
കേരളകൌമുദി വാര്‍ത്ത
ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു; ആദരാഞ്ജലികൾ!
2010 ഫെബ്രുവരി 10
കോഴിക്കോട്: ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരി (49) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് അഞ്ചു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ ഉള്ള്യേരി പുത്തഞ്ചേരി പുളിക്കൂര്‍ കൃഷ്ണന് പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1961ല്‍ ജനനം. പുത്തഞ്ചേരി ഗവ.എല്‍.പി. സ്കൂളിലും മൊടക്കല്ലൂര്‍ എ.യു.പി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലായിരുന്നു.
ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. അഗ്നിദേവന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൌരീശങ്കരം, കഥാവശേഷന് എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്കാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.
1990-ല്‍ എന്‍ക്വയറി എന്ന ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചാണ് അദ്ദേഹം സിനമയിലേക്കെത്തുന്നത്. തുടര്‍ന്ന് ജോണിവാക്കറിലെ 'ശാന്തമീ രാത്രിയില്‍...' എന്ന ഗാനം ശ്രോതാക്കള്‍ സ്വീകരിച്ചതോടെ പുത്തഞ്ചേരി മലയാളത്തിന്റെ തിരക്കേറിയ പാട്ടേഴുത്തുകാരനായി മാറുകയായിരുന്നു.
ജോണിവാക്കറിലെ 'ശാന്തമീ രാത്രിയില്‍..', ദേവാസുരത്തിലെ 'സൂര്യകിരീടം വീണുടഞ്ഞു..', വടക്കുന്നാഥനിലെ 'കളഭം തരാം..', കൃഷ്ണഗുഡിയിലെ 'പിന്നെയും പിന്നെയും ആരോ കിനാവിന്റെ..' തുടങ്ങിയവ മികച്ച ഹിറ്റുകളായിരുന്നു. രണ്ടു കവിതാ സമാഹാരങ്ങളും നിരവധി ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
മേലേപ്പറമ്പില്‍ ആണ്‍വീടിന് കഥയെഴുതി അദ്ദേഹം സിനിമയുടെ മറ്റു മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്നു കിന്നരിപ്പൂഴയോരം, മമ്മൂട്ടി നായകനായ പല്ളാവൂര് ദേവനാരായണന്, മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന് എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതി.
ഭാര്യ: ബീന. മക്കള്‍: ജിതിന് കൃഷ്ണന്, ദില്‍നാഥ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, പ്രവീണ്‍കുമാര്‍, ആനന്ദവല്ലി, വല്‍സല, ജലജ.
1 comment:
ഗിരീഷ് പുത്തഞ്ചേരി മലയാളസിനിമാരംഗത്ത് ഏറെ വിമര്‍ഷനങ്ങള്‍ ഏറ്റുവാങ്ങിയ ഗാനരചയിതാവായിരുന്നു.എന്നാലും മലയാളി ഇരുകരങ്ങളുംനീട്ടി അദ്ദേഹത്തെ സ്വീകരിച്ചു. “പിന്നെയും പിന്നെയും ആരോ..(ക്ര് ഷ്ണഗുഡിയില് ഒരു പ്രണയകാലത്ത്,)തുടങ്ങി അദ്ദേഹം അനശ്ശ്വരമാക്കിയ ഗാനങ്ങള്‍ ഏറെയുണ്ട്, പെയ് തൊഴിഞ്ഞ് പോയ മലയാളത്തിന്റെ പുണ്ണ്യകവിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കണ്ണുനീര് പുഷ്പങ്ങളര്‍പ്പിക്കുന്നു.
Post a Comment