ദേശാഭിമാനി വാർത്ത
സ്ത്രീ നീതി
എം പ്രശാന്ത്
ന്യൂഡല്‍ഹി: നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ചരിത്രപരമായ 108-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കി. ബില്ലിനെ എതിര്‍ത്ത് സഭയില്‍ അതിക്രമം കാണിച്ച എസ്പി, ആര്‍ജെഡി അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കിയശേഷമാണ് ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. എസ്പി അംഗം കമാല്‍ അക്തറിന്റെ ആത്മഹത്യാശ്രമമടക്കമുള്ള അസാധാരണരംഗങ്ങള്‍ക്ക് സഭ സാക്ഷ്യംവഹിച്ചു. എതിര്‍പ്പിന്റെ പേരില്‍ ബില്‍ നീട്ടിവയ്ക്കാന്‍ കഴിഞ്ഞദിവസം ശ്രമിച്ച കോഗ്രസ്, ഒടുവില്‍ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. എസ്പി, ബിഎസ്പി, ആര്‍ജെഡി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കോഗ്രസും ഇടതുപക്ഷ പാര്‍ടികളും ബിജെപിയുമടക്കം മറ്റെല്ലാ പാര്‍ടികളും ബില്ലിനെ പിന്തുണച്ചു. സഭയില്‍ ഹാജരായിരുന്ന 190 എംപിമാരില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്രഭാരത് പക്ഷിന്റെ ശരത്ജോഷിയൊഴികെയുള്ളവര്‍ അനുകൂലമായി വോട്ടുചെയ്തു. ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പട്ടികജാതി എന്ന പദത്തിനൊപ്പം വനിതകള്‍ എന്നുകൂടി ചേര്‍ത്താണ് ഭേദഗതി. നിലവില്‍, പട്ടികജാതി- വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണംചെയ്ത സീറ്റുകളില്‍ മൂന്നിലൊന്നും ഇനി ആ വിഭാഗത്തില്‍നിന്നുള്ള വനിതകള്‍ക്കായിരിക്കും. ഇന്നുവരെ കാണാത്ത തരംതാണ സംഭവങ്ങള്‍ക്കുശേഷമാണ് ബില്‍ രാജ്യസഭ പാസാക്കിയത്. വനിതാദിനത്തില്‍ ബില്‍ പാസാക്കാന്‍ കഴിയാതെ നാണംകെട്ട കോഗ്രസ് ചൊവ്വാഴ്ച ഉച്ചവരെ ആശയക്കുഴപ്പത്തിലായിരുന്നു. രാവിലെ ലാലുവും മുലായവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇടതുപക്ഷനേതാക്കളുമായും ബിജെപിയുമായും ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി. ബില്‍ പാസാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ വ്യക്തമാക്കി. പതിനൊന്ന് മണിക്ക് സഭ ചേര്‍ന്നെങ്കിലും ബഹളം കാരണം 12 വരെ നിര്‍ത്തി. തുടര്‍ന്ന് കോഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ബില്‍ തടയാന്‍ സഭയില്‍ സംഘര്‍ഷമുണ്ടാക്കുന്ന എസ്പി, ആര്‍ജെഡി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, പുറത്താക്കപ്പെട്ടവര്‍ സഭ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ, സര്‍ക്കാര്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. സമ്മര്‍ദം ശക്തിപ്പെട്ടതോടെ കോഗ്രസ് കോര്‍കമ്മിറ്റി ചേര്‍ന്ന് എന്തുവില കൊടുത്തും ബില്ലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. മൂന്നുമണിക്ക് ചേര്‍ന്നപ്പോള്‍ യുദ്ധക്കളംപോലെയായിരുന്നു സഭ. ബഹളത്തിനിടെ ചര്‍ച്ച കൂടാതെ വോട്ടിങ്ങിന് സര്‍ക്കാര്‍ ശ്രമിച്ചതോടെ പ്രതിഷേധം ശക്തിപ്പെട്ടു. പുറത്താക്കപ്പെട്ടവര്‍ സഭാധ്യക്ഷന്റെ ഇരിപ്പിടത്തിനുനേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ഷല്‍മാര്‍ തടഞ്ഞു. അറുപതോളം മാര്‍ഷല്‍മാര്‍ സഭയില്‍ അണിനിരന്നു. സഭാധ്യക്ഷന്‍ ഉത്തരവു നല്‍കിയതോടെ പുറത്താക്കപ്പെട്ടവരെ മാര്‍ഷല്‍മാര്‍ വളഞ്ഞുപിടിച്ച് സഭയ്ക്ക് പുറത്തെത്തിച്ചു. കുതറിമാറിയ കമാല്‍ അക്തര്‍ മുന്‍നിരയില്‍ രണ്ട് എംപിമാരുടെ മധ്യത്തിലായി ഇടംപിടിച്ചു. മാര്‍ഷല്‍മാര്‍ അടുത്തെത്തിയപ്പോള്‍ മേശപ്പുറത്തേക്ക് ചാടിക്കയറിയ അക്തര്‍ അവരെ ഭയപ്പെടുത്തി അകറ്റി. പ്രതിപക്ഷനേതാവ് അരു ജയ്റ്റ്ലി പ്രധാനമന്ത്രിയുടെ അടുത്തെത്തി മോശമായ അന്തരീക്ഷം മാറിയശേഷം വോട്ടെടുപ്പ് നടത്താന്‍ അഭ്യര്‍ഥിച്ചു. മറ്റു പ്രതിപക്ഷനേതാക്കളും ഇതാവശ്യപ്പെട്ടു. സഭയില്‍ കൂടിയാലോചനകള്‍ നടക്കുന്നതറിയാതെ സെക്രട്ടറി ജനറല്‍ വോട്ടിങ്പ്രക്രിയ ആരംഭിച്ചു. 31 പേര്‍ അനുകൂലമായും ഒരാള്‍ എതിരായും വോട്ട് രേഖപ്പെടുത്തി. അബദ്ധം മനസ്സിലായ സെക്രട്ടറി ജനറല്‍ പെട്ടെന്ന് നടപടികള്‍ നിര്‍ത്തി. ക്ഷീണിതനായ അക്തര്‍ മാര്‍ഷല്‍മാരോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ചശേഷം ഗ്ളാസ്് മേശയില്‍ അടിച്ചുപൊട്ടിച്ച് സ്വയം മുറിവേല്‍പ്പിച്ചു. കാര്യങ്ങള്‍ കൈവിടുകയാണെന്ന് മനസ്സിലാക്കിയ മാര്‍ഷല്‍മാര്‍ അക്തറിനെയും ബലംപ്രയോഗിച്ച് പുറത്താക്കി. മുന്‍നിരക്കാര്‍ പുറത്തായതോടെ എസ്പിയുടെയും ആര്‍ജെഡിയുടെയും പ്രതിഷേധം ദുര്‍ബലമായി. ശേഷിച്ചവര്‍ വാക്കൌട്ടില്‍ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന്, ചര്‍ച്ചയ്ക്കുശേഷം ബില്‍ പാസാക്കി.
No comments:
Post a Comment