ആസിയന്‍ കരാര്‍ എന്ന കുരുക്ക്
പി കൃഷ്ണപ്രസാദ്
സാധാരണക്കാരന്റെ ജീവിതപുരോഗതി ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളെപ്പോലും വ്യാമോഹവിമുക്തരാക്കാന്‍ പര്യാപ്തമാണ് ആസിയന്‍ സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം നല്‍കാനുള്ള മന്‍മോഹന്‍ മന്ത്രിസഭയുടെ തീരുമാനം. ഡിസംബറില്‍ ബാങ്കോക്കില്‍ ചേരുന്ന ഉച്ചകോടിയില്‍ അന്തിമ കരാര്‍ ഒപ്പുവയ്ക്കാനാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ തീരുമാനം. 2010 ജനുവരി ഒന്നുമുതല്‍ കരാര്‍ നടപ്പില്‍ വരും.
2019 ഓടെ ആസിയന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ പൂര്‍ണ സ്വതന്ത്രവ്യാപാരം യാഥാര്‍ഥ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പു പ്രകാരം 2005ല്‍ നിലവിലുണ്ടായിരുന്ന നികുതി -അസംസ്കൃത പാമോയില്‍ 80 ശതമാനം, സംസ്കൃത പാമോയില്‍ 90 ശതമാനം, കാപ്പി, തേയില 100 ശതമാനം, കുരുമുളക് 70 ശതമാനം എന്നിങ്ങനെയാണ്. കരാര്‍ പ്രകാരം 2019 ഓടെ അസംസ്കൃത പാമോയില്‍ നികുതി 37.5 ശതമാനം ആയി വെട്ടിച്ചുരുക്കണം.
സംസ്കൃത പാമോയില്‍, കാപ്പി, തേയില എന്നിവയുടെ നികുതി 45 ശതമാനമായും കുരുമുളകിന്റേത് 50 ശതമാനമായും വെട്ടിക്കുറയ്ക്കും. നെഗറ്റീവ് ലിസ്റും മന്ത്രിസഭാ ഉപസമിതിയും കേരളത്തിന്റെ ആശങ്കയ്ക്ക് പരിഹാരമാണെന്നും ആസിയന്‍ കരാര്‍ ഇന്ത്യക്ക് ഒഴിവാക്കാനാകാത്തതാണെന്നും പ്രഖ്യാപിച്ച് കരാറിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരിക്കുകയാണ്.
എന്നാല്‍, കരാര്‍ പ്രകാരം നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുന്ന ഉല്‍പ്പന്നങ്ങളുടെപോലും നിലവിലുള്ള നികുതി സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിന്റെ പ്രധാന ഉല്‍പ്പന്നങ്ങളായ തേയില, കാപ്പി എന്നിവയുടെ നികുതി 100 ശതമാനത്തില്‍നിന്ന് 45 ശതമാനമായും കുരുമുളകിന്റേത് 70 ശതമാനമെന്നത് 50 ശതമാനമായും വെട്ടിക്കുറയ്ക്കും. 2005ല്‍ കാപ്പിക്ക് 100 ശതമാനം നികുതിയാക്കി ചുരുക്കിയപ്പോള്‍ ഒരുകിലോ കാപ്പിപ്പരിപ്പിന്റെ വില 1997ലെ 90 രൂപയില്‍നിന്ന് കേവലം 24 രൂപയായി കുറയുകയുണ്ടായി.
കുരുമുളകിന്റെ നികുതി 70 ശതമാനമാക്കി കുറച്ചപ്പോള്‍ വില കിലോയ്ക്ക് 265 രൂപയുണ്ടായിരുന്നത് 55 രൂപയായി തകര്‍ന്നു. വയനാട്ടില്‍ 1999-2006 കാലയളവില്‍ അനുഭവപ്പെട്ട കാര്‍ഷിക പ്രതിസന്ധിക്കും കടക്കെണിമൂലം ഏകദേശം 500 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനും പ്രധാനകാരണം ഉല്‍പ്പന്നങ്ങളുടെ വിലയിടിവായിരുന്നു. നികുതി വീണ്ടും വെട്ടിക്കുറച്ചാല്‍ കൂടുതല്‍ രൂക്ഷമായ വിലത്തകര്‍ച്ചയും കര്‍ഷകദുരന്തങ്ങളും നാം അനുഭവിക്കേണ്ടി വരും.
ഏകദേശം 3600 ഉല്‍പ്പന്നങ്ങള്‍ക്ക് ആസിയന്‍ കരാര്‍ ബാധകമാകുമെന്നാണ് അറിയുന്നത്. ഇത്രയും ഉല്‍പ്പന്നങ്ങള്‍ക്ക് സ്വതന്ത്രവ്യാപാരം അനുവദിക്കുകയാണ് ലക്ഷ്യം. നെഗറ്റീവ് ലിസ്റില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ത്തട്ട് പരിധിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതോടെ കനത്ത വിലത്തകര്‍ച്ചയാണ് ഉണ്ടാവുക.
കാര്‍ഷിക- മത്സ്യ- പരമ്പരാഗത വ്യവസായമേഖലകളില്‍ കര്‍ഷകരും തൊഴിലാളികളും ചെറുകിട- ഇടത്തരം ഉല്‍പ്പാദകരും കടുത്ത സാമ്പത്തികത്തകര്‍ച്ച നേരിടും. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാളികേരമുള്‍പ്പെടെ കേരളത്തിന്റെ എല്ലാ വിളകളുടെയും വില ഇടിയുന്നതിന് കരാര്‍ കാരണമാകും. കേരളം ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ 82 ശതമാനവും നാണ്യവിളകളാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ഇറക്കുമതിക്ക് പ്രോത്സാഹനം നല്‍കി കാര്‍ഷികവിളകളുടെ വില ഇടിക്കുന്ന നടപടി അംഗീകരിക്കാനാകില്ല.
രാജ്യത്തിന്റെ അതിരുകള്‍ തടസ്സമാകാതെ ഏതുരാജ്യത്തുനിന്നും നികുതിയില്ലാതെ അസംസ്കൃത കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും ഉയര്‍ന്ന വിലയ്ക്ക് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് സൌകര്യം നല്‍കുന്ന സ്വതന്ത്രവ്യാപാര കരാറിനോട് വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിക്കുന്നത്.
ജവാഹര്‍ലാല്‍ നെഹ്റുവും ഇന്ദിര ഗാന്ധിയും ഉള്‍പ്പെടെയുള്ള കോഗ്രസ് പ്രധാനമന്ത്രിമാര്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരുപരിധിവരെ നികുതി സംരക്ഷണം ഉറപ്പാക്കുന്ന നയങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. 1991ല്‍ നരസിംഹറാവു- മന്‍മോഹന്‍സിങ് നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങിയ ഉദാരവല്‍ക്കരണനയങ്ങളെത്തുടര്‍ന്ന് രാജ്യത്താകെ അഭൂതപൂര്‍വമായ കാര്‍ഷികപ്രതിസന്ധി രൂപപ്പെട്ടുവന്നു.
വയനാടും വിദര്‍ഭയും അനന്ത്പുരും കര്‍ഷക ആത്മഹത്യകളുടെ ശവപ്പറമ്പായി മാറി. രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ രാജ്യത്താകെ ആത്മഹത്യചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഉദാരവല്‍ക്കരണനയങ്ങള്‍ വാശിപൂര്‍വം നടപ്പാക്കിയ വാജ്പേയി സര്‍ക്കാര്‍ അധികാരഭ്രഷ്ടമായതും ചരിത്രത്തിലാദ്യമായി ഇടതുപക്ഷ പിന്തുണയോടെ കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും.
ഉദാരവല്‍ക്കരണനയങ്ങളുടെ കടുത്ത പ്രത്യാഘാതമനുഭവിക്കുന്ന കാര്‍ഷിക- ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് പരമാവധി ആശ്വാസം കൊടുക്കണമെന്ന ശക്തമായ ഉപാധിയോടെ പിന്തുണ നല്‍കിയ ഇടതുപക്ഷം ആവശ്യപ്പെട്ട തൊഴിലുറപ്പുപദ്ധതിയും കര്‍ഷകര്‍ക്കുള്ള കടാശ്വാസപദ്ധതിയും ഒരുപരിധിവരെ നടപ്പാക്കാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. യഥാര്‍ഥത്തില്‍ ഈ സാമൂഹ്യക്ഷേമ പദ്ധതികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് സഹായകരമായ പ്രധാനപ്പെട്ട ഒരുകാരണം.
എന്നാല്‍, ഇടതുപക്ഷത്തിനെ ആശ്രയിക്കാതെതന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഎക്ക് കഴിഞ്ഞത് ഉദാരവല്‍ക്കരണശക്തികള്‍ക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലെ തൊഴിലാളികളും കര്‍ഷകരുമടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
അധികാരത്തില്‍ വന്ന് രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ത്തന്നെ തങ്ങളെ അധികാരത്തിലേറ്റിയ കോടിക്കണക്കായ കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട ഉല്‍പ്പാദകരെയും വര്‍ഗപരമായി കടന്നാക്രമിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നെന്ന് ആസിയന്‍ കരാര്‍ അംഗീകരിക്കാനുള്ള തീരുമാനം തുറന്നുകാട്ടുന്നു. വിപുലവും രൂക്ഷവുമായ സമരങ്ങള്‍ കെട്ടഴിച്ചുവിട്ട് ഈ കടന്നാക്രമണത്തിന് തിരിച്ചടി നല്‍കുകയല്ലാതെ തൊഴിലാളി - കര്‍ഷക ജനവിഭാഗങ്ങള്‍ക്കു മുന്നില്‍ ഇതര മാര്‍ഗങ്ങളില്ല.
കാര്‍ഷികരംഗം, മത്സ്യമേഖല, പരമ്പരാഗത വ്യവസായമേഖലകള്‍ എന്നിവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളി- കര്‍ഷക- ചെറുകിട ഉല്‍പ്പാദക ജനവിഭാഗങ്ങളെയാകെ അണിനിരത്താനാകുന്നതും കക്ഷിരാഷ്ട്രീയത്തിന് അതീതവുമായ ഒരു ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന് നാം രൂപം കൊടുക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളും യുവജനങ്ങളുമടക്കം മുഴുവന്‍ വര്‍ഗ- ബഹുജന വിഭാഗങ്ങളും ഈ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന്റെ ഭാഗമാകേണ്ടതുണ്ട്.
ദേശാഭിമാനി
No comments:
Post a Comment