വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 6, 2010

സാമ്പത്തിക അച്ചടക്കത്തിന്റെ സാക്ഷ്യപത്രം; വികസനത്തിന്റെയും

സാമ്പത്തിക അച്ചടക്കത്തിന്റെ സാക്ഷ്യപത്രം; വികസനത്തിന്റെയും

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഏതാണ്ട് നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് സംസ്ഥാന ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തെ സാമ്പത്തിക അവലോകനം നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിനുമുന്നോടിയായി അവതരിപ്പിച്ച ഈ രേഖ സംസ്ഥാനത്തിന്റെ സമീപകാല സാമ്പത്തികസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നു. സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം കഴിഞ്ഞ നാലുവര്‍ഷമായി മെച്ചപ്പെട്ടുവരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. നികുതിയും നികുതിയിതരവുമായ സംസ്ഥാന വരുമാനം യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷമായ 2005-06ല്‍ 10,716.41 കോടി രൂപ ആയിരുന്നത് 2009-10ല്‍ 19,687.86 കോടിയായി വര്‍ധിക്കുന്നു. 84 ശതമാനത്തിന്റെ വര്‍ധന. മൊത്തം വരവ് 15,294.52 കോടിയില്‍നിന്ന് 28,153.9 കോടിയായും മൊത്തം ചെലവ് 18,423.58 കോടിയില്‍നിന്ന് 31,161.84 കോടിയായും ഇതേകാലയളവില്‍ വര്‍ധിച്ചു. ചെലവിലെ വര്‍ധന 69 ശതമാനം മാത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നു എന്നര്‍ഥം. അതേസമയം, വികസനചെലവ് 2005-06ല്‍ 9757.79 കോടി രൂപയായിരുന്നത് 2009-10ല്‍ 16,751.36 കോടിയായി വര്‍ധിക്കുമെന്നാണ് മതിപ്പ്. മൂലധനചെലവാണെങ്കില്‍ ഇതേകാലയളവില്‍ 816.95 കോടിയില്‍നിന്ന് 2746.48 കോടിയായും വര്‍ധിക്കുന്നു. 2005-06ല്‍ മൊത്തം ചെലവിന്റെ 4.19 ശതമാനം മാത്രമായിരുന്ന മൂലധനചെലവ് കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ മൊത്തം ചെലവിന്റെ എട്ട് ശതമാനത്തിലേറെയായി വര്‍ധിച്ചു. വാര്‍ഷികപദ്ധതിയുടെ അടങ്കല്‍തുകയാണെങ്കില്‍ 2005-06ല്‍ 6000 കോടി രൂപമാത്രമായിരുന്നത് പടിപടിയായി വര്‍ധിച്ച് നടപ്പുവര്‍ഷത്തില്‍ 8920 കോടി രൂപയായിരിക്കുന്നു. അടുത്തവാര്‍ഷികപദ്ധതി അടങ്കല്‍ 10,000 കോടി രൂപയുടേതായിരിക്കുമെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നത് കണക്കിലെടുത്താല്‍ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്തെ വാര്‍ഷികപദ്ധതികളുടെ മൊത്തം അടങ്കല്‍ 39,900 കോടി രൂപയില്‍പ്പരമായിരിക്കും. മുമ്പൊരു മന്ത്രിസഭയുടെയും കാലത്ത് ഇല്ലാത്ത തോതിലാണ് ഈ എല്‍ഡിഎഫ് മന്ത്രിസഭ വികസനത്തിന് പണം നീക്കിവച്ചതും ചെലവഴിച്ചതുമെന്ന് ചുരുക്കും. അതുകൊണ്ടുകൂടിയാണ് 2008-09ല്‍ ഇന്ത്യയാകെ മൊത്തം ആഭ്യന്തരോല്‍പ്പാദനം 6.7 ശതമാനംകണ്ട് വര്‍ധിച്ചപ്പോള്‍ കേരളത്തിലെ ആഭ്യന്തരോല്‍പ്പാദനം 6.98 ശതമാനം വര്‍ധിച്ചത്. സര്‍ക്കാരിന്റെ ചെലവില്‍ സിംഹഭാഗവും ശമ്പളം, പെന്‍ഷന്‍, കടത്തിന്റെ പലിശ എന്നീ മൂന്ന് ഇനങ്ങള്‍ക്കാണെന്നത് കേരളത്തിന്റെ ശാപമായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. 1998-99ല്‍ ഇവ റവന്യൂവരുമാനത്തിന്റെ 81.3 ശതമാനവും റവന്യൂചെലവിന്റെ 63.5 ശതമാനവുമായിരുന്നു. 2007-08 ആയപ്പോഴേക്ക് അവ യഥാക്രമം 80.29, 68.08 ശതമാനമായി. എന്നാല്‍, സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തില്‍ വരുത്തിയ വര്‍ധനയും ചെലവിനങ്ങള്‍ ആസൂത്രിതമായി നിയന്ത്രിച്ചതുംമൂലം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കുള്ള മൊത്തം ചെലവ് 2008-09ല്‍ റവന്യൂവരുമാനത്തിന്റെ 75.11 ശതമാനവും റവന്യൂചെലവിന്റെ 65.23 ശതമാനവുമായി കുറയ്ക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ചെലവ് വെട്ടിക്കുറച്ച് കമ്മി കുറയ്ക്കുക എന്നതായിരുന്നു പ്രഖ്യാപിതനയം. അതിന്റെ പേരില്‍ വിവിധ വാര്‍ധക്യ പെന്‍ഷനും തൊഴിലില്ലായ്മവേതനവുംവരെ നിരവധി മാസത്തേക്ക് കുടിശ്ശികയിട്ടു. നികുതിപിരിവ് ശുഷ്കാന്തിയോടെ നടത്താത്തതുമൂലം ശമ്പളവും പെന്‍ഷനും നല്‍കാന്‍വരെ കടമെടുക്കേണ്ട ദുര്‍ഗതി പലപ്പോഴുമുണ്ടായി. എന്നിട്ടും ട്രഷറി പല ദിവസത്തിലും അടച്ചിടേണ്ടിവന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചല്ല, വരുമാനം വര്‍ധിപ്പിച്ചാണ് കടം കുറയ്ക്കാന്‍ ശ്രമിക്കുന്നത്. മുകളില്‍ കാണിച്ചതുപോലെ മൂലധനചെലവ് ഗണ്യമായി വര്‍ധിപ്പിച്ചു. സാമ്പത്തികപ്രതിസന്ധി തരണംചെയ്യാനും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളുടെ വികസനത്തിനുമായി പ്രതിസന്ധി തരണംചെയ്യാനുള്ള പാക്കേജ്, മലബാര്‍ പാക്കേജ് മുതലായവയ്ക്കായി 5000 കോടി രൂപ ഉള്‍പ്പെടെ വിവിധ പദ്ധതിക്കായി ധാരാളം പണം നീക്കിവയ്ക്കുന്നു. ഇതിനുപുറമെ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് പട്ടികജാതി- വര്‍ഗ, ദരിദ്ര വിഭാഗങ്ങള്‍ക്കായി ഇ എം എസ് ഭവനനിര്‍മാണപദ്ധതി ഉള്‍പ്പെടെയുള്ള വികസനപരിപാടിക്കും ഗണ്യമായ തുക നീക്കിവയ്ക്കുന്നു. ഇതൊക്കെയായാലും ട്രഷറി ഒറ്റദിവസംപോലും പൂട്ടിയിടാതെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമായി കൊണ്ടുപോകാന്‍ കഴിയുമെന്നതിന്റെ സാക്ഷ്യപത്രമാണ് കേരള സര്‍ക്കാരിന്റെ 2009ലെ സാമ്പത്തിക അവലോകനം. ചില പോരായ്മ ഉണ്ടെങ്കിലും ഇടതുപക്ഷത്തിന് വേറിട്ടൊരു വികസന കാഴ്ചപ്പാടും പരിപാടിയും നിര്‍വഹണരീതിയുമുണ്ടെന്ന് ഈ അവലോകനം സ്പഷ്ടമാക്കുന്നു. 2009ല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപുലമായ പൊതുവിതരണശൃംഖലയ്ക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കാന്‍ കഴിഞ്ഞതും അതുവഴി മിക്ക നിത്യോപയോഗസാധനവും കുറഞ്ഞ വിലയ്ക്ക് പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കിയതും ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട് സമഗ്രവികസനമെന്നായിരുന്നു 2006ലെ തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം. അത് ഭദ്രമായ രീതിയില്‍ പാലിച്ചിട്ടുണ്ടെന്നാണ് ഈ സാമ്പത്തിക അവലോകനം വെളിവാക്കുന്നത്.

ദേശാഭിമാനി ലേഖനം

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്