വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, November 11, 2009

യു.ഡി.എഫ്. തിരിച്ചുവരവിന്റെ നാന്ദി; ഇടതിനുള്ള മുന്നറിയിപ്പ്‌

മാതൃഭൂമി വാര്‍ത്ത

യു.ഡി.എഫ്. തിരിച്ചുവരവിന്റെ നാന്ദി; ഇടതിനുള്ള മുന്നറിയിപ്പ്‌



തിരുവനന്തപുരം: സമീപഭാവിയിലെകേരള രാഷ്ട്രീയത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരമാണ് മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി. മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു തിരഞ്ഞെടുപ്പെങ്കിലും ഒരു പൊതുതിരഞ്ഞെടുപ്പിന് സമാനമായ പിരിമുറുക്കമായിരുന്നു സംസ്ഥാനത്തെവിടെയും. യു.ഡി.എഫിന് അനുകൂലമായ ദിശയിലേക്ക് കേരള രാഷ്ട്രീയം തിരിയുന്നുവെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ശക്തമായ സൂചന. ഒപ്പം ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിനുള്ള ശക്തമായ മുന്നറിയിപ്പും ജനവിധിയില്‍ അടങ്ങുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, യു.ഡി.എഫ്. എം.പി.മാര്‍ രാജിവച്ചതുമൂലമുണ്ടായ ഈ ഉപതിരഞ്ഞെടുപ്പുകള്‍ വലിയ രാഷ്ട്രീയപ്രാധാന്യം നേടേണ്ടവയായിരുന്നില്ല. പക്ഷെ ഈ തിരഞ്ഞെടുപ്പിന് യാഥാര്‍ഥ്യത്തില്‍ കവിഞ്ഞ പ്രാധാന്യം നല്‍കിയത് സി.പി.എമ്മിന്റെ നടപടികളായിരുന്നു. കണ്ണൂരില്‍ എന്തുവില കൊടുത്തും ജയിക്കുകയെന്ന സമീപനം സി.പി.എം. സ്വീകരിച്ചതാണ് കേരളത്തിലെങ്ങും പൊതുതിരഞ്ഞെടുപ്പിന് സമാനമായ വിധത്തില്‍ 'രാഷ്ട്രീയചൂട്' ഉയരാന്‍ കാരണം.

കഴിഞ്ഞ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍, കേരളം എന്നിവിടങ്ങളിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് സി.പി.എമ്മിന് നേരിടേണ്ടിവരുന്ന രാഷ്ട്രീയ പ്രതിസന്ധി ഇനിയും രൂക്ഷമാകുന്നതിനും കേരളത്തിലെയും ബംഗാളിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വഴിതെളിക്കും. തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി സംഘടനാ പ്രതിസന്ധിയായി രൂപപ്പെടുന്നത് തടയാന്‍ ആരംഭിച്ച 'തെറ്റുതിരുത്തല്‍ കാമ്പൈന്‍' അര്‍ഥപൂര്‍ണമാക്കാന്‍ സി.പി.എം. നേതൃത്വം ഇനി തയ്യാറാകേണ്ടിവരും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായപ്പോള്‍ സി.പി.എം. സംസ്ഥാന നേതൃത്വമാണ് പ്രതിക്കൂട്ടിലായതെങ്കില്‍ ഇത്തവണ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഭാരം പേറേണ്ടിവരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ ഇത്തവണ വി.എസ്. ആയിരുന്നു കണ്ണൂരില്‍ പോലും പാര്‍ട്ടിയുടെ മുഖ്യപ്രചാരകന്‍.

മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ കണ്ണൂരിനെ സംബന്ധിച്ച് സി.പി.എം. തികഞ്ഞ പ്രതീക്ഷയിലായിരുന്നു. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകാമെന്ന് മുഖ്യമന്ത്രി വി.എസ്. പറഞ്ഞതുതന്നെ ഈ പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്. കണ്ണൂരില്‍ നടത്തിയ മുന്നൊരുക്കങ്ങളിലായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ പ്രതീക്ഷ. ആ പ്രതീക്ഷ പൊലിഞ്ഞതിന്റെ നിരാശ സി.പി.എം. ആസ്ഥാനമായ എ.കെ.ജി. സെന്ററില്‍ ചൊവ്വാഴ്ച ദൃശ്യമായിരുന്നു. ഒരു ഉപതിരഞ്ഞെടുപ്പിലെങ്കിലും ജയിക്കാനായാല്‍ പിന്നാലെ കനത്ത പ്രചാരണം അഴിച്ചുവിട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഏല്പിച്ച ആഘാതം മറികടക്കാനാവുമെന്നായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍.ഡി.എഫിന് ജനപിന്തുണ വര്‍ധിച്ചതായാണ് ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സി.പി.എം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. എല്‍.ഡി.എഫ്. വോട്ടുകളുടെ വര്‍ധന വിശദീകരിക്കുന്ന സി.പി.എം. സെക്രട്ടേറിയറ്റ് യു.ഡി.എഫിനുണ്ടായ വോട്ട് വര്‍ധനയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ഇതിനുപുറമേയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തോല്‍വി എല്‍.ഡി.എഫിലുണ്ടാക്കുന്ന പ്രത്യാഘാതം. എല്‍.ഡി.എഫ്. ഘടകകക്ഷികളുയര്‍ത്തുന്ന പ്രശ്‌നങ്ങളോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വരുത്താനും ഇനി സി.പി.എം. നിര്‍ബന്ധിതമാകും.
സമീപഭൂതകാലത്തൊന്നുമില്ലാത്ത തരത്തില്‍ സംഘടനാതലത്തില്‍ ശക്തിസമാഹരണം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നതിന്റെ കൂടി സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

മാതൃഭൂമി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്