വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, November 30, 2011

ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടരുത്

ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടരുത്
പിണറായി വിജയന്‍
Posted on: 30-Nov-2011 11:13 PM
ദേശാഭിമാനി

കേരളത്തില്‍ ഏറ്റവും സജീവമായ പ്രശ്നമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ മാറിയിരിക്കുകയാണ്. മധ്യകേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതം മുള്‍മുനയില്‍ നില്‍ക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഈ ആശങ്കയാണ് ജനങ്ങളെ ഒന്നടങ്കം പ്രക്ഷോഭരംഗത്തേക്ക് ഇറക്കിയത്. ഇത്തരം ആശങ്ക ജനങ്ങളില്‍ രൂപപ്പെടുന്നതിന് ഇടയായ സാഹചര്യം മനസ്സിലാക്കണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് ഇടയായ സാഹചര്യവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

1886ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളുമായി അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ അണക്കെട്ട് യാഥാര്‍ഥ്യമായത്. കരാറില്‍ തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി രാമയ്യങ്കാരും മദ്രാസ് സ്റ്റേറ്റിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജെ സി ഹാനിങ്ടണും ഒപ്പിട്ടു. ആദ്യഘട്ടത്തില്‍ തിരുവിതാംകൂര്‍ രാജാവ് കരാറിന് തയ്യാറായില്ലെന്നും 24 വര്‍ഷത്തെ ബ്രിട്ടീഷുകാരുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് ഒപ്പിട്ടതെന്നും പറയപ്പെടുന്നുണ്ട്. 999 വര്‍ഷമാണ് കരാര്‍ കാലാവധി. കരാറില്‍ റിസര്‍വോയറിന് 8000 ഏക്കറും ഡാമിന്റെ നിര്‍മാണത്തിന് 100 ഏക്കറും ഭൂമിയാണ് നീക്കിവച്ചത്. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് ഇത്തരം കരാറുകള്‍ക്ക് പ്രാബല്യം നഷ്ടപ്പെടുന്ന നിലയുണ്ടായി. എന്നാല്‍ , 1970ല്‍ കരാര്‍ പുതുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തമിഴ്നാടിനെയും മീന്‍പിടിക്കാന്‍ കേരളത്തെയും അനുവദിച്ചു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടികല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനും ജലമെത്തിക്കുക എന്നതായിരുന്നു കരാറിന്റെ ലക്ഷ്യം. അന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അണക്കെട്ടിന്റെ നിര്‍മാണം മലവെള്ളപ്പാച്ചിലില്‍ തടസ്സപ്പെട്ടു. എങ്കിലും തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേണല്‍ ജോണ്‍ ബെന്നി ക്വിക്ക് ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നിശ്ചയദാര്‍ഢ്യത്തിലൂന്നിയ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് വര്‍ത്തമാനകാലത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന അണക്കെട്ടുകളില്‍ ഒന്നായ മുല്ലപ്പെരിയാര്‍ രൂപപ്പെട്ടത്. ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു നിര്‍മാണരീതി. കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ചാണ് നിര്‍മാണം നടന്നത്. ഭൂകമ്പത്തെയും മറ്റും അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് സ്വന്തം ഭാരത്താല്‍ നിലനില്‍ക്കുന്ന "ഗ്രാവിറ്റി ഡാമാ"യാണ് നിര്‍മിച്ചത്. ഇത്തരത്തിലുള്ള അണക്കെട്ടുകളുടെ പരമാവധി ആയുസ്സ് 50-60 വര്‍ഷമായാണ് പൊതുവെ വിലയിരുത്താറ്.

1979ല്‍ കേന്ദ്ര വാട്ടര്‍ പവര്‍ കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ സി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഡാമിന് ബലക്ഷയമുണ്ടെന്നു കണ്ടു. ജലനിരപ്പ് 136 അടിയില്‍ കൂടാന്‍ പാടില്ലെന്ന് തീരുമാനിച്ചു. അതിനെതിരെ അന്ന് തമിഴ്നാട് കോടതിയില്‍ പോയി. 1980ല്‍ ഡാം ബലപ്പെടുത്താന്‍ തമിഴ്നാട് ശ്രമിച്ചു. 2000ല്‍ സുപ്രീംകോടതി ഒരു കമീഷനെ നിയോഗിച്ചു. കമീഷനില്‍ അംഗമായ എം കെ പരമേശ്വരന്‍ ഡാം ബലക്ഷയമുള്ളതാണെന്ന് വാദിച്ചെങ്കിലും ഡോ. മിത്തല്‍ ചെയര്‍മാനായുള്ള കമീഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ വാദങ്ങള്‍ക്ക് എതിരായിരുന്നു. 2006 ഫെബ്രുവരി 27ന് ജലനിരപ്പ് 142 അടിയാക്കാനും പിന്നീട് 152 അടിയാക്കി ഉയര്‍ത്താനും സുപ്രീംകോടതി വ്യവസ്ഥചെയ്തു. ഇടതുമുന്നണി സര്‍ക്കാര്‍ , ശരിയായ ഗൃഹപാഠത്തോടും കണിശമായ ഇടപെടലോടും കൂടി അണക്കെട്ട് സുരക്ഷിതമല്ലെന്ന കാര്യം കോടതിയില്‍ ശക്തമായി വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പ്രഖ്യാപിച്ച വിധിയില്‍നിന്നു വ്യത്യസ്തമായി സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ അണക്കെട്ടിന്റെ സാധ്യതയെ സംബന്ധിച്ച് പഠിക്കാനും തയ്യാറാകുന്ന നിലയുണ്ടായി. അണക്കെട്ടിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ അണക്കെട്ടിന്റെ അവസ്ഥ, ജലനിരപ്പുയര്‍ത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് വിശദമായ പഠനം നടത്തുന്ന നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമായത്. തുടര്‍ന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. എല്ലാപ്രശ്നങ്ങളും സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചു. ജസ്റ്റിസ് കെ ടി തോമസ് ഉള്‍പ്പെടെയുള്ളതാണ് ഈ അഞ്ചംഗസമിതി. കമീഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഡാം അപകടത്തിലാണെന്ന വസ്തുത ഇന്ന് പൊതുവെ അംഗീകരിക്കുന്നതാണ്്. മേഖലയില്‍ ഭൂകമ്പസാധ്യതയുണ്ടായതോടെയാണ് പ്രശ്നം അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയത്്. പലകുറി ഭൂചലനങ്ങള്‍ ഇവിടെ ഉണ്ടായി. ഏറെ വലുതൊന്നുമല്ലാത്ത ഭൂകമ്പംപോലും താങ്ങാനുള്ള ശേഷി അണക്കെട്ടിനില്ലെന്നതാണ് വസ്തുത. ഇത് ജനങ്ങളെ കൂടുതല്‍ ഭയചകിതരാക്കുന്നു; പ്രതിസന്ധി രൂക്ഷമാക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി സംഭരണി ജലത്തെ താങ്ങിക്കൊള്ളും എന്ന വാദമുണ്ട്. ആ വാദം അംഗീകരിച്ചാല്‍ത്തന്നെ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള ജനങ്ങളുടെ അവസ്ഥ എന്താകും എന്നതിന് ഇത്തരം വാദക്കാര്‍ക്ക് ഉത്തരമില്ല. മാത്രമല്ല, വര്‍ഷകാലത്താണ് പ്രശ്നം ഏറ്റവും ഗുരുതരമാകുന്നത്. ഈ ഘട്ടത്തില്‍ രണ്ട് അണക്കെട്ടിലും അതിന്റെ പരമാവധി അളവില്‍ വെള്ളമുണ്ടാകും. അങ്ങനെവരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ വെള്ളത്തെ താങ്ങാനുള്ള കരുത്ത് ഇടുക്കിക്കുണ്ടായി എന്ന് വരില്ല. അതോടെ ഇടുക്കി അണക്കെട്ട് തകരുന്നതിലേക്കാണ് എത്തുക. അത് പെരിയാറിലെ മുഴുവന്‍ അണക്കെട്ടുകളെയും തകര്‍ക്കും. ഈ മേഖലയിലെ ലക്ഷക്കണക്കിനു പേരുടെ ജീവന്‍ അപകടത്തിലാകും.

ഇങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. പക്ഷേ, ഒരു ജനതയ്ക്ക് താങ്ങാനാകുന്നതിനപ്പുറമുള്ള ഭീതിയാണ് ഈ സാധ്യതകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഈ പ്രശ്നങ്ങളാകെ മനസ്സിലാക്കിയാണ് പുതിയ ഡാമുണ്ടാക്കുക എന്ന കാഴ്ചപ്പാടുവച്ചുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചത്. ദുരന്തനിവാരണത്തിനുള്ള തയ്യാറെടുപ്പുകളും എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചു. തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം സ്ഥിതിഗതികള്‍ വഷളാക്കുന്ന തരത്തിലാണ്. പദ്ധതിപ്രദേശത്ത് ഭൂചലനത്തുടര്‍ച്ചയുണ്ടായപ്പോള്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അതോടെയാണ് യുഡിഎഫ് മന്ത്രിമാര്‍ ചില വൈകാരിക പ്രകടനം നടത്തിയത്. ഇത്തരം കാര്യങ്ങളില്‍ വൈകാരിക പ്രകടനമല്ല; പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ക്രിയാത്മക ഇടപെടലാണ് മന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തേണ്ടത് എന്ന കാര്യം മറന്നതുപോലെയാണ് അവരുടെ പ്രതികരണങ്ങളുണ്ടായത്. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍തന്നെ അപകടത്തിലാകുന്ന ഈ പ്രശ്നത്തില്‍ മുന്‍കൈ എടുത്ത് ഇടപെടേണ്ടത് കേരള മുഖ്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ ആശങ്ക ശക്തമായി അറിയിക്കേണ്ട അദ്ദേഹം അതിന് മുതിര്‍ന്നില്ല. പകരം സംസ്ഥാന ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് തയ്യാറായത്. ഒരു മുഖ്യമന്ത്രി ഏത് കാര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് മനസ്സിലാക്കാന്‍പോലും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം ഗൗരവതരമാണ്. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്നം എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യങ്ങളെ സംബന്ധിച്ച് ഭരണഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഒരു സംസ്ഥാനത്തെ ലക്ഷക്കണക്കിനു പേരുടെ ജീവനെ ബാധിക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടും പ്രധാനമന്ത്രി പാലിക്കുന്ന നിശ്ശബ്ദത ആ സ്ഥാനത്തിന് യോജിച്ചതല്ല.

കേരളം ഭരിക്കുന്ന യുഡിഎഫിലെ പ്രബല കക്ഷിയാണ് കോണ്‍ഗ്രസ്. അതിന്റെ നേതാവാണ് പ്രധാനമന്ത്രി. കേരളത്തില്‍നിന്നാകട്ടെ നിരവധി പേര്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. എന്നാല്‍ , പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ ഇടപെടുവിക്കുന്നതിനുള്ള രാഷ്ട്രീയസമ്മര്‍ദം ചെലുത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ജനങ്ങള്‍ ദുരിതം മുന്നില്‍ കാണുമ്പോള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന അനങ്ങാപ്പാറകളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറിയിരിക്കുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ഉതകുന്ന സുശക്തമായ നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി നിജപ്പെടുത്തുക എന്നതാണ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടി. പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് പുതിയ ഡാം നിര്‍മിക്കണം. ഇക്കാര്യത്തില്‍ കുറെ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആ നടപടി കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. ജനതയെ ബാധിക്കുന്ന ഗുരുതരപ്രശ്നം ചര്‍ച്ചചെയ്യുന്നതിന് നിയമസഭ വിളിക്കുക എന്നത് ഏറെ പ്രധാനമാണ്. അതോടൊപ്പംതന്നെ ഏത് ദുരന്തത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി ഈ മേഖലയില്‍ ചെയ്യുന്നതിനും തയ്യാറാകണം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍പോലും ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിച്ചിട്ടുള്ളത് എന്നതാണ് വസ്തുത. പ്രശ്നത്തെ വൈകാരികമായി സമീപിച്ച് കേരളവും തമിഴ്നാടും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തുന്ന ചിലരുണ്ട്. അതിനെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

തമിഴ്നാടും കേരളവും ഒരു രാജ്യത്തിനകത്തുള്ള രണ്ട് സംസ്ഥാനങ്ങള്‍ മാത്രമല്ല; ഗാഢമായി ഇടപഴകി ജീവിക്കേണ്ട രണ്ട് ജനതയാണ് തമിഴരും മലയാളികളും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കുന്ന തരത്തില്‍ പ്രശ്നത്തില്‍ ഇടപെടുക എന്നത് പ്രധാനമാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബലികഴിച്ച് മുന്നോട്ടു പോവുക എന്നല്ല ഇതിനര്‍ഥം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി, തമിഴ്നാടിന് ഇന്ന് നല്‍കുന്ന അളവില്‍ ജലം നല്‍കുന്നതിന് കേരളത്തിലാരും എതിരുണ്ടാകുമെന്നു തോന്നുന്നില്ല. ആരെങ്കിലും എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് സ്ഥാപിത താല്‍പ്പര്യമാണ് എന്ന നിലയില്‍ മാത്രമേ കാണേണ്ടതുള്ളൂ. യുദ്ധകാലാടിസ്ഥാനത്തില്‍ എന്ന പ്രയോഗം അപ്രസക്തമാക്കുംവിധം ചടുലമായി പ്രവര്‍ത്തനങ്ങള്‍ നീക്കേണ്ട ഘട്ടത്തില്‍ അതിന് തയ്യാറാകാത്ത സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികള്‍ക്ക് സിപിഐ എം പിന്തുണ നല്‍കുന്നത്. അല്ലാതെ ഇത് രണ്ടു സംസ്ഥാനത്തിലെ ജനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി ഉയര്‍ത്താനല്ല. കേരളത്തിന്റെ ജനതയ്ക്ക് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് സിപിഐ എം നിലപാട്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദ നിലപാട് തിരുത്താനുള്ള പോരാട്ടം തുടരുകയും ചെയ്യേണ്ടതുണ്ട്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്