വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, November 30, 2011

പഴശ്ശിയുടെ വീരസ്മരണ

പഴശ്ശിയുടെ വീരസ്മരണ
എം സുരേന്ദ്രന്‍
Posted on: 30-Nov-2011 11:11 PM
ദേശാഭിമാനി

കേരളത്തിന്റെ കോളനിവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിലെ വീരനായകന്‍ കേരളവര്‍മ പഴശ്ശിരാജ രക്തസാക്ഷിയായിട്ട് നവംബര്‍ 30ന് 206 വര്‍ഷം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ലോകവ്യാപകമായി പടരുന്ന ഈ സന്ദര്‍ഭത്തില്‍ പഴശ്ശിയുടെ പ്രസക്തി വര്‍ധിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍നിന്ന് കൂത്തുപറമ്പിലേക്കുള്ള വഴിയിലുള്ള കോട്ടയം കോവിലകത്ത് 1755ലായിരുന്നു പഴശ്ശിയുടെ ജനനം. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ പോരാടി രക്തസാക്ഷിയായ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെയും സ്വയംനിര്‍ണയാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ ഒരാളാണ്. ഗറില്ലാതന്ത്രങ്ങളിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട പഴശ്ശിരാജയുടെ സമരംതന്നെയാണ് കൊച്ചിയില്‍ പാലിയത്തച്ചനെയും തിരുവിതാംകൂറില്‍ വേലുത്തമ്പിയെയും ബ്രിട്ടീഷ് ശക്തിക്കെതിരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. മൈസൂര്‍ രാജാക്കന്മാരായ ഹൈദരാലിയുടെയും ടിപ്പുവിന്റെയും ആക്രമണങ്ങളില്‍ ദുരിതമനുഭവിച്ച മലബാറിലെ രാജാക്കന്മാര്‍ ഇംഗ്ലീഷുകാരെയാണ് സഹായിച്ചത്. പകരം ഏല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കാമെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയേറ്റു.

1792ലെ ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. എന്നാല്‍ , കമ്പനി വാക്ക് പാലിച്ചില്ല. പഴശ്ശിയെ മറന്ന്് കോട്ടയത്തെ നികുതി പിരിക്കാന്‍ ഇംഗ്ലീഷുകാര്‍ അമ്മാവനായ കുറമ്പ്രനാട്ട് രാജാവിനെ ഏല്‍പ്പിച്ചു. ഇത് കമ്പനിയും പഴശ്ശിയും തമ്മില്‍ തെറ്റുന്നതിന് കാരണമായി. 1795ല്‍ കോട്ടയത്തെ നികുതിപിരിവ് അവസാനിപ്പിച്ച് പഴശ്ശി ഇംഗ്ലീഷുകാരെ വെല്ലുവിളിച്ചു. തുടര്‍ന്ന് പലയിടങ്ങളിലായി പഴശ്ശിപ്പട ഇംഗ്ലീഷുകാരുമായി ഏറ്റുമുട്ടി. പഴശ്ശിയുടെ പ്രധാന പോരാളികളെ പിടിച്ചുകൊടുത്താല്‍ പ്രതിഫലം നല്‍കാമെന്ന് 1805 ജൂണ്‍ 16ന് കേണല്‍ മക്ലിയോസ് വിളംബരംചെയ്തു. തുടരെ ആക്രമണങ്ങളുണ്ടായെങ്കിലും പഴശ്ശി പിന്തിരിഞ്ഞില്ല. അക്രമപ്പിരിവിനും അമിത നികുതിക്കുമെതിരെ കര്‍ഷകരുടെ പോരാട്ടങ്ങളെ നയിച്ചതാണ് പഴശ്ശിരാജയുടെ സമരം ജനകീയമായതിന്റെ അടിസ്ഥാനം. കൊട്ടാരത്തിലിരുന്ന് സുഖസൗകര്യങ്ങളിലാറാടിയല്ല പഴശ്ശി യുദ്ധം നയിച്ചത്. വയനാടന്‍ കാടുകളില്‍ പഴശ്ശിപ്പടയെ 1805 നവംബറോടെ ഇംഗ്ലീഷ് സൈന്യം വേട്ടയാടി. സബ്കലക്ടര്‍ ടി എച്ച് ബാബറാണ് നേതൃത്വം കൊടുത്തത്്. നവംബര്‍ 30ന് രാവിലെ അവര്‍ ബാവലിത്തോടിന്റെ കരയിലെത്തി. പത്തോളം പേര്‍ അവിടെ ഇരിക്കുകയായിരുന്നു. കച്ചേരി ഉദ്യോഗസ്ഥന്മാരിലൊരാളായ കണാരമേനോന് രാജാവിന്റെ ഓട്ടം തടഞ്ഞുനിര്‍ത്താനുള്ള അവസരം കിട്ടി. ജീവന്‍ പണയംവച്ച് അയാളത് ചെയ്തു. രാജാവ് തന്റെ കൈത്തോക്ക് അയാളുടെ നെഞ്ചിനു നേരെ ചൂണ്ടിയതായിരുന്നു. എന്നിട്ടും പഴശ്ശി അത് ചെയ്തില്ല. അപ്പോഴേക്കും ധീരപോരാളി വെടിയേറ്റു വീണു. മരണത്തിന്റെ നിമിഷത്തില്‍പോലും അസാധാരണമായ ആ വ്യക്തിത്വം അന്തസ്സുറ്റവിധം ആജ്ഞാരൂപത്തില്‍ പറഞ്ഞതിങ്ങനെയാണ്: "മ്ലേച്ഛാ അടുക്കരുത്. എന്നെ തൊട്ടശുദ്ധമാക്കരുത്". ധീരമായ ആ വാക്കുകളുടെ ഇരമ്പം ഇന്നും വയനാടന്‍ കാടുകളില്‍ മുഴങ്ങുന്നുണ്ട്.

ഹൈദരാലിയുടെ മരണാനന്തരം ടിപ്പു മൈസൂര്‍ സുല്‍ത്താനായപ്പോഴാണ് കോട്ടയം അടക്കമുള്ള മലബാറിന്റെ രാഷ്ട്രീയാധിപത്യം മൈസൂറിന് ലഭിച്ചത്. രവിവര്‍മ രാജാവ് ടിപ്പുവുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ഭരണം തുടങ്ങി. കോട്ടയത്തുനിന്ന് എണ്‍പത്തൊന്നായിരം രൂപ ടിപ്പുവിന് കപ്പം കൊടുക്കണം. കൊള്ളപ്പിരിവ് തുടങ്ങി. വിള മുഴുവനും കൊടുത്താലും നികുതി തീരുന്നില്ല. കൃഷിക്കാര്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകളുണ്ടായി. കൃഷിക്കാര്‍ക്കൊപ്പം ചേര്‍ന്ന പഴശ്ശിരാജ കാര്‍ഷിക സമരങ്ങളെ കൂട്ടിയോജിച്ചപ്പോള്‍ സമരം ഇരമ്പിയാര്‍ത്തു. ഇതിനെ അടിച്ചമര്‍ത്താന്‍ ടിപ്പു ഇംഗ്ലീഷ് പട്ടാളക്കാരെയും ആറായിരത്തിലധികം നാടന്‍ സൈന്യത്തെയും മലബാറിലിറക്കി. നില്‍ക്കക്കള്ളിയില്ലാതെ രാജാക്കന്മാര്‍ നാടുവിട്ട് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു. രവിവര്‍മരാജ കോട്ടയത്തിന്റെ ഭരണം പഴശ്ശിരാജയ്ക്ക് കൈമാറി. മൈസൂര്‍പ്പടയുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ കോട്ടയം പടയാളികള്‍ തലശേരി കോട്ടയുടെ ചുറ്റുവട്ടത്തഭയം തേടി. ഇതില്‍ കുപിതനായ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി റദ്ദ് ചെയ്തു. അങ്ങനെയാണ് മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ കേളികൊട്ടുയര്‍ന്നത്. തലശേരി കോട്ടയുടെ അധിപനുമായി പഴശ്ശി രാജാവുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് മൈസൂറാധിപത്യത്തില്‍ നിന്ന് കോട്ടയത്തെ മോചിപ്പിച്ച് പഴശ്ശിരാജ അധികാരമേറ്റു. തുടര്‍ച്ചയായ യുദ്ധം കാരണം നാട്ടിലാകെ അക്രമവും പട്ടിണിയുമായിരുന്നു. കമ്പനിയുമായുള്ള സൗഹൃദമുപയോഗിച്ച് പണം കടം വാങ്ങി കൃഷിക്കാര്‍ക്ക് വായ്പ കൊടുത്തു. ജിവിത പ്രതിസന്ധിയില്‍നിന്ന് കോട്ടയം കരകയറിത്തുടങ്ങി. പഴശ്ശിരാജാവിന്റെ സ്വീകാര്യത കൂടി. ശ്രീരംഗപട്ടണം ഉടമ്പടിയനുസരിച്ച് ആംഗ്ലോ-മൈസൂര്‍ യുദ്ധം അവസാനിച്ചു. വയനാട് അടക്കമുള്ള മലബാര്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇതോടുകൂടി മലബാറിനുമേല്‍ പൂര്‍ണ ഇംഗ്ലീഷ് ആധിപത്യം സ്ഥാപിക്കപ്പെട്ടു. ജനങ്ങളില്‍ കൂടുതല്‍ നികുതി ചുമത്തി. പിരിച്ചെടുക്കാന്‍ കുറുമ്പ്രനാട് രാജാവിനെ ഏല്‍പ്പിച്ചു. കൊള്ളനികുതി കൊടുക്കരുതെന്ന് ഒരു വിളംബരത്തിലൂടെ കേരളവര്‍മ കോട്ടയത്തെ കൃഷിക്കാരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് കമ്പനിയും പഴശ്ശിരാജാവും തമിലുള്ള ബന്ധം പൂര്‍ണമായും അറ്റു. പഴശ്ശിരാജ സൈനികബലം വര്‍ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രാജാവിനെ ഒതുക്കാതെ കോട്ടയത്തെ നികുതിപിരിവും ഭരണവും അസാധ്യമാണെന്ന് കമ്പനിയും തിരിച്ചറിഞ്ഞു.

ദക്ഷിണമലബാറില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ പൊരുതുകയായിരുന്ന അത്തന്‍ ഗുരുക്കള്‍ , ഉണ്ണിമൂത്ത എന്നീ മാപ്പിള നേതാക്കളുമായും പഴശ്ശിരാജ ബന്ധപ്പെട്ടതോടെ മാപ്പിളമാരെ പഴശ്ശിക്കെതിരെ തിരിക്കാനുള്ള ഇംഗ്ലീഷുകാരുടെ ശ്രമം പരാജയപ്പെട്ടു. ടിപ്പുസുല്‍ത്താന്‍ സൈന്യത്തെ അയച്ചുകൊടുത്തു പഴശ്ശിയെ സഹായിച്ചു. ഇംഗ്ലീഷുകാരുമായി അന്തിമയുദ്ധത്തിന് സമയമായെന്ന് കണക്കാക്കിയ കേരളവര്‍മ ജാതിമതഭേദമെന്യേ ജനങ്ങളുടെ പിന്തുണ ഉറപ്പിക്കുകയും ശക്തിയുള്ളൊരു സേനയുണ്ടെന്ന ബോധ്യത്തോടെ കമ്പനിക്കെതിരെ ആഞ്ഞടിക്കാനും തീരുമാനിച്ചു. കേരളവര്‍മയെ പിടിക്കാന്‍ തലശേരിയില്‍ നിന്നയച്ച ഇംഗ്ലീഷ് സൈന്യത്തെ വയനാടിന്റെ അതിര്‍ത്തിയില്‍ ഒരു മിന്നലാക്രമണത്തിലൂടെ കുറിച്യപ്പട തുരത്തി. ഈ ആക്രമണം വര്‍ധിതാത്മവിശ്വാസം വളര്‍ത്തി. പഴശ്ശിയില്‍ കാവല്‍നിന്നിരുന്ന കമ്പനി സൈന്യത്തെ ആക്രമിച്ച് മുഴുവന്‍ പേരെയും കൊന്നു. കനത്ത ആക്രമണങ്ങള്‍ക്ക് മുമ്പില്‍ ഞെട്ടിപ്പോയ ഇംഗ്ലീഷുകാര്‍ സൈന്യത്തെ പിന്‍വലിച്ചു. ഇതേ കാലത്താണ് നെപ്പോളിയന്‍ ഫ്രാന്‍സിന്റെ അധികാരം പിടിച്ചത്. ഇന്ത്യയെ നെപ്പോളിയന്‍ ആക്രമിക്കുമോയെന്നും ഇംഗ്ലീഷുകാര്‍ ചിന്തിച്ചു. ഈ ഘട്ടത്തിലാണ് ആര്‍തര്‍ വെല്ലസ്ലി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായത്. കീഴടക്കലിന്റെയും വെട്ടിപ്പിടിക്കലിന്റെയും നയത്തിലധിഷ്ഠിതമായ പ്രവൃത്തികളിലൂടെ നാട്ടുരാജാക്കന്മാരെ മുഴുവനും യുദ്ധംചെയ്ത് കീഴടക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. ശ്രീരംഗപട്ടണത്തില്‍ നടന്ന യുദ്ധത്തില്‍ കമ്പനിപ്പട്ടാളം ടിപ്പുവിനെ കൊലപ്പെടുത്തി. മൈസൂര്‍ അവരുടെ ആധിപത്യത്തിലായി. ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്ന പലരും വയനാട്ടില്‍ വന്ന് പഴശ്ശി സൈന്യത്തോടൊപ്പം ചേര്‍ന്നത് സൈന്യബലം ഇരട്ടിയാക്കി. കേരളവര്‍മയുടെ സൈനികബലത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച വെല്ലസ്ലി തലശേരിയിലെത്തി പദ്ധതികള്‍ ആസൂത്രണം ചെയ്ത് ആക്രമണമാരംഭിച്ചു. പലഘട്ടങ്ങളിലും കമ്പനിപ്പടയ്ക്ക് വന്‍തോതില്‍ ആള്‍നാശമുണ്ടായി.

കുറിച്യപ്പടയുടെ നേതാവ് തലയ്ക്കല്‍ ചന്തുവിന്റെ ആക്രമണങ്ങള്‍ക്ക് മുമ്പില്‍ കമ്പനിപ്പട പകച്ചുനിന്നു. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കാലൊച്ചകള്‍ കേട്ട നാളുകളിലാണ് കേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകാലം. ഇന്ത്യയില്‍നിന്ന് വിഭവങ്ങള്‍ കടത്തിയും, ഉയര്‍ന്ന തോതില്‍ നികുതി പിരിച്ചും പോര്‍ച്ചുഗീസുകാരും ഡച്ചുകരും പിന്നെ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ആധിപത്യത്തിന്റെ പരവതാനി വിരിച്ചു. ജന്മിമാരുടെ കൊടിയ ചൂഷണം കൃഷിക്കാരുടെ നട്ടെല്ലൊടിച്ചു. എങ്ങും പട്ടിണിയും പരിവട്ടവും. ജാതിവ്യവസ്ഥയുടെ നികൃഷ്ടമായ രീതികളിലൂടെ മനുഷ്യരുധിരം വീണ് മണ്ണ് കുതിര്‍ന്നു. എന്നിട്ടും നാട്ടുരാജാക്കന്മാര്‍ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവരുടെ പേരിലാണറിയപ്പെടുന്നതെങ്കിലും എന്നും ചരിത്രം സൃഷ്ടിച്ചത് ജനങ്ങളായിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും ജൈത്രയാത്രയ്ക്കിടയില്‍ കോട്ടയം രാജാക്കന്മാര്‍ കുടുബസമേതം തിരുവിതാംകൂറിലേക്ക് ഓടിപ്പോയപ്പോള്‍ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കൊപ്പം ധീരതയോടെ നിന്നതിനാലാണ് കേരളവര്‍മ പഴശ്ശിരാജ ജനങ്ങളുടെ രാജാവായി അന്നും ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നത്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്