വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, December 28, 2011

ഡല്‍ഹി @ 100

ഡല്‍ഹി @ 100

പി
രാജീവ്

ദേശാഭിമാനി, Posted on: 26-Dec-2011 08:23 AM

ഡിസംബറിലെ മരംകോച്ചുന്ന തണുപ്പില്‍ ഡല്‍ഹി സെഞ്ച്വറിയിലാണ്. 1911 ഡിസംബര്‍ 12നാണ് ബ്രിട്ടീഷ് ഭരണം ഡല്‍ഹിയെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള തലസ്ഥാനമാറ്റം ജോര്‍ജ് അഞ്ചാമന്‍ രാജാവാണ് പ്രഖ്യാപിച്ചത്. കൊളോണിയല്‍ ആധിപത്യകാലത്തെ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ആവശ്യമില്ലെന്ന അഭിപ്രായവും ശക്തം. അതുകൊണ്ടുതന്നെ ഔദ്യോഗിക ആഘോഷങ്ങളുടെ അധിക ബഹളങ്ങളില്ല. വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ചെറിയ ചെറിയ ആഘോഷങ്ങളുടെ പരസ്യങ്ങള്‍ കാണാം. തണുപ്പിലെ ഡല്‍ഹിയില്‍ രാത്രി ബാന്‍ഡ്വാദ്യങ്ങള്‍ കേള്‍ക്കാം. വിവാഹ ആഘോഷങ്ങളുടെ വേദിയാണത്. മുകുന്ദന്റെ "ഡല്‍ഹി" മഹാനഗരത്തിന്റെ സാധാരണ കാണാത്ത വശം വരച്ചിട്ടു. ചിത്രകാരന്റെ വഴികളില്‍ ആധുനിക ജീവിതത്തിന്റെ വിഹ്വലമായ അസ്വസ്ഥതകളാണ് അദ്ദേഹം വരച്ചിട്ടത്. വായനയുടെ പുതിയ അനുഭവമായിരുന്നു "ഡല്‍ഹി" തുറന്നിട്ടത്. മലയാള സാഹിത്യത്തിന് പുതിയ ഭാവവും രൂപവും നല്‍കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയ നിരവധി പേരുടെ വിഹാരഭൂമിയായിരുന്നു ഡല്‍ഹി. സാഹിത്യകാരന്മാരുടെ കൂട്ടായ്മയുടെ പുതിയ രീതി ഇവര്‍ തുറന്നിട്ടു. മുകുന്ദനും കാക്കനാടനും ഒ വി വിജയനും നാരായണപിള്ളയും തുടങ്ങി നിരവധി ഡല്‍ഹിക്കാരുടെ രചനകളില്‍ മനുഷ്യജീവിതത്തിന്റെ പുതിയ പ്രഹേളികകള്‍ കത്തുന്ന വാക്കുകളില്‍ പെയ്തിറങ്ങി. ശങ്കര്‍ ഡല്‍ഹിയില്‍ മലയാളിയുടെ പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ വരകളിലെ പരിഹാസം നെഹ്റുവിനെയും ചിരിപ്പിച്ചു. അന്നു കപില്‍ സിബല്‍മാര്‍ ഉണ്ടായിരുന്നില്ല. സോണിയയുടെ ചിത്രം പരിഹാസ്യമായി ഉപയോഗിച്ചെന്ന കാരണത്താല്‍ ഫേസ്ബുക്കിനും ഗൂഗിളിനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സിബലിന്റെ സമീപനം സാന്ദര്‍ഭികമായി ഓര്‍ത്തെന്നു മാത്രം.

നൂറുവര്‍ഷം ഡല്‍ഹിയെ മാറ്റിമറിച്ചിരിക്കുന്നു. ഡല്‍ഹിയെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചതോടെ ആധുനിക നഗരനിര്‍മിതിക്കാണ് തുടക്കമിട്ടത്. ഇരുപതു വര്‍ഷത്തെ കഠിനാധ്വാനമാണ് പുതിയ ഡല്‍ഹിയെ രൂപപ്പെടുത്തിയത്. ഇന്നത്തെ രാഷ്ട്രപതി ഭവനെയും പാര്‍ലമെന്റിനെയും ഇന്ത്യാഗേറ്റിനെയും കേന്ദ്രീകരിക്കുന്ന രൂപകല്‍പ്പനയാണ് നഗരത്തിനായി നടത്തിയത്. ഗവണ്‍മെന്റ് ഹൗസായാണ് രാഷ്ട്രപതി ഭവന്‍ നിര്‍മിച്ചത്. സെക്രട്ടറിയറ്റായിരുന്നു പാര്‍ലമെന്റ് മന്ദിരം. നഗര രൂപകല്‍പ്പനയില്‍ പ്രശസ്തനായ എഡ്വിന്‍ ലാന്‍ഡ്സീര്‍ ലൂട്ടിന്‍സിനെയാണ് ആധുനിക ഡല്‍ഹിയുടെ ഡിെസൈന്‍ ഏല്‍പ്പിച്ചത്. ബ്രസീല്‍ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ തലസ്ഥാനമായ ബ്രസീലിയയുടെ അത്ഭുതപ്പെടുത്തുന്ന രൂപകല്‍പ്പന ശ്രദ്ധിക്കുകയുണ്ടായി. ഓട്ടേ മേയറാണ് അത് രൂപകല്‍പ്പന ചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അദ്ദേഹം ലോകത്തിലെ പ്രശസ്തനായ നഗരശില്‍പ്പിയാണ്. അന്നത്തെ കണക്കില്‍ 13.07 കോടി രൂപയാണ് ഇതിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത്. വൈസ്രോയിക്ക് താമസിക്കാനായാണ് ഗവണ്‍മെന്റ് ഹൗസ് നിര്‍മിച്ചത്. 45 ലക്ഷം ഇഷ്ടികയും 7500 ടണ്‍ സിമന്റും ഉപയോഗിച്ച് 29000 തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്ത് എട്ടുവര്‍ഷം കൊണ്ടാണ് മനോഹരമായ ആ കെട്ടിടം നിര്‍മിച്ചത്. ഇന്നത്തെ രാഷ്ട്രപതിഭവനായ ആ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത് അന്നത്തെ കണക്കില്‍ 1.4 കോടി രൂപയാണ്.

എല്ലാ ചരിത്ര സ്മാരകങ്ങളുടെ നിര്‍മാണത്തിലും ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നിരവധി തൊഴിലാളികളുണ്ടായിരിക്കും. അവരുടെ വിവരങ്ങള്‍ ഒരു ചരിത്രത്താളിലും കാണാന്‍ കഴിയില്ല. അമേരിക്കയുടെ ചരിത്ര രചനയില്‍ സവിശേഷമായ വഴികള്‍ തേടിയ ഹരോള്‍ഡ് സിന്‍ കൊന്നൊടുക്കപ്പെട്ട കറുത്തവന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. ആനന്ദിന്റെ നോവലുകള്‍ അസ്വസ്ഥമാക്കുന്ന ഇത്തരം അനുഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഡല്‍ഹിയുടെ മുഖമുദ്രപോലെയാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലെ രക്തസാക്ഷികളുടെ സ്മാരകമാണ്. 1921 ഫെബ്രുവരിയിലാണ് ഇതിന്റെ തറക്കല്ലിട്ടത്. കൊടും ചൂടിന്റെ കാലത്ത് ഡല്‍ഹിക്കാരുടെ കേന്ദ്രമാണ് ഇന്ത്യാഗേറ്റ്. ചരിത്രസ്മാരകത്തിനു ചുറ്റും കുടുംബങ്ങളും സംഘങ്ങളും തമ്പടിക്കുന്നതു കാണാം. ആധുനിക ഡല്‍ഹിയുടെ മുഖം ചീറിപ്പായുന്ന മെട്രോയാണ്. നഗരജീവിതത്തിന്റെ സ്വഭാവം അതോടെ മാറിമറിഞ്ഞു. ഡല്‍ഹിയുടെ പല കോണുകളില്‍നിന്നും ഹൃദയത്തിലേക്ക് പതിനായിരങ്ങളെയും കൊണ്ട് മെട്രോകള്‍ ഓടുന്നു. ജീവിതത്തിനായുള്ള ഓട്ടത്തിലുള്ള മനുഷ്യരുടെ തള്ളിക്കയറ്റങ്ങള്‍ രാവിലെയും വൈകുന്നേരവും മെട്രോയുടെ യാത്രയെ സമ്പന്നമാക്കുന്നു. കൊണാട്ട് പ്ലേസാണ് വാണിജ്യത്തിന്റെ കേന്ദ്രം. ഓഫീസുകളും ഇവിടെ നിറഞ്ഞിരിക്കുന്നു. അകത്തും പുറത്തുമായി രണ്ടു സിപികളുണ്ട്. ഇന്ത്യന്‍ കോഫീ ഹൗസ് മലയാളികളുടെ കേന്ദ്രമായിരുന്നു. ഇന്ന് അതെല്ലാം അപ്രത്യക്ഷമായി. ഇപ്പോള്‍ ശരവണഭവനാണ് തെക്കേ ഇന്ത്യക്കാരുടെ ഒരു കേന്ദ്രം. വില കൂടുതലാണ്. ഉച്ചക്കും രാത്രിയിലും പുറത്തേക്ക് കാത്തിരിപ്പിന്റെ ക്യൂ നീളുന്നതു കാണാം. മലയാളിയുടെ ഭക്ഷണ രുചികള്‍ക്ക് ആശ്രയിക്കാന്‍ കേരള ഹൗസ് തന്നെയാണ് പ്രധാനം. എന്നാല്‍ , മലയാളിയുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന രൂപത്തില്‍ അത് ഇനിയും ഉയര്‍ന്നിട്ടില്ല. പുതിയ നിര്‍മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തടുരുന്നുവെന്നു മാത്രം. ഡല്‍ഹിയിലെ മലയാള രുചിയുടെ മറെറാരു കേന്ദ്രം കേശവന്‍കുട്ടിയുടെ തട്ടുകടയാണ്. ജന്തര്‍മന്ദിറിലെ പ്രധാന മലയാളി കേന്ദ്രമാണിത്. ഹസാരെയുടെ സമരത്തിന്റെ സന്ദര്‍ഭത്തില്‍ ദേശീയ മാധ്യമങ്ങളിലും കേശവന്‍ കുട്ടിയുടെ കടയുടെ വാര്‍ത്തകള്‍ വന്നിരുന്നു.

പതിനായിരക്കണക്കിന് മലയാളികളാണ് ഡല്‍ഹിയില്‍ ജീവിക്കുന്നത്. നിരവധി മലയാളി സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അതില്‍ പ്രധാനം ജനസംസ്കൃതിയാണ്. ഡല്‍ഹിയില്‍ എല്ലായിടത്തും ജനസംസ്കൃതിയുടെ സാന്നിധ്യമുണ്ട്. ചാനലുകള്‍ വന്നതോടെ മലയാളിയുടെ ഒറ്റപ്പെടലിന്റെ അനുഭവങ്ങള്‍ കുറഞ്ഞു. വീട്ടിലിരുന്നാല്‍ നാട്ടില്‍ ജീവിക്കുന്നതുപോലെ തന്നെ തോന്നും. അതോടെ പുറംകൂട്ടായ്മകളിലെ പങ്കാളിത്തം കുറഞ്ഞിരിക്കുന്നെന്ന അഭിപ്രായമുണ്ട്. കൊടുംതണുപ്പില്‍ തെരുവില്‍ കിടന്നുറങ്ങുന്നവരുടെ എണ്ണത്തിനു നൂറുവര്‍ഷം തികഞ്ഞിട്ടും ഇന്ദ്രപ്രസ്ഥത്തില്‍ മാറ്റമില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി കൂലിപ്പണിക്കു വരുന്നവര്‍ കുടുംബമായി തന്നെ തെരുവില്‍ ജീവിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിയ്ക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്കും ഇതുവരെയും പരിഹാരമായില്ല. ജീവിതം എവിടെയും മഹാഭൂരിപക്ഷത്തിനു കഠിന സമരമാണ്. നൂറുവര്‍ഷത്തിന്റെ ഡല്‍ഹിയില്‍ കൊളോണിയല്‍ കാലത്തുനിന്ന് സ്വതന്ത്ര ഇന്ത്യയിലേക്ക് മാറുമ്പോള്‍ ജനങ്ങളുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടായി എന്ന ചോദ്യമാണ് പ്രസക്തം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്