വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, January 18, 2010

ജ്യോതി ബസു അന്തരിച്ചു

അണയില്ല ജ്യോതി

ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകതലത്തിലേക്ക് ഉയര്‍ത്തിയ ധിഷണാശാലി, ആധുനിക ബംഗാളിന്റെ ശില്‍പ്പി, വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ ദേശീയതലത്തില്‍ ഐക്യമുന്നണി കെട്ടിപ്പടുത്തവരില്‍ പ്രധാനി, സര്‍വാദരണീയനായ രാഷ്ട്രീയ നയതന്ത്രജ്ഞന്‍-വിശേഷണങ്ങള്‍ക്ക് ഒതുങ്ങാത്ത ബസു ചരിത്രത്തിലേക്ക് മറയുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ സമരഭരിതമായ ഒരു അധ്യായം.

ശ്വാസതടസ്സത്തെയും ചുമയെയും തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ സാള്‍ട്ട്ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തണുപ്പ് കൂടിയതിനെത്തുടര്‍ന്ന് ജലദോഷവും ന്യുമോണിയയും ബാധിച്ചതാണ് ശ്വാസതടസ്സത്തിന് ഇടയാക്കിയത്. ഏഴുപേരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ചികിത്സയോട് ഒരു ഘട്ടത്തില്‍ നല്ലരീതിയില്‍ പ്രതികരിച്ച അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കിയിരുന്നു. ബസു സംസാരിച്ചതായും വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ടു ദിവസത്തിനകം ബസുവിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ബസുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമാകുകയായിരുന്നു. ആശുപത്രി അധികൃതര്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനെ വിവരം അറിയിച്ചു.

കൊല്‍ക്കത്തയിലുണ്ടായിരുന്നന്നപാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും മറ്റു നേതാക്കളോടുമൊപ്പം അദ്ദേഹംഅശുപത്രിയിലേക്ക് കുതിച്ചു. 12. 07ന് ബിമന്‍ ബസുവാണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. 'ജ്യോതിബാബു അമാദേര്‍ ഛേഡെ ചൊലേഗയ്ഛേ'”( ജ്യോതിബാബു നമ്മളെ വിട്ടുപോയി) എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ത്യസമയത്ത് ജ്യോതിബസുവിന്റെ മകന്‍ ചന്ദന്‍ബസുവും ആശുപത്രിയിലുണ്ടായിരുന്നു. ബസുവിന്റെ നിര്യാണവാര്‍ത്ത സംസ്ഥാനത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തി. മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ്് ആശുപത്രിയിലേക്ക് പ്രവഹിച്ചത്.

കാരാട്ടും ബിമന്‍ബസുവും ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ചന്ദന്‍ബസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. പിന്നീട്, ഒരു ദശാബ്ദത്തിലേറെ ബസു താമസിച്ചന്ന ഇന്ദിര ഭവനില്‍ എത്തിച്ചു. വൈകിട്ട് നാലോടെ മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പീസ് ഹെവന്‍ ആശുപത്രിയില്‍നിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം 10ന് റൈറ്റേഴ്സ് ബില്‍ഡിങ്ങിലും 10.30ന് അസംബ്ളി ഹാളിലും മൂന്നിന് പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും.

വൈകിട്ട് നാലോടെ എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിലാപയാത്രയായി എത്തിച്ച് മൃതദേഹം കൈമാറും. ഡോ. നിഷികാന്ത് ബസുവിന്റെയും ഹേമലതയുടെയും മൂന്നാമത്തെ മകനായി 1914 ജൂലൈ എട്ടിനാണ് ജ്യോതിബസു ജനിച്ചത്. ഭാര്യ: പരേതയായ കമലബസു. ചന്ദന്‍ബസു ഏകമകനാണ്.

ദേശാഭിമാനി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്