സോഷ്യലിസമാണ് ബദല്‍
ദേശാഭിമാനി മുഖപ്രസംഗം
ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സമാപിച്ച ലോക കമ്യൂണിസ്റ്, തൊഴിലാളി പാര്‍ടികളുടെ സമ്മേളനം. കമ്യൂണിസം മരിച്ചെന്നു പറഞ്ഞ് രണ്ടുപതിറ്റാണ്ട് മുമ്പ് അട്ടഹാസം മുഴുക്കിയവര്‍ മാര്‍ക്സിസത്തിന്റെ കരുത്തോടെയുള്ള തിരിച്ചുവരവ് കണ്ട് അമ്പരന്നിരിക്കുകയാണ്. ബര്‍ളിന്‍ മതില്‍ തകര്‍ത്തതിന്റെ 20-ാംവാര്‍ഷികവേളയില്‍ ആഹ്ളാദിക്കാന്‍ കഴിയാത്തവിധമാണ് മുതലാളിത്തത്തിന്റെ ഇന്നത്തെ അവസ്ഥയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ടികള്‍ വ്യക്തമാക്കിയതും പ്രസക്തം. മുപ്പതുകളിലെ അത്യഗാധമായ സാമ്പത്തികപ്രതിസന്ധിക്കുശേഷം ലോകംകണ്ട ഏറ്റവും വലിയ കുഴപ്പമാണ് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടത്. ആഗോളവല്‍ക്കരണകാലത്ത് അതിവേഗത്തില്‍ മറ്റു രാജ്യങ്ങളിലേക്കും അതു പടര്‍ന്നുകയറി. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെ മാര്‍ക്സിലേക്കാണ് തിരിഞ്ഞത്.
ഫ്രാന്‍സിന്റെ പ്രസിഡന്റും മാര്‍പ്പാപ്പയും ഉള്‍പ്പെടെ മൂലധനം മറിച്ചുനോക്കാന്‍ നിര്‍ബന്ധിതമായി. ലോകത്ത് വീണ്ടും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും രചനകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായി. മാര്‍ക്സിനെ ഒരു ശാസ്ത്രജ്ഞനായി അംഗീകരിക്കാന്‍ വത്തിക്കാന്‍ തയ്യാറായതും ഈ കാലത്താണ്. മാര്‍ക്സിസത്തിന്റെ വഴികള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവരും, മുതലാളിത്തത്തെ ഏറ്റവും നന്നായി ശാസ്ത്രീയമായി വിശകലനത്തിനുവിധേയമാക്കിയത് മാര്‍ക്സ് മാത്രമാണെന്ന് അംഗീകരിക്കാന്‍ തയ്യാറായി. ഈ സാര്‍വദേശീയ സാഹചര്യത്തിലാണ് ആദ്യമായി ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. സോഷ്യലിസത്തിനേറ്റ തിരിച്ചടിയില്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് ദിശാബോധം പകര്‍ന്ന സമ്മേളനം കൊല്‍ക്കത്തയില്‍ സിപിഐ എം വിളിച്ചുകൂട്ടിയതിനുശേഷം, ആദ്യമായാണ് ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുതലാളിത്ത പ്രതിസന്ധിതന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ചിലര്‍ വാദിച്ചിരുന്നത് ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ ധനകാര്യ കൈകാര്യകര്‍തൃത്വത്തിന്റെ പാളിച്ചമാത്രമാണെന്നായിരുന്നു. അത് തിരുത്തിയാല്‍ ഇതില്‍നിന്ന് കരകയറാന്‍ കഴിയുമെന്നും ഇവര്‍ വാദിച്ചു. സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനങ്ങളുടെ ശക്തനായ വിമര്‍ശകന്‍ ജോസഫ് സ്റിഗ്ളിറ്റ്സ് വരെ ഈ അഭിപ്രായക്കാരനാണ്. എന്നാല്‍, ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ അനിവാര്യമായ പ്രതിസന്ധിയാണെന്ന മാര്‍ക്സിന്റെ നിഗമനമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. ഇതില്‍നിന്ന് കരകയറുന്നതിന് മുതലാളിത്തത്തിന് കഴിയുമെങ്കിലും അത് മറ്റൊരു
പ്രതിസന്ധിയിലേക്കായിരിക്കുമെന്നും അത്ശരിയായി നിരീക്ഷിച്ചു. ഈ പ്രതിസന്ധി ഉള്ളടക്കംചെയ്ത സാമൂഹ്യവ്യവസ്ഥയെ മാറ്റിത്തീര്‍ക്കലാണ് ശരിയായ പരിഹാരം. സോഷ്യലിസമാണ് ശരിയായ ബദല്‍ എന്ന പ്രഖ്യാപനത്തിലൂടെ ഇതാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. ഈ സാഹചര്യം നന്നായി ഉപയോഗിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന് കഴിയേണ്ടതുണ്ട്. എവിടെയെല്ലാം ഈ നയത്തിന് എതിരായി ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുന്നുവോ അവിടെയെല്ലാം വന്‍മുന്നേറ്റമുണ്ടാക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയുന്നുണ്ടെന്നാണ് ലാറ്റിനമേരിക്ക തെളിയിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് മുതലാളിത്ത രാജ്യങ്ങള്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണജനതയ്ക്ക് സഹായകമല്ലെന്നും സമ്മേളനം കുറ്റപ്പെടുത്തുകയുണ്ടായി.
മൂലധനശക്തികള്‍ക്ക് പണം വാരിക്കോരി നല്‍കുന്ന നടപടികള്‍വഴി പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ല. ഓഹരിയിലൂടെയും നാണയമാറ്റത്തിലൂടെയും കൈമാറുന്ന പണത്തിന് നികുതി ചുമത്തണമെന്നതുള്‍പ്പെടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചിട്ടുണ്ട്. സാര്‍വദേശീയമായി സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ലഭിച്ച അംഗീകാരമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കിട്ടിയ അവസരം. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് ഈ സമ്മേളനാനുഭവം പുത്തന്‍ ദിശാബോധം നല്‍കുമെന്ന് ഉറപ്പ്. പ്രത്യേകിച്ചും ഇന്ത്യന്‍ ഭരണവര്‍ഗം കൂടുതല്‍ കൂടുതല്‍ സാമ്രാജ്യത്വവിധേയത്വം കാണിക്കാന്‍ ശ്രമിക്കുന്ന കാലത്ത്, ഈ സാര്‍വദേശീയമായ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍ പ്രധാനമാണ്.
No comments:
Post a Comment