വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 27, 2010

മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേത്: അഴീക്കോട്‌

മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേത്: അഴീക്കോട്‌

മാതൃഭൂമി

തൃശൂര്‍: മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേതാണെന്ന് സുകുമാര്‍ അഴീക്കോട്. സിനിമയ്ക്ക് അതിന്റെ സാംസ്‌കാരിക ശബ്ദം തിരിച്ചുകിട്ടിയിരിക്കുന്നു. ഇത് നേരത്തെ നടന്നിരുന്നുവെങ്കില്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു.

ഇന്നസെന്റിന്റെയും മോഹന്‍ലാലിന്റെയും പ്രസ്താവനകള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും അഴീക്കോട് പറഞ്ഞു.

തിലകനോട് വിരോധമോ നിസ്സഹകരണമോ ഇല്ല: മമ്മൂട്ടി

തിലകനോട് വിരോധമോ നിസ്സഹകരണമോ ഇല്ല: മമ്മൂട്ടി

മാതൃഭൂമി

ആലപ്പുഴ: തിലകനുമായി യാതൊരു വിരോധമോ നിസ്സഹകരണമോ ഇല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഇനിയും തിലകനോടൊപ്പം അഭിനയിക്കാന്‍ തയ്യാറാണ്. അദ്ദേഹത്തിനെതിരെ യാതൊരു വിലക്കുമില്ല. ഞാന്‍ ഒരിക്കലും മഹാനായ നടനാണെന്ന് പറഞ്ഞുനടന്നിട്ടില്ല. ഒരു നടനെന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതില്ലാത്തവരാണ് താന്‍ ഒരു മഹാനടനാണെന്ന് എപ്പോഴും പറഞ്ഞുനടക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു പ്രശ്‌നമില്ലമമ്മൂട്ടി പറഞ്ഞു. തിലകന്‍ 'അമ്മ'യില്‍ നിന്ന് മാറിനില്‍ക്കരുത്. ഞങ്ങള്‍ക്കെല്ലാം കാരണവരെപ്പോലെയാണ് അദ്ദേഹം. 'അമ്മ'യ്‌ക്കൊപ്പം നിന്ന് ഞങ്ങള്‍ക്കെല്ലാം വഴികാട്ടുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഇപ്പോഴത്തെ വിവാദത്തില്‍ നിഴല്‍യുദ്ധമാണ് നടക്കുന്നത്.

സുകുമാര്‍ അഴീക്കോട് മഹാനായ സാഹിത്യകാരനാണെന്ന് മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹം വിഗ്ഗിനെക്കുറിച്ചും മറ്റും പറഞ്ഞത് വ്യക്തിപരമായ കാര്യങ്ങളാണ്. വയസ്സായാല്‍ അഭിനയം നിര്‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ല. അമിതാഭ് ബച്ചന്‍ അടുത്തകാലത്ത് അഭിഷേക് ബച്ചന്റെ മകനായി അഭിനയിച്ചിട്ടുണ്ട്. പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായ കമലഹാസന്‍ സ്ത്രീയായി അഭിനയിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണന്‍നായരെപ്പോലെയുള്ള കഥകളി നടന്‍മാര്‍ വയസ്സായിട്ടും അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.

മറ്റുള്ളവര്‍ എഴുതിയ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് നടന്‍മാര്‍ പറയുന്നതെന്ന അഴീക്കോടിന്റെ ആരോപണത്തിനും മമ്മൂട്ടി മറുപടി പറഞ്ഞു. അഴീക്കോടിനെപ്പോലെ മഹാന്‍മാരായ, അല്ലെങ്കില്‍ അതിലും മഹാന്‍മാരായ എം.ടി.വാസുദേവന്‍ നായര്‍, തകഴി. പത്മരാജന്‍ എന്നിവരൊക്കെ എഴുതിയ ഡയലോഗ് ആണ് നടന്‍മാര്‍ പറയുന്നത്.

മോഹന്‍ലാല്‍ സഹോദരന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന അഴീക്കോടിന്റെ ആരോപണം തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ 30 കൊല്ലമായി മോഹന്‍ലാലുമായി താന്‍ സംസാരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ആദ്യകാലത്തെ തന്റെ വരുമാനത്തിന്റെ വലിയൊരുപങ്ക് സ്വന്തം സഹോദരനുവേണ്ടി ചിലവാക്കിയ മനുഷ്യനാണ് ലാല്‍. അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

സത്യത്തിനും നീതിയ്ക്കും വേണ്ടിയാണ് അഴീക്കോടിനെപ്പോലുള്ള സാംസ്‌കാരിക നായകന്‍മാര്‍ നിലകൊള്ളേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ തിലകന്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നത് 'അമ്മ' അവസാനിപ്പിക്കുയാണെന്ന് മമ്മൂട്ടി വ്യക്തമാക്കി. ഇനി ഒരു പൊതുവിവാദത്തിന് അമ്മയ്ക്ക് താല്പര്യമില്ല. വി.ആര്‍.കൃഷ്ണയ്യരെപ്പോലെ സാമൂഹികബോധമുള്ള ഒരാള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പിന്‍മാറ്റം. ഈ വയസ്സിലും പുരോഗമനചിന്തകള്‍ക്കുവേണ്ടി നിലകൊള്ളുന്ന കൃഷ്ണയ്യരുടെ വാക്കുകള്‍ മാനിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

Friday, February 12, 2010

ഡോ. കെ.എം.രാജ്

സാമൂഹ്യപ്രതിബദ്ധതയുള്ള അതുല്യപ്രതിഭ

കേരളത്തില്‍ ജനിച്ച് സാമൂഹ്യശാസ്ത്രചിന്തയിലും പ്രയോഗത്തിലും ലോകത്തോളം വളര്‍ന്ന മഹാനായ സാമ്പത്തികശാസ്ത്രജ്ഞനെയാണ് ഡോക്ടര്‍ കെ എന്‍ രാജിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. ക്ഷേമസാമ്പത്തിക ശാസ്ത്രം, മനുഷ്യമുഖമുള്ള വികസനം എന്നിങ്ങനെയുള്ള പേരുകളില്‍ ഇന്ന് അറിയപ്പെടുന്ന പ്രത്യേക ശാഖകളൊന്നും രൂപം കൊള്ളുന്നതിനു മുമ്പ് അതിന്റെ ഉള്ളടക്കം പ്രയോഗിക്കാനാണ് രാജ് ശ്രമിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോക സാമ്പത്തിക ചിന്തയെ സ്വാധീനിച്ച പ്രധാന ചിന്തകനായിരുന്ന കെയ്ന്‍സിന്റെ സ്വാധീനം അക്കാലത്തെ മിക്കവാറും സാമ്പത്തിക ശാസ്ത്രജ്ഞരെപ്പോലെ രാജിലുമുണ്ടായിരുന്നു. എന്നാല്‍, അവരില്‍ പലരില്‍നിന്നും വ്യത്യസ്തനായി ഇടതുപക്ഷ മുഖംകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ആസൂത്രണത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സോവിയറ്റ് യൂണിയന്‍ രാജിന്റെ തലമുറയെ ആകര്‍ഷിച്ചു. എന്നാല്‍, ആ വഴിയിലൂടെ തനിയാവര്‍ത്തന യാത്രയായിരുന്നില്ല അദ്ദേഹത്തിന്റേത്. ഇടതുപക്ഷകാഴ്ചപ്പാടോടെ കെയ്നീഷ്യന്‍ സിദ്ധാന്തത്തിന്റെ ഇന്ത്യന്‍ സാഹചര്യത്തിലെ പ്രയോഗമായിരുന്നു രാജിന്റേത്.

ലണ്ടനിലെ പഠനാനുഭവങ്ങളുമായി ഇന്ത്യയിലെത്തിയ രാജാണ് ആധുനിക ഇന്ത്യയുടെ ആസൂത്രണ പ്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഇരുപത്താറു വയസ്സിന്റെ ചെറുപ്പത്തിലും പക്വമായ ചിന്തയുടെ ഉടമയായ രാജിനെ നെഹ്റുവിന് വലിയ താല്‍പ്പര്യമായിരുന്നു. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ അന്നത്തെ താല്‍പ്പര്യങ്ങളുമായി ചേര്‍ന്നുപോകുന്ന പൊതുമേഖലയ്ക്ക് പ്രാധാന്യമുള്ള ആസൂത്രണ സമീപനമാണ് സ്വീകരിച്ചിരുന്നത്. വളര്‍ച്ചനിരക്കിന്റെ കുതിച്ചുചാട്ടങ്ങളില്‍ രാജ് വിശ്വസിച്ചിരുന്നില്ല. അടിസ്ഥാന വ്യവസായങ്ങള്‍ക്കും കൃഷിക്കും സാമൂഹ്യക്ഷേമത്തിനും മുന്‍കൈ നല്‍കുന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ബാങ്ക് ദേശസാല്‍ക്കരണനയം അംഗീകരിക്കുന്നതില്‍ അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്കൊപ്പം രാജിന്റെ സ്വാധീനവും പ്രധാനമായിരുന്നു. രണ്ടാം പഞ്ചവത്സരപദ്ധതി വ്യവസായമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു. എന്നാല്‍, അത്തവണയും മുന്‍കൈ കൃഷിക്കും അടിസ്ഥാന വ്യവസായങ്ങള്‍ക്കും ആയിരിക്കണമെന്നതായിരുന്നു രാജിന്റെ കാഴ്ചപ്പാട്. ഭൂബന്ധങ്ങളുടെ കാര്യത്തില്‍ തെളിമയാര്‍ന്നതും ശാസ്ത്രീയ ചിന്തയുടെ പിന്‍ബലമുള്ളതുമായ നിലപാടായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റേത്. ഭൂപ്രഭുത്വവുമായി സഖ്യത്തിലേര്‍പ്പെട്ട വന്‍കിട ബൂര്‍ഷ്വാസിയുടെ പരിപാടിയില്‍ അതിന് ഇടം കിട്ടാത്തതില്‍ അത്ഭുതമില്ല. കേരളത്തിലെ ആദ്യത്തെ ഇ എം എസ് സര്‍ക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാടിനു രൂപം നല്‍കുന്നതില്‍ പ്രധാനപങ്കാണ് രാജ് വഹിച്ചത്. അദ്ദേഹത്തിന്റെ പ്രിയശിഷ്യരാണ് ഇവിടെ വന്ന് എല്ലാതരത്തിലും പദ്ധതിയിലും പരിപാടികളിലും ഇടപെട്ടത്.

അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും ഭൂപരിഷ്കരണത്തിന്റേതുപോലെ ഉറച്ച നിലപാട് രാജിനുണ്ടായിരുന്നു. രണ്ടും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള ധാരണകളാല്‍ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. കാര്‍ഷിക മേഖലയിലെ മറച്ചുവയ്ക്കപ്പെട്ട തൊഴില്‍ ശക്തിയെ കുറിച്ചുള്ള ചിന്തകള്‍ പുതിയ വെളിച്ചം നല്‍കുന്നതായിരുന്നു. എക്കാലത്തും അധ്യാപനമായിരുന്നു രാജിന്റെ ഇഷ്ടപ്പെട്ട മേഖല. ആസൂത്രണ കമീഷനില്‍നിന്ന് അധ്യാപനത്തിലേക്ക് തിരിച്ചുപോന്നു. അധികാരത്തിന്റെ മോഹവലയങ്ങളില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരിക്കലും പണയപ്പെടുത്താന്‍ തയ്യാറാകാത്ത വ്യക്തിത്വമായിരുന്നു രാജിന്റേത്. ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചുവന്ന രാജാണ് ഇന്ന് ലോകപ്രശസ്ത സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. കോസ്റ്ഫോര്‍ഡ് സൃഷ്ടിക്കുന്നതിലും നിസ്തുലമായ സംഭാവനയാണ് രാജ് നല്‍കിയത്. എല്ലാ തരത്തിലുള്ള ആശയസംവാദങ്ങള്‍ക്കും സദാ സന്നദ്ധമായ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. കമ്പോളത്തിന്റെ കേവല നിയമങ്ങളിലും ധനമൂലധനത്തിന്റെ പുതിയ സിദ്ധാന്തങ്ങളിലും മാത്രം അഭിരമിക്കാന്‍ ശ്രമിക്കുന്ന ആധുനിക പ്രൊഫഷണല്‍ ധനശാസ്ത്രജ്ഞരുടെ പുതുതലമുറയ്ക്ക് അത്ഭുതമായിരിക്കും രാജിനെപ്പോലുള്ളവര്‍. ജനകീയനായ ധനശാസ്ത്രജ്ഞന് ആദരാഞ്ജലികള്‍.

ദേശാഭിമാനി മുഖപ്രസംഗം

Thursday, February 11, 2010

ഡോ. കെ. എന്‍. രാജ് അന്തരിച്ചു


ഡോ. കെ. എന്‍. രാജ് അന്തരിച്ചു

തിരുവനന്തപുരം: ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പഞ്ചവത്സര പദ്ധതിയുടെ മുഖ്യസൂത്രധാരകരില്‍ ഒരാളും സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ സ്ഥാപകനുമായ പത്മവിഭൂഷന്‍ ഡോ. കെ. എന്‍. രാജ് (86) അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി പൊതുപരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മൃതദേഹം ഇന്ന് കുമാരപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം നാളെ.

നെഹ്റു മുതല്‍ നരസിംഹ റാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രാജ് പതിറ്റാണ്ടുകള്‍ കേരളത്തിന്റെ സാമ്പത്തിക,
സാമൂഹിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു.

1924 മേയ് 13ന് കോഴിക്കോട് എരഞ്ഞിപ്പലത്തുകാരന്‍ മുന്‍സിഫ് ആയിരുന്ന ഗോപാലന്റെയും കാര്‍ത്ത്യായനിയുടെയും മകനായി രാജ് ജനിച്ചു. അച്ഛന്‍ പിന്നീട് മദിരാശി ജൂഡീഷ്യറിയില്‍ ജില്ലാ ജഡ്ജി വരെയായി. മുത്തച്ഛന്‍ അയ്യാക്കുട്ടി ജഡ്ജി കൊച്ചിയില്‍ ഏവര്‍ക്കും സുപരിചിതനായിരുന്നു. രാജ് മദ്രാസ് യൂണിവേഴ്സിററിയില്‍ നിന്ന് 1944ല്‍ ബി. . ഓണേഴ്സ് പാസ്സായശേഷം 1947ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് പി. എച്ച്. ഡി. ബിരുദം നേടി. അക്കാലത്ത് ലണ്ടനില്‍ സഹപാഠിയായിരുന്ന വിജയവര്‍ദ്ധനയുടെ കൂടി മേല്‍നോട്ടമുള്ള ഒരു പത്രത്തില്‍ പ്രവര്‍ത്തിക്കാനായി അദ്ദേഹം കൊളൊംബോയിലേയ്ക്കുപോയി.

ഒമ്പതുമാസങ്ങള്‍ക്കുശേഷം
ഡല്‍ഹിയില്‍ റിസര്‍വ് ബാങ്കിന്‍െറ ഒരു വിഭാഗത്തിലെത്തി. ദേശ്മുഖ് ധനകാര്യ മന്ത്രിയായപ്പോള്‍ അദ്ദേഹം ഉപദേഷ്ടാവായി. 1950ല്‍ ഒന്നാം ധനകാര്യ കമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ ഇക്കണോമിക്സ് വിഭാഗത്തിലെ മൂന്നുപേരില്‍ ഒരാളായിരുന്നു ഇരുപത്തിയാറുകാരനായ രാജ്. പ്ളാനിംഗ് കമ്മീഷനില്‍ മൂന്നു കൊല്ലം മാത്രം സേവനം തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിററിയില്‍ തനിക്കേറ്റവും പ്രിയപ്പെട്ട അദ്ധ്യാപക വൃത്തിയിലേയ്ക്ക്. 1969ല്‍ യൂണിവേഴ്സിററി വൈസ്ചാന്‍സലറായി. 1971ല്‍ സ്വന്തം നാടായ കേരളത്തിനു വേണ്ടി പദവി ഉപേക്ഷിച്ചുപോന്നു. ഉരുക്കുവില നിര്‍ണ്ണയകമ്മിററി, കാര്‍ഷികാദായ നികുതി കമ്മററി തുടങ്ങി ഒട്ടേറെ സുപ്രധാന കമ്മിററികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിന്‍െറ വികസനപ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനുമായി രാജിനെ പ്രേരിപ്പിച്ചത് അന്നത്തെ മുഖ്യമന്ത്രി അച്ച്യുതമേനോനായിരുന്നു. അങ്ങനെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് രൂപം കൊണ്ടു.

മുപ്പത്തിയഞ്ചോളം പ്രബന്ധങ്ങളും അരഡസനിലേറെ പുസ്തകങ്ങളുമുണ്ട് രാജിന്‍െറ സംഭാവനകളായി, വരും തലമുറയ്ക്ക് വായിച്ചുപഠിക്കുവാന്‍. മററു വികസ്വര രാഷ്ട്രങ്ങളിലെ സാമ്പത്തികപ്രശ്നങ്ങളും വളര്‍ച്ചയും ഇന്ത്യയുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന കാര്യത്തില്‍ ഇതര ഇന്ത്യന്‍ വിദഗ്ദ്ധര്‍ക്ക് രാജ് ഒരു വഴികാട്ടിയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറായിരുന്ന സരസ്വതിയാണു ഭാര്യ. രണ്ടു മക്കള്‍: ഗോപാല്‍, ദിനേശ്.

മലയാള മനോരമ

ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു; ആദരാഞ്ജലികൾ!


കേരളകൌമുദി വാര്‍ത്ത‍

ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു; ആദരാഞ്ജലികൾ!

2010 ഫെബ്രുവരി 10

കോഴിക്കോട്: ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരി (49) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് അഞ്ചു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ ഉള്ള്യേരി പുത്തഞ്ചേരി പുളിക്കൂര്‍ കൃഷ്ണന്‍ പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1961ല്‍ ജനനം. പുത്തഞ്ചേരി ഗവ.എല്‍.പി. സ്കൂളിലും മൊടക്കല്ലൂര്‍ എ.യു.പി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലായിരുന്നു.

ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. അഗ്നിദേവന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൌരീശങ്കരം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്കാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.


1990-ല്‍ എന്‍ക്വയറി എന്ന ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചാണ് അദ്ദേഹം സിനമയിലേക്കെത്തുന്നത്. തുടര്‍ന്ന് ജോണിവാക്കറിലെ 'ശാന്തമീ രാത്രിയില്‍...' എന്ന ഗാനം ശ്രോതാക്കള്‍ സ്വീകരിച്ചതോടെ പുത്തഞ്ചേരി മലയാളത്തിന്റെ തിരക്കേറിയ പാട്ടേഴുത്തുകാരനായി മാറുകയായിരുന്നു.

ജോണിവാക്കറിലെ 'ശാന്തമീ രാത്രിയില്‍..', ദേവാസുരത്തിലെ 'സൂര്യകിരീടം വീണുടഞ്ഞു..', വടക്കുന്നാഥനിലെ 'കളഭം തരാം..', കൃഷ്ണഗുഡിയിലെ 'പിന്നെയും പിന്നെയും ആരോ കിനാവിന്റെ..' തുടങ്ങിയവ മികച്ച ഹിറ്റുകളായിരുന്നു. രണ്ടു കവിതാ സമാഹാരങ്ങളും നിരവധി ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.


മേലേപ്പറമ്പില്‍ ആണ്‍വീടിന് കഥയെഴുതി അദ്ദേഹം സിനിമയുടെ മറ്റു മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്നു കിന്നരിപ്പൂഴയോരം, മമ്മൂട്ടി നായകനായ പല്ളാവൂര്‍ ദേവനാരായണന്‍, മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന്‍ എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതി.

ഭാര്യ: ബീന. മക്കള്‍: ജിതിന്‍ കൃഷ്ണന്‍, ദില്‍നാഥ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, പ്രവീണ്‍കുമാര്‍, ആനന്ദവല്ലി, വല്‍സല, ജലജ.

Wednesday, February 10, 2010

ബിടി വഴുതന തല്‍ക്കാലമില്ല

ദേശാഭിമാനിയിൽനിന്ന്

ബിടി വഴുതന തല്‍ക്കാലമില്ല

എം പ്രശാന്ത്

ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ജനിതക വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനയുടെ കൃഷി അനുവദിച്ച തീരുമാനം മരവിപ്പിക്കുകയാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി ജയ്റാം രമേശ് അറിയിച്ചു. വിശദമായ പഠനത്തിലൂടെ സംശയങ്ങള്‍ ദൂരീകരിച്ചശേഷമേ തുടര്‍നടപടിയുണ്ടാകൂ.

പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജനിതക അംഗീകാര സമിതി (ജിഇഎസി) 2009 ഒക്ടോബര്‍ 14ന് ജനിതക വഴുതനയുടെ വാണിജ്യ കൃഷിക്ക് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ അന്തിമതീരുമാനം പരിസ്ഥിതി മന്ത്രാലയത്തിന് വിട്ടു. കേരളവും ബംഗാളുമടക്കം വിവിധ സംസ്ഥാനങ്ങളും നിരവധി സംഘടനകളും കേന്ദ്രനീക്കത്തെ എതിര്‍ത്തു. തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയും രാജ്യത്തെ എട്ട് കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഈ വേദികളില്‍ സംസ്ഥാനങ്ങളും സംഘടനകളും ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ് ഒടുവില്‍ കേന്ദ്രത്തിന് തീരുമാനം മരവിപ്പിക്കേണ്ടിവന്നത്.

അഭിപ്രായ ഭിന്നതയുള്ളതിനാലാണ് തീരുമാനം മരവിപ്പിക്കുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമുണ്ടാകുമോ എന്ന് പഠിക്കും. ജനിതകവഴുതന സുരക്ഷിതമാണെന്ന് ശാസ്ത്രീയ പഠനമുണ്ടാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി മരവിപ്പിക്കുകയാണ്. മറ്റു വിളകളുടെ കാര്യത്തില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ തുടരും. ജനിതകമാറ്റം വരുത്തിയ ആദ്യ പച്ചക്കറിയാണ് വഴുതന.

വഴുതന ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യക്ക് ജനിതകകൃഷി തുടങ്ങുന്നതിന് തിടുക്കമില്ലെന്നും മന്ത്രി പറഞ്ഞു. ജനിതക പരുത്തികൃഷി വാണിജ്യാടിസ്ഥാനത്തില്‍ അനുവദിച്ച ആന്ധ്രയിലാണ് തെളിവെടുപ്പ് ഏറ്റവും പ്രക്ഷുബ്ധമായത്. അവിടെയും കൊല്‍ക്കത്തയിലും ജയ്റാം രമേശിനെതിരെ കൈയേറ്റ ശ്രമംപോലുമുണ്ടായി. വിത്തുല്‍പ്പാദന രംഗത്തെ അമേരിക്കന്‍ കുത്തക കമ്പനിയായ മൊസാന്റോയെയും അതിന്റെ ഇന്ത്യന്‍ പതിപ്പായ മാഹികോയെയും സഹായിക്കാനാണ് കേന്ദ്രനീക്കമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ജിഇഎസിയുടെ തീരുമാനം ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് ആക്ഷേപം. മൊസാന്റോയ്ക്ക് ഏറെ സ്വാധീനമുള്ള കേന്ദ്രസര്‍ക്കാരും ജിഇഎസിയുടെ ചുവടുപിടിച്ച് നീങ്ങുമ്പോഴാണ് വിവിധ കോണുകളില്‍ എതിര്‍പ്പ് രൂക്ഷമായത്. കേരളത്തിനും ബംഗാളിനും പുറമെ ബിഹാര്‍, ആന്ധ്ര, ഛത്തീസ്ഗഢ്, കര്‍ണാടകം, ഒറീസ, തമിഴ്നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ജനിതക വഴുതന കൃഷിയെ എതിര്‍ത്തത്.

സംസ്ഥാനത്തെ ജനിതക വിമുക്തമാക്കാന്‍ തീരുമാനിച്ചതായുംഎല്ലാ ജനിതകവിത്തിനങ്ങളും നിരോധിക്കുമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ജനിതക വഴുതന കൃഷി മരവിപ്പിച്ചെങ്കിലും ജനിതക ശാസ്ത്രത്തോട് എതിര്‍പ്പില്ലെന്ന് ജയ്റാം രമേശ് പറഞ്ഞു. ഡോ. എം എസ് സ്വാമിനാഥന്‍ അടക്കമുള്ള കാര്‍ഷിക ശാസ്ത്രജ്ഞരുമായും ഡോ. പി എം ഭാര്‍ഗവയെ പോലുള്ള വിദഗ്ധരുമായും ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

ബി.ടി വഴുതന വേണ്ടെന്ന് കേന്ദ്രം

കേരള കൌമുദിയിൽ നിന്ന്

ബി.ടി വഴുതന വേണ്ടെന്ന് കേന്ദ്രം

കെ. എസ്. ശരത്ലാല്‍

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന (ബി.ടി വഴുതന) കാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു.
ജനിതക മാറ്റം വരുത്തിയ ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

ബി.ടി വഴുതന കാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജനിറ്റിക്കല്‍ എഞ്ചിനിയറിംഗ് അപ്രൂവല്‍ കമ്മിറ്റി അനുമതി നല്‍കിയിരുന്നു. കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബി.ടി വഴുതന നിരോധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ബി.ടി വഴുതന കൃഷിക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.

കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്ന കാരണമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രി വിശദീകരിച്ചു. എന്നാല്‍ ജനിതക മാറ്റം വരുത്തിയ കുരുക്കളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ കാര്യത്തില്‍ നിരോധനം ബാധകമാകുമോ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ചത് ഭക്ഷ്യ എണ്ണ മുതല്‍ ഇറക്കുമതി ചെയ്യുന്ന പഴ സത്തുകള്‍ക്കു വരെ ബാധകമായിരിക്കും.
കഴിഞ്ഞ ഒക്ടോബര്‍ 14 ന് ചേര്‍ന്ന ജനിറ്റിക്കല്‍ എന്‍ജിനിയറിംഗ് അപ്രൂവല്‍ കമ്മിറ്റിയില്‍ ബി.ടി വഴുതനയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു കമ്മിറ്റി ഭൂരിപക്ഷ അഭിപ്രായപ്രകാരം അനുമതി നല്‍കിയത്.

കമ്മിറ്റി അംഗവും ഇന്ത്യയിലെ ഏറ്റവും മികച്ച ജനിതക വിദഗ്ധനുമായ ഡോ. പുഷ്പ ഭാര്‍ഗവ ബി. ടി വഴുതനയ്ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.
അമേരിക്കന്‍ വിത്തുത്പാദകരായ മൊണ്‍സാന്റോയുടെ ഇന്ത്യന്‍ പതിപ്പ് ആയ മഹീകോ കമ്പനിയാണ് ബി.ടി വഴുതന വികസിപ്പിച്ചത്. ഇതേക്കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന് സാമ്പത്തിക സഹായം നല്‍കിയത് മൊണ്‍സാന്റോ ആയിരുന്നു.

എന്താണ് ബി. ടി. വഴുതന
മണ്ണിലുള്ള ബാസില്ലസ് തുറുഞ്ചിയാസിസ് (ബി.ടി) ബാക്ടീരിയ ചെറിയ തോതില്‍ വിഷം ഉത്പാദിപ്പിക്കും. ഈ ബാക്ടീരിയയുടെ ജീന്‍ വേര്‍തിരിച്ചെടുത്ത് ജീന്‍ ബോംബിംഗ് എന്ന ജനിതക ടെക്നോളജി വഴി വഴുതന വിത്തില്‍ കടത്തുന്നു.
ഈ വിത്തില്‍ നിന്നുണ്ടാക്കുന്ന ചെടി സ്വയം പിന്നീട് വിഷം ഉത്പാദിപ്പിക്കുകയും ഈ വിഷം കീടങ്ങളെ അകറ്റുകയും ചെയ്യും. കീടനാശിനി പ്രയോഗം പൂര്‍ണമായി കുറയ്ക്കാം എന്നതാണ് മെച്ചം.
ദോഷങ്ങള്‍: കീടനാശിനി ഉള്ളില്‍ വഹിക്കുന്ന വഴുതനയുടെ പാര്‍ശ്വഫലങ്ങള്‍ പഠന വിധേയമാക്കിയിട്ടില്ല. അത്യുത്പാദന ശേഷിയും ചെലവ് കുറഞ്ഞ കൃഷി രീതിയും മൂലം ബി. ടി. വഴുതന മറ്റ് വഴുതനകളെ മാര്‍ക്കറ്റില്‍ നിന്ന് പാടേ തുടച്ചുമാറ്റും. സാധാരണക്കാര്‍ക്ക് ബി.ടി വഴുതനയെ മറ്റു വഴുതനയില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയില്ല. പരാഗണം വഴി ബി.ടി വഴുതനയുടെ ജനിതക സ്വഭാവം നാടന്‍ വഴുതനയ്ക്കും പകര്‍ന്നുകിട്ടും. ക്രമേണ നാടന്‍ വഴുതന അപ്രത്യക്ഷമാകും. ഓരോ കൃഷിക്കും 'കമ്പനി വിത്ത്' വാങ്ങണം.

കേരളം നേരത്തേ തീരുമാനിച്ചു: മുല്ലക്കര
ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെ കേരളം നേരത്തേതന്നെ ഉറച്ച സമീപനമെടുത്തിരുന്നതാണെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കേരളത്തെ ഒരു ജി.എം. ഫ്രീ സോണായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയുണ്ടായി. ബി.ടി വഴുതനയുടെ പരീക്ഷണങ്ങള്‍ കേരളത്തില്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ജൈവ വൈവിധ്യം നിറഞ്ഞ കേരളത്തെ മലിനീകരണവിമുക്തമായി സംരക്ഷിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് കേന്ദ്രം അംഗീകരിച്ചതില്‍ സന്തോഷം.

അവധിവ്യാപാരവും വിലക്കയറ്റവും

ദേശാഭിമാനിയിൽ നിന്ന്

അവധിവ്യാപാരവും വിലക്കയറ്റവും

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

സാധനങ്ങളുടെ പൂഴ്ത്തിവയ്പ് എന്നാല്‍ ഗോഡൌണുകളില്‍ അട്ടിയിട്ട് ഷട്ടറുമിട്ട് ദീര്‍ഘകാലം സൂക്ഷിക്കല്‍ എന്ന പരിമിതമായ അര്‍ഥമല്ല ഉള്ളത്. പൂഴ്ത്തിവയ്പിന്റെയും ഊഹക്കച്ചവടത്തിന്റെയും മുഖ്യരീതിയാണ് അവധിവ്യാപാരം അഥവാ ഫ്യൂച്ചേഴ്സ് ട്രേഡിങ്. കച്ചവടം ഉറപ്പിച്ച് ഉല്‍പ്പന്നം കൈമാറുമ്പോള്‍ത്തന്നെ പണവും കൈമാറുന്നതാണ് റെഡിവ്യാപാരം അല്ലെങ്കില്‍ സ്പോട്ട് ട്രേഡിങ്. എന്നാല്‍, കരാര്‍ ഉറപ്പിച്ചാലും നിശ്ചിത അവധിക്കുശേഷംമാത്രം ഉല്‍പ്പന്നവും പണവും കൈമാറ്റം ചെയ്യുന്നതാണ് അവധിവ്യാപാരത്തിന്റെ രീതി. ആദ്യമെല്ലാം വാക്കാല്‍ ധാരണകളായിരുന്നു കരാറിന് അടിസ്ഥാനം. പിന്നീട് രേഖാമൂലമുള്ള കരാറുകളുണ്ടായി. തുക മുന്‍കൂര്‍ നല്‍കുന്ന രീതിയും സ്വീകരിക്കപ്പെട്ടു. വില്‍ക്കാമെന്നു സമ്മതിച്ച് വില്‍പ്പനക്കാരന്‍ ഒപ്പിട്ട കരാര്‍പത്രം ഒരു രേഖയാണ്. അതിനു സാധുതയുണ്ട്. നിശ്ചിത തുകയെ പ്രതിനിധാനംചെയ്യുന്നതാണ് പ്രസ്തുത രേഖ. കരാര്‍പത്രം കിട്ടിയ വാങ്ങലുകാരന് നിശ്ചിത അവധിവരെ കാക്കാം; ഉല്‍പ്പന്നം കിട്ടും. അയാള്‍ക്ക് മറ്റൊന്നു ചെയ്യാം, അവധിവ്യാപാര കരാര്‍ മറ്റൊരാള്‍ക്ക്, കൂടുതല്‍ തുകയ്ക്ക്, മറിച്ചുവില്‍ക്കാം. അതില്‍നിന്ന് ലാഭം കിട്ടും. കരാര്‍ വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് അത് മൂന്നാമതൊരാളിന് മറിച്ചുവില്‍ക്കാം. അവധി കരാറിന്റെ കൈമാറ്റങ്ങളുടെ എണ്ണം കൂടുന്തോറും കരാര്‍ തുക കൂടും. കൈമാറ്റം ചെയ്യപ്പെടുന്ന ഉല്‍പ്പന്നത്തിന്റെ വിലയും ഉയരും.

ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ വേറൊരു കരാര്‍ ഉണ്ടാകുന്നതിനെ ഡെറിവേറ്റീവ് എന്നു വിളിക്കുന്നു. 'ഡിറൈവ്' എന്ന ഇംഗ്ളീഷ് വാക്കില്‍നിന്നാണ് 'ഡെറിവേറ്റീവ്' എന്ന പദം ഉണ്ടായത്. 'ഡിറൈവ്' എന്നാല്‍, ഒന്നില്‍നിന്ന് മറ്റൊന്ന് ഉണ്ടാവുക എന്നാണര്‍ഥം. പാലില്‍നിന്ന് മോരുണ്ടാകുന്നു. മോര് ഒരു ഡെറിവേറ്റീവ് ആണ്. മോരില്‍നിന്ന് വെണ്ണയുണ്ടാക്കുന്നു. വെണ്ണ മറ്റൊരു ഡെറിവേറ്റീവ് ആണ്. അതേപോലെ ഒരു അവധിവ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ മറ്റൊരെണ്ണം. മറ്റൊരെണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമതൊരെണ്ണം. ഇങ്ങനെ രൂപം കൊള്ളുന്ന ഡെറിവേറ്റീവുകള്‍ ഓഹരിക്കമ്പോളത്തില്‍ ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതുപോലെ കൈമാറ്റം ചെയ്യപ്പെടുന്നു. ചരക്കുകളെ അടിസ്ഥാനപ്പെടുത്തിയ ഡെറിവേറ്റീവുകള്‍ 'കമ്മോഡിറ്റി ഡെറിവേറ്റീവുകള്‍' എന്ന് അറിയപ്പെടുന്നു. മുഖ്യമായും നാല് അവധി വ്യാപാര വിപണിയിലും 18 പ്രാദേശിക വിപണിയിലുമായാണ് അവധിവ്യാപാരം നടക്കുന്നത്. മുംബൈയിലെ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്, മുംബൈയിലെ നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച്, അഹമ്മദാബാദിലെ നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്, ഗൂര്‍ഗാവോണിലെ ഇന്ത്യ കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നിവയാണ് പ്രമുഖങ്ങളായ നാല് അവധി വ്യാപാര വിപണികള്‍. കമ്മോഡിറ്റി ഡെറിവേറ്റീവുകളുടെ വിലസൂചികകള്‍ മനസ്സിലാക്കാന്‍ ചില ഉദാഹരണങ്ങള്‍ ഉപകരിക്കും. (ബിസിനസ് ലൈന്‍ ജനുവരി 17, 2010) രണ്ട് ഉദാഹരണങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

സാധാരണ കച്ചവടക്കാരല്ല അവധിവ്യാപാരത്തില്‍ ഏര്‍പ്പെടുന്നത്. വന്‍കിടക്കാരായ കുത്തകവ്യാപാരികളാണ്. അവര്‍ ഉല്‍പ്പാദകരുമായി മുന്‍കൂര്‍ കരാര്‍ ഉറപ്പിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ വാങ്ങി, സ്വന്തം ഗോഡൌണില്‍ സൂക്ഷിച്ച്, കൃത്രിമ ക്ഷാമമുണ്ടാക്കി, വിലയുയര്‍ത്തി കൊള്ളലാഭമടിക്കുന്നവരുണ്ട്. എന്നാല്‍, അതല്ല അവധിവ്യാപാരത്തിന്റെ രീതി. ആയിരം മെട്രിക് ട ക്രൂഡ് ഓയില്‍, അല്ലെങ്കില്‍ പതിനായിരം ഏക്കറില്‍ വിളയുന്ന എണ്ണപ്പനയില്‍നിന്നുള്ള പാമോയില്‍- ഇവയാണ് അവധിവ്യാപാരത്തിനു വിധേയമാക്കപ്പെടുന്നത് എന്നു കരുതുക. ക്രൂഡ് ഓയില്‍ ഖനനം നടക്കുന്നതേ ഉള്ളൂ എന്നുവരാം. അല്ലെങ്കില്‍ എണ്ണപ്പന തൈകള്‍ നടുന്നതേ ഉള്ളൂ എന്നുവരാം. പക്ഷേ, അവധി വ്യാപാരവും മറിച്ചുകൈമാറ്റങ്ങളും നേരത്തേ നടക്കും; നിരന്തരമായി നടക്കും. ഇവിടെ ഉല്‍പ്പന്നങ്ങള്‍, അതായത്, ക്രൂഡ് ഓയിലും പാമോയിലും വാങ്ങി, ഗോഡൌണുകളില്‍ സ്റോക്ക് ചെയ്യുന്നില്ലെന്ന് അറിയണം. കൃത്യമായ അര്‍ഥത്തില്‍ പൂഴ്ത്തിവയ്പില്ലെങ്കിലും പൂഴ്ത്തിവയ്പിന്റെ ഫലമാണ് സൃഷ്ടിക്കപ്പെടുന്നത്. കാരണം, ഉല്‍പ്പാദകന് അവ മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് വില്‍ക്കാന്‍ അവകാശമില്ല. അവധിവ്യാപാരം ഉറപ്പിച്ചതോടെ ആ അവകാശം ഉല്‍പ്പാദകന്‍ അടിയറവുവച്ചു. ഭാവിയിലെ ഏതു വിലവര്‍ധനയുടെയും പ്രയോജനം കച്ചവടക്കാര്‍ക്കാണ്. വിലവര്‍ധനയുടെ ഗുണം ഉല്‍പ്പാദകര്‍ക്കു ലഭിക്കുകയില്ല. അവധിവ്യാപാരത്തിന്റെ പ്രത്യാഘാതമാകട്ടെ ഉയര്‍ന്നു പൊങ്ങുന്ന വിലകളും. കാര്‍ഷികോല്‍പ്പന്നങ്ങള്‍, വ്യവസായ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 115 ഉല്‍പ്പന്നങ്ങള്‍ക്ക് അവധിവ്യാപാരം നിലവിലുണ്ട്. അവധിവ്യാപാരം നിരോധിച്ചുകൊണ്ടുമാത്രമേ കൃഷിക്കാരെയും ഉപയോക്താക്കളെയും വിലക്കയറ്റത്തിന്റെ കെടുതിയില്‍നിന്ന് രക്ഷിക്കാന്‍ കഴിയൂ.

24 അവശ്യസാധനത്തിന്റെ അവധിവ്യാപാരം നിരോധിക്കണമെന്ന് കാര്‍ഷികച്ചെലവുകളും വിലകളും സംബന്ധിച്ച കമീഷന്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിയാകട്ടെ 25 സാധനത്തിന്റെ അവധിവ്യാപാരം നിരോധിക്കണമെന്ന് ശുപാര്‍ശചെയ്തു. പക്ഷേ, കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്ക് അവധിവ്യാപാരം വ്യാപിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 2009ല്‍ പുതിയതായി ഹീറ്റിങ് ഓയില്‍, ഗ്യാസൊലിന്‍, ഇറക്കുമതിചെയ്ത തെര്‍മല്‍ കല്‍ക്കരി, ഈന്തപ്പഴം എന്നിവയില്‍ക്കൂടി അവധിവ്യാപാരം അനുവദിച്ചു. റബര്‍, കുരുമുളക്, ബാര്‍ലി, കടലയെണ്ണ, ഉരുളക്കിഴങ്ങ്, മഞ്ഞള്‍, ഏലം, മല്ലി, മുളക്, ഗോതമ്പ് തുടങ്ങിയവ ഉള്‍പ്പെടെ വിവിധങ്ങളായ കാര്‍ഷികോല്‍പ്പന്നങ്ങള്‍, സ്വര്‍ണം, വെള്ളി, ചെമ്പ്, ഈയം, നാകം, അലുമിനിയം, പ്രകൃതിവാതകം തുടങ്ങിയ അനവധി ഉല്‍പ്പന്നങ്ങളിലും അവധിവ്യാപാരമുണ്ട്. അവധിവ്യാപാരത്തിന്റെ ഭീകര രൂപം അറിയാന്‍ വ്യാപാരത്തിന്റെ തുക പരിശോധിച്ചാല്‍ മതി. 2009 ജനുവരിമുതല്‍ ഡിസംബര്‍വരെ 62.94 ലക്ഷം കോടി രൂപയുടെ അവധിവ്യാപാരം നടന്നു. മുന്‍വര്‍ഷം അത് 46.65 ലക്ഷം കോടി രൂപയുടേതായിരുന്നു. 34.9 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷംകൊണ്ട് ഉണ്ടായത്. വലുപ്പം മാത്രമല്ല വര്‍ധന നിരക്കും ഭയാനകമാണ്. അവശ്യവസ്തുക്കള്‍ക്ക് വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതില്‍ കുത്തക- ചില്ലറ വ്യാപാര ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ലോകത്തിലെ ഏറ്റവും വലിയ ചില്ലറവില്‍പ്പന വിപണികളിലൊന്നാണ് ഇന്ത്യ. ചില്ലറവില്‍പ്പനരംഗത്തെ വിദേശഭീമന്മാര്‍ക്ക് നേരിട്ടു പ്രവേശനം അനുവദിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ അനുവദിച്ചിട്ടുണ്ട്. അതിന്റെ മറവില്‍ ചില്ലറവ്യാപാര കോര്‍പറേഷനുകളായ വാള്‍മാര്‍ട്ട്, ടെസ്കോ, പന്തലൂ, റിലയന്‍സ്, ടാറ്റ, ഭാര്‍തി തുടങ്ങിയവ വ്യാപകമായി കൂട്ടുസംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വന്‍തോതില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങി സ്റോക്ക് ചെയ്യുന്നതിനുള്ള സംവിധാനം അവയ്ക്കുണ്ട്. വിളവെടുപ്പുകാലത്ത് വിപണിയിലിറങ്ങി കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി സ്റോക്ക് ചെയ്യുന്നു. സാധനവിലകള്‍ ഉയരുന്നതിന് ഇത്തരം പൂഴ്ത്തിവയ്പുകള്‍ ഇടയാക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന തുടര്‍ക്കഥയാണ്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുമ്പോള്‍, പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുകയും അന്താരാഷ്ട്രവിപണിയില്‍ വില ഇടിയുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പനവില കുറയ്ക്കാതിരിക്കുകയോ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ നാമമാത്രമായി ഇളവു ചെയ്യുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ നയം. ഇറക്കുമതിയുടെ മേല്‍ കസ്റംസ് തീരുവയും, അധികവിലയുടെ മേല്‍ എക്സൈസ് തീരുവയും ചേര്‍ന്നതാണ് ചില്ലറ വില്‍പ്പനവില. നികുതി ഒഴിവാക്കിയാല്‍ ചില്ലറ വില്‍പ്പനവില നിയന്ത്രിക്കാന്‍ കഴിയും. വസ്ത്രത്തിന്റെയും രാസവളത്തിന്റെയും എന്നു വേണ്ട എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും അടിസ്ഥാന അസംസ്കൃത പദാര്‍ഥമാണ് പെട്രോള്‍. വാഹനങ്ങള്‍ ചലിപ്പിക്കുന്നത് പെട്രോളും ഡീസലുമാണ്. ഇവയുടെ വിലവര്‍ധന, വ്യാപകമായ വിലക്കയറ്റം സൃഷ്ടിക്കും. മുപ്പത്തയ്യായിരത്തിലധികം ഉല്‍പ്പന്നത്തിന്റെ അസംസ്കൃതവസ്തുവാണ് ക്രൂഡ് ഓയില്‍ എന്നാണ് ഒരു കണക്ക്. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എട്ടുപ്രാവശ്യം പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചു. ഏറ്റവുമൊടുവില്‍ എണ്ണവില വര്‍ധിപ്പിച്ചത് 2009 ജൂലൈ ഒന്നിനാണ്. പെട്രോള്‍വില ലിറ്ററിന് നാലുരൂപയും ഡീസലിന്റേത് രണ്ടുരൂപയും വര്‍ധിപ്പിച്ചു.

2008 ജൂ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ യഥാക്രമം അഞ്ചുരൂപയും മൂന്നുരൂപയും ഉയര്‍ത്തിയിരുന്നു. 2008 ജൂണില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 142.04 ഡോളറായി ഉയര്‍ന്നപ്പോഴാണ് അഞ്ചുരൂപയും മൂന്നുരൂപയും ഉയര്‍ത്തിയത്. പിന്നീട് ക്രൂഡ് ഓയില്‍ വില നാലിലൊന്നായി (2008 ഡിസംബര്‍ 24ന് 35.83 ഡോളര്‍) താഴ്ന്നപ്പോള്‍ സമാനമായ വെട്ടിക്കിഴിവു വരുത്തിയില്ല. രണ്ടു പ്രാവശ്യമായി, 2008 ഡിസംബര്‍ അഞ്ചിനും 2009 ജനുവരി 28നും ആകെ 10 രൂപയുടെയും നാലു രൂപയുടെയും വെട്ടിക്കിഴിവാണ് വരുത്തിയത്. ക്രൂഡ് ഓയിലിന്റെ വില നാലിലൊന്നായി കുറഞ്ഞപ്പോള്‍ പെട്രോള്‍വില 20 രൂപയും ഡീസല്‍ വിലയില്‍ 12 രൂപയും ഇളവു ചെയ്യേണ്ടതായിരുന്നു. കുറച്ചത്, അതും 12 മാസത്തിനകത്തെ ഇടവേളകളില്‍ അഞ്ചുരൂപ വീതവും രണ്ടു രൂപ വീതവും. എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്ന നയമാണ് സര്‍ക്കാര്‍ ഇതിലൂടെ സ്വീകരിച്ചത്. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ ഫലമായി മുതലാളിത്ത രാജ്യങ്ങളിലാകെ നിക്ഷേപ - ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ മരവിച്ചപ്പോള്‍, ക്രൂഡ് ഓയിലിന്റെ ആവശ്യം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയും ഇടിഞ്ഞു. ബാരലിന് 40 ഡോളറില്‍ താഴെയെത്തി. പക്ഷേ, 2009 ജൂലൈയില്‍ വരുത്തിയ വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചില്ല.

Thursday, February 4, 2010

മലയാളം നമ്മുടെ അഭിമാനം

ദേശാഭിമാനി ലേഖനം

മലയാളം നമ്മുടെ അഭിമാനം

പയ്യന്നൂര്‍ കുഞ്ഞിരാമന്‍

കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് മാറ്റ് കൂട്ടുന്ന വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികജാഥ പ്രയാണം വെള്ളിയാഴ്ച പര്യവസാനിക്കും. 'മലയാളം നമ്മുടെ അഭിമാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നു ജനുവരി ഒന്നിനു തുടങ്ങിയ ജാഥ പാറശാലയിലാണ് സമാപിക്കുക. മലയാളത്തെ സ്നേഹിക്കുക, മലയാളിയുടെ സാംസ്കാരികത്തനിമ നിലനിര്‍ത്തുക, പുസ്തകങ്ങള്‍ ജീവിതവളര്‍ച്ചയുടെ ഭാഗമാക്കുക തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തിയാണ് ജാഥ പര്യടനം നടത്തിയത്. നാളികേരത്തിന്റെ ഈ കൊച്ചുനാട് മലയാളികളുടെ മാതൃഭൂമിയായിത്തീര്‍ന്നത് നീണ്ടകാലത്തെ പോരാട്ടത്തിന്റെ ഫലമായാണെന്ന് ജാഥ ഓര്‍മപ്പെടുത്തി.

സാഹിത്യം ആനന്ദത്തിനുള്ള ഉപാധിമാത്രമല്ലെന്നും അതിന് ചില ഉദ്ദേശ്യങ്ങളുണ്ടെന്നും എഴുത്തുകാരനില്‍നിന്ന് സമൂഹം ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ടെന്നും ജാഥ വിളിച്ചുപറഞ്ഞു. സമൂഹത്തിലെ കരിഞ്ചന്തയും കൈക്കൂലിയും സ്വജനപക്ഷപാതവും പരനിന്ദയും എഴുത്തുകാരന്റെ ഹൃദയത്തെ സ്പര്‍ശിക്കരുതെന്നും ജാഥ പറഞ്ഞു. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള ശേഷി മലയാളിയുടെ സ്വത്വത്തിന്റെ അളവുകോലാണെന്നും ജാഥ തിരിച്ചറിഞ്ഞു. മിണ്ടിത്തുടങ്ങുന്ന കുഞ്ഞിന്റെ ചുണ്ടില്‍ അമ്മിഞ്ഞപ്പാലിനൊപ്പം കലരുന്നതാണ് മലയാള ഭാഷ. തുഞ്ചനും കുഞ്ചനും പാലൂട്ടി വളര്‍ത്തിയ മലയാള ഭാഷ. വള്ളത്തോളും കുമാരനാശാനും ഉള്ളൂരും ചങ്ങമ്പുഴയും പാടിപ്പുകഴ്ത്തിയ ഭാഷ. ഭാഷയോടുള്ള താല്‍പ്പര്യം ഭാഷ സംസാരിക്കുന്ന ജനതയോടും സംസ്കാരത്തോടുമുള്ള താല്‍പ്പര്യംകൂടിയാണ്. അക്ഷരങ്ങളും പുസ്തകങ്ങളും മലയാളിയുടെ സാമൂഹ്യജീവിതം തെളിയിച്ചെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിദ്വേഷകലുഷിതമായ സമൂഹത്തെ മാറ്റിമറിച്ചുകൊണ്ടാണ് നവോത്ഥാനചിന്തകള്‍ കേരളത്തില്‍ വേരോടിയത്. നാഗരികതയിലേക്കും പുരോഗതിയിലേക്കുമുള്ള പാതയിലെ പുതിയ ദീപസ്തംഭങ്ങളായി നവോത്ഥാനനായകര്‍ ജ്വലിച്ചുനിന്നു.

ജാതി, മതം, ആചാരം, അന്ധവിശ്വാസം, അടിമത്തം തുടങ്ങിയ സമ്പ്രദായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അവരുടെ കൈകള്‍ നീണ്ടു. പ്രക്ഷോഭത്തിന്റെയും പോരാട്ടത്തിന്റെയും പുതുതുടിപ്പുകളുയര്‍ന്നു. പഴംപുരാണങ്ങളിലെ ശീലുകള്‍ മാറ്റിക്കുറിച്ചു. പണിയാളര്‍ക്ക് പുതിയ സംഘഗീതി മുഴക്കി. ചരിത്രത്തിന്റെ ഊടും പാവും നിയന്ത്രിക്കുന്ന മതത്തെ കടിഞ്ഞാണിട്ട്, സ്വാതന്ത്യ്രത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ ആകാശം പടുത്തുയര്‍ത്തി. മതസാമ്രാജ്യത്വത്തിന്റെ ശിഥിലീകരണത്തിനായി മഹാവിപ്ളവം നയിച്ചവരാണ് നവോത്ഥാനനായകന്മാരും കലാകാരന്മാരും എഴുത്തുകാരും. നാടിന്റെ പുണ്ണ് പിടിച്ച മനസ്സിനാണ് അവര്‍ ചികിത്സ വിധിച്ചത്. സമൂഹം എങ്ങനെ രൂപപ്പെടുത്തണമെന്ന തിരിച്ചറിവാണ് അവരെ നയിച്ചത്. വ്യക്തിയുടെ സത്തയും അസ്തിത്വവും പൊതുബോധത്തിന്റെ ഭാഗമായി അവര്‍ വ്യാഖ്യാനിച്ചു. പഞ്ഞവും പട്ടിണിയും വിതയ്ക്കുന്ന വ്യവസ്ഥകളോട് പൊരുതുമ്പോഴും ജാതിമതങ്ങളുടെ വൈരുദ്ധ്യങ്ങളില്‍നിന്ന് ജനതയെ മോചിപ്പിക്കാനും സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും നവോത്ഥാനനായകര്‍ ശ്രമിച്ചു. എന്നാലിന്ന് വ്യക്തിയെയും സമൂഹത്തെയും കോര്‍ത്തിണക്കുന്ന കണ്ണികളിലെല്ലാം ജാതിമതങ്ങളുടെ വര്‍ണങ്ങള്‍ പടരുന്നു.

എ കെ ജി തല്ലുകൊണ്ട് വീണ് മാറ്റിയെടുത്ത ഇടവഴികളിലും കൃഷ്ണപിള്ള മണിയടിച്ച് തട്ടിത്തുറന്ന ശ്രീകോവിലുകളിലും വര്‍ഗീയതയുടെ വിഷാണുക്കള്‍ ഇഴഞ്ഞു നടക്കുന്നു. എല്ലാ ജീവനും സ്വാതന്ത്യ്രവും തട്ടിമാറ്റുകയും ഏറ്റവും വിലപ്പെട്ടതും പ്രിയപ്പെട്ടതുമായ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ പരിക്കേറ്റു പിന്തിരിയുന്ന പോരാളികളാകില്ലെന്ന് ജാഥാംഗങ്ങള്‍ പ്രഖ്യാപിക്കുന്നു. പുതിയ കരുത്തിന്റെ പാട്ടുകള്‍ പാടി, അതിരുകളൊക്കെ മുറിച്ചുകടന്ന്, വിപ്ളവകേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ മനുഷ്യാലയമാക്കിത്തീര്‍ത്തവരുടെ പാതകളില്‍ മാനവീയതയുടെ പുതിയ കൂട്ടായ്മ, കാലത്തിന്റെ ദൌത്യംകൂടിയായിത്തീരുന്നു. സ്വതന്ത്രഭാരതത്തിന്റെ നൂതനചരിതം സ്വന്തം ചോരയിലെഴുതാനാണ് സാംസ്കാരിക ജാഥ ആഹ്വാനംചെയ്യുന്നത്.

നാടിനെ വരിഞ്ഞുമുറുക്കുന്ന ശക്തികളോടും നാട്ടില്‍ അന്ധത വിതയ്ക്കുന്ന സാഹചര്യങ്ങളോടും സന്ധിയില്ലാതെ പൊരുതണമെന്ന് ഈ ജാഥ ഓര്‍മപ്പെടുത്തുന്നു. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നാളുകളിലാണ് മലയാളി ജീവിക്കുന്നത്. ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന ആദര്‍ശങ്ങളോടും കലാപ്രവര്‍ത്തനങ്ങളോടും മുഖം തിരിക്കുന്ന സാഹചര്യങ്ങളുണ്ടാകുന്നു. ഈ പ്രതിസന്ധി തരണം ചെയ്യണമെന്ന് സാംസ്കാരിക ജാഥ ആഹ്വാനം ചെയ്യുന്നു. പീഡിതജനതയോടുള്ള പ്രതിപത്തിയാണ് പ്രധാനം. നാളയെക്കുറിച്ചും നന്മയെക്കുറിച്ചുമുള്ള ചിന്തകള്‍ ഉണര്‍ന്നുവരണം. ഇരുളിനപ്പുറത്തുള്ള വെളിച്ചത്തിലേക്ക് ജനതയെ എങ്ങനെ നയിക്കാമെന്നതാണ് സാമൂഹ്യപ്രവര്‍ത്തകര്‍ എന്നെന്നും ചിന്തിച്ചത്. കലയില്ലെങ്കില്‍ ജീവിതം കാടുപിടിച്ചതുപോലെയായിത്തീരുമെന്ന് ആചാര്യന്മാര്‍ കണ്ടെത്തിയിരിക്കുന്നു. ജീവിതത്തിലെ കത്തുന്ന പ്രശ്നങ്ങളെയാണ് എഴുത്തുകാര്‍ക്ക് നേരിടാനുള്ളത്. എഴുത്തുകാരന്റെ തൂലികയും ചിത്രകാരന്റെ ബ്രഷും അടിമച്ചങ്ങലകള്‍ അറുത്തെറിയുന്ന ഖഡ്ഗങ്ങളാകണമെന്ന് നിര്‍ദേശിച്ചത് കയ്യൂരിന്റെ കാഥികന്‍ നിരഞ്ജനയാണ്. ജാഥകള്‍ ഏറ്റവും ശക്തമായൊരു സമരരൂപമാണ്. കേരളത്തില്‍ ഈ ആശയത്തെ ജനജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും വളര്‍ച്ചയുടെ ഭാഗമാക്കിത്തീര്‍ത്തത് എ കെ ഗോപാലനാണ്. എഴുത്തുകാരേ, കലാകാരന്മാരേ, നിങ്ങളിന്നൊന്നുണരുമോ എന്നദ്ദേഹം ചോദിക്കുമായിരുന്നു.

നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് നെറികേടുകള്‍ക്കെതിരെ നെഞ്ചുവിടര്‍ത്തി പൊരുതാനുള്ള ആത്മവിശ്വാസം ജാഥ പകര്‍ന്നുകൊടുക്കുന്നു. ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും പടഹങ്ങളാണ് ജാഥയിലുയരുന്നത്. ജാഥ പ്രകടനപരതയുടെ പരിഹാസ്യമായ ലക്ഷണമല്ല. സാമാന്യജനതയുടെ ആശയലോകം തെളിയിച്ചെടുക്കുന്ന മൂല്യവത്തായ സാംസ്കാരികപ്രവര്‍ത്തനമാണ്. വര്‍ത്തമാനകാല പ്രശ്നങ്ങള്‍ക്കുമുന്നില്‍ കേരളജനതയും അമ്പരന്നുനില്‍ക്കുകയാണ്. ജാഥ സാമാന്യജനതയെ ആര്‍ജവത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്നു. ജാഥ ജനതയെ അടുത്തുചെന്നു തൊടുന്ന മഹത്തായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മലയാളം മൊഴിയുന്നവര്‍ക്കെല്ലാം ഒരു മനസ്സും ഒരു ചിന്തയുമാണെന്ന ഓര്‍മപ്പെടുത്തലാണ്. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള മലയാളിയുടെ സ്വത്വബോധം തിരിച്ചുപിടിക്കുകയാണ്.

Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫ അന്തരിച്ചു




കൊച്ചിന്‍ ഹനീഫ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്രകാരന്‍ കൊച്ചിന്‍ ഹനീഫ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 59 വയസായിരുന്നു .വില്ലനായി വന്ന് പിന്നീട് മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു കൊച്ചിന്‍ ഹനീഫ.

സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങി. സലിം അഹമ്മദ് ഘോഷ് എന്നാണ് യഥാര്‍ഥ പേര്. ഒരു നാടകത്തിലെ ഹനീഫയെന്ന പേര് പിന്നീട് സ്വന്തമാക്കുകയായിരുന്നു. എഴുപതുകളില്‍ അഭിനയരംഗത്തെത്തിയ കൊച്ചിന്‍ ഹനീഫ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കൊച്ചിയിലെ കലാഭവന്റെ കളരിയില്‍നിന്നാണ് പല മലയാള നടന്‍മാരെയും പോലെ ഹനീഫയും സിനിമയിലെത്തിയത്.

1979ല്‍ അഷ്ടവക്രനാണ് ആദ്യ സിനിമ. മഹാനദിയടക്കം എപതോളം തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. വാത്സല്യം അടക്കം ഇരുപതോളംചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.. 2001ല്‍ സൂത്രധാരനിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. അവസാന ചിത്രം ബോഡി ഗാര്‍ഡ് ആണ്. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹം മരിച്ചതായി വാര്‍ത്ത പരന്നിരുന്നു.

ദേശാഭിമാനി വാർത്ത

ബിടി വഴുതനങ്ങ

ദേശാഭിമാനി ലേഖനം

ബിടി വഴുതനങ്ങ

ഡോ. ബി ഇക്ബാല്‍

ഇരുപതാം നൂറ്റാണ്ട് വിവര സാങ്കേതികവിദ്യയുടേതെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ജനിതക സാങ്കേതികവിദ്യയുടേതാകുമെന്ന പ്രവചനം ശരിവയ്ക്കുന്ന കുതിച്ചുചാട്ടമാണ് ജൈവസാങ്കേതിക വിദ്യാമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യജീനോം പ്രോജക്ട് പ്രതീക്ഷിച്ചതിലും നേരത്തെ 2003ല്‍ പൂര്‍ത്തിയായതോടെ രോഗനിര്‍ണയത്തിലും പ്രതിരോധത്തിലും ചികിത്സയിലുമെല്ലാം വലിയ സാധ്യതകള്‍ തുറന്നിരിക്കയാണ്. ആരോഗ്യത്തിനു പുറമെ, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ ജനിതക സാങ്കേതികവിദ്യ സമീപഭാവിയില്‍ത്തന്നെ വന്‍ മാറ്റങ്ങള്‍ വരുത്തും. ഇതിനകം പ്രയോഗത്തിലുള്ള അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ക്കു പുറമെ കീടപ്രതിരോധശേഷിയും ഗുണമേന്മയുമുള്ള വിത്തുകള്‍ക്ക് രൂപകല്‍പ്പന നല്‍കാനും ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പന്നമികവും വര്‍ധിപ്പിക്കാനും ജനിതക സാങ്കേതികവിദ്യാരീതികള്‍ സഹായിക്കും. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള ജൈവ കാര്‍ഷികരീതികളെ ശക്തിപ്പെടുത്താന്‍ ജനിതകവിദ്യകള്‍ക്ക് കഴിയുമെന്നു കരുതപ്പെടുന്നു. എന്നാല്‍, വളരെ ശ്രദ്ധയോടെ പ്രയോഗിച്ചില്ലെങ്കില്‍ ഒട്ടനവധി പ്രതിസന്ധികള്‍ക്കും ജനിതക കാര്‍ഷികരീതികള്‍ കാരണമാകാമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനിതക സാങ്കേതികവിദ്യയിലൂടെ രൂപകല്‍പ്പന ചെയ്യുന്ന വിത്തുകള്‍ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ നമ്മുടെ തനത് നാടന്‍ വിത്തിനങ്ങള്‍ക്ക് വംശനാശം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതാണ് പ്രധാന അപകടം. ജനിതക വൈവിധ്യം സംരക്ഷിക്കപ്പെടാതെപോയാല്‍ ഭാവിയില്‍ നമ്മുടെ ഭക്ഷ്യസുരക്ഷ അപകടത്തിലാവുകയും വിത്തുകള്‍ക്കായി അവ ഉല്‍പ്പാദിപ്പിക്കുന്ന വന്‍കിട കമ്പനികളെ പൂര്‍ണമായി ആശ്രയിക്കേണ്ടിവരികയും ചെയ്യും. ജനിതകമാറ്റങ്ങളിലൂടെ കൃഷിചെയ്യുന്ന ചെടികളില്‍നിന്ന് ജനിതക വസ്തുക്കള്‍ മറ്റു ചെടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും അവയുടെ നൈസര്‍ഗികമായ ഘടന നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. ഇതിനെ ജനിതക മലനീകരണം (ഏലിലശേര ജീഹഹൌശീിേ) എന്നാണ് വിശേഷിപ്പിക്കുക. മാത്രമല്ല, ജനിതകവിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന ഫലങ്ങളില്‍നിന്നുള്ള ചില ആഹാരപദാര്‍ഥങ്ങള്‍ (ഏലിലശേരമഹഹ്യ ങീറശളശലറ എീീറ ഏങ എീീറ) ആരോഗ്യത്തിന് ഹാനികരമാകാമെന്നും കണ്ടെത്തയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ഇക്കാരണംകൊണ്ട് മദ്യത്തിന്റെ കാര്യത്തിലും മറ്റും ചെയ്യാറുള്ളതുപോലെ ആരോഗ്യത്തിന് ദൂഷ്യംചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് ജനിതക ആഹാരപദാര്‍ഥങ്ങള്‍ (ഏങ എീീറ) മാര്‍ക്കറ്റ് ചെയ്യാറുള്ളത്. യൂറോപ്പിയന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ജനിതക ഭക്ഷ്യവസ്തുക്കള്‍ നിരോധിച്ചിരിക്കുകയുമാണ്. ഇതെല്ലാം പരിഗണിച്ച് വളരെ സൂക്ഷിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചും ഹ്രസ്വ- ദീര്‍ഘകാല പഠനങ്ങള്‍ നടത്തി ജൈവസുരക്ഷ ഉറപ്പുവരുത്തിയിട്ടുംവേണം ജനിതക കൃഷി നടത്താന്‍.

വികസിതരാജ്യങ്ങള്‍ പിന്തുടര്‍ന്നുവരുന്ന സുരക്ഷാ നിയമങ്ങള്‍ ഒട്ടും പാലിക്കാതെയാണ് ഔഷധമാര്‍ക്കറ്റിങ്ങിന്റെ കാര്യത്തിലും മറ്റും കാണുന്നതുപോലെ ലാഭക്കൊതിമൂത്ത മൊസാന്റോ, ഫൈസര്‍, ഡ്യൂപോഡ്, കാര്‍ഗില്‍ തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുചെയ്യുന്നത്. ബിടി വഴുതനങ്ങയുടെ കാര്യത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍. സാര്‍വദേശീയമായിത്തന്നെ ബിടി വഴുതനങ്ങ മനുഷ്യശരീരത്തിലും പരിസ്ഥിതിയിലും പ്രതികൂലമായ ഫലങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് നിരവധി പഠനം സൂചിപ്പിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ബിടി വഴുതനങ്ങ വിത്തിനങ്ങളുടെ നിര്‍മാണത്തില്‍ കുത്തകയുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മൊസാന്റോയും ഇന്ത്യന്‍ കുത്തകയായ മഹികോയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ജനിതക സുരക്ഷാപരിശോധന ഏജന്‍സിയായ ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി ബിടി വഴുതനങ്ങയുടെ വിത്ത് വ്യാപരാടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്. തുറിന്‍ജിയെന്‍സിസ് എന്ന മണ്ണിലെ ബാക്ടീരിയയില്‍നിന്ന് വഴുതനച്ചെടിയെ ആക്രമിക്കുന്ന ചിലതരം കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള വിഷജീന്‍ വേര്‍തിരിച്ചെടുത്ത് ബിടി വഴുതനങ്ങജീനോട് ജനിതക എന്‍ജിനിയറിങ് വഴി കൂട്ടിച്ചേര്‍ത്താണ് ബിടി വഴുതനങ്ങ വിത്തുണ്ടാക്കുന്നത്. ബിടി വഴുതനങ്ങ കഴിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന വിഷജീന്‍ വിഷവസ്തുവായി പ്രവര്‍ത്തിച്ച് മനുഷ്യശരീരത്തിന് ഹാനികരമാകുമെന്നതാണ് ഒരു പ്രധാന ദോഷമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.

ചില കീടങ്ങളെ പ്രതിരോധിക്കുമെങ്കിലും മറ്റു ചില കീടങ്ങളുടെ ആക്രമണത്തിന് ബിടി വഴുതനങ്ങ കൂടുതലായി വിധേയമാകാന്‍ സാധ്യതയുണ്ട്. ബിടി വഴുതനങ്ങ കൃഷിയിടങ്ങളില്‍നിന്ന് ജനിതക വസ്തുക്കള്‍ എതിര്‍ പരാഗണത്തിലൂടെ നാടന്‍ വിത്തുപയോഗിക്കുന്ന കൃഷിസ്ഥലത്തെ ചെടികളില്‍ ജനിതകമാറ്റം ഉണ്ടാക്കിയെന്നുവരാം. തന്മൂലം നമ്മുടെ നാടന്‍വിത്തുകളുടെ സ്വഭാവത്തില്‍ മാറ്റം വരാനിടയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനിതക വൈവിധ്യമുള്ള വഴുതനങ്ങകളുടെ കലവറയാണ് ഇപ്പോള്‍ ഇന്ത്യ. ഈ മികവ് നമ്മുക്ക് നഷ്ടപ്പെടുകയും നമ്മുടെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കയും ചെയ്യും. നാടന്‍ വിത്തിനങ്ങള്‍ നഷ്ടപ്പെട്ട് ബിടി വഴുതനങ്ങ വിത്തിനായി വന്‍കിട കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നതോടെ ഇപ്പോള്‍ത്തന്നെ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന വഴുതനങ്ങക്കൃഷിക്കാരുടെ ഉപജീവനമാര്‍ഗം അടയും. യുഎസ് എയ്ഡ് പ്രോഗ്രാമിന്റെ കാര്‍ഷിക ജൈവസാങ്കേതിക വിദ്യാപരിപാടിയുടെ ഭാഗമായി മൊസാന്റോ, മഹികോ എന്നീ കമ്പനികള്‍ വാരണാസിയിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച്, ദര്‍വാഡിലെയും കോയമ്പത്തൂരിലെയും കാര്‍ഷിക സര്‍വകലാശാലകള്‍ എന്നീ ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യന്‍ ബിടി വഴുതനങ്ങ വിത്തുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ബിടി വഴുതനങ്ങയുടെ പാര്‍ശ്വഫലങ്ങള്‍ പഠിക്കുന്നതിനായി നടത്തിയ കൃഷിപരീക്ഷണങ്ങള്‍ ശാസ്ത്രീയ പരീക്ഷണങ്ങളനുസരിച്ചല്ലെന്ന വിമര്‍ശവും ഉയര്‍ന്നുവന്നിട്ടുണ്ട്. കുത്തക കമ്പനികളുടെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കാന്‍ ഗവേഷണസ്ഥാപനങ്ങളിലെ ചില ഗവേഷകരും ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റിയിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നെന്ന ആരോപണം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

കമ്പനികളും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള വിത്തിന്റെ മേലുള്ള ബൌദ്ധിക സ്വത്തവകാശ കരാറോ റോയല്‍റ്റി കരാറോ എന്തൊക്കെയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. നേരത്തെ ബിടി പരുത്തി വിത്തിനങ്ങള്‍ അമിതവിലയ്ക്ക് വില്‍ക്കാന്‍ മൊസാന്റോയെ അനുവദിച്ചതിന്റെ അനുഭവവും നമ്മുടെ മുന്നിലുണ്ട്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മൊസാന്റോയുടെ വിപണനരീതി പരിശോധിക്കാന്‍ കുത്തകവ്യാപാര നിയന്ത്രണ കമീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേരളത്തെ സംബന്ധിച്ച് പറഞ്ഞാല്‍ നമ്മുടെ നാടന്‍ വിത്തിനങ്ങള്‍ ഉപയോഗിച്ച് ജൈവകാര്‍ഷികരീതിയും സമഗ്ര കീട പ്രതിരോധരീതികളും പിന്തുടര്‍ന്നാല്‍ ഉല്‍പ്പാദനക്ഷമതയും ഗുണമേന്മയുമുള്ള വഴുതനങ്ങ കൃഷിചെയ്തെടുക്കാമെന്ന് മാരാരിക്കുളത്തെ കൃഷിക്കാര്‍ തെളിയിച്ചിട്ടുണ്ട്. കേരളസര്‍ക്കാരും സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രകാരന്മാരും ആവശ്യപ്പെട്ടിട്ടുള്ളതുപോലെ ബിടി വഴുതനങ്ങക്കൃഷി നിര്‍ത്തിവച്ച് നിഷ്പക്ഷവും ശാസ്ത്രീയവുമായ പഠനത്തിനുള്ള നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത്. സ്വകാര്യ കുത്തകകമ്പനികളെ പൂര്‍ണമായും ഒഴിവാക്കി കൃഷിക്കാരുടെ സംഘടനകളെയും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ ഗവേഷണസ്ഥാപനങ്ങള്‍ തയ്യാറാവുകയും വേണം. തീര്‍ച്ചയായും ജൈവസാങ്കേതികവിദ്യയുടെ അപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷികരീതികള്‍ കൂടുതല്‍ ശാസ്ത്രീയവും ഫലപ്രദവുമാക്കാനും നാം ശ്രമിക്കേണ്ടതാണ്. എന്നാല്‍, നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷണസാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും വേണം ഇക്കാര്യത്തില്‍ പദ്ധതി തയ്യാറാക്കാന്‍. ദേശീയ- വിദേശീയ കുത്തകകളുടെ താല്‍പപ്പര്യങ്ങള്‍ക്ക് ഇന്ത്യന്‍ കൃഷിക്കാരെയും നമ്മുടെ ജൈവവൈവിധ്യത്തെയും കീഴ്പ്പെടുത്തണോ വേണ്ടയോ എന്ന വിശാലമായ രാഷ്ട്രീയ- സാമൂഹ്യ പ്രശ്നമാണ് ബിടി വഴുതനങ്ങയുടെ വിപണനവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഉയര്‍ത്തുന്നത്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്