വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, January 16, 2010

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

തിരു: നട്ടുച്ചയുടെ കത്തുന്ന വെയിലിന് മെല്ലെ ചൂടും പ്രഭയും കുറഞ്ഞുവന്നു. ആകാശത്ത് സൂര്യനും ചന്ദ്രനും ചേര്‍ന്നുള്ള 'ഒളിച്ചുകളി' പൂര്‍ണതയിലെത്തിയിരുന്നു. സൂര്യബിംബത്തിനു നടുവില്‍ വലിയൊരു കറുത്ത പൊട്ടുപോലെ ചന്ദ്രന്‍. അതിനു ചുറ്റുമായി രത്നമോതിരംപോലെ 'സൂര്യവലയം'. ഈ നിമിഷം അനന്തപുരിയില്‍ സൃഷ്ടിച്ചത് ആവേശത്തിന്റെ അലയൊലികള്‍. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണം ദര്‍ശിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്ങിക്കൂടിയവര്‍ ആഹ്ളാദാരവങ്ങളുമായി സൌരോത്സവത്തില്‍ പങ്കാളികളായി.

ശാസ്ത്രബോധം സംസ്കാരമായി വളര്‍ത്തുമെന്ന ആഹ്വാനമായിരുന്നു വന്‍ ജനസാന്നിധ്യം. ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരപരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. വിവിധ ജില്ലകളില്‍നിന്നുള്ള രണ്ടായിരം വിദ്യാര്‍ഥികളും പങ്കെടുത്തു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ഏറ്റവും പുതിയ ടെലിസ്കോപ്പുകളും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. നാലായിരത്തോളം പ്രത്യേക തരം കണ്ണടകളും നല്‍കി. സൂര്യഗ്രഹണം എല്‍സിഡി ടിവി വഴി തത്സമയം കാണിച്ചു. നാസിക് ഒബ്സര്‍വേറ്ററി ഡയറക്ടര്‍ രവികിര, ഡോ. ദുരെ(കൊല്‍ക്കത്ത), ഡോ. പി ആര്‍ പ്രിന്‍സ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ പ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പ്രകാശ് അധ്യക്ഷനായി. കുട്ടികളുടെ മാജിക് ഷോയും ഉണ്ടായിരുന്നു.

നഗരസഭ സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച കാഴ്ച 2010 ഏറെ ശ്രദ്ധേയമായി. നഗരവാസികളും വിദ്യാര്‍ഥികളുമടക്കം വന്‍ ജനക്കൂട്ടം ഇവിടെ എത്തി. മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ സി ജയന്‍ബാബു അധ്യക്ഷനായി. വലയ സൂര്യഗ്രഹണം കാണാനും പഠിക്കാനും വിദേശ ശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫര്‍മാരും വര്‍ക്കല പാപനാശത്തെത്തി. അത്യന്താധുനിക ടെലിസ്കോപ്പുകളും ക്യാമറകളും സജ്ജീകരിച്ചിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയ വിദേശസഞ്ചാരികള്‍ക്കും വലയ സൂര്യഗ്രഹണം വേറിട്ട അനുഭവമായി. സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത് സംസ്ഥാനത്ത് വര്‍ക്കല നിന്നായതിനാല്‍ ദേശവിദേശങ്ങളില്‍ നിന്നായി ശാസ്ത്രകാരന്മാരുടെ അനവധി സംഘമാണ് പാപനാശത്ത് എത്തിച്ചേര്‍ന്നത്. ഗ്രഹണം നടന്ന വെള്ളിയാഴ്ച രാവിലെതന്നെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി മാധ്യമസംഘങ്ങളും എത്തി. ഡിടിപിസിയുടെ വര്‍ക്കല പാപനാശത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിശാലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ദേശാഭിമാനി

1 comment:

Anonymous said...

ഉവ്വുവ്വേ...ഇതു തന്നെയാണെനിക്കും മനസിലാകാത്തത്‌? ഒരുപാടു പേര്‍ ഗ്രഹണം ഉത്സവമാക്കി കൊണ്ടാടി. ഒത്തിരി പേര്‍ വന്നു..പക്ഷെ ഇതേ സമൂഹം തന്നെയാണ്‌ അന്നുച്ചക്ക്‌ അരൂണാ റസ്റ്റോറണ്റ്റില്‍ ഉണ്ണാനായി നാമമാത്രമായി പ്രത്യക്ഷപ്പെട്ടത്‌. ഞാന്‍ തിന്നാന്‍ പോയ നേരം സാധാരണ ജനനിബിഡമായി കാണാറുള്ള അ ഭോജനശാലയുടെ ഉള്‍വശം, ഏകദേശം വിജനം. ഗ്രഹണ സമയത്ത്‌ ചാപ്പാടടിച്ചൂടല്ലോ! ഇതേ സമൂഹം തന്നെയാണ്‌, ഗ്രഹണസൂര്യനെ തള്ളേ, ഇനി ഏതു ഫോയിലായാലും ശരി, നേരിട്ട്‌ നോക്കിക്കൂടാന്ന് പറഞ്ഞറുമാദിക്കുന്നത്‌...സത്യം പറഞ്ഞാല്‍ ഇതെന്ത്‌ സമൂഹമാണപ്പാ? ഒരവിയല്‍ പരുവം..

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്