വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, February 12, 2010

ഡോ. കെ.എം.രാജ്

സാമൂഹ്യപ്രതിബദ്ധതയുള്ള അതുല്യപ്രതിഭ

കേരളത്തില്‍ ജനിച്ച് സാമൂഹ്യശാസ്ത്രചിന്തയിലും പ്രയോഗത്തിലും ലോകത്തോളം വളര്‍ന്ന മഹാനായ സാമ്പത്തികശാസ്ത്രജ്ഞനെയാണ് ഡോക്ടര്‍ കെ എന്‍ രാജിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. ക്ഷേമസാമ്പത്തിക ശാസ്ത്രം, മനുഷ്യമുഖമുള്ള വികസനം എന്നിങ്ങനെയുള്ള പേരുകളില്‍ ഇന്ന് അറിയപ്പെടുന്ന പ്രത്യേക ശാഖകളൊന്നും രൂപം കൊള്ളുന്നതിനു മുമ്പ് അതിന്റെ ഉള്ളടക്കം പ്രയോഗിക്കാനാണ് രാജ് ശ്രമിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോക സാമ്പത്തിക ചിന്തയെ സ്വാധീനിച്ച പ്രധാന ചിന്തകനായിരുന്ന കെയ്ന്‍സിന്റെ സ്വാധീനം അക്കാലത്തെ മിക്കവാറും സാമ്പത്തിക ശാസ്ത്രജ്ഞരെപ്പോലെ രാജിലുമുണ്ടായിരുന്നു. എന്നാല്‍, അവരില്‍ പലരില്‍നിന്നും വ്യത്യസ്തനായി ഇടതുപക്ഷ മുഖംകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ആസൂത്രണത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സോവിയറ്റ് യൂണിയന്‍ രാജിന്റെ തലമുറയെ ആകര്‍ഷിച്ചു. എന്നാല്‍, ആ വഴിയിലൂടെ തനിയാവര്‍ത്തന യാത്രയായിരുന്നില്ല അദ്ദേഹത്തിന്റേത്. ഇടതുപക്ഷകാഴ്ചപ്പാടോടെ കെയ്നീഷ്യന്‍ സിദ്ധാന്തത്തിന്റെ ഇന്ത്യന്‍ സാഹചര്യത്തിലെ പ്രയോഗമായിരുന്നു രാജിന്റേത്.

ലണ്ടനിലെ പഠനാനുഭവങ്ങളുമായി ഇന്ത്യയിലെത്തിയ രാജാണ് ആധുനിക ഇന്ത്യയുടെ ആസൂത്രണ പ്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഇരുപത്താറു വയസ്സിന്റെ ചെറുപ്പത്തിലും പക്വമായ ചിന്തയുടെ ഉടമയായ രാജിനെ നെഹ്റുവിന് വലിയ താല്‍പ്പര്യമായിരുന്നു. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ അന്നത്തെ താല്‍പ്പര്യങ്ങളുമായി ചേര്‍ന്നുപോകുന്ന പൊതുമേഖലയ്ക്ക് പ്രാധാന്യമുള്ള ആസൂത്രണ സമീപനമാണ് സ്വീകരിച്ചിരുന്നത്. വളര്‍ച്ചനിരക്കിന്റെ കുതിച്ചുചാട്ടങ്ങളില്‍ രാജ് വിശ്വസിച്ചിരുന്നില്ല. അടിസ്ഥാന വ്യവസായങ്ങള്‍ക്കും കൃഷിക്കും സാമൂഹ്യക്ഷേമത്തിനും മുന്‍കൈ നല്‍കുന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ബാങ്ക് ദേശസാല്‍ക്കരണനയം അംഗീകരിക്കുന്നതില്‍ അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്കൊപ്പം രാജിന്റെ സ്വാധീനവും പ്രധാനമായിരുന്നു. രണ്ടാം പഞ്ചവത്സരപദ്ധതി വ്യവസായമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു. എന്നാല്‍, അത്തവണയും മുന്‍കൈ കൃഷിക്കും അടിസ്ഥാന വ്യവസായങ്ങള്‍ക്കും ആയിരിക്കണമെന്നതായിരുന്നു രാജിന്റെ കാഴ്ചപ്പാട്. ഭൂബന്ധങ്ങളുടെ കാര്യത്തില്‍ തെളിമയാര്‍ന്നതും ശാസ്ത്രീയ ചിന്തയുടെ പിന്‍ബലമുള്ളതുമായ നിലപാടായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റേത്. ഭൂപ്രഭുത്വവുമായി സഖ്യത്തിലേര്‍പ്പെട്ട വന്‍കിട ബൂര്‍ഷ്വാസിയുടെ പരിപാടിയില്‍ അതിന് ഇടം കിട്ടാത്തതില്‍ അത്ഭുതമില്ല. കേരളത്തിലെ ആദ്യത്തെ ഇ എം എസ് സര്‍ക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാടിനു രൂപം നല്‍കുന്നതില്‍ പ്രധാനപങ്കാണ് രാജ് വഹിച്ചത്. അദ്ദേഹത്തിന്റെ പ്രിയശിഷ്യരാണ് ഇവിടെ വന്ന് എല്ലാതരത്തിലും പദ്ധതിയിലും പരിപാടികളിലും ഇടപെട്ടത്.

അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും ഭൂപരിഷ്കരണത്തിന്റേതുപോലെ ഉറച്ച നിലപാട് രാജിനുണ്ടായിരുന്നു. രണ്ടും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള ധാരണകളാല്‍ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. കാര്‍ഷിക മേഖലയിലെ മറച്ചുവയ്ക്കപ്പെട്ട തൊഴില്‍ ശക്തിയെ കുറിച്ചുള്ള ചിന്തകള്‍ പുതിയ വെളിച്ചം നല്‍കുന്നതായിരുന്നു. എക്കാലത്തും അധ്യാപനമായിരുന്നു രാജിന്റെ ഇഷ്ടപ്പെട്ട മേഖല. ആസൂത്രണ കമീഷനില്‍നിന്ന് അധ്യാപനത്തിലേക്ക് തിരിച്ചുപോന്നു. അധികാരത്തിന്റെ മോഹവലയങ്ങളില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരിക്കലും പണയപ്പെടുത്താന്‍ തയ്യാറാകാത്ത വ്യക്തിത്വമായിരുന്നു രാജിന്റേത്. ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചുവന്ന രാജാണ് ഇന്ന് ലോകപ്രശസ്ത സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. കോസ്റ്ഫോര്‍ഡ് സൃഷ്ടിക്കുന്നതിലും നിസ്തുലമായ സംഭാവനയാണ് രാജ് നല്‍കിയത്. എല്ലാ തരത്തിലുള്ള ആശയസംവാദങ്ങള്‍ക്കും സദാ സന്നദ്ധമായ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. കമ്പോളത്തിന്റെ കേവല നിയമങ്ങളിലും ധനമൂലധനത്തിന്റെ പുതിയ സിദ്ധാന്തങ്ങളിലും മാത്രം അഭിരമിക്കാന്‍ ശ്രമിക്കുന്ന ആധുനിക പ്രൊഫഷണല്‍ ധനശാസ്ത്രജ്ഞരുടെ പുതുതലമുറയ്ക്ക് അത്ഭുതമായിരിക്കും രാജിനെപ്പോലുള്ളവര്‍. ജനകീയനായ ധനശാസ്ത്രജ്ഞന് ആദരാഞ്ജലികള്‍.

ദേശാഭിമാനി മുഖപ്രസംഗം

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്