വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, November 11, 2009

3 സീറ്റും യുഡിഎഫ് നിലനിര്‍ത്തി

ദേശാഭിമാനി

3 സീറ്റും യുഡിഎഫ് നിലനിര്‍ത്തി


തിരു: ഉപതെരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാമണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തി. മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ജയിച്ചത്. കണ്ണൂരില്‍ പി അബ്ദുള്ളക്കുട്ടി സിപിഐ എമ്മിലെ എം വി ജയരാജനെ 12,043 വോട്ടിനും എറണാകുളത്ത് ഡൊമിനിക് പ്രസന്റേഷന്‍ സിപിഐ എം സ്ഥാനാര്‍ഥി പി എന്‍ സീനുലാലിനെ 8620 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്. ആലപ്പുഴയില്‍ സിപിഐ സ്ഥാനാര്‍ഥി ജി കൃഷ്ണപ്രസാദ്, ഷുക്കൂറിനോട് 4745 വോട്ടിന് പരാജയപ്പെട്ടു.

കോഗ്രസ് സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്്. ലോക്സഭാതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് മണ്ഡലത്തിലും എല്‍ഡിഎഫിന്റെ വോട്ടില്‍ ഗണ്യമായ വര്‍ധനയുണ്ടായി. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഒരു മണ്ഡലത്തിലും നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ആലപ്പുഴയില്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് ഭൂരിപക്ഷത്തില്‍ 14,306 വോട്ടും നിയമസഭാഫലത്തെ അപേക്ഷിച്ച് 12,188 വോട്ടും ആലപ്പുഴയില്‍ കുറഞ്ഞു. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന കണ്ണൂരില്‍ കടുത്ത മത്സരമാണ് നടന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴായിരത്തോളം വോട്ടിന്റെ വര്‍ധന കണ്ണൂരില്‍ എല്‍ഡിഎഫിന് ലഭിച്ചു.

സിപിഐ എമ്മില്‍ നിന്ന് പുറത്തായശേഷം കോഗ്രസില്‍ അഭയം തേടിയ യുഡിഎഫ് സ്ഥാനാര്‍ഥി പി അബ്ദുള്ളക്കുട്ടി 53,938 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ 41,847 വോട്ടും നേടി. ബിജെപിയുടെ കെ രഞ്ജിത്തിന് 5661വോട്ടും എസ്ഡിപിഐ യുടെ (പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയവിഭാഗം) അബ്ദുള്‍ മജീദ് ഫൈസിക്ക് 3411 വോട്ടും ലഭിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 23,217 വോട്ടിന് യുഡിഎഫ് മുന്നിലായിരുന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക്് 4571 വോട്ടാണ് ലഭിച്ചത്.

2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 4519 വോട്ടായിരുന്നു. തപാല്‍ വോട്ടില്‍ എം വി ജയരാജനായിരുന്നു മുന്നില്‍. ബൂത്തുകളിലെ വോട്ട് എണ്ണാന്‍ തുടങ്ങിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെത്തി. എല്ലാ റൌണ്ടിലും അബ്ദുള്ളക്കുട്ടി ലീഡ് നിലനിര്‍ത്തി. എറണാകുളത്ത് ആകെ പോള്‍ചെയ്ത 92,372 വോട്ടില്‍ ഡൊമിനിക് പ്രസന്റേഷന്‍ 46,119 വോട്ട് നേടിയപ്പോള്‍ സീനുലാലിന് 37,499 വോട്ട് ലഭിച്ചു. ബിജെപിയിലെ ശോഭ സുരേന്ദ്രന് 7208 വോട്ട് കിട്ടി. ആദ്യ റൌണ്ടിലെ 8764 വോട്ട് എണ്ണിയപ്പോള്‍ സീനുലാല്‍ 207 വോട്ടിന്് ലീഡ്ചെയ്തെങ്കിലും പിന്നീടുള്ള മുഴുവന്‍ റൌണ്ടിലും ഡൊമിനിക്കിനായിരുന്നു മേല്‍ക്കൈ.

മണ്ഡലത്തിലെ 137 ബൂത്തില്‍ 92 ഇടത്ത് യുഡിഎഫ് ലീഡ് നേടിയപ്പോള്‍ 39 ഇടത്ത്് എല്‍ഡിഎഫാണ് മുന്നില്‍. രണ്ട് ബൂത്തില്‍ ബിജെപി ഒന്നാംസ്ഥാനത്തെത്തി. 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 16,933 വോട്ടിന്റെയും ഇക്കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ 19,051 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍നിന്നാണ് യുഡിഎഫ് ഭൂരിപക്ഷം ആലപ്പുഴയില്‍ കുത്തനെ ഇടിഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി കൃഷ്ണപ്രസാദ് വോട്ടെണ്ണലിന്റെ ആദ്യറൌണ്ടില്‍ മാത്രമാണ് ലീഡ് നേടിയത്. പിന്നീട് ഷുക്കൂര്‍ ലീഡ് നേടുകയും നിലനിര്‍ത്തുകയും ചെയ്തു.

തപാല്‍ വോട്ടിലും യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെത്തി. ആലപ്പുഴയില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ 1,118 വോട്ട് മാത്രം കിട്ടിയ ബിജെപി ഇക്കുറി 2,247 വോട്ട് നേടി. പിഡിപി സ്ഥാനാര്‍ഥി അഡ്വ. കെ ഹസ്സന് 1,804 വോട്ട് ലഭിച്ചു. ആലപ്പുഴയില്‍ മാത്രമാണ് പിഡിപി മത്സരിച്ചത്.

ദേശാഭിമാനി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്