വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, December 28, 2011

രാഷ്ട്രം പൊട്ടിച്ചിരിക്കേണ്ടത് കുട്ടികളിലൂടെ

രാഷ്ട്രം പൊട്ടിച്ചിരിക്കേണ്ടത് കുട്ടികളിലൂടെ എം വിജിന്‍

Posted on: 27-Dec-2011 11:59 PM

ആധുനിക ജനാധിപത്യരാജ്യം പൊട്ടിച്ചിരിക്കേണ്ടത് നിശ്ചയമായും കുട്ടികളിലൂടെയാകണം. ഓരോ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കൊപ്പവും രാജ്യം വളരുന്നു. കുട്ടികള്‍ പട്ടിണി കിടക്കുന്ന രാജ്യം സാമ്പത്തികമായി എത്ര വളര്‍ന്നു എന്ന് അവകാശപ്പെട്ടാലും അത് വളര്‍ച്ചയല്ല; വിളര്‍ച്ചയാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ , കുട്ടികള്‍ രാജ്യത്തിന്റെ ഭാവിഭാഗധേയമാണ്. ഇങ്ങനെ കുട്ടികളുടെ പ്രാധാന്യം വിളിച്ചോതുന്ന പല വാക്യങ്ങളും നാം കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ , യാഥാര്‍ഥ്യം മറ്റൊന്നാണ്. ബാല്യം ചൂഷണത്തിന്റെയും പട്ടിണിയുടെയും ഇരകളാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ആറിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് നമ്മുടേത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 24, അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് 14 വയസ്സുവരെയുള്ള കുട്ടികളെ പരിരക്ഷിക്കുന്നു. 39 എഫ് വകുപ്പ് കുട്ടികള്‍ക്ക് ചൂഷണത്തില്‍നിന്നുള്ള പരിരക്ഷ ഉറപ്പുനല്‍കുന്നു. 1974ല്‍ അംഗീകരിക്കപ്പെട്ട ദേശീയ ശിശുനയം (ചമശേീിമഹ ുീഹശര്യ ളീൃ രവശഹറൃലി 1974), 2005ല്‍ അംഗീകരിച്ച ബാലാവകാശ സംരക്ഷണ നിയമംവരെ കുട്ടികള്‍ക്കായി നിലവില്‍ വന്ന അവകാശങ്ങള്‍ പലതാണ്. എന്നാല്‍ , നിയമങ്ങളെല്ലാം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് 12.7 ദശലക്ഷം കുട്ടികള്‍ സ്കൂള്‍ പ്രവേശനംപോലും നേടാതെയാണ് വളരുന്നത്. നമ്മുടെ രാജ്യത്തെ 53 ശതമാനം പെണ്‍കുട്ടികളും നിരക്ഷരരാണ്. 60 ദശലക്ഷത്തിനും 115 ദശലക്ഷത്തിനുമിടയില്‍ കുട്ടികള്‍ ഇന്ത്യയില്‍ ബാലവേല ചെയ്യുന്നുണ്ട്. കണക്കുകളില്‍പെടാത്ത ലക്ഷങ്ങള്‍ വേറെയും. ഇന്ത്യയിലെ 563 ജില്ലകളില്‍ 2006ല്‍ നടത്തിയ പഠനറിപ്പോര്‍ട്ട് പ്രകാരം (ചഏഛ വെമസവേശ ്മവശിശ ശി 2006) 378 ജില്ലയില്‍നിന്നും ബാലവേലയ്ക്കും മറ്റുമായി കുട്ടികളെ കടത്തി കൊണ്ടുപോകുന്നുണ്ട്. 30 കോടി കുട്ടികളുള്ള നമ്മുടെ രാജ്യത്ത് 63 ശതമാനവും പട്ടിണിയിലാണ് എന്ന് യുനിസെഫ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 53 ശതമാനം കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2005ല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രജിസ്റ്റര്‍ചെയ്തത് 14,975 ആയിരുന്നു. 2009 ആകുമ്പോഴേക്കും അത് 24,201 ആയും 2010ല്‍ 26,694 ആയും വളര്‍ന്നു. (മധ്യപ്രദേശ് 18.9 ശതമാനം, ഉത്തര്‍പ്രദേശ് 18.1 ശതമാനം, മഹാരാഷ്ട്ര 12 ശതമാനം). ഓരോ വര്‍ഷവും കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ 7.6 ശതമാനംകണ്ട് വര്‍ധിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കുട്ടികള്‍ക്കായി നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് വാസ്തവം. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി നിലവില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000ല്‍ ഭേദഗതി ചെയ്യപ്പെട്ടുവെങ്കിലും, ഭേദഗതിക്ക് ശേഷം ഒരിക്കല്‍പോലും പ്രശ്നം ചര്‍ച്ചചെയ്യാന്‍ നിയോഗിക്കപ്പെട്ട കേന്ദ്രനിരീക്ഷണ കമ്മിറ്റിയുടെ യോഗം ചേര്‍ന്നില്ല എന്നതുതന്നെ അധികാരികളുടെ നിലപാട് വ്യക്തമാക്കുന്നു. നിയമപ്രകാരം ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജുവനൈല്‍ പൊലീസ് യൂണിറ്റ് രൂപീകരിക്കേണ്ടതാണെങ്കിലും ഇതുവരെ അത് നടപ്പിലായിട്ടില്ല. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് കൊണ്ടുവന്ന ബില്ല് മന്ത്രിസഭയുടെ അംഗീകാരം കാത്തു കഴിയുകയാണ്. മാധ്യമങ്ങളും പരസ്യകുതന്ത്രങ്ങളും കണ്ടുവളരുന്ന കുട്ടികള്‍ ഇവിടെയും വഴിതെറ്റുകയാണോ എന്ന സംശയം ഉയരുകയാണ്. എങ്കില്‍ കുറ്റവാളികള്‍ കുട്ടികളല്ല; സമൂഹംതന്നെയാണ്. കുട്ടികള്‍ക്ക് അവരുടെ കുട്ടിക്കാലം നഷ്ടമാകുന്നു; രക്ഷിതാക്കളും സമൂഹവും ചേര്‍ന്ന് അവരുടെ കുട്ടിക്കാലം കവര്‍ന്നെടുക്കുന്നു. സ്വന്തം രക്ഷിതാക്കളില്‍ നിന്നുപോലും പീഡനം ഏറ്റുവാങ്ങുന്നു എന്നതിനര്‍ഥം മൃഗീയതയെന്നുപോലും വിശേഷിപ്പിക്കാനാകാത്ത എന്തോ ഒന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നാണ്. ഇവിടെയാണ് കുട്ടികള്‍ക്കുവേണ്ടി ശബ്ദിക്കുന്ന,അവരുടെ പ്രശ്നങ്ങളില്‍ ഇടതടവില്ലാതെ ഇടപെടുന്ന സംഘടിത പ്രസ്ഥാനമായ ബാലസംഘത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. 1938 ഡിസംബര്‍ 28ന് കെ നായനാര്‍ അധ്യക്ഷനായി കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍ രൂപംകൊണ്ട ബാലസംഘം ഇന്ന് 73 വര്‍ഷം പിന്നിടുകയാണ്. മൂല്യബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ തെളിഞ്ഞ ചിന്തയും കര്‍മോത്സുകതയുമുള്ള ഒരു കുട്ടിക്കൂട്ടത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. പ്രവര്‍ത്തനം ചരിത്രപരമായി ഏറ്റെടുത്ത കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പ്രസ്ഥാനമാണ് ബാലസംഘം. "ജനിച്ചുവീഴുന്ന കുട്ടികള്‍ക്കുള്ള 10000 രൂപ സ്ഥിരനിക്ഷേപം പുനഃസ്ഥാപിക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, സമഗ്രബാലനയം പാസാക്കുക" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ബുധനാഴ്ച കേരളത്തിലെ മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും ബാലദിനറാലികളും പൊതുസമ്മേളനവും സംഘടിപ്പിക്കുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ബാലവേലയും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ, കുട്ടികളെ ജാതിമത വര്‍ഗീയ തുരുത്തുകളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ബാലദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

(ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)


No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്