വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, January 15, 2010

ഹെയ്തി: മരണം ലക്ഷം കവിഞ്ഞു

ഹെയ്തി: മരണം ലക്ഷം കവിഞ്ഞു

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ ദ്വീപ്രാഷ്ട്രമായ ഹെയ്തിയെ തരിപ്പണമാക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ ലക്ഷം കവിഞ്ഞു. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിനെ തുടച്ചുനീക്കിയ ദുരന്തത്തെതുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ വിവരണാതീതമായ ദുരിതത്തിലാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍പോലും കഴിഞ്ഞിട്ടില്ല. പരിക്കേറ്റവര്‍ ചികിത്സ ലഭിക്കാതെ തെരുവിലാണ്. പതിനായിരങ്ങളെക്കുറിച്ച് വിവരമൊന്നുമില്ല. ദുരന്തം അതിജീവിച്ചവര്‍ ഭക്ഷണവും വൈദ്യസഹായവും കിട്ടാതെ അലയുന്നു. മാരകമായി മുറിവേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍പോലും സംവിധാനമില്ല. ആശുപത്രികളും സ്കൂളുകളും ഹോട്ടലുകളും നിന്നിടത്ത് കോക്രീറ്റ് കൂമ്പാരങ്ങള്‍ മാത്രം. പാര്‍ലമെന്റ് മന്ദിരവും തകര്‍ന്നടിഞ്ഞു. റോഡുകള്‍ നാമാവശേഷമായതിനാല്‍ അയല്‍രാജ്യങ്ങളില്‍നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ലോകമെങ്ങുംനിന്ന് ഹെയ്തിയിലേക്ക് സഹായം പ്രവഹിക്കുകയാണ്. മരണസംഖ്യ കണക്കാക്കുക ഇപ്പോള്‍ അസാധ്യമാണെന്ന് പ്രധാനമന്ത്രി ജീന്‍ മാക്സ് ബെല്ലേറീവ് പറഞ്ഞു. എന്നാല്‍, ഒരുലക്ഷം കവിയുമെന്ന് അദ്ദേഹം അറിയിച്ചു. ഹെയ്തിയിലുള്ള യുഎന്‍ ദൌത്യസേനയിലെ 16 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തലവന്‍ ഹേദി അന്നാബിയും കൊല്ലപ്പെട്ടു. 150ല്‍പരം സേനാംഗങ്ങളെ കാണാതായി.

ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രസിഡന്റ് റെനെ പ്രെവലിനുപോലും തങ്ങാന്‍ ഇടമില്ല. തന്റെ കൊട്ടാരവും സര്‍ക്കാര്‍ മന്ദിരങ്ങളുമെല്ലാം തകര്‍ന്നതിനാല്‍ എവിടെ കഴിയുമെന്ന ആശങ്കയിലാണെന്ന് പ്രെവല്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം 30ല്‍പരം തുടര്‍ചലനങ്ങളുണ്ടായി. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ ഇത് കൂടുതല്‍ ഭീകരമായ ദുരിതത്തിലേക്കെത്തിച്ചു. തലസ്ഥാനത്തെ പ്രധാന ജയില്‍ തകര്‍ന്നു. ഇവിടെയുണ്ടായിരുന്ന കുറ്റവാളികളില്‍ ചിലര്‍ നഗരത്തിലേക്ക് കടന്നതായി കരുതുന്നു. വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന നഗരത്തില്‍ ഇവരുടെ സാന്നിധ്യം കുഴപ്പം സൃഷ്ടിച്ചേക്കാം. അയല്‍രാജ്യങ്ങളായ ക്യൂബയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കും വെനസ്വേലയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. എന്നാല്‍, ദുരന്തത്തിന്റെ വ്യാപ്തിക്കുമുന്നില്‍ രക്ഷാപ്രവര്‍ത്തനം കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നു.

ഈ ദരിദ്രരാജ്യത്തെ മോശം പശ്ചാത്തലസൌകര്യങ്ങളും സ്ഥിതി വഷളാക്കി. ദുരിശ്വാസപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ചുമതല അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, യുഎസ് എയ്ഡ് തലവന്‍ രാജീവ് ഷായ്ക്ക് നല്‍കി. റഷ്യ, ബ്രിട്ടന്‍, കനഡ, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തകരെ അയച്ചു. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് രണ്ടുലക്ഷത്തില്‍പരം ആളുകളുടെ ജീവനപഹരിച്ച സുനാമി ദുരന്തത്തോടാണ് ഹെയ്തി ഭൂകമ്പത്തെ അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലാരി ക്ളിന്റ താരതമ്യപ്പെടുത്തിയത്. വിദേശത്തായിരുന്ന ഹിലാരി ദുരിതാശ്വാസപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ വാഷിങ്ടണിലേക്ക് മടങ്ങി. ഹെയ്തിയിലെ ഇന്ത്യന്‍ കോസുല്‍ ജനറല്‍ മാരി ആന്‍ഡ്രിന്‍ സുരക്ഷിതനാണെന്ന് ക്യൂബയിലെ ഇന്ത്യന്‍ അംബാസഡര്‍ മിത്ര വസിഷ്ഠ് അറിയിച്ചു. ആന്‍ഡ്രിന്റെ കുടുംബാംഗങ്ങളില്‍ ഒരാളുമായി സംസാരിക്കാന്‍ കഴിഞ്ഞുവെന്ന് ഹെയ്തിയുടെകൂടി ചുമതലയുള്ള മിത്ര പറഞ്ഞു.
യുഎന്‍ സേനയുടെ ഭാഗമായി ഹെയ്തിയില്‍ കഴിയുന്ന സിഐഎസ്എഫുകാര്‍ക്കും കുഴപ്പമൊന്നുമില്ല. അതേസമയം, ബിസിനസുകാരും മറ്റുമായി ഇവിടെയുള്ള നൂറോളംപേരെക്കുറിച്ച് വിവരമൊന്നുമില്ല.

ദേശാഭിമാനി

ജാനുവരി 16:
ഹെയ്തിയില്‍ രണ്ടുലക്ഷത്തിലധികം പേര്‍ മരിച്ചതായി ഇന്നത്തെ റിപ്പോര്‍ട്ട് (ജാനുവരി 16)

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്