വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

ചുവപ്പിന്റെ തലസ്ഥാനം

ചുവപ്പിന്റെ തലസ്ഥാനം

ദേശാഭിമാനി
പി വി ജീജോ
Posted on: 11-Feb-2012 12:47 AM

തിരു: വര്‍ഗബോധത്തിന്റെ സംഘഗാഥ പാടി ചെമ്പടയുടെ മാര്‍ച്ച്. ചെങ്കൊടിയുടെയും ചെന്തോരണങ്ങളുടെയും വര്‍ണത്തില്‍ മുങ്ങിയ നഗരവീഥികളില്‍ കാക്കിയും ചുവപ്പുമണിഞ്ഞ കാല്‍ലക്ഷം വളന്റിയര്‍മാര്‍ , പിന്നില്‍ ജനലക്ഷങ്ങള്‍ ...അലകടലായി ഒഴുകി ആവേശം ചെങ്കടല്‍ സൃഷ്ടിച്ച മുഹൂര്‍ത്തത്തില്‍ തിരുവനന്തപുരം പ്രഖ്യാപിച്ചു- ഇത് ചുവപ്പിന്റെ തലസ്ഥാനം. രാജാക്കന്മാരുടെയും മാടമ്പിമാരുടെയും കുതിരപ്പട മാര്‍ച്ച് ചെയ്തിരുന്ന അനന്തപുരിയുടെ വീഥികളില്‍ വെള്ളിയാഴ്ച ജനകീയപട്ടാളം ബ്യൂഗിള്‍ മുഴക്കി. അച്ചടക്കത്തോടെ ചുവടുവച്ചു. ജനവിരുദ്ധശക്തികള്‍ക്കെതിരെ നീതിബോധത്തിന്റെ ചെങ്കൊടിയേന്തി സമരോത്സുകമായ പുതിയലോകത്തിന്റെ പിറവിക്കായി പൊരുതുന്നവര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ചെങ്കോട്ടതീര്‍ത്തു കാല്‍ലക്ഷം ചുവപ്പുവളന്റിയര്‍മാര്‍ .

ബഹുജനസ്വാധീനവും കരുത്തും വെല്ലുവിളിക്കാനാകാത്ത സംഘടനാശേഷിയുമുള്ള സിപിഐ എമ്മിന്റെ സമ്മേളനം ജനകീയ ഉത്സവമാണെന്ന് തെളിയിച്ചു ഈ സായാഹ്നം. അച്ചടക്കം താളമാക്കി പ്രത്യയശാസ്ത്രദാര്‍ഢ്യത്തില്‍ ചുവടുറപ്പിച്ച് ബാന്റ്വാദ്യത്തിന്റെ അകമ്പടിയില്‍ വളന്റിയര്‍മാര്‍ മുന്നേറി. യുവതികളും യുവാക്കളും അണിനിരന്ന ചുവപ്പിന്റെ മഹാപ്രവാഹത്തില്‍ അനന്തപുരി ചുവന്നപുരിയായി. മാര്‍ച്ചിന്റെ തുടക്കം വൈകിട്ട് മൂന്നിനായിരുന്നു. മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചുവപ്പന്‍മുന്നേറ്റത്തിന്റെ കാഹളം മുഴങ്ങിയത്. അധ്വാനിക്കുന്നവന്റെ ലോകം അകലെയല്ല എന്ന് അലയടിച്ചാര്‍ത്തുവിളിച്ച ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തിന്റെ കോട്ടതീര്‍ത്ത് ചുവപ്പുവളന്റിയര്‍മാര്‍ അണിനിരന്നു. ജനനിബിഡമായ വീഥികള്‍ അവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. 18 ഏരിയകളില്‍നിന്ന് ഇരുപത്തയ്യായിരം വളന്റിയര്‍മാരാണ് മാര്‍ച്ച് ചെയ്തത്. ഇവരില്‍ അയ്യായിരം വനിതകള്‍ . മാസങ്ങളുടെ പരിശീലനത്തിലൂടെ സുശിക്ഷിതമായി പട്ടാളച്ചിട്ടയോടെ ചുവടുവയ്പ്. 156 വനിതാ പ്ലറ്റൂണുകളടക്കം 500 പ്ലറ്റൂണുകളിലായി കാല്‍ലക്ഷം പേര്‍ . കാക്കി പാന്റ്സും ചുവപ്പ് ഷര്‍ട്ടും കാക്കി തൊപ്പിയും ബ്രൗണ്‍ ക്യാന്‍വാസും അണിഞ്ഞ് പുരുഷന്മാരും വെള്ള പാന്റ്സും ചുവപ്പ് ചുരിദാറും വെള്ള ഷാളും മെറൂണ്‍ തൊപ്പിയും വെള്ള ക്യാന്‍വാസുമണിഞ്ഞ് വനിതകളും. പടപ്പാട്ടുകളും ബാന്റ്വാദ്യവും ത്രസിപ്പിച്ച അന്തരീക്ഷത്തിലാണ് ഇരമ്പിയാര്‍ത്ത് ചെമ്പട നീങ്ങിയത്. ആയുര്‍വേദകോളേജ് ജങ്ഷന്‍ , വെള്ളയമ്പലം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍ച്ച്. ചാല, വഞ്ചിയൂര്‍ , വിളപ്പില്‍ , നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, വെള്ളറട ഏരിയകളിലെ സേന ആയുര്‍വേദകോളേജ് ജങ്ഷനില്‍നിന്ന് മാര്‍ച്ച് ചെയ്ത് പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങി. മാഞ്ഞാലിക്കുളം മൈതാനത്ത് കേന്ദ്രീകരിച്ച വളന്റിയര്‍മാര്‍ ബാബാ ടൂറിസ്റ്റ് ഹോമിന് മുന്നിലൂടെ ആയുര്‍വേദ കോളേജിലെത്തി മെയിന്‍ റോഡ് വഴി ഇ എം എസ് പാര്‍ക്കിനടുത്തുള്ള കവാടം വഴി ആദ്യപാതി സ്റ്റേഡിയത്തില്‍ പ്രവേശിച്ചതോടെ പൊതുസമ്മേളനനഗരി ചുവന്നപുഴയായി. പേരൂര്‍ക്കട, പാളയം, കഴക്കൂട്ടം, ആറ്റിങ്ങല്‍ , വര്‍ക്കല, കിളിമാനൂര്‍ , വെഞ്ഞാറമൂട്, വിതുര, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്നുള്ള സേനാ മാര്‍ച്ച് വെള്ളയമ്പലത്തുനിന്നാണ് തുടങ്ങിയത്. മാനവീയം വീഥിയില്‍ കേന്ദ്രീകരിച്ച് മ്യൂസിയം, രാമരായര്‍ വിളക്ക്, യുദ്ധസ്മാരകപാര്‍ക്ക് ചുറ്റി ഇ എം എസ് പാര്‍ക്കിന് സമീപമുള്ള കവാടം വഴി സമ്മേളന നഗരിയില്‍ ചെമ്പട പൂര്‍ണമായി എത്തിയതോടെ സ്റ്റേഡിയം ചുവന്ന സാഗരമായി. മൂന്ന് മണിക്ക് ആരംഭിച്ച വളന്റിയര്‍ മാര്‍ച്ചിന്റെ ആദ്യ പ്ലറ്റൂണ്‍ സ്റ്റേഡിയത്തിലെത്തിയത് നാലേകാലിന്. അവസാനമായി വിതുര ഏരിയയിലെ വളന്റിയര്‍മാരെത്തുമ്പോള്‍ രണ്ട്മണിക്കൂര്‍ കഴിഞ്ഞിരുന്നു. അസ്തമനസൂര്യന്റെ വര്‍ണരാജിക്ക് പ്രഭചൊരിഞ്ഞ് ബാലാനന്ദന്‍ നഗറില്‍ ചുവപ്പിന്റെ പൊന്‍തിളക്കം. പരേഡ് നിരീക്ഷിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുറന്ന ജീപ്പില്‍ നീങ്ങിയ നേതാക്കളെ ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ കെ എസ് സുനില്‍കുമാര്‍ അനുഗമിച്ചു.

സംഘശക്തി വിളിച്ചോതി സ്ത്രീ മുന്നേറ്റം

സംഘശക്തി വിളിച്ചോതി സ്ത്രീ മുന്നേറ്റം

ദേശാഭിമാനി
Posted on: 11-Feb-2012 10:50 AM
തിരു: ചെങ്കടലില്‍ അലകളായി സ്ത്രീശക്തിയുടെ പ്രവാഹം. പോരാട്ടമുഖങ്ങളിലേക്കെന്നപോലെ അവര്‍ ചെങ്കൊടികളുമായി ഒഴുകിയെത്തിയപ്പോള്‍ പൊതുസമ്മേളന നഗരിയും നഗരവീഥികളും നിറഞ്ഞു. പാടത്തും പറമ്പിലും അടുക്കളകളിലും അരങ്ങിലും ഫാക്ടറികളിലും ഓഫീസുകളിലും അധ്വാനത്തിന്റെ വിയര്‍പ്പുമുത്തുകള്‍ ചിതറിച്ചവര്‍ മുഴുവന്‍ ജനതയുടെയും വിമോചനത്തിനായി പോരാടുന്ന ജനകീയപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നെത്തിയപ്പോള്‍ അനന്തപുരി പുതുചരിത്രമെഴുതി. തലസ്ഥാനനഗരി സമീപകാലത്തൊന്നും ദര്‍ശിക്കാത്ത സ്ത്രീമുന്നേറ്റത്തിനാണ് സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം സാക്ഷ്യംവഹിച്ചത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്ത്രീശാക്തീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ പോരാട്ടങ്ങളുടെയും സാക്ഷ്യപത്രമായി സമ്മേളനത്തിലെ അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം. വ്യാഴാഴ്ച വൈകിട്ടുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും അവശത കണക്കാക്കാതെ പ്രായമായ സ്ത്രീകളും വിദ്യാര്‍ഥിനികളും യുവതികളും അനന്തപുരിയിലേക്ക് എത്തിത്തുടങ്ങി. ജില്ലയുടെ കിഴക്കന്‍മേഖലയില്‍നിന്ന് ആദിവാസിസ്ത്രീകളും തലസ്ഥാന നഗരിയിലേക്ക് ആവേശപൂര്‍വം ഒഴുകിയെത്തി. പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഇ ബാലാനന്ദന്‍ നഗറില്‍ മഴയും വെയിലും കൂസാതെ രാവിലെ മുതല്‍ അവര്‍ ഇടംപിടിച്ചു. പൊതുസമ്മേളനത്തിനുമുന്നോടിയായി നടന്ന റെഡ് വളന്റിയര്‍ മാര്‍ച്ചിലും പ്രകടനത്തിലും പെണ്‍മയുടെ സംഘശക്തി ദര്‍ശിച്ചു. നാളത്തെ ലോകം പടുത്തുയര്‍ത്താന്‍ തങ്ങളുടെ അജയ്യമായ പോരാട്ടവീറും വാഗ്ദാനം ചെയ്താണ് അവര്‍ മാര്‍ച്ചുചെയ്തത്. ഇടിമുഴങ്ങുന്ന ശബ്ദത്തില്‍ ഇങ്ക്വിലാബ് വിളിച്ചു മുന്നേറിയ സ്ത്രീശക്തി കണ്ട് വഴിയോരങ്ങളില്‍ കാഴ്ചക്കാരായിനിന്ന സ്ത്രീകളും ആവേശത്തോടെ പ്രകടനത്തില്‍ അണിചേര്‍ന്നു.

റാലിയുടെ മുന്‍നിരയില്‍ നല്ലപെരുമാളിന്റെ ബാനര്‍

റാലിയുടെ മുന്‍നിരയില്‍ നല്ലപെരുമാളിന്റെ ബാനര്‍

ദേശാഭിമാനി
Posted on: 11-Feb-2012 11:18 AM
തിരു: മൂന്നു ബാനറുകളിലായിരുന്നു രാഷ്ട്രീയകേരളത്തിന്റെ കണ്ണുകള്‍ വെള്ളിയാഴ്ച വൈകിട്ട് ആദ്യം ഉടക്കിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍റാലിയുടെ മുന്നില്‍ കണ്ട മനോഹരമായ ബാനറുകള്‍ . ഇവയ്ക്ക് ബ്രഷ് ചലിപ്പിച്ചത് നല്ലപെരുമാള്‍ . മേലത്തുമേലെയിലെ സിപിഐ എമ്മിന്റെ കലാകാരനായ ബ്രാഞ്ച് സെക്രട്ടറി. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയിരുന്നു ബാനറുകളുടെ അവസാന മിനുക്കുപണി. ചുവപ്പ് കൊടികള്‍ കാറ്റിലാടുന്ന നാട്ടിടവഴിയിലെ മതിലില്‍ തൂക്കിയ ബാനറിന് നിറം ചാലിക്കുമ്പോള്‍ പെരുമാളിന്റെ മുഖത്ത് പിരിമുറുക്കം കണ്ടു. എല്ലാ കവലകള്‍ക്കും എല്ലാ ഗ്രാമവഴികള്‍ക്കും ചുവപ്പുനിറമായിരുന്നു വെള്ളിയാഴ്ച. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് നടക്കുന്ന പടുകൂറ്റന്‍റാലിയുടെ കണ്ണിയാകാന്‍ ജില്ലയിലെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും നേരത്തെ ഉണര്‍ന്നു. ചെങ്കൊടികള്‍ മുമ്പേ സജ്ജീകരിച്ചുവച്ചിരുന്നു. എങ്ങും കമാനങ്ങളും തോരണങ്ങളും. കാറ്റില്‍ ഇളകിപ്പറക്കുന്ന ചെങ്കൊടികള്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് വഴികാണിച്ചു. എല്ലാ വഴികളും എല്ലാ കണ്ണുകളും അവിടേക്ക് നീണ്ടു. കൊത്തിയെടുത്ത അരിവാള്‍ ചുറ്റികയുടെ മാതൃക വാഹനത്തില്‍ പ്രതിഷ്ഠിക്കുന്ന തിരക്കിലായിരുന്നു കവടിയാര്‍ പൈപ്പുലൈനിനടുത്ത് ആര്‍ട്ടിസ്റ്റ് ഷിബുവും സംഘവും. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലും തൊഴിലാളികേന്ദ്രങ്ങളിലും ചുവപ്പുകാഴ്ചകള്‍മാത്രം. ചെങ്കൊടികള്‍ ഉയര്‍ന്നുപാറാത്ത പൂര്‍വഗാമികളുടെ വിപ്ലവസ്മരണ തുടിക്കാത്ത ഒറ്റഗ്രാമവും ജില്ലയില്‍ ഇല്ലായിരുന്നു. തിരുവനന്തപുരത്തെത്തിയ മറ്റു ജില്ലക്കാര്‍ ഉത്സവപ്രതീതിയില്‍ പങ്കുചേരാന്‍ മത്സരിച്ചു. ചുവപ്പും വെള്ളയും തൊപ്പികളുള്ള ശിരസ്സുകള്‍ തോരണങ്ങളാല്‍ പന്തലിട്ട വഴികളില്‍ രാവിലെതന്നെ തിങ്ങിനിറഞ്ഞു.

ചെങ്കടലില്‍ തിരയിളക്കി മണികിലുക്കം

ചെങ്കടലില്‍ തിരയിളക്കി മണികിലുക്കം

ദേശാഭിമാനി
Posted on: 11-Feb-2012 10:52 AM
തിരു: ചെങ്കടല്‍ത്തിരകളായി ആര്‍ത്തലച്ചെത്തിയ ജനലക്ഷങ്ങളുടെ മുന്നിലേക്ക് നാടന്‍പാട്ടിന്റെ വലയെറിഞ്ഞ് കലാഭവന്‍ മണി. താളത്തില്‍ ചുവടുവച്ചെത്തിയ ചെമ്പടയ്ക്കു മുന്നില്‍ പാട്ടിന്റെ ചടുലതാളമായി മണിയും സംഘവും ആവേശം വാനോളമുയര്‍ത്തി. മണ്ണിന്റെ മണമുള്ള അടിയാളന്റെ പാട്ടുകള്‍ക്കൊപ്പം ചിരിയുടെ മാലപ്പടക്കവുമായി മണി അണികളുടെ മണിമുത്തായി. നാടന്‍പാട്ടിന്റെ അകമ്പടിയില്‍ നൃത്തം ചവുട്ടിയ മണിക്കൊപ്പം കാണികളും ചേര്‍ന്നു. ബലികുടീരങ്ങളെ എന്ന വിപ്ലവഗാനം ആലപിച്ചാണ് മണികിലുക്കത്തിനു തുടക്കമായത്. പാട്ടിനൊടുവില്‍ ചുവന്ന ഷര്‍ട്ടിട്ട് ചെങ്കൊടിയേന്തി മണി വേദിയിലെത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ നിലയ്ക്കാത്ത കരഘോഷം. ലാല്‍സലാം സഖാക്കളെ എന്നുപറഞ്ഞ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത മണി സ്റ്റേഡിയത്തിലെ ചുവപ്പുസേനയെ കണ്ടപ്പോള്‍ ഒരുവേള ചാലക്കുടിയിലെ ചെങ്കൊടിയേന്തിയ പഴയ ഓട്ടോഡ്രൈവറായി മാറി. "ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ സന്തോഷിക്കുന്നു. ചെറുപ്പത്തില്‍ ഈ കൊടി പിടിച്ചതിന്റെ ആവേശം നിങ്ങളെ കാണുമ്പോള്‍ ആര്‍ത്തലച്ചെത്തുകയാണ്. എല്ലാ സഖാക്കള്‍ക്കും ചാലക്കുടിയിലെ പഴയ ഓട്ടോഡ്രൈവറുടെ രക്തത്തിന്റെ നിറമുള്ള അഭിവാദ്യങ്ങള്‍". നാടന്‍പാട്ട് കലാകാരനായ വിജയന്‍മാസ്റ്ററുടെ നാടന്‍പാട്ടിന്റെ ശൈലിയിലുള്ള ഗാനവും ശ്രദ്ധേയമായി. വേദിയിലെത്തിയ മണി ഞാന്‍ ഏതു പാട്ട് പാടണമെന്ന് ചോദിച്ചപ്പോഴേ സ്റ്റേഡിയത്തില്‍ നിന്ന് മറുപടി ഉച്ചത്തിലെത്തി, ഓടപ്പഴം. പിന്നെ കൂടപ്പുഴയിലെ പെണ്ണിനെക്കുറിച്ചുള്ള ഓടപ്പഴം പോലൊരു പെണ്ണിന് എന്ന മണിയുടെ മാസ്റ്റര്‍പീസ് ഗാനം. പാട്ടിന്റെ ലഹരിയില്‍ മണി സ്റ്റേഡിയത്തിലേക്ക് കൈനീട്ടിയപ്പോള്‍ മണിക്ക് കൈകൊടുക്കാന്‍ സ്റ്റേഡിയത്തില്‍നിന്ന് ആയിരം കൈകള്‍ നീണ്ടു. മണിയുടെ താളത്തിലുള്ള പാട്ടും അതിനിടയിലെ നര്‍മവും സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ് ഹൃദയത്തിലേറ്റുവാങ്ങി. കലാഭവന്‍ ജിമ്മി, മനാഫ് അലി, മനോജ്, അന്‍വര്‍ , ഡെന്‍സി, വര്‍ഷ തുടങ്ങിയ ഗായകര്‍ക്കൊപ്പം ടെലിവിഷന്‍ , മിമിക്രി താരങ്ങളും അരങ്ങ് കൊഴുപ്പിക്കാന്‍ മണിയോടൊപ്പമെത്തിയിരുന്നു. അമല്‍ നീരദിന്റെ പുതിയ ചിത്രം ബാച്ചിലര്‍ പാര്‍ടിയുടെ മൂന്നാറിലെ സെറ്റില്‍ നിന്നാണ് മണി സമ്മേളനനഗരിയിലേക്ക് പറന്നെത്തിയത്.

നഗരത്തെ ത്രസിപ്പിച്ച് കുട്ടിപ്പട്ടാളം

നഗരത്തെ ത്രസിപ്പിച്ച് കുട്ടിപ്പട്ടാളം

ദേശാഭിമാനി
Posted on: 11-Feb-2012 11:17 AM
തിരു: ചെമ്പടയുടെ താളത്തില്‍ ചുവടുവയ്ക്കാന്‍ കുരുന്നുകളും. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ്വളന്റിയര്‍ മാര്‍ച്ചിനൊപ്പം ആവേശത്തോടെയാണ് കുട്ടിപ്പട്ടാളം മാര്‍ച്ച് ചെയ്തത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ കുരുന്നുകള്‍ ചെങ്കൊടി പാറിച്ചും ഉറക്കെ മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. ബഹുജനറാലിയില്‍ ഒട്ടുമിക്കപ്പേരും കുഞ്ഞുങ്ങളുമായാണ് എത്തിയത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും കുറവായിരുന്നില്ല. നക്ഷത്രം പതിച്ച തൊപ്പി ധരിച്ചും കൊടിപാറിച്ചും ബലൂണ്‍ പറത്തിയും കുട്ടികള്‍ റാലിയില്‍ നിറഞ്ഞുനിന്നു. വിപ്ലവനായകരുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും മുഖചിത്രം പതിച്ച പ്ലക്കാര്‍ഡുകളും മഹദ്വചനങ്ങളും ഉയര്‍ത്തി വിവിധ ഏരിയകളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളെത്തി. സാംസ്കാരിക കേരളത്തിന്റെ നേര്‍ചിത്രം വ്യക്തമാക്കുന്ന വിവിധ കലാരൂപങ്ങളും റാലിയില്‍ നിരന്നു. തെയ്യം, കോല്‍ക്കളി, പുലികളി എന്നിവയും പ്രച്ഛന്നവേഷധാരികളും റാലിയുടെ ശ്രദ്ധാകേന്ദ്രങ്ങളായി. റോളര്‍സ്കേറ്റിങ്ങുമുണ്ടായിരുന്നു. ബാന്റിന്റെയും ചെണ്ടയുടെയും മേളമൊരുക്കാന്‍ പെണ്‍കുട്ടികളുടെ സംഘവുമുണ്ടായി. മുത്തുക്കുടയുമേന്തി മേളത്തിന്റെ അകമ്പടിയോടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കുരുന്നുകള്‍ റാലിയില്‍ പങ്കെടുത്തത്.

ചുവടുവച്ചത് ചരിത്രത്തിലേക്ക്; വിജയിച്ചത് ചിട്ടയായ സംഘാടനം

ചുവടുവച്ചത് ചരിത്രത്തിലേക്ക്; വിജയിച്ചത് ചിട്ടയായ സംഘാടനം

ദേശാഭിമാനി
Posted on: 11-Feb-2012 11:19 AM
തിരു: സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ സമാപനദിനം ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്തതിനു പിന്നിലെ ശക്തി അഞ്ചുമാസംമുമ്പ് തുടങ്ങിയ ചിട്ടയായ സംഘാടനം. ചുവപ്പു ഷര്‍ട്ടും കാക്കി പാന്റ്സും തൊപ്പിയും ഷൂസും അണിഞ്ഞ പുരുഷ വളന്റിയര്‍മാരും തൂവെള്ളയും ചുവപ്പും ചേര്‍ന്ന ചുരിദാറും മെറൂണ്‍ തൊപ്പിയും ഷൂസും അണിഞ്ഞ വനിതാ വളന്റിയര്‍മാരും ചുവടുവച്ചത് ചരിത്രത്തിലേക്കാണ്. ഇത്രയും ബൃഹത്തും അച്ചടക്കപൂര്‍ണവുമായ പരേഡിന് നഗരം ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ല. പൊതുസമ്മേളനത്തിനുമുമ്പ് ചുവപ്പുസേനാ പരേഡും റാലിയും തുടങ്ങാനിരിക്കെ തന്നെ കനത്ത മഴ പെയ്തെങ്കിലും പരേഡ് തുടങ്ങുമ്പോഴേക്കും കാര്‍മുകിലുകള്‍ വഴിമാറി. അഞ്ചുമാസം നീണ്ട വിശ്രമരഹിത പരിശീലനത്തിനുശേഷമാണ് ചെങ്കുപ്പായമണിഞ്ഞ സേനാംഗങ്ങള്‍ പരേഡിന് ഇറങ്ങിയത്. സൈനിക പരേഡിനോട് കിടപിടിക്കുന്ന തരത്തില്‍ മുന്നേറിയ സേനയെ റോഡിന് ഇരുവശത്തുമായി തടിച്ചുകൂടിയ പതിനായിരങ്ങള്‍ അത്ഭുതത്തോടെ വീക്ഷിച്ചു. കടുകിട വ്യത്യാസമില്ലാതെ ഒരു മെയ്യും മനസ്സുമായി ചുവടുതെറ്റാതെയാണ് ചുവപ്പുസേന അടിവച്ചത്. പൂക്കാവടി, തെയ്യം, തിറ, വ്യത്യസ്ത വിഷയങ്ങളിലുള്ള നിശ്ചലദൃശ്യങ്ങളെല്ലാം അനന്തപുരിക്ക് പുതുകാഴ്ചയേകി. പഞ്ചവാദ്യം, ചെണ്ടമേളം, ബാന്റ് വാദ്യം തുടങ്ങിയ സംഘങ്ങള്‍ താളപ്രപഞ്ചംതീര്‍ത്ത് ഒന്നിനുപിറകെ ഒന്നായി പൊതുസമ്മേളനനഗരിയിലേക്ക് ചുവടുതെറ്റാതെ നടന്നടുത്തു. റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ക്ക് സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് അടുക്കാനായില്ല.

ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്

ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്

സ്വന്തം ലേഖകന്‍, ദേശാഭിമാനി
Posted on: 11-Feb-2012 12:23 അം

തിരു: ജനദ്രോഹ സാമ്പത്തികനയങ്ങളും അഴിമതിയും തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ജനങ്ങള്‍ക്കു മുന്നിലെ പോംവഴി ഇടതുപക്ഷം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം മുന്‍കൈയെടുത്ത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ സഹായത്തോടെ ശക്തമായ ബദല്‍ ഉയര്‍ത്തും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് സ. ഇ ബാലാനന്ദന്‍നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്. യുപിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കി. ആയിരക്കണക്കിന് കൃഷിക്കാരെ യുപിഎ ഭരണം ആത്മഹത്യയിലേക്ക് നയിച്ചു. ആന്ധ്രയില്‍ ജനുവരിയില്‍മാത്രം 160 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ , കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നശേഷം 31 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. കേരളത്തിലേതുപോലെ, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ രണ്ടുമാസത്തെ ഭരണത്തിനിടയില്‍ 31 കര്‍ഷകര്‍ ആത്മഹത്യചെയ്തു. 34 വര്‍ഷത്തെ ഇടതുപക്ഷഭരണത്തില്‍ ബംഗാളില്‍ കര്‍ഷക ആത്മഹത്യയെപ്പറ്റി കേട്ടുകേള്‍വിയില്ലായിരുന്നു. കാര്‍ഷികപ്രതിസന്ധി അവസാനിപ്പിക്കാനും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ ഉയര്‍ത്താനും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ എന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന എല്ലാവരുടെയും ജീവിതം കടുത്ത കടന്നാക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. യുപിഎ സര്‍ക്കാരിന് അതില്‍ വേവലാതിയില്ല. ബഹുരാഷ്ട്രകുത്തകകളുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതില്‍മാത്രമാണ് താല്‍പ്പര്യം. കേരളത്തിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും, വാള്‍മാര്‍ട്ടടക്കമുള്ള ബഹുരാഷ്ട്രകുത്തകകളെ ചില്ലറവില്‍പ്പന മേഖലയിലേക്ക് ക്ഷണിച്ചുവരുത്താനുള്ള തീരുമാനത്തില്‍നിന്ന് മന്‍മോഹന്‍സിങ് പിന്മാറിയിട്ടില്ല. ലക്ഷക്കണക്കിന് ചെറുകിടവ്യാപാരികളുടെ ഉപജീവനം മുടക്കുന്ന ഈ നയത്തിനെതിരെ സിപിഐ എം വന്‍പ്രക്ഷോഭം സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ അതേസാമ്പത്തികനയമാണ് ബിജെപിയും പിന്തുടരുന്നത്. അഴിമതിയിലും ബിജെപി കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന് തെളിയിക്കുന്നതാണ് കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ . നവ ഉദാരനയങ്ങള്‍ക്കും അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ക്കും എതിരെ നില്‍ക്കുന്നതിനാലാണ് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. പശ്ചിമബംഗാളില്‍ ക്രൂരമായ ആക്രമണം നടക്കുന്നു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 19ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലി ബംഗാളില്‍ സിപിഐ എമ്മിന്റെ കഥകഴിഞ്ഞെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാവും. സിപിഐ എമ്മിന്റെ മുന്നേറ്റം്തടയാന്‍ കഴിയില്ലെന്ന് റാലി പ്രഖ്യാപിക്കും. കേരളത്തിലെ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ വന്‍തോതില്‍ ബഹുജനശ്രദ്ധയും മാധ്യമശ്രദ്ധയുമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ,മാധ്യമങ്ങളില്‍ സമ്മേളനത്തെപ്പറ്റി വന്നതെല്ലാം വിശ്വസിക്കരുത്. രാഷ്ട്രീയ അനുഭവങ്ങളും സംഘടനാകാര്യങ്ങളും അവലോകനംചെയ്ത് ചര്‍ച്ചചെയ്യുന്ന സമ്മേളനം, വിമര്‍ശവും സ്വയംവിമര്‍ശവും നടത്തി കൂട്ടായ തീരുമാനത്തിലെത്തുകയാണ് ചെയ്യുന്നത്. വളരെയേറെ ഐക്യത്തോടെയും പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിച്ചും നടത്തിയ ഈ സമ്മേളനം നാഴികക്കല്ലാണ് കാരാട്ട് പറഞ്ഞു.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്