ഗൂഗിളിനുപിറകെ കേരള പൊലീസ്
മധുനായര്‍ ന്യൂയോര്‍ക്ക്
(കേരള കൌമുദിയിൽനിന്ന് )
കംപ്യൂട്ടറിന്റെ തിരപ്പുറപ്പാട് വന്‍വിപ്ളവമായത് ഇന്റര്‍നെറ്റിന്റെ പ്രചാരത്തോടെയാണ്. പെന്റഗണ്‍ എന്നറിയപ്പെടുന്ന അഞ്ചുവശങ്ങളുള്ള പണ്ടൊരുകാലത്ത് ആശുപത്രിയായി പണിത, കെട്ടിടസമുച്ചയത്തിലാണ് അമേരിക്കന്‍ ഐക്യനാടുകളുടെ പ്രതിരോധമന്ത്രാലയം സ്ഥിതി ചെയ്യുന്നത്. കംപ്യൂട്ടര്‍ ഭാഷകളില്‍ ഇന്നും മുന്‍നിരയിലുള്ള കോബാളും ഇന്റര്‍നെറ്റിന്റെ അപ്പനായ അര്‍പ്പാനെറ്റും പെന്റഗണ്‍ സന്തതികളാണ്. ലോകത്തിലെ സകല അമേരിക്കന്‍ സൈനികത്താവളങ്ങളേയും ബന്ധിച്ച അര്‍പ്പാനെറ്റിന്റെ തുടക്കകാല ഉപഭോക്താക്കളില്‍ ഈ ലേഖകനും പെടും.
സുരക്ഷാപടലകളുടെ അഗ്രഗണ്യസ്ഥാനത്തുള്ള ടോപ്പ്സീക്രട്ട് ക്ളിയറന്‍സ് ഈ വിദേശവംശജ ജീവനക്കാരന് അനുവദിക്കുവാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഒരു വൈക്ളബ്യവും കാട്ടിയില്ല. ക്ളിന്റണ്‍ പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റായ അല്‍ഗോറാണ് അര്‍പ്പാനെറ്റിന്റെ അനന്തകച്ചവടസാദ്ധ്യതകള്‍ മനസ്സിലാക്കിയത്. ഈ കംപ്യൂട്ടര്‍ കലാപരിപാടി സിവിലിയന്‍ ഉപയോഗത്തിനായി തുറന്നുകൊടുത്തതിനാല്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഒരുപോറലും ഉണ്ടായില്ല. നേരെതിരിച്ച് ആഗോളരഹസ്യ വിവരശേഖരണത്തില്‍ അമേരിക്ക വന്‍ കുതിപ്പും സാധ്യമാക്കി. സെക്യൂരിറ്റി പ്രശ്നങ്ങളില്‍ അടിസ്ഥാനമില്ലാത്ത ബാലിശവാദങ്ങള്‍ക്ക് പ്രസക്തിയില്ലായെന്ന് സൂചിപ്പിക്കുവാനാണിത്രയും കുറിച്ചത്.
ഇന്റര്‍നെറ്റിന്റെ പ്രഗല്ഭ സന്തതിയായ ഗൂഗിള്‍ ഇന്നൊരു സുപരിചിത കംപ്യൂട്ടര്‍ കരുവാണ് എന്നുമാത്രം പറഞ്ഞാല്‍പോര. ടെക്നിക്കുകള്‍ക്കുമാത്രമല്ല, വീട്ടമ്മമാര്‍ക്കുപോലും ഗൂഗിള്‍ സെര്‍ച്ച് ഇന്ന് അന്യമല്ല. ഗൂഗിളിന്റെ ശില്പികള്‍ ചൈനക്കാരനും ഇന്ത്യന്‍ വംശജനുമാണ്. ലോകമെമ്പാടും ജനജീവിതത്തെ ബാധിക്കുന്ന സകലമാന തുറകളിലും അന്വേഷണം സാധ്യമാക്കിയ ഈ സെര്‍ച്ച് എഞ്ചിന്‍ പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടിക്കൊണ്ടേയിരിക്കുന്നു.
ചൈനയില്‍ ഈയിടെ ഗൂഗിളിന്റെ ഹസ്തങ്ങള്‍ക്ക് വിലങ്ങുവയ്ക്കുവാനുള്ള ശ്രമം നടന്നപ്പോള്‍ കമ്പനി ആ രാജ്യത്ത് പ്രവര്‍ത്തനം തന്നെ നിറുത്തുമെന്ന് വെളിപ്പെടുത്തിയത് അധികാരികളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. ചൈനയിലെ സാദാജനങ്ങള്‍ ലോക വിവരങ്ങള്‍ അറിയാതിരിക്കുവാനുള്ള പ്രാകൃതനിയമങ്ങള്‍ മറികടക്കുവാന്‍ ഗൂഗിള്‍ നിമിത്തമായി എന്നതാണ് ചൈനീസ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായത്. ഇതില്‍നിന്നും പ്രചോദനം നേടിയാകുമോ കേരളത്തിലെ ഇന്റലിജന്‍സ് വിഭാഗം കൈകാര്യം ചെയ്യുന്ന പൊലീസ് മേധാവി ഗൂഗിളിനെതിരേ വാളുയര്‍ത്തിയിരിക്കുന്നത്?
ഒരുരാജ്യത്തിന്റെയെന്നല്ല പഞ്ചായത്ത് തലത്തില്‍ വാര്‍ഡുകള്‍ അടക്കം പൂര്‍ണ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാപ്പ് ലഭ്യമാക്കുകയാണ് ഏത് തരത്തിലെ പ്ളാനിംഗിന്റേയും ആദ്യപാഠം. ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പ് സംവിധാനത്തിന് ബദലായി വേറൊന്നും ഇന്ന് ലോകത്തിലില്ല. സംസ്ഥാനത്തിന്റെ വ്യക്തവും പൂര്‍ണവുമായ മാപ്പ് നിര്‍മ്മാണത്തില്‍ ഗൂഗിളിന്റെ സേവനം ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ സഹകരണം ലഭ്യമാകുമെന്ന് തീര്‍ച്ചയായപ്പോഴാണ് ഇന്റലിജന്‍സ് മേധാവി വിരട്ടുവാദവുമായി ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ഇന്റലിജന്‍സ് വിവരശേഖരണത്തില്‍ സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെതന്നെ പൂര്‍വകാല റെക്കാഡ് ശോചനീയമാണ്.
പണ്ടൊരുകാലത്ത് നെഹ്റുവിനെ വധിക്കുവാനുള്ള സി. ഐ.എ പ്ളാന്‍ ഇന്ത്യ അറിഞ്ഞത് ചൈനീസ് സുരക്ഷാവൃത്തങ്ങളില്‍ നിന്നുമായിരുന്നു. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി നാട്ടില്‍ നിലവിലിരിക്കുന്നത് പ്രാകൃത നിയമങ്ങളാണിന്നും. വിമാനത്താവളങ്ങളുടെ ഫോട്ടോ എടുക്കുന്നതിലുള്ള നിരോധനം ഒരുദാഹരണം മാത്രം. ഇന്നും സന്ദര്‍ശകര്‍ക്ക് വൈറ്റ് ഹൌസിനകത്ത് കയറി ഓവല്‍ ഓഫീസിന്റെ പടം എടുക്കുന്നതിന് തടസ്സമില്ല. ആണവകേന്ദ്രങ്ങളും മറ്റു സൈനിക സ്ഥാപനങ്ങളും എവിടെയൊക്കെയാണെന്ന് കണ്ടുപിടിക്കുവാന്‍ ഉപഗ്രഹങ്ങളുപയോഗിച്ച് അനായാസമായി സാധ്യമാകുന്നു. അരനൂറ്റാണ്ടുമുന്‍പുതന്നെ ക്യൂബയില്‍ സോവിയറ്റ് യൂണിയന്‍ മിസൈലുകള്‍ സ്ഥാപിച്ചത് അമേരിക്ക ഫോട്ടോകളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഗൂഗിള്‍മാപ്പിലൂടെ ലഭിക്കുന്ന ലാമ്പ് പോസ്റ്റുകളുടെയും കിണറുകളുടെയും കുളങ്ങളുടെയും ഊടുവഴികളുടെയും വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ മനസ്സിലാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഇന്റലിജന്‍സ് മേധാവി കരുതുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഇന്റലിജന്‍സാണ് പരിശോധനാ വിഷയമാകേണ്ടത്. യുദ്ധം അനിവാര്യമാകുമ്പോള്‍ സിവിലിയന്‍ ടാര്‍ജറ്റുകള്‍ ഒഴിവാക്കപ്പെടാനാകും ഗൂഗിള്‍മാപ്പ് സഹായിക്കുക.
പരമ്പരാഗത വ്യവസായങ്ങള്‍ അന്യംനില്‍ക്കുന്നിടത്ത് ഐ.ടി പുരോഗമിക്കുന്നത് യാദൃച്ഛികമല്ല. ഈ യാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ കണ്ണടച്ചിട്ട് സുരക്ഷാപാളിച്ചകളില്‍ അഗ്രഗണ്യസ്ഥാനം ചുമക്കുന്ന പൊലീസ് ഏതൊരു പഠനവും നടത്താതെ, ആഭ്യന്തരമന്ത്രിയെ ഉപദേശിക്കുന്നത് ക്ഷന്തവ്യമല്ല. സാക്ഷരതയിലെന്നപോലെ കേരളം മാപ്പിംഗിന്റെ കാര്യത്തില്‍ രാഷ്ട്രത്തിന് മാതൃകയാകട്ടെ. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ബീജാവാപം നടക്കുന്നിടം സൂക്ഷ്മമായി പരതുവാന്‍ ഗൂഗിള്‍മാപ്പ് സഹായകമാകും എന്നെങ്കിലും ഓര്‍ക്കുക.
No comments:
Post a Comment