അമേരിക്കന്‍ ആക്രമണം പാകിസ്ഥാനെതിരെയും
Posted on: 30-Nov-2011
ദേശാഭിമാനി മുഖപ്രസംഗം
നാറ്റോ വ്യോമാക്രമണത്തില്‍ 28 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവം, ആറുപതിറ്റാണ്ട് കാലമായി അമേരിക്കയും പാകിസ്ഥാനുമായി നിലനിന്നുപോന്ന ഉറ്റ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് വേണം കരുതാന്‍ . പാകിസ്ഥാന്‍ സേനയില്‍ അമേരിക്കയോട് ആഭിമുഖ്യമുള്ളവര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അത്തരക്കാര്‍ക്ക് പോലും നാറ്റോസേനയുടെ ആക്രമണത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഇല്ലാതെയാണ് ആ രാജ്യത്തിന്റെ അതിര്‍ത്തിയിലെ ചെക്പോസ്റ്റിലേക്ക് നാറ്റോ ആക്രമണമുണ്ടായത്. ഈ കൂട്ടക്കൊലപാതകം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പതിനഞ്ചോളം പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം പെട്ടെന്നൊരുദിവസം പൊട്ടിമുളച്ചതല്ല. പാകിസ്ഥാന്റെ മണ്ണില്‍നിന്നാണ് ഒസാമ ബിന്‍ ലാദനെയും കൂട്ടരെയും യുഎസ് കമാന്റോകള്‍ പിടികൂടി വധിച്ചത്. പാകിസ്ഥാനില്‍ അതിക്രമിച്ചുകടന്നാണ് ബിന്‍ലാദനെ പിടികൂടിയത്. കമാന്റോകള്‍ അതിക്രമിച്ചുകടക്കുന്ന വിവരം പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിക്കാതെ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പാകിസ്ഥാന്‍ ഭരണാധികാരികളെ വിശ്വാസത്തിലെടുക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അതിര്‍ത്തിക്കകത്തേക്ക് അതിക്രമിച്ച് കയറിയത് പാക് ഭരണാധികാരികള്‍ക്ക് അപമാനം വരുത്തുന്ന നടപടിയായിരുന്നു. എന്നിട്ടും ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ പാകിസ്ഥാന് കഴിയാതെപോയി. ഇതിനിടെയാണ് അമേരിക്കയുടെ വിലക്കുകള്‍ ലംഘിച്ച് ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങാനുള്ള വാതകക്കുഴലുകള്‍ സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ കരാറുണ്ടാക്കിയത്. ഇത് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കണം. പാകിസ്ഥാനുള്ള ധനസഹായം പിന്‍വലിക്കുന്ന നടപടി അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായി. ഇതൊക്കെ തുടര്‍ച്ചയായ സംഭവങ്ങളാണ്. ഇതിന്റെ ഭാഗമായി വേണം നാറ്റോസേനയുടെ ആക്രമണവും പാക് സൈനികരുടെ കൊലപാതകവും കാണാന്‍ . ഇത്തവണ പാക് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായി. അഫ്ഗാനിസ്ഥാനിലെ നാറ്റോസേനയ്ക്ക് ഭക്ഷണവും മറ്റു സാധനങ്ങളും എത്തിച്ചുകൊടുക്കുന്നത് തടയുമെന്ന് പാക് ഭരണാധികാരികളും പ്രഖ്യാപിച്ചിരിക്കുന്നു. പാകിസ്ഥാന്‍ 1947ല്‍ സ്വതന്ത്രമായതുമുതല്‍ നാറ്റോ, സിയാറ്റോ, സെന്റോ തുടങ്ങിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികകൂട്ടുകെട്ടുകളില്‍ അംഗമാണ്. ഇന്ത്യയാകട്ടെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ അംഗത്വം ഒഴികെ ഒരു പട്ടാളകൂട്ടുകെട്ടിലും അംഗമായിരുന്നില്ല. നെഹ്റുവിന്റെ കാലം മുതല്‍ ചേരിചേരാ വിദേശനയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. ചേരിചേരാനയം ഉള്ളടക്കത്തില്‍ സാമ്രാജ്യത്വവിരുദ്ധനയം തന്നെയാണ്. കാലക്രമത്തില്‍ ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ക്കാനും ഫലത്തില്‍ അമേരിക്കന്‍ വിധേയത്വം സ്വീകരിക്കാനും കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ തയ്യാറായി. പാകിസ്ഥാനാകട്ടെ അമേരിക്കയുമായി തുടക്കംമുതല്‍ ഉറ്റബന്ധം നിലനിര്‍ത്തുക മാത്രമല്ല- അമേരിക്കയുടെ ആശ്രിതരാജ്യമായാണ് തുടര്‍ന്നത്. അത്തരത്തില്‍ സൗഹൃദം സ്ഥാപിച്ച ഒരു രാജ്യത്തിന്റെ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം പാക് ഭരണാധികാരികളിലും സൈനികരിലും ജനങ്ങളിലും അസംതൃപ്തി ജനിപ്പിക്കുമെന്നതില്‍ സംശയമില്ല.
2001ലെ ഭീകരാക്രമണത്തിന്റെ മറവിലാണ് അമേരിക്ക ഭീകരതയ്ക്കെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയതായി പറയപ്പെടുന്ന ബിന്‍ ലാദന് അഭയം നല്‍കിയെന്നുപറഞ്ഞ് അഫ്ഗാനിസ്ഥാനെ സൈനികനീക്കത്തിലൂടെ ആക്രമിച്ച് കീഴ്പ്പെടുത്തി. നാറ്റോസേനയെ അവിടെ നിലനിര്‍ത്തുകയും ചെയ്തു. താലിബാന്‍ ഭീകരര്‍ക്കും ബിന്‍ ലാദനും പ്രോത്സാഹനവും സഹായവും നല്‍കിയത് അമേരിക്ക തന്നെയായിരുന്നു. പ്രസിഡന്റ് നജീബുള്ളയെ പിടികൂടി വധിച്ച് മൃതശരീരം വിളക്കുകാലില്‍ കെട്ടിത്തൂക്കി കഴുകന് ഭക്ഷിക്കാന്‍ കൊടുത്തത് താലിബാന്‍കാരായിരുന്നു. അതിനാകട്ടെ അമേരിക്കയുടെ കലവറയില്ലാത്ത പിന്തുണയും അനുഗ്രഹവുമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനെ കീഴ്പ്പെടുത്തിയതിന് ശേഷം ഇറാഖിനെയും ആക്രമിച്ച് കീഴ്പ്പെടുത്തി. സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ തലവനായ സദ്ദാം ഹുസൈനെയും കുടുംബാംഗങ്ങളെയും പരസ്യമായി തൂക്കിക്കൊന്നു. നാറ്റോസേന തന്നെയാണ് ലിബിയയില്‍ ഇടപെട്ട് 42 വര്‍ഷം പ്രസിഡന്റായിരുന്ന കേണല്‍ ഗദ്ദാഫിയെ നിഷ്ഠുരമായി വധിച്ചതും. നാറ്റോസേനയുടെ വ്യാപനവും ആക്രമണവും തുടരുകയാണ്. അമേരിക്കയില്‍ ആയുധനിര്‍മാണവും ആയുധം വിറ്റഴിക്കലുമാണ് മുഖ്യ വ്യവസായം. സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ട അമേരിക്കയ്ക്ക് ആയുധം വിറ്റഴിച്ച് പരമാവധി ലാഭമുണ്ടാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ലോകത്ത് സമാധാനം നിലനിന്നാല്‍ ആയുധം സംഭരിക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. 1929- 30 കാലഘട്ടത്തിലെ അഗാധമായ സാമ്പത്തികക്കുഴപ്പം അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിലാണ്. 2008ല്‍ തുടങ്ങിയ ഇപ്പോഴത്തെ പൊതുസാമ്പത്തികക്കുഴപ്പത്തില്‍നിന്ന് വീണ്ടെടുപ്പ് ഉണ്ടായിട്ടില്ല. എന്നാല്‍ , ഇത് മൂന്നാം ലോക മഹായുദ്ധത്തില്‍ അവസാനിക്കുമെന്ന് ആരും കരുതുന്നില്ല.
ഒരു തുറന്ന യുദ്ധം സര്‍വനാശത്തിലാണ് അവസാനിക്കുക എന്നതുതന്നെ കാരണം. അക്രമി രാജ്യവും ആക്രമിക്കപ്പെടുന്ന രാജ്യവുമുള്‍പ്പെടെ എല്ലാവര്‍ക്കും നാശമാണുണ്ടാകുക. എന്നാല്‍ , ശീതയുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് സാമ്രാജ്യത്വത്തിന് ആവശ്യമാണ്. എങ്കില്‍ മാത്രമേ ആയുധസാമഗ്രികള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ കൂടപ്പിറപ്പായ യുദ്ധത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനും ദുര്‍ബലരാഷ്ട്രങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്താനും സാമ്രാജ്യത്വം അതിന്റെ ശ്രമം അനുസ്യൂതം തുടരുമെന്ന് വേണം കരുതാന്‍ . പാകിസ്ഥാന്‍ തന്ത്രപ്രധാനമായ ഒരു സ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. ജനകീയചൈന ഭാവിയില്‍ ഭീഷണിയായിരിക്കുമെന്ന് അമേരിക്ക കാണുന്നുണ്ട്. അതോടൊപ്പം ഏകധ്രുവ ലോകത്തിന്റെ അന്തരീഷം മാറി ബഹുധ്രുവ ലോകത്തിലേക്കുള്ള മുന്നേറ്റം തുടരുകയാണ്. അത്യന്തം സങ്കീര്‍ണമായ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. അമേരിക്കയുമായി അമിതമായി സൗഹൃദബന്ധം സ്ഥാപിക്കുകയും ആശ്രിതരാജ്യമായി മാറുകയും ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്ക് രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ അമേരിക്ക ഇന്ത്യക്കും ഭീഷണിയാണെന്ന് കാണേണ്ടതുണ്ട്. പാകിസ്ഥാനെതിരായ നാറ്റോ സേനയുടെ ആക്രമണം ഇന്ത്യക്കൊരു പാഠമാകേണ്ടതാണ്.
1 comment:
live music in Malayalam
visit :http://www.themusicplus.com
like link exchnge with themusicplus cont: admin@themusicplus.com
Post a Comment