മലയാള മനോരമയിൽനിന്ന്
സ്വ. ലേ.
നടന്ന വഴികൾ -ജി ശങ്കർ
ഇന്ന്, നിങ്ങള്‍ ഈ കുറിപ്പു വായിക്കുന്ന നേരത്ത്, നിറയെ കവിതകളെഴുതുന്ന ഒരു പെണ്‍കുട്ടി, രമ്യ ആന്റണി, ജീവിതത്തിന്റെ അസന്ദിഗ്ധതകളെ ഓര്‍ത്തു കിടക്കുകയാവണം...
തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്ററില്‍ ഇന്നവള്‍ ശസ്ത്രക്രിയയ്ക്കു വിധേയയാകും. ചുറ്റും, കേരളത്തിന്റെ സ്വന്തം സോഷ്യല്‍ നെറ്റ്വര്‍ക്കായ 'കൂട്ടത്തിന്റെ സ്നേഹവലയമുണ്ട്.
അക്ഷരസൌഹൃദം തണലായി മാറുന്ന കാഴ്ച ഞാന്‍ നോക്കിനില്‍ക്കുകയാണ്. രമ്യയെഴുതിയ കവിതാസമാഹാരം - 'ശലഭായനം - കഴിഞ്ഞദിവസം തിരുവനന്തപുരത്തു പ്രകാശനം ചെയ്യപ്പെട്ടു. ആ ചടങ്ങിനു നന്ദിപറഞ്ഞ ഒരു ചെറുപ്പക്കാരന്‍ - ജോഷി - സ്വന്തം ജോലി ഉപേക്ഷിച്ചിട്ടു രമ്യയുടെ കൂടെ പൂര്‍ണസമയവും ആശുപത്രിയില്‍ കാവല്‍
നില്‍ക്കുന്നു.
ഈ ദീപനാളത്തെ ഒരു കൊച്ചുകാറ്റില്‍ നിന്നുപോലും രക്ഷിക്കാനുള്ള അവകാശം ആ യുവാവു സ്വയം ഏറ്റെടുത്തിരിക്കുന്നു. പോളിയോ ബാധിച്ചു കടുത്ത ശാരീരിക വൈകല്യങ്ങളുടെ വിഷമതകളില്‍ നിന്നു മാരകരോഗത്തിന്റെ പരിസരത്തെത്തുമ്പോഴും തളരാതെ, മനസ്സു നിറയെ കവിതകള്‍ അവള്‍ സൂക്ഷിക്കുന്നുണ്ടല്ലോ!
'ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?
അവരുടെ കണ്ണുകള്‍ക്ക് ഇളംചൂടിന്റെ നനവുണ്ടായിരിക്കും
എന്നെഴുതുന്ന രമ്യയുടെ 'കൂട്ടിരിപ്പ് എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്...
'എന്നിട്ടും ചാരനിറമുള്ള ചെറുമുറിയില്‍
എനിക്കൊപ്പം കൂട്ടിരിക്കാന്‍ നിനക്കെങ്ങനെയാകുന്നു?
ചാരനിറമുള്ള ചെറുമുറി എന്റെ സംഭീതമായ ഒരോര്‍മയാണ്.
ആംസ്റ്റര്‍ഡാമിലെ
തെരുവീഥികളില്‍ ലക്ഷ്യമില്ലാതെ അലയുന്ന ഒരു ദിവസം. ഒരു വീടിന്റെ നടയില്‍ ചെറിയൊരാള്‍ക്കൂട്ടം. വെറുതെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ആന്‍ ഫ്രാങ്കിന്റെ പഴയ വീടാണതെന്ന്...
ആന്‍ ഫ്രാങ്ക് - കഴിഞ്ഞ നൂറ്റാണ്ടില്‍ ലക്ഷക്കണക്കിനു വായനക്കാരെ അഗാധമായി സ്പര്‍ശിച്ച ഡയറിക്കുറിപ്പുകളെഴുതിയ കൊച്ചു ജൂതപ്പെണ്‍കുട്ടി.
വേട്ടയാടി നടന്നിരുന്ന നാസികളെ പേടിച്ച് ഒളിച്ചുകഴിഞ്ഞ ആവാസസങ്കേതമാണ് ഇൌ വീട്. ഇപ്പോഴതു ചെറിയ മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.
നിശബ്ദരായി സന്ദര്‍ശകര്‍ മുറിയില്‍ കയറിയിറങ്ങുകയാണ്. ഇരുന്ന കസേര, തീന്‍മേശ, കുഞ്ഞുകിടക്ക...
നരച്ചുതുടങ്ങിയ ബാല്യകാല ചിത്രങ്ങള്‍.
ഒരു പുസ്തക അലമാരിയുടെ പിറകില്‍ ചാരനിറമുള്ള ചെറുമുറി! പെട്ടെന്നു കണ്ടുപിടിക്കാനാവില്ല.
കാരണം, ആ അലമാര തന്നെയായിരുന്നു മുറിയിലേക്കുള്ള വാതില്‍!
നീണ്ട മാസങ്ങളില്‍ പുറംലോകവുമായി ബന്ധിപ്പിച്ച ഒരു ചെറുജാലകം മാത്രം ആനിനു സ്വന്തമായിരുന്നു. ഒരെഴുത്തുമേശയും കസേരയും ഒതുക്കിയിട്ടിരിക്കുന്നു. അവിടെവച്ചാവണം ആന്‍ ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നത്!
ഏകാഗ്രതയോടെ പഠിക്കാനും സ്നേഹിക്കപ്പെടാനും തെളിഞ്ഞ ആകാശം കാണാനും ആ കുഞ്ഞുമനസ്സ് തീവ്രമായി ആഗ്രഹിച്ചിരുന്നു. മരണത്തിന്റെ ഛായ ചുറ്റുമുണ്ടെന്നറിയുമ്പോഴും തികഞ്ഞ പ്രസരിപ്പിന്റെ ഭാഷയില്‍ വാക്കുകള്‍ നിറഞ്ഞൊഴുകി!
ഒരുനാള്‍, ആരോ ഒറ്റുകൊടുത്തതനുസരിച്ച്, ഇൌ വീടു വളഞ്ഞെന്നും എല്ലാവരെയും നിര്‍ബന്ധിത തൊഴില്‍ ക്യാംപുകളിലേക്കു മാറ്റിയെന്നും പറയപ്പെടുന്നു.
മാസങ്ങള്‍ക്കുശേഷം രോഗഗ്രസ്തയായ, മെലിഞ്ഞ ഒരു പെണ്‍കുട്ടിയെ തടങ്കല്‍പ്പാളയത്ത് ആരോ കണ്ടിരുന്നത്രേ! അതായിരുന്നു അവസാന ചിത്രം.
അങ്ങകലെ, ഡല്‍ഹിയില്‍ നിന്ന് ഒരു സ്ത്രീ ചോദിക്കുന്നു, ജീവിതത്തില്‍ മനുഷ്യര്‍ തരാത്ത സന്തോഷം എന്റെ മനസ്സിലുള്ള വീടിന്റെ ഉള്‍ത്തളങ്ങള്‍ക്കു തരാന്‍ കഴിയുമോയെന്ന്...
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
ആ സ്ത്രീയുടേതും കരള്‍ പിളര്‍ക്കുന്ന കഥയാണ്.
ഒരു സ്നേഹബന്ധം നിലനിര്‍ത്തിയതിനു കൊടുക്കേണ്ടിവന്ന കടുംശിക്ഷ. സ്നേഹത്തിന്റെ പാദസരകിലുക്കങ്ങള്‍ കേള്‍ക്കണമെന്നു പറഞ്ഞപ്പോള്‍ അവള്‍ കീഴടങ്ങി. ഗര്‍ഭിണിയായപ്പോള്‍ പുരുഷന്‍ വാക്കുമാറ്റി.
ഗര്‍ഭരക്ഷയ്ക്കെന്ന പേരില്‍ അവളെക്കൊണ്ടു കഴിപ്പിച്ച മരുന്നുകളിലും ഭക്ഷണത്തിലും മരണം ഒളിഞ്ഞിരുന്നു.
ജനിച്ച കുട്ടിക്കു തീരാത്ത അസുഖങ്ങള്‍.
എല്ലാ ബന്ധങ്ങളും തകര്‍ന്നു. വീട്ടുകാര്‍ക്കുപോലും വേണ്ടാതായി. പിടിച്ചുനില്‍ക്കാന്‍ ഡല്‍ഹിയിലേക്കു വണ്ടി കയറുമ്പോള്‍ അതിശൂന്യമായ ലോകം മുന്നില്‍.
ഇപ്പോള്‍ താല്‍ക്കാലിക ജോലിയും ഉപരിപഠനവും.
പിടിവള്ളികളൊന്നുമില്ലെങ്കിലും മകനു കാവലാളായി നില്‍ക്കുന്നു.
'എനിക്കാകെ വേണ്ടത് എനിക്കും കുഞ്ഞുങ്ങള്‍ക്കും അന്തിയുറങ്ങാനുള്ള ഒരിടമാണ്. മുറികള്‍ വേണ്ട. പക്ഷേ, അകത്തളങ്ങളില്‍ നിറങ്ങളുണ്ടാകണം...
ഇൌയിടെ, എന്റെ വ്യക്തിജീവിതത്തില്‍ നിരാശയുണ്ടാക്കിയ ഒരു സംഭവമുണ്ടായി. ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണ്, ഒാര്‍ക്കാപ്പുറത്തു രമ്യയും ഡല്‍ഹിയിലെ സ്ത്രീയും മനസ്സിലേക്കു കടന്നുവന്നത്.
അവര്‍ പരന്നുകിടക്കുന്ന സങ്കടമഹാസമുദ്രങ്ങള്‍.
അതിജീവനത്തിന്റെ അര്‍ഥവത്തായ പോരാട്ടങ്ങള്‍!
അതിന്റെയൊക്കെ മുന്നില്‍ എന്റെ ചെറുനിരാശകള്‍ എത്ര നിസ്സാരം!
No comments:
Post a Comment