വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, January 15, 2010

സദാചാര സങ്കല്പവും സാംസ്കാരിക നിലവാരവും

രാജ്മോഹൻ ഉണ്ണിത്താൻ വിഷയം, സക്കറിയ വിവാദം എന്നിവയുമായി ബന്ധപ്പെടുത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് റ്റി.വി.രാജേഷ് എഴുതുന്ന ലേഖനമാണ് ഇത്. അദ്ദേഹം പേരു വച്ച് എഴുതിയ ലേഖനമാണെങ്കിലും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായി കരുതേണ്ടതല്ല; മാത്രവുമല്ല സി.പി.എം ജിഹ്വയായ ദേശാഭിമാനിയിൽ തന്നെയാണ് ഇത് എഴുതിയിരിയ്ക്കുന്നത്. സൂക്ഷ്മമായ ആലോചനയുടെ ഫലമായി കരുതലോടെ തന്നെ എഴുതിയിട്ടുള്ളതാകണം ഈ ലേഖനം.

തീർച്ചയായും കേരളത്തിലെ ഉത്തരവാദപ്പെട്ട ഒരു യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ യുടെ നേതാവായ അദ്ദേഹം ഈ പറയുന്ന കാര്യങ്ങൾ ഈ യുവജന സംഘടനയെ സംബന്ധിച്ച് ആധികാരികമെന്നു പറയാം.അത് ഇത്തരം വിഷയങ്ങളിൽ ഡി.വൈ.എഫ്.ഐ യുടെ നിലപാടായി തന്നെ കണക്കാക്കാവുന്നതാണ്.നമ്മുടെ ഒരു സാമൂഹ്യ പരിതസ്ഥിതികളിൽ നിന്ന് ഒരു പുരോഗമന യുവജനപ്രസ്ഥാനത്തിനു ഇത്തരം വിഷയത്തിൽ പരമാവധി സ്വീകരിക്കുവാൻ കഴിയുന്ന ഒരു നിലപാട് ഇതു തന്നെയാണ്.

സദാചാരസങ്കല്‍പ്പവും സാംസ്കാരികനിലവാരവും

ടി വി രാജേഷ്

(ദേശാഭിമാനി)

സദാചാരജീവിതത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് മലയാളികള്‍. അമ്മ പകരുന്ന ആദ്യക്ഷരം മുതല്‍ സര്‍വകലാശാലകള്‍വരെ പഠനത്തിലും ജീവിതത്തിലും എല്ലാ തലത്തിലുമുള്ള വിജ്ഞാനദാതാക്കള്‍ പകര്‍ന്നുതരുന്ന അറിവിലൊക്കെയും സദാചാര-സാമൂഹ്യമൂല്യങ്ങള്‍ക്കായുള്ള ആഹ്വാനം അന്തര്‍ലീനമാണ്. ഒരമ്മയും ഒരു ഗുരുനാഥനും വഴിവിട്ട ജീവിതത്തിനുള്ള മാര്‍ഗം പകരുകയില്ല. ഇതില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ദേശവും ജനതയും ഉണ്ടാകാം. അത് അവരുടെ സംസ്കാരം.

നമ്മുടെ മൂല്യങ്ങള്‍ ഈ നാടിനെ, ജനതയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍, നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. ആ മൂല്യങ്ങള്‍ക്ക് ചിതല്‍ബാധയുണ്ടായാല്‍ അത് സമൂഹത്തിന്റെ നിലനില്‍പ്പിനെയും ബാധിക്കും. രാഷ്ട്രീയ-സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അവ എഴുതപ്പെട്ട നിയമങ്ങളും നിബന്ധനകളുമല്ല. പക്ഷേ, അവ പാലിക്കപ്പെടണം. രാഷ്ട്രീയനേതൃത്വത്തില്‍ നില്‍ക്കുന്ന ഒരാള്‍ സദാചാരവൈകൃതത്തിന് ഉടമയായാല്‍ അദ്ദേഹത്തെ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ടി സംഘടനയില്‍നിന്ന് പുറത്താക്കാറുണ്ട്. അത് പ്രസ്തുത രാഷ്ട്രീയപാര്‍ടിയുടെ മുഖംരക്ഷിക്കാന്‍ ഉതകുന്നതിനപ്പുറത്ത് പൊതുരാഷ്ട്രീയസങ്കല്‍പ്പത്തെയും ധാരണയെയും കാത്തുസൂക്ഷിക്കുന്നതിന് ഉതകുന്നതുമാണ്.

ഇവിടെ രാജ്മോഹന്‍ ഉണ്ണിത്താന്റെ കാര്യത്തില്‍ കോഗ്രസ് പുലര്‍ത്തുന്ന ദുര്‍ബലസമീപനം യഥാര്‍ഥത്തില്‍ പൊതുരാഷ്ട്രീയസങ്കല്‍പ്പത്തെയാണ് ആത്യന്തികമായി ബലഹീനപ്പെടുത്തുന്നത്. 2009 ഡിസംബര്‍ 20ന് കോഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ മുന്‍സേവാദള്‍ പ്രവര്‍ത്തകയായ യുവതിയുമൊന്നിച്ച് മഞ്ചേരിയില്‍വച്ച് പിടിയിലായി. സംശയകരമായ സാഹചര്യത്തില്‍, ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്നാണ് ഇരുവരെയും പിടികൂടിയത്. സ്ഥിരമായി അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഈ വീട് നാട്ടുകാര്‍ക്ക് ഒരു ശല്യവുമായിരുന്നു.

ഇനി വരുന്ന “കസ്റമേഴ്സിനെ’പിടികൂടാന്‍ നാട്ടുകാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്രെ. വലവിരിച്ചു.കുടുങ്ങിയത് ഉണ്ണിത്താനായിരുന്നു. ഒരുപക്ഷേ, മറ്റാരെങ്കിലുമായിരുന്നെങ്കില്‍ നാട്ടുകാര്‍ “പെരുമാറി’ പൊലീസില്‍ ഏല്‍പ്പിച്ച്, പൊലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്ത് പിറ്റേദിവസം ജില്ലാ എഡിഷനിലെ പ്രാദേശികപേജില്‍ ചെറിയവാര്‍ത്തയില്‍ എല്ലാം ഒതുങ്ങിയേനേ. അതിലുപരിയായി ഒരു മാധ്യമ കവറേജോ “സാംസ്കാരിക’ലോകത്തിന്റെ പ്രതികരണമോ ഒന്നും സംഭവിക്കില്ലായിരുന്നു.

പക്ഷേ, ഇവിടെ സംഭവിച്ചത് ഇങ്ങനെയല്ലല്ലോ. പിടിയിലായത് ഉണ്ണിത്താന്‍. മലയാളമാധ്യമങ്ങള്‍ക്ക് ഇടതുപക്ഷവിരുദ്ധജ്വരം കലശലായി നില്‍ക്കുന്ന ഘട്ടത്തിലായിരുന്നു മഞ്ചേരിസംഭവം. ചാനല്‍ചര്‍ച്ചകളിലെ തീപ്പൊരി ഗസ്റ്, രാത്രിവാര്‍ത്തകളില്‍ മാധ്യമങ്ങള്‍ പ്രഥമപരിഗണന കല്‍പ്പിച്ചിരുന്ന വ്യക്തി, സ്റുഡിയോയില്‍ കിട്ടിയിരുന്നില്ലെങ്കില്‍ ടെലിഇന്‍ ആയാലും മതി. ഉണ്ണിത്താന്‍ കഴിഞ്ഞേ വേറെ ആയുധംവേണ്ടൂ. അങ്ങനെയുള്ള ഉണ്ണിത്താന്‍ തലയില്‍ മുണ്ടിട്ട് പൊലീസ് ജീപ്പില്‍ ഇരിക്കുന്ന രംഗം കാട്ടാന്‍മാത്രം അത്ര കണ്ണില്‍ ചോരയില്ലാത്തവരല്ല തങ്ങളെന്ന് ഓരോ മാധ്യമവും തെളിയിക്കാന്‍ മത്സരിച്ചു. മാധ്യമങ്ങള്‍ മൌനം വെടിയാന്‍ തെല്ലെങ്കിലും നിര്‍ബന്ധിതമായത് കൈരളിയും പീപ്പിളും ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്ന ദൃശ്യങ്ങള്‍കൊണ്ടുമാത്രമായിരുന്നു. മലയാള മാധ്യമങ്ങളുടെ ഈ ഒഴിഞ്ഞുമാറല്‍ മഞ്ചേരിസംഭവത്തേക്കാള്‍ വലിയ അശ്ളീലമായിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരിലൊരാളും സിപിഐ എമ്മിന്റെ പ്രമുഖനേതാവുമായ വ്യക്തിയുടെ “മകന്‍ റഷ്യന്‍വനിതകള്‍ക്കൊപ്പം’ എന്ന കെട്ടിച്ചമച്ച വാര്‍ത്ത പ്രക്ഷേപണംചെയ്ത മലയാളമാധ്യമങ്ങളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോകുകയാണ്. ആ വാര്‍ത്ത തികഞ്ഞ കളവാണെന്ന് ബോധ്യപ്പെട്ടിട്ടും, ബന്ധപ്പെട്ട പൊലീസ് അധികൃതര്‍ വാര്‍ത്ത അസംബന്ധമാണെന്ന് വെളിപ്പെടുത്തിയിട്ടും ക്ഷമാപണം നടത്താന്‍പോലും പ്രസ്തുത മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച വാര്‍ത്ത പുറത്തുവിട്ട അന്യസംസ്ഥാനചാനല്‍ ഇപ്പോള്‍ നിയമനടപടി നേരിടുകയുമാണ്. ഖദറിട്ടവര്‍ വ്യഭിചാരത്തിനു പോയാലും “സാംസ്കാരികസംരക്ഷണം.’ ഇടതുപക്ഷക്കാരുടെ മക്കളെ, നേതാക്കളെ, പ്രവര്‍ത്തകരെ “അസന്മാര്‍ഗികവാര്‍ത്തകള്‍ സൃഷ്ടിച്ച്’ വേട്ടയാടും.

ഇപ്പോഴിതാ സക്കറിയ, സിവിക്ചന്ദ്രന്‍ തുടങ്ങിയവര്‍ മാധ്യമങ്ങളില്‍നിന്ന് ബാറ്റണുകള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു. ആണിനും പെണ്ണിനും ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യത്തിന്റെ ആശങ്ക പങ്കുവയ്ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചര്‍ച്ചയുടെ ഗതി മാറ്റാനാണ് ശ്രമിക്കുന്നത്. മറ്റൊരു പൊതുബോധത്തെ രൂപപ്പെടുത്താനും. ബസില്‍ യാത്രചെയ്യവെ പ്രായംചെന്നവര്‍, കുഞ്ഞുമായി എത്തുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ കാണുമ്പോള്‍ അവര്‍ക്കായി ഇരിപ്പടം ഒഴിഞ്ഞുകൊടുക്കാറുണ്ട് ചിലരെങ്കിലും; ഇത്തരത്തിലുള്ളവര്‍ക്കായി സീറ്റ് മാറണമെന്ന് എവിടെയും നിയമമില്ല. മാറിയില്ലെങ്കില്‍ പിഴയും കിട്ടില്ല. പക്ഷേ, മാറുന്നത് സാമാന്യമര്യാദയാണ്. ഇതുപോലെ പൊതുജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി മൂല്യങ്ങള്‍ ബന്ധപ്പെട്ട് നില്‍പ്പുണ്ട്.

ഒരു പുരോഗമന സമൂഹം നിലനില്‍ക്കുന്നത് സാംസ്കാരികമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. വ്യത്യസ്ത ദേശങ്ങളില്‍ സാംസ്കാരികസങ്കല്‍പ്പങ്ങളിലും സമീപനങ്ങളിലും വ്യത്യാസമുണ്ടാകാമെന്നുമാത്രം. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ക്ളിന്റനെതിരെ മോണിക്കാ ലെവന്‍സ്കി ആരോപണമുയര്‍ത്തിയ ഘട്ടത്തില്‍ ക്ളിന്റന്‍ തന്റെ ജനതയോട് ക്ഷമാപണം നടത്തി. അമേരിക്കയില്‍പോലും ക്ഷമാപണം നടത്താതെ പ്രസിഡന്റിന് പിടിച്ചുനില്‍ക്കാനായില്ല. തങ്ങളുടെ നേതാക്കള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായിരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു ക്ളിന്റന്‍. സദാചാരമൂല്യങ്ങള്‍ രൂഢമൂലമായ കേരളത്തിന്റെ പൊതുബോധത്തിനുമുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സംഭവം നിരവധി ചോദ്യങ്ങളുയര്‍ത്തി. ഈ പൊതുബോധത്തെയാണ് സക്കറിയാദികള്‍ ഇവിടെ ആക്രമിക്കുന്നത്.

സ്വന്തം ഭാര്യ, സഹോദരി സദാചാരലംഘനം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നവര്‍ ആരുമുണ്ടാകില്ല. സദാചാരമൂല്യങ്ങളെ സംബന്ധിച്ച പൊതുബോധം അതത് സമൂഹത്തിന്റെ നിലനില്‍പ്പിന് അനുപേക്ഷണീയമാണ്. പാശ്ചാത്യലോകത്തെ വഴിവിട്ട സദാചാരരീതികള്‍ക്ക് ഇവിടെയും അംഗീകാരം ലഭിക്കണമെന്നു പറയുന്നവര്‍ മൂല്യാധിഷ്ഠിതമായ നമ്മുടെ സാമൂഹ്യജീവിതക്രമത്തെ ശിഥിലമാക്കാനാണ് യഥാര്‍ഥത്തില്‍ ശ്രമിക്കുന്നത്. ഒരു ജനാധിപത്യസമൂഹത്തില്‍ സക്കറിയക്കല്ല ഏതൊരാള്‍ക്കും അഭിപ്രായപ്രകടനം സ്വതന്ത്രമായി നടത്താം. ഉണ്ണിത്താനെ ന്യായീകരിക്കാന്‍ സക്കറിയക്ക് സ്വാതന്ത്യ്രമുണ്ട്. തിവാരിയെ ന്യായീകരിക്കാനും സ്വാതന്ത്യ്രമുണ്ട്. പക്ഷേ, ആ അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തിന്റെ മറവില്‍, സമൂഹത്തിന്റെ സാമൂഹ്യനവോത്ഥാനപ്രക്രിയയില്‍ ജീവിതം സമര്‍പ്പിച്ച യുഗപ്രഭാവന്മാരെ അവഹേളിക്കുമ്പോഴാണ് അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുന്നത്.

തന്റെ സദാചാരസങ്കല്‍പ്പത്തിന് അടിവരയിടാന്‍ മമറഞ്ഞ മഹാരഥന്മാരെക്കുറിച്ചുള്ള ഓര്‍മകളില്‍ ചെളിവാരിയെറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടം പ്രകോപിതമാകുക സ്വാഭാവികം. രാഷ്ട്രീയവേദികളില്‍ എതിര്‍കക്ഷികളുടെ മരിച്ചുപോയ നേതൃത്വങ്ങളെപ്പറ്റി പരാമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യമായ വാക്കും മിതത്വവും പാലിക്കാറുണ്ട്. ആരോപണങ്ങളില്‍പോലും മലയാളികള്‍ പുലര്‍ത്താറുള്ള ഈ മാന്യത നേരത്തെ സൂചിപ്പിച്ച സദാചാരസങ്കല്‍പ്പത്തെപ്പോലെ രാഷ്ട്രീയമര്യാദയുടെയും മാന്യതയുടെയും ഭാഗമാണ്. മര്യാദയും മാന്യതയും ലിഖിതനിയമമല്ല, അത് ഓരോ വ്യക്തിയുടെയും സാംസ്കാരികനിലവാരത്തിന്റെ പ്രതിഫലനമാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്