വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, November 24, 2009

തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം

തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം

ദേശാഭിമാനി മുഖപ്രസംഗം

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് എന്നപേരില്‍ ഒരു ആര്‍ഭാടമന്ദിരത്തിന്റെ ചിത്രം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇ-മെയില്‍ സന്ദേശമായി അയച്ച രണ്ടുപേര്‍ അറസ്റിലായതോടെ ഇന്നാട്ടില്‍ അരങ്ങേറുന്ന ദുഷിച്ച രാഷ്ട്രീയ ഉപജാപങ്ങളുടെ ആഴവും പരപ്പും എത്രയുണ്ടെന്നാണ് വെളിപ്പെട്ടത്. വര്‍ഷങ്ങളായി നടക്കുന്ന തുടര്‍പ്രക്രിയയുടെ ചെറിയൊരു ഭാഗം മാത്രമാണിത്. രണ്ടുതരത്തില്‍ ഇതിനെ കാണേണ്ടതുണ്ട്. ഒന്നാമത്തേത്, കമ്യൂണിസ്റ് പ്രസ്ഥാനത്തിനെതിരായ ആസൂത്രിത ആക്രമണത്തിന്റെ ഭാഗമെന്നുള്ള നിലയില്‍. രണ്ടാമത്തേത് മാധ്യമ ദുരുപയോഗമെന്ന നിലയില്‍. കേരളത്തില്‍, ഇടതുപക്ഷത്തെ നയിക്കുന്ന സിപിഐ എമ്മിന്റെ തകര്‍ച്ച ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ആഗ്രഹമാണ്. ജനപിന്തുണയിലോ രാഷ്ട്രീയ നയസമീപനങ്ങളുടെ കാര്യത്തിലോ സിപിഐ എമ്മിനെ കീഴ്പെടുത്താനാകില്ല എന്ന ബോധ്യത്തില്‍നിന്നാണ് പാര്‍ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഹീനമായ സമീപനത്തിലേക്ക് തിരിഞ്ഞത്.

ഇ എം എസ്, എ കെ ജി, അഴീക്കോടന്‍ രാഘവന്‍ എന്നിവരടക്കമുള്ള സമുന്നത നേതാക്കള്‍ക്കെതിരെ ആദ്യകാലത്ത് ഇത്തരം പ്രചാരണങ്ങള്‍ നടന്നിരുന്നു. കമ്യൂണിസ്റുകാര്‍ ഒരു ജന്മിവീട്ടില്‍ അതിക്രമിച്ചുകയറി അവിടത്തെ സ്ത്രീയുടെ മുലയരിഞ്ഞു എന്ന് പച്ചക്കള്ളം വാര്‍ത്തയായി എഴുതിയ മാതൃഭൂമിപോലുള്ള പത്രങ്ങള്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ഉദയംമുതല്‍ ഇത്തരം കുതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. വലതുപക്ഷരാഷ്ട്രീയത്തിന്റെയും മൂലധന താല്‍പ്പര്യങ്ങളുടെയും കുഴലൂത്തുകാരായി മാറിയ മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമിച്ചത്, സിപിഐ എം നേതൃത്വത്തിലെ ചിലര്‍ നല്ലവരും ചിലര്‍ മോശക്കാരുമാണെന്നും എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്നും വരുത്തിത്തീര്‍ക്കുന്ന കഥകള്‍ ജനമനസ്സില്‍ കുത്തിവയ്ക്കാനാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പിണറായിയുടെ വീട് കൊട്ടാരസമാനമാണെന്ന് സമര്‍ഥിക്കാനുള്ള വ്യാജ ചിത്രത്തിന്റെ പ്രചാരണം. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ ചുമതലയേല്‍ക്കുകയും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം കൂടുതല്‍ ജനപിന്തുണയാര്‍ജിച്ച് മുന്നേറുകയും ചെയ്ത സാഹചര്യം വലതുപക്ഷത്തെയാകെ അങ്കലാപ്പിലാക്കിയിടത്തുനിന്നാണ് അപവാദപ്രചാരണത്തിന്റെ ഏറ്റവും ഊര്‍ജിതവും വിപുലവുമായ പ്രയോഗങ്ങളുണ്ടാകുന്നത്. അന്നൊന്നും പിണറായി നേരിട്ട് ആക്രമിക്കപ്പെട്ടിരുന്നില്ല. കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയെ രാജിവയ്പിച്ച് പാര്‍ടി സെക്രട്ടറിയാക്കിയതില്‍ മാതൃഭൂമിപോലുള്ള പത്രങ്ങള്‍ പരിഭവം പ്രകടിപ്പിക്കുകപോലുമുണ്ടായി. എന്നാല്‍, ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പടിപടിയായുള്ളതും അപ്രതിരോധ്യമായതുമായ മുന്നേറ്റം അത്തരക്കാരെ സ്വാഭിപ്രായങ്ങളില്‍ വിഷം ചേര്‍ക്കാനും ആരും അറയ്ക്കുന്ന കാര്യങ്ങള്‍പോലും കമ്യൂണിസ്റുകാര്‍ക്കെതിരെ ചെയ്യാനുമുള്ള മാനസികാവസ്ഥയിലേക്കാണ് നയിച്ചത്. പൊടുന്നനെ പാര്‍ടി സെക്രട്ടറിക്കെതിരായ പ്രചാരണങ്ങള്‍ ആരംഭിച്ചു.

ആദ്യം മാതൃഭൂമി പത്രത്തിലാണ് അത് തുടങ്ങിയത്. ഊരും പേരുമില്ലാതെ ഇറങ്ങിയ ചില 'പത്രിക'കളും 'ബുള്ളറ്റിനു'കളും എഴുതിവിട്ട നുണകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ഇടതുപക്ഷത്തെ നികൃഷ്ടമായി കണക്കാക്കുന്ന വലതുപക്ഷ- അറുപിന്തിരിപ്പന്‍ കേന്ദ്രങ്ങള്‍വരെ സിപിഐ എമ്മില്‍ വിപ്ളവവീര്യം ചോര്‍ന്നുപോകുന്നു എന്ന് വിലപിക്കുന്ന പരിഹാസ്യമായ രംഗങ്ങള്‍ക്കാണ് പിന്നീട് കേരളം സാക്ഷിയായത്. പത്രവാര്‍ത്തകളിലൂടെയും പ്രസംഗങ്ങളിലൂടെയും വാര്‍ത്താസമ്മേളനങ്ങളിലൂടെയും പ്രക്ഷേപണം ചെയ്യുന്ന സൂചനകളും ആസൂത്രിതമായി നടത്തുന്ന നുണപ്രചാരണവും ചേര്‍ന്നുള്ള സംയോജിതപരിപാടി ഒരുപരിധിവരെ ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ സഹായകമായി. അങ്ങനെ കപടമായി സൃഷ്ടിച്ച പൊതുബോധത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ലാവ്ലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത്. 149 കോടി രൂപ കനേഡിയന്‍ കമ്പനിക്ക് നല്‍കി മൂന്നു പഴഞ്ചന്‍ വൈദ്യുതിപദ്ധതികള്‍ സമ്പൂര്‍ണമായി നവീകരിക്കാന്‍, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ തുടര്‍പ്രവര്‍ത്തനം ഏറ്റെടുത്ത എല്‍ഡിഎഫ് ഗവമെന്റിനെയും അതില്‍ ആദ്യനാളുകളില്‍ മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയനെയും 374 കോടിയുടെ അഴിമതിക്ക് ഉത്തരവാദികള്‍ എന്ന് സാമാന്യബോധത്തെയും യുക്തിയെയും വെല്ലുവിളിക്കുന്ന ആരോപണത്തിന് ഇരയാക്കുന്നതുവരെ വളര്‍ന്നു ആ ഹീനമായ ഗൂഢാലോചന. മാത്രമോ, അതിന്റെ പേരില്‍ സിബിഐയെക്കൊണ്ട് കേസെടുപ്പിക്കുകയും ചെയ്തു. ആ കേസിന്റെ പ്രധാന തെളിവുകളിലൊന്നായി സിബിഐ കോടതിയില്‍ നല്‍കിയത്, വരദാചാരി എന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ തല മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ട് എഴുതി എന്നാണ്. ആ വിഷയത്തില്‍ നാട്ടില്‍ എന്തൊക്കെ ചര്‍ച്ചകളും കോലാഹലവുമുണ്ടായി എന്ന് ഓര്‍ത്തുനോക്കാവുന്നതേയുള്ളൂ. ഒടുവില്‍ വ്യക്തമായത് വരദാചാരിക്കെതിരെ പിണറായി വിജയന്‍ എഴുതിയ നോട്ട്, കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന് വിശ്വാസ്യതയില്ല എന്ന അറുവഷളന്‍ സമീപനം ആ ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടായപ്പോഴാണ് എന്നാണ്. അതിന്റെ തെളിവുകള്‍ പുറത്തുവന്നപ്പോള്‍, അതുവരെ 'വരദാചാരിയുടെ തല'യില്‍ ലാവ്ലിന്‍വിവാദം കെട്ടിവച്ചവര്‍ക്ക് മിണ്ടാട്ടം നഷ്ടപ്പെട്ടു. നുണക്കഥകളുടെ പരമ്പര എഴുതിവിട്ട ഒരു മാധ്യമ സഹജീവിയും പിന്നെ മിണ്ടിയില്ല.

ഇത്തരം കാപട്യങ്ങളുടെയും നീചവൃത്തികളുടെയും ഒടുവിലത്തെ ഉദാഹരണമാണ് പിണറായിക്ക് കൊട്ടാരംപോലത്തെ വീടുണ്ടെന്ന പ്രചാരണത്തെ ബലപ്പെടുത്താനായി ഒരു എന്‍ആര്‍ഐ വ്യവസായിയുടെ കോടികള്‍ വിലയുള്ള അത്യാഡംബര വീട് പിണറായി വിജയന്റേതാണെന്ന് ചിത്രീകരിച്ച് അയച്ച ലക്ഷക്കണക്കിന് ഇ-മെയില്‍ സന്ദേശം. ഇതുപോലെ ഏതെങ്കിലും കള്ളപ്രചാരണങ്ങള്‍കൊണ്ട് കമ്യൂണിസ്റ് നേതാക്കളെ ജനമധ്യത്തില്‍ ഇല്ലാതാക്കിക്കളയാം എന്നത് മിഥ്യാധാരണയാണ്. എന്നാല്‍, ഇത്തരം ഹീനവൃത്തികളില്‍ വ്യാപൃതരാകുന്നവരെ വെറുതെ വിട്ടുകൂടാ. ഇപ്പോള്‍ പിടിയിലായത്, വ്യാജപ്രചാരണത്തിന്റെ ഒരുഘട്ടത്തില്‍ ഇടപെട്ട് കള്ള ഇ-മെയിലിന് പ്രചുരപ്രചാരം നല്‍കിയവരാണ്. ഇതിന്റെ ഉറവിടംതന്നെ പിടിക്കപ്പെടണം. കുപ്രചാരകര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം. അറസ്റിലായ രണ്ടുപേര്‍ നീണ്ട ചങ്ങലയിലെ കണ്ണികള്‍മാത്രമാണ്. തെരഞ്ഞെടുപ്പുപ്രചാരണമധ്യത്തില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ബിനാമി എന്ന് ആക്ഷേപിച്ച് ആ പച്ചക്കള്ളത്തെ മുഖ്യപ്രചാരണവിഷയമാക്കിയ പിതൃശൂന്യ സമീപനങ്ങളുടെ ചെറിയ പതിപ്പുമാത്രമാണിത്. ദുഷ്ടമനസ്സും കുറുക്കുവഴികളോട് പ്രണയവുമുള്ള രാഷ്ട്രീയ അശ്ളീലങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഉത്തേജനമാകുന്ന നടപടി എന്നനിലയിലാണ് സൈബര്‍ പൊലീസ് വ്യാജചിത്ര പ്രചാരണക്കേസന്വേഷണത്തില്‍ നേടിയ പുരോഗതിയെ കാണേണ്ടത്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോ തുടങ്ങിയ മാധ്യമങ്ങളെ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന യാഥാര്‍ഥ്യവും ഈ കേസിന്റെ ഭാഗമായി സജീവമായ പരിചിന്തനത്തിന് വിധേയമാകേണ്ടതുണ്ട്.

2 comments:

കുണാപ്പന്‍ said...

ഒപ്പം ഒരു കാര്യം കൂടി ദേശാഭിമാനിക്കു ചെയ്യാമായിരുന്നു: പിണറായിയുടെ യഥാർഥ വീടിന്റെ ചിത്രം പ്രസിദ്ധീകരിക്കാമായിരുന്നു. അതോ അതു പ്രസിദ്ധീകരിച്ചോ? കൈരളി ചാനലിനെക്കൊണ്ട് ആ വീടിന്റെ അകവും പുറവും ഒക്കെ കാണിക്കാമായിരുന്നു.തങ്ങളുടെ നേതാവിന്റെ വീട് എത്രത്തോളം വലുതോ/ചെറുതോ എന്നൊക്കെ സഖാക്കൾക്ക് അറിയാൻ അവസരമായേനേ. അതും കാണിച്ചോ എന്നറിയില്ല.

നാട്ടുകാരന്‍ said...

ഇതിനേക്കുറിച്ച് ഞാനും ഒരു പോസ്റ്റിട്ടിരുന്നു അതിവിടെ വായിക്കാം.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്