ദേശാഭിമാനി മുഖപ്രസംഗം
എല്‍ഡിഎഫിന്റെ അടിത്തറ ശക്തം
ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ യുഡിഎഫിനനുകൂലമായ ജനവികാരം നിലനില്‍ക്കുന്നു എന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ്. പരമ്പരാഗതമായി ജയിക്കുന്ന മണ്ഡലങ്ങളില്‍ ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഈ ഫലം യുഡിഎഫിന് നല്‍കുന്നുള്ളൂ. അതേസമയം എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു. 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച 40 മണ്ഡലത്തില്‍ ഉറച്ച മൂന്നിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള എല്‍ഡിഎഫിന്റെ ശ്രമം വിജയിച്ചില്ല എന്നത് നേരാണ്. എന്നാല്‍, യുഡിഎഫിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.
ലോക്സഭാതെരഞ്ഞെടുപ്പില്‍ 20ല്‍ 16 സീറ്റിലും യുഡിഎഫ് ജയിച്ചതോടെ എല്‍ഡിഎഫിന്റെ ഭരണത്തിനെതിരായ വിധിയെഴുത്താണതെന്ന് വലതുപക്ഷശക്തികള്‍ വിലയിരുത്തി. ഒന്നരവര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്നുവരെ അവകാശവാദമുണ്ടായി. അത് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിരട്ടാന്‍വരെ യുഡിഎഫ് നേതൃത്വം ധിക്കാരംകാട്ടി. വ്യക്തമായ രാഷ്ട്രീയ ചായ്വോ കാഴ്ചപ്പാടോ ഇല്ലാത്ത നിഷ്പക്ഷമതികളെയുള്‍പ്പെടെ യുഡിഎഫിന്റെ അവകാശവാദം ഒരുപരിധിവരെ വിശ്വസിപ്പിക്കുന്ന നിലയയിലാണ് പ്രചാരണമരങ്ങേറിയത്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലോക്സഭാതെരഞ്ഞെടുപ്പില്‍ 23000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഈ ഉപതെരഞ്ഞെടുപ്പില്‍ 12,000 ആയി ചുരുങ്ങി.
തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളിലെത്തിയ കോഗ്രസ് നേതാക്കള്‍ ഒരുകാര്യം തുറന്നുസമ്മതിച്ചു. ലോക്സഭാതെരഞ്ഞെടുപ്പിലെ യുഡിഎഫ് അനുകൂലതരംഗം തികച്ചും താല്‍ക്കാലികമായിരുന്നു. എല്‍ഡിഎഫ് ഭരണത്തിനെതിരായ വിധിയെഴുത്തായി ലോക്സഭാതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള യുഡിഎഫിന്റെ ശ്രമം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് ഇതോടെ തെളിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വ്യാപകമായ എതിര്‍പ്രചാരണമുണ്ടായപ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും രണ്ടുലക്ഷം വോട്ടുമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നും സിപിഐ എം വിലയിരുത്തിയിരുന്നു. അതോടൊപ്പംതന്നെ, ഇത് ഗൌരവമായ തിരിച്ചടിയാണെന്നും പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, നഷ്ടപ്പെട്ട ജനസമ്മതി തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും സിപിഐയും എല്‍ഡിഎഫാകെയും പൂര്‍ണ ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചത്.
ഭരണനേട്ടം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയുംചെയ്തു. ഇതിനൊക്കെ നല്ല ഫലം ഉണ്ടായി എന്നുവേണം കരുതാന്‍. എറണാകുളം മണ്ഡലത്തില്‍ 2009 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ വി തോമസിന്റെ ഭൂരിപക്ഷം 14507 ആയിരുന്നു. അത് നിയമസഭാതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വര്‍ധിച്ചിട്ടും 8620 ആയി കുറയുകയാണുണ്ടായത്. ആലപ്പുഴയില്‍ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ 49,721 വോട്ട് 42,774 ആയി ചുരുങ്ങി. എല്‍ഡിഎഫിനാകട്ടെ 32788ല്‍ നിന്ന് 38029 ആയി വര്‍ധിക്കുകയുംചെയ്തു. ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി ആഞ്ഞടിച്ച തരംഗം ഇന്നും നിലനില്‍ക്കുകയോ ശക്തിപ്പെടുകയോ ചെയ്തുവെന്നാണ്. കണ്ണൂര്‍ തെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥിയായി കാലുമാറ്റക്കാരന്‍ മത്സരിച്ച് ജയിച്ചത് ആരോഗ്യകരമായ ജനാധിപത്യസമ്പ്രദായത്തിനുതന്നെ കളങ്കംവരുത്തിവച്ചതാണെന്ന് കാണാതെ പൊയ്ക്കൂടാ. കാലുമാറ്റക്കാരന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.
കണ്ണൂരില്‍ കോഗ്രസിന്റെ അടിത്തറ ശക്തമായിട്ടും ഇത്രയും ഉറച്ച മണ്ഡലത്തില്‍ കാലുമാറ്റ രാഷ്ട്രീയക്കാരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോഗ്രസ് നേതൃത്വത്തിനിടയിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതാണ്. ഇനിയുള്ള നാളുകളില്‍ ഇതിനുള്ള ന്യായീകരണം കണ്ടെത്താന്‍ കോഗ്രസ് നേതൃത്വം ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും. പശ്ചിമ ബംഗാളില്‍ പത്തുനിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നതില്‍ ഒരെണ്ണത്തിലാണ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. നേരത്തെതന്നെ തൃണമൂല്‍-കോഗ്രസ് സഖ്യം വിജയിച്ച മണ്ഡലങ്ങളാണ് പത്തില്‍ ഏഴും. തൃണമൂല്‍കോഗ്രസും കോഗ്രസും മാവോയിസ്റുകളും മത മൌലികവാദ-വിഘടന ശക്തികളാകെയും യോജിച്ചാണ് അവിടെ ഇടതുപക്ഷത്തെ നേരിട്ടത്. അതിന്റെ ഫലമാണ് ഈ ഫലം. ഇതേ നിലപാട് കോഗ്രസിനെതിരെ മറ്റു കക്ഷികള്‍ എടുത്താല്‍ ആ പാര്‍ടിക്ക് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭൂരിപക്ഷം നേടാന്‍ കഴിയില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ്-എന്‍സിപി സഖ്യത്തിന് 37 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ സഖ്യങ്ങളിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കോഗ്രസിന്റെ നീക്കം രൂക്ഷതയോടെ പുറത്തുവരുന്നതാണ് പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പുഫലം എന്ന് കാണേണ്ടതുണ്ട്. വരുംനാളുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും മുന്നണിയെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഊര്‍ജമാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളില്‍നിന്ന് ആര്‍ജിക്കാനുള്ളത്്. കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനോടൊപ്പം സ്വയം വിമര്‍ശനാത്മകമായ പരിശോധനകള്‍ അവിരാമം തുടരുകയും അവയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതും അതുല്യമാക്കുകയും എന്ന കടമയാണ് എല്‍ഡിഎഫിന് മുന്നിലുള്ളത്. അത് നിര്‍വഹിക്കുന്നതിന് പര്യാപ്തമായ സൂചനയാണ് തെരഞ്ഞെടുപ്പുഫലത്തിലുള്ളത്. യുഡിഎഫിന്റെ വിജയാഘോഷത്തേക്കാള്‍ ഉയര്‍ന്ന മൂല്യം അതിനുണ്ട്.
No comments:
Post a Comment