വനിതാസംവരണബില്‍ രാജ്യസഭ പാസാക്കി
കേരളകൌമുദി വാർത്ത
ന്യൂഡല്‍ഹി: നാടകീയമായ നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ വനിതാസംവരണബില്‍ രാജ്യസഭ ഇന്ന് വൈകുന്നേരം പാസാക്കി. 186പേര്‍ ബില്ലിന് അനുകൂലമായി വോട്ടിട്ടപ്പോള്‍ എതിര്‍ത്ത് വോട്ടുരേഖപ്പെടുത്തിയത് ഒരാള്‍ മാത്രം. മറ്റ്അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് വനിതാസംവരണത്തില്‍ ഉപസംവരണ വ്യവസ്ഥ വേണമെന്ന് വാദിച്ച് ബില്ലിനോട് എതിര്‍പ്പ് പ്രകടമാക്കിയ സമാജ്വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ഏറെക്കുറെ ഒറ്റപ്പെട്ടു.
മുഖ്യ പ്രതിപക്ഷകക്ഷിയായ ബി.ജെ.പി ബില്ലിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയതോടെ ബില്‍ പാസാക്കാനുള്ള വഴി തെളിഞ്ഞിരുന്നു. ഇടതുപാര്‍ട്ടികളും ഡി.എം.കെയും ബില്ലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൌഡ ബില്ലിനെ ശക്തമായി എതിര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് അവസാനനിമിഷം ബില്ലിനോട് എതിര്‍പ്പ് പ്രകടമാക്കി.
ഇപ്പോള്‍ ബില്ലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച ഇടതുപാര്‍ട്ടികളോടുളള രാഷ്ട്രീയവൈരാഗ്യമാണ് മമതയുടെ എതിര്‍പ്പിന് പിന്നിലെന്ന് വ്യക്തം. ബംഗാളില്‍ ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. വിജയപ്രതീക്ഷയുമായാണ് മമതയുടെ നീക്കങ്ങള്‍. ഇതുകൂടി മുന്നില്‍കണ്ടാണ് ബില്ലിന്റെ വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ മമത തീരുമാനിച്ചതെന്ന് തീര്‍ച്ച.
കോണ്‍ഗ്രസ്പാര്‍ട്ടി തങ്ങളെ പരിഗണിക്കാതെ ഇടതുപാര്‍ട്ടികളെ വിശ്വാസത്തിലെടുത്തു എന്ന പരാതിയാണ് മമതാബാനര്‍ജി ഉയര്‍ത്തുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയും ബില്ലിനെ എതിര്‍ത്തത് രാഷ്ട്രീയപരിഗണനവച്ച് മാത്രമാണ്. ദളിത്,പിന്നാക്ക, ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേകസംവരണം ഇല്ലെന്ന് വാദിച്ച് ബി.എസ്.പി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയപൊലെ ലോകസഭയില്‍ പാസാക്കുക എന്നത് ശ്രമകരമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യമുണ്ട്. അതിന് രാഷ്ട്രീയകരുനീക്കങ്ങള്‍ ശ്രദ്ധയോടെ വേണംതാനും.
No comments:
Post a Comment