വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, November 26, 2011

കിര്‍ഗിസ്ഥാന്‍ : മധ്യേഷ്യന്‍ അരുണോദയം

കിര്‍ഗിസ്ഥാന്‍ : മധ്യേഷ്യന്‍ അരുണോദയം
പി ഗോവിന്ദപ്പിള്ള
ദേശാഭിമാനി , 2011 നവംബര്‍ 26

പഴയ സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പെട്ട് പരമാധികാര റിപ്പബ്ലിക്കായ കിര്‍ഗിസ്ഥാന്റെ ജനസംഖ്യ 55 ലക്ഷമാണ്. അതിന്റെ കിഴക്കേ അതിര്‍ത്തി ചൈനയാണ്. അഫ്ഗാനിസ്ഥാന്‍ , ഇറാഖ്, ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ലോകരാഷ്ട്രങ്ങളുടെ ബലപ്രയോഗങ്ങളുടെയും ഉപജാപങ്ങളുടെയും കേന്ദ്രമാണല്ലോ. അതുകൊണ്ട് പഴയ സോവിയറ്റ് യൂണിയന്റെ തെക്കന്‍ മേഖലയിലുള്ളതും പശ്ചിമേഷ്യയുടെ തെക്കന്‍ അതിര്‍ത്തികള്‍ പങ്കുവയ്ക്കുന്നതുമായ തുര്‍ക്ക്മെനിസ്ഥാന്‍ , താജിക്കിസ്ഥാന്‍ , ഉസ്ബെക്കിസ്ഥാന്‍ , കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തന്ത്രപരമായ പ്രാധാന്യമാണുള്ളത്. ഇറാഖിനും അഫ്ഗാനിസ്ഥാനും ഇറാനുമെതിരെ നടത്തിവരുന്ന നീക്കങ്ങള്‍ക്ക് സഹായകരമാകുംവിധം ഈ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ കേന്ദ്രീകരിച്ച് അമേരിക്കയ്ക്ക് സൈനികത്താവളങ്ങളും നയതന്ത്ര സ്ഥാപനങ്ങളുമുണ്ട്. ചൈനയും അമേരിക്കന്‍ ഐക്യനാടും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുന്നതുമൂലം പശ്ചിമേഷ്യയുടെയും പഴയ സോവിയറ്റ് യൂണിയന്റെയും അതിര്‍ത്തിയിലൂടെ മധ്യധരണ്യാഴിയെയും ചൈനയെയും ബന്ധപ്പെടുത്തുന്ന 'സില്‍ക്ക് പാത' വീണ്ടും ഉദ്ധരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെല്ലാം പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യത്തിന്റെ കീഴിലാണ്. അതുകൊണ്ട് അമേരിക്കയ്ക്കും റഷ്യക്കും അവിടത്തെ ഭരണാധികാരികളെ സ്വാധീനിക്കാനും വിഭവങ്ങള്‍ ചൂഷണംചെയ്യാനും എളുപ്പമായി. ഈ പുതിയ അവസ്ഥയില്‍ കിര്‍ഗിസ്ഥാന്‍ പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യം തിരസ്കരിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് നീങ്ങുന്നത് മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ പുതിയ അരുണോദയമായി കണക്കാക്കാം. യൂറേഷ്യന്‍ രാഷ്ട്രതന്ത്രം കഴിഞ്ഞ ഒക്ടോബര്‍ 30ന് നടന്ന തെരഞ്ഞെടുപ്പില്‍ അല്‍മാസ് ബെക് ആതംബയേവ് പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുള്ള പ്രധാനമന്ത്രിയായി ഉയര്‍ന്നതോടെ പ്രസിഡന്റ് പദം ആലങ്കാരിക പദവിയായി മാറി.

2010ല്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ റോസ ഒട്ടുന്‍ബയേവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുതിയ ഭരണഘടനയാണ് പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യത്തില്‍നിന്ന് മാറി പാര്‍ലമെന്ററി ജനാധിപത്യത്തിന് തുടക്കം കുറിച്ചത്. അമേരിക്കന്‍ ഐക്യനാടിന് മാത്രമല്ല റഷ്യക്കും ഈ പരിവര്‍ത്തനം സ്വാഗതാര്‍ഹമായി തോന്നിയില്ല. ഇത്തരത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യം പല അപകടങ്ങളും വരുത്തിവയ്ക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്് കിര്‍ഗിസ്ഥാനിലെ പുതിയ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ശ്രദ്ധേയമാണ്. റഷ്യക്കും അമേരിക്കയ്ക്കും കിര്‍ഗിസ്ഥാനില്‍ സൈനികത്താവളങ്ങളുണ്ട്. ഈ സൈനികത്താവളങ്ങള്‍ പൊളിച്ചുകൊണ്ടുപോകണമെന്നാണ് പുതിയ പ്രധാനമന്ത്രി ആതംബയേവ്് ആവശ്യപ്പെടുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അതിലെ ഏറ്റവും വലിയ ഘടകമായിരുന്ന റഷ്യന്‍ ഫെഡറേഷനെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ ശക്തിപ്പെടുത്താനും ചൈനയുമായി കൂടുതല്‍ അടുപ്പിക്കാനുമുള്ള ബുദ്ധിപൂര്‍വമായ രാഷ്ട്രീയ തന്ത്രമാണ് പ്രസിഡന്റായിരുന്ന വ്ളാദിമര്‍ പുടിന്‍ ആദ്യത്തെ രണ്ട് ഊഴങ്ങളില്‍ ശ്രമിച്ചത്. മെദ്വദേവ് പ്രസിഡന്റായപ്പോള്‍ പുടിന്‍ പ്രധാനമന്ത്രിയായി.

പഴയ റഷ്യന്‍ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടുതവണമാത്രമേ പ്രസിഡന്റാകാന്‍ കഴിയൂ എന്നതുകാണ്ടാണ് പുടിന് സ്ഥാനമൊഴിയേണ്ടി വന്നത്. പ്രസിഡന്‍ഷ്യല്‍ ഭരണവ്യവസ്ഥ പ്രകാരം പ്രസിഡന്റിനെ നിയമിക്കുകയും പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഭരണം നടത്തുകയുംചെയ്യുന്ന ഒരാള്‍മാത്രമാണ് പ്രധാനമന്ത്രി. അങ്ങനെ പ്രസിഡന്റിനേക്കാള്‍ താഴ്ന്ന സ്ഥാനത്ത് തുടരുമ്പോഴും റഷ്യയെ സോവിയറ്റ് യൂണിയന്റെ കാലത്തെപ്പോലെ ലോകമഹാശക്തിയാക്കാന്‍ പുടിന്‍ ശ്രമിക്കുകയും അതിനുവേണ്ടി പുതിയ യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന് രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന്റെ കേന്ദ്രബിന്ദു റഷ്യയും ചൈനയും തമ്മിലുള്ള സഖ്യമാണ്. 2000ല്‍ രൂപീകരിക്കപ്പെട്ട ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന്റെ തിരിക്കുറ്റിയാണ്. ഇപ്പോള്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങളും റഷ്യയും മറ്റും ഉള്‍ക്കൊള്ളുന്ന ഈ സംഘടനയുടെ യോഗങ്ങളിലേക്ക് ഇന്ത്യയെയും പാകിസ്ഥാനെയും ഇറാനെയും ക്ഷണിക്കാറുണ്ട്. അമേരിക്കയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ സര്‍ക്കാര്‍ ഷാങ്ഹായ് സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ അത്ര താല്‍പ്പര്യം കാണിക്കാറില്ല. എന്നാല്‍ , ചില യോഗങ്ങളില്‍ ക്ഷണപ്രകാരം പോകാറുണ്ട്. ഈ യൂറേഷ്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കിര്‍ഗിസ്ഥാനിലെ മാറ്റം ശുഭോദര്‍ക്കമാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്