തൊഴിലുറപ്പുപദ്ധതിയെ കൊല്ലരുത്
വൃന്ദ കാരാട്ട്
ദേശാഭിമാനി
Posted on: 28-Nov-2011 11:41 PM
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ തകര്‍ക്കാന്‍ വിവിധ കോണുകളില്‍നിന്ന് നീക്കമാരംഭിച്ചിരിക്കുന്നു. ഗ്രാമീണ ധനികരാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുള്ള ഒരു ശക്തി. കൃഷിമന്ത്രി ശരദ് പവാറിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത് ഇവരുടെ ശബ്ദമാണ്. തൊഴിലുറപ്പുപദ്ധതി കാരണം കര്‍ഷകത്തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് പവാറിന്റെ പരിദേവനം. ഓരോ കുടുംബത്തിനും വര്‍ഷം 100 തൊഴില്‍ദിനമാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍ , ദേശീയ ശരാശരി കണക്കാക്കുമ്പോള്‍ അര്‍ഹതപ്പെട്ടതിന്റെ പകുതിമാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. 2009-10ല്‍ ഓരോ കുടുംബത്തിനും 54 തൊഴില്‍ദിനംമാത്രമാണ് കിട്ടിയത്.
2010-11ല്‍ തൊഴില്‍ദിനം 47 ദിവസമായി ചുരുങ്ങി. ഈ വര്‍ഷമാകട്ടെ ഒക്ടോബര്‍വരെ വെറും 27 തൊഴില്‍ദിനംമാത്രമാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും ലഭിച്ചത്. അതായത്, തൊഴിലുറപ്പു പദ്ധതിയുള്ളതു കാരണം കര്‍ഷകത്തൊഴിലാളികളെ കിട്ടുന്നില്ലെന്നത് ശുദ്ധ നുണയാണെന്ന് വ്യക്തം. ചില മാസങ്ങളില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴില്‍ വളരെ കുറവാണ്. അതായത്, സീസണ്‍ അനുസരിച്ച് അസ്ഥിരതയുണ്ട്. ഉദാഹരണമായി കഴിഞ്ഞ വര്‍ഷം തൊഴില്‍ദിനത്തിന്റെ ദേശീയ ശരാശരി ഏറ്റവും ഉയര്‍ന്നത് കാര്‍ഷിക സീസണല്ലാത്ത മെയ് മുതല്‍ ജൂണ്‍വരെയാണ്. 30.6 കോടിയുടെയും 32.8 കോടിയുടെയും തൊഴില്‍ദിനമാണ് ഉണ്ടായത്. എന്നാല്‍ , കാര്‍ഷിക സീസണായ ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ഇത് യഥാക്രമം 11 കോടി, ഒമ്പത് കോടി, എട്ട് കോടി എന്ന നിലയില്‍ കുറഞ്ഞു. ഇത് കാണിക്കുന്നത് ആവശ്യമനുസരിച്ചുള്ള തൊഴില്‍ദിനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ്. മേയിലും ജൂണിലും യഥാക്രമം 2.26ഉം 2.18ഉം കോടി കുടുംബങ്ങള്‍ക്ക് തൊഴില്‍ ആവശ്യമുണ്ടായിരുന്നു. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസമാകുമ്പോഴും അത് യഥാക്രമം 1.4 കോടി, 98.7 ലക്ഷം, 87 ലക്ഷം എന്നിങ്ങനെ കുറഞ്ഞു. കാര്‍ഷിക സീസണിന്റെ കാര്യത്തില്‍ രാജ്യത്ത് പല വ്യത്യസ്തതകളും നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍ , വിശാലമായ അളവുകോല്‍വച്ച് നോക്കുമ്പോള്‍ കാര്‍ഷികസീസണില്‍ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ദിനം കുറഞ്ഞു എന്നുതന്നെയാണ് കാണാന്‍ കഴിയുക. കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും മാത്രമല്ല തൊഴിലുറപ്പു പദ്ധതിയുടെ ആവശ്യം. കുറഞ്ഞ വരുമാനം, നഷ്ടം, കടം എന്നിവകൊണ്ട് വിഷമിക്കുന്ന ചെറുകിട കര്‍ഷകര്‍ക്കുംകൂടിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 20 മുതല്‍ 25 ശതമാനം വരെ ചെറുകിട കര്‍ഷകര്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി തൊഴിലുറപ്പു പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ചില ജില്ലകളില്‍ ഇത് 35 ശതമാനംവരെയാണ്. ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഭൂമിയും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗം കാര്‍ഷികസമൂഹമാണെങ്കിലും അവര്‍ കേന്ദ്ര കൃഷിമന്ത്രിയുടെ കാഴ്ചയില്‍ കര്‍ഷകസമൂഹത്തില്‍ ഉള്‍പ്പെടുന്നില്ല. ഗ്രാമീണ ഇന്ത്യയിലെ വര്‍ധിച്ച വേതനനിരക്ക് തൊഴിലുടമകളെ സമ്മര്‍ദത്തിലാക്കുന്നതായാണ് മറ്റൊരു വാദം. ഭൂവുടമകളും കാര്‍ഷികവ്യവസായികളും വിശ്വസിക്കുന്നത് കുറഞ്ഞ കൂലി നല്‍കുന്നത് തങ്ങളുടെ അവകാശമാണെന്നാണ്. അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2004-05ല്‍ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന 90.7 ശതമാനം പേര്‍ കര്‍ഷകത്തൊഴിലാളികളും 64.5 ശതമാനം പേര്‍ ഗ്രാമീണ തൊഴിലാളികളുമാണ്. ഇവര്‍ക്ക് ഒരുദിവസം ലഭിക്കുന്നത് കേന്ദ്ര മിനിമംകൂലിയായ 66 രൂപയില്‍ താഴെയാണ്. പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലി പുനഃപരിശോധിക്കാനുള്ള ആവശ്യം ഉയര്‍ന്നുവരാനുള്ള സാധ്യത കുറവാണ്. കാരണം, തൊഴില്‍ദിനം വളരെ കുറവായതിനാല്‍ കൂലി കൂട്ടാന്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ കാര്യമില്ല. 2009ല്‍ മിനിമം ദിവസക്കൂലി 89 രൂപയായിരുന്നു. 2010ല്‍ 100 രൂപയായും (11.94 ശതമാനം) 2011ല്‍ 112 രൂപയായും (12.26 ശതമാനം) വര്‍ധിച്ചു. എന്നാല്‍ , കര്‍ഷകത്തൊഴിലാളികളുടെ ജീവിതച്ചെലവും വിലക്കയറ്റവും വര്‍ധിച്ചിരിക്കുന്നു. ഒമ്പതു ശതമാനമായാണ് 2010ലും 2011ലും കൂടിയത്. പണപ്പെരുപ്പം കാരണം കൂട്ടിയ കൂലികൊണ്ട് കാര്യമില്ല.
തൊഴിലുറപ്പു പദ്ധതി പ്രകാരം ലഭിക്കുന്ന യഥാര്‍ഥ കൂലിയാകട്ടെ ഇളക്കമില്ലാതെ നില്‍ക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ക്ക് പലതരത്തിലുള്ള കൂലിയാണ് ലഭിക്കുന്നത്. ഒരു ജോലി പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് കൂലി (ടാസ്ക് റേറ്റ്) കണക്കാക്കുന്നത്. അതായത്, സമയത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് വേതനം. ഷെഡ്യൂള്‍ ഓഫ് റേറ്റ്സിന്റെ കീഴിലാണ് ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സമയബന്ധിതമായി പഠനം നടത്തി പ്രവൃത്തിയുടെ കാഠിന്യം കുറച്ചിരുന്നു. പുരുഷതൊഴിലാളികളുടേതുമായി അപേക്ഷിച്ച് വനിതകള്‍ക്ക് 15 ശതമാനം ടാസ്ക് റേറ്റ് കുറച്ചു. ഇത്തരം നടപടി സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍ . 2008ല്‍ ഷെഡ്യൂള്‍ ഓഫ് റേറ്റ്സിനെക്കുറിച്ചും മിനിമം കൂലിയില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ചും പഠിക്കാന്‍ കേന്ദ്രതലത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. പശ്ചിമബംഗാള്‍ , ആന്ധ്രപ്രദേശ്, തമിഴ്നാട്, ബിഹാര്‍ , ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ , മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ ഓരോ പ്രവൃത്തി ചെയ്യുന്നതിനും നല്‍കുന്ന കൂലിയില്‍ വലിയ അന്തരമുണ്ടെന്നു കണ്ടെത്തി. ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് പ്രകാരം തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ലെന്ന നിഗമനത്തിലാണ് കമ്മിറ്റി എത്തിയത്. പ്രവൃത്തി കുറയ്ക്കണമെന്നും ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് രാജ്യത്തെ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കി ഏകീകരിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഞ്ച് വിഭാഗമായി ഷെഡ്യൂള്‍ ഓഫ് റേറ്റ്സിനെ തരംതിരിച്ചിട്ടുണ്ട്. പ്രധാനമായും സ്ത്രീകള്‍ചെയ്യുന്ന മണ്ണ് ചുമക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ ഭാരം കുറയ്ക്കണമെന്നും കമ്മിറ്റി ശുപാര്‍ശചെയ്തു. വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക ടാസ്ക് റേറ്റ് നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. 2009 മാര്‍ച്ചിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.
എട്ട് സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് 2009ലെ പഠനം നടത്തിയത്. തൊഴില്‍മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയ കണക്കുപ്രകാരം പശ്ചിമ ബംഗാള്‍ , ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് 2011 ഏപ്രില്‍ -ഒക്ടോബറില്‍ മിനിമം കൂലി നല്‍കിയത്. 2011 ജനുവരിയിലാണ് ഇവിടങ്ങളില്‍ പുതുക്കിയ മിനിമം കൂലി നിശ്ചയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഔദ്യോഗിക കൂലിയും ലഭിക്കുന്ന കൂലിയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. തമിഴ്നാട്ടില്‍ ഔദ്യോഗിക വേതനത്തിന്റെ 24 ശതമാനവും ആന്ധ്രപ്രദേശില്‍ 19 ശതമാനവും രാജസ്ഥാനില്‍ 20 ശതമാനവും ഗുജറാത്തില്‍ 13 ശതമാനവും മധ്യപ്രദേശില്‍ മൂന്ന് ശതമാനവും കുറച്ചാണ് നല്‍കുന്നത്. നവ ഉദാരനയങ്ങളുടെ ഭാഗമായുണ്ടായ ഭക്ഷ്യവിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്‍പ്പെടെ ലഭിക്കുന്ന വേതനം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അപര്യാപ്തമാണ്. 120 രൂപ ദിവസക്കൂലി ലഭിക്കുന്ന ഒരാള്‍ക്ക് വര്‍ഷം 50 ദിവസം തൊഴില്‍ കിട്ടിയാല്‍ അഞ്ച് അംഗങ്ങളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് മൂന്ന് രൂപയില്‍ കുറവാണ് ദിവസേന ലഭിക്കുക. ഇന്നത്തെ സാഹചര്യത്തില്‍ ഈ കൂലികൊണ്ട് ജീവിക്കുന്നതെങ്ങനെ? ഗ്രാമീണ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ കുറയ്ക്കാനുള്ള മാര്‍ഗമായി കാണേണ്ട തൊഴിലുറപ്പു പദ്ധതിയെ ശരിയായി മനസ്സിലാക്കാതെയാണ് അതിനെതിരെ പ്രചാരണവും അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം 2004-05നും 2009-10നും ഇടയില്‍ ഗ്രാമീണമേഖലയിലെ തൊഴില്‍ വളര്‍ച്ചനിരക്ക് മൂന്ന് പോയിന്റ് കുറഞ്ഞിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതി നിലവില്‍വന്നശേഷമാണ് ഇത് സംഭവിച്ചത്. എന്നാല്‍ , തടസ്സങ്ങള്‍ മാറ്റി ഈ പദ്ധതിയെ കാര്യക്ഷമമാക്കുന്നതിനു പകരം കൂലി കുറച്ചും വൈകിച്ചും അനുവദിച്ച തൊഴിലുകളുടെ പട്ടിക ചുരുക്കിയും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
സാമ്പത്തിക കമ്മിയുടെ പേരില്‍ ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് തൊഴിലുറപ്പു പദ്ധതി നേരിടുന്ന മറ്റൊരു ഭീഷണിയാണ്്. 2011-12ലെ ബജറ്റില്‍ തൊഴിലുറപ്പു പദ്ധതിക്കായി മുന്‍വര്‍ഷത്തേക്കാള്‍ 100 കോടി രൂപ കുറവാണ് നീക്കിവച്ചത്. കഴിഞ്ഞവര്‍ഷം 40,000 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ നീക്കിവച്ചത്. 2011 ഒക്ടോബര്‍വരെ 16,500 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയത്. സംസ്ഥാനങ്ങള്‍ ഫണ്ട് വിനിയോഗിച്ചില്ലെന്നാണ് കാരണം പറഞ്ഞത്. എന്നാല്‍ , ഫണ്ട് വിനിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്ന നടപടികളെടുക്കുന്നതിനുപകരം ഇതൊരു അവസരമായി കണ്ട് ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . ഫണ്ട് കൈമാറുന്നതിന് കൂടുതല്‍ കര്‍ശനമായ നിയന്ത്രണം പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നത് എത്ര ഉദാസീനതയോടെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കേന്ദ്ര ഗ്രാമവികസനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തൊഴിലുറപ്പു പദ്ധതിയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ കത്തിടപാടുകള്‍ക്ക് നല്‍കുന്നതിന്റെ പകുതി ശ്രദ്ധപോലും തൊഴിലുറപ്പു പദ്ധതിക്ക് ലഭിക്കുന്നില്ല.
അഴിമതി തടയുന്നതിന് തൊഴിലുറപ്പു പദ്ധതിപോലുള്ള പൊതുമരാമത്ത് പദ്ധതികള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കി ഫണ്ട് തിരിമറി നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണം. പക്ഷേ, അത് തൊഴിലുറപ്പു പദ്ധതി നടത്തിപ്പിനെ ഒരുതരത്തിലും ബാധിക്കുന്നതായിരിക്കരുത്. തൊഴിലുറപ്പു പദ്ധതി ശക്തിപ്പെടുത്താനും വികസിപ്പിക്കാനും മതിയായ വേതനവും ഫണ്ടും ആവശ്യമാണ്. തൊഴിലുറപ്പു പദ്ധതി നിയമമുണ്ടാക്കുന്നതിനും അത് നടപ്പാക്കുന്നതിനും ഇടതുപക്ഷ പാര്‍ടികള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ തൊഴില്‍രഹിതരോടും പാവപ്പെട്ട കര്‍ഷകരോടും പ്രതിബദ്ധതയുണ്ടെങ്കില്‍ തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുകയും പൂര്‍ണമായ തോതില്‍ നടപ്പാക്കുകയുമാണ് വേണ്ടത്.
No comments:
Post a Comment