അണതുറക്കട്ടെ സൌമനസ്യം
മലയാള മനോരമ മുഖപ്രസംഗം, 2011 നവംബർ 29
നൂറ്റിപ്പതിനാറ് വര്‍ഷം പഴക്കമുള്ളൊരു അണക്കെട്ടിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കയാണ് ഇപ്പോള്‍ മലയാളിയുടെ ഉറക്കംകെടുത്തുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന കണക്കുകൂടിയാകുമ്പോള്‍ ഈ ആശങ്കയ്ക്കു ദേശീയമാനം കൈവരികയും ചെയ്യുന്നു.
അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ചതാഴ്ചകളോടു ബന്ധപ്പെട്ടു രണ്ടു സംസ്ഥാനങ്ങളുടെ വൈകാരികതയുടെ രസനിരപ്പുയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ബ്രിട്ടിഷ് സര്‍ക്കാരിനു കീഴിലുള്ള മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂര്‍ മഹാരാജാവും തമ്മില്‍ 1886ല്‍ ഉണ്ടാക്കിയ കരാറില്‍ നിന്നാണു മുല്ലപ്പെരിയാര്‍ ചരിത്രത്തിന്റെ തുടക്കം. കരാര്‍ ഒപ്പുവയ്ക്കാന്‍ ദിവാന്‍ രാമയ്യങ്കാര്‍ക്ക് അനുമതി നല്‍കുമ്പോള്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഇങ്ങനെ പറഞ്ഞു: 'എന്റെ രക്തംകൊണ്ടു ഞാന്‍ ഈ കരാറിന് അനുമതി നല്‍കുന്നു. കരാര്‍ ഒപ്പിടാന്‍ രാജാവിനുമേല്‍ ബ്രിട്ടിഷ് ഭരണാധികാരികളുടെ സമ്മര്‍ദമുണ്ടായിരുന്നുവെന്നു വ്യക്തം. 999 വര്‍ഷത്തെ പാട്ടക്കരാറില്‍ ചതിക്കുഴികള്‍ ഉണ്ടായിരുന്നുവെങ്കില്‍ അതു തിരുത്താന്‍ കിട്ടിയ സന്ദര്‍ഭങ്ങള്‍ പിന്നീടു വന്ന ജനകീയ സര്‍ക്കാരുകള്‍ ഉപയോഗിച്ചില്ല. എന്നുമാത്രമല്ല, മുല്ലപ്പെരിയാറില്‍ പലവട്ടം കേരളം തമിഴ്നാടിനോടു മഹാമനസ്കത കാട്ടുകയും ചെയ്തു. 1970ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്തു പുതുക്കിയ കരാറിലാണ് ഇപ്പോള്‍ മുല്ലപ്പെരിയാറിന്റെ നില്‍പ്പ്. ഇതുവരെയും
കേരളം തമിഴ്നാടിന് ഒരു തുള്ളിവെള്ളം പോലും നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല, വൈദ്യുതി ഉല്‍പാദനത്തിനുള്ള അനുവാദം കൂടി നല്‍കുകയും ചെയ്തു. കേരളത്തിനു മാത്രം അവകാശപ്പെട്ട, കേരളത്തില്‍ മാത്രം വൃഷ്ടിപ്രദേശങ്ങളുള്ള, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണു തമിഴ്നാട്ടിലെ അഞ്ചു ജില്ലകളെ ജലസമൃദ്ധമാക്കുന്നത്. അണക്കെട്ടു തകര്‍ന്നാല്‍ ആ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനു ഹെക്ടര്‍ കൃഷിയാണ് അവര്‍ക്കു നഷ്ടപ്പെടാന്‍ പോകുന്നതും. കൊടിയ ശുദ്ധജലക്ഷാമവും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. പുതിയ അണക്കെട്ടു വന്നാല്‍ ഇപ്പോള്‍ കൊടുക്കുന്നത്രയും വെള്ളം അവര്‍ക്കു നല്‍കാന്‍ നാം ധാര്‍മികമായി ബാധ്യസ്ഥരാണ്. അതിനു തയാറാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കാലങ്ങളായി പരസ്പരം ആശ്രയിച്ചുകഴിയുന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും സ്നേഹസൌഹൃദങ്ങള്‍ക്കു മേല്‍ മുല്ലപ്പെരിയാര്‍ ഒരിക്കലും വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കരുത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ത്തു വരാവുന്ന ജലത്തിന്റെ ഭീഷണിയില്‍ കഴിയുന്നവരെല്ലാം കക്ഷിദേദമില്ലാതെ കൈകോര്‍ക്കുകയാണിപ്പോള്‍. സമരങ്ങളും പ്രതിഷേധങ്ങളും നാടാകെ മുഴങ്ങുന്നു. പാര്‍ലമെന്റിലും അതിന്റെ അലയൊലികള്‍ ഉണ്ടായിക്കഴിഞ്ഞു. മുല്ലപ്പെരിയാറിന്റെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്ക വര്‍ധിക്കാന്‍ കാരണം തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളാണ്. അതുകൊണ്ടു തന്നെ, സുപ്രീം കോടതിയുടെ തീര്‍പ്പു വരുന്നതുവരെ കാത്തിരിക്കാനുള്ള സമയമില്ല. ഇരു സംസ്ഥാനങ്ങളും ഈ പ്രശ്നത്തിന് എത്രയും പെട്ടെന്നു ശാശ്വതപരിഹാരം കണ്ടെത്തുകയാണു വേണ്ടത്. ജലനിരപ്പ് എത്രയുംവേഗം താഴ്ത്തണം. പുതിയ അണക്കെട്ടു വേഗം നിര്‍മിക്കുകയും വേണം. കേരളത്തിന്റെ ഈ ആവശ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായേ തീരൂ. ഇരു സംസ്ഥാനത്തെയും രാഷ്ട്രീയം ഡാമിനു മുന്നില്‍ കയറിനില്‍ക്കാന്‍ നാം അനുവദിച്ചുകൂടാ. വൈകാരികമായ നിലപാടുകള്‍ക്കു പകരം വിവേകത്തിന്റെയും സംയമനത്തിന്റെയും പാതയിലൂടെ പ്രശ്നപരിഹാരത്തിലേക്കു നമുക്കു മുന്നേറാം.
- മാമ്മന്‍ മാത്യു,
ചീഫ് എഡിറ്റര്‍.
No comments:
Post a Comment