വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, January 18, 2010

അമര്‍ ജ്യോതി

അമര്‍ ജ്യോതി

കേരള കൌമുദി

കൊല്‍ക്കത്ത: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടിലേറെ മഹാമേരുവിനെപ്പോലെ നിറഞ്ഞുനിന്ന സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും 23വര്‍ഷം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബാസു അന്തരിച്ചു.

തൊണ്ണൂറ്റിഅഞ്ചു വയസുള്ള ജ്യോതിബാസു കഴിഞ്ഞ പതിനേഴു ദിവസമായി രോഗശയ്യയില്‍ മരണത്തോട് പൊരുതുകയായിരുന്നു. വൈദ്യശാസ്ത്രത്തിന് സാദ്ധ്യമായതെല്ലാം ചെയ്തിട്ടും ഇന്നലെ രാവിലെ 11.47ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇന്ത്യയുടെയും പ്രത്യേകിച്ച് ബംഗാളിന്റെയും രാഷ്ട്രീയചരിത്രത്തിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും ജ്വലിച്ചുനിന്ന ഒരു യുഗത്തിനാണ് ബാസുവിന്റെ വിയോഗത്തോടെ അന്ത്യംകുറിച്ചത്.

കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ വച്ച് ബംഗാള്‍ സി.പി.എം സെക്രട്ടറിയും ഇടതുമുന്നണി ഏകോപനസമിതി അദ്ധ്യക്ഷനുമായ ബിമന്‍ബോസ് ഇടറിയ വാക്കുകളിലാണ് ജ്യോതിബാസുവിന്റെ മരണം ഔപചാരികമായി അറിയിച്ചത്. "ജ്യോതിബാസു ഇനി നമ്മോടൊപ്പമില്ല" - കൂടുതലൊന്നും പറയാന്‍ ശക്തിയില്ലാതെ അദ്ദേഹം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍നിന്ന് പിന്‍വാങ്ങി.
ബംഗാളികള്‍ ജ്യോതിബാബു എന്ന് നിറഞ്ഞ സ്നേഹത്തോടെ വിളിക്കുന്ന ജ്യോതിബാസു പൊതുരംഗത്തുവന്നതിന്റെ എഴുപതാം വാര്‍ഷികദിനമായിരുന്ന ജനുവരി ഒന്നിനാണ് ന്യൂമോണിയബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീടദ്ദേഹം സുഖം പ്രാപിച്ചതേയില്ല. ഇടയ്ക്ക് നേരിയ പുരോഗതി കണ്ടെങ്കിലും ഓരോദിവസവും രോഗനില ഗുരുതരമായിക്കൊണ്ടിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ ബാസുവിന്റെ ആന്തരാവയവങ്ങള്‍ ഒന്നൊന്നായി പ്രവര്‍ത്തനരഹിതമായി. വൃക്കകള്‍ സ്തംഭിച്ചതോടെ ഡയാലിസിസ് നടത്തി.

സാധാരണ ഡയാലിസിസ് താങ്ങാന്‍ കഴിയാത്തതിനാല്‍ ശനിയാഴ്ച എട്ടു മണിക്കൂര്‍ നീളുന്ന സാവധാനമുള്ള ഡയാലിസിസ് നടത്തി. ബാസുവിന്റെ ശരീരത്തിന് താങ്ങാന്‍ കഴിയാത്തതിനാല്‍ ഏഴര മണിക്കൂറായപ്പോള്‍ അതും നിറുത്തിവച്ചു. ഏറ്റവുമൊടുവില്‍ ശനിയാഴ്ച രാത്രി ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായപ്പോള്‍ ശരീരത്തിനു വെളിയില്‍ താത്കാലിക പേസ്മേക്കര്‍ ഘടിപ്പിച്ചു. സുപ്രധാന ആന്തരാവയവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായതോടെ ഐതിഹാസികമായ ആ ജീവിതത്തിന് അന്ത്യമായി.

മരണസമയത്ത് ഏക മകന്‍ ചന്ദനും പുത്രഭാര്യയും പേരക്കുട്ടികളായ പായല്‍, ദോയല്‍, കോയല്‍ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെ സി.പി.എമ്മിന്റെ ദേശീയ നേതാക്കളും ബംഗാളിലെ നേതാക്കളും ഇന്നലെ രാവിലെ തന്നെ ആശുപത്രിയിലെത്തിയിരുന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്