കറിവേപ്പിലവരെ വിയറ്റ്നാമില്‍നിന്ന്; കാര്‍ഷികകേരളം തകര്‍ന്നടിയും
ആര്‍ സാംബന്‍
തിരു: വരിക്കച്ചക്കയും കറിവേപ്പിലയുംവരെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിയറ്റ്നാം ആസിയന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് കനത്ത വെല്ലുവിളിയാകും. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും കേരളത്തിലെ സമാനകാലാവസ്ഥയായതിനാല്‍ സംസ്ഥാനത്തിനാകും കരാര്‍ മുഖ്യമായി ദോഷംചെയ്യുക.
കേരളം ഉല്‍പ്പാദിപ്പിക്കുന്ന 126 ഇനം കാര്‍ഷിക വിളയും ആസിയന്‍ കരാറിന്റെ മറവില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് എത്തും. വിളകളുടെ ഉത്ഭവസ്ഥലം പരിശോധിക്കാനുള്ള സംവിധാനം ഫലപ്രദമല്ലാത്തതിനാല്‍ ലോകത്തെവിടെയുമുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തേക്കാം. ചക്കപ്പഴത്തില്‍നിന്ന് വിവിധ ഉല്‍പ്പന്നങ്ങളും ചക്കുക്കുരുവില്‍നിന്ന് ഉദരരോഗങ്ങള്‍ക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും അവര്‍ ഉണ്ടാക്കുന്നു.
വിയറ്റ്നാമില്‍നിന്നുതന്നെയുള്ള കുരുമുളകും തേയിലയും കാപ്പിയും കശുവണ്ടിയും മഞ്ഞളും ഇഞ്ചിയും മ്യാന്‍മറില്‍നിന്നുള്ള അടയ്ക്കയും ഇനി ഇന്ത്യന്‍ കമ്പോളത്തിലെത്തും. റബര്‍ ഒഴികെയുള്ള വിളകളുടെ ഉല്‍പ്പാദനക്ഷമതയില്‍ വിയറ്റ്നാമിന്റെ അടുത്തെത്താന്‍ ഇന്ത്യക്കാകില്ല. വിയറ്റ്നാമില്‍ പലയിടത്തും കാര്‍ഷികവൃത്തി പുതുതായി തുടങ്ങിയതിനാല്‍ കൂടുതല്‍ വിളവു ലഭിക്കും.
ശാസ്ത്ര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതും വിയറ്റ്നാമിന് കൂടുതല്‍ നേട്ടം നല്‍കുന്നതായി വിയറ്റ്നാമില്‍ പഠനപര്യടനം നടത്തിയിട്ടുള്ള സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ കമീഷന്‍ ചെയര്‍മാന്‍ തോമസ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.
ദേശാഭിമാനി റിപ്പോർട്ട്
കരാര്‍ ഇപ്പോഴും പരമരഹസ്യം
ന്യൂഡല്‍ഹി: നാലായിരത്തോളം ഉല്‍പ്പന്നം ഇറക്കുമതി തീരുവയില്ലാതെ രാജ്യത്തേക്കു കൊണ്ടുവരാന്‍ അനുമതി നല്‍കിയ ആസിയന്‍ കരാറിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇനിയും വെളിപ്പെടുത്തുന്നില്ല. 2010നകം എല്ലാ തീരുവയും ഇല്ലാതാക്കുന്ന കരാര്‍ രാജ്യത്തിന്റെ കാര്‍ഷിക, വ്യാവസായിക, മത്സ്യബന്ധന മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരക്കെ ആശങ്കയുയര്‍ന്നിട്ടും അതേക്കുറിച്ച് പാര്‍ലമെന്റില്‍പ്പോലും ചര്‍ച്ച നടത്തിയില്ല.
കേന്ദ്രത്തിനും ആശങ്കകളുണ്ടെന്നതിന്റെ സമ്മതമാണ് പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ഇതേക്കുറിച്ച് പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ച നടപടി. എന്നാല്‍, മന്ത്രിതലസമിതി നിര്‍ദേശം നല്‍കുന്നതിനുമുമ്പ് കരാറില്‍ ഒപ്പിട്ടു. ഉല്‍പ്പന്നം, സേവനം, നിക്ഷേപം എന്നിവയിലാണ് പരസ്പര സഹകരണ കരാര്‍. ഇതില്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കര്‍ഷകരും ചെറുകിട-ഇടത്തരം വ്യവസായങ്ങളും ദുരന്തഫലങ്ങള്‍ അനുഭവിക്കും.
എന്നാല്‍, വിദേശവാണിജ്യം നടത്തുന്ന വന്‍കിട കമ്പനികള്‍, വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകള്‍, ഐടി തുടങ്ങിയ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രയോജനമുണ്ടാകും. മൂലധനത്തെ രാജ്യത്തിന്റെ അതിരുകള്‍ കടത്തി ഒഴുക്കാന്‍ വെമ്പുന്നവര്‍ക്കാണ് കരാര്‍ പ്രയോജനപ്പെടുക. ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ വാണിജ്യം മൊത്തം വിദേശവാണിജ്യത്തിന്റെ 10 ശതമാനമാണ്. ഇതിലാണ് തീരുവ ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കിയത്.
നെഗറ്റീവ് ലിസ്റിലുള്ള 489 ഇനത്തിന്റെ തീരുവ കുറയ്ക്കില്ലെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാല്‍,അവ ഏതെല്ലാമെന്ന് വ്യക്തമാക്കിയിട്ടില്ല. നെഗറ്റീവ് ലിസ്റ്, ഹൈലി സെന്‍സിറ്റീവ് ലിസ്റ് എന്നിവ കബളിപ്പിക്കല്‍മാത്രമാണ്. ഇറക്കുമതി തീരുവ പൂര്‍ണമായി എടുത്തുകളയുകയാണ് ലക്ഷ്യമെന്ന് ആസിയന്‍ കരാറില്‍ വ്യക്തമായി പറയുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇല്ലാതാക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമായി കരാറിന്റെ തുടക്കത്തില്‍ത്തന്നെ പറയുന്നുണ്ട്. ഓരോ രാജ്യത്തും കര്‍ഷകരും ആഭ്യന്തര വ്യവസായരംഗത്തുള്ളവരും ഉയര്‍ത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് നെഗറ്റീവ് ലിസ്റ്, ഹൈലി സെന്‍സിറ്റീവ് ലിസ്റ് എന്നിങ്ങനെ ഓരോ തട്ടിപ്പുന്യായങ്ങള്‍ സര്‍ക്കാര്‍ പറയുന്നത്.
കരാര്‍ പൂര്‍ണമായും നടപ്പാക്കുന്നതിന് നിശ്ചയിച്ച കാലാവധിക്കുമുമ്പുതന്നെ എല്ലാ തീരുവകളും ഇല്ലാതാക്കാനാണ് പരിപാടി. ഒറ്റയടിക്ക് തീരുവ ഇല്ലാതാക്കുന്നത് കരാര്‍ നടപ്പാക്കുന്നതിന് തടസ്സമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നു. ഇതിനെ മറികടക്കാനാണ് ഘട്ടംഘട്ടമായി തീരുവ ഇല്ലാതാക്കുമെന്നു പറയുന്നത്. ഇത്രയും സുരക്ഷിതമാണ് കരാറെങ്കില്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനുപോലും ഗവമെന്റ് മടിച്ചതെന്തിനെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.
ദേശാഭിമാനി റിപ്പോർട്ട്
No comments:
Post a Comment