പകർത്തിവയ്പുകൾ
Wednesday, December 28, 2011
ആ സിന്ദൂരപ്പൊട്ടിലേക്ക് വീണ്ടും
എം എം പൗലോസ്
ദേശാഭിമാനി, Posted on: 28-Dec-2011 12:01 AM
മറ്റൊരു ലോകം ഇനിയില്ലെന്ന് തൊണ്ണൂറുകളില്‍ ചിലര്‍ തറപ്പിച്ചു പറഞ്ഞു. അതിന് അവര്‍ക്ക് ന്യായങ്ങളുണ്ടായി. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, ബര്‍ലിന്‍ മാളുകള്‍ ഉയര്‍ന്നു. കിഴക്കന്‍ യൂറോപ്പ് ശിഥിലമായി. 1991ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റുകാര്‍ അണിഞ്ഞ സിന്ദൂരപ്പൊട്ടായിരുന്നു അത്. മോസ്കോ അവര്‍ക്ക് ആത്മാവായിരുന്നു. വ്യാവസായിക വിപ്ലവം കമ്യൂണിസത്തിന്റെ ഉദയക്രിയയായിരുന്നെങ്കില്‍ വിവരസാങ്കേതിക വിപ്ലവം അതിന്റെ ഉദകക്രിയയായെന്ന നിര്‍വചനങ്ങളുണ്ടായി. ചരിത്രം അവസാനിച്ചെന്നു മാത്രമല്ല സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ഫെലോ ഫ്രാന്‍സിസ് ഫുകുയാമ പറഞ്ഞത്; മാര്‍ക്സിസം മരിച്ചെന്നും മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന അവശേഷിക്കുന്ന ചില വൃദ്ധന്മാര്‍ നേഴ്സിങ് ഹോമില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം ക്രൂരമായി പരിഹസിച്ചു. ഇനി പ്രത്യയശാസ്ത്രങ്ങളില്ല, പ്രതിബദ്ധതകളില്ല. ലോകത്തിന്റെ പ്രവര്‍ത്തനമന്ത്രം ഒന്നുമാത്രം-വിജയം. ചരക്കുകപ്പലുകള്‍ പുതിയ കടല്‍മാര്‍ഗങ്ങള്‍ തേടി. ഓയില്‍ ടാങ്കറുകളുടെ സഞ്ചാരവേഗം കൂടി. അതിവിദൂരതകളിലേക്കും വ്യോമപാതകള്‍ തുറന്നു. അപരിഷ്കൃത ദുര്‍ഗമപ്രദേശങ്ങളെ വികസനത്തിന്റെ ഗതിവേഗങ്ങളിലേക്ക് കൊളുത്തിയിട്ടു. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിച്ചു ബില്‍ഗേറ്റ്സ്. ഈ വിസ്മയക്കാഴ്ചകളുടെ പിന്നാമ്പുറത്ത് മറ്റൊരു ലോകമുണ്ടായിരുന്നു. ഗോര്‍ബച്ചേവ് ചെങ്കൊടി താഴ്ത്തിയ വര്‍ഷംതന്നെയാണ് ആയത്തൊള്ള ഖൊമേനി "ഫത്വ" പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് സല്‍മാന്‍ റുഷ്ദിയുടെ തല വേണം. ഭീകര സംഘങ്ങള്‍ സജീവമായി. വംശഹത്യ പെരുകി. രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും, സ്ലോവാക്യയുമായി. യുഗോസ്ലാവ്യയെ സെര്‍ബിയയും, ക്രൊയേഷ്യയും, ബോസ്നിയയുമായി പങ്കിട്ടു. ഇതില്‍ മരിച്ചത് രണ്ടരലക്ഷം പേര്‍ . ബോസ്നിയ "പത്താം നരക"മായി. അവിടത്തെ തടങ്കല്‍പ്പാളയത്തില്‍ കിടക്കേണ്ടിവന്ന കവിയും പത്രപ്രവര്‍ത്തകനുമായ റെസാക് ഹുക്കനോവിച്ച് എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു അത്- "ദി ടെന്‍ത് സര്‍ക്കിള്‍ ഓഫ് ഹെല്‍". ഈ തടങ്കല്‍പ്പാളയത്തിലേക്ക് മെഹമ്മദാലിജ എന്ന അറുപതുകാരനെ ഒരിക്കല്‍ കൊണ്ടുവന്നു. ഒപ്പം ഒരു പെണ്‍കുട്ടിയും, ഹജ്റാ. ഇരുവരെയും പരസ്യമായി നഗ്നരാക്കി. തടവുകാരുടെ മുന്നില്‍ വച്ച് ഹജ്റായുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ മെഹമ്മദാലിജയോട് ആവശ്യപ്പെട്ടു. അയാള്‍ കേണപേക്ഷിച്ചു-"അരുത്". ജയിലര്‍ കുപിതനായി. സമ്മതിക്കുന്നതുവരെ പുറത്തെ മഴയില്‍ നിര്‍ത്താന്‍ ആജ്ഞാപിച്ചു. രണ്ടു മണിക്കൂര്‍ അയാളെ മഴയില്‍ നിര്‍ത്തി. തണുത്തു വിറങ്ങലിച്ച അയാളെ തിരികെ കൊണ്ടുവന്നു. പഴയ കാര്യം ആവര്‍ത്തിച്ചു. അയാള്‍ വഴങ്ങിയില്ല. ദേഷ്യം സഹിക്കാതെ ഗാര്‍ഡുകള്‍ തോക്കിന്റെ പാത്തിക്ക് ആഞ്ഞടിച്ചു. ചോര ചീറ്റി. അടികൊണ്ടു പുളഞ്ഞ മെഹമ്മദാലിജ കുഴഞ്ഞു വീണു. അയാളെ പുറത്തെ കനത്ത മഴയിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രി മുഴുവന്‍ അയാള്‍ മഴയില്‍ കിടന്നു. മഴ മാറി, നേരം പുലര്‍ന്നു, അയാള്‍ എഴുന്നേറ്റില്ല, പിന്നെ ഒരിക്കലും.. ചോരയുറഞ്ഞു പോകുന്ന ഇത്തരം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് ഹുക്കനോവിച്ച് പത്താംനരകത്തില്‍ . ഇത് തിമൂറിന്റെയോ, ചെങ്കിസ്ഖാന്റെയോ കാലമല്ല. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെപോലും കാലമല്ല. സുതാര്യതകളുടെ കാലം, പുത്തന്‍ ആശയങ്ങളുടെ കാലം, വൈദഗ്ധ്യങ്ങളുടെ കാലം. മൂലധനത്തിന്റെ വ്യാപനത്തോടെ ജനാധിപത്യം ശക്തമാവും എന്ന് വിശ്വസിക്കപ്പെട്ട കാലം. ഏകാധിപതികള്‍ക്ക് അടയിരിക്കാന്‍ ഇരുട്ടില്ലാത്ത കാലം. ഇന്റര്‍നെറ്റിന്റെ കിളിവാതിലിലൂടെ എല്ലാം കാണാവുന്ന കാലം. എന്നിട്ടും വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒരു വിമാനം ഇടിച്ചിറക്കി. ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വി കെ കൃഷ്ണമേനോന്‍ കണക്കിന് പരിഹസിച്ചു: "ഇത് പുലി വെജിറ്റേറിയനാണ്" എന്ന് അവകാശപ്പെടുന്നപോലെയാണ്. ആഗോളവല്‍ക്കരണം ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ കൃഷ്ണമേനോന്റെ ഫലിതം വീണ്ടും പ്രസക്തമാവുന്നു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനം സാധ്യമാവുന്നതോടെ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരും. ജനാധിപത്യത്തിന്റെ ശക്തരായ വക്താക്കളായിരിക്കും ഇവര്‍ . പരിമിതികളുടെയും പ്രതിസന്ധികളുടെയും വരമ്പുകള്‍ ഇവര്‍ തകര്‍ക്കും. ഇവരില്‍ ആശയങ്ങളുടെ ഭാരമുണ്ടാവില്ല. വ്യക്തിക്ക് എല്ലാ ഊര്‍ജങ്ങളെയും തുറന്നുവിടാനാവും. ഇതൊരു തുറന്ന ലോകമാവുകയാണ്. ഇങ്ങനെയായിരുന്നു പുതിയ കാലത്തിന്റെ രാഷ്ട്രമീമാംസ. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ആഗോളവല്‍ക്കരണത്തിന് മൂന്നു പതിറ്റാണ്ടു തികഞ്ഞപ്പോള്‍ വാള്‍സ്ട്രീറ്റിലേക്ക് ജാഥ നീങ്ങി. ഒരു ശതമാനത്തിന്റെ തീന്‍മേശ അലങ്കരിക്കാനല്ല 99 ശതമാനം എന്നവര്‍ പ്രഖ്യാപിക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ജനാധിപത്യം? ഒരു ശതമാനത്തിനു വേണ്ടിയോ? 99 ശതമാനത്തിനു വേണ്ടിയോ? ഈ 99 ശതമാനത്തില്‍ വീടുവയ്ക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവരുണ്ട്, കടത്തില്‍ കുടുങ്ങിയവരുണ്ട്, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുണ്ട്. ഒരു ശതമാനത്തിലോ? ഒരു ചെറിയ സ്ഥിതിവിവരക്കണക്ക് ഇതിന് ഉത്തരമാവും. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം 1982ല്‍ ഏറ്റവും ധനികരായ 400 കുടുംബങ്ങളുടെ ആകെ ആസ്തി 9200 കോടി ഡോളര്‍ . 1995ല്‍ ഇത് 48000 കോടി ഡോളര്‍ . മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലേ "മള്‍ട്ടി നാഷണാലിറ്റി"യുള്ളു. ലക്ഷ്യത്തില്‍ , ലാഭത്തില്‍ , ഉടമസ്ഥതയില്‍ അത് "നാഷണലാ"ണ്. ഇപ്പോള്‍ ഫുകുയാമ ചിരിക്കുന്നില്ല. മധ്യവര്‍ഗം തകരുമ്പോള്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഒന്ന് സമ്മതിച്ചു; പറഞ്ഞതെല്ലാം പാഴായി. മധ്യവര്‍ഗം തകരുകയാണ്്. "ബൂര്‍ഷ്വാസിയില്ലെങ്കില്‍ ജനാധിപത്യമില്ല" എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ബാരിങ്ടണ്‍ മൂറിന്റെ നിഗമനത്തിലൂടെയാണ് ഫുകുയാമയുടെ അപഗ്രഥനം. "വളര്‍ച്ചയെത്തിയ മുതലാളിത്തം തൊഴിലാളി വര്‍ഗത്തെയല്ല സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തെയാണ്. മധ്യവര്‍ഗമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. ആ മധ്യവര്‍ഗത്തെ ആഗോളവല്‍ക്കരണം ഇല്ലാതാക്കുന്നു" എന്ന് ഫുകുയാമ ഭയക്കുന്നു. സ്വഭാവവും കഴിവുകളും വ്യത്യസ്തമാവുന്ന കാലത്തോളം അസമത്വങ്ങളും ഉണ്ടാവും. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഈ അസമത്വം വലുതാക്കി. ഇത് വെറും യന്ത്രങ്ങളുടെ കാലമല്ല. സമര്‍ഥമായ യന്ത്രങ്ങളുടെ കാലമാണ്. ഇവിടെ വിദഗ്ധര്‍ പോരാ, അതിവിദഗ്ധര്‍ തന്നെ വേണം. അവര്‍ ഉയര്‍ന്നുവരുന്നു. മറ്റുള്ളവര്‍ പുറന്തള്ളപ്പെടുന്നു. തൊഴില്‍സാധ്യത കുറയുന്നു. സാമ്പത്തിക അടിത്തറ ഇളകുന്നു, സാമൂഹ്യഭദ്രത തകരുന്നു. വികസനത്തില്‍ വികസിച്ചത് എന്താണ്? മാറുകയായിരുന്നു വല്ലാത്ത വേഗത്തില്‍ ലോകം. 1960ല്‍ ഹിപ്പികള്‍ , 80ല്‍ യുപ്പികള്‍ , 2000ത്തില്‍ സിപ്പികള്‍ . 2011ല്‍ വെറും പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ജാഥകള്‍! വികസനം വരാനിരിക്കുന്നതേയുള്ളു എന്നായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞുപോയ കാല്‍നൂറ്റാണ്ട് വെറും റിഹേഴ്സല്‍ മാത്രം! പക്ഷേ, ടെക്കികള്‍ ലോകത്തെ തെളിച്ചത് ശൂന്യതയിലേക്കായിരുന്നു, ഭൗതികമായും ആത്മീയമായും. ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്. "നീ ആരാണ്?" എന്ന ചോദ്യം ഓരോ കാലഘട്ടവും ആവര്‍ത്തിക്കുന്നു. തത്വചിന്തകര്‍ അതിന് ഉത്തരവും തേടുന്നു. ഓരോ ഉത്തരവും വീണ്ടും ചോദ്യങ്ങളിലേക്ക് നയിച്ചു. പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കളായി ഈ പ്രഹേളിക കാലത്തിനൊപ്പം സഞ്ചരിച്ചു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഈ ചോദ്യം രണ്ടു ധാരകളായി ഒഴുകി. ഒന്ന് വിശ്വാസപ്രമാണങ്ങളായി, മതവിശ്വാസങ്ങളായി ധാര്‍മിക മണ്ഡലത്തില്‍ പ്രവേശിച്ചു. മറ്റൊന്ന് അധികാരത്തോടുള്ള കലഹമായി, വിപ്ലവങ്ങളായി ഭൗതിക മണ്ഡലത്തില്‍ പ്രവേശിച്ചു. പ്രപഞ്ചം ഇരുളിലാണ്ടപ്പോള്‍ വിശ്വസമുദ്രത്തില്‍ ഉറങ്ങിക്കിടന്ന മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ഈ ചോദ്യം ചോദിക്കുന്നു: "നീ ആരാണ്?" കൂര്‍മ പുരാണമാണ് ഈ കഥ പറയുന്നത്. വിഷ്ണു തിരിച്ചും ചോദിച്ചു: "നീ ആരാണ്?" പരസ്പരം പരകായ പ്രവേശം നടത്തി അവര്‍ ഇതിന് ഉത്തരം തേടുന്നു. ബ്രഹ്മാവ് അകത്തുകടന്നപ്പോള്‍ വിഷ്ണു ശരീരത്തിലെ എല്ലാ ബഹിര്‍ഗമന മാര്‍ഗങ്ങളും അടച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചില്ല. ജ്ഞാനിയായ യാജ്ഞവല്‍ക്യനെ ചോദ്യംകൊണ്ട് പൊറുതി മുട്ടിക്കുന്നുണ്ട് ഗാര്‍ഗി എന്ന സ്ത്രീ. ക്ഷമ നശിച്ച യാജ്ഞവല്‍ക്യന്‍ കോപിച്ചു. "ഇനി ചോദിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും" എന്ന് ശപിച്ചു. സംശയങ്ങളുടെ ശിരസ്സറ്റു വീണില്ല. ഉത്തരങ്ങള്‍ക്കു പിന്നാലെ ചോദ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മനുഷ്യനെ ചുറ്റുന്ന നിഴലായി. ചിലപ്പോള്‍ മുന്നില്‍ , ചിലപ്പോള്‍ പിന്നില്‍ . പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും ചോദ്യങ്ങള്‍ ആരംഭിക്കുന്നത് അത്ഭുതത്തില്‍ നിന്നാണ്. ഹോട്ടലില്‍ കിടക്കുന്ന മെനുപോലുള്ള ഉത്തരങ്ങളോട് അവര്‍ കലഹിച്ചു. പ്രോത്തഗോറസ് വാദപ്രതിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ് നല്‍കി. മനുഷ്യനായിരുന്നു പ്രോത്തഗോറസിന്റെ അളവുകോല്‍ . ഓരോരുത്തരുടെയും കണ്ടെത്തലുകള്‍ അവരുടെ ശരികളാണ്. സത്യത്തിനും അസത്യത്തിനുമിടയില്‍ ശാശ്വതമായ വേര്‍തിരിവുകളില്ല. എല്ലാം വൈയക്തികമാണ്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് രൂപപ്പെടുന്നവമാത്രമാണ് അത്. മനുഷ്യനും അവന്റെ ജീവിതവും മുഖ്യവിഷയമായപ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായി. മനുഷ്യനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സ്വപ്നം മാര്‍ക്സിന്റേതായിരുന്നു. പക്ഷേ, അതിന്റെ മീതെ "ഉട്ടോപ്യ" എന്ന ആണിയടിച്ചു. ഇതിനെ വ്യാമോഹം എന്ന കടുത്ത വാക്കുപയോഗിച്ചു തന്നെ പരിഭാഷപ്പെടുത്താം. എങ്കില്‍ എന്താണ് വ്യാമോഹമല്ലാത്തത്? പ്ലേറ്റോവിന്റെ "റിപ്പബ്ലിക്" വ്യാമോഹമാണ്. ദാന്തെയുടെ "ദെ മൊണാര്‍ക്കിയ" വ്യാമോഹമാണ്. ഇമ്മാനുവല്‍ കാന്റിന്റെ "ശാശ്വത സമാധാനം" വ്യാമോഹമാണ്. റസ്സലിന്റെ "ലോക ഗവണ്‍മെന്റ്" വ്യാമോഹമാണ്. സ്വര്‍ഗരാജ്യം വ്യാമോഹമല്ലേ? രാമരാജ്യം വ്യാമോഹമല്ലേ? "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പോലും വ്യാമോഹമല്ലേ? മുതലാളിത്തം വാഗ്ദാനംചെയ്യുന്ന "സമ്പന്ന ജീവിതാവസരം" വ്യാമോഹമല്ലേ? "മനുഷ്യമുഖമുള്ള ഉദാരവല്‍ക്കരണം" വ്യാമോഹമല്ലേ? ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.
രാഷ്ട്രം പൊട്ടിച്ചിരിക്കേണ്ടത് കുട്ടികളിലൂടെ
Posted on: 27-Dec-2011 11:59 PM
ആധുനിക ജനാധിപത്യരാജ്യം പൊട്ടിച്ചിരിക്കേണ്ടത് നിശ്ചയമായും കുട്ടികളിലൂടെയാകണം. ഓരോ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കൊപ്പവും ആ രാജ്യം വളരുന്നു. കുട്ടികള്‍ പട്ടിണി കിടക്കുന്ന രാജ്യം സാമ്പത്തികമായി എത്ര വളര്‍ന്നു എന്ന് അവകാശപ്പെട്ടാലും അത് വളര്‍ച്ചയല്ല; വിളര്‍ച്ചയാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ , കുട്ടികള്‍ രാജ്യത്തിന്റെ ഭാവിഭാഗധേയമാണ്. ഇങ്ങനെ കുട്ടികളുടെ പ്രാധാന്യം വിളിച്ചോതുന്ന പല വാക്യങ്ങളും നാം കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ , യാഥാര്‍ഥ്യം മറ്റൊന്നാണ്. ബാല്യം ചൂഷണത്തിന്റെയും പട്ടിണിയുടെയും ഇരകളാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ആറിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് നമ്മുടേത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 24, അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് 14 വയസ്സുവരെയുള്ള കുട്ടികളെ പരിരക്ഷിക്കുന്നു. 39 എഫ് വകുപ്പ് കുട്ടികള്‍ക്ക് ചൂഷണത്തില്‍നിന്നുള്ള പരിരക്ഷ ഉറപ്പുനല്‍കുന്നു. 1974ല്‍ അംഗീകരിക്കപ്പെട്ട ദേശീയ ശിശുനയം (ചമശേീിമഹ ുീഹശര്യ ളീൃ രവശഹറൃലി 1974), 2005ല്‍ അംഗീകരിച്ച ബാലാവകാശ സംരക്ഷണ നിയമംവരെ കുട്ടികള്‍ക്കായി നിലവില്‍ വന്ന അവകാശങ്ങള്‍ പലതാണ്. എന്നാല്‍ , ഈ നിയമങ്ങളെല്ലാം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് 12.7 ദശലക്ഷം കുട്ടികള്‍ സ്കൂള്‍ പ്രവേശനംപോലും നേടാതെയാണ് വളരുന്നത്. നമ്മുടെ രാജ്യത്തെ 53 ശതമാനം പെണ്‍കുട്ടികളും നിരക്ഷരരാണ്. 60 ദശലക്ഷത്തിനും 115 ദശലക്ഷത്തിനുമിടയില്‍ കുട്ടികള്‍ ഇന്ത്യയില്‍ ബാലവേല ചെയ്യുന്നുണ്ട്. കണക്കുകളില്‍പെടാത്ത ലക്ഷങ്ങള്‍ വേറെയും. ഇന്ത്യയിലെ 563 ജില്ലകളില്‍ 2006ല്‍ നടത്തിയ പഠനറിപ്പോര്‍ട്ട് പ്രകാരം (ചഏഛ വെമസവേശ ്മവശിശ ശി 2006) 378 ജില്ലയില്‍നിന്നും ബാലവേലയ്ക്കും മറ്റുമായി കുട്ടികളെ കടത്തി കൊണ്ടുപോകുന്നുണ്ട്. 30 കോടി കുട്ടികളുള്ള നമ്മുടെ രാജ്യത്ത് 63 ശതമാനവും പട്ടിണിയിലാണ് എന്ന് യുനിസെഫ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 53 ശതമാനം കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2005ല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രജിസ്റ്റര്‍ചെയ്തത് 14,975 ആയിരുന്നു. 2009 ആകുമ്പോഴേക്കും അത് 24,201 ആയും 2010ല്‍ 26,694 ആയും വളര്‍ന്നു. (മധ്യപ്രദേശ് 18.9 ശതമാനം, ഉത്തര്‍പ്രദേശ് 18.1 ശതമാനം, മഹാരാഷ്ട്ര 12 ശതമാനം). ഓരോ വര്‍ഷവും കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ 7.6 ശതമാനംകണ്ട് വര്‍ധിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കുട്ടികള്‍ക്കായി നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് വാസ്തവം. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി നിലവില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000ല്‍ ഭേദഗതി ചെയ്യപ്പെട്ടുവെങ്കിലും, ഭേദഗതിക്ക് ശേഷം ഒരിക്കല്‍പോലും ഈ പ്രശ്നം ചര്‍ച്ചചെയ്യാന്‍ നിയോഗിക്കപ്പെട്ട കേന്ദ്രനിരീക്ഷണ കമ്മിറ്റിയുടെ യോഗം ചേര്‍ന്നില്ല എന്നതുതന്നെ അധികാരികളുടെ നിലപാട് വ്യക്തമാക്കുന്നു. ഈ നിയമപ്രകാരം ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജുവനൈല്‍ പൊലീസ് യൂണിറ്റ് രൂപീകരിക്കേണ്ടതാണെങ്കിലും ഇതുവരെ അത് നടപ്പിലായിട്ടില്ല. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് കൊണ്ടുവന്ന ബില്ല് മന്ത്രിസഭയുടെ അംഗീകാരം കാത്തു കഴിയുകയാണ്. മാധ്യമങ്ങളും പരസ്യകുതന്ത്രങ്ങളും കണ്ടുവളരുന്ന കുട്ടികള്‍ ഇവിടെയും വഴിതെറ്റുകയാണോ എന്ന സംശയം ഉയരുകയാണ്. എങ്കില്‍ കുറ്റവാളികള്‍ കുട്ടികളല്ല; സമൂഹംതന്നെയാണ്. കുട്ടികള്‍ക്ക് അവരുടെ കുട്ടിക്കാലം നഷ്ടമാകുന്നു; രക്ഷിതാക്കളും സമൂഹവും ചേര്‍ന്ന് അവരുടെ കുട്ടിക്കാലം കവര്‍ന്നെടുക്കുന്നു. സ്വന്തം രക്ഷിതാക്കളില്‍ നിന്നുപോലും പീഡനം ഏറ്റുവാങ്ങുന്നു എന്നതിനര്‍ഥം മൃഗീയതയെന്നുപോലും വിശേഷിപ്പിക്കാനാകാത്ത എന്തോ ഒന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നാണ്. ഇവിടെയാണ് കുട്ടികള്‍ക്കുവേണ്ടി ശബ്ദിക്കുന്ന,അവരുടെ പ്രശ്നങ്ങളില്‍ ഇടതടവില്ലാതെ ഇടപെടുന്ന സംഘടിത പ്രസ്ഥാനമായ ബാലസംഘത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. 1938 ഡിസംബര്‍ 28ന് ഇ കെ നായനാര്‍ അധ്യക്ഷനായി കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍ രൂപംകൊണ്ട ബാലസംഘം ഇന്ന് 73 വര്‍ഷം പിന്നിടുകയാണ്. മൂല്യബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ തെളിഞ്ഞ ചിന്തയും കര്‍മോത്സുകതയുമുള്ള ഒരു കുട്ടിക്കൂട്ടത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. ആ പ്രവര്‍ത്തനം ചരിത്രപരമായി ഏറ്റെടുത്ത കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പ്രസ്ഥാനമാണ് ബാലസംഘം. "ജനിച്ചുവീഴുന്ന കുട്ടികള്‍ക്കുള്ള 10000 രൂപ സ്ഥിരനിക്ഷേപം പുനഃസ്ഥാപിക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, സമഗ്രബാലനയം പാസാക്കുക" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ബുധനാഴ്ച കേരളത്തിലെ മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും ബാലദിനറാലികളും പൊതുസമ്മേളനവും സംഘടിപ്പിക്കുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ബാലവേലയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ, കുട്ടികളെ ജാതിമത വര്‍ഗീയ തുരുത്തുകളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ബാലദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
(ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
ഡല്‍ഹി @ 100
പി രാജീവ്
ദേശാഭിമാനി, Posted on: 26-Dec-2011 08:23 AM
ഡിസംബറിലെ മരംകോച്ചുന്ന തണുപ്പില്‍ ഡല്‍ഹി സെഞ്ച്വറിയിലാണ്. 1911 ഡിസംബര്‍ 12നാണ് ബ്രിട്ടീഷ് ഭരണം ഡല്‍ഹിയെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള തലസ്ഥാനമാറ്റം ജോര്‍ജ് അഞ്ചാമന്‍ രാജാവാണ് പ്രഖ്യാപിച്ചത്. കൊളോണിയല്‍ ആധിപത്യകാലത്തെ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ആവശ്യമില്ലെന്ന അഭിപ്രായവും ശക്തം. അതുകൊണ്ടുതന്നെ ഔദ്യോഗിക ആഘോഷങ്ങളുടെ അധിക ബഹളങ്ങളില്ല. വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ചെറിയ ചെറിയ ആഘോഷങ്ങളുടെ പരസ്യങ്ങള്‍ കാണാം. തണുപ്പിലെ ഡല്‍ഹിയില്‍ രാത്രി ബാന്‍ഡ്വാദ്യങ്ങള്‍ കേള്‍ക്കാം. വിവാഹ ആഘോഷങ്ങളുടെ വേദിയാണത്. മുകുന്ദന്റെ "ഡല്‍ഹി" മഹാനഗരത്തിന്റെ സാധാരണ കാണാത്ത വശം വരച്ചിട്ടു. ചിത്രകാരന്റെ വഴികളില്‍ ആധുനിക ജീവിതത്തിന്റെ വിഹ്വലമായ അസ്വസ്ഥതകളാണ് അദ്ദേഹം വരച്ചിട്ടത്. വായനയുടെ പുതിയ അനുഭവമായിരുന്നു "ഡല്‍ഹി" തുറന്നിട്ടത്. മലയാള സാഹിത്യത്തിന് പുതിയ ഭാവവും രൂപവും നല്‍കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയ നിരവധി പേരുടെ വിഹാരഭൂമിയായിരുന്നു ഡല്‍ഹി. സാഹിത്യകാരന്മാരുടെ കൂട്ടായ്മയുടെ പുതിയ രീതി ഇവര്‍ തുറന്നിട്ടു. മുകുന്ദനും കാക്കനാടനും ഒ വി വിജയനും നാരായണപിള്ളയും തുടങ്ങി നിരവധി ഡല്‍ഹിക്കാരുടെ രചനകളില്‍ മനുഷ്യജീവിതത്തിന്റെ പുതിയ പ്രഹേളികകള്‍ കത്തുന്ന വാക്കുകളില്‍ പെയ്തിറങ്ങി. ശങ്കര്‍ ഡല്‍ഹിയില്‍ മലയാളിയുടെ പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ വരകളിലെ പരിഹാസം നെഹ്റുവിനെയും ചിരിപ്പിച്ചു. അന്നു കപില്‍ സിബല്‍മാര്‍ ഉണ്ടായിരുന്നില്ല. സോണിയയുടെ ചിത്രം പരിഹാസ്യമായി ഉപയോഗിച്ചെന്ന കാരണത്താല്‍ ഫേസ്ബുക്കിനും ഗൂഗിളിനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സിബലിന്റെ സമീപനം സാന്ദര്‍ഭികമായി ഓര്‍ത്തെന്നു മാത്രം.
നൂറുവര്‍ഷം ഡല്‍ഹിയെ മാറ്റിമറിച്ചിരിക്കുന്നു. ഡല്‍ഹിയെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചതോടെ ആധുനിക നഗരനിര്‍മിതിക്കാണ് തുടക്കമിട്ടത്. ഇരുപതു വര്‍ഷത്തെ കഠിനാധ്വാനമാണ് പുതിയ ഡല്‍ഹിയെ രൂപപ്പെടുത്തിയത്. ഇന്നത്തെ രാഷ്ട്രപതി ഭവനെയും പാര്‍ലമെന്റിനെയും ഇന്ത്യാഗേറ്റിനെയും കേന്ദ്രീകരിക്കുന്ന രൂപകല്‍പ്പനയാണ് നഗരത്തിനായി നടത്തിയത്. ഗവണ്‍മെന്റ് ഹൗസായാണ് രാഷ്ട്രപതി ഭവന്‍ നിര്‍മിച്ചത്. സെക്രട്ടറിയറ്റായിരുന്നു പാര്‍ലമെന്റ് മന്ദിരം. നഗര രൂപകല്‍പ്പനയില്‍ പ്രശസ്തനായ എഡ്വിന്‍ ലാന്‍ഡ്സീര്‍ ലൂട്ടിന്‍സിനെയാണ് ആധുനിക ഡല്‍ഹിയുടെ ഡിെസൈന്‍ ഏല്‍പ്പിച്ചത്. ബ്രസീല്‍ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ തലസ്ഥാനമായ ബ്രസീലിയയുടെ അത്ഭുതപ്പെടുത്തുന്ന രൂപകല്‍പ്പന ശ്രദ്ധിക്കുകയുണ്ടായി. ഓട്ടേ മേയറാണ് അത് രൂപകല്‍പ്പന ചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അദ്ദേഹം ലോകത്തിലെ പ്രശസ്തനായ നഗരശില്‍പ്പിയാണ്. അന്നത്തെ കണക്കില്‍ 13.07 കോടി രൂപയാണ് ഇതിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത്. വൈസ്രോയിക്ക് താമസിക്കാനായാണ് ഗവണ്‍മെന്റ് ഹൗസ് നിര്‍മിച്ചത്. 45 ലക്ഷം ഇഷ്ടികയും 7500 ടണ്‍ സിമന്റും ഉപയോഗിച്ച് 29000 തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്ത് എട്ടുവര്‍ഷം കൊണ്ടാണ് മനോഹരമായ ആ കെട്ടിടം നിര്‍മിച്ചത്. ഇന്നത്തെ രാഷ്ട്രപതിഭവനായ ആ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത് അന്നത്തെ കണക്കില്‍ 1.4 കോടി രൂപയാണ്.
എല്ലാ ചരിത്ര സ്മാരകങ്ങളുടെ നിര്‍മാണത്തിലും ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നിരവധി തൊഴിലാളികളുണ്ടായിരിക്കും. അവരുടെ വിവരങ്ങള്‍ ഒരു ചരിത്രത്താളിലും കാണാന്‍ കഴിയില്ല. അമേരിക്കയുടെ ചരിത്ര രചനയില്‍ സവിശേഷമായ വഴികള്‍ തേടിയ ഹരോള്‍ഡ് സിന്‍ കൊന്നൊടുക്കപ്പെട്ട കറുത്തവന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. ആനന്ദിന്റെ നോവലുകള്‍ അസ്വസ്ഥമാക്കുന്ന ഇത്തരം അനുഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഡല്‍ഹിയുടെ മുഖമുദ്രപോലെയാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലെ രക്തസാക്ഷികളുടെ സ്മാരകമാണ്. 1921 ഫെബ്രുവരിയിലാണ് ഇതിന്റെ തറക്കല്ലിട്ടത്. കൊടും ചൂടിന്റെ കാലത്ത് ഡല്‍ഹിക്കാരുടെ കേന്ദ്രമാണ് ഇന്ത്യാഗേറ്റ്. ചരിത്രസ്മാരകത്തിനു ചുറ്റും കുടുംബങ്ങളും സംഘങ്ങളും തമ്പടിക്കുന്നതു കാണാം. ആധുനിക ഡല്‍ഹിയുടെ മുഖം ചീറിപ്പായുന്ന മെട്രോയാണ്. നഗരജീവിതത്തിന്റെ സ്വഭാവം അതോടെ മാറിമറിഞ്ഞു. ഡല്‍ഹിയുടെ പല കോണുകളില്‍നിന്നും ഹൃദയത്തിലേക്ക് പതിനായിരങ്ങളെയും കൊണ്ട് മെട്രോകള്‍ ഓടുന്നു. ജീവിതത്തിനായുള്ള ഓട്ടത്തിലുള്ള മനുഷ്യരുടെ തള്ളിക്കയറ്റങ്ങള്‍ രാവിലെയും വൈകുന്നേരവും മെട്രോയുടെ യാത്രയെ സമ്പന്നമാക്കുന്നു. കൊണാട്ട് പ്ലേസാണ് വാണിജ്യത്തിന്റെ കേന്ദ്രം. ഓഫീസുകളും ഇവിടെ നിറഞ്ഞിരിക്കുന്നു. അകത്തും പുറത്തുമായി രണ്ടു സിപികളുണ്ട്. ഇന്ത്യന്‍ കോഫീ ഹൗസ് മലയാളികളുടെ കേന്ദ്രമായിരുന്നു. ഇന്ന് അതെല്ലാം അപ്രത്യക്ഷമായി. ഇപ്പോള്‍ ശരവണഭവനാണ് തെക്കേ ഇന്ത്യക്കാരുടെ ഒരു കേന്ദ്രം. വില കൂടുതലാണ്. ഉച്ചക്കും രാത്രിയിലും പുറത്തേക്ക് കാത്തിരിപ്പിന്റെ ക്യൂ നീളുന്നതു കാണാം. മലയാളിയുടെ ഭക്ഷണ രുചികള്‍ക്ക് ആശ്രയിക്കാന്‍ കേരള ഹൗസ് തന്നെയാണ് പ്രധാനം. എന്നാല്‍ , മലയാളിയുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന രൂപത്തില്‍ അത് ഇനിയും ഉയര്‍ന്നിട്ടില്ല. പുതിയ നിര്‍മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തടുരുന്നുവെന്നു മാത്രം. ഡല്‍ഹിയിലെ മലയാള രുചിയുടെ മറെറാരു കേന്ദ്രം കേശവന്‍കുട്ടിയുടെ തട്ടുകടയാണ്. ജന്തര്‍മന്ദിറിലെ പ്രധാന മലയാളി കേന്ദ്രമാണിത്. ഹസാരെയുടെ സമരത്തിന്റെ സന്ദര്‍ഭത്തില്‍ ദേശീയ മാധ്യമങ്ങളിലും കേശവന്‍ കുട്ടിയുടെ കടയുടെ വാര്‍ത്തകള്‍ വന്നിരുന്നു.
പതിനായിരക്കണക്കിന് മലയാളികളാണ് ഡല്‍ഹിയില്‍ ജീവിക്കുന്നത്. നിരവധി മലയാളി സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അതില്‍ പ്രധാനം ജനസംസ്കൃതിയാണ്. ഡല്‍ഹിയില്‍ എല്ലായിടത്തും ജനസംസ്കൃതിയുടെ സാന്നിധ്യമുണ്ട്. ചാനലുകള്‍ വന്നതോടെ മലയാളിയുടെ ഒറ്റപ്പെടലിന്റെ അനുഭവങ്ങള്‍ കുറഞ്ഞു. വീട്ടിലിരുന്നാല്‍ നാട്ടില്‍ ജീവിക്കുന്നതുപോലെ തന്നെ തോന്നും. അതോടെ പുറംകൂട്ടായ്മകളിലെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നെന്ന അഭിപ്രായമുണ്ട്. കൊടുംതണുപ്പില്‍ തെരുവില്‍ കിടന്നുറങ്ങുന്നവരുടെ എണ്ണത്തിനു നൂറുവര്‍ഷം തികഞ്ഞിട്ടും ഇന്ദ്രപ്രസ്ഥത്തില്‍ മാറ്റമില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി കൂലിപ്പണിക്കു വരുന്നവര്‍ കുടുംബമായി തന്നെ തെരുവില്‍ ജീവിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിയ്ക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്കും ഇതുവരെയും പരിഹാരമായില്ല. ജീവിതം എവിടെയും മഹാഭൂരിപക്ഷത്തിനു കഠിന സമരമാണ്. നൂറുവര്‍ഷത്തിന്റെ ഡല്‍ഹിയില്‍ കൊളോണിയല്‍ കാലത്തുനിന്ന് സ്വതന്ത്ര ഇന്ത്യയിലേക്ക് മാറുമ്പോള്‍ ജനങ്ങളുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായി എന്ന ചോദ്യമാണ് പ്രസക്തം.
Sunday, December 11, 2011
പ്രസിഡന്റ് ദളിതനായാല്‍ ഭരണം പടിക്കു പുറത്ത്
പ്രസിഡന്റ് ദളിതനായാല്‍ ഭരണം പടിക്കു പുറത്ത്
ഇ എന്‍ അജയകുമാര്‍
പൂക്കാതെ നില്‍ക്കുന്ന അശോകത്തിന്റെ ചുവട്ടില്‍ പെണ്‍കുട്ടികള്‍ നൃത്തംചെയ്താല്‍ പൂക്കുമെന്ന വെറുതെയുള്ളൊരു സങ്കല്‍പ്പമുണ്ട്. എന്നാല്‍ , മനഷ്യാധ്വാനവും അയല്‍സംസ്ഥാനത്തെ വെള്ളവും ചേരുമ്പോള്‍ വരണ്ട മണ്ണിലും പൊന്നുവിളയുമെന്ന് തമിഴകം കാട്ടുന്നു. ആ കാഴ്ച ഞങ്ങള്‍ കണ്ടു. ഒപ്പം നോവിന്റെ നീരുറവ പൊട്ടുന്ന ഒരുപാട് സങ്കടങ്ങളും അധര്‍മങ്ങളും. തമിഴകത്ത് വൈഗൈ നദിയുടെ തീരത്താണ് ഉശിലംപെട്ടി താലൂക്ക്. മുല്ലപ്പെരിയാറിലെ വെള്ളമാണ് വൈഗൈ നദിക്ക് നനവേകുന്നത്. എങ്കിലും പെണ്‍കുഞ്ഞ് ജനിച്ചാലുടന്‍ എരിക്കിന്‍പാല്‍ നല്‍കി കൊലപ്പെടുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച മണ്ണാണ് ഉശിലംപെട്ടി. ഈ താലൂക്കില്‍ ഉള്‍പ്പെടുന്ന കീരിപ്പെട്ടി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് മൊക്കകാളൈ. ശോകത്തിന്റെ ഒരു തടാകമാണ് ഇദ്ദേഹം. ഛന്ദസ്സില്ലാത്തൊരു ജീവിതപരിസരം. ലക്ഷണമൊത്ത ഒരു തമിഴ് കര്‍ഷകത്തൊഴിലാളി. വയസ്സ് നാല്‍പത്തഞ്ചേ ആയുള്ളൂവെങ്കിലും ജീവിതഭാരം കാരണം വില്ലുപോലെയായ കറുത്ത ശരീരം. അഞ്ച് പെണ്‍മക്കളുടെ അച്ഛനാണ്. ഭാര്യ പാണ്ടിയമ്മാള്‍ മക്കളുടെ കാര്യം നോക്കും. പഞ്ചായത്ത് അധ്യക്ഷന്റെ പത്രാസുണ്ടെങ്കിലും പണി ഒന്നേയുള്ളൂ. ഗ്രാമത്തിലെ സവര്‍ണ കുടുംബക്കാരുടെ നിലങ്ങളില്‍ മാറിമാറി വിയര്‍പ്പൊഴുക്കണം. കന്നുപൂട്ടല്‍ , മേയിക്കല്‍ , കിളക്കല്‍ എന്നിങ്ങനെ സവര്‍ണ ജന്മിമാര്‍ എന്തു പറയുന്നുവോ അതെല്ലാം ചെയ്തിരിക്കണം. പഞ്ചായത്ത് പ്രസിഡന്റ് ആകുംമുമ്പ് ഇത്രയും പണിയില്ലായിരുന്നു. എന്റെ നിലം ഉഴാന്‍ പഞ്ചായത്ത് പ്രസിഡന്റ് വേണമെന്ന നിര്‍ബന്ധത്തിലാണ് ഓരോ സവര്‍ണജന്മിയും.
പ്രസിഡന്റായിട്ട് മാസങ്ങള്‍ പലത് പിന്നിട്ടു. പഞ്ചായത്തിന്റെ മുറ്റത്തുനിന്ന് സത്യവാചകംചൊല്ലി. അതിനുശേഷം ഇതുവരെ പഞ്ചായത്ത് ഓഫീസില്‍ കടക്കാനോ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കാനോ മൊക്കകാളൈയ്ക്ക് ഭാഗ്യം കിട്ടിയിട്ടില്ല. അയിത്തത്തിന് അന്ത്യംകുറിക്കാന്‍ നടത്തിയ വൈക്കം സത്യാഗ്രഹത്തിനെത്തിയ പെരിയോരുടെ മധുരയില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. പക്ഷേ, അയിത്തജാതിക്കാരന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിലിരുന്നാല്‍ അന്ന് സവര്‍ണര്‍ കഥ കഴിക്കുമെന്ന ഭീതിയിലാണ് മൊക്കാകാളൈ. കീരിപ്പട്ടി, പാപ്പാപട്ടി, നാട്ടാര്‍മംഗലം പഞ്ചായത്തുകളില്‍ പ്രസിഡന്റുസ്ഥാനം സംവരണം ചെയ്തപ്പോള്‍ ഒന്നരപ്പതിറ്റാണ്ടോളം തെരഞ്ഞെടുപ്പിനുപോലും സവര്‍ണരായ തേവര്‍മാര്‍ അനുവദിച്ചില്ല. പത്രിക നല്‍കിയ നാലുപേര്‍ ആദ്യകാലത്ത് കൊല്ലപ്പെട്ടു. പിന്നീട് തേവര്‍മാര്‍ രീതി മാറ്റി. ആശ്രിതരായ കര്‍ഷകത്തൊഴിലാളികളില്‍ ഒരാളെ നിര്‍ത്താന്‍ തുടങ്ങി. ഫലപ്രഖ്യാപനം കഴിഞ്ഞ് അവര്‍ സ്ഥാനം രാജിവയ്ക്കും. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയായതിനാല്‍ മറ്റൊരംഗത്തിനുപകരം പ്രസിഡന്റാകാന്‍ കഴിയില്ല. ഈ അവസരം ഉപയോഗിച്ച് സവര്‍ണര്‍ ഭരണം കൈയിലൊതുക്കി. 614 സവര്‍ണ തേവര്‍ കുടുംബങ്ങളും 130 ദളിത് കുടുംബങ്ങളുമാണ് കീരിപ്പട്ടിയിലുള്ളത്. സവര്‍ണര്‍ ഒരുവര്‍ഷം മൂന്നര പവന്‍ സ്വര്‍ണാഭരണം മൊക്കകാളൈക്ക് നല്‍കും. സര്‍ക്കാര്‍ ഫണ്ട് മുഴുവന്‍ സവര്‍ണപ്രമാണിമാര്‍ക്ക് നല്‍കണം. അതിനുള്ള ചെക്കും രേഖയും ഒപ്പിടുക മാത്രമാണ് പ്രസിഡന്റിന്റെ ചട്ടപ്പടി ജോലി. എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ ഈ അനീതിയെ ചോദ്യംചെയ്യുന്നില്ല. എതിര്‍ക്കുന്നവരെ സവര്‍ണര്‍ വച്ചിരിക്കില്ല. ഈ അനീതിയെ ചോദ്യംചെയ്ത് അഞ്ചുവര്‍ഷത്തോളം പാല്‍സ്വാമി എന്ന ചുണക്കുട്ടി കീരിപ്പട്ടിയില്‍ പ്രസിഡന്റായിരുന്നു. സിപിഐ എം പോരാളിയാണ് പാല്‍സ്വാമി.
2006ല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് പാല്‍സ്വാമി ജയിച്ചത് സവര്‍ണര്‍ക്ക് തിരിച്ചടിയായി. പല തവണ കൊല്ലാന്‍ ശ്രമിച്ചു. പൊലീസ് സംരക്ഷണയിലും കമ്യൂണിസ്റ്റ് വളണ്ടിയര്‍മാരുടെ ബലത്തിലുമാണ് അഞ്ചുവര്‍ഷം ഭരിച്ചത്. വികസനപ്രവര്‍ത്തനങ്ങളെ ആവോളം തടസ്സപ്പെടുത്തി അവര്‍ പ്രതികാരം തീര്‍ത്തു. അക്കാലത്ത് പണിത ബസ് സ്റ്റാന്‍ഡും സമൂഹ്യ ശൗചാലയവുമെല്ലാം വെള്ളവും വൈദ്യുതിയും നല്‍കാതെ ഇല്ലാതാക്കി. കഴിഞ്ഞ ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ മൊക്കകാളൈയെ നിര്‍ത്തി പാല്‍സ്വാമിയെ സവര്‍ണര്‍ പരാജയപ്പെടുത്തി. അന്ന് നല്ല വസ്ത്രം നല്‍കി മൊക്കൊകാളൈയെ വീടുകള്‍ കയറിയിറങ്ങാന്‍ വിട്ടു. പക്ഷേ, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മൊക്കാകാളൈ വീണ്ടും സവര്‍ണരുടെ അടിമയാക്കി. വയലില്‍ ജോലിചെയ്യുന്ന വയലിലെത്തി പഞ്ചായത്ത് പ്രസിഡന്റിനെ കാണാന്‍ ഞങ്ങളൊരു ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു 'ഫോട്ടോഗ്രാഫറെയും പത്രക്കാരനെയും തേവരുടെ ആളുകള്‍ ചുടും. മൊക്കൊകാളൈയും ഉപദ്രവിക്കും. നിങ്ങള്‍ അങ്ങോട്ട് പോകേണ്ട.' പിന്നീട് കാലിലൊരു വാറുപൊട്ടിയ പാദരക്ഷപോലുമില്ലാത്ത ഗ്രാമത്തലൈവറെ കാണുന്നത് ഒരു ബസ് താവളത്തില്‍ അവിചാരിതമായി എത്തിയപ്പോഴാണ്. ഇതൊന്നും കീരിപ്പട്ടിയിലെ മാത്രം വിശേഷങ്ങളല്ല. 'വിവാഹിതയായി 45 വര്‍ഷം മുമ്പ് ഈ നാട്ടിലെത്തിയതുമുതല്‍ സമാധാനം എന്തെന്നറിഞ്ഞിട്ടില്ല. ഉറക്കം നഷ്ടപ്പെട്ട നാളുകള്‍ . ഭയന്ന് ജീവിക്കേണ്ട ഗതികേട്്. ജാതിസംഘര്‍ഷം ഏതു നിമിഷവും ഉണ്ടാകാം.' മധുര ജില്ലയിലെതന്നെ ഉത്തപുരം ഗ്രാമത്തില്‍ പൊന്നയ്യന്റെ ഭാര്യ അറുപതുകാരി വെള്ളത്തായിയുടെ കണ്ണില്‍ ഭീതിയാണ്. സവര്‍ണരുടെ പീഡനത്തിനിരയാകുന്ന നിരവധി ദളിത് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് വെള്ളത്തായി. ദളിതരെ അകറ്റിനിര്‍ത്താന്‍ സവര്‍ണര്‍ അയിത്തമതില്‍ നിര്‍മിച്ച ഗ്രാമമാണ് ഉത്തപുരം. പശ്ചിമഘട്ട പര്‍വതനിരകളുടെ ഭാഗമായ ഏഴുമലൈ കുന്നുകളുടെ താഴ്വരയിലാണ് ഉത്തപുരം. പാലക്കാട്ടുനിന്നും പഴനി, മധുര വഴി ഉത്തപുരത്തെത്താന്‍ ആദ്യം ഉശിലംപെട്ടിയിലെത്തണം. കരിമ്പും നെല്ലും പച്ചക്കറികളും പൂക്കളും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ക്കിടയിലൂടെയുള്ള മനോഹരമായ യാത്ര. നോക്കെത്താദൂരത്ത് പടര്‍ന്നുപന്തലിച്ച് സ്വര്‍ണനിറമുള്ള ചോളവയലുകള്‍ . പ്രകൃതിരമണീയതയിലൂടെയുള്ള ഈ യാത്രയിലെ സുഖാനുഭൂതിയല്ല പക്ഷേ, ഉത്തപുരത്തെത്തുമ്പോള്‍ . അവിടത്തെ കാറ്റിനുപോലും നൂറ്റാണ്ടുകളായി ദളിതന്റെ ചോരമണമാണ്.
ഉശിലംപെട്ടി താലൂക്കിലെതന്നെ പല്ലട്ടി ഗ്രാമത്തില്‍നിന്ന് പൊന്നയ്യന്‍ വെള്ളത്തായിയെ വിവാഹം കഴിച്ചുകൊണ്ടുവരുമ്പോള്‍ കുട്ടിത്തം മുഴുവന്‍ മാറാത്ത പതിനഞ്ചുകാരിയായിരുന്നു. പല്ലട്ടിയിലും അയിത്തമുണ്ടായിരുന്നു. സവര്‍ണരുടെ വയലില്‍ കൂലിയില്ലാതെ പണിയെടുക്കേണ്ടിവന്നിരുന്നു. കൈക്കൂമ്പിളില്‍ ഒഴിച്ചുതരുന്ന കഞ്ഞിയും കാലിന്റെ തള്ളവിരലില്‍ വച്ചുകൊടുക്കുന്ന അച്ചാറുമാണ് ഭക്ഷണം. ഒഴിക്കുമ്പോള്‍ കഞ്ഞി പാതി താഴെ വീഴും. എന്നാല്‍ , ഉത്തപുരത്ത് എത്തിയപ്പോള്‍ അതിനേക്കാള്‍ രൂക്ഷമാണ് കാര്യങ്ങളെന്ന് മനസ്സിലായി. സവര്‍ണര്‍ പറയുന്നത് കേള്‍ക്കണം. രാത്രിയെന്നോ പകലെന്നോ നോക്കാതെ അധ്വാനിക്കണം. വീഴ്ച വരുത്തിയാല്‍ മരത്തില്‍ കെട്ടിയിട്ട് അടിക്കും. ആദ്യം എല്ലാം ദുരിതമായി തോന്നി. പിന്നീടത് ശീലമായി. സവര്‍ണരായ വെള്ളാളപിള്ളമാര്‍ വരുമ്പോള്‍ വഴിമാറി നടക്കണം. കഞ്ഞികുടിക്കാനുള്ള പാത്രംപോലും പാടില്ല. ചിരട്ടയിലാണ് ചായ നല്‍കിയിരുന്നത്. വയലുകളുടെ ഒരറ്റത്ത് ചെറിയ ഓലമറച്ച കൂര താമസത്തിന്. ഓടിട്ട വീടുകളിലേക്ക് മാറിയെങ്കിലും അയിത്തവും അനാചാരവും പഴയപടി തന്നെ. സവര്‍ണന്റെ റേഷന്‍കടയിലും പലചരക്കുകടയിലും ദളിതന് സാധനം ലഭിക്കില്ല. ദളിത് കോളനിയില്‍ പ്രത്യേക റേഷന്‍ കടകള്‍ തുടങ്ങിയെങ്കിലും നടത്തിപ്പുകാരന്‍ സവര്‍ണരുടെ ആജ്ഞാനുവര്‍ത്തിയായിരിക്കും. മാസത്തില്‍ ഒരുതവണ അരിയും പഞ്ചസാരയും കൊണ്ടുവരും. ജോലി ഉപേക്ഷിച്ച് കാത്തിരിക്കണം. സവര്‍ണന് മുടിവെട്ടുന്ന ബാര്‍ബര്‍ ഷോപ്പില്‍ ദളിതന് വിലക്കാണ്. കൈക്കുഞ്ഞുങ്ങളെയും ഒക്കത്തേന്തി 33 കിലോമീറ്റര്‍ അകലെ ഉശിലംപെട്ടിയില്‍ എത്തണം കുട്ടികള്‍ക്കുപോലും മുടിവെട്ടിക്കാന്‍ . അവിടെ ഊഴംകാത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരും. അലക്കുകാര്‍ക്ക് ദളിതന്റെ വസ്ത്രത്തോടും അയിത്തമാണ്. സവര്‍ണരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ ദളിതര്‍ക്ക് പ്രവേശനമില്ല. ഗ്രാമത്തിലെ വെള്ളത്തിനുമുണ്ട് നിറഭേദം. സവര്‍ണര്‍ക്കും ദളിതര്‍ക്കും വെവ്വേറേ വാട്ടര്‍ ടാങ്കാണ്.
ദളിതരുടെ വിലാപങ്ങള്‍ക്ക് ചെവികൊടുത്തതും അവര്‍ക്ക് താങ്ങായതും സിപിഐ എമ്മും പാര്‍ടി രൂപീകരിച്ച അയിത്തോച്ചാടന സമിതിയുമാണ്. അതിന്റെ ഫലമായി ഉത്തപുരത്ത് സവര്‍ണരുടെ നിയന്ത്രണത്തിലുള്ള മുത്താലമ്മന്‍ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ക്ക് അനുമതി ലഭിച്ചു. മധുരയിലെ തിരുമലനായ്ക്കന്റെ ഭരണകാലത്ത് നിര്‍മിച്ച ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് കടക്കാന്‍പോലും പാടില്ലായിരുന്നു.നവംബര്‍ 10നാണ് ക്ഷേത്രപ്രവേശനം സാധ്യമായത്. കേരളത്തില്‍ ക്ഷേത്രപ്രവേശനത്തിന്റെ 75ാം വാര്‍ഷികത്തിലാണ് ദ്രാവിഡ നാട്ടില്‍ ക്ഷേത്രപ്രവേശനസമരം കൊടുമ്പിരിക്കൊള്ളുന്നത്. പത്ത് ദളിതര്‍ പ്രതീകാത്മകമായി ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ക്കത് കേവലം ആത്മീയനിര്‍വൃതി മാത്രമായിരുന്നില്ല, അവരുടെ സ്വാതന്ത്ര പ്രഖ്യാപനം കൂടിയായിരുന്നു. 'തോക്കിനുമുന്നില്‍നിന്ന് ദേവിയെ തൊഴേണ്ട ഗതികേടാണ്. കമ്യൂണിസ്റ്റ് പാര്‍ടിക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഇതുപോലും നടക്കില്ല. ഈ കാലത്തും ഞങ്ങളെ ഇങ്ങനെ പീഡിപ്പിക്കുന്നുവല്ലോ. മുത്താലമ്മനെ ദര്‍ശിക്കാന്‍ കിട്ടിയ ഈ അവസരം; ഈ സമാധാനം നിലനില്‍ക്കുമെന്ന് കരുതാനാകില്ല. ഏത് നിമിഷവും എന്തും നടക്കാം'. ഉത്തപുരത്തെ നാല്‍പ്പതുകാരി കലൈവാണി പറയുന്നു. ജാതിസംഘര്‍ഷത്തെതുടര്‍ന്ന് ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട് കലൈവാണിക്ക്. 2008ല്‍ സിപിഐ എം നേതൃത്വത്തില്‍ ഉത്തപുരത്ത് അയിത്തമതില്‍ പൊളിച്ചുമാറ്റി. അന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇവിടെ എത്തിയിരുന്നു. 2010ല്‍ പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഉത്തപുരത്തെത്തിയിരുന്നു. ഉത്തപുരത്ത് പലപ്പോഴായി പൊലീസ് വെടിവയ്പ്, ലാത്തിച്ചാര്‍ജ്, സവര്‍ണരുടെ ആക്രമണം എന്നിവയില്‍ ഒമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിപക്ഷവും ദളിതരായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റവര്‍ ഇന്നും മൃതപ്രായരായി കഴിയുന്നു.
Friday, December 9, 2011
വിവരസാങ്കേതികവിദ്യയോട് അസഹിഷ്ണുത
ദേശാഭിമാനി മുഖപ്രസംഗം
സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം സദുദ്ദേശ്യപരമാണെന്ന് കരുതുന്നവരുണ്ടാവില്ല. ഒരുവശത്ത് പ്രിന്റ് മീഡിയ വിദേശനിക്ഷേപങ്ങള്‍ക്കായി നിരുപാധികം തുറന്നുകൊടുക്കുന്ന അതേ സര്‍ക്കാര്‍തന്നെയാണ് മറുവശത്ത് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കിനെയും വെബ്സൈറ്റുകളെയും പെരുമാറ്റച്ചട്ടഭീഷണികൊണ്ട് നേരിടുന്നത് എന്നതുകൊണ്ടാണ് സര്‍ക്കാര്‍ നീക്കത്തിനുപിന്നില്‍ ഉദ്ദേശശുദ്ധിയുണ്ടെന്നു പറയാനാവില്ല എന്നുവരുന്നത്. വിജ്ഞാനവിപ്ലവത്തെത്തുടര്‍ന്ന് വിവരസാങ്കേതികവിദ്യ പടര്‍ന്നുപന്തലിച്ചപ്പോഴോ അതിലെ ഉള്ളടക്കങ്ങള്‍ പലപ്പോഴും വിവാദമായപ്പോഴോ കേന്ദ്രസര്‍ക്കാരിന് ഇല്ലാതിരുന്ന ഉല്‍ക്കണ്ഠ ഇപ്പോഴുണ്ടായത് യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് മേധാവിയുമായ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനും യുപിഎ സര്‍ക്കാരിനുമെതിരായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കില്‍ അധികരിക്കുന്നുവെന്നുവന്നപ്പോള്‍ മാത്രമാണ്.
നമ്മുടെ നാടിന്റെ സാംസ്കാരികതയും ജനസമൂഹത്തിന്റെ വൈകാരികമനോഭാവങ്ങളും സംരക്ഷിക്കാനാണ് ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിന് വിവരസാങ്കേതികവിദ്യാമന്ത്രി കപില്‍ സിബല്‍ കാരണമായി പറയുന്നത്. ബ്രോഡ്കാസ്റ്റിങ് മേഖല വിദേശികള്‍ക്കായി തുറന്നുകൊടുത്തപ്പോഴോ ടെലികാസ്റ്റിങ് മേഖലയിലൂടെ പാശ്ചാത്യാനുകൂല സംസ്കാരകൊടുങ്കാറ്റ് വീശിയടിച്ചപ്പോഴോ ഈ മന്ത്രിക്ക് ഇങ്ങനെയൊരുല്‍ക്കണ്ഠയുണ്ടായില്ല. ഇന്ത്യയിലെ തനത് സംസ്കൃതിയുടെയും ഭാവുകത്വത്തിന്റെയും ചിഹ്നങ്ങളെ പാശ്ചാത്യഭാവുകത്വത്തിന്റെ അധിനിവേശം വന്ന് കടപുഴകിക്കൊണ്ടിരുന്നപ്പോഴും ഇങ്ങനെയൊരു ഉല്‍ക്കണ്ഠയുണ്ടായില്ല. എന്നുമാത്രമല്ല, 1950കളില്‍ ജവാഹര്‍ലാല്‍ നെഹ്റു മന്ത്രിസഭ അംഗീകരിച്ച പ്രമേയം കാറ്റില്‍ പറത്തിക്കൊണ്ട് അച്ചടിമാധ്യമ മേഖലയില്‍ വിദേശനിക്ഷേപമാകാം എന്ന് നിശ്ചയിച്ചപ്പോഴും ഇറാഖിലടക്കം അമേരിക്കയ്ക്കുവേണ്ടി മാധ്യമ അട്ടിമറിപ്പണി നടത്തിയ ബസ്റ്റന്‍ ഗ്രൂപ്പ് അടക്കമുള്ളവര്‍ക്ക് ഇന്ത്യയില്‍ പത്രം നടത്താനുള്ള പട്ടുപരവതാനി വിരിച്ചപ്പോഴോ കപില്‍ സിബലിനും കൂട്ടര്‍ക്കും ഇത്തരം ഉല്‍ക്കണ്ഠകളുണ്ടായില്ല. അച്ചടിമാധ്യമമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചാല്‍ ഇന്ത്യന്‍ ജനതയുടെ ചിന്ത രാജ്യത്തിനെതിരായും സാമ്രാജ്യത്വത്തിന് അനുകൂലമായും വികലപ്പെടുത്തിയെടുക്കാനേ അതുപകരിക്കൂവെന്ന നെഹ്റു മന്ത്രിസഭയുടെ വിലയിരുത്തലിനെ കാറ്റില്‍പറത്താന്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടായിട്ടില്ല. അങ്ങനെയുള്ളവര്‍ പെട്ടെന്ന് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കിനെതിരെ തിരിയുകയും അതിനെ പെരുമാറ്റച്ചട്ടത്തിന് വിധേയമാക്കുകയും ചെയ്യുന്നതിന് പിന്നിലുള്ളത് ആ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് വിവരസാങ്കേതികവിദ്യ വശമുള്ള ജനലക്ഷങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ നാട്ടില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നുവെന്നതാണ്.
2010 ജൂലൈ-ഡിസംബര്‍ ഘട്ടത്തില്‍ ഓര്‍ക്കുട്ടില്‍നിന്ന് 236 കമ്യൂണിറ്റികളെ പുറത്താക്കാന്‍ തങ്ങളോട് ആവശ്യപ്പെടുകയുണ്ടായി എന്നും അത് ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയനേതാക്കളെ വിമര്‍ശിക്കുന്ന ഉള്ളടക്കം വന്നതിന്റെ പേരിലാണെന്നും ഗൂഗിള്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. നൂറ് ദശലക്ഷം ഉപയോക്താക്കളാണ് ഗൂഗിളിന് ഇന്ത്യയിലുള്ളത്. ഗൂഗിളിന് കല്‍പ്പന ലഭിച്ചത് ഇന്ത്യന്‍ നിയമനിര്‍വഹണാധികാരികളില്‍നിന്നാണത്രെ. ഇതിന്റെ അര്‍ഥം വിമര്‍ശത്തില്‍ അസഹിഷ്ണുതയുള്ള യുപിഎ രാഷ്ട്രീയ നേതൃത്വമാണ് ഇതിനുപിന്നിലുള്ളത് എന്നാണ്. കേവലം പത്രത്താളുകളില്‍ പരിമിതപ്പെട്ടുപോകുമായിരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, സ്പെക്ട്രം കുംഭകോണം തുടങ്ങിയവയൊക്കെ രാജ്യത്തെ ചിന്തിക്കുന്നവര്‍ക്കിടയില്‍ വ്യാപകമായ സംസാരമാക്കിയതിനുപിന്നില്‍ സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകളിലൂടെയുള്ള ജനങ്ങളുടെ ഇടപെടലുകളുണ്ട്. കുംഭകോണങ്ങളുടെ ആരും കാണാത്ത വശങ്ങള്‍ , അതേക്കുറിച്ചറിയാവുന്നവര്‍ ജനശ്രദ്ധയില്‍കൊണ്ടുവരുന്നതിന് ഈ നെറ്റ്വര്‍ക്കുകളെ കാര്യമായ രീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്. അങ്ങനെ രാജ്യത്ത് പടരുന്ന ചിന്ത നെറ്റ്വര്‍ക്ക് ഉപയോക്താക്കളില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. സാധാരണക്കാരിലേക്കുവരെ അത് പടര്‍ന്നെത്തി. ഇത് തങ്ങളുടെ രാഷ്ട്രീയഭാവിക്ക് നല്ലതല്ല എന്ന യുപിഎ രാഷ്ട്രീയനേതൃത്വത്തിന്റെ വിലയിരുത്തലാണ് ഇപ്പോഴത്തെ നീക്കത്തിന്റെ പിന്നില്‍ .
ജനങ്ങള്‍ക്ക് സ്വതന്ത്രമായി ആശയവിനിമയം നടത്താനും അഭിപ്രായങ്ങള്‍ രൂപപ്പെടുത്താനും തെറ്റായ അഭിപ്രായങ്ങളെ എതിര്‍വാദങ്ങള്‍കൊണ്ട് തിരുത്തിക്കാനുമൊക്കെ ഉപയുക്തമാവുന്ന വേദിയാണിന്ന് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകള്‍ . അപകീര്‍ത്തികരങ്ങളായ അഭിപ്രായങ്ങള്‍ അവയില്‍ വന്നാല്‍ അതിനെ നേരിടാനുള്ള നിയമങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും വന്‍തുകയ്ക്കുള്ള പിഴ ശിക്ഷാഭീഷണിയും പെരുമാറ്റച്ചട്ടഭീഷണിയുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത് അസഹിഷ്ണുതകൊണ്ടും അരക്ഷിതത്വബോധംകൊണ്ടുമാണ് എന്ന് വ്യക്തം. വന്‍നേട്ടമുണ്ടാക്കുമെന്നുപറഞ്ഞ് ആവിഷ്കരിച്ച സാമ്പത്തികപരിഷ്കാരനയങ്ങള്‍ തകര്‍ച്ചയിലായതും വരവിലെ അസമത്വം ഇരുപതുവര്‍ഷംകൊണ്ട് ഇരട്ടിയായതും രാജ്യത്തിന്റെ പലഭാഗത്തും കര്‍ഷക ആത്മഹത്യകളുണ്ടാകുന്നതും സാമ്രാജ്യത്വം സാമ്പത്തിക പരമാധികാരത്തെ തുടരെ ആക്രമിച്ച് ഇന്ത്യയുടെ എല്ലാ മേഖലകളിലും അധീശത്വം സ്ഥാപിക്കുന്നതും ദാസ്യമനോഭാവത്തോടെ യുപിഎ സര്‍ക്കാര്‍ കീഴടങ്ങിക്കൊടുക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ജനങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നുണ്ട് എന്നത് സര്‍ക്കാരിനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍ , യാഹൂ, എംഎസ്എന്‍ തുടങ്ങിയവയിലൂടെ നിത്യേന ദശലക്ഷക്കണക്കിന് സന്ദേശങ്ങളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഏതെങ്കിലും ഒരു സമിതിയെക്കൊണ്ട് ഇതെല്ലാം പരിശോധിപ്പിച്ച് സ്വീകാര്യമായതിനുമാത്രം പച്ചക്കൊടി കാണിക്കുക എന്നത് പ്രായോഗികമല്ല. വൈയക്തികമായ നിലയിലാണ് സ്വീകാര്യതയും അസ്വീകാര്യതയും നിര്‍ണയിക്കപ്പെടുക എന്നതുകൊണ്ട് ആ ചുമതല ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തെ ഏല്‍പ്പിക്കുക സാധ്യവുമല്ല. എന്നിട്ടും ഈ വഴിക്ക് കപില്‍ സിബല്‍ ചിന്തിക്കുന്നുവെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്താണെന്ന് പറയേണ്ടിവരും.
ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ വിവരസാങ്കേതികവിദ്യാനിയമം നിലവിലുണ്ട്. അതുപ്രകാരം കൈമാറ്റംചെയ്യപ്പെടുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം സേവനദാതാക്കളില്‍ നിക്ഷിപ്തമാണ്്. ഈ വ്യവസ്ഥ ഉപയോഗിച്ച് കേസ് നടത്തിയിട്ടും ശിക്ഷിച്ചിട്ടുമുണ്ട് ഇന്ത്യയില്‍ . ഈ നിയമം നിലവിലിരിക്കെ ഇത് കണ്ടില്ലെന്ന് നടിച്ച് പെരുമാറ്റച്ചട്ടത്തെയും പിഴശിക്ഷയെയും കുറിച്ച് സിബല്‍ സംസാരിക്കുമ്പോള്‍ യഥാര്‍ഥ ഉദ്ദേശ്യം മറ്റുചിലതാണെന്ന് വ്യക്തം. ഒരു ഫേസ്ബുക്ക് പരാമര്‍ശത്തില്‍ സോണിയ ഗാന്ധി വിമര്‍ശിക്കപ്പെട്ടു എന്നതിന്റെ പേരിലാണ് ഇപ്പോള്‍ ഈ കോലാഹലം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍ സര്‍വീസ് ദാതാക്കളെ വിളിച്ചുവരുത്തി ഭീഷണിയുടെ സ്വരത്തില്‍ കപില്‍ സിബല്‍ സംസാരിച്ചത് ആ സോണിയാവിമര്‍ശമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ പത്തുശതമാനത്തില്‍ താഴെമാത്രമേ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വരുന്നുള്ളൂവെന്നാണ് ഔദ്യോഗിക കണക്ക്. അത്രയും പേര്‍ക്കിടയില്‍ വ്യാപരിക്കുന്ന രാഷ്ട്രീയ സന്ദേശങ്ങള്‍പോലും യുപിഎ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുവെങ്കില്‍ , അതിന്റെ അടിസ്ഥാനത്തില്‍ മാധ്യമമാരണ നീക്കങ്ങളുമായി അത് നീങ്ങുന്നുവെങ്കില്‍ അടിയന്തരാവസ്ഥയുടെ കിരാതനാളുകളെയാവും രാഷ്ട്രം ഓര്‍ക്കുക.
Wednesday, November 30, 2011
അണതുറക്കട്ടെ സൌമനസ്യം
മലയാള മനോരമ മുഖപ്രസംഗം, 2011 നവംബർ 29
നൂറ്റിപ്പതിനാറ് വര്‍ഷം പഴക്കമുള്ളൊരു അണക്കെട്ടിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കയാണ് ഇപ്പോള്‍ മലയാളിയുടെ ഉറക്കംകെടുത്തുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന കണക്കുകൂടിയാകുമ്പോള്‍ ഈ ആശങ്കയ്ക്കു ദേശീയമാനം കൈവരികയും ചെയ്യുന്നു.
അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ചതാഴ്ചകളോടു ബന്ധപ്പെട്ടു രണ്ടു സംസ്ഥാനങ്ങളുടെ വൈകാരികതയുടെ രസനിരപ്പുയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ബ്രിട്ടിഷ് സര്‍ക്കാരിനു കീഴിലുള്ള മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂര്‍ മഹാരാജാവും തമ്മില്‍ 1886ല്‍ ഉണ്ടാക്കിയ കരാറില്‍ നിന്നാണു മുല്ലപ്പെരിയാര്‍ ചരിത്രത്തിന്റെ തുടക്കം. കരാര്‍ ഒപ്പുവയ്ക്കാന്‍ ദിവാന്‍ രാമയ്യങ്കാര്‍ക്ക് അനുമതി നല്‍കുമ്പോള്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഇങ്ങനെ പറഞ്ഞു: 'എന്റെ രക്തംകൊണ്ടു ഞാന്‍ ഈ കരാറിന് അനുമതി നല്‍കുന്നു. കരാര്‍ ഒപ്പിടാന്‍ രാജാവിനുമേല്‍ ബ്രിട്ടിഷ് ഭരണാധികാരികളുടെ സമ്മര്‍ദമുണ്ടായിരുന്നുവെന്നു വ്യക്തം. 999 വര്‍ഷത്തെ പാട്ടക്കരാറില്‍ ചതിക്കുഴികള്‍ ഉണ്ടായിരുന്നുവെങ്കില്‍ അതു തിരുത്താന്‍ കിട്ടിയ സന്ദര്‍ഭങ്ങള്‍ പിന്നീടു വന്ന ജനകീയ സര്‍ക്കാരുകള്‍ ഉപയോഗിച്ചില്ല. എന്നുമാത്രമല്ല, മുല്ലപ്പെരിയാറില്‍ പലവട്ടം കേരളം തമിഴ്നാടിനോടു മഹാമനസ്കത കാട്ടുകയും ചെയ്തു. 1970ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്തു പുതുക്കിയ കരാറിലാണ് ഇപ്പോള്‍ മുല്ലപ്പെരിയാറിന്റെ നില്‍പ്പ്. ഇതുവരെയും
കേരളം തമിഴ്നാടിന് ഒരു തുള്ളിവെള്ളം പോലും നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല, വൈദ്യുതി ഉല്‍പാദനത്തിനുള്ള അനുവാദം കൂടി നല്‍കുകയും ചെയ്തു. കേരളത്തിനു മാത്രം അവകാശപ്പെട്ട, കേരളത്തില്‍ മാത്രം വൃഷ്ടിപ്രദേശങ്ങളുള്ള, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണു തമിഴ്നാട്ടിലെ അഞ്ചു ജില്ലകളെ ജലസമൃദ്ധമാക്കുന്നത്. അണക്കെട്ടു തകര്‍ന്നാല്‍ ആ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനു ഹെക്ടര്‍ കൃഷിയാണ് അവര്‍ക്കു നഷ്ടപ്പെടാന്‍ പോകുന്നതും. കൊടിയ ശുദ്ധജലക്ഷാമവും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. പുതിയ അണക്കെട്ടു വന്നാല്‍ ഇപ്പോള്‍ കൊടുക്കുന്നത്രയും വെള്ളം അവര്‍ക്കു നല്‍കാന്‍ നാം ധാര്‍മികമായി ബാധ്യസ്ഥരാണ്. അതിനു തയാറാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കാലങ്ങളായി പരസ്പരം ആശ്രയിച്ചുകഴിയുന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും സ്നേഹസൌഹൃദങ്ങള്‍ക്കു മേല്‍ മുല്ലപ്പെരിയാര്‍ ഒരിക്കലും വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കരുത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ത്തു വരാവുന്ന ജലത്തിന്റെ ഭീഷണിയില്‍ കഴിയുന്നവരെല്ലാം കക്ഷിദേദമില്ലാതെ കൈകോര്‍ക്കുകയാണിപ്പോള്‍. സമരങ്ങളും പ്രതിഷേധങ്ങളും നാടാകെ മുഴങ്ങുന്നു. പാര്‍ലമെന്റിലും അതിന്റെ അലയൊലികള്‍ ഉണ്ടായിക്കഴിഞ്ഞു. മുല്ലപ്പെരിയാറിന്റെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്ക വര്‍ധിക്കാന്‍ കാരണം തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളാണ്. അതുകൊണ്ടു തന്നെ, സുപ്രീം കോടതിയുടെ തീര്‍പ്പു വരുന്നതുവരെ കാത്തിരിക്കാനുള്ള സമയമില്ല. ഇരു സംസ്ഥാനങ്ങളും ഈ പ്രശ്നത്തിന് എത്രയും പെട്ടെന്നു ശാശ്വതപരിഹാരം കണ്ടെത്തുകയാണു വേണ്ടത്. ജലനിരപ്പ് എത്രയുംവേഗം താഴ്ത്തണം. പുതിയ അണക്കെട്ടു വേഗം നിര്‍മിക്കുകയും വേണം. കേരളത്തിന്റെ ഈ ആവശ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായേ തീരൂ. ഇരു സംസ്ഥാനത്തെയും രാഷ്ട്രീയം ഡാമിനു മുന്നില്‍ കയറിനില്‍ക്കാന്‍ നാം അനുവദിച്ചുകൂടാ. വൈകാരികമായ നിലപാടുകള്‍ക്കു പകരം വിവേകത്തിന്റെയും സംയമനത്തിന്റെയും പാതയിലൂടെ പ്രശ്നപരിഹാരത്തിലേക്കു നമുക്കു മുന്നേറാം.
- മാമ്മന്‍ മാത്യു,
ചീഫ് എഡിറ്റര്‍.
അമേരിക്കന്‍ ആക്രമണം പാകിസ്ഥാനെതിരെയും
Posted on: 30-Nov-2011
ദേശാഭിമാനി മുഖപ്രസംഗം
നാറ്റോ വ്യോമാക്രമണത്തില്‍ 28 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവം, ആറുപതിറ്റാണ്ട് കാലമായി അമേരിക്കയും പാകിസ്ഥാനുമായി നിലനിന്നുപോന്ന ഉറ്റ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് വേണം കരുതാന്‍ . പാകിസ്ഥാന്‍ സേനയില്‍ അമേരിക്കയോട് ആഭിമുഖ്യമുള്ളവര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അത്തരക്കാര്‍ക്ക് പോലും നാറ്റോസേനയുടെ ആക്രമണത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഇല്ലാതെയാണ് ആ രാജ്യത്തിന്റെ അതിര്‍ത്തിയിലെ ചെക്പോസ്റ്റിലേക്ക് നാറ്റോ ആക്രമണമുണ്ടായത്. ഈ കൂട്ടക്കൊലപാതകം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പതിനഞ്ചോളം പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം പെട്ടെന്നൊരുദിവസം പൊട്ടിമുളച്ചതല്ല. പാകിസ്ഥാന്റെ മണ്ണില്‍നിന്നാണ് ഒസാമ ബിന്‍ ലാദനെയും കൂട്ടരെയും യുഎസ് കമാന്റോകള്‍ പിടികൂടി വധിച്ചത്. പാകിസ്ഥാനില്‍ അതിക്രമിച്ചുകടന്നാണ് ബിന്‍ലാദനെ പിടികൂടിയത്. കമാന്റോകള്‍ അതിക്രമിച്ചുകടക്കുന്ന വിവരം പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിക്കാതെ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പാകിസ്ഥാന്‍ ഭരണാധികാരികളെ വിശ്വാസത്തിലെടുക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അതിര്‍ത്തിക്കകത്തേക്ക് അതിക്രമിച്ച് കയറിയത് പാക് ഭരണാധികാരികള്‍ക്ക് അപമാനം വരുത്തുന്ന നടപടിയായിരുന്നു. എന്നിട്ടും ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ പാകിസ്ഥാന് കഴിയാതെപോയി. ഇതിനിടെയാണ് അമേരിക്കയുടെ വിലക്കുകള്‍ ലംഘിച്ച് ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങാനുള്ള വാതകക്കുഴലുകള്‍ സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ കരാറുണ്ടാക്കിയത്. ഇത് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കണം. പാകിസ്ഥാനുള്ള ധനസഹായം പിന്‍വലിക്കുന്ന നടപടി അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായി. ഇതൊക്കെ തുടര്‍ച്ചയായ സംഭവങ്ങളാണ്. ഇതിന്റെ ഭാഗമായി വേണം നാറ്റോസേനയുടെ ആക്രമണവും പാക് സൈനികരുടെ കൊലപാതകവും കാണാന്‍ . ഇത്തവണ പാക് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായി. അഫ്ഗാനിസ്ഥാനിലെ നാറ്റോസേനയ്ക്ക് ഭക്ഷണവും മറ്റു സാധനങ്ങളും എത്തിച്ചുകൊടുക്കുന്നത് തടയുമെന്ന് പാക് ഭരണാധികാരികളും പ്രഖ്യാപിച്ചിരിക്കുന്നു. പാകിസ്ഥാന്‍ 1947ല്‍ സ്വതന്ത്രമായതുമുതല്‍ നാറ്റോ, സിയാറ്റോ, സെന്റോ തുടങ്ങിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികകൂട്ടുകെട്ടുകളില്‍ അംഗമാണ്. ഇന്ത്യയാകട്ടെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ അംഗത്വം ഒഴികെ ഒരു പട്ടാളകൂട്ടുകെട്ടിലും അംഗമായിരുന്നില്ല. നെഹ്റുവിന്റെ കാലം മുതല്‍ ചേരിചേരാ വിദേശനയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. ചേരിചേരാനയം ഉള്ളടക്കത്തില്‍ സാമ്രാജ്യത്വവിരുദ്ധനയം തന്നെയാണ്. കാലക്രമത്തില്‍ ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ക്കാനും ഫലത്തില്‍ അമേരിക്കന്‍ വിധേയത്വം സ്വീകരിക്കാനും കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ തയ്യാറായി. പാകിസ്ഥാനാകട്ടെ അമേരിക്കയുമായി തുടക്കംമുതല്‍ ഉറ്റബന്ധം നിലനിര്‍ത്തുക മാത്രമല്ല- അമേരിക്കയുടെ ആശ്രിതരാജ്യമായാണ് തുടര്‍ന്നത്. അത്തരത്തില്‍ സൗഹൃദം സ്ഥാപിച്ച ഒരു രാജ്യത്തിന്റെ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം പാക് ഭരണാധികാരികളിലും സൈനികരിലും ജനങ്ങളിലും അസംതൃപ്തി ജനിപ്പിക്കുമെന്നതില്‍ സംശയമില്ല.
2001ലെ ഭീകരാക്രമണത്തിന്റെ മറവിലാണ് അമേരിക്ക ഭീകരതയ്ക്കെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയതായി പറയപ്പെടുന്ന ബിന്‍ ലാദന് അഭയം നല്‍കിയെന്നുപറഞ്ഞ് അഫ്ഗാനിസ്ഥാനെ സൈനികനീക്കത്തിലൂടെ ആക്രമിച്ച് കീഴ്പ്പെടുത്തി. നാറ്റോസേനയെ അവിടെ നിലനിര്‍ത്തുകയും ചെയ്തു. താലിബാന്‍ ഭീകരര്‍ക്കും ബിന്‍ ലാദനും പ്രോത്സാഹനവും സഹായവും നല്‍കിയത് അമേരിക്ക തന്നെയായിരുന്നു. പ്രസിഡന്റ് നജീബുള്ളയെ പിടികൂടി വധിച്ച് മൃതശരീരം വിളക്കുകാലില്‍ കെട്ടിത്തൂക്കി കഴുകന് ഭക്ഷിക്കാന്‍ കൊടുത്തത് താലിബാന്‍കാരായിരുന്നു. അതിനാകട്ടെ അമേരിക്കയുടെ കലവറയില്ലാത്ത പിന്തുണയും അനുഗ്രഹവുമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനെ കീഴ്പ്പെടുത്തിയതിന് ശേഷം ഇറാഖിനെയും ആക്രമിച്ച് കീഴ്പ്പെടുത്തി. സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ തലവനായ സദ്ദാം ഹുസൈനെയും കുടുംബാംഗങ്ങളെയും പരസ്യമായി തൂക്കിക്കൊന്നു. നാറ്റോസേന തന്നെയാണ് ലിബിയയില്‍ ഇടപെട്ട് 42 വര്‍ഷം പ്രസിഡന്റായിരുന്ന കേണല്‍ ഗദ്ദാഫിയെ നിഷ്ഠുരമായി വധിച്ചതും. നാറ്റോസേനയുടെ വ്യാപനവും ആക്രമണവും തുടരുകയാണ്. അമേരിക്കയില്‍ ആയുധനിര്‍മാണവും ആയുധം വിറ്റഴിക്കലുമാണ് മുഖ്യ വ്യവസായം. സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ട അമേരിക്കയ്ക്ക് ആയുധം വിറ്റഴിച്ച് പരമാവധി ലാഭമുണ്ടാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ലോകത്ത് സമാധാനം നിലനിന്നാല്‍ ആയുധം സംഭരിക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. 1929- 30 കാലഘട്ടത്തിലെ അഗാധമായ സാമ്പത്തികക്കുഴപ്പം അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിലാണ്. 2008ല്‍ തുടങ്ങിയ ഇപ്പോഴത്തെ പൊതുസാമ്പത്തികക്കുഴപ്പത്തില്‍നിന്ന് വീണ്ടെടുപ്പ് ഉണ്ടായിട്ടില്ല. എന്നാല്‍ , ഇത് മൂന്നാം ലോക മഹായുദ്ധത്തില്‍ അവസാനിക്കുമെന്ന് ആരും കരുതുന്നില്ല.
ഒരു തുറന്ന യുദ്ധം സര്‍വനാശത്തിലാണ് അവസാനിക്കുക എന്നതുതന്നെ കാരണം. അക്രമി രാജ്യവും ആക്രമിക്കപ്പെടുന്ന രാജ്യവുമുള്‍പ്പെടെ എല്ലാവര്‍ക്കും നാശമാണുണ്ടാകുക. എന്നാല്‍ , ശീതയുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് സാമ്രാജ്യത്വത്തിന് ആവശ്യമാണ്. എങ്കില്‍ മാത്രമേ ആയുധസാമഗ്രികള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ കൂടപ്പിറപ്പായ യുദ്ധത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനും ദുര്‍ബലരാഷ്ട്രങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്താനും സാമ്രാജ്യത്വം അതിന്റെ ശ്രമം അനുസ്യൂതം തുടരുമെന്ന് വേണം കരുതാന്‍ . പാകിസ്ഥാന്‍ തന്ത്രപ്രധാനമായ ഒരു സ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. ജനകീയചൈന ഭാവിയില്‍ ഭീഷണിയായിരിക്കുമെന്ന് അമേരിക്ക കാണുന്നുണ്ട്. അതോടൊപ്പം ഏകധ്രുവ ലോകത്തിന്റെ അന്തരീഷം മാറി ബഹുധ്രുവ ലോകത്തിലേക്കുള്ള മുന്നേറ്റം തുടരുകയാണ്. അത്യന്തം സങ്കീര്‍ണമായ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. അമേരിക്കയുമായി അമിതമായി സൗഹൃദബന്ധം സ്ഥാപിക്കുകയും ആശ്രിതരാജ്യമായി മാറുകയും ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്ക് രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ അമേരിക്ക ഇന്ത്യക്കും ഭീഷണിയാണെന്ന് കാണേണ്ടതുണ്ട്. പാകിസ്ഥാനെതിരായ നാറ്റോ സേനയുടെ ആക്രമണം ഇന്ത്യക്കൊരു പാഠമാകേണ്ടതാണ്.
തൊഴിലുറപ്പുപദ്ധതിയെ കൊല്ലരുത്
വൃന്ദ കാരാട്ട്
ദേശാഭിമാനി
Posted on: 28-Nov-2011 11:41 PM
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ തകര്‍ക്കാന്‍ വിവിധ കോണുകളില്‍നിന്ന് നീക്കമാരംഭിച്ചിരിക്കുന്നു. ഗ്രാമീണ ധനികരാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുള്ള ഒരു ശക്തി. കൃഷിമന്ത്രി ശരദ് പവാറിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത് ഇവരുടെ ശബ്ദമാണ്. തൊഴിലുറപ്പുപദ്ധതി കാരണം കര്‍ഷകത്തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് പവാറിന്റെ പരിദേവനം. ഓരോ കുടുംബത്തിനും വര്‍ഷം 100 തൊഴില്‍ദിനമാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍ , ദേശീയ ശരാശരി കണക്കാക്കുമ്പോള്‍ അര്‍ഹതപ്പെട്ടതിന്റെ പകുതിമാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. 2009-10ല്‍ ഓരോ കുടുംബത്തിനും 54 തൊഴില്‍ദിനംമാത്രമാണ് കിട്ടിയത്.
2010-11ല്‍ തൊഴില്‍ദിനം 47 ദിവസമായി ചുരുങ്ങി. ഈ വര്‍ഷമാകട്ടെ ഒക്ടോബര്‍വരെ വെറും 27 തൊഴില്‍ദിനംമാത്രമാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും ലഭിച്ചത്. അതായത്, തൊഴിലുറപ്പു പദ്ധതിയുള്ളതു കാരണം കര്‍ഷകത്തൊഴിലാളികളെ കിട്ടുന്നില്ലെന്നത് ശുദ്ധ നുണയാണെന്ന് വ്യക്തം. ചില മാസങ്ങളില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴില്‍ വളരെ കുറവാണ്. അതായത്, സീസണ്‍ അനുസരിച്ച് അസ്ഥിരതയുണ്ട്. ഉദാഹരണമായി കഴിഞ്ഞ വര്‍ഷം തൊഴില്‍ദിനത്തിന്റെ ദേശീയ ശരാശരി ഏറ്റവും ഉയര്‍ന്നത് കാര്‍ഷിക സീസണല്ലാത്ത മെയ് മുതല്‍ ജൂണ്‍വരെയാണ്. 30.6 കോടിയുടെയും 32.8 കോടിയുടെയും തൊഴില്‍ദിനമാണ് ഉണ്ടായത്. എന്നാല്‍ , കാര്‍ഷിക സീസണായ ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ഇത് യഥാക്രമം 11 കോടി, ഒമ്പത് കോടി, എട്ട് കോടി എന്ന നിലയില്‍ കുറഞ്ഞു. ഇത് കാണിക്കുന്നത് ആവശ്യമനുസരിച്ചുള്ള തൊഴില്‍ദിനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ്. മേയിലും ജൂണിലും യഥാക്രമം 2.26ഉം 2.18ഉം കോടി കുടുംബങ്ങള്‍ക്ക് തൊഴില്‍ ആവശ്യമുണ്ടായിരുന്നു. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസമാകുമ്പോഴും അത് യഥാക്രമം 1.4 കോടി, 98.7 ലക്ഷം, 87 ലക്ഷം എന്നിങ്ങനെ കുറഞ്ഞു. കാര്‍ഷിക സീസണിന്റെ കാര്യത്തില്‍ രാജ്യത്ത് പല വ്യത്യസ്തതകളും നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍ , വിശാലമായ അളവുകോല്‍വച്ച് നോക്കുമ്പോള്‍ കാര്‍ഷികസീസണില്‍ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ദിനം കുറഞ്ഞു എന്നുതന്നെയാണ് കാണാന്‍ കഴിയുക. കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും മാത്രമല്ല തൊഴിലുറപ്പു പദ്ധതിയുടെ ആവശ്യം. കുറഞ്ഞ വരുമാനം, നഷ്ടം, കടം എന്നിവകൊണ്ട് വിഷമിക്കുന്ന ചെറുകിട കര്‍ഷകര്‍ക്കുംകൂടിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 20 മുതല്‍ 25 ശതമാനം വരെ ചെറുകിട കര്‍ഷകര്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി തൊഴിലുറപ്പു പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ചില ജില്ലകളില്‍ ഇത് 35 ശതമാനംവരെയാണ്. ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഭൂമിയും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗം കാര്‍ഷികസമൂഹമാണെങ്കിലും അവര്‍ കേന്ദ്ര കൃഷിമന്ത്രിയുടെ കാഴ്ചയില്‍ കര്‍ഷകസമൂഹത്തില്‍ ഉള്‍പ്പെടുന്നില്ല. ഗ്രാമീണ ഇന്ത്യയിലെ വര്‍ധിച്ച വേതനനിരക്ക് തൊഴിലുടമകളെ സമ്മര്‍ദത്തിലാക്കുന്നതായാണ് മറ്റൊരു വാദം. ഭൂവുടമകളും കാര്‍ഷികവ്യവസായികളും വിശ്വസിക്കുന്നത് കുറഞ്ഞ കൂലി നല്‍കുന്നത് തങ്ങളുടെ അവകാശമാണെന്നാണ്. അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2004-05ല്‍ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന 90.7 ശതമാനം പേര്‍ കര്‍ഷകത്തൊഴിലാളികളും 64.5 ശതമാനം പേര്‍ ഗ്രാമീണ തൊഴിലാളികളുമാണ്. ഇവര്‍ക്ക് ഒരുദിവസം ലഭിക്കുന്നത് കേന്ദ്ര മിനിമംകൂലിയായ 66 രൂപയില്‍ താഴെയാണ്. പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലി പുനഃപരിശോധിക്കാനുള്ള ആവശ്യം ഉയര്‍ന്നുവരാനുള്ള സാധ്യത കുറവാണ്. കാരണം, തൊഴില്‍ദിനം വളരെ കുറവായതിനാല്‍ കൂലി കൂട്ടാന്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ കാര്യമില്ല. 2009ല്‍ മിനിമം ദിവസക്കൂലി 89 രൂപയായിരുന്നു. 2010ല്‍ 100 രൂപയായും (11.94 ശതമാനം) 2011ല്‍ 112 രൂപയായും (12.26 ശതമാനം) വര്‍ധിച്ചു. എന്നാല്‍ , കര്‍ഷകത്തൊഴിലാളികളുടെ ജീവിതച്ചെലവും വിലക്കയറ്റവും വര്‍ധിച്ചിരിക്കുന്നു. ഒമ്പതു ശതമാനമായാണ് 2010ലും 2011ലും കൂടിയത്. പണപ്പെരുപ്പം കാരണം കൂട്ടിയ കൂലികൊണ്ട് കാര്യമില്ല.
തൊഴിലുറപ്പു പദ്ധതി പ്രകാരം ലഭിക്കുന്ന യഥാര്‍ഥ കൂലിയാകട്ടെ ഇളക്കമില്ലാതെ നില്‍ക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ക്ക് പലതരത്തിലുള്ള കൂലിയാണ് ലഭിക്കുന്നത്. ഒരു ജോലി പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് കൂലി (ടാസ്ക് റേറ്റ്) കണക്കാക്കുന്നത്. അതായത്, സമയത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് വേതനം. ഷെഡ്യൂള്‍ ഓഫ് റേറ്റ്സിന്റെ കീഴിലാണ് ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സമയബന്ധിതമായി പഠനം നടത്തി പ്രവൃത്തിയുടെ കാഠിന്യം കുറച്ചിരുന്നു. പുരുഷതൊഴിലാളികളുടേതുമായി അപേക്ഷിച്ച് വനിതകള്‍ക്ക് 15 ശതമാനം ടാസ്ക് റേറ്റ് കുറച്ചു. ഇത്തരം നടപടി സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍ . 2008ല്‍ ഷെഡ്യൂള്‍ ഓഫ് റേറ്റ്സിനെക്കുറിച്ചും മിനിമം കൂലിയില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ചും പഠിക്കാന്‍ കേന്ദ്രതലത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. പശ്ചിമബംഗാള്‍ , ആന്ധ്രപ്രദേശ്, തമിഴ്നാട്, ബിഹാര്‍ , ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ , മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ ഓരോ പ്രവൃത്തി ചെയ്യുന്നതിനും നല്‍കുന്ന കൂലിയില്‍ വലിയ അന്തരമുണ്ടെന്നു കണ്ടെത്തി. ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് പ്രകാരം തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ലെന്ന നിഗമനത്തിലാണ് കമ്മിറ്റി എത്തിയത്. പ്രവൃത്തി കുറയ്ക്കണമെന്നും ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് രാജ്യത്തെ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കി ഏകീകരിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഞ്ച് വിഭാഗമായി ഷെഡ്യൂള്‍ ഓഫ് റേറ്റ്സിനെ തരംതിരിച്ചിട്ടുണ്ട്. പ്രധാനമായും സ്ത്രീകള്‍ചെയ്യുന്ന മണ്ണ് ചുമക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ ഭാരം കുറയ്ക്കണമെന്നും കമ്മിറ്റി ശുപാര്‍ശചെയ്തു. വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക ടാസ്ക് റേറ്റ് നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. 2009 മാര്‍ച്ചിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.
എട്ട് സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് 2009ലെ പഠനം നടത്തിയത്. തൊഴില്‍മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയ കണക്കുപ്രകാരം പശ്ചിമ ബംഗാള്‍ , ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് 2011 ഏപ്രില്‍ -ഒക്ടോബറില്‍ മിനിമം കൂലി നല്‍കിയത്. 2011 ജനുവരിയിലാണ് ഇവിടങ്ങളില്‍ പുതുക്കിയ മിനിമം കൂലി നിശ്ചയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഔദ്യോഗിക കൂലിയും ലഭിക്കുന്ന കൂലിയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. തമിഴ്നാട്ടില്‍ ഔദ്യോഗിക വേതനത്തിന്റെ 24 ശതമാനവും ആന്ധ്രപ്രദേശില്‍ 19 ശതമാനവും രാജസ്ഥാനില്‍ 20 ശതമാനവും ഗുജറാത്തില്‍ 13 ശതമാനവും മധ്യപ്രദേശില്‍ മൂന്ന് ശതമാനവും കുറച്ചാണ് നല്‍കുന്നത്. നവ ഉദാരനയങ്ങളുടെ ഭാഗമായുണ്ടായ ഭക്ഷ്യവിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്‍പ്പെടെ ലഭിക്കുന്ന വേതനം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അപര്യാപ്തമാണ്. 120 രൂപ ദിവസക്കൂലി ലഭിക്കുന്ന ഒരാള്‍ക്ക് വര്‍ഷം 50 ദിവസം തൊഴില്‍ കിട്ടിയാല്‍ അഞ്ച് അംഗങ്ങളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് മൂന്ന് രൂപയില്‍ കുറവാണ് ദിവസേന ലഭിക്കുക. ഇന്നത്തെ സാഹചര്യത്തില്‍ ഈ കൂലികൊണ്ട് ജീവിക്കുന്നതെങ്ങനെ? ഗ്രാമീണ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ കുറയ്ക്കാനുള്ള മാര്‍ഗമായി കാണേണ്ട തൊഴിലുറപ്പു പദ്ധതിയെ ശരിയായി മനസ്സിലാക്കാതെയാണ് അതിനെതിരെ പ്രചാരണവും അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം 2004-05നും 2009-10നും ഇടയില്‍ ഗ്രാമീണമേഖലയിലെ തൊഴില്‍ വളര്‍ച്ചനിരക്ക് മൂന്ന് പോയിന്റ് കുറഞ്ഞിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതി നിലവില്‍വന്നശേഷമാണ് ഇത് സംഭവിച്ചത്. എന്നാല്‍ , തടസ്സങ്ങള്‍ മാറ്റി ഈ പദ്ധതിയെ കാര്യക്ഷമമാക്കുന്നതിനു പകരം കൂലി കുറച്ചും വൈകിച്ചും അനുവദിച്ച തൊഴിലുകളുടെ പട്ടിക ചുരുക്കിയും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
സാമ്പത്തിക കമ്മിയുടെ പേരില്‍ ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് തൊഴിലുറപ്പു പദ്ധതി നേരിടുന്ന മറ്റൊരു ഭീഷണിയാണ്്. 2011-12ലെ ബജറ്റില്‍ തൊഴിലുറപ്പു പദ്ധതിക്കായി മുന്‍വര്‍ഷത്തേക്കാള്‍ 100 കോടി രൂപ കുറവാണ് നീക്കിവച്ചത്. കഴിഞ്ഞവര്‍ഷം 40,000 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ നീക്കിവച്ചത്. 2011 ഒക്ടോബര്‍വരെ 16,500 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയത്. സംസ്ഥാനങ്ങള്‍ ഫണ്ട് വിനിയോഗിച്ചില്ലെന്നാണ് കാരണം പറഞ്ഞത്. എന്നാല്‍ , ഫണ്ട് വിനിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്ന നടപടികളെടുക്കുന്നതിനുപകരം ഇതൊരു അവസരമായി കണ്ട് ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . ഫണ്ട് കൈമാറുന്നതിന് കൂടുതല്‍ കര്‍ശനമായ നിയന്ത്രണം പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നത് എത്ര ഉദാസീനതയോടെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കേന്ദ്ര ഗ്രാമവികസനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തൊഴിലുറപ്പു പദ്ധതിയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ കത്തിടപാടുകള്‍ക്ക് നല്‍കുന്നതിന്റെ പകുതി ശ്രദ്ധപോലും തൊഴിലുറപ്പു പദ്ധതിക്ക് ലഭിക്കുന്നില്ല.
അഴിമതി തടയുന്നതിന് തൊഴിലുറപ്പു പദ്ധതിപോലുള്ള പൊതുമരാമത്ത് പദ്ധതികള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കി ഫണ്ട് തിരിമറി നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണം. പക്ഷേ, അത് തൊഴിലുറപ്പു പദ്ധതി നടത്തിപ്പിനെ ഒരുതരത്തിലും ബാധിക്കുന്നതായിരിക്കരുത്. തൊഴിലുറപ്പു പദ്ധതി ശക്തിപ്പെടുത്താനും വികസിപ്പിക്കാനും മതിയായ വേതനവും ഫണ്ടും ആവശ്യമാണ്. തൊഴിലുറപ്പു പദ്ധതി നിയമമുണ്ടാക്കുന്നതിനും അത് നടപ്പാക്കുന്നതിനും ഇടതുപക്ഷ പാര്‍ടികള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ തൊഴില്‍രഹിതരോടും പാവപ്പെട്ട കര്‍ഷകരോടും പ്രതിബദ്ധതയുണ്ടെങ്കില്‍ തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുകയും പൂര്‍ണമായ തോതില്‍ നടപ്പാക്കുകയുമാണ് വേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ വീണ വായിക്കുന്നോ?
ദേശാഭിമാനി മുഖപ്രസംഗം
Posted on: 28-Nov-2011 11:35 PM
തുടരെയുള്ള ഭൂചലനങ്ങളും കനത്ത മഴയില്‍ കുലംകുത്തിയെത്തുന്ന നീരൊഴുക്കും മുല്ലപ്പെരിയാറിനെ ഒരു ജനതയുടെയാകെ പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനുമായി മദിരാശി ഗവണ്‍മെന്റ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളുമായി 1886ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് 1895 ഒക്ടോബര്‍ 11ന് മുല്ലപ്പെരിയാറില്‍ അണക്കെട്ടുപണി പൂര്‍ത്തിയാക്കി ഉദ്ഘാടനംചെയ്തത്. അണക്കെട്ടിന് 115 വയസ്സ് പിന്നിടുന്നു. നിര്‍മാണഘട്ടത്തില്‍ രണ്ടുതവണ അണക്കെട്ട് തകര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ അങ്ങനെയൊരണക്കെട്ടിന് കഴിയില്ലെന്നു കരുതി മദിരാശി സര്‍ക്കാര്‍ അന്ന് നിര്‍മാണം ഉപേക്ഷിച്ചതാണ്. കേണല്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനിയറുടെ പ്രയത്നവും സമര്‍പ്പണവുംകൊണ്ടാണ് വീണ്ടും പണിതുടങ്ങിയതും കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പുംകൊണ്ടുള്ള അണ ഉയര്‍ന്നതും. ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ത്ത സുര്‍ക്കി മിശ്രിതമാണ് സിമെന്റിനുപകരം ഉപയോഗിച്ചത്. കെട്ടിടങ്ങളും അണക്കെട്ടുകളുമുണ്ടാക്കുമ്പോള്‍ ഭൂകമ്പത്തെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ല.
അണക്കെട്ടിന്റെ പരമാവധി ആയുസ്സ് ആറുപതിറ്റാണ്ടായാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോള്‍ അതിന്റെ ഇരട്ടിയിലെത്താറാകുന്നു. കാലപ്പഴക്കത്താല്‍ സുര്‍ക്കി മിശ്രിതം വന്‍തോതില്‍ വെള്ളത്തില്‍ അലിഞ്ഞ് ഒഴുകിപ്പോയി. ഓരോവര്‍ഷവും അണക്കെട്ടിന്റെ ചോര്‍ച്ച വര്‍ധിക്കുന്നു. ഇനിയൊരു നന്നാക്കലിന് പാകമല്ലാത്തവിധം കാലപ്പഴക്കം വന്ന അണക്കെട്ട് പുതുക്കിപ്പണിയുകയല്ലാതെ മറ്റു മാര്‍ഗമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്റെ മധ്യഭാഗം അവശേഷിക്കില്ലെന്ന ഭീതിയാണുണ്ടായിരിക്കുന്നത്. അണക്കെട്ട് തകര്‍ന്നാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ശാസ്ത്രീയപഠനത്തിലൂടെ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും അത് ലോകത്തെ നടുക്കുന്നത്രയും ഭയാനകമായ ഒന്നാകുമെന്നതില്‍ തര്‍ക്കമില്ല. ഇത്തവണ തുലാവര്‍ഷം തിമിര്‍ത്തുപെയ്തു. അണക്കെട്ടിലെ ജലനിരപ്പ് കാണെക്കാണെ ഉയര്‍ന്ന് കവിഞ്ഞൊഴുകുന്ന നിലയിലെത്തി. ഡാമിനടുത്തുള്ള പ്രദേശങ്ങളില്‍ തുടരെതുടരെ ഭൂചലനങ്ങളുണ്ടാകുന്നു.
ജലം ജനതയുടെ ജീവിതമാണ്; നിമിഷവേഗംകൊണ്ട് അത് മരണവുമായി മാറാം. തമിഴ്നാട്ടിലെ അഞ്ചു ജില്ലയിലുള്ള ജനങ്ങളുടെ ജീവിതത്തിന് പച്ചപ്പുപകരുന്നത് മുല്ലപ്പെരിയാറില്‍നിന്നുള്ള ജലമാണ്. അതേജലം അണക്കെട്ട് തകര്‍ത്ത് തിരിഞ്ഞൊഴുകിയാല്‍ കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവനും ജീവിതവുമാണ് കടലിലേക്കെടുക്കുക. ജീവന്റെ സുരക്ഷയാണ് എല്ലാറ്റിലും പ്രധാനം. തമിഴ്നാടിന് ജലം നിഷേധിക്കപ്പെടുകയുമരുത്. തമിഴ്നാടും കേരളവും ശത്രുരാജ്യങ്ങളല്ല. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍മാത്രമാണ്. മുല്ലപ്പെരിയാറിലെ ജലം തുടര്‍ന്നും അഭംഗുരം തമിഴ്നാടിന് കൊടുക്കാമെന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് സാഹചര്യമൊരുക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാരിനുമുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കലാണ് പ്രശ്നത്തിനുള്ള ഏക പരിഹാരമെന്നതില്‍ ഇന്ന് ആര്‍ക്കും തര്‍ക്കമില്ല. ഇന്നുള്ളതില്‍നിന്ന് ഒരുതുള്ളി കുറയാതെ പുതിയ അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, കേന്ദ്ര ജലവിഭവമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയതാണ്. സുപ്രീംകോടതിയിലും കേരളം രേഖാമൂലം ഇത് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിലുള്ള നിര്‍ണായക ഘടകം കേന്ദ്രംതന്നെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ആദ്യം പുതിയ അണക്കെട്ടിനായി തീരുമാനമെടുക്കൂ; തുടര്‍ന്ന് അത് നടപ്പില്‍ വരുത്തുന്നതിന്റെ സാങ്കേതികവും ഭരണപരവുമായ വിശദാംശം സമവായത്തിലൂടെ അംഗീകരിക്കുക- ഇതിന് കേന്ദ്ര സര്‍ക്കാര്‍ മാധ്യസ്ഥം വഹിക്കുക. ഇതാണ് അടിയന്തര ആവശ്യം. ദൗര്‍ഭാഗ്യവശാല്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ അതിന് മുതിരുന്നില്ല.
കേന്ദ്രത്തെ ഏതുവിധേനയും ബോധ്യപ്പെടുത്തി ഇടപെടുവിക്കാന്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നുമില്ല. എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ ക്രിയാത്മകമായ ഇടപെടലാണ് പ്രശ്നത്തിലുണ്ടായത്. കേരള സര്‍ക്കാര്‍ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ബജറ്റില്‍ അതിനായി തുക ഉള്‍ക്കൊള്ളിച്ചു. സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഭാഗം വാദിക്കാന്‍ സമര്‍ഥരായ വക്കീലന്മാരെ വച്ചു. പുതിയ അണക്കെട്ടിനായുള്ള ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കുമളിയില്‍ തുടങ്ങി. കേരളത്തിന്റെ പുതിയ ഡാം എന്ന ആശയം പരിശോധിക്കാമെന്ന നിലയിലേക്ക് സുപ്രീംകോടതി വന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുകയാണ് ഇനി വേണ്ടത്. മന്ത്രിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഉറക്കം നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്നതിനുപകരം സംസ്ഥാനത്തോടും ഭയചകിതരായ ജനങ്ങളോടും ഉത്തരവാദിത്തം കാണിച്ച്, കേന്ദ്രത്തെ ഇടപെടുവിക്കാനാണ് തയ്യാറാകേണ്ടത്. സംസ്ഥാനം ഇത്ര വലിയ പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ , രണ്ടു മന്ത്രിമാരെ ഡല്‍ഹിക്കുവിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിനിമാ അവാര്‍ഡിന്റെ തിരക്കിലാണ്. പ്രധാനമന്ത്രിയില്‍നിന്നുള്ള വിളിയുംകാത്ത് ഇരിക്കുകയാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴെങ്കിലും വന്നേക്കാവുന്ന ഒരു വിളിക്കുവേണ്ടി കാത്തിരിക്കലാണോ നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം?
പ്രശ്നത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന നിലപാടില്‍നിന്ന് കേന്ദ്രത്തിന് പിന്നോക്കം പോകാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവന്നു. ഞങ്ങളൊന്നുമറിഞ്ഞില്ല എന്ന ഭാവം നടിച്ച കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. കേരള കോണ്‍ഗ്രസുകളുടെ അപക്വമായ വികാരപ്രകടനങ്ങളല്ല; കേന്ദ്രത്തില്‍നിന്നുള്ള അടിയന്തര ഇടപെടലാണ് കേരളത്തിന്റെ അടിയന്തര ആവശ്യം എന്നുമനസ്സിലാക്കി യുഡിഎഫ് കടമ നിര്‍വഹിക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. തമിഴരെയും കേരളീയരെയും രണ്ടുതട്ടിലിട്ട് രംഗം വഷളാക്കാനുള്ള നേരിയ ശ്രമങ്ങള്‍പോലും പ്രോത്സാഹിപ്പിക്കരുത്. മുല്ലപ്പെരിയാറിനായി സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന അടിയന്തര പാക്കേജ് വന്നേതീരൂ. ഭരണഘടനാദത്തമായ അധികാരം അതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കണം.
പഴശ്ശിയുടെ വീരസ്മരണ
എം സുരേന്ദ്രന്‍
Posted on: 30-Nov-2011 11:11 PM
ദേശാഭിമാനി
കേരളത്തിന്റെ കോളനിവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിലെ വീരനായകന്‍ കേരളവര്‍മ പഴശ്ശിരാജ രക്തസാക്ഷിയായിട്ട് നവംബര്‍ 30ന് 206 വര്‍ഷം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ലോകവ്യാപകമായി പടരുന്ന ഈ സന്ദര്‍ഭത്തില്‍ പഴശ്ശിയുടെ പ്രസക്തി വര്‍ധിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍നിന്ന് കൂത്തുപറമ്പിലേക്കുള്ള വഴിയിലുള്ള കോട്ടയം കോവിലകത്ത് 1755ലായിരുന്നു പഴശ്ശിയുടെ ജനനം. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ പോരാടി രക്തസാക്ഷിയായ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെയും സ്വയംനിര്‍ണയാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ ഒരാളാണ്. ഗറില്ലാതന്ത്രങ്ങളിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട പഴശ്ശിരാജയുടെ സമരംതന്നെയാണ് കൊച്ചിയില്‍ പാലിയത്തച്ചനെയും തിരുവിതാംകൂറില്‍ വേലുത്തമ്പിയെയും ബ്രിട്ടീഷ് ശക്തിക്കെതിരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. മൈസൂര്‍ രാജാക്കന്മാരായ ഹൈദരാലിയുടെയും ടിപ്പുവിന്റെയും ആക്രമണങ്ങളില്‍ ദുരിതമനുഭവിച്ച മലബാറിലെ രാജാക്കന്മാര്‍ ഇംഗ്ലീഷുകാരെയാണ് സഹായിച്ചത്. പകരം ഏല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കാമെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയേറ്റു.
1792ലെ ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. എന്നാല്‍ , കമ്പനി വാക്ക് പാലിച്ചില്ല. പഴശ്ശിയെ മറന്ന്് കോട്ടയത്തെ നികുതി പിരിക്കാന്‍ ഇംഗ്ലീഷുകാര്‍ അമ്മാവനായ കുറമ്പ്രനാട്ട് രാജാവിനെ ഏല്‍പ്പിച്ചു. ഇത് കമ്പനിയും പഴശ്ശിയും തമ്മില്‍ തെറ്റുന്നതിന് കാരണമായി. 1795ല്‍ കോട്ടയത്തെ നികുതിപിരിവ് അവസാനിപ്പിച്ച് പഴശ്ശി ഇംഗ്ലീഷുകാരെ വെല്ലുവിളിച്ചു. തുടര്‍ന്ന് പലയിടങ്ങളിലായി പഴശ്ശിപ്പട ഇംഗ്ലീഷുകാരുമായി ഏറ്റുമുട്ടി. പഴശ്ശിയുടെ പ്രധാന പോരാളികളെ പിടിച്ചുകൊടുത്താല്‍ പ്രതിഫലം നല്‍കാമെന്ന് 1805 ജൂണ്‍ 16ന് കേണല്‍ മക്ലിയോസ് വിളംബരംചെയ്തു. തുടരെ ആക്രമണങ്ങളുണ്ടായെങ്കിലും പഴശ്ശി പിന്തിരിഞ്ഞില്ല. അക്രമപ്പിരിവിനും അമിത നികുതിക്കുമെതിരെ കര്‍ഷകരുടെ പോരാട്ടങ്ങളെ നയിച്ചതാണ് പഴശ്ശിരാജയുടെ സമരം ജനകീയമായതിന്റെ അടിസ്ഥാനം. കൊട്ടാരത്തിലിരുന്ന് സുഖസൗകര്യങ്ങളിലാറാടിയല്ല പഴശ്ശി യുദ്ധം നയിച്ചത്. വയനാടന്‍ കാടുകളില്‍ പഴശ്ശിപ്പടയെ 1805 നവംബറോടെ ഇംഗ്ലീഷ് സൈന്യം വേട്ടയാടി. സബ്കലക്ടര്‍ ടി എച്ച് ബാബറാണ് നേതൃത്വം കൊടുത്തത്്. നവംബര്‍ 30ന് രാവിലെ അവര്‍ ബാവലിത്തോടിന്റെ കരയിലെത്തി. പത്തോളം പേര്‍ അവിടെ ഇരിക്കുകയായിരുന്നു. കച്ചേരി ഉദ്യോഗസ്ഥന്മാരിലൊരാളായ കണാരമേനോന് രാജാവിന്റെ ഓട്ടം തടഞ്ഞുനിര്‍ത്താനുള്ള അവസരം കിട്ടി. ജീവന്‍ പണയംവച്ച് അയാളത് ചെയ്തു. രാജാവ് തന്റെ കൈത്തോക്ക് അയാളുടെ നെഞ്ചിനു നേരെ ചൂണ്ടിയതായിരുന്നു. എന്നിട്ടും പഴശ്ശി അത് ചെയ്തില്ല. അപ്പോഴേക്കും ധീരപോരാളി വെടിയേറ്റു വീണു. മരണത്തിന്റെ നിമിഷത്തില്‍പോലും അസാധാരണമായ ആ വ്യക്തിത്വം അന്തസ്സുറ്റവിധം ആജ്ഞാരൂപത്തില്‍ പറഞ്ഞതിങ്ങനെയാണ്: "മ്ലേച്ഛാ അടുക്കരുത്. എന്നെ തൊട്ടശുദ്ധമാക്കരുത്". ധീരമായ ആ വാക്കുകളുടെ ഇരമ്പം ഇന്നും വയനാടന്‍ കാടുകളില്‍ മുഴങ്ങുന്നുണ്ട്.
ഹൈദരാലിയുടെ മരണാനന്തരം ടിപ്പു മൈസൂര്‍ സുല്‍ത്താനായപ്പോഴാണ് കോട്ടയം അടക്കമുള്ള മലബാറിന്റെ രാഷ്ട്രീയാധിപത്യം മൈസൂറിന് ലഭിച്ചത്. രവിവര്‍മ രാജാവ് ടിപ്പുവുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ഭരണം തുടങ്ങി. കോട്ടയത്തുനിന്ന് എണ്‍പത്തൊന്നായിരം രൂപ ടിപ്പുവിന് കപ്പം കൊടുക്കണം. കൊള്ളപ്പിരിവ് തുടങ്ങി. വിള മുഴുവനും കൊടുത്താലും നികുതി തീരുന്നില്ല. കൃഷിക്കാര്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകളുണ്ടായി. കൃഷിക്കാര്‍ക്കൊപ്പം ചേര്‍ന്ന പഴശ്ശിരാജ കാര്‍ഷിക സമരങ്ങളെ കൂട്ടിയോജിച്ചപ്പോള്‍ സമരം ഇരമ്പിയാര്‍ത്തു. ഇതിനെ അടിച്ചമര്‍ത്താന്‍ ടിപ്പു ഇംഗ്ലീഷ് പട്ടാളക്കാരെയും ആറായിരത്തിലധികം നാടന്‍ സൈന്യത്തെയും മലബാറിലിറക്കി. നില്‍ക്കക്കള്ളിയില്ലാതെ രാജാക്കന്മാര്‍ നാടുവിട്ട് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു. രവിവര്‍മരാജ കോട്ടയത്തിന്റെ ഭരണം പഴശ്ശിരാജയ്ക്ക് കൈമാറി. മൈസൂര്‍പ്പടയുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ കോട്ടയം പടയാളികള്‍ തലശേരി കോട്ടയുടെ ചുറ്റുവട്ടത്തഭയം തേടി. ഇതില്‍ കുപിതനായ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി റദ്ദ് ചെയ്തു. അങ്ങനെയാണ് മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ കേളികൊട്ടുയര്‍ന്നത്. തലശേരി കോട്ടയുടെ അധിപനുമായി പഴശ്ശി രാജാവുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് മൈസൂറാധിപത്യത്തില്‍ നിന്ന് കോട്ടയത്തെ മോചിപ്പിച്ച് പഴശ്ശിരാജ അധികാരമേറ്റു. തുടര്‍ച്ചയായ യുദ്ധം കാരണം നാട്ടിലാകെ അക്രമവും പട്ടിണിയുമായിരുന്നു. കമ്പനിയുമായുള്ള സൗഹൃദമുപയോഗിച്ച് പണം കടം വാങ്ങി കൃഷിക്കാര്‍ക്ക് വായ്പ കൊടുത്തു. ജിവിത പ്രതിസന്ധിയില്‍നിന്ന് കോട്ടയം കരകയറിത്തുടങ്ങി. പഴശ്ശിരാജാവിന്റെ സ്വീകാര്യത കൂടി. ശ്രീരംഗപട്ടണം ഉടമ്പടിയനുസരിച്ച് ആംഗ്ലോ-മൈസൂര്‍ യുദ്ധം അവസാനിച്ചു. വയനാട് അടക്കമുള്ള മലബാര്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇതോടുകൂടി മലബാറിനുമേല്‍ പൂര്‍ണ ഇംഗ്ലീഷ് ആധിപത്യം സ്ഥാപിക്കപ്പെട്ടു. ജനങ്ങളില്‍ കൂടുതല്‍ നികുതി ചുമത്തി. പിരിച്ചെടുക്കാന്‍ കുറുമ്പ്രനാട് രാജാവിനെ ഏല്‍പ്പിച്ചു. കൊള്ളനികുതി കൊടുക്കരുതെന്ന് ഒരു വിളംബരത്തിലൂടെ കേരളവര്‍മ കോട്ടയത്തെ കൃഷിക്കാരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് കമ്പനിയും പഴശ്ശിരാജാവും തമിലുള്ള ബന്ധം പൂര്‍ണമായും അറ്റു. പഴശ്ശിരാജ സൈനികബലം വര്‍ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രാജാവിനെ ഒതുക്കാതെ കോട്ടയത്തെ നികുതിപിരിവും ഭരണവും അസാധ്യമാണെന്ന് കമ്പനിയും തിരിച്ചറിഞ്ഞു.
ദക്ഷിണമലബാറില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ പൊരുതുകയായിരുന്ന അത്തന്‍ ഗുരുക്കള്‍ , ഉണ്ണിമൂത്ത എന്നീ മാപ്പിള നേതാക്കളുമായും പഴശ്ശിരാജ ബന്ധപ്പെട്ടതോടെ മാപ്പിളമാരെ പഴശ്ശിക്കെതിരെ തിരിക്കാനുള്ള ഇംഗ്ലീഷുകാരുടെ ശ്രമം പരാജയപ്പെട്ടു. ടിപ്പുസുല്‍ത്താന്‍ സൈന്യത്തെ അയച്ചുകൊടുത്തു പഴശ്ശിയെ സഹായിച്ചു. ഇംഗ്ലീഷുകാരുമായി അന്തിമയുദ്ധത്തിന് സമയമായെന്ന് കണക്കാക്കിയ കേരളവര്‍മ ജാതിമതഭേദമെന്യേ ജനങ്ങളുടെ പിന്തുണ ഉറപ്പിക്കുകയും ശക്തിയുള്ളൊരു സേനയുണ്ടെന്ന ബോധ്യത്തോടെ കമ്പനിക്കെതിരെ ആഞ്ഞടിക്കാനും തീരുമാനിച്ചു. കേരളവര്‍മയെ പിടിക്കാന്‍ തലശേരിയില്‍ നിന്നയച്ച ഇംഗ്ലീഷ് സൈന്യത്തെ വയനാടിന്റെ അതിര്‍ത്തിയില്‍ ഒരു മിന്നലാക്രമണത്തിലൂടെ കുറിച്യപ്പട തുരത്തി. ഈ ആക്രമണം വര്‍ധിതാത്മവിശ്വാസം വളര്‍ത്തി. പഴശ്ശിയില്‍ കാവല്‍നിന്നിരുന്ന കമ്പനി സൈന്യത്തെ ആക്രമിച്ച് മുഴുവന്‍ പേരെയും കൊന്നു. കനത്ത ആക്രമണങ്ങള്‍ക്ക് മുമ്പില്‍ ഞെട്ടിപ്പോയ ഇംഗ്ലീഷുകാര്‍ സൈന്യത്തെ പിന്‍വലിച്ചു. ഇതേ കാലത്താണ് നെപ്പോളിയന്‍ ഫ്രാന്‍സിന്റെ അധികാരം പിടിച്ചത്. ഇന്ത്യയെ നെപ്പോളിയന്‍ ആക്രമിക്കുമോയെന്നും ഇംഗ്ലീഷുകാര്‍ ചിന്തിച്ചു. ഈ ഘട്ടത്തിലാണ് ആര്‍തര്‍ വെല്ലസ്ലി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായത്. കീഴടക്കലിന്റെയും വെട്ടിപ്പിടിക്കലിന്റെയും നയത്തിലധിഷ്ഠിതമായ പ്രവൃത്തികളിലൂടെ നാട്ടുരാജാക്കന്മാരെ മുഴുവനും യുദ്ധംചെയ്ത് കീഴടക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. ശ്രീരംഗപട്ടണത്തില്‍ നടന്ന യുദ്ധത്തില്‍ കമ്പനിപ്പട്ടാളം ടിപ്പുവിനെ കൊലപ്പെടുത്തി. മൈസൂര്‍ അവരുടെ ആധിപത്യത്തിലായി. ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്ന പലരും വയനാട്ടില്‍ വന്ന് പഴശ്ശി സൈന്യത്തോടൊപ്പം ചേര്‍ന്നത് സൈന്യബലം ഇരട്ടിയാക്കി. കേരളവര്‍മയുടെ സൈനികബലത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച വെല്ലസ്ലി തലശേരിയിലെത്തി പദ്ധതികള്‍ ആസൂത്രണം ചെയ്ത് ആക്രമണമാരംഭിച്ചു. പലഘട്ടങ്ങളിലും കമ്പനിപ്പടയ്ക്ക് വന്‍തോതില്‍ ആള്‍നാശമുണ്ടായി.
കുറിച്യപ്പടയുടെ നേതാവ് തലയ്ക്കല്‍ ചന്തുവിന്റെ ആക്രമണങ്ങള്‍ക്ക് മുമ്പില്‍ കമ്പനിപ്പട പകച്ചുനിന്നു. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കാലൊച്ചകള്‍ കേട്ട നാളുകളിലാണ് കേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകാലം. ഇന്ത്യയില്‍നിന്ന് വിഭവങ്ങള്‍ കടത്തിയും, ഉയര്‍ന്ന തോതില്‍ നികുതി പിരിച്ചും പോര്‍ച്ചുഗീസുകാരും ഡച്ചുകരും പിന്നെ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ആധിപത്യത്തിന്റെ പരവതാനി വിരിച്ചു. ജന്മിമാരുടെ കൊടിയ ചൂഷണം കൃഷിക്കാരുടെ നട്ടെല്ലൊടിച്ചു. എങ്ങും പട്ടിണിയും പരിവട്ടവും. ജാതിവ്യവസ്ഥയുടെ നികൃഷ്ടമായ രീതികളിലൂടെ മനുഷ്യരുധിരം വീണ് മണ്ണ് കുതിര്‍ന്നു. എന്നിട്ടും നാട്ടുരാജാക്കന്മാര്‍ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവരുടെ പേരിലാണറിയപ്പെടുന്നതെങ്കിലും എന്നും ചരിത്രം സൃഷ്ടിച്ചത് ജനങ്ങളായിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും ജൈത്രയാത്രയ്ക്കിടയില്‍ കോട്ടയം രാജാക്കന്മാര്‍ കുടുബസമേതം തിരുവിതാംകൂറിലേക്ക് ഓടിപ്പോയപ്പോള്‍ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കൊപ്പം ധീരതയോടെ നിന്നതിനാലാണ് കേരളവര്‍മ പഴശ്ശിരാജ ജനങ്ങളുടെ രാജാവായി അന്നും ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നത്.
ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടരുത്
പിണറായി വിജയന്‍
Posted on: 30-Nov-2011 11:13 PM
ദേശാഭിമാനി
കേരളത്തില്‍ ഏറ്റവും സജീവമായ പ്രശ്നമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ മാറിയിരിക്കുകയാണ്. മധ്യകേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതം മുള്‍മുനയില്‍ നില്‍ക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഈ ആശങ്കയാണ് ജനങ്ങളെ ഒന്നടങ്കം പ്രക്ഷോഭരംഗത്തേക്ക് ഇറക്കിയത്. ഇത്തരം ആശങ്ക ജനങ്ങളില്‍ രൂപപ്പെടുന്നതിന് ഇടയായ സാഹചര്യം മനസ്സിലാക്കണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് ഇടയായ സാഹചര്യവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.
1886ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളുമായി അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ അണക്കെട്ട് യാഥാര്‍ഥ്യമായത്. കരാറില്‍ തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി രാമയ്യങ്കാരും മദ്രാസ് സ്റ്റേറ്റിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജെ സി ഹാനിങ്ടണും ഒപ്പിട്ടു. ആദ്യഘട്ടത്തില്‍ തിരുവിതാംകൂര്‍ രാജാവ് കരാറിന് തയ്യാറായില്ലെന്നും 24 വര്‍ഷത്തെ ബ്രിട്ടീഷുകാരുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് ഒപ്പിട്ടതെന്നും പറയപ്പെടുന്നുണ്ട്. 999 വര്‍ഷമാണ് കരാര്‍ കാലാവധി. കരാറില്‍ റിസര്‍വോയറിന് 8000 ഏക്കറും ഡാമിന്റെ നിര്‍മാണത്തിന് 100 ഏക്കറും ഭൂമിയാണ് നീക്കിവച്ചത്. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് ഇത്തരം കരാറുകള്‍ക്ക് പ്രാബല്യം നഷ്ടപ്പെടുന്ന നിലയുണ്ടായി. എന്നാല്‍ , 1970ല്‍ കരാര്‍ പുതുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തമിഴ്നാടിനെയും മീന്‍പിടിക്കാന്‍ കേരളത്തെയും അനുവദിച്ചു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടികല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനും ജലമെത്തിക്കുക എന്നതായിരുന്നു കരാറിന്റെ ലക്ഷ്യം. അന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അണക്കെട്ടിന്റെ നിര്‍മാണം മലവെള്ളപ്പാച്ചിലില്‍ തടസ്സപ്പെട്ടു. എങ്കിലും തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേണല്‍ ജോണ്‍ ബെന്നി ക്വിക്ക് ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നിശ്ചയദാര്‍ഢ്യത്തിലൂന്നിയ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് വര്‍ത്തമാനകാലത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന അണക്കെട്ടുകളില്‍ ഒന്നായ മുല്ലപ്പെരിയാര്‍ രൂപപ്പെട്ടത്. ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു നിര്‍മാണരീതി. കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ചാണ് നിര്‍മാണം നടന്നത്. ഭൂകമ്പത്തെയും മറ്റും അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് സ്വന്തം ഭാരത്താല്‍ നിലനില്‍ക്കുന്ന "ഗ്രാവിറ്റി ഡാമാ"യാണ് നിര്‍മിച്ചത്. ഇത്തരത്തിലുള്ള അണക്കെട്ടുകളുടെ പരമാവധി ആയുസ്സ് 50-60 വര്‍ഷമായാണ് പൊതുവെ വിലയിരുത്താറ്.
1979ല്‍ കേന്ദ്ര വാട്ടര്‍ പവര്‍ കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ സി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഡാമിന് ബലക്ഷയമുണ്ടെന്നു കണ്ടു. ജലനിരപ്പ് 136 അടിയില്‍ കൂടാന്‍ പാടില്ലെന്ന് തീരുമാനിച്ചു. അതിനെതിരെ അന്ന് തമിഴ്നാട് കോടതിയില്‍ പോയി. 1980ല്‍ ഡാം ബലപ്പെടുത്താന്‍ തമിഴ്നാട് ശ്രമിച്ചു. 2000ല്‍ സുപ്രീംകോടതി ഒരു കമീഷനെ നിയോഗിച്ചു. കമീഷനില്‍ അംഗമായ എം കെ പരമേശ്വരന്‍ ഡാം ബലക്ഷയമുള്ളതാണെന്ന് വാദിച്ചെങ്കിലും ഡോ. മിത്തല്‍ ചെയര്‍മാനായുള്ള കമീഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ വാദങ്ങള്‍ക്ക് എതിരായിരുന്നു. 2006 ഫെബ്രുവരി 27ന് ജലനിരപ്പ് 142 അടിയാക്കാനും പിന്നീട് 152 അടിയാക്കി ഉയര്‍ത്താനും സുപ്രീംകോടതി വ്യവസ്ഥചെയ്തു. ഇടതുമുന്നണി സര്‍ക്കാര്‍ , ശരിയായ ഗൃഹപാഠത്തോടും കണിശമായ ഇടപെടലോടും കൂടി അണക്കെട്ട് സുരക്ഷിതമല്ലെന്ന കാര്യം കോടതിയില്‍ ശക്തമായി വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പ്രഖ്യാപിച്ച വിധിയില്‍നിന്നു വ്യത്യസ്തമായി സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ അണക്കെട്ടിന്റെ സാധ്യതയെ സംബന്ധിച്ച് പഠിക്കാനും തയ്യാറാകുന്ന നിലയുണ്ടായി. അണക്കെട്ടിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ അണക്കെട്ടിന്റെ അവസ്ഥ, ജലനിരപ്പുയര്‍ത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് വിശദമായ പഠനം നടത്തുന്ന നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമായത്. തുടര്‍ന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. എല്ലാപ്രശ്നങ്ങളും സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചു. ജസ്റ്റിസ് കെ ടി തോമസ് ഉള്‍പ്പെടെയുള്ളതാണ് ഈ അഞ്ചംഗസമിതി. കമീഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഡാം അപകടത്തിലാണെന്ന വസ്തുത ഇന്ന് പൊതുവെ അംഗീകരിക്കുന്നതാണ്്. മേഖലയില്‍ ഭൂകമ്പസാധ്യതയുണ്ടായതോടെയാണ് പ്രശ്നം അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയത്്. പലകുറി ഭൂചലനങ്ങള്‍ ഇവിടെ ഉണ്ടായി. ഏറെ വലുതൊന്നുമല്ലാത്ത ഭൂകമ്പംപോലും താങ്ങാനുള്ള ശേഷി അണക്കെട്ടിനില്ലെന്നതാണ് വസ്തുത. ഇത് ജനങ്ങളെ കൂടുതല്‍ ഭയചകിതരാക്കുന്നു; പ്രതിസന്ധി രൂക്ഷമാക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി സംഭരണി ജലത്തെ താങ്ങിക്കൊള്ളും എന്ന വാദമുണ്ട്. ആ വാദം അംഗീകരിച്ചാല്‍ത്തന്നെ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള ജനങ്ങളുടെ അവസ്ഥ എന്താകും എന്നതിന് ഇത്തരം വാദക്കാര്‍ക്ക് ഉത്തരമില്ല. മാത്രമല്ല, വര്‍ഷകാലത്താണ് പ്രശ്നം ഏറ്റവും ഗുരുതരമാകുന്നത്. ഈ ഘട്ടത്തില്‍ രണ്ട് അണക്കെട്ടിലും അതിന്റെ പരമാവധി അളവില്‍ വെള്ളമുണ്ടാകും. അങ്ങനെവരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ വെള്ളത്തെ താങ്ങാനുള്ള കരുത്ത് ഇടുക്കിക്കുണ്ടായി എന്ന് വരില്ല. അതോടെ ഇടുക്കി അണക്കെട്ട് തകരുന്നതിലേക്കാണ് എത്തുക. അത് പെരിയാറിലെ മുഴുവന്‍ അണക്കെട്ടുകളെയും തകര്‍ക്കും. ഈ മേഖലയിലെ ലക്ഷക്കണക്കിനു പേരുടെ ജീവന്‍ അപകടത്തിലാകും.
ഇങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. പക്ഷേ, ഒരു ജനതയ്ക്ക് താങ്ങാനാകുന്നതിനപ്പുറമുള്ള ഭീതിയാണ് ഈ സാധ്യതകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഈ പ്രശ്നങ്ങളാകെ മനസ്സിലാക്കിയാണ് പുതിയ ഡാമുണ്ടാക്കുക എന്ന കാഴ്ചപ്പാടുവച്ചുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചത്. ദുരന്തനിവാരണത്തിനുള്ള തയ്യാറെടുപ്പുകളും എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചു. തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം സ്ഥിതിഗതികള്‍ വഷളാക്കുന്ന തരത്തിലാണ്. പദ്ധതിപ്രദേശത്ത് ഭൂചലനത്തുടര്‍ച്ചയുണ്ടായപ്പോള്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അതോടെയാണ് യുഡിഎഫ് മന്ത്രിമാര്‍ ചില വൈകാരിക പ്രകടനം നടത്തിയത്. ഇത്തരം കാര്യങ്ങളില്‍ വൈകാരിക പ്രകടനമല്ല; പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ക്രിയാത്മക ഇടപെടലാണ് മന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തേണ്ടത് എന്ന കാര്യം മറന്നതുപോലെയാണ് അവരുടെ പ്രതികരണങ്ങളുണ്ടായത്. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍തന്നെ അപകടത്തിലാകുന്ന ഈ പ്രശ്നത്തില്‍ മുന്‍കൈ എടുത്ത് ഇടപെടേണ്ടത് കേരള മുഖ്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ ആശങ്ക ശക്തമായി അറിയിക്കേണ്ട അദ്ദേഹം അതിന് മുതിര്‍ന്നില്ല. പകരം സംസ്ഥാന ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് തയ്യാറായത്. ഒരു മുഖ്യമന്ത്രി ഏത് കാര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് മനസ്സിലാക്കാന്‍പോലും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം ഗൗരവതരമാണ്. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്നം എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യങ്ങളെ സംബന്ധിച്ച് ഭരണഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഒരു സംസ്ഥാനത്തെ ലക്ഷക്കണക്കിനു പേരുടെ ജീവനെ ബാധിക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടും പ്രധാനമന്ത്രി പാലിക്കുന്ന നിശ്ശബ്ദത ആ സ്ഥാനത്തിന് യോജിച്ചതല്ല.
കേരളം ഭരിക്കുന്ന യുഡിഎഫിലെ പ്രബല കക്ഷിയാണ് കോണ്‍ഗ്രസ്. അതിന്റെ നേതാവാണ് പ്രധാനമന്ത്രി. കേരളത്തില്‍നിന്നാകട്ടെ നിരവധി പേര്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. എന്നാല്‍ , പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ ഇടപെടുവിക്കുന്നതിനുള്ള രാഷ്ട്രീയസമ്മര്‍ദം ചെലുത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ജനങ്ങള്‍ ദുരിതം മുന്നില്‍ കാണുമ്പോള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന അനങ്ങാപ്പാറകളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറിയിരിക്കുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ഉതകുന്ന സുശക്തമായ നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി നിജപ്പെടുത്തുക എന്നതാണ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടി. പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് പുതിയ ഡാം നിര്‍മിക്കണം. ഇക്കാര്യത്തില്‍ കുറെ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആ നടപടി കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. ജനതയെ ബാധിക്കുന്ന ഗുരുതരപ്രശ്നം ചര്‍ച്ചചെയ്യുന്നതിന് നിയമസഭ വിളിക്കുക എന്നത് ഏറെ പ്രധാനമാണ്. അതോടൊപ്പംതന്നെ ഏത് ദുരന്തത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി ഈ മേഖലയില്‍ ചെയ്യുന്നതിനും തയ്യാറാകണം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍പോലും ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിച്ചിട്ടുള്ളത് എന്നതാണ് വസ്തുത. പ്രശ്നത്തെ വൈകാരികമായി സമീപിച്ച് കേരളവും തമിഴ്നാടും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തുന്ന ചിലരുണ്ട്. അതിനെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
തമിഴ്നാടും കേരളവും ഒരു രാജ്യത്തിനകത്തുള്ള രണ്ട് സംസ്ഥാനങ്ങള്‍ മാത്രമല്ല; ഗാഢമായി ഇടപഴകി ജീവിക്കേണ്ട രണ്ട് ജനതയാണ് തമിഴരും മലയാളികളും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കുന്ന തരത്തില്‍ പ്രശ്നത്തില്‍ ഇടപെടുക എന്നത് പ്രധാനമാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബലികഴിച്ച് മുന്നോട്ടു പോവുക എന്നല്ല ഇതിനര്‍ഥം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി, തമിഴ്നാടിന് ഇന്ന് നല്‍കുന്ന അളവില്‍ ജലം നല്‍കുന്നതിന് കേരളത്തിലാരും എതിരുണ്ടാകുമെന്നു തോന്നുന്നില്ല. ആരെങ്കിലും എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് സ്ഥാപിത താല്‍പ്പര്യമാണ് എന്ന നിലയില്‍ മാത്രമേ കാണേണ്ടതുള്ളൂ. യുദ്ധകാലാടിസ്ഥാനത്തില്‍ എന്ന പ്രയോഗം അപ്രസക്തമാക്കുംവിധം ചടുലമായി പ്രവര്‍ത്തനങ്ങള്‍ നീക്കേണ്ട ഘട്ടത്തില്‍ അതിന് തയ്യാറാകാത്ത സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികള്‍ക്ക് സിപിഐ എം പിന്തുണ നല്‍കുന്നത്. അല്ലാതെ ഇത് രണ്ടു സംസ്ഥാനത്തിലെ ജനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി ഉയര്‍ത്താനല്ല. കേരളത്തിന്റെ ജനതയ്ക്ക് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് സിപിഐ എം നിലപാട്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദ നിലപാട് തിരുത്താനുള്ള പോരാട്ടം തുടരുകയും ചെയ്യേണ്ടതുണ്ട്.
വത്തിക്കാനും മുതലാളിത്തവും
പി രാജീവ്
ദേശാഭിമാനി
Posted on: 28-Nov-2011 11:43 PM
വത്തിക്കാന്റെ, നീതിയുടെയും സമാധാനത്തിന്റെയും കൗണ്‍സില്‍ ലോകസമ്പദ്ഘടനയെ സംബന്ധിച്ച് അംഗീകരിച്ച പ്രമേയം നിലവിലുള്ള നയങ്ങള്‍ക്കെതിരെ അതിനിശിത വിമര്‍ശമാണ് ഉയര്‍ത്തുന്നത്. പ്രമേയത്തിന്റെ നിഗമനങ്ങളില്‍ പലതും മുതലാളിത്തം തകര്‍ന്നെന്ന് പ്രഖ്യാപിക്കുന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളോട് സമാനതകളുള്ളതാണ്. കൗണ്‍സിലിന്റെ സെക്രട്ടറി ബിഷപ്പ് മരിയോ ടോയോട് ഇതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരും തങ്ങളും സമാനമായ ആശയങ്ങള്‍ പങ്കിടുന്നത് യാദൃച്ഛികമാണെന്നും എന്നാല്‍ , നിര്‍ദേശങ്ങളില്‍ സമാനതകളുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജി-20 സമ്മേളനത്തിന്റെ ഭാഗമായാണ് വത്തിക്കാന്‍ 41 പേജുള്ള പ്രമേയം പ്രസിദ്ധീകരിച്ചത്. ലോകസമ്പദ്ഘടനയ്ക്ക് ഇന്നത്തെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നതാണ് പ്രമേയത്തിന്റെ രത്നച്ചുരുക്കം. സമ്പദ്ഘടനയുടെ അസ്ഥിരാവസ്ഥയും അതിശക്തമാകുന്ന സാമ്പത്തിക അന്തരവും ഉല്‍ക്കണ്ഠപ്പെടുത്തുന്നുവെന്നാണ് രേഖ പറയുന്നത്.
രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ജനങ്ങള്‍ തമ്മിലുള്ള അസമത്വം ശക്തിപ്പെടുന്നു. ഉദാരവല്‍ക്കരണനയങ്ങള്‍ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് കേവലം സാങ്കേതികപരിഹാരം മാത്രം നിര്‍ദേശിക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശവും രേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഐഎംഎഫ് പോലുള്ള ആഗോളസാമ്പത്തികസ്ഥാപനങ്ങള്‍ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന നിര്‍ദേശങ്ങളല്ല നല്‍കുന്നത്. അവരുടെ ഇടപെടലുകള്‍ പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ്- എന്നിങ്ങനെ പോകുന്നു വിമര്‍ശങ്ങള്‍ . ലോകബാങ്കിന് നേതൃത്വം നല്‍കിയ ജോസഫ് സ്റ്റിഗ്ലിറ്റ്സ് സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനങ്ങളുടെ കുറിപ്പടികള്‍ എങ്ങനെയാണ് പല രാജ്യങ്ങളെയും തകര്‍ത്തുകളഞ്ഞെന്നത് ഉദാഹരണസഹിതം, "ആഗോളവല്‍ക്കരണം, വിയോജനം" എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഈ വ്യവസ്ഥയെ അനുകൂലിക്കുന്നവര്‍ തന്നെ ഇത്തരം സ്ഥാപനങ്ങളുടെ ഘടന പൊളിച്ചെഴുതണമെന്ന നിര്‍ദേശം കുറച്ചുകാലമായി ഉന്നയിക്കുന്നുണ്ട്. വത്തിക്കാനും ഇതേ നിര്‍ദേശമാണ് ഉയര്‍ത്തുന്നത്. വികസ്വരരാജ്യങ്ങളുടെ ശബ്ദത്തിനുകൂടി തുല്യപ്രാധാന്യം കിട്ടുന്ന രൂപത്തിലേക്ക് ആഗോളസാമ്പത്തിക സ്ഥാപനങ്ങള്‍ പൊളിച്ചെഴുതണമെന്നതാണ് നിര്‍ദേശം. എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ആഗോളസംവിധാനം വേണമെന്ന പുതിയ നിര്‍ദേശവും ഈ രേഖ അവതരിപ്പിക്കുന്നു.
ഇന്നത്തെ പ്രധാന സാമ്പത്തിക പ്രവര്‍ത്തനകേന്ദ്രം ഊഹക്കച്ചവടമാണ്. ഉല്‍പ്പാദനമേഖലകളില്‍ കൈകാര്യംചെയ്യുന്ന പണത്തിന്റെ എത്രയോ മടങ്ങ് അധികമാണ് ഊഹക്കച്ചവടരംഗത്ത് ഒഴുകുന്നത്. ഓഹരി കമ്പോളത്തിലും കറന്‍സി വിനിമയരംഗത്തും മറ്റുമായി ഒഴുകുന്ന പണത്തിന് ചെറിയ ശതമാനം നികുതിയെങ്കിലും ചുമത്തണമെന്ന ആവശ്യം ഏറെക്കാലമായി ഇടതുപക്ഷം ഉയര്‍ത്തുന്നുണ്ട്്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐ എം ഇക്കാര്യം പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. സമാനമായ നിര്‍ദേശം വത്തിക്കാന്‍ രേഖയിലും കാണാം. സമീപകാലത്ത് നല്‍കിയ അഭിമുഖത്തില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ഡോ. റോവന്‍ വില്യംസ് ഊഹക്കച്ചവടത്തെ അതിനിശിതമായി വിമര്‍ശിച്ചു. വത്തിക്കാന്‍ രേഖയുടെ ചുവടുപിടിച്ച് ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് 0.05 ശതമാനം നികുതി ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഈ ചെറിയ ശതമാനം നികുതി ചുമത്തിയാല്‍ത്തന്നെ 41,000 കോടി ഡോളര്‍ വരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. വത്തിക്കാന്‍ രേഖയിലും ഇതേ നിര്‍ദേശമുണ്ട്. ഇങ്ങനെ ലഭിക്കുന്ന നികുതി വരുമാനം ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കണമെന്ന നിര്‍ദേശവും രേഖ മുന്നോട്ടുവയ്ക്കുന്നു. ഏകദേശം ഇതേ ആവശ്യംതന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സിപിഐ എമ്മും ഉയര്‍ത്തിയത്. എന്നാല്‍ , കോര്‍പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ഊഹക്കച്ചവടക്കാര്‍ക്കും കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കുന്നതിന് മാത്രം വ്യഗ്രത കാണിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന് അതേക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല.
സാമ്പത്തികശാസ്ത്രത്തെ സംബന്ധിച്ച ചിന്തകളില്‍ പുരോഗമനരാഷ്ട്രീയവുമായി എന്തെങ്കിലും സമാനതകള്‍ കാണുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയാത്ത പല പ്രയോഗങ്ങളും വത്തിക്കാന്‍ രേഖയില്‍ കാണാം. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കുന്ന രാഷ്ട്രീയത്തിന് സമ്പദ്ഘടനയേക്കാളും ധനമേഖലയേക്കാളും പ്രാധാന്യം ലഭിക്കണമെന്ന നിലപാടാണ് രേഖയ്ക്കുള്ളത്. സാമ്പത്തികശാസ്ത്രത്തിന് രാഷ്ട്രീയകാഴ്ചപ്പാടുകൂടി വേണമെന്ന ശാസ്ത്രീയ പുരോഗമനചിന്തയുടെ പ്രതിഫലനം ഈ അഭിപ്രായത്തില്‍ കാണാം. സമ്പദ്ഘടനയ്ക്ക് കൂടുതല്‍ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയണമെന്ന് 2009ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. അതുതന്നെയാണ് ഈ രേഖയിലുമുള്ളത്. കമ്പോളത്തിന്റെ അതിരുകളില്ലാത്ത ലാഭക്കൊതിയെ ശക്തിയായി വിമര്‍ശിക്കുന്ന രേഖ മാനവസമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച ആഘാതങ്ങളെ സംബന്ധിച്ച് വാള്‍സ്ട്രീറ്റ് വിലയിരുത്തണമെന്ന് നിര്‍ദേശിക്കുന്നു. നീതിലംഘനത്തിന്റെ വ്യത്യസ്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വിപരീതഫലങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യ-രാഷ്ട്രീയ അസമത്വം ശക്തമായ വൈരുധ്യങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന രേഖ, ശക്തമെന്നു കരുതുന്ന ജനാധിപത്യസ്ഥാപനത്തിന്റെ അടിത്തറ ഇളക്കിമറിക്കുമെന്ന് പറയുന്നു.
മുതലാളിത്ത പ്രതിസന്ധി സാമൂഹ്യമാറ്റങ്ങള്‍ക്ക് സഹായകരമായ വസ്തുനിഷ്ഠസാഹചര്യം രൂപപ്പെടുത്തുമെന്ന മാര്‍ക്സിന്റെ നിരീക്ഷണങ്ങളുടെ മറ്റൊരു രീതിയിലുള്ള അവതരണമായി വരെ ഇതു തോന്നിയെന്നു വരാം. ശക്തമാകുന്ന അസമത്വവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരെയാണ് ലോകത്തെമ്പാടും പടര്‍ന്നുപിടിക്കുന്ന പോരാട്ടങ്ങള്‍ . വത്തിക്കാന്‍ രേഖ മുന്നറിയിപ്പ് നല്‍കുന്നതുപോലെ നിലവിലുള്ള വ്യവസ്ഥയുടെ അടിത്തറ അത് എത്രമാത്രം ഇളക്കുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്. മുതലാളിത്തത്തിന് മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന മാര്‍ക്സിന്റെ വിമര്‍ശം ശരിവയ്ക്കുന്ന അനുഭവങ്ങള്‍ക്ക് ലോകം സാക്ഷ്യംവഹിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. മുതലാളിത്തത്തിന് പ്രതിസന്ധി കൂടപ്പിറപ്പാണെന്ന് മാര്‍ക്സ് പറഞ്ഞു. എന്നാല്‍ , പ്രതിസന്ധിയെ മറികടക്കുന്നതിന് മുതലാളിത്തത്തിന് ആന്തരികമായ കരുത്തുണ്ട്. അതുകൊണ്ട് പ്രതിസന്ധികളില്‍ മുതലാളിത്തം സ്വാഭാവികമായി തകരുമെന്ന് വ്യാമോഹിക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളെ മാറ്റത്തിന്റെ ശക്തികള്‍ക്ക് ശരിയാംവിധം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് സാമൂഹ്യമാറ്റത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ അരാജകത്വമായിരിക്കും ഫലമെന്ന് റോസ ലക്സംബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിത്തത്തിന് കഴിയുമെങ്കിലും അത് മറ്റൊരു പ്രതിസന്ധിയുടെ വാതില്‍ തുറന്നിട്ടുകൊണ്ടായിരിക്കുമെന്നും മാര്‍ക്സ് നിരീക്ഷിച്ചിരുന്നു. ഇപ്പോള്‍ പ്രതിസന്ധിയുടെ ഇടവേള കുറഞ്ഞിരിക്കുന്നു; അതിന്റെ ആഴം വര്‍ധിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണകാലത്ത് പ്രതിസന്ധിയും അതിവേഗത്തില്‍ ആഗോളവല്‍ക്കരിച്ചിരിക്കുന്നു. ഈ സാഹചര്യമാണ് അതിനിശിതമായ വിമര്‍ശത്തിലേക്ക് മുതലാളിത്തത്തെ എടുത്തെറിഞ്ഞിരിക്കുന്നത്. ബദലിനെ സംബന്ധിച്ച് വ്യത്യസ്തതകളുണ്ടെങ്കിലും മുതലാളിത്തം തകരുകയാണെന്ന അഭിപ്രായത്തിന് ശക്തികൂടിയിരിക്കുന്നു. ഇങ്ങനെ മുതലാളിത്തത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന നിലപാടുതന്നെയാണ് വത്തിക്കാന്‍ രേഖയിലുമുള്ളത്. ദരിദ്രന്റെമേല്‍ ആധിപത്യമുറപ്പിക്കുന്ന നിലനില്‍ക്കുന്ന വ്യവസ്ഥയെ അസ്ഥിരപ്പെടുത്തിയാല്‍പോലും പുതിയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ തങ്ങള്‍ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന രേഖ ഇക്കാലത്ത് ഗൗരവമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്.