ആസിയന്‍ കരാര്‍ കുത്തകകള്‍ക്കായി കാര്‍ഷികമേഖല തകര്‍ക്കാനുള്ള ശ്രമം
പിണറായി വിജയന്‍
ഇന്ത്യന്‍ ഭരണഘടന കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരങ്ങളെ വ്യവച്ഛേദിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളെ മൂന്ന് ലിസ്റിലായി തരംതിരിച്ചിട്ടുണ്ട്. കേന്ദ്രലിസ്റ്, സംസ്ഥാന ലിസ്റ്, കകറന്റ് ലിസ്റ് എന്നിങ്ങനെ. ഇതില്‍ കേന്ദ്രലിസ്റിലുള്ള വകുപ്പുകളുടെ അധികാരം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന ലിസ്റിലുള്ളവയുടെ അധികാരം സംസ്ഥാന സര്‍ക്കാരിനും കകറന്റ് ലിസ്റിലുള്ള അധികാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ്. കൃഷി യഥാര്‍ഥത്തില്‍ സംസ്ഥാന ലിസ്റില്‍ പെട്ടിട്ടുള്ള ഒന്നാണ്.
അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയെ ബാധിക്കുന്ന ഏത് തീരുമാനവും സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കണക്കിലെടുത്ത് കൈകാര്യംചെയ്യുക എന്നത് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്തിന് തന്നെ പ്രധാനമാണ്. കേരളംപോലുള്ള സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെ ഏറെ ബാധിക്കുന്ന ആസിയന്‍ പോലുള്ള കരാറില്‍ ഒപ്പിടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായംകൂടി സ്വീകരിക്കേണ്ടതായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക മുന്‍കൂട്ടിത്തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതുമാണ്. ഈ കാര്യം കേരള സര്‍ക്കാരുമായി ആലോചിച്ചുകൊണ്ട് നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രിതന്നെ പറഞ്ഞത്.
എന്നാല്‍, ആ ഉറപ്പിനെ ആകമാനം കാറ്റില്‍ പറത്തി, ഇന്ത്യ സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് കരാറില്‍ ഒപ്പിടാന്‍ തയ്യാറാവുകയാണ് ചെയ്തത്. ആണവകരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തിക്കൊണ്ട് അമേരിക്കയുമായി കരാര്‍ ഒപ്പിടാന്‍ പോയ കേന്ദ്രസര്‍ക്കാരിന്റെ അതേ നയമാണ് ഈ കാര്യത്തിലും പിന്തുടര്‍ന്നതെന്നു കാണാം. അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെ ഒപ്പിട്ടു എന്നുമാത്രമല്ല ഈ കരാറിന്റെ വിശദാംശംപോലും പുറത്തുവിടാതെ സൂക്ഷിക്കുന്ന കാര്യത്തിലും തികഞ്ഞ ജനാധിപത്യവിരുദ്ധമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
പാര്‍ലമെന്റ് പിരിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അവിടെപ്പോലും ചര്‍ച്ചചെയ്യാതെ ധൃതിപിടിച്ച് കരാര്‍ ഒപ്പിടാന്‍പോയത് എന്നതു തന്നെ കാര്യങ്ങള്‍ സുതാര്യമല്ലെന്ന് വ്യക്തമാക്കുന്നതാണ്. യുഡിഎഫുകാര്‍ക്കുപോലും ഈ നിഗൂഢമായ സമ്പ്രദായത്തെ ചോദ്യചെയ്യേണ്ടി വന്നിട്ടുണ്ട് എന്നകാര്യം ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ആസിയന്‍ (അസോസിയേഷന്‍ ഓഫ് സൌത്ത് ഈസ്റ് ഏഷ്യന്‍ നേഷന്‍സ്) എന്നത് 1967 ല്‍ രൂപീകരിക്കപ്പെട്ട തെക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയാണ്. തായ്ലന്‍ഡ്, സിംഗപ്പുര്‍, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നാണ് ആസിയന്‍ എന്ന പേരില്‍ ഒരു സഖ്യം രൂപീകരിക്കുന്നത്.
കംബോഡിയ, വിയറ്റ്നാം, ലാവോസ്, മ്യാന്‍മര്‍, ബ്രൂണെ തുടങ്ങിയ രാജ്യങ്ങള്‍ പിന്നീട് ഇതിന്റെ ഭാഗമായി. ചൈന, കൊറിയ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ആസിയന്‍ ഉച്ചകോടിയിലെ സ്ഥിരം ക്ഷണിതാക്കളാവുകയുംചെയ്തു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ഇപ്പോള്‍ മുന്നോട്ടു വയ്ക്കപ്പെട്ടിരിക്കുന്ന കരാറിന്റെ കരട് രൂപം തയ്യാറാക്കപ്പെടുന്നത്. 2003 ഒക്ടോബറില്‍ പ്രധാനമന്ത്രി വാജ്പേയി കരാറില്‍ ഒപ്പിട്ടു. 2005 ല്‍ അന്തിമകരാര്‍ ഒപ്പിടണമെന്നായിരുന്നു ധാരണ.
എന്നാല്‍, ഇന്ത്യയുടെ ഭരണത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ഉണ്ടായിരുന്ന ഘട്ടത്തില്‍ ഇത്തരം ഒരു കരാറിലേക്ക് കടന്നുപോകുക അത്ര എളുപ്പമായിരുന്നില്ല. അങ്ങനെയാണ് 2009 ഒക്ടോബറില്‍ ഒപ്പിടുന്ന നിലയില്‍ കാര്യങ്ങള്‍ ആദ്യം എത്തിയത്. എന്നാല്‍, അതിനെപ്പോലും മറികടന്നുകൊണ്ടാണ് ഇപ്പോള്‍ ഈ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ സ്വതന്ത്രവ്യാപാരമേഖല എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇറക്കുമതിച്ചുങ്കമേ ഇല്ലാതാക്കി സാധനങ്ങളും സേവനങ്ങളും നിക്ഷേപങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്ന നിലയിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
ഈ കരാറിനെ ആഗോളവല്‍ക്കരണനയങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി കാണേണ്ട കാര്യമില്ല. ഓരോ രാജ്യത്തിന്റെയും സ്വതന്ത്ര പരമാധികാരത്തെ തകര്‍ക്കുന്നതും അവിടത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതുമാണ് പൊതുവില്‍ ഈ നയത്തിന്റെ പ്രത്യേകത. സാമ്രാജ്യത്വ ആധിപത്യത്തിനെതിരായി വിജയകരമായ സമരം നയിച്ച രാജ്യങ്ങള്‍ സ്വാതന്ത്യ്രാനന്തരം തങ്ങളുടെ സമ്പദ്ഘടന ശക്തിപ്പെടുത്താനും സ്വാശ്രയവല്‍ക്കരിക്കാനുമുള്ള പരിശ്രമങ്ങള്‍ നടത്തിയിരുന്നു. അതിനായി തങ്ങളുടെ രാജ്യത്ത് ഇറക്കുമതി നിയന്ത്രണവും വിദേശ ഉല്‍പ്പന്നങ്ങള്‍ കടന്നുവന്ന് സമ്പദ്ഘടനയെ നശിപ്പിക്കാതിരിക്കാന്‍ താരിഫ് ചുങ്ക വ്യവസ്ഥകളും നടപ്പാക്കി.
ഇതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വാശ്രയത്വം ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുന്നതിന് സഹായകമായിത്തീര്‍ന്നത്. സാമ്പത്തിക അതിര്‍വരമ്പുകളെ ഇല്ലാതാക്കുക എന്ന നയത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നയങ്ങള്‍ സാമ്രാജ്യത്വശക്തികള്‍ക്ക് മാത്രമല്ല അതത് രാജ്യങ്ങളിലെ കുത്തക മുതലാളിത്തത്തെയും ചിലപ്പോള്‍ സഹായിക്കാറുണ്ട്. ഇത്തരം താല്‍പ്പര്യങ്ങള്‍കൂടി ഈ കരാറിനകത്തുണ്ട്. ഈ കരാര്‍ രൂപപ്പെടുന്നത് ആഗോള രാഷ്ട്രീയത്തില്‍ വന്നിട്ടുള്ള ചില മാറ്റങ്ങളുടെകൂടി പശ്ചാത്തലത്തിലാണെന്ന് കാണാം.
1991ല്‍ ആരംഭിച്ച ആഗോളവല്‍ക്കരണപ്രക്രിയയും ഡബ്ള്യുടിഒ കരാറും ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ നയങ്ങള്‍ ലോകത്താകമാനം നടപ്പാക്കാന്‍ തുടങ്ങി. വികസിതമുതലാളിത്ത രാഷ്ട്രങ്ങളുടെ കൈയില്‍ ഉല്‍പ്പന്നങ്ങളും ധാരാളം മൂലധനവും ഉണ്ട്. ഇന്ത്യപോലുള്ള വമ്പിച്ച കമ്പോളം പ്രദാനംചെയ്യുന്ന രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയാല്‍ വികസിത രാഷ്ട്രങ്ങളുടെ ചരക്കുവില്‍പ്പനയും കൂടുതല്‍ ലാഭം തേടിയുള്ള മൂലധനനിക്ഷേപവും നടക്കില്ല. ഇത് നടന്നില്ലെങ്കില്‍ അവരുടെ സമ്പദ്ഘടന തന്നെ വലിയ പ്രതിസന്ധിയിലേക്ക് പതിക്കും.
ഇത് പരിഹരിക്കാനാണ് ചരക്കുകളുടെയും മൂലധനത്തിന്റെയും സ്വതന്ത്രമായ വിനിമയം എന്ന ആശയം സാമ്രാജ്യത്വശക്തി പൊതുവില്‍ മുന്നോട്ടുവയ്ക്കുന്നത്. ആസിയന്‍രാജ്യങ്ങളില്‍ 1980 കളുടെ തുടക്കംമുതല്‍ ഫിനാന്‍സ് മൂലധനം ഉണ്ടായിരുന്നു. വ്യാപകമായി അവിടത്തെ സമ്പദ്ഘടനയില്‍ ഇടപെടുകയുംചെയ്തിരുന്നു. എന്നാല്‍, ഇവരുടെ സമ്പദ്ഘടന വലിയ പ്രതിസന്ധിയിലായി. ഈ പ്രശ്നം പരിഹരിക്കുന്നതിന് വലിയ കമ്പോളം ആസിയന്‍രാജ്യങ്ങളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍കൊണ്ടു നിറയ്ക്കാന്‍ ഇത്തരം ശക്തികള്‍ക്ക് ആവശ്യമായിട്ടുണ്ട്. ഈ കരാറിന്റെ ഒരു ഘടകം ഫിനാന്‍സ് മൂലധനത്തിന്റെ ഇത്തരം താല്‍പ്പര്യങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്.
മൂന്നാം ലോക രാജ്യങ്ങളിലെ കാര്‍ഷികമേഖലയില്‍ കടന്നുവരാന്‍ ഡബ്ള്യുടിഒ ചര്‍ച്ചകളുടെ ഭാഗമായി നടത്തിയ പരിശ്രമങ്ങള്‍ പലതും മൂന്നാം ലോകരാജ്യങ്ങള്‍ കൂട്ടായി പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ പ്രാദേശികതലത്തിലുള്ള കരാറുകളിലേക്ക് കടന്നുവരുന്ന സ്ഥിതി പൊതുവില്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കയും കനഡയും മെക്സിക്കോയും ചേര്‍ന്ന് 1994 ല്‍ ഒപ്പിട്ട നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് ഇത്തരത്തിലുള്ള ഒരു കാല്‍വയ്പായിരുന്നു.
ലോകവ്യാപാര സംഘടനയുടെ പുതിയ കണക്കില്‍ പറയുന്നത് ഇത്തരത്തിലുള്ള 421 കരാറുകള്‍ ചര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലാണെന്നാണ്. ലോകവ്യാപാരകരാറുകള്‍ക്കെതിരായി ഉയരുന്നതുപോലുള്ള പ്രതിഷേധങ്ങള്‍ ഇവയ്ക്കെതിരെ ഉയര്‍ന്നുവരാത്തതും ഈ വഴിയിലേക്ക് ചിന്തിക്കാന്‍ ഫിനാന്‍സ് മൂലധനത്തിന്റെ ശക്തികള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. നികുതി-നികുതിയിതര കടമ്പകള്‍ ഉന്മൂലനംചെയ്തുകൊണ്ട് സ്വതന്ത്രമായ കമ്പോളം സൃഷ്ടിക്കുക എന്നതാണ് ഇവയുടെ സമീപനം. ഇത്തരത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സ്വതന്ത്രവ്യാപാരമേഖല രൂപപ്പെട്ടാല്‍ അതില്‍ ഉള്‍പ്പെട്ട ഏതെങ്കിലും രാജ്യവുമായി മറ്റേതെങ്കിലും രാജ്യത്തിന് ഇതേപോലെ ബന്ധമുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വളഞ്ഞ വഴിയിലൂടെ മറ്റു രാജ്യങ്ങളില്‍ എത്തിക്കാന്‍ പറ്റും.
ഉദാഹരണമായി ഇന്തോ-ശ്രീലങ്കന്‍ കരാര്‍ രൂപപ്പെട്ടപ്പോള്‍ ശ്രീലങ്ക വഴി മറ്റ് വിവിധ രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ കടന്നുവരികയുണ്ടായി. അത് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാക്കിയ പ്രതിസന്ധി വളരെ വലുതായിരുന്നു. ഇത്തരത്തില്‍ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍പോലും ഇന്ത്യയില്‍ എത്തിച്ചേരുന്നതിനാണ് കരാര്‍ ഇടയാക്കുക. കാര്‍ഷികമേഖലയെ സംരക്ഷിച്ചുനിര്‍ത്തുന്ന കാര്യത്തില്‍ പലരാജ്യങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്ന്. ജപ്പാനും സിംഗപ്പുരും ഒപ്പുവച്ച കരാറില്‍നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങളെ ഒഴിച്ചുനിര്‍ത്തുന്നതില്‍ ജപ്പാന്‍ നിര്‍ബന്ധപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്.
സിംഗപ്പുരില്‍ കാര്‍ഷികമേഖല തീരെ അപ്രധാനമായിരുന്നിട്ടും ജപ്പാനെടുത്ത ഈ നിലപാട് കാര്‍ഷികമേഖലയോട് ഓരോ രാജ്യവും കാണിക്കുന്ന സമീപനത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. ജപ്പാനും മെക്സിക്കോയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യക്കരാറിലും ഇതേ സമീപനംതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, നമ്മുടെ സര്‍ക്കാരിനുമാത്രം ഇതൊന്നും ബാധകമല്ലെന്ന നിലപാടാണ് ഉള്ളത്. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിന് മറ്റു മേഖലകളില്‍ കഴിഞ്ഞതുപോലെ കാര്‍ഷികമേഖലയില്‍ കഴിയാതിരിക്കുന്നത് കാര്‍ഷികമേഖല ഏറെ വൈകാരികമായ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്നതുകൊണ്ടാണ്. ഇന്ത്യയില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും അവരെ സംരക്ഷിക്കുന്നതിന് ക്രിയാത്മകമായി ഇടപെടാതിരുന്നവര്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് വിശ്വസിക്കേണ്ട കാര്യമില്ലല്ലോ.
കേരളത്തിന്റെ കാര്‍ഷികമേഖല ഉള്‍പ്പെടെ തകര്‍ക്കുന്ന ഇത്തരം ഒരു നയം കൊണ്ടുവരുന്നതിന് പ്രധാനപ്പെട്ട മറ്റൊരു കാരണം ഇന്ത്യന്‍ കുത്തകകളുടെ താല്‍പ്പര്യമാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഈ മേഖലയിലേക്ക് കൊണ്ടുപോയി അതിലൂടെ ലാഭമുണ്ടാക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. പൊതുവെ ചുങ്കം കുറവായ ഈ രാജ്യങ്ങളില്‍ അത് മാറുന്നതോടെ എത്രമാത്രം നേട്ടമുണ്ടാക്കും എന്നത് കണ്ടറിയേണ്ടകാര്യമാണ്. മാത്രമല്ല ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ കുത്തകകള്‍ നോട്ടമിട്ടിട്ട് കുറച്ചുകാലമായി. 1991-2004 കാലഘട്ടത്തിലെ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപങ്ങളുടെ കണക്ക് ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്.
സിംഗപ്പുര്‍ ഇന്ത്യയില്‍നിന്ന് പൂര്‍ണ ഉടമസ്ഥതയുള്ള 283 സംയുക്ത സംരംഭങ്ങള്‍ എന്ന നിലയ്ക്ക് 136 എണ്ണത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്. മലേഷ്യയില്‍ ആകട്ടെ 30 എണ്ണം പൂര്‍ണ ഉടമസ്ഥതയിലും 73 എണ്ണം സംയുക്തമേഖലയിലുമാണ്. ഇന്തോനേഷ്യയുടെ സ്ഥിതിയാകട്ടെ 10 എണ്ണം പൂര്‍ണ ഉടമസ്ഥതയിലും 26 എണ്ണം സംയുക്തമേഖലയിലുമാണെന്നു കാണാം. തായ്ലന്‍ഡില്‍ പൂര്‍ണ ഉടമസ്ഥതയില്‍ 11 ഉം സംയുക്ത ഉടമസ്ഥതയില്‍ 41 എണ്ണവുമാണ് ഉള്ളത്.
ഫിലിപ്പീന്‍സില്‍ ഈ രണ്ട് ഇനത്തിലും 6 വീതം സ്ഥാപനമാണ് നിലനില്‍ക്കുന്നത്. എണ്ണ പര്യവേക്ഷണം, റിയല്‍ എസ്റേറ്റ്, ഔഷധ നിര്‍മാണം എന്നീ മേഖലകള്‍ ഇന്ത്യന്‍ കുത്തകകള്‍ ഇവിടെ നോട്ടമിടുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. പശ്ചാത്തല സൌകര്യത്തിലും ഭക്ഷ്യസംസ്കരണത്തിലും ഇടപെടാനും ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ കുത്തകകളുടെ നിക്ഷേപത്തിനും താല്‍പ്പര്യങ്ങള്‍ക്കും അനുഗുണമായ തരത്തില്‍ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ധൃതിപിടിച്ചുള്ള ഈ കരാര്‍ ഒപ്പുവയ്ക്കല്‍.
ദേശാഭിമാനി
No comments:
Post a Comment