില്ല.പണ്ട്` ക്രിസ്ത്യാനികൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് അവർ ഏറ്റവുമധികം വേട്ടയാടപ്പെടുകയാണ്. മുൻപ് കേരളത്തിൽ നിന്നൊക്കെ പോകുന്ന മുസ്ലീങ്ങൾ പേരു ചൊദിച്ചാൽ ക്രിസ്ത്യൻ പേരു പറയുമായിരുന്നു. ഇപ്പോൾ ക്രിസ്ത്യൻ പേരു പറഞ്ഞാൽ കൂടുതൽ അപകടമാണ്. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സുരക്ഷിതമായി സഞ്ചരിയ്ക്കാൻ കഴിയില്ലെന്ന യാഥാർത്യം മറ്ച്ചു വയ്ക്കേണ്ട യാതൊരാവശ്യവും ഇല്ല.
വേഷം കൊണ്ടോ നാമം കൊണ്ടോ ഹിന്ദുവല്ലെന്ന തിരിച്ചറിവ് നൽകുന്നത് അപകടകരമാണ്. മിക്ക സംസ്ഥാനങ്ങളിലും സംഘപരിവാർ ശക്തികൾ അവർക്ക് അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹിന്ദു രാഷ്ട്രസ്ഥാപനത്തിന്റെ മുന്നൊരുക്കങ്ങൾ തക്രിതിയിൽ നടത്തിക്കൊണ്ടിരിയ്ക്കുന്നു. ബി.ജെ.പി ഒറ്റയ്ക്ക് കേന്ദ്രത്തിൽ അധികാരം ലഭിയ്ക്കുന്നതുവരെ മാത്രമാണ് ഇന്ത്യ പേരിനെങ്കിലും മതേതരമായി തുടരുക. ഒറ്റയ്ക്ക് അധികാരത്തിൽ അവർക്കു വരാൻ കഴിയില്ലെന്ന ശുഭ പ്രതീക്ഷ വച്ചു പുലർത്താനും കഴിയില്ല. അധികാരം ഊട്ടി ഉറപ്പിയ്ക്കുന്നതുവരെ ജനാധിപത്യത്തെത്തന്നെ അവർ ഉപയോഗിയ്ക്കും. ശേഷത്തെ കാര്യം ഊഹിക്കാവുന്നതേയുള്ളു.
മുസ്ലീങ്ങൾക്ക് മിക്ക സംസ്ഥാനങ്ങളിലും സ്വന്തമായി ഭൂമിയോ വീടോ വാങ്ങുവാൻ ലഭിയ്ക്കുന്നില്ല. വാടകയ്ക്ക് വീടോ സ്ഥാപനങ്ങൾ നടത്താൻ കെട്ടിടങ്ങളോ കടമുറികളോ നൽകുന്നില്ലത്രേ! കേരളത്തിൽ നിന്നു പുറം സംസ്ഥാനങ്ങളിൽ പഠിയ്ക്കാൻ പോകുന്ന കുട്ടികൾക്ക് പലർക്കും താമസിയ്ക്കാൻ ഹോസ്റ്റലോ വാടക വീടുകളോ കൊടുക്കുവാൻ വിസമ്മതിയ്ക്കുന്നു.ഭാവിയിൽ വിദ്യാലയങ്ങളിലെ പ്രവേശനവും നിഷേധിയ്ക്കപ്പെടും. കാരണം ആരു ചോദിയ്ക്കാൻ , ആരു പറയാൻ? പരാതിപ്പെടേണ്ട ഭരണകൂടത്തിന്റെ തന്നെ ഒത്താശയിൽ നടക്കുന്ന പ്രവ്‌ര്ത്തികളാകുമ്പോൾ പിന്നെ ആരിൽനിന്നു നീതി ലഭിയ്ക്കാൻ?
കേരളത്തേയും ഇനിയെത്രകാലം ഇത്തരം അപകടങ്ങളിൽ നീന്നു രക്ഷിയ്ക്കാനാകും എന്നതു കാത്തിരുന്നു കാണേണ്ടതാണ്. ഉത്തരേന്ത്യയിൽ മുസ്ലീങ്ങൾ ഇരിയ്ക്കുന്ന ആട്ടോയിൽ ഹിന്ദുക്കൾ കയറില്ല. ഹിന്ദുക്കൾ ഇരിയ്ക്കുന്നതിൽ മുസ്ലീങ്ങളും കയറില്ല. മുസ്ലീമിന്റെ കടയിൽ നിന്നും ഹിന്ദുവും, ഹിന്ദുവിന്റെ കടയിൽ നിന്നും മുസ്ലീമും ചായ കുടിയ്ക്കില്ല.മുസ്ലീങ്ങളെ ഇന്ത്യക്കാരായി ഹിന്ദുക്കൾ കാണുന്നതുമില്ല, തങ്ങൾ ഇന്ത്യക്കാരാണെന്നു മുസ്ലീങ്ങൾ അവകശപ്പെടുന്നുമില്ല. ഇന്ത്യയും പാക്കിസ്താനും തമ്മിൽ ക്രിക്കറ്റു കളി നടക്കുമ്പോൾ അവിടെ മുസ്ലീങ്ങൾ പാക്കിസ്ഥാന്റെ പക്ഷമാണ്. എങ്ങനെയുണ്ട് വർഗീയത? ഉത്തരാഞ്ചൽ സംസ്ഥാനത്തു നിന്നും വന്ന ഒരു ഹിന്ദു സുഹ്ര്ത്തിൽനിന്നും കിട്ടിയ വിവരമാണിത്.
ശബാന ആസ്മിയ്ക്ക് താമസിയ്ക്കാൻ വിലയ്ക്കു വാങ്ങാൻപോലും വീടും സ്ഥലവും കിട്ടുന്നില്ലെന്നു ഈയിടെ പറഞ്ഞത് ഇത്തരുണത്തിൽ ഓർക്കണം.പുനത്തിൽ കുഞ്ഞബ്ദുള്ളയെ ബാംഗ് ലൂർ എയർപൊർട്ടിൽ തടഞ്ഞതും ഓർമ്മയുണ്ടല്ലോ. മുസ്ലിം-ക്രിസ്ത്യൻ നാമധാരികൾ എവിടെയും സംശയദ്ര്‌ഷ്ട്യാ നിരീക്ഷിയ്ക്കപ്പെടുകയാണ്. ഭീകര വാദത്തിന്റെ പേരു പറഞ്ഞ് മത ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം ഒതുക്കുവാൻ ശ്രമിയ്ക്കുന്നു എന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
ഗുജറാത്തിലാണെങ്കിൽ മുസ്ലിങ്ങൾ താമസിയ്ക്കുന്ന പ്രദേശങ്ങളിൽ യാതൊരു വികസനവും നടത്തില്ലത്രേ. മത്രവുമല്ല മുസ്ലീങ്ങൾക്ക് എവിടെയും തൊഴിൽ ലഭിയ്ക്കുന്നില്ല.മുസ്ലിങ്ങൾ വല്ല ഗൽഫിലോ മറ്റോ പോകാമെന്നു കരുതിയാൽ അവര്ക്ക് പാസ്പോർട്ടുകൾ നൽകുന്നില്ല. പാസ്പോർട്ട് ആപ്ലിക്കേഷനുകൾ നിരസിയ്ക്കുന്നു. ഉള്ളവരുടെ പാസ്പോർടുകൾ അധിക്ര്‌തർ പിടിച്ചു വയ്ക്കുന്നു.കലാപബാധിത പ്രദേശങ്ങളിൽ നിന്നും മുസ്ലിങ്ങൾ പേടിച്ച് ചേരികളിലേയ്ക്കു ഓടിയൊളിയ്ക്കുമ്പോൾ അവർ മുൻപു ചെയ്തിരുന്ന തൊഴിലുകളൊക്കെ മറ്റുള്ളവർക്കു ലഭിയ്ക്കുന്നു. ഇതൊക്കെയാണത്രേ മോഡിഫിക്കേഷൻ.
ചുരുക്കത്തിൽ ഉന്മൂലനം എന്ന ഫാസിസ്റ്റു വാഴ്ച അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ എവിടെയും പൊടിപൊടിയ്ക്കുകയാണ്.അങ്ങനെയെല്ലാം ഹിന്ദു രാഷ്ട്രം പരുവപ്പെട്ടുവരുന്നു. ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിച്ചമർത്തും എന്നത് ലോകത്ത് എവിടെയും ഉള്ള അനുഭവമാണ്. അതു മതത്തിന്റെ കാര്യത്തിൽ മാത്രമല്ല. പക്ഷെ ഇന്ത്യയുടെ പ്രത്യേകതകൾ വച്ചു നോക്കുമ്പോൾ ഒരിയ്ക്കലും ഇതു സംഭവിച്ചു കൂടാത്തതാണ്. പക്ഷെ സംഭവിക്കുക തന്നെ ചെയ്യുന്നു.ആർക്കും പ്രതിരോധിയ്ക്കാനാകാത്ത തരത്തിൽ.
വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ജനങ്ങളുടെ വർഗീയതയ്ക്ക് ഒരു കാരണം. എന്നാൽ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഭാവിയിൽ വിദ്യാഭ്യാസപുരോഗതി ഉണ്ടായിട്ടും കാര്യമില്ല. ഇപ്പോൾ വിദ്യാഭ്യാസം തന്നെ വർഗീയ വൽക്കരിയ്ക്കുന്നു. കാരണം ഭാവിയിൽ എല്ലാവരും ശാസ്ത്രീയ വിദ്യാഭ്യാസം നേടി മത വിശ്വാസം തന്നെ നഷ്ടപ്പെടു പോയെങ്കിലോ? തികച്ചും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് വിദ്യാലയങ്ങളിൽ പഠിപ്പിയ്ക്കുന്നത്. അതായത് മതാധിഷ്ഠിത വിദ്യാഭ്യാസം. ചരിത്രത്തെ തന്നെ വളച്ചൊടിയ്ക്കുന്നു. വിദ്യാഭ്യാസ സംബന്ധമായ ചുമതലകൾ ഏല്പിച്ചുകൊയ്ടുക്കുന്നതുതന്നെ വർഗീയ ഏജൻസികൾക്കാണ്.
ഇസ്ലാമിക ഭീകരതയാകട്ടെ മുസ്ലിം വിരുദ്ധമനോഭാവം കൂടുതൽ വളർന്നു വരുവാൻ ഇടയാക്കുന്ന തരത്തിൽ കൂടുതൽ കർത്താർജ്ജിച്ച് വേണ്ടാതീനങ്ങൾ ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. ഹിന്ദു വർഗീയത സ്വാഭാവികമായും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതാണ്. ഇസ്ലാമിക ഭീകരത ലോകവ്യാപകമാണ്. സ്വഭാവത്തിൽ എല്ലാ വർഗീയതയും സമാനതകൾ ഉള്ളതാണ്. താലിബാൻ മോഡൽ തന്നെ എടുക്കൂ. ഇന്ത്യയിൽ രണ്ടു വർഗീയതകളും താലിബാൻ മോഡൽ നടപ്പിലാക്കുന്ന സംഭവങ്ങൾ അടുത്തകാലത്തായി വർദ്ധിച്ചു വരുന്നതിനു എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. മാംഗ്ളൂരു സംഭവം ഒടുവിലത്തെ ഉദാഹരണമാണ്.
മറ്റൊന്ന് ഈ രണ്ടു ഭീകരതകളും പുരോഗമന മതേതര പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ മത്സരിച്ചുകൊണ്ടിരിയ്ക്കുന്നു എന്നുള്ളതാണ്. എല്ലാ മതാധിപത്യമോഹങ്ങൾക്കും വിലങ്ങുതടിയാകുന്ന ഇടതുപക്ഷ- മതേതര പ്രസ്ഥാനങ്ങൾ ലോകത്തെവിടെയും മത ഭീകരവാദികളുടെ പ്രധാന ഇരകളാണ്. അവരെ നിഷ്കാസനം ചെയ്തുവേണം മത- സ്വേച്ഛാധിപത്യ ഭരണം സാദ്ധ്യമാക്കുവാൻ.ഇത് ഇന്ത്യയിലും സംഭവിയ്ക്ക്ന്നു.ഇടതുപക്ഷം എന്നാൽ ഇവിടെ എല്ലാ ഇടതുപക്ഷവും എന്നാണർത്ഥം.മതേതരം എന്നാൽ എല്ലാ മതേതര പ്രസ്ഥാനങ്ങളും.
ഒരു കാര്യം കൂടുതൽ കൂടുതൽ വ്യക്തമാക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ ശാന്തിയും സമാധാനവും കെടുത്തുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മത ഭീകരതയാണ്. ഏറ്റവും കൂടുതൽ രക്തം ചൊരിയപ്പെടുന്നതു മതത്തിന്റെ പേരിലാണ്. മതത്തിന്റെ പേരിൽ നടക്കുന്ന എന്തും- അതു കൊലപാതകമായാലും പുണ്യകർമ്മമായാണ് വാഴ്ത്തപ്പെടുന്നത്. മരിച്ചു ചെന്നാലും പ്രതിഫലം കിട്ടുന്ന പ്രവർത്തിയാണത്രേ മതത്തിനു വേണ്ടി നടത്തുന്ന ക്രൂര ക്ര്ത്യങ്ങൾപോലും.കാലഹരണപ്പെട്ട ആശയങ്ങളും, വിശ്വാസങ്ങളും, വ്യവസ്ഥകളും നിലനിർത്താൻ ഭീകരതയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന തിരിച്ചറിവും മതഭീകരതയ്ക്കു നിദാനമാണ്.
കായബലം ഉപയോഗിച്ച് സമൂഹത്തിനുമേൽ ആധിപത്യം ഉറപ്പിയ്ക്കാനുള്ള ശ്രമം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ നടത്തുകയണ്.നിയമത്തെയും, ജനാധിപത്യതേയും ഒക്കെ അവർ വെല്ലുവിളിയ്ക്കുകയാണ്.കൊല്ലും കൊലയും അവർക്കു പുണ്യകർമ്മങ്ങളാണ്. മതം അവർക്ക് ഒരുപാധിയാണ്.കാലത്തെ അതിജീവിയ്ക്കുന്നവയാണ് തങ്ങളുടെ വേദഗ്രന്ഥങ്ങളെന്നും, എല്ലാത്തിനുമുള്ള ഉത്തരങ്ങൾ അവയിലുണ്ടെന്നും ഓരോ മതങ്ങളും അവകാശപ്പെടുന്നു. എങ്കിൽ പിന്നെ എന്തിനാണ് ആയുധവും അക്രമവും ഭീകരതയും? ദൈവസ്ര്‌ഷ്ടമായ വേദ ഗ്രന്ഥങ്ങളേയും അവ പിൻപറ്റുന്ന വിശ്വാസികളേയും ദൈവം സംരക്ഷിച്ചുകൊള്ളില്ലേ? ഏറ്റവും നല്ലത് തങ്ങളുടേതാണെങ്കിൽ അതു തന്നെയല്ലേ അതിജീവിച്ച് ശാശ്വതമായി നിലനിൽക്കുക. പിന്നെ നിങ്ങൾ എന്തിന് ഉൽക്കണ്ഠപ്പെടണം? സ്വന്തം മതത്തിന്റെയും, വിശുദ്ധഗ്രന്ധങ്ങളുടേയും ശക്തിയിൽ വിശ്വാസം ഇല്ലെന്നുണ്ടോ?
മാംഗളൂരിൽ ആൺകുട്ടിയോടു മിണ്ടിയതിന് അതായത് അന്യ മതസ്ഥനായ യുവാവിനോടു മിണ്ടിയതിന് ഒരു പെൺകുട്ടിയെ കൊണ്ടുപോയി തല്ലിയത്രേ? സത്യത്തിൽ ഇതൊക്കെ ഇന്ത്യയിൽ തന്നെയാണോ നടക്കുന്നത്? വിശ്വസിയ്ക്കാൻ തന്നെ
പ്രയാസം. ഇതിപ്പോ തല്ലു കൊണ്ടതു കേരളത്തിലെ ഒരു എം.എൽ.എ യുടെ മകളായതുകൊണ്ട് വാർത്തയായി. മറ്റെത്രയോ പേർക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരും പുറത്തു പറയുന്നില്ലെന്നേയുള്ളു.നോക്കൂ വർഗീയ ശക്തികൾ അധികാരം നേരെ ചൊവ്വെ ഉറയ്ക്കുന്നതിനു മുൻപുള്ള സ്ഥിതി ഇതാണെങ്കിൽ അധികാരം പൂർണ്ണമയും കയ്യിൽ വന്നാൽ എന്തായിരിയ്ക്കും സ്ഥിതിയെന്ന് ഊഹിയ്ക്കാവുന്നതേയുള്ളു.
ഹിന്ദു വർഗീയശക്തികൾ മാത്രമല്ല മുസ്ലിം വർഗീയ ശക്തികളും ഇത്തരത്തിൽ ഉള്ള ദുഷ്ടപ്രവ്ര്ത്തികളിൽ ഏറെ ഉത്സുകരാണ്. മതശക്തികൾക്ക് നിയമം എന്നാൽ മത നിയമങ്ങളാണ്, സ്വാതന്ത്ര്യം എന്നാൽ തങ്ങൾ കനിഞ്ഞു നൽകുന്ന നിയന്ത്രിത സ്വാതന്ത്ര്യമാണ്. മതാധിപത്യം നിലനിൽക്കുന്ന ഏതൊരു രാജ്യത്തും ഇതാണു സ്ഥിതി. ലോകത്ത് എവിടെ മതാധിപത്യം നിലനിൽക്കുന്നുവോ, അവിടെയെല്ലാം വ്യക്തി സ്വാതന്ത്ര്യം ഹനിയ്ക്കപ്പെടുന്നുണ്ട്. സ്വയം വ്യക്തിത്വം വികസിപ്പിയ്ക്കുവാൻ സ്വാതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത് പൌര ജീവിതം കൊണ്ട് എന്തർത്ഥം? ശ്വാസം മുട്ടിയുള്ള ജീവിതത്തിനു എന്ത് ആാസ്വാദ്യത? എന്നാൽ ഇനി അത്തരം ശ്വാസം മുട്ടിയുള്ള ഒരു ജീവിതവുമായി പൊരുത്തപ്പെടാൻ തയ്യാറെടുക്കുക. ഇന്ത്യയിൽ അതൊക്കെയാണു നടക്കാൻ പോകുന്നത്.
നിരക്ഷരരും മതാന്ധ വിശ്വാസം വച്ചുപുലർത്തുന്നതുമായ ഒരു ജനതതി ജീവിയ്ക്കുന്ന രാജ്യത്ത് ഇതൊന്നും ഒരു അത്ഭുതമല്ല. അഭ്യസ്ഥവിദ്യരിൽ തന്നെ നല്ലൊരു പങ്കും നിരക്ഷരരാണ് നമ്മുടെ രാജ്യത്ത്. ഇന്ത്യൻ ജനതയെ ആർക്കും ഉദ്ധരിയ്ക്കാൻ കഴിയാത്തവിധം അവർ വർഗീയമായി പരുവപ്പെട്ടിരിയ്ക്കുന്നു. ജാതിയും മതവും എല്ലാം മറാത്തു കളയേണ്ട കാലത്താണ് ഈ മതാന്ധത. ലോകത്ത് എവിടെയും നിലനിൽക്കുന്നത് എന്നതും നാം ഓർക്കണം. കേരളം ഒരു ഭ്രാന്താലയമാണെന്നു പണ്ടു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ മൊത്തത്തിൽ ഒരു വർഗീയ ഭ്രാന്താലയമാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഇന്നത്തെ മതവിശ്വാസികളിൽ നല്ലൊരു പങ്കും സ്വന്തം മതത്തോട് നീതി പുലർത്താത്തവരാണ്. ഒരു രാഷ്ട്രീയ പാർടിയിലെ അംഗം ആ പാർടിയുടെ തത്വങ്ങളോടു കാണിയ്ക്കുന്ന ആത്മാർത്ഥതയുടെ ഒരശം പോലുമില്ല തങ്ങളൂടെ മത പ്രബോധനങ്ങളോടു നല്ലൊരുപങ്കു മത വിശ്വാസികൾക്കും. എന്താണോ മതം അരുതെന്നു വിലക്കിയിട്ടുള്ളത് അതു മാത്രമേ ചെയ്യൂ എന്നു വാശിയുള്ള വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടേയിരിയ്ക്കുന്നു.ഇന്ന് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത് മതങ്ങളാണ്. മതത്തിന്റെ പേരിൽ എന്തുമാകാം എന്നു വന്നിരിയ്ക്കുന്നു. മതത്തെ നന്നായി പിൻപറ്റുന്ന നല്ല മനുഷ്യർ ക്ഷമിയ്ക്കുക.
മനുഷ്യൻ നന്നാവാൻ മനസ്സുനന്നാവണം. മനസ്സു നന്നാവണമെങ്കിൽ ഒന്നുകിൽ മതങ്ങൾ നന്നാവണം .അല്ലെങ്കിൽ അവ ഇല്ലാതാകണം. കാരണം അത്രകണ്ട് മതത്തിനു സ്വാധീനമായിപ്പോയി. മതത്തിനു വേണ്ടി ചാവേറാകാൻ പോലും മടിയില്ലാത്തവരുടെ എണ്ണം പെരുകിക്കൊണ്ടിരിയ്ക്കുന്നു. മതം ഇന്നൊരു വിശ്വാസമല്ല വികാരമാണ്. ചിലർക്ക് അത് മറ്റു പല അധമ വികാരവും പോലെയാണ് . ലോകത്തുതന്നെ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതത്തെ പിൻപറ്റുന്നവരാകുമ്പോൾ മതങ്ങൾ നന്നായാലേ മനുഷ്യൻ നന്നാകൂ എന്നു വരുന്നു. പക്ഷെ മതങ്ങളെ ആർ നേർവഴിയ്ക്കു നയിക്കും? ഇമ്പോസിബിൾ!
ഈ ലേഖകൻ ഒരു മതത്തേയും ദൈവത്തേയും പിൻപറ്റുന്നില്ല. എന്നാൽ മറ്റുള്ളവർ പിൻപറ്റുന്നതിൽ യാതൊരു വിധ അസ്വസ്ഥതയും ഇല്ല. ഞാൻ വിശ്വസിയ്ക്കാത്തതോ മറ്റുള്ളവർ വിശ്വസിയ്ക്കുന്നതോ അത്ര പ്രാധാന്യമുള്ള വിഷയവും അല്ല. എന്നാൽ വിശ്വാസം മൂത്തുമൂത്തു എന്റെ മതമാണ് എറ്റവും വലുതെന്നും അതുമാത്രം ലോകത്ത് നിലനിന്നാൽ മതിയെന്നും ഉള്ള നിലപാടായി വിശാസത്തിനു രൂപഭേദം വന്നാൽ അത് അപകടമാണ്.
ഈയിടെ ബി.ജെ.പിയുടെ ഒരു പ്രചരനജാഥ കണ്ടു. വർഗീയതയ്ക്കും ഭീകര വാദത്തിനും എതിരെ. ശിവസേനയുടെ ഒരു പദയാത്ര കണ്ടു. അതും വർഗീയതയ്ക്കും ഭീകരവാദത്തിനും എതിരായിട്ട്. എൻ.ഡി.എഫി-ന്റ്റെ ഒരു പൊതുയോഗം കണ്ടു. വർഗീയതയ്ക്കും ഭീകരവാദത്തിനും എതിരായിട്ടുള്ള കാമ്പെയിന്റെ ഭാഗമായിരുന്നു അതും. അപ്പൊ അവരും ഒക്കെ വർഗീയതയും ഭീകരവാദവും ശരിയാണെന്ന് പരസ്യമായി അംഗീകരിയ്ക്കുന്നില്ല. വർഗീയതയും ഭീകരവാദവും തെറ്റെന്നു തന്നെ സമ്മതിയ്ക്കുന്നു. മറ്റുവല്ലവരും അവയൊക്കെ തെറ്റാനെന്നു പറഞ്ഞാൽ ഹാലിളക്കം. എന്തൊരു വിരോധാഭാസം.
യു.പി-യിൽ ബാബ്‌റി മസ്ജിദ് പൊളിച്ചതു തെറ്റാണെന്നു മനസ്സിലാക്കാൻ കല്ല്യാൺ സിംഗിനു ബി.ജെ.പി. വിടേണ്ടിവന്നു. ഇനിയും ഇത്തരം പാതകങ്ങൾ തെറ്റാണെന്നു ലാവണങ്ങൾ മാറുമ്പോൾ ഓരോരുത്തർ പറയും. ഇന്ത്യയിലെ മുസ്ലീങ്ങളിൽ കടുത്ത ഹിന്ദു വിരുദ്ധവികാരം കുത്തി നിറയ്ക്കാൻ പോന്ന ഒന്നായിരുന്നു ബാബറി പള്ളി പൊളിയ്ക്കൽ. അല്ലാതെ ഒരു പള്ളിയോ അമ്പലമോ പൊളിയ്ക്കുകയോ പൊളിയ്ക്കതിരിയ്ക്കുകയോ ചെയ്യുന്നതിലല്ല കാര്യം. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ്. പട്ടിണിയും ദാരിദ്ര്യവും മാറാൻ പൾലികളും അമ്പലങ്ങലും സ്ഥാപിയ്ക്കുന്നതുകൊണ്ടോ, അവ പൊളിയ്ക്കുന്നതുകൊണ്ടോ കഴിയില്ല. നാളെ നരേന്ദ്ര മോഡി ബി.ജെ.പി വിടേണ്ടിവന്നാൽ അദ്ദേഹവും പറയുമായിരിയ്ക്കും താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന് !
ഒന്നു നാം ഓർക്കുക. തെറ്റുകൾക്കും ശരികൾക്കും ജതിയും മതവും ഇല്ല. തെറ്റുകൾ എന്നും തെറ്റുകളായുംശരികൾ എന്നും ശരികളായും തന്നെ വിലയിരുത്തപ്പെടും. ആരു ചെയ്യുന്നതായാലും.
ഒന്നു കൂടി; ലോകത്തു മതാധിപത്യം നിലനിൽക്കുന്ന രാഷ്ട്രങ്ങളെ വിലയിരുത്തുക. എന്നിട്ടു നിലപാടു സ്വീകരിയ്ക്കുക. നമുക്ക് ഒരു മതാധിപത്യ രാഷ്ട്രം വേണോ?
പിൻ കുറിപ്പ് :പണ്ടൊക്കെ മതം എന്നു കേട്ടാൽ ഒർമ്മ വരിക കുറെ വിശുദ്ധ ഗ്രന്ഥങ്ങളും കുറെ സാരോപദേശങ്ങളും, സദാചാര ചിന്തകളും ഒക്കെയായിരുന്നു. ഇന്നാകട്ടെ മതം എന്നു കേട്ടാൽ തോക്കും വാളും ബോംബും സ്ഫോടനങ്ങളും ഒക്കെയാണ് വിറങ്ങലിപ്പിച്ചു കൊണ്ട് മനസ്സിലേയ്ക്കു കടന്നുവരിക. ഉറക്കത്തിൽ പോലും ഞെട്ടിയുണർന്നു നിലവിളിയ്ക്കും. അത്രയ്ക്കുണ്ട് മതഭീകരത.
ഈ കുറിപ്പ് തൽക്കാലം ഇങ്ങനെ നിറുത്തുന്നു. സംത്ര്‌പ്തിയോടെയും സമാധാനത്തോടെയും അല്ലെങ്കിലും.