വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, November 15, 2009

ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

(ആംഗലേയത്തില്‍ E.M.S. Namboodiripad, ജൂണ്‍ 13, 1909 പെരിന്തല്‍മണ്ണ - മാര്‍ച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യന്‍ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകളിലൊന്നിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരന്‍, മാര്‍ക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞന്‍, സമൂഹിക പരിഷ്ക്കര്‍ത്താവ്‌ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയാണ്‌.
1909 ജൂണ്‍ 13-ന് ഇന്നത്തെ മലപ്പുറം ജില്ലയില്‍ പെട്ടപെരിന്തല്‍മണ്ണയിലെ കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം ആ ദേശത്തിന് തന്നെ ആ പേരാണ് വിളിച്ചിരുന്നത്. അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു അക്കാലത്ത്. ‘കുഞ്ചു‘ എന്ന ഓമന‍പ്പേരിലാണ്‌ ശങ്കരന്‍ അറിയപ്പെട്ടിരുന്നത്. വിഷ്ണുദത്തയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരന്‍.

ബാല്യം


കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരന്‍ വളര്‍ന്നത്. അഷ്ടഗൃഹത്തിലാഢ്യരെന്ന ഉയര്‍ന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവര്‍. തറവാട്ടുവകയായ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങള്‍. അവിടെ നിത്യവും പൂജയും മറ്റു കര്‍മ്മങ്ങളും നടന്നു. ഓര്‍മ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരന്‍. മൂത്ത രണ്ടു കുഞ്ഞുങ്ങള്‍ ബാല്യമെത്തുന്നതിനു മുന്നേ തന്നെമരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളര്‍ച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാല്‍ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളര്‍ത്തിയത്. പഠിപ്പിനായിട്ടുള്ള കാര്യങ്ങള്‍ക്ക് പുറമേ ആയുസ്സ് വര്‍ദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തില്‍ നിത്യദര്‍ശനം നിര്‍ബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടര്‍ന്നു. പരമേശ്വരന്‍ കൂടാതെ അച്ഛന്‍ രണ്ടാം ഭാര്യയില്‍ ജനിച്ച രാമന്‍, ബ്രഹ്മദത്തന്‍, ദേവകി, പാര്‍വതി എന്നീ സഹോദരങ്ങളും ശങ്കരനുണ്ടായിരുന്നു.കുഞ്ചു എന്ന ഓമനപ്പേരിലാണ്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. അന്നത്തെ കേരളത്തിലെ ഏറ്റവും സമ്പന്നമായ ചുരുക്കം നമ്പൂതിരി ഇല്ലങ്ങളിലൊന്നായിരുന്നു ഏലംകുളം മന, അവിടെ പ്രതിവര്‍ഷം പാട്ടം വരവ് 60,000 പറ നെല്ലിന്‌ 3,60,000 കിലോ ഗ്രാം അരി ഉണ്ടായിരുന്നു. വാല്യക്കാരും അടിച്ചു തെളിക്കാരുമായി വലിയ ഒരു ജനം മനയുടെ ആശ്രിതരായിട്ടുണ്ടായിരുന്നു.

വിദ്യാഭ്യാസം


നമ്പുതിരി കുടുംബങ്ങളിലെ പതിവില്‍നിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാന്‍ ഒരു സ്കൂള്‍ അദ്ധ്യാപകനെ ഏര്‍പ്പാട് ചെയ്തു. എങ്കിലും പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാന്‍ തുടങ്ങി. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതന്‍ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. സംസ്കൃതവും മലയാളവും നന്നായി വായിക്കാന്‍ പഠിച്ചു. എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത്. എന്നാല്‍ ഓത്ത് (ഋഗ്വേദം ഓര്‍ത്തു ചൊല്ലിപ്പഠിക്കല്‍) തുടങ്ങി അധികം വൈകാതെ ഗുരുനാഥന്റെ അച്ഛന്‍ മരിച്ചതിനാല്‍ തുടര്‍ന്ന് പഠനം ഗുരുനാഥന്റെ വീട്ടില്‍ ആക്കി.[1] കാവ്യനാടകാലങ്കാരങ്ങള്‍ പഠിച്ച് പണ്ഡിതനാകണം, കടവല്ലൂരന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍.
പരമേശ്വരന്‍ നമ്പുതിരിപ്പാടിന്റെ നിര്യാണത്തെ തുടര്‍ന്ന് മനക്കലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ പ്രായമുള്ള ആരും ഇല്ലാതായതിനെത്തുടര്‍ന്ന് ഇല്ലം നോക്കി നടത്താന്‍ അകന്ന ഒരു ബന്ധുവിനെ ആശ്രയിക്കേണ്ടതായി വന്നു. അച്ഛന്‍ പരമേശ്വേരന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രന്‍ കൊച്ചീരാജ്യത്തെ ഇരിങ്ങാലക്കുടയിലെ മേച്ചേരി ഇല്ലത്തെ നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു ആ ബാധ്യത ഏറ്റത്. മേച്ചേരി ഏട്ടന്‍ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പരിഷ്കൃത മനസ്സുള്ളവനും ദേശീയ പ്രസ്ഥാനത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുള്ളയാളുമായിരുന്നു. ഇത് ഇല്ലത്തെ ജീവിത സമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനിടയായി. പ്രതമാസികള്‍ വരുത്തുക, ഇല്ലത്ത് അഭ്യസ്തവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളുക തുടങ്ങിയ പുതുമകള്‍ പലതും തുടങ്ങി. ഇത് ഇ.എം.എസിലും മാറ്റങ്ങള്‍ വരുത്തി.

ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളില്‍ നിഷിദ്ധമായിരുന്നു. എങ്കിലും അതിന്റെ ആവശ്യകതക മനസ്സിലാക്കാന്‍ എല്ലാവരും തുടങ്ങിയിരുന്നു. ഈ സമയത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയില്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ നമ്പൂതിരി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചു തുടങ്ങി. കാരണവര്‍മാര്‍ എതിര്‍ത്തിരുന്നെങ്കിലും പലരും അത് പഠിക്കാന്‍ മുതിര്‍ന്നു. മേച്ചേരി ഏട്ടന്റെ സഹായത്തോടെ അദ്ദേഹവും ‘മ്ലേച്ഛഭാഷ’യായ ഇംഗ്ലീഷ് പഠിച്ചു.
ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധു വീട്ടിലാണ് കുറേ കാലം ശങ്കരന്‍ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാന്‍ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറം ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വര്‍ദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരിലെ നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരന്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ ചേര്‍ന്നു. മൂന്നാം ക്ലാസിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയിലെ വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ദിവസംതോറും വിദ്യാലയത്തിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്ര ഇല്ലത്തിനു പുറത്തുള്ള സാഹചര്യങ്ങളുമായും നാനാജാതിമതസ്ഥരുമായി ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങള്‍ നല്‍കി. അതിനുള്ളില്‍ തന്നില്‍ വളര്‍ന്നുവന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങള്‍, കളികള്‍ എന്നിവയില്‍ പങ്കെടുക്കുകയും ഉപന്യാസം, പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതില്‍ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്‍ അക്കാലം മുതലേ വിക്ക് ഉണ്ടായിരുന്നു എങ്കിലും അതൊരു പ്രശ്നമായി അദ്ദേഹം പിന്നീട് വിവരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വഴികാട്ടികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് എം.പി. ഗോവിന്ദമേനോന്‍ ആയിരുന്നു. അദ്ദേഹം അഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു.

സമൂഹ്യ-രാഷ്ടീയരംഗത്ത്


നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹത്തിന് താല്പര്യം ജനിക്കാന്‍ തുടങ്ങി. [2]ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തില്‍ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാന്‍ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയില്‍ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു. അധികാരികള്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചപ്പോള്‍ ശങ്കരന് അദ്ദേഹത്തോട് ആരാധനയുണ്ടായി. 1923-ല് നമ്പൂതിരി യോഗക്ഷേമ സഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാല്‍ വയ്പ്. പുരോഗമന ചിന്താഗതിയുള്ള നമ്പൂതിരി സമുദായാംഗങ്ങളുടെ കൂട്ടായ്മയായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീര്‍ന്നു അദ്ദേഹം. സ്കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയില്‍ വച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്തു. സൈമണ്‍ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്ന കാലം ആയിരുന്നു അത്. ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂര്‍വച്ച് കേരള സംസ്ഥാനത്ത്ലെ രാഷ്ട്രീയ സമ്മേളനം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ നടന്നു. അതില്‍ വച്ച് മിതവാദികള്‍ സ്വരാജ് മതിയെന്നും തീവ്രവാദികള്‍ പൂര്‍ണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങള്‍ അദ്ദേഹത്തിനെ സജീവ രാഷ്ടീയത്തിലേയ്ക്ക് വലിച്ചിഴച്ചു.
ഇതേ സമയത്ത് നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവര്‍ത്തനത്തിനായി അദേഹം ശ്രമിച്ചു. പാശുപതം എന്ന വാരികയില്‍ നമ്പൂതിരി നിയമം പരിഷ്കരിക്കുകയും കുടുംബസ്വത്തില്‍ കാരണവര്‍ക്കുള്ള അധികാരം കുറച്ച് മറ്റുള്ളവര്‍ക്കും മാന്യമായി ജീവിക്കാന്‍ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. [1925] ജൂണില്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ ചേര്‍ന്നു. കുറേകാലം വീട്ടില്‍ തന്നെ പഠനം നടത്തിയതിനാല്‍ നേരിട്ട് മുന്നാം ഫോറത്തിലേക്ക് ചേരുകയായിരുന്നു. സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദര്‍ശകനായി അദ്ദേഹം.

രാഷ്ടീയരംഗത്ത്


സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട് പാണ്ടം, കുറൂര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനില്‍നിന്ന് ഹിന്ദി പഠിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഹിന്ദിയുടെ പ്രചരണം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ തടഞ്ഞു. ഇത് അദ്ദേഹമുള്‍പ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു.
1929 ജൂണില്‍ കോളേജ് പഠനത്തിനായി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ജൂനിയര്‍ ഇന്‍റര്‍മീഡിയേറ്റിനു ചേര്‍ന്നു. അന്നു മുതല്‍ 1932 വരെ അവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നു. ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോള്‍ എന്നിവരുമായി അടുത്തിടപെടാനായി. കോളജ്‌ പഠനകാലത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമന്‍ലാല്‍ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
1931ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. തൊട്ടടുത്തവര്‍ഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും പേരെടുക്കാത്ത ശങ്കരനെയാണ്. അത് പത്രമാധ്യമങ്ങളില്‍ വരികയും അന്നുവരെ ശങ്കരന്റെ ഇത്തരം പ്രവൃത്തികള്‍ അറിയാത്ത അമ്മ അത് അറിയുകയും ചെയ്തു. അവര്‍ മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തില്‍ മൂന്നുപേര്‍ കടപ്പുറത്തേക്ക് ഉപ്പ് ശേഖരിക്കുക ജാഥ നടത്തി. ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വന്‍പിച്ച ജനാവലിക്കു മുന്‍പില്‍ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ 1933 ഓഗസ്റ്റ് 31-ന് അദ്ദേഹമടക്കമുള്ള പലരേയും വെറുതെ വിട്ടു. വെല്ലൂര്‍, കണ്ണൂര്‍ ജയിലുകളിലായാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കപ്പെട്ടത്. കണ്ണൂര്‍ ജയിലില്‍ വച്ച് സഹ തടവുകാരനായ കമല്‍നാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പരിചയപ്പെടുത്തി. ഇതു കൂടാതെ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെന്‍‍ഗുപ്ത, ചക്രവര്‍ത്തി, ആചാര്യ എന്നിവരും അന്ന് കണ്ണൂര്‍ ജയിലില്‍ ഉണ്ടായിരുന്നു. പിന്നീട് വെല്ലൂര്‍ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവര്‍ത്തിത്വം ഉണ്ടായി. അതില്‍ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂര്‍ത്തി എന്നിവര്‍.
തടവില്‍നിന്ന് പുറത്തു വന്ന ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ക്കൊപ്പമായിരുന്നു ഇ എം എസിന്റെ പ്രവര്‍ത്തനം.1932-കോളേജ് വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ജീവിക്കാന്‍ ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌. 1934-36ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1934, 1938, 1940 വര്‍ഷങ്ങളില്‍ കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യെപ്പറ്റി ആലോചിക്കുമ്പോള്‍തന്നെ ഇ എം എസ്‌ ആ ചിന്താധാരയ്കൊപ്പം നിന്നു. അങ്ങനെ 1937-ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളായി. 1951 വരെ ഒളിവിലായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം. [3] 1962-ല്‍ ജനറല്‍ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടര്‍ന്ന്, ഇ.എം.എസ്. പാര്‍ട്ടി ജനറല്‍ സെക്രെട്ടറിയായി. അതോടൊപ്പം പാര്‍ട്ടിയുലുണ്ടായിരുന്ന വിഭാഗീയത തീര്‍ക്കുന്നതിനായി പാര്‍ട്ടി ചെയര്‍മാന്‍ എന്ന പുതിയ പദവി സൃഷ്ടിച്ച്, എ.എസ്. ഡാംഗെയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു.
ചൈനയും ഇന്ത്യയുമായി 1962 ല്‍ യുദ്ധമുണ്ടായപ്പോള്‍ ചില കമ്യൂണിസ്റ്റ് നേതാക്കള്‍ യുദ്ധം മുതലാളിത്ത സ്റ്റേറ്റും സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള‍ പോരാട്ടമാണെന്നു പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികള്‍ എന്ന കാരണത്താല്‍ ജയിലിലടക്കുകയും ചെയ്തു. ഇ.എം.എസ്., അച്യുത മേനോന്‍ എന്നിവര്‍ ഉള്‍പ്പടെ പലരേയും അക്കാലത്ത് ജയിലിലടച്ചു. എന്നാല്‍ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു.

ഒളിവു ജീവിതം


രണ്ടു തവണയാണ് ഇ.എം.എസ്. ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രില്‍ 28 മുതല്‍ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതല്‍ 1951 ഒക്ടോബര്‍ വരെയും. കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഗവര്‍ണ്മെന്‍റ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാല്‍ ഒളിവില്‍ പോകാന്‍ സുഹൃത്ത് കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ഒളിവുകാലത്ത് തന്നെ പാര്‍ട്ടികേന്ദ്രത്തിലിരുന്ന്, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങലിലും പാര്‍ട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി. ‘പാര്‍ട്ടിക്കത്ത്’ അച്ചടിച്ചു. മാര്‍ക്സിസ്റ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹം ഇക്കാലത്ത് നടത്തി. 1940 സെപ്തംബറില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരായി മര്‍ദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തില്‍ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടില്‍ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബര്‍ 29 ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ് ഒന്നരവര്‍ഷക്കാലം അവിടെ താമസിച്ചു. അദ്ദേഹത്തെ പോലീസില്‍ ഏല്പിച്ചാല്‍ കിട്ടുമായിരുന്ന തുകയുടെ പലിശയേക്കാള്‍ കുറഞ്ഞ മാസവരുമാനമുള്ള ആ കുടുംബത്തിന്റെ ധൈര്യവും വിശ്വസ്തതയും അദ്ദേഹത്തെ ആകര്‍ഷിച്ചു. ഒളിവു ജീവിതകാലത്തെ അനുഭവങ്ങള്‍ കര്‍ഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളര്‍ത്തി. [4]

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭ

1957-ല് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നു. എന്നാല്‍ ഇത് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണെന്നും വാദമുണ്ട്.[5] മറ്റേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയില്‍ തിരഞ്ഞെടുക്കപ്പെട്ട (വോട്ടിങ്ങിലൂടെയല്ല) ഇന്ത്യാക്കാരനായ ചഡ്ഡി ജഗന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന മന്തിസഭയാണ്.[6] [7] ഇ.എം.എസ്. ആയിരുന്നു മന്ത്രിസഭയുടെ സാരഥി.

മുഖ്യമന്ത്രി സ്ഥാനത്ത്


ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അദ്ദേഹം രണ്ടുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം അവര്‍ പാസ്സാക്കി. ഇതിന്‍ പ്രകാരം ഒരാള്‍ക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ച് കൂടുതല്‍ ഉള്ളത് കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാന്‍ നിയമമായി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കും നിയമ സംരക്ഷണം ലഭിച്ചു. ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു എന്നാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വാദിച്ചിരുന്നത്. വിദ്യാഭ്യാസ ബില്ല് അദ്ധ്യപകരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുവാനുതകുന്നതും മനേജ്മെന്‍റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്നു എന്നും അവര്‍ വാദിച്ചു. എന്നാല്‍ ഈ നിയമം വ്യാപകമായി എതിര്‍ക്കപ്പെട്ടു. കൂടാതെ കാര്‍ഷിക ബില്ലിന്റെയും പോലീസ് നയത്തിന്റെയും പേരില്‍ ധാരാളം എതിര്‍പ്പുകളുണ്ടായി. സര്‍ക്കാരിനെതിരായി വിമോചനസമരം എന്നപേരില്‍ പ്രക്ഷോഭം നടന്നു. സ്വാതന്ത്ര്യശേഷംഇന്ത്യയുടെ ചരിത്രത്തില്‍ആദ്യമായി ഇന്ത്യന്‍ ഭരണഘടന 356 ചട്ടപ്രകാരം ഉപയോഗിച്ച് സര്‍ക്കാരിനെ പിരിച്ചു വിട്ടു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു നാട്ടിലെ ക്രമസമാധാന നില തകരാറിലായി എന്ന കാരണത്താലാണ് അപ്രകാരം ചെയ്തത്. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം ഈ നിയമങ്ങള്‍ക്ക് പകരം മറ്റു നിയമങ്ങള്‍ ഉണ്ടാക്കപ്പെട്ടു. അത് കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീണ്ടും 1967 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പുതിയ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നു. ജന്മി സമ്പ്രദായം പൂര്‍ണ്ണമായും നിരോധിച്ചു. ഭൂമികൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടു വന്നു. അന്ന് യാതൊരു എതിര്‍പ്പുമില്ലാതെയാണ് ഈ നിയമംപാസ്സാക്കപ്പെട്ടത്

കുടുംബജീവിതം


കുടുംബംഗങ്ങള്‍

ജയില്‍വാസത്തിനിടക്ക് തൊട്ടു തിന്നുകയും തീണ്ടിത്തിന്നുകയും ചെയ്തതിനു നിരവധി നമ്പൂതിരി യുവാക്കളെ സമുദായം ഭ്രഷ്ട കല്പിച്ചുവെങ്കിലും ജയില്‍ വാസത്തിനുശേഷം ഇ.എം.എസിനോട് അവരുടെ ഇല്ലത്താര്‍ക്കും വിദ്വേഷമോ പകയോ ഉണ്ടായില്ല. ഇ.എം.എസിന്റെ പ്രശസ്തിയും ഇതിനൊരു കാരണമായിരുന്നിരിക്കണം. 1936 ഇല്‍ ഇല്ലം ഭാഗം വയ്കുന്ന സമയത്ത് ഒരോഹരി കൂടുതല്‍ കിട്ടുന്നതിനായി വിവാഹം കഴിക്കാന്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും അദ്ദേഹം വിവാഹത്തിനു തയ്യാറായില്ല. ഇല്ലം ഭാഗം വച്ചശേഷം അമ്മയുടേയും ബുദ്ധിവികാസം പ്രാപിക്കാത്ത സഹോദരന്റെയും കൂടെ പുതിയ ഒരു ഭവനത്തിലായി അദ്ദേഹത്തിന്റെ താമസം. വിധവാ വിവാഹം നടത്തിക്കൊടുത്തതിനും ജയിലില്‍ വച്ച് തീണ്ടിത്തിന്നതിനും ഇരട്ടാ ഭ്രഷ്ട് പ്രതീക്ഷിച്ചിരുന്ന ശങ്കരനുമായുള്ള വിവാഹ ബന്ധത്തിന്‍ പല തറവാടുകളും വിസമ്മതിച്ചു. അവസാനം രാഷ്ട്രീയ വിപ്ലവകാരിയോ സാമുദായിക കലാപകാരിയോ അല്ലെങ്കിലും ലോകകാര്യങ്ങളില്‍ തല്പരനായിരുന്ന പരിഷ്കൃതമനസ്സിനുടമയുമായ കുടമാളൂര്‍ തെക്കേടത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരിയായ് ‘ടിങ്ങിയ’ എന്ന് ചെല്ലപ്പേരുള്ള-ആര്യ അന്തര്‍ജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇ.എം.എസിന്റെ ജീവിതത്തെയും താല്പര്യങ്ങളെയുംകുറിച്ച് തികച്ചും അറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സഹോദരിയെ വിവാഹം കഴിച്ചയക്കാന്‍ തയ്യാറായത്. 1937 ഒക്ടോബര്‍ ഒന്നിനായിരുന്നു വിവാഹം. വിവാഹത്തിനു നിരവധിപേര്‍ വിട്ടു നിന്നെങ്കിലും മറ്റനേകം പ്രശസ്തരുടെ സാന്നിധ്യവുണ്ടായിരുന്നു.
ജനകീയാസൂത്രണപദ്ധതിയില്‍ തോമസ് ഐസക്കിനോടൊപ്പം മുഖ്യപങ്കു വഹിച്ചിരുന്ന ഇ.എം. ശ്രീധരന്‍ (അനിയന്‍ എന്നും അറിയപ്പെടുന്നു) ഇ.എം.എസിന്റെ മകനാണ്.

സാംസ്കാരിക സൈദ്ധാന്തിക സംഭാവനകള്‍


ഇ എം എസ് കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. സ്വന്തം ജീവിതം പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ച അദ്ദേഹം തന്റെ സ്വത്ത് പാര്‍ട്ടി മുഖപത്രമായ ദേശാഭാമാനിക്ക് സംഭാവന ചെയ്തു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന, അര്‍ദ്ധഫ്യൂഡല്‍ വ്യവസ്ഥിതിയെ മാര്‍ക്സിയന്‍ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്.

വിക്കി ലേഖനം

2 comments:

chithrakaran:ചിത്രകാരന്‍ said...

പുരോഗമന പ്രസ്ഥാനങ്ങളെ സവര്‍ണ്ണ തൊഴുത്തിലേക്ക് തൊളിച്ചു കയറ്റിയ സ്ഥാനമോഹിയായ ഒരു വെറും നംബൂതിരി മാത്രമായിരുന്നു ഇച്ചങ്ങായിയെന്ന് ജനം തിരിച്ചറിയാന്‍ എത്രകാലമെടുക്കുമെന്നാവോ !!!

തൂലിക said...

ആധുനിക കേരളത്തിന്‍റെ ശില്‍പികളിലൊരാള്‍ എന്നൊക്കെ വിളിച്ചുകൂവാന്‍ ഇദ്ധേഹം എന്തു ചെയ്തു? പെണ്‍വാണിഭക്കാരെ കയ്യാമം വെക്കും എന്ന് വീമ്പുപറഞ്ഞ ഭരണത്തിലേറിയ അച്ചുമാമ്മാ ചെയ്യുന്നതു മാത്രമേ അന്ന് ഇ എം എസ്സും ചെയ്തീട്ടുള്ളൂ, ആള്‍ ദൈവങ്ങളെ സൃഷ്ടിച്ച് പാദം നക്കിത്തുടക്കുന്ന പഴയ സവര്‍ണ്ണ കോട്ടകളിലേക്ക് ഇനിയും വാലാട്ടി നില്‍ക്കുന്നവരെ എത്തിക്കുവാനുള്ള ശ്രമം കുളിപ്പുരയിലും കിടപ്പുമുറിയിലേയും വിശദീകരിക്കുന്നതിലൂടെ കഴിയുമോ എന്നൊരന്വാഷണം...

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്