വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, February 10, 2010

ബിടി വഴുതന തല്‍ക്കാലമില്ല

ദേശാഭിമാനിയിൽനിന്ന്

ബിടി വഴുതന തല്‍ക്കാലമില്ല

എം പ്രശാന്ത്

ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ജനിതക വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനയുടെ കൃഷി അനുവദിച്ച തീരുമാനം മരവിപ്പിക്കുകയാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി ജയ്റാം രമേശ് അറിയിച്ചു. വിശദമായ പഠനത്തിലൂടെ സംശയങ്ങള്‍ ദൂരീകരിച്ചശേഷമേ തുടര്‍നടപടിയുണ്ടാകൂ.

പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജനിതക അംഗീകാര സമിതി (ജിഇഎസി) 2009 ഒക്ടോബര്‍ 14ന് ജനിതക വഴുതനയുടെ വാണിജ്യ കൃഷിക്ക് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ അന്തിമതീരുമാനം പരിസ്ഥിതി മന്ത്രാലയത്തിന് വിട്ടു. കേരളവും ബംഗാളുമടക്കം വിവിധ സംസ്ഥാനങ്ങളും നിരവധി സംഘടനകളും കേന്ദ്രനീക്കത്തെ എതിര്‍ത്തു. തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയും രാജ്യത്തെ എട്ട് കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഈ വേദികളില്‍ സംസ്ഥാനങ്ങളും സംഘടനകളും ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ് ഒടുവില്‍ കേന്ദ്രത്തിന് തീരുമാനം മരവിപ്പിക്കേണ്ടിവന്നത്.

അഭിപ്രായ ഭിന്നതയുള്ളതിനാലാണ് തീരുമാനം മരവിപ്പിക്കുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമുണ്ടാകുമോ എന്ന് പഠിക്കും. ജനിതകവഴുതന സുരക്ഷിതമാണെന്ന് ശാസ്ത്രീയ പഠനമുണ്ടാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി മരവിപ്പിക്കുകയാണ്. മറ്റു വിളകളുടെ കാര്യത്തില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ തുടരും. ജനിതകമാറ്റം വരുത്തിയ ആദ്യ പച്ചക്കറിയാണ് വഴുതന.

വഴുതന ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യക്ക് ജനിതകകൃഷി തുടങ്ങുന്നതിന് തിടുക്കമില്ലെന്നും മന്ത്രി പറഞ്ഞു. ജനിതക പരുത്തികൃഷി വാണിജ്യാടിസ്ഥാനത്തില്‍ അനുവദിച്ച ആന്ധ്രയിലാണ് തെളിവെടുപ്പ് ഏറ്റവും പ്രക്ഷുബ്ധമായത്. അവിടെയും കൊല്‍ക്കത്തയിലും ജയ്റാം രമേശിനെതിരെ കൈയേറ്റ ശ്രമംപോലുമുണ്ടായി. വിത്തുല്‍പ്പാദന രംഗത്തെ അമേരിക്കന്‍ കുത്തക കമ്പനിയായ മൊസാന്റോയെയും അതിന്റെ ഇന്ത്യന്‍ പതിപ്പായ മാഹികോയെയും സഹായിക്കാനാണ് കേന്ദ്രനീക്കമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ജിഇഎസിയുടെ തീരുമാനം ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് ആക്ഷേപം. മൊസാന്റോയ്ക്ക് ഏറെ സ്വാധീനമുള്ള കേന്ദ്രസര്‍ക്കാരും ജിഇഎസിയുടെ ചുവടുപിടിച്ച് നീങ്ങുമ്പോഴാണ് വിവിധ കോണുകളില്‍ എതിര്‍പ്പ് രൂക്ഷമായത്. കേരളത്തിനും ബംഗാളിനും പുറമെ ബിഹാര്‍, ആന്ധ്ര, ഛത്തീസ്ഗഢ്, കര്‍ണാടകം, ഒറീസ, തമിഴ്നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ജനിതക വഴുതന കൃഷിയെ എതിര്‍ത്തത്.

സംസ്ഥാനത്തെ ജനിതക വിമുക്തമാക്കാന്‍ തീരുമാനിച്ചതായുംഎല്ലാ ജനിതകവിത്തിനങ്ങളും നിരോധിക്കുമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ജനിതക വഴുതന കൃഷി മരവിപ്പിച്ചെങ്കിലും ജനിതക ശാസ്ത്രത്തോട് എതിര്‍പ്പില്ലെന്ന് ജയ്റാം രമേശ് പറഞ്ഞു. ഡോ. എം എസ് സ്വാമിനാഥന്‍ അടക്കമുള്ള കാര്‍ഷിക ശാസ്ത്രജ്ഞരുമായും ഡോ. പി എം ഭാര്‍ഗവയെ പോലുള്ള വിദഗ്ധരുമായും ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്