വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, January 16, 2010

'എന്തുകൊണ്ട് രാജിവെച്ചു?''

'എന്തുകൊണ്ട് രാജിവെച്ചു?''

ഡോ. കെ.എസ്. മനോജ്, മുന്‍. എം.പി.

മാതൃഭൂമി ലേഖനം

പ്രതീക്ഷയര്‍പ്പിച്ച പ്രത്യയശാസ്ത്രം നിരാശപ്പെടുത്തുകയും ആചരിച്ചുപോന്ന വിശ്വാസ പ്രമാണങ്ങ ള്‍ക്കെതിരെ വാളോങ്ങുകയും ചെയ്യുമ്പോള്‍ കപടമായ മുഖംമൂടിയണിഞ്ഞ് രണ്ടിനോടും
നീതി പുലര്‍ത്താനാവാതെ മുന്നോട്ടുപോകുവാന്‍ മനഃസാക്ഷി അനുവദിച്ചില്ല. ആയതിനാല്‍
വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിക്കുവാന്‍ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടിവന്നു

സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ മതവിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും എതിരായ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചും പ്രസ്തുത നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള എന്റെ രാജിയെ ഞാന്‍ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിന് വേണ്ടിയാണെന്ന ആരോപണമുന്നയിച്ചാണ് സി.പി.എം. നേരിടുന്നത്.
ഞാനുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ക്ക് വിശദീകരണവും നല്‍കിയിട്ടില്ല.

2009 ഒക്ടോബര്‍ 23 മുതല്‍ 25 വരെ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 3.12.2009 ല്‍ പ്രസിദ്ധീകരിച്ച പാര്‍ട്ടികത്തിലെ (പാര്‍ട്ടികത്ത് 6/2009) രണ്ടാം ഭാഗത്തില്‍ 82ഉം 84ഉം പേജുകളിലെ നിര്‍ദേശങ്ങളാണ് എന്റെ രാജിക്കാധാരം.
പാര്‍ട്ടികത്തില്‍ നിന്ന്: ''നേതൃത്വത്തിലുള്ള പാര്‍ട്ടി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ലളിതമായ ജീവിതശൈലി സ്വീകരിക്കണം. അവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ചെലവേറിയ വിവാഹച്ചടങ്ങ് നടത്തിക്കൂടാ. സ്ത്രീധനം വാങ്ങരുത്. അവര്‍ മതപരമായ
ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യുകയോ അരുത്.''

പ്രസ്തുത നിര്‍ദേശം ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ 25ാം വകുപ്പ് ഏതൊരു പൗരനും ഏതൊരു മതത്തില്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍വഹിക്കുക എന്നത് മതവിശ്വാസത്തിന്റെ ഭാഗമാണ്. അത്തരം ആചാരങ്ങളില്‍നിന്നു സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിക്കുന്നത് ഭരണഘടനാ ലംഘനവും ശിക്ഷാര്‍ഹവുമാണ്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നതിന് തുല്യമാണത്. സി.പി.എമ്മിന്റെ ഭരണഘടനയുടെ 25ാം വകുപ്പ്, ഇന്ത്യന്‍ ഭരണഘടനയിലുള്ള പാര്‍ട്ടിയുടെ വിശ്വാസവും വിധേയത്വവും പ്രഖ്യാപിക്കുന്നുണ്ട്.

പാര്‍ട്ടിഭരണഘടനയില്‍ മതവിശ്വാസം ഉപേക്ഷിക്കണമെന്ന് വിവക്ഷിക്കുന്നുമില്ല.
ഇവിടെ മതവിശ്വാസികളുടെ ഇടയിലേക്ക് കടന്നുചെല്ലുന്നതിനുള്ള സി.പി.എമ്മിന്റെ കപടമുഖമാണ് കാണാന്‍ കഴിയുക. മതവിശ്വാസികള്‍ക്കു സ്വീകാര്യമായ ആശയങ്ങള്‍ അവതരിപ്പിച്ച് അവരെ സ്വാധീനിക്കുകയും പാര്‍ട്ടിയുടെ സ്വാധീന വലയത്തിലായിക്കഴിയുമ്പോള്‍ മതവിശ്വാസം ഉപേക്ഷിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുക. സി.പി.എമ്മിന് ഒരു മതേതര മുഖമുണ്ട്. പക്ഷേ, അത് മതവിശ്വാസത്തിന് എതിരുമാണ്.

2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഞാന്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആലപ്പുഴ രൂപത ഭാരവാഹിയായിരുന്നു. ഞാന്‍ വിശ്വാസിയാണെന്നറിഞ്ഞു തന്നെയാണ് പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയാക്കിയത്. തീരദേശത്തെ ലത്തീന്‍ കത്തോലിക്കാ ജനവിഭാഗത്തെ സ്വാധീനിക്കുവാനായി എന്നെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ പാര്‍ട്ടിക്ക് എന്റെ വിശ്വാസം വിലങ്ങുതടിയായിരുന്നില്ല. എന്നാല്‍ ആ വിശ്വാസം ആചരിക്കാന്‍ പാടില്ല എന്നാണ് തിരുത്തല്‍ രേഖ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവത്കരണത്തിന് പാര്‍ട്ടി പരിപാടികള്‍ ഉള്ളതുപോലെ തന്നെയാണ് വിശ്വാസിയുടെ വിശ്വാസ ജീവിതത്തിന് ആചാരാനുഷ്ഠാനങ്ങള്‍ ഉള്ളതും. പാര്‍ട്ടി പ്രവര്‍ത്തകന് വിശ്വാസമാകാം. പക്ഷേ, അത് ഉള്ളില്‍ മാത്രം. പുറത്ത് പ്രകടിപ്പിക്കാന്‍ പാടില്ല.

2006 ലെ പാര്‍ട്ടി കത്തില്‍ എ.എ.മോനായിയും അയിഷാപോറ്റിയും നിയമസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു ദൈവവിശ്വാസം പ്രകടമാക്കുക വഴി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ വൈരുധ്യമാണ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്. പ്രവൃത്തിയില്ലാതെയുള്ള വിശ്വാസവും പ്രത്യയശാസ്ത്രവും നിര്‍ജീവമാണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുവാനുള്ള പ്രധാന കാരണം ഇതാണെങ്കിലും പാര്‍ട്ടിയില്‍ വന്ന പ്രത്യയശാസ്ത്രപരമായ അപചയവും വിഭാഗീയതയും തിക്താനുഭവങ്ങളും പാര്‍ട്ടിയില്‍നിന്ന് അകന്നുപോകാന്‍ ഇടയാക്കിയിട്ടുണ്ട്.

വിമോചന ദൈവശാസ്ത്രത്തോടുണ്ടായിരുന്ന ആഭിമുഖ്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്നെ അടുപ്പിച്ചത്. ദരിദ്രരോടുള്ള പക്ഷ ചേരലും ചൂഷണരഹിത സമൂഹസൃഷ്ടിക്കായുള്ള കാഴ്ചപ്പാടുകളും മതേതരത്വ നിലപാടുകളുള്ള മറ്റാരെയുംപോലെ എനിക്കും സ്വീകാര്യമായിരുന്നു. എന്നാല്‍ പുറത്തുനിന്ന് ഞാന്‍ നോക്കിക്കണ്ട പാര്‍ട്ടിയായിരുന്നില്ല യഥാര്‍ഥ സി.പി.എം. പാര്‍ട്ടിക്കത്ത് വിശദമാക്കുന്നതുപോലെ തന്നെ പാര്‍ട്ടിയില്‍ അന്യവര്‍ഗ സ്വാധീനം മൂലം പ്രത്യയശാസ്ത്രപരമായ അപചയങ്ങള്‍ സംഭവിച്ചിരിക്കുന്നു. വിഭാഗീയത മുകള്‍ത്തട്ടു മുതല്‍ കീഴ്ത്തട്ടുവരെ ഗ്രസിച്ചിരിക്കുന്നു.

സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയുന്നതിനോ വിമര്‍ശിക്കുന്നതിനോ കഴിയുന്നില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായി. കേന്ദ്രീകൃത ജനാധിപത്യം മാത്രം അവശേഷിച്ചു. കേന്ദ്രീകൃതജനാധിപത്യം എന്നത് ഗ്രൂപ്പ് സമവാക്യങ്ങളുടെ അടിസ്ഥാനത്തിലായി മാറി. പാര്‍ട്ടിയില്‍ വി.എസ്. എടുത്ത നിലപാടുകളോട് ആഭിമുഖ്യമുള്ളപ്പോഴും നിഷ്പക്ഷമായ നിലപാടു സ്വീകരിച്ച എനിക്ക് പാര്‍ട്ടിയിലെ വിഭാഗീയത സ്വീകാര്യമായിരുന്നില്ല. പാര്‍ട്ടിയുടെ എം.പി.യായിരുന്നിട്ടുപോലും വിഭാഗീയത മൂലം പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി പോലുമാക്കിയില്ല. എം.പി. എന്ന നിലയില്‍ ജനപ്രതിനിധിയായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയില്‍ ലോക്കല്‍ കമ്മിറ്റി അംഗം മാത്രമായിരുന്നതിനാല്‍ പാര്‍ട്ടി നേതൃത്വം എം.പി. എന്ന നിലയിലുള്ള അംഗീകാരം നല്‍കിയില്ല.

മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പാര്‍ട്ടി നേതൃത്വം ശ്രമിച്ചില്ല. പാര്‍ട്ടി മാധ്യമങ്ങളും അവഗണനയാണ് കാട്ടിയത്. മറ്റൊരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വന്ന എന്നെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥമായിരുന്ന പാര്‍ട്ടി അത്തരം ശ്രമങ്ങള്‍ ഒന്നും തന്നെ നടത്തിയില്ല. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ആരിലും സമ്മര്‍ദം ചെലുത്തിയില്ല. മറ്റു സ്ഥാനാര്‍ഥി മോഹികള്‍ ഉണ്ടായിരുന്നുതാനും. എന്റെ വ്യക്തിപരമായ കാരണങ്ങളാലല്ല മറിച്ച് പാര്‍ട്ടിയിലെ വിഭാഗീയതയും മുന്നണിയുടെ ശിഥിലീകരണവും ലാവലിന്‍ കേസും മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്നകന്നതും പി.ഡി.പി. ബന്ധവുമൊക്കെയാലാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പു പരാജയത്തിനുശേഷവും പാര്‍ട്ടിയുമായുള്ള ബന്ധം തുടരാന്‍ തന്നെ ആഗ്രഹിച്ചു. പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടി മറ്റ് ഉത്തരവാദിത്വങ്ങളൊന്നും നിര്‍ദേശിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തെ പൊതു സേവനമായി കണ്ട് ജോലി രാജിവെച്ചുവന്ന എനിക്ക് ഉദാസീനനായി നില്‍ക്കുവാന്‍ കഴിയുമായിരുന്നില്ല. തൊഴില്‍ ചെയ്തു ജീവിക്കുന്നതിനാണ് ഡല്‍ഹിയിലുള്ള കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയത്. അതൊരു കുറ്റമാണോ?

പ്രതീക്ഷയര്‍പ്പിച്ച പ്രത്യയശാസ്ത്രം നിരാശപ്പെടുത്തുകയും ആചരിച്ചുപോന്ന വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ വാളോങ്ങുകയും ചെയ്യുമ്പോള്‍ കപടമായ മുഖംമൂടിയണിഞ്ഞ് രണ്ടിനോടും നീതി പുലര്‍ത്താനാവാതെ മുന്നോട്ടുപോകുവാന്‍ മനഃസാക്ഷി അനുവദിച്ചില്ല. ആയതിനാല്‍ വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിക്കുവാന്‍ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടിവന്നു.
ഞാനുയര്‍ത്തിയ സന്ദേഹങ്ങള്‍ ആശയസംവാദമാക്കുവാനും വൈരുധ്യങ്ങളില്ലാതെ ലളിതമായ ഭാഷയില്‍ വിശദമാക്കുവാനും പാര്‍ട്ടിക്കു കഴിയണം. മതവിശ്വാസത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ ചൂഷിതരഹിത സമൂഹ സൃഷ്ടിക്കായുള്ള സമരമുഖത്തില്‍ അണിനിരക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. അതിന് പ്രത്യയശാസ്ത്രത്തിന്റെ വിലക്ക് തടസ്സമാകരുത്.

1 comment:

അമ്മ മലയാളം സാഹിത്യ മാസിക said...

സ്വാഗതം..
അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
http://entemalayalam1.blogspot.com/

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്