വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, March 9, 2010

ജനാധിപത്യത്തിന് തീരാക്കളങ്കം

ദേശാഭിമാനി മുഖപ്രസംഗം മാർച്ച് 9

ജനാധിപത്യത്തിന് തീരാക്കളങ്കം


രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന വനിതാസംവരണ ബില്‍ പാസാക്കുന്നതിനുള്ള ശ്രമം വീണ്ടും തടസ്സപ്പെടുത്തിയവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കമാണ് വരുത്തിവച്ചത്. തിങ്കളാഴ്ച കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി ബില്‍ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ അസാധാരണവും അപമാനകരവുമായ രംഗങ്ങളാണുണ്ടായത്. ബില്ലിന്റെ പ്രഖ്യാപിത ശത്രുക്കളായ ആര്‍ജെഡി, എസ്പി എംപിമാര്‍ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്കുനേരെ പാഞ്ഞടുത്ത്അദ്ദേഹത്തില്‍നിന്ന് ബില്ലിന്റെ പകര്‍പ്പ് തട്ടിയെടുത്ത് കീറിക്കളഞ്ഞു. സഭാധ്യക്ഷന്റെ മൈക്ക് തട്ടിയെടുക്കാനും ഇക്കൂട്ടര്‍ ശ്രമിച്ചു. കാലേക്കൂട്ടി നിശ്ചയിച്ചുറപ്പിച്ച നാടകത്തിലൂടെ ലോക വനിതാദിനത്തില്‍ ബില്‍ പാസാക്കുന്നത് തടയപ്പെട്ടു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായും ആര്‍ജെഡിയും എസ്പിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭയും വനിതാബില്ലുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും ബഹളത്തിലും മുങ്ങി നടപടി പൂര്‍ത്തിയാക്കാതെ പിരിയേണ്ടിവന്നു.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്നു സീറ്റ് സംവരണം ചെയ്യണമെന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 180-ാം ഭേദഗതിക്കായുള്ള ബില്ലിന് 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് രൂപം നല്‍കിയത്. പിന്നീട് എന്‍ഡിഎ സര്‍ക്കാരിന്റെയും യുപിഎ സര്‍ക്കാരിന്റെയും കാലത്ത് ബില്‍ അവതരണം തടസ്സപ്പെടുത്തി. അന്താരാഷ്ട്ര വനിതാദിനമായി മാര്‍ച്ച് എട്ട് ആചരിക്കാന്‍ തുടങ്ങിയതിന്റെ നൂറാം വാര്‍ഷികത്തിലെങ്കിലും ഇങ്ങനെയൊരു നിയമനിര്‍മാണം നടത്താനാകുമെന്ന പ്രത്യാശയാണ് ഏതാനും കക്ഷികളുടെ നിരുത്തരവാദ സമീപനത്തിന്റെ ഫലമായി താല്‍ക്കാലികമായെങ്കിലും വീണ്ടും തകര്‍ക്കപ്പെട്ടത്. അവതരണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സമാജ്വാദിപാര്‍ടിയുടെയും രാഷ്ട്രീയജനതാദളിന്റെയും ശ്രമത്തെ പരാജയപ്പെടുത്താന്‍ നയചാതുരിയോടെ യുപിഎ നേതൃത്വത്തിന് നീങ്ങാന്‍ കഴിഞ്ഞില്ല എന്നത് യാഥാര്‍ഥ്യമാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി മുന്‍കൈയെടുത്ത് ദേശീയ രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരമൊരു ശ്രമം നേരത്തെ നടന്നിരുന്നെങ്കില്‍ എതിര്‍പ്പിനിടയിലും ബില്‍ പാസാക്കാനുള്ള സാഹചര്യമൊരുങ്ങുമായിരുന്നു.

ഭരിക്കുന്ന പാര്‍ടി എന്ന നിലയില്‍ കോഗ്രസ് എടുക്കേണ്ടിയിരുന്ന മുന്‍കൈയും ആത്മാര്‍ഥതയും പ്രശ്നത്തില്‍ എവിടെയും കണ്ടില്ല. ചൊവ്വാഴ്ച ചേരാനിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ബില്‍ പാസാക്കാനുള്ള ദൃഢനിശ്ചയത്തോടെയുള്ള മുന്‍കൈ യുപിഎ നേതൃത്വത്തില്‍നിന്ന് ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. സാങ്കേതിക തര്‍ക്കങ്ങള്‍ ഒഴിവാക്കി ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അതിനോട് സഹകരിക്കുമെന്നും ജനങ്ങള്‍ ആശിക്കുന്നു. ഇടതുപക്ഷം ആവശ്യപ്പെട്ടതുപോലെ, വേണ്ടിവന്നാല്‍ ചര്‍ച്ചയില്ലാതെതന്നെ ബില്‍ പാസാക്കാനുള്ള സന്നദ്ധതയാണുണ്ടാകേണ്ടത്. ചര്‍ച്ച വേണ്ടതിലധികം രാജ്യത്ത് നടന്നുകഴിഞ്ഞതാണല്ലോ.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്