വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, February 10, 2010

ബി.ടി വഴുതന വേണ്ടെന്ന് കേന്ദ്രം

കേരള കൌമുദിയിൽ നിന്ന്

ബി.ടി വഴുതന വേണ്ടെന്ന് കേന്ദ്രം

കെ. എസ്. ശരത്ലാല്‍

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന (ബി.ടി വഴുതന) കാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു.
ജനിതക മാറ്റം വരുത്തിയ ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

ബി.ടി വഴുതന കാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജനിറ്റിക്കല്‍ എഞ്ചിനിയറിംഗ് അപ്രൂവല്‍ കമ്മിറ്റി അനുമതി നല്‍കിയിരുന്നു. കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബി.ടി വഴുതന നിരോധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ബി.ടി വഴുതന കൃഷിക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.

കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്ന കാരണമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രി വിശദീകരിച്ചു. എന്നാല്‍ ജനിതക മാറ്റം വരുത്തിയ കുരുക്കളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ കാര്യത്തില്‍ നിരോധനം ബാധകമാകുമോ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ചത് ഭക്ഷ്യ എണ്ണ മുതല്‍ ഇറക്കുമതി ചെയ്യുന്ന പഴ സത്തുകള്‍ക്കു വരെ ബാധകമായിരിക്കും.
കഴിഞ്ഞ ഒക്ടോബര്‍ 14 ന് ചേര്‍ന്ന ജനിറ്റിക്കല്‍ എന്‍ജിനിയറിംഗ് അപ്രൂവല്‍ കമ്മിറ്റിയില്‍ ബി.ടി വഴുതനയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു കമ്മിറ്റി ഭൂരിപക്ഷ അഭിപ്രായപ്രകാരം അനുമതി നല്‍കിയത്.

കമ്മിറ്റി അംഗവും ഇന്ത്യയിലെ ഏറ്റവും മികച്ച ജനിതക വിദഗ്ധനുമായ ഡോ. പുഷ്പ ഭാര്‍ഗവ ബി. ടി വഴുതനയ്ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.
അമേരിക്കന്‍ വിത്തുത്പാദകരായ മൊണ്‍സാന്റോയുടെ ഇന്ത്യന്‍ പതിപ്പ് ആയ മഹീകോ കമ്പനിയാണ് ബി.ടി വഴുതന വികസിപ്പിച്ചത്. ഇതേക്കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന് സാമ്പത്തിക സഹായം നല്‍കിയത് മൊണ്‍സാന്റോ ആയിരുന്നു.

എന്താണ് ബി. ടി. വഴുതന
മണ്ണിലുള്ള ബാസില്ലസ് തുറുഞ്ചിയാസിസ് (ബി.ടി) ബാക്ടീരിയ ചെറിയ തോതില്‍ വിഷം ഉത്പാദിപ്പിക്കും. ഈ ബാക്ടീരിയയുടെ ജീന്‍ വേര്‍തിരിച്ചെടുത്ത് ജീന്‍ ബോംബിംഗ് എന്ന ജനിതക ടെക്നോളജി വഴി വഴുതന വിത്തില്‍ കടത്തുന്നു.
ഈ വിത്തില്‍ നിന്നുണ്ടാക്കുന്ന ചെടി സ്വയം പിന്നീട് വിഷം ഉത്പാദിപ്പിക്കുകയും ഈ വിഷം കീടങ്ങളെ അകറ്റുകയും ചെയ്യും. കീടനാശിനി പ്രയോഗം പൂര്‍ണമായി കുറയ്ക്കാം എന്നതാണ് മെച്ചം.
ദോഷങ്ങള്‍: കീടനാശിനി ഉള്ളില്‍ വഹിക്കുന്ന വഴുതനയുടെ പാര്‍ശ്വഫലങ്ങള്‍ പഠന വിധേയമാക്കിയിട്ടില്ല. അത്യുത്പാദന ശേഷിയും ചെലവ് കുറഞ്ഞ കൃഷി രീതിയും മൂലം ബി. ടി. വഴുതന മറ്റ് വഴുതനകളെ മാര്‍ക്കറ്റില്‍ നിന്ന് പാടേ തുടച്ചുമാറ്റും. സാധാരണക്കാര്‍ക്ക് ബി.ടി വഴുതനയെ മറ്റു വഴുതനയില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയില്ല. പരാഗണം വഴി ബി.ടി വഴുതനയുടെ ജനിതക സ്വഭാവം നാടന്‍ വഴുതനയ്ക്കും പകര്‍ന്നുകിട്ടും. ക്രമേണ നാടന്‍ വഴുതന അപ്രത്യക്ഷമാകും. ഓരോ കൃഷിക്കും 'കമ്പനി വിത്ത്' വാങ്ങണം.

കേരളം നേരത്തേ തീരുമാനിച്ചു: മുല്ലക്കര
ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെ കേരളം നേരത്തേതന്നെ ഉറച്ച സമീപനമെടുത്തിരുന്നതാണെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കേരളത്തെ ഒരു ജി.എം. ഫ്രീ സോണായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയുണ്ടായി. ബി.ടി വഴുതനയുടെ പരീക്ഷണങ്ങള്‍ കേരളത്തില്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ജൈവ വൈവിധ്യം നിറഞ്ഞ കേരളത്തെ മലിനീകരണവിമുക്തമായി സംരക്ഷിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് കേന്ദ്രം അംഗീകരിച്ചതില്‍ സന്തോഷം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്