വത്തിക്കാനും മുതലാളിത്തവും
പി രാജീവ്
ദേശാഭിമാനി
Posted on: 28-Nov-2011 11:43 PM
വത്തിക്കാന്റെ, നീതിയുടെയും സമാധാനത്തിന്റെയും കൗണ്‍സില്‍ ലോകസമ്പദ്ഘടനയെ സംബന്ധിച്ച് അംഗീകരിച്ച പ്രമേയം നിലവിലുള്ള നയങ്ങള്‍ക്കെതിരെ അതിനിശിത വിമര്‍ശമാണ് ഉയര്‍ത്തുന്നത്. പ്രമേയത്തിന്റെ നിഗമനങ്ങളില്‍ പലതും മുതലാളിത്തം തകര്‍ന്നെന്ന് പ്രഖ്യാപിക്കുന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളോട് സമാനതകളുള്ളതാണ്. കൗണ്‍സിലിന്റെ സെക്രട്ടറി ബിഷപ്പ് മരിയോ ടോയോട് ഇതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരും തങ്ങളും സമാനമായ ആശയങ്ങള്‍ പങ്കിടുന്നത് യാദൃച്ഛികമാണെന്നും എന്നാല്‍ , നിര്‍ദേശങ്ങളില്‍ സമാനതകളുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജി-20 സമ്മേളനത്തിന്റെ ഭാഗമായാണ് വത്തിക്കാന്‍ 41 പേജുള്ള പ്രമേയം പ്രസിദ്ധീകരിച്ചത്. ലോകസമ്പദ്ഘടനയ്ക്ക് ഇന്നത്തെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നതാണ് പ്രമേയത്തിന്റെ രത്നച്ചുരുക്കം. സമ്പദ്ഘടനയുടെ അസ്ഥിരാവസ്ഥയും അതിശക്തമാകുന്ന സാമ്പത്തിക അന്തരവും ഉല്‍ക്കണ്ഠപ്പെടുത്തുന്നുവെന്നാണ് രേഖ പറയുന്നത്.
രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ജനങ്ങള്‍ തമ്മിലുള്ള അസമത്വം ശക്തിപ്പെടുന്നു. ഉദാരവല്‍ക്കരണനയങ്ങള്‍ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് കേവലം സാങ്കേതികപരിഹാരം മാത്രം നിര്‍ദേശിക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശവും രേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഐഎംഎഫ് പോലുള്ള ആഗോളസാമ്പത്തികസ്ഥാപനങ്ങള്‍ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന നിര്‍ദേശങ്ങളല്ല നല്‍കുന്നത്. അവരുടെ ഇടപെടലുകള്‍ പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ്- എന്നിങ്ങനെ പോകുന്നു വിമര്‍ശങ്ങള്‍ . ലോകബാങ്കിന് നേതൃത്വം നല്‍കിയ ജോസഫ് സ്റ്റിഗ്ലിറ്റ്സ് സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനങ്ങളുടെ കുറിപ്പടികള്‍ എങ്ങനെയാണ് പല രാജ്യങ്ങളെയും തകര്‍ത്തുകളഞ്ഞെന്നത് ഉദാഹരണസഹിതം, "ആഗോളവല്‍ക്കരണം, വിയോജനം" എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഈ വ്യവസ്ഥയെ അനുകൂലിക്കുന്നവര്‍ തന്നെ ഇത്തരം സ്ഥാപനങ്ങളുടെ ഘടന പൊളിച്ചെഴുതണമെന്ന നിര്‍ദേശം കുറച്ചുകാലമായി ഉന്നയിക്കുന്നുണ്ട്. വത്തിക്കാനും ഇതേ നിര്‍ദേശമാണ് ഉയര്‍ത്തുന്നത്. വികസ്വരരാജ്യങ്ങളുടെ ശബ്ദത്തിനുകൂടി തുല്യപ്രാധാന്യം കിട്ടുന്ന രൂപത്തിലേക്ക് ആഗോളസാമ്പത്തിക സ്ഥാപനങ്ങള്‍ പൊളിച്ചെഴുതണമെന്നതാണ് നിര്‍ദേശം. എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ആഗോളസംവിധാനം വേണമെന്ന പുതിയ നിര്‍ദേശവും ഈ രേഖ അവതരിപ്പിക്കുന്നു.
ഇന്നത്തെ പ്രധാന സാമ്പത്തിക പ്രവര്‍ത്തനകേന്ദ്രം ഊഹക്കച്ചവടമാണ്. ഉല്‍പ്പാദനമേഖലകളില്‍ കൈകാര്യംചെയ്യുന്ന പണത്തിന്റെ എത്രയോ മടങ്ങ് അധികമാണ് ഊഹക്കച്ചവടരംഗത്ത് ഒഴുകുന്നത്. ഓഹരി കമ്പോളത്തിലും കറന്‍സി വിനിമയരംഗത്തും മറ്റുമായി ഒഴുകുന്ന പണത്തിന് ചെറിയ ശതമാനം നികുതിയെങ്കിലും ചുമത്തണമെന്ന ആവശ്യം ഏറെക്കാലമായി ഇടതുപക്ഷം ഉയര്‍ത്തുന്നുണ്ട്്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐ എം ഇക്കാര്യം പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. സമാനമായ നിര്‍ദേശം വത്തിക്കാന്‍ രേഖയിലും കാണാം. സമീപകാലത്ത് നല്‍കിയ അഭിമുഖത്തില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ഡോ. റോവന്‍ വില്യംസ് ഊഹക്കച്ചവടത്തെ അതിനിശിതമായി വിമര്‍ശിച്ചു. വത്തിക്കാന്‍ രേഖയുടെ ചുവടുപിടിച്ച് ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് 0.05 ശതമാനം നികുതി ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഈ ചെറിയ ശതമാനം നികുതി ചുമത്തിയാല്‍ത്തന്നെ 41,000 കോടി ഡോളര്‍ വരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. വത്തിക്കാന്‍ രേഖയിലും ഇതേ നിര്‍ദേശമുണ്ട്. ഇങ്ങനെ ലഭിക്കുന്ന നികുതി വരുമാനം ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കണമെന്ന നിര്‍ദേശവും രേഖ മുന്നോട്ടുവയ്ക്കുന്നു. ഏകദേശം ഇതേ ആവശ്യംതന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സിപിഐ എമ്മും ഉയര്‍ത്തിയത്. എന്നാല്‍ , കോര്‍പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ഊഹക്കച്ചവടക്കാര്‍ക്കും കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കുന്നതിന് മാത്രം വ്യഗ്രത കാണിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന് അതേക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല.
സാമ്പത്തികശാസ്ത്രത്തെ സംബന്ധിച്ച ചിന്തകളില്‍ പുരോഗമനരാഷ്ട്രീയവുമായി എന്തെങ്കിലും സമാനതകള്‍ കാണുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയാത്ത പല പ്രയോഗങ്ങളും വത്തിക്കാന്‍ രേഖയില്‍ കാണാം. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കുന്ന രാഷ്ട്രീയത്തിന് സമ്പദ്ഘടനയേക്കാളും ധനമേഖലയേക്കാളും പ്രാധാന്യം ലഭിക്കണമെന്ന നിലപാടാണ് രേഖയ്ക്കുള്ളത്. സാമ്പത്തികശാസ്ത്രത്തിന് രാഷ്ട്രീയകാഴ്ചപ്പാടുകൂടി വേണമെന്ന ശാസ്ത്രീയ പുരോഗമനചിന്തയുടെ പ്രതിഫലനം ഈ അഭിപ്രായത്തില്‍ കാണാം. സമ്പദ്ഘടനയ്ക്ക് കൂടുതല്‍ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയണമെന്ന് 2009ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. അതുതന്നെയാണ് ഈ രേഖയിലുമുള്ളത്. കമ്പോളത്തിന്റെ അതിരുകളില്ലാത്ത ലാഭക്കൊതിയെ ശക്തിയായി വിമര്‍ശിക്കുന്ന രേഖ മാനവസമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച ആഘാതങ്ങളെ സംബന്ധിച്ച് വാള്‍സ്ട്രീറ്റ് വിലയിരുത്തണമെന്ന് നിര്‍ദേശിക്കുന്നു. നീതിലംഘനത്തിന്റെ വ്യത്യസ്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വിപരീതഫലങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യ-രാഷ്ട്രീയ അസമത്വം ശക്തമായ വൈരുധ്യങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന രേഖ, ശക്തമെന്നു കരുതുന്ന ജനാധിപത്യസ്ഥാപനത്തിന്റെ അടിത്തറ ഇളക്കിമറിക്കുമെന്ന് പറയുന്നു.
മുതലാളിത്ത പ്രതിസന്ധി സാമൂഹ്യമാറ്റങ്ങള്‍ക്ക് സഹായകരമായ വസ്തുനിഷ്ഠസാഹചര്യം രൂപപ്പെടുത്തുമെന്ന മാര്‍ക്സിന്റെ നിരീക്ഷണങ്ങളുടെ മറ്റൊരു രീതിയിലുള്ള അവതരണമായി വരെ ഇതു തോന്നിയെന്നു വരാം. ശക്തമാകുന്ന അസമത്വവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരെയാണ് ലോകത്തെമ്പാടും പടര്‍ന്നുപിടിക്കുന്ന പോരാട്ടങ്ങള്‍ . വത്തിക്കാന്‍ രേഖ മുന്നറിയിപ്പ് നല്‍കുന്നതുപോലെ നിലവിലുള്ള വ്യവസ്ഥയുടെ അടിത്തറ അത് എത്രമാത്രം ഇളക്കുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്. മുതലാളിത്തത്തിന് മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന മാര്‍ക്സിന്റെ വിമര്‍ശം ശരിവയ്ക്കുന്ന അനുഭവങ്ങള്‍ക്ക് ലോകം സാക്ഷ്യംവഹിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. മുതലാളിത്തത്തിന് പ്രതിസന്ധി കൂടപ്പിറപ്പാണെന്ന് മാര്‍ക്സ് പറഞ്ഞു. എന്നാല്‍ , പ്രതിസന്ധിയെ മറികടക്കുന്നതിന് മുതലാളിത്തത്തിന് ആന്തരികമായ കരുത്തുണ്ട്. അതുകൊണ്ട് പ്രതിസന്ധികളില്‍ മുതലാളിത്തം സ്വാഭാവികമായി തകരുമെന്ന് വ്യാമോഹിക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളെ മാറ്റത്തിന്റെ ശക്തികള്‍ക്ക് ശരിയാംവിധം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് സാമൂഹ്യമാറ്റത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ അരാജകത്വമായിരിക്കും ഫലമെന്ന് റോസ ലക്സംബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിത്തത്തിന് കഴിയുമെങ്കിലും അത് മറ്റൊരു പ്രതിസന്ധിയുടെ വാതില്‍ തുറന്നിട്ടുകൊണ്ടായിരിക്കുമെന്നും മാര്‍ക്സ് നിരീക്ഷിച്ചിരുന്നു. ഇപ്പോള്‍ പ്രതിസന്ധിയുടെ ഇടവേള കുറഞ്ഞിരിക്കുന്നു; അതിന്റെ ആഴം വര്‍ധിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണകാലത്ത് പ്രതിസന്ധിയും അതിവേഗത്തില്‍ ആഗോളവല്‍ക്കരിച്ചിരിക്കുന്നു. ഈ സാഹചര്യമാണ് അതിനിശിതമായ വിമര്‍ശത്തിലേക്ക് മുതലാളിത്തത്തെ എടുത്തെറിഞ്ഞിരിക്കുന്നത്. ബദലിനെ സംബന്ധിച്ച് വ്യത്യസ്തതകളുണ്ടെങ്കിലും മുതലാളിത്തം തകരുകയാണെന്ന അഭിപ്രായത്തിന് ശക്തികൂടിയിരിക്കുന്നു. ഇങ്ങനെ മുതലാളിത്തത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന നിലപാടുതന്നെയാണ് വത്തിക്കാന്‍ രേഖയിലുമുള്ളത്. ദരിദ്രന്റെമേല്‍ ആധിപത്യമുറപ്പിക്കുന്ന നിലനില്‍ക്കുന്ന വ്യവസ്ഥയെ അസ്ഥിരപ്പെടുത്തിയാല്‍പോലും പുതിയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ തങ്ങള്‍ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന രേഖ ഇക്കാലത്ത് ഗൗരവമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്.
No comments:
Post a Comment