വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, February 4, 2010

മലയാളം നമ്മുടെ അഭിമാനം

ദേശാഭിമാനി ലേഖനം

മലയാളം നമ്മുടെ അഭിമാനം

പയ്യന്നൂര്‍ കുഞ്ഞിരാമന്‍

കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് മാറ്റ് കൂട്ടുന്ന വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികജാഥ പ്രയാണം വെള്ളിയാഴ്ച പര്യവസാനിക്കും. 'മലയാളം നമ്മുടെ അഭിമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നു ജനുവരി ഒന്നിനു തുടങ്ങിയ ജാഥ പാറശാലയിലാണ് സമാപിക്കുക. മലയാളത്തെ സ്നേഹിക്കുക, മലയാളിയുടെ സാംസ്കാരികത്തനിമ നിലനിര്‍ത്തുക, പുസ്തകങ്ങള്‍ ജീവിതവളര്‍ച്ചയുടെ ഭാഗമാക്കുക തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തിയാണ് ജാഥ പര്യടനം നടത്തിയത്. നാളികേരത്തിന്റെ ഈ കൊച്ചുനാട് മലയാളികളുടെ മാതൃഭൂമിയായിത്തീര്‍ന്നത് നീണ്ടകാലത്തെ പോരാട്ടത്തിന്റെ ഫലമായാണെന്ന് ജാഥ ഓര്‍മപ്പെടുത്തി.

സാഹിത്യം ആനന്ദത്തിനുള്ള ഉപാധിമാത്രമല്ലെന്നും അതിന് ചില ഉദ്ദേശ്യങ്ങളുണ്ടെന്നും എഴുത്തുകാരനില്‍നിന്ന് സമൂഹം ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ടെന്നും ജാഥ വിളിച്ചുപറഞ്ഞു. സമൂഹത്തിലെ കരിഞ്ചന്തയും കൈക്കൂലിയും സ്വജനപക്ഷപാതവും പരനിന്ദയും എഴുത്തുകാരന്റെ ഹൃദയത്തെ സ്പര്‍ശിക്കരുതെന്നും ജാഥ പറഞ്ഞു. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള ശേഷി മലയാളിയുടെ സ്വത്വത്തിന്റെ അളവുകോലാണെന്നും ജാഥ തിരിച്ചറിഞ്ഞു. മിണ്ടിത്തുടങ്ങുന്ന കുഞ്ഞിന്റെ ചുണ്ടില്‍ അമ്മിഞ്ഞപ്പാലിനൊപ്പം കലരുന്നതാണ് മലയാള ഭാഷ. തുഞ്ചനും കുഞ്ചനും പാലൂട്ടി വളര്‍ത്തിയ മലയാള ഭാഷ. വള്ളത്തോളും കുമാരനാശാനും ഉള്ളൂരും ചങ്ങമ്പുഴയും പാടിപ്പുകഴ്ത്തിയ ഭാഷ. ഭാഷയോടുള്ള താല്‍പ്പര്യം ഭാഷ സംസാരിക്കുന്ന ജനതയോടും സംസ്കാരത്തോടുമുള്ള താല്‍പ്പര്യംകൂടിയാണ്. അക്ഷരങ്ങളും പുസ്തകങ്ങളും മലയാളിയുടെ സാമൂഹ്യജീവിതം തെളിയിച്ചെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിദ്വേഷകലുഷിതമായ സമൂഹത്തെ മാറ്റിമറിച്ചുകൊണ്ടാണ് നവോത്ഥാനചിന്തകള്‍ കേരളത്തില്‍ വേരോടിയത്. നാഗരികതയിലേക്കും പുരോഗതിയിലേക്കുമുള്ള പാതയിലെ പുതിയ ദീപസ്തംഭങ്ങളായി നവോത്ഥാനനായകര്‍ ജ്വലിച്ചുനിന്നു.

ജാതി, മതം, ആചാരം, അന്ധവിശ്വാസം, അടിമത്തം തുടങ്ങിയ സമ്പ്രദായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അവരുടെ കൈകള്‍ നീണ്ടു. പ്രക്ഷോഭത്തിന്റെയും പോരാട്ടത്തിന്റെയും പുതുതുടിപ്പുകളുയര്‍ന്നു. പഴംപുരാണങ്ങളിലെ ശീലുകള്‍ മാറ്റിക്കുറിച്ചു. പണിയാളര്‍ക്ക് പുതിയ സംഘഗീതി മുഴക്കി. ചരിത്രത്തിന്റെ ഊടും പാവും നിയന്ത്രിക്കുന്ന മതത്തെ കടിഞ്ഞാണിട്ട്, സ്വാതന്ത്യ്രത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ ആകാശം പടുത്തുയര്‍ത്തി. മതസാമ്രാജ്യത്വത്തിന്റെ ശിഥിലീകരണത്തിനായി മഹാവിപ്ളവം നയിച്ചവരാണ് നവോത്ഥാനനായകന്മാരും കലാകാരന്മാരും എഴുത്തുകാരും. നാടിന്റെ പുണ്ണ് പിടിച്ച മനസ്സിനാണ് അവര്‍ ചികിത്സ വിധിച്ചത്. സമൂഹം എങ്ങനെ രൂപപ്പെടുത്തണമെന്ന തിരിച്ചറിവാണ് അവരെ നയിച്ചത്. വ്യക്തിയുടെ സത്തയും അസ്തിത്വവും പൊതുബോധത്തിന്റെ ഭാഗമായി അവര്‍ വ്യാഖ്യാനിച്ചു. പഞ്ഞവും പട്ടിണിയും വിതയ്ക്കുന്ന വ്യവസ്ഥകളോട് പൊരുതുമ്പോഴും ജാതിമതങ്ങളുടെ വൈരുദ്ധ്യങ്ങളില്‍നിന്ന് ജനതയെ മോചിപ്പിക്കാനും സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും നവോത്ഥാനനായകര്‍ ശ്രമിച്ചു. എന്നാലിന്ന് വ്യക്തിയെയും സമൂഹത്തെയും കോര്‍ത്തിണക്കുന്ന കണ്ണികളിലെല്ലാം ജാതിമതങ്ങളുടെ വര്‍ണങ്ങള്‍ പടരുന്നു.

എ കെ ജി തല്ലുകൊണ്ട് വീണ് മാറ്റിയെടുത്ത ഇടവഴികളിലും കൃഷ്ണപിള്ള മണിയടിച്ച് തട്ടിത്തുറന്ന ശ്രീകോവിലുകളിലും വര്‍ഗീയതയുടെ വിഷാണുക്കള്‍ ഇഴഞ്ഞു നടക്കുന്നു. എല്ലാ ജീവനും സ്വാതന്ത്യ്രവും തട്ടിമാറ്റുകയും ഏറ്റവും വിലപ്പെട്ടതും പ്രിയപ്പെട്ടതുമായ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ പരിക്കേറ്റു പിന്തിരിയുന്ന പോരാളികളാകില്ലെന്ന് ജാഥാംഗങ്ങള്‍ പ്രഖ്യാപിക്കുന്നു. പുതിയ കരുത്തിന്റെ പാട്ടുകള്‍ പാടി, അതിരുകളൊക്കെ മുറിച്ചുകടന്ന്, വിപ്ളവകേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ മനുഷ്യാലയമാക്കിത്തീര്‍ത്തവരുടെ പാതകളില്‍ മാനവീയതയുടെ പുതിയ കൂട്ടായ്മ, കാലത്തിന്റെ ദൌത്യംകൂടിയായിത്തീരുന്നു. സ്വതന്ത്രഭാരതത്തിന്റെ നൂതനചരിതം സ്വന്തം ചോരയിലെഴുതാനാണ് സാംസ്കാരിക ജാഥ ആഹ്വാനംചെയ്യുന്നത്.

നാടിനെ വരിഞ്ഞുമുറുക്കുന്ന ശക്തികളോടും നാട്ടില്‍ അന്ധത വിതയ്ക്കുന്ന സാഹചര്യങ്ങളോടും സന്ധിയില്ലാതെ പൊരുതണമെന്ന് ഈ ജാഥ ഓര്‍മപ്പെടുത്തുന്നു. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നാളുകളിലാണ് മലയാളി ജീവിക്കുന്നത്. ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന ആദര്‍ശങ്ങളോടും കലാപ്രവര്‍ത്തനങ്ങളോടും മുഖം തിരിക്കുന്ന സാഹചര്യങ്ങളുണ്ടാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്യണമെന്ന് സാംസ്കാരിക ജാഥ ആഹ്വാനം ചെയ്യുന്നു. പീഡിതജനതയോടുള്ള പ്രതിപത്തിയാണ് പ്രധാനം. നാളയെക്കുറിച്ചും നന്മയെക്കുറിച്ചുമുള്ള ചിന്തകള്‍ ഉണര്‍ന്നുവരണം. ഇരുളിനപ്പുറത്തുള്ള വെളിച്ചത്തിലേക്ക് ജനതയെ എങ്ങനെ നയിക്കാമെന്നതാണ് സാമൂഹ്യപ്രവര്‍ത്തകര്‍ എന്നെന്നും ചിന്തിച്ചത്. കലയില്ലെങ്കില്‍ ജീവിതം കാടുപിടിച്ചതുപോലെയായിത്തീരുമെന്ന് ആചാര്യന്മാര്‍ കണ്ടെത്തിയിരിക്കുന്നു. ജീവിതത്തിലെ കത്തുന്ന പ്രശ്നങ്ങളെയാണ് എഴുത്തുകാര്‍ക്ക് നേരിടാനുള്ളത്. എഴുത്തുകാരന്റെ തൂലികയും ചിത്രകാരന്റെ ബ്രഷും അടിമച്ചങ്ങലകള്‍ അറുത്തെറിയുന്ന ഖഡ്ഗങ്ങളാകണമെന്ന് നിര്‍ദേശിച്ചത് കയ്യൂരിന്റെ കാഥികന്‍ നിരഞ്ജനയാണ്. ജാഥകള്‍ ഏറ്റവും ശക്തമായൊരു സമരരൂപമാണ്. കേരളത്തില്‍ ഈ ആശയത്തെ ജനജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും വളര്‍ച്ചയുടെ ഭാഗമാക്കിത്തീര്‍ത്തത് എ കെ ഗോപാലനാണ്. എഴുത്തുകാരേ, കലാകാരന്മാരേ, നിങ്ങളിന്നൊന്നുണരുമോ എന്നദ്ദേഹം ചോദിക്കുമായിരുന്നു.

നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് നെറികേടുകള്‍ക്കെതിരെ നെഞ്ചുവിടര്‍ത്തി പൊരുതാനുള്ള ആത്മവിശ്വാസം ജാഥ പകര്‍ന്നുകൊടുക്കുന്നു. ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും പടഹങ്ങളാണ് ജാഥയിലുയരുന്നത്. ജാഥ പ്രകടനപരതയുടെ പരിഹാസ്യമായ ലക്ഷണമല്ല. സാമാന്യജനതയുടെ ആശയലോകം തെളിയിച്ചെടുക്കുന്ന മൂല്യവത്തായ സാംസ്കാരികപ്രവര്‍ത്തനമാണ്. വര്‍ത്തമാനകാല പ്രശ്നങ്ങള്‍ക്കുമുന്നില്‍ കേരളജനതയും അമ്പരന്നുനില്‍ക്കുകയാണ്. ജാഥ സാമാന്യജനതയെ ആര്‍ജവത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്നു. ജാഥ ജനതയെ അടുത്തുചെന്നു തൊടുന്ന മഹത്തായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മലയാളം മൊഴിയുന്നവര്‍ക്കെല്ലാം ഒരു മനസ്സും ഒരു ചിന്തയുമാണെന്ന ഓര്‍മപ്പെടുത്തലാണ്. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള മലയാളിയുടെ സ്വത്വബോധം തിരിച്ചുപിടിക്കുകയാണ്.

1 comment:

Unknown said...

സാറേ,
ആശംസകള്‍..മുന്നേറുക.
http://tomsnovel.blogspot.com/

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്