വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, March 10, 2010

ചരിത്രനിമിഷം: വനിതാസംവരണ ബിൽ രാജ്യസഭ പാസ്സാക്കി



ചരിത്രനിമിഷം: വനിതാസംവരണ ബിൽ രാജ്യസഭ പാസ്സാക്കി

മാതൃഭൂമി വാർത്ത

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമാറ്റത്തിന് നാന്ദികുറിച്ച് വനിതാസംവരണ ബില്‍ ചൊവ്വാഴ്ച രാജ്യസഭ പാസ്സാക്കി. തിങ്കളാഴ്ചത്തെ തിരിച്ചടിയുടെ രംഗങ്ങള്‍ ചൊവ്വാഴ്ച ആവര്‍ത്തിച്ചില്ല. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഒന്നിനെതിരെ 186 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാസ്സായത്.
ബില്ലിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടി (എസ്.പി.) ആര്‍.ജെ.ഡി.അംഗങ്ങളെ 'വാച്ച് ആന്‍ഡ് വാര്‍ഡ്' നീക്കംചെയ്ത ശേഷം ബില്ലിന്‍മേല്‍ ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞായിരുന്നു വോട്ടെടുപ്പ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് പുതിയ രാഷ്ട്രീയകാലഘട്ടത്തിന് തുടക്കം കുറിക്കുന്ന ഭരണഘടനാഭേദഗതി നടപ്പില്‍വരുത്താന്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഇടതു പാര്‍ട്ടികളും കൈകോര്‍ത്തു നിന്നു.
തിങ്കളാഴ്ച ബില്‍ അവതരിപ്പിച്ചെങ്കിലും എസ്.പി., ആര്‍.ജെ.ഡി, ലോക്ജനശക്തി എം.പി.മാരുടെ ബഹളം മൂലം അത് ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ച കഴിഞ്ഞേ വോട്ടിനിടാവൂ എന്ന ഉറച്ച നിലപാടിലായിരുന്നു ബി.ജെ.പി. ഇതുമൂലം അന്താരാഷ്ട്ര വനിതാദിനത്തില്‍ ബില്‍ പാസ്സാക്കാനായില്ല.

എന്തുവന്നാലും ചൊവ്വാഴ്ച ബില്‍പാസ്സാക്കുകതന്നെവേണമെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ഉറച്ച നിലപാടെടുത്തു. രാവിലെ 11 മണിക്കു സഭ ചേര്‍ന്നതോടെ തലേദിവസം ആവര്‍ത്തിക്കാനുള്ള പുറപ്പാടിലായിരുന്നു ആര്‍.ജെ.ഡി., എസ്.പി. അംഗങ്ങള്‍. തുടര്‍ന്ന് 12 വരെ സഭ നിര്‍ത്തിവെച്ചു. 12നു സഭ ചേര്‍ന്നപ്പോള്‍ ആര്‍.ജെ.ഡി.യിലും എസ്.പി.യിലും എല്‍.ജെ.പി.യിലുംപ്പെട്ട ഏഴ് എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു. സഭ വീണ്ടും രണ്ടു മണിക്കു ചേരുമെന്ന് അറിയിച്ചെങ്കിലും വീണ്ടും മൂന്നു മണിവരെ പിരിയാനായിരുന്നു വിധി.

മൂന്നേകാലോടെ ബില്ല് വോട്ടിനിടാനുള്ള പ്രമേയത്തിന് ബഹളങ്ങള്‍ക്കിടെ സഭാധ്യക്ഷന്‍ അനുമതി തേടി. സഭ അത് ശബ്ദവോട്ടോടെ പാസ്സാക്കി. എന്നാല്‍ ചര്‍ച്ച നടത്തുകതന്നെ വേണമെന്ന ആവശ്യത്തില്‍ ബി.ജെ.പി. ഉറച്ചുനിന്നു. സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അടുത്തുചെന്ന് ജെയ്റ്റ്‌ലിയും കൂട്ടരും ബഹളത്തിനിടെ സംസാരിക്കുന്നത് കാണാമായിരുന്നു.
ബില്ലുമായി സഭ മുന്നോട്ടുപോകുമെന്നു കണ്ടതോടെ എസ്.പി., ആര്‍.ജെ.ഡി. എം.പി.മാര്‍ അക്രമം തുടങ്ങി. ബഹളക്കാരെ നീക്കിയതിനുശേഷവും സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം തീര്‍ത്തുനിന്നത് ബി.ജെ.പി.യുടേതു ഉള്‍പ്പെടെയുള്ള അംഗങ്ങളെ ദേഷ്യം പിടിപ്പിച്ചു. തുടര്‍ന്ന് അവരോട് മടങ്ങിപ്പോകാന്‍ സഭാധ്യക്ഷന്‍ നിര്‍ദേശിച്ചു. ജെയ്റ്റ്‌ലി പ്രസംഗം തുടങ്ങുകയുംചെയ്തു.

കുറച്ച് എം.പി.മാരെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി ജെയ്റ്റ്‌ലി തന്റെ പ്രസംഗത്തില്‍ ആരോപിച്ചു. ഭരണഘടനയുടെ 42ാമത് ഭേദഗതിയെ (അടിയന്തിരാവസ്ഥ സംബന്ധിച്ച്) എതിര്‍ത്തവരെ അറസ്റ്റുചെയ്തത് ജെയ്റ്റ്‌ലി അനുസ്മരിച്ചു. തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ്സിലെ ജയന്തി നടരാജന്‍ പ്രകടനപത്രികയിലെ വാഗ്ദാനം കോണ്‍ഗ്രസ് നടപ്പാക്കിയതില്‍ അഭിമാനം പ്രകടിപ്പിച്ചു. സ്ത്രീകളുടെ ഉന്നമനത്തിലൂടെയല്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന അംബേദ്കര്‍ വചനം വൃന്ദാകാരാട്ട് (സി.പി.എം.) ഓര്‍മിപ്പിച്ചു.

എന്തുകൊണ്ട് 50 ശതമാനം സംവരണമില്ല എന്ന ചോദ്യമാണ് ബി.എസ്.പി.യുടെ സതീശ് ചന്ദ്ര മിശ്ര ഉയര്‍ത്തിയത്. ജനതാദള്‍ യു.വിലെ ശിവാനന്ദ് തിവാരി ബില്ലിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു.
തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സംസാരിച്ചു. ഇതിനിടെ ബി.എസ്.പി. നേതാവ് സതീശ് ചന്ദ്ര മിശ്ര തന്റെ പാര്‍ട്ടി വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി.തുടര്‍ന്നുനടന്ന വോട്ടെടുപ്പില്‍ 186 പേര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 233 അംഗ സഭയില്‍ പാസ്സാകാന്‍ വേണ്ടത് 155 വോട്ടാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്